ദിനകരൻ വിറയ്ക്കുന്ന കൈകൾ കൂപ്പിക്കൊണ്ട് നിലത്തു മുട്ടുകുത്തിയിരുന്ന് തോട്ടുങ്കരഭഗവതിയെ തൊഴുതു.

അംബികാസുതൻ മാങ്ങാടിന്റെ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് തോട്ടുങ്കരപ്പോതി. എല്ലാ മിത്ഥ്യാടനങ്ങൾക്കുമൊടുവിൽ യാഥാർത്ഥ്യത്തിന്റെ തന്നെ കയ്പും മധുരവും ഇതിലെ കഥകളിൽ ദർശിക്കാം. പുസ്തകവീട്, മാമ്പൂമണം തുടങ്ങിയ പതിനൊന്ന് കഥകൾ ഉൾപ്പെടുന്ന ഈ കഥാസമാഹാരത്തിലെ ശീർഷകകഥ ഇവിടെ വായിക്കാം.
നട്ടപ്പാതിര കഴിഞ്ഞുള്ള ഏതോ യാമത്തിൽ ദിനകരൻ ഞെട്ടിയുണർന്നു. ജനൽച്ചില്ലിലൂടെ കണ്ണുപായിച്ചപ്പോൾ പുറത്ത് നീലനിലാവെളിച്ചം തിരയടിക്കുന്നു!
നീലനിറമുള്ള നിലാവെളിച്ചമോ?
അമ്പരപ്പോടെ ചമ്രംപടിഞ്ഞിരുന്ന് ദിനകരൻ കണ്ണ് തിരുമ്പിത്തുറന്നു.
അതേ, ഇളംനീല നിലാവെളിച്ചം.
കണ്ണെടുത്ത് പാതിക്കിടക്കയിലേക്കു തുറന്നപ്പോൾ അമ്പരപ്പ് ഭയമായി.
ഊർമ്മിള ഉറങ്ങിക്കിടന്ന സ്ഥലം ശൂന്യമാണ്. എവിടെപ്പോയി അവൾ?
പതിവിലും നേരത്തേ കിടന്ന് കൂർക്കംവലിക്കുന്നുണ്ടായിരുന്നല്ലോ.
ബാത്ത്‌റൂമിനു നേർക്കു ചെവികൂർപ്പിച്ചു. ഇല്ല, തുള്ളി വീഴുന്ന ശബ്ദവും കേൾക്കുന്നില്ല. പതുക്കെ എഴുന്നേറ്റ് ലൈറ്റിട്ടു.
ബാത്ത്‌റൂം തുറന്നുനോക്കി. ആളില്ല.
പുറത്തേക്കുള്ള വാതിൽ തുറന്നുവെച്ചിരുന്നു. ഉൾക്കിടിലത്തോടെ ദിനകരൻ അതിശയിച്ചു, അസമയത്ത് ഊർമ്മിള എങ്ങോട്ടാണിറങ്ങിപ്പോയത്?
ആരെങ്കിലും അവളെ കാണാൻ വന്നിട്ടുണ്ടാകുമോ? ഹാ! ഈ നേരത്തോ?
അയാൾ ചെവി വട്ടംപിടിച്ചു. വിദൂരതയിൽനിന്ന് കാറ്റിലൂടെ ചെണ്ടക്കൂറ്റ് ഒഴുകിവരുന്നുണ്ട്. ഏതോ തറവാട്ടുമുറ്റത്ത് രൗദ്രമൂർത്തികളായ തെയ്യങ്ങൾ ഉറഞ്ഞാടുന്നുണ്ടാകും.
പൂച്ചയെപ്പോലെ ദിനകരൻ പതുക്കെ ചുവടുകൾ വെച്ചു. ചാരിവെച്ച വാതിലുകളോരോന്നും ശബ്ദമില്ലാതെ തുറന്നു. അടുക്കളയിലേക്കു കടന്നപ്പോൾ ചിലമ്പൊച്ചപോലെ ഒന്നു ചെവിയിൽ കിലുങ്ങി.
പാദസരം അണിയാറില്ലല്ലോ ഊർമ്മിള. അടുക്കളപ്പുറത്തുള്ള ചായ്പ്പിനകത്തുനിന്നാണ് കൂറ്റുതിരുന്നത്. വിറകും പഴയ ഫർണിച്ചറുകളും മറ്റും കുന്നുകൂട്ടിയ, വണ്ണാമ്പല നിറഞ്ഞ മുറി. വല്ലപ്പോഴുമേ തുറക്കാറുള്ളൂ.
വാതിൽ ചാരിയിട്ടുണ്ട്.
അകത്ത് ഇളം വെളിച്ചമുണ്ട്.
ആരോ ഉള്ളിലുണ്ട്. മിണ്ടുന്ന ഒച്ചകേൾക്കാം. ദിനകരന്റെ പാദങ്ങളിൽനിന്ന് ഒരു വിറച്ചിൽ പഴുതാരവടിവിൽ ഉടലിലേക്ക് ഇഴഞ്ഞുകയറി.
വാതിൽ തുറക്കാനാഞ്ഞ കൈ പെട്ടെന്നു ദിനകരൻ പിൻവലിച്ചു. തൊട്ടപ്പുറത്തെ ജനൽക്കീറിലൂടെ വെളിച്ചവാൾ പുറത്തുചാടുന്നത് കണ്ടു. ആ വിടവിലൂടെ കണ്ണുകൾ പായിച്ചു.
പഴകി ഉപേക്ഷിച്ച, മൂന്നുകാലുള്ള സ്റ്റൂളിൽ മുട്ടുകൾ വിറപ്പിച്ച് ഇരിക്കുകയാണ് ഊർമ്മിള. ചുവന്ന സാരി ആസകലം പുതച്ചിട്ടുണ്ട്. തലപ്പാളി നെറ്റിയിൽ കെട്ടിവെച്ചത് തിളങ്ങുന്നുണ്ട്. കാൽച്ചിലമ്പ് ഇളകുന്നേരമാണ് ശബ്ദം പുറത്തുചാടുന്നത്.
തോറ്റം ചൊല്ലുകയാണോ ഊർമ്മിള? ചുണ്ടുകളിൽനിന്ന് മലരുവറുക്കുന്നപോലെ വാക്കുകൾ പൊട്ടിയടരുന്നുണ്ട്. പതുക്കനെയായതുകൊണ്ട് വാക്കുകൾ തെളിയുന്നില്ല. ഇടയ്ക്ക് അവൾ കണ്ണുകൾ തുറിപ്പിക്കുകയും പുരികങ്ങൾ വില്ലുപോലെ വളയ്ക്കുകയും ചുണ്ടുകൾ കൂർപ്പിക്കുകയും ചെവി വട്ടംവിരിക്കുകയും ചെയ്യുന്നുണ്ട്.
നടുക്കത്തോടെ ദിനകരൻ അറിഞ്ഞു.
ഊർമ്മിള ഏതോ തെയ്യമായി പകർന്നാടുകയാണ്!
നോക്കിനിൽക്കെ മുട്ടുവിറ നിന്നു. ചിലമ്പൊച്ച നിന്നു. തോറ്റം നിന്നു. ഊർമ്മിള എഴുന്നേറ്റ് തെയ്യക്കാരനെപ്പോലെ വട്ടംചുറ്റി നാലുദിക്കിനെയും വന്ദിച്ച് തലപ്പാളി അഴിച്ച്, തൊട്ടുതൊഴുത് ചെമ്പുപാത്രത്തിലേക്കിട്ടു. ചിലമ്പും ഊരി. സാരിയുടെ കുത്തഴിക്കാൻ തുടങ്ങിയപ്പോൾ ദിനകരൻ മുറികളിലൂടെ നടന്ന് കിടക്കയിൽ അനക്കമറ്റ് കിടന്നു.
ഊർമ്മിള മുറിയിൽ പ്രവേശിച്ചു.
ലൈറ്റ് ഓൺ ചെയ്യാതെ കിടക്കയിൽ വന്നുകിടന്നു. വിയർപ്പിന്റെ മണം ദിനകരന്റെ മൂക്കറിഞ്ഞു. കിതപ്പിന്റെ ശബ്ദം ചെവിയറിഞ്ഞു.
രണ്ടുമിനിറ്റിനകം അവൾ ഗാഢനിദ്രയിലേക്കാഴുന്നത് ദിനകരനു ബോദ്ധ്യമായി.
കാലത്ത് ഞെട്ടിയുണരുമ്പോൾ മുറിയിൽ വെയിൽ നിറഞ്ഞിരുന്നു. അങ്കലാപ്പോടെ എഴുന്നേറ്റ് അടുക്കളയിൽ ചെല്ലുമ്പോൾ ഊർമ്മിള തിരക്കാർന്ന പണികളിലാണ്. പാട്ടയിൽനിന്നു ഗ്ലാസിലേക്കു ചായ
പകരുമ്പോൾ അവൾ ചിരിച്ചു: ‘‘എന്തൊരൊറക്കാ! നേരം എത്രായീന്നാ വിചാരം. ഇന്ന് ഓഫീസിപ്പോണ്ടേ?’’
ദിനകരൻ വിളറിയ ചിരി ചുണ്ടിൽ കൊളുത്തിപ്പിടിച്ചു: ‘‘ഓഫീസ്ണ്ട്. ഒറങ്ങിപ്പോയി.’’
ചായ നീട്ടിപ്പിടിച്ച് അവൾ പറഞ്ഞു: ‘‘തണുത്തിനെന്തോ. വേണേങ്കില് ചൂടാക്കിത്തരാം.’’
പച്ചവെള്ളം കണക്ക് തണുത്തിരുന്നു. എങ്കിലും അയാൾ പറഞ്ഞു: ‘‘മതി. ചൂട്ണ്ട്.’’
അടുക്കളച്ചുമരിൽ അലസഭാവത്തിൽ ചാരിനിന്ന് ചായ മൊത്തിക്കുടിക്കുമ്പോൾ ദിനകരന്റെ ശ്രദ്ധ മുഴുവൻ ഊർമ്മിളയിലായിരുന്നു.
ഒരു ഭാവമാറ്റവുമില്ല. രാത്രി അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചതിന്റെ ഒരു ലക്ഷണവുമില്ല. കണ്ണിലുമില്ല, കവിളിലുമില്ല, ചലനങ്ങളിലുമില്ല.
അഥവാ താൻ സ്വപ്‌നം കണ്ടതായിരിക്കുമോ? കുളിക്കുമ്പോഴും ബൈക്കോടിക്കുമ്പോഴും ഓഫീസിലിരിക്കുമ്പോഴും ആ ചോദ്യം ദിനകരൻ പലതവണ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
അന്തിനേരത്ത് ഓഫീസിൽനിന്നു മടങ്ങിയെത്തുമ്പോൾ വീട്ടുപണികളെല്ലാം തീർത്ത് ഊർമ്മിള പടിഞ്ഞാറ്റയിൽ വിളക്കുവെയ്ക്കുകയായിരുന്നു.
ഒരു കണ്ണ് ഊർമ്മിളയെ രഹസ്യമായി നിരീക്ഷിക്കാൻ ദിനകരൻ മാറ്റിവെച്ചു. പക്ഷേ, പൊരുത്തക്കേടൊന്നും കാണാനായില്ല.
അത്താഴനേരത്ത് മറ്റേക്കണ്ണ് നീട്ടി അയാൾ പറഞ്ഞു: ‘‘പെരുമ്പട്ടേല് ഇന്നലെ തെയ്യംകൂടീത്രെ! കുറെ ഉശിരൻ തെയ്യങ്ങള്ണ്ട്. ഇന്ന് രാത്രി നമുക്ക് പോയാലോ?’’
രണ്ടുനിമിഷം ആലോചനയിലാണ്ട് ഊർമിള പ്രതിവചിച്ചു: ‘‘പെരുമ്പട്ടേലേക്ക് നല്ല ദൂരല്ലേ? അടുത്തായ്ച്ച ഈടെ ചെമ്പിലോട്ട് കാവില് പെരുങ്കളിയാട്ടല്ലേ? നൂറ് തെയ്യങ്ങള്ണ്ടാവില്ലേ. പിന്നെന്തിന് ആട പോന്ന്?’’
‘‘ഓ... ഞാനത് മറന്നു. ചെമ്പിലോട്ട് പന്ത്രണ്ട് കൊല്ലത്തിലൊരിക്കെയുള്ള കളിയാട്ടല്ലേ? ഇത്തവണ ജോറാകും.’’
രാത്രി ദിനകരൻ ഉറക്കംനടിച്ചു കിടന്നു. അടുക്കളപൂട്ടി വന്ന് കിടന്നപാടേ ഊർമ്മിള കൂർക്കംവലിക്കാൻ തുടങ്ങി. അയാൾ കൂടെക്കൂടെ ഞെട്ടിയുണർന്ന് തപ്പിനോക്കി. അരികിലുണ്ടെന്ന് ഉറപ്പുവരുത്തി.
നാലുദിവസം ശാന്തമായി കടന്നുപോയി. അഞ്ചിനു രാത്രി ദിനകരൻ ഞെട്ടിയുണരുമ്പോൾ അതേ നീലവെളിച്ചം! പാല പൂത്തതുപോലെ മുറിയിലേക്കു പതഞ്ഞൊഴുകുന്നു!
ചാരിയ വാതിൽ തുറന്നു പുറത്തിറങ്ങി. അതാ പുറത്തേക്കുള്ള വാതിൽ അരപ്പാളി തുറന്നുവെച്ചിരിക്കുന്നു!
അയാൾ ഓടിച്ചെന്ന് തലമാത്രം ആമയെപ്പോലെ പുറത്തേക്കിട്ടു. നിലാവെളിച്ചത്തിൽ വരാന്തയുടെ അറ്റത്ത് പൂവമ്പഴം പോലെ തിളങ്ങുന്ന ഊർമ്മിള. ഉടുത്തതെല്ലാം ഉരിഞ്ഞുകളഞ്ഞ് ഒരു ചെറിയ തോർത്ത് മാത്രം അരയിൽ ചുറ്റുകയാണ്. ദിനകരൻ കണ്ടുനിൽക്കെ അവൾ പുറത്തിറങ്ങി. മുറ്റം മുറിച്ചുകടന്ന് താഴേക്കുള്ള കൽപ്പടവുകൾ ഇറങ്ങാനാരംഭിച്ചു.
നട്ടപ്പാതിരയ്ക്ക് തുണിയില്ലാതെ ഇവളെന്തിനുള്ള പുറപ്പാടാണ്?
ഇടനെഞ്ചിൽനിന്നു പൊന്തിവന്ന അലർച്ചയെ ദിനകരൻ വീണ്ടുവിചാരത്തോടെ തൊണ്ടയിൽ ഞെക്കിപ്പിടിച്ചു. വേണ്ട, എന്തിനുള്ള പുറപ്പാടാണെന്നറിഞ്ഞിട്ടുമതി ആക്രോശം.
വരിക്കപ്ലാവിന്റെ ചോട്ടിൽ മറഞ്ഞുനിന്ന് അയാൾ നോക്കി. ഊർമ്മിള തോട്ടിലേക്കാണിറങ്ങുന്നത്. തോട്ടിൽ വെള്ളം ഏതാണ്ടും വറ്റിയിരുന്നു. മെലിഞ്ഞൊരു ചാലുമാത്രം പതുക്കെ ഒഴുകി കൂവലിൽ നിറയുന്നുണ്ട്. നട്ടിക്ക് വെള്ളം കോരാൻ കുഴിച്ച കൂവലാണ്. അരയോളം വെള്ളമുള്ളതിൽ അവൾ മൂന്നുതവണ മുങ്ങിനീർന്നു.
ഛേ! ഇവളെന്ത് ഭ്രാന്താണ് കാട്ടുന്നത്? അഴുക്കുവെള്ളമാണ്. വേനൽക്കാലമായാൽ ആരും തോട്ടിൽ കുളിക്കാറില്ല.
തോർത്ത് പിഴിഞ്ഞുടുത്ത് അവൾ തിരികെ പടികൾ കയറാൻ തുടങ്ങി. ദിനകരൻ ഉള്ളിലേക്കു പാഞ്ഞ് വാതിലിനുപിന്നിൽ ഒളിച്ചു.
ഈറനോടെ ഊർമ്മിള പടിഞ്ഞാറ്റയിലേക്കു കയറി. ചങ്ങലാട്ടവിളക്കിൽ തിരിയിട്ട് എണ്ണയൊഴിച്ച് കൊളുത്തി. ആ വിളക്കേന്തി അവൾ അടുക്കളയിലൂടെ ചായ്പിലേക്കു പ്രവേശിച്ചു. വാതിൽ തഴുതിട്ടു.
ദിനകരൻ പതുങ്ങിച്ചെന്ന് ജനൽക്കീറിലൂടെ നോക്കി. തോർത്തഴിച്ച് ഊർമ്മിള വിറകിനു മേലേക്കിട്ടു. ചങ്ങലാട്ടവെളിച്ചത്തിൽ ഊർമ്മിളയുടെ ഉടൽ തങ്കവിഗ്രഹംപോലെ വിളങ്ങി. അയക്കോലിൽനിന്നു ചുവന്ന സാരിയെടുത്ത് വെളിമ്പനുടുക്കുന്ന മാതിരി ശ്രദ്ധിച്ച് ചുറ്റി. കൺമഷി വിരലിൽ തോണ്ടിയെടുത്ത് ഇരുകൺതടങ്ങളും നന്നായി കറുപ്പിച്ചു. മഞ്ഞൾപ്പൊടി വെള്ളത്തിൽ ചാലിച്ച് നെറ്റിയിലും കവിളിലും തേച്ചു. കൈത്തലത്തിലെ മഞ്ഞളിൽ നൂറുതേച്ചപ്പോൾ കിട്ടിയ ചുവപ്പ് താടിയിലും കഴുത്തിലും ചെവിയിലും തേച്ചു.
അപ്പച്ചെമ്പ് തുറന്ന് തലപ്പാളിയെടുത്ത് തൊട്ടുവന്ദിച്ചശേഷം നെറ്റിക്കുമുകളിലായി കെട്ടി. കൈക്കരുവും കാക്കരുവും അണിഞ്ഞു. ചിലമ്പ് കാലിലണിഞ്ഞ് വിറപ്പിച്ചു. തിരുമുടി സ്വയം തലയിലേറ്റിവെച്ച് അതിൽ കോത്തിരികൾ കത്തിച്ച് കുത്തി. അരയ്ക്കുചുറ്റും അരയൊടയിൽ കത്തുന്ന പന്തങ്ങൾ കുത്തിയിറക്കി.
ചങ്ങലാട്ടയുടെ പ്രകാശത്തിൽ ചായം തേച്ച മുഖം ജ്വലിച്ചു. ദിനകരൻ അമ്പരന്നു. ഊർമ്മിളയുടെ മുഖമല്ല. ഏതോ ഭഗവതിത്തെയ്യമാണ്!
മുകുരദർശനത്തിനുശേഷം തെയ്യം ഊറ്റത്തോടെ മൂന്നുവട്ടം അലറി. ഉഗ്രസ്വരൂപിണിയായി തുള്ളിപ്പിടഞ്ഞു. വിറകുകൾക്കിടയിൽനിന്ന് നീണ്ടൊരു പള്ളിയറവാൾ വലിച്ചെടുത്തു. വാളേന്തി ഉറഞ്ഞ് തെയ്യം വാക്കുരിയാട്ടം തുടങ്ങി. ഭാഷ തെളിഞ്ഞുകിട്ടിയില്ലെങ്കിലും ചില വാക്കുകൾ ദിനകരന്റെ ഉള്ളിൽ തറച്ചു. അതോടെ അവിടെ നിൽക്കാനാവാതെ വേച്ചുവേച്ച് നടന്ന് കിടക്കയിൽ വീണു. പിന്നെ ഒന്നും ഓർമ്മയില്ല.
ഉണർന്നപ്പോൾ നേരം നന്നായി വെളുത്തിരുന്നു. പതിവില്ലാതെ ചൂടുചായയുമായി ഊർമ്മിള കിടപ്പുമുറിയിലേക്ക് വന്നു: ‘‘എന്താ എണീക്കാത്തേ? മണി എത്രായീന്നറിയ്യോ?’’
അയാൾ അവളെ സൂക്ഷിച്ചുനോക്കി.
അരികിൽ വന്നിരുന്ന് അവൾ നെറ്റിതൊട്ടു: ‘‘അയ്യോ, ചെറിയ പനിയുണ്ടല്ലോ.’’
എണീറ്റിരുന്ന് അയാൾ ചായ ഊതിക്കുടിച്ചു. ഭയം കലർന്ന നോട്ടം ഇടയ്ക്കിടെ അവളുടെ നേർക്ക് പായിച്ചു. മുഖത്ത് മഞ്ഞളും കൺമഷിയും പറ്റിയിട്ടുണ്ടോ? ഇല്ല. എല്ലാം തേച്ചുമായ്ച്ചുകളഞ്ഞിരിക്കുകയാണ്.
‘‘നല്ല സുഖം തോന്നുന്നില്ല. രണ്ടീസം ലീവെടുത്താലോ?’’
‘‘അതാ നല്ലത്. വേണേങ്കില് ദേർമൻ വൈദ്യരെ കണ്ടോളൂ.’’
അയാൾ മൂളി.
പകലെല്ലാം ദിനകരന്റെ ഒരുകണ്ണ് ഊർമ്മിളയെ സദാ പിന്തുടർന്നു. വിശ്രമമില്ലാത്ത പണിയാണവൾക്ക്. കാലത്തെണീറ്റ് പശുക്കളെ കറന്ന് പാൽ അയൽവീടുകളിലെത്തിച്ച്, അടുക്കളപ്പണി കഴിച്ച്, തൊഴുത്ത് വൃത്തിയാക്കി, പശുക്കളെ കുളിപ്പിച്ച്, പച്ചപ്പുല്ല് അരിഞ്ഞ് തീറ്റിച്ച്, നട്ടിക്കും കവുങ്ങിനും തെങ്ങിനും വെള്ളമൊഴിച്ചുതീരുമ്പോഴേക്കും സന്ധ്യയായി.
ദിനകരൻ അനുകമ്പയോടെ പറഞ്ഞു: ‘‘നിനക്കൊരുനിമിഷം വിശ്രമമില്ലാല്ലേ?’’
ഊർമ്മിള ചിരിച്ചു: ‘‘മങ്ങലം കയിഞ്ഞിറ്റ് പത്തിരുപത്തഞ്ച് കൊല്ലായി. ഇപ്പളാ നിങ്ങക്കിത് തിരിഞ്ഞത്, ല്ലേ?’’
രാത്രി കിടക്കാൻ നേരം അവൾ പറഞ്ഞു: ‘‘നാളീംകൂടി ലീവാക്ക്. നല്ല ക്ഷീണണ്ട് നിങ്ങക്ക്.’’
അന്നുരാത്രി ദിനകരൻ ഉണർന്നുകിടന്നു. പക്ഷേ, അസ്വാഭാവികമായി ഒന്നും സംഭവിച്ചില്ല.
കാലത്ത് ഷർട്ടിട്ട് പുറത്തിറങ്ങുമ്പോൾ പറഞ്ഞു: ‘‘ഞാനൊന്ന് ദേർമൻ വൈദ്യരെ കണ്ടിട്ട് വരാം.’’
പത്തുമിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ. അരീക്കാട്ട് ദേശത്തിലെ അറിയപ്പെടുന്ന തെയ്യം കലാകാരൻകൂടിയാണ് ദേർമൻ പണിക്കർ. നടുപോയി തെയ്യത്തിന്റെ തിരുമുടിയണിയുന്നത് നിർത്തിയതോടെ നാട്ടുവൈദ്യത്തിൽ ശ്രദ്ധകൂട്ടി. നല്ല കൈപ്പുണ്യമുള്ള മനുഷ്യനാണ്.
ദിനകരനെ കസേരയിലേക്ക് ക്ഷണിച്ച് വൈദ്യർ ചോദിച്ചു: ‘‘ആരിദ്, ദിനകരനോ? എന്തുപറ്റീ?’’
‘‘രണ്ടീസായി ചെറിയൊര് പനി. പണിക്കരെ ഒന്നു കാണാംന്ന് തോന്നി.’’
ദിനകരനെ തൊട്ടുഴിഞ്ഞ് ദേർമൻ ഉരിയാടി: ‘‘ഓ, ഈനൊന്നും മര്ന്ന് വേണ്ടപ്പാ. പിന്നെ, വേറെ എന്തൊക്കേണ്ട് നാട്ട് വർത്താനം?’’
രാത്രി ഊർമ്മിള തെയ്യമായപ്പോൾ ചുണ്ടിൽനിന്നു തെറിച്ച വാക്കുകളോർമിച്ച് ദിനകരൻ ചോദിച്ചു: ‘‘പണിക്കരേ, എനിക്കൊര് സംശ്യം ഉണ്ട്. മേലാകെ തീപിടിച്ച ഒരു സ്ത്രീ തോട്ടിലേക്ക് ചാടി മരിച്ച് തെയ്യമായ കഥ പണ്ടൊരിക്കെ പണിക്കര് പറഞ്ഞിട്ടില്ലേ? അത് ഏത് ഭഗവതിയാണ്?’’
പെട്ടെന്ന് ഉത്തരമുണ്ടായി: ‘‘അത് തോട്ടുങ്കരപ്പോതി.’’
‘‘ഈ നാട്ടില്ണ്ടായ തെയ്യാണോ?’’
‘‘അല്ല. പാപ്പിനിച്ചേരി എന്ന ദേശത്തിലിണ്ടായ തെയ്യാന്ന്. ആടത്തെ ഒര് തോട്ടിലാണ് ഓള് ചാടിച്ചത്തത്. ആട്ന്ന് നേരേ തെയ്യം വന്നത് ഈട്‌ത്തേക്ക്. എന്റെ പൂർവീകരീന്ന് കേട്ടതാ.’’
ദിനകരൻ ഉത്സുകനായി: ‘‘എന്തിനാ തോട്ടിച്ചാടിയത്? ഞാനത് മറന്നോയി.’’
ദേർമൻ പണിക്കർ വിശദീകരിച്ചു: ‘‘പണ്ടുപണ്ടാണ്. നാടുവാഴികൾക്ക് കൊല്ലിനും കൊലയ്ക്കും അധികാരമുള്ള കാലം. തീണ്ടലും തൊടീലുമുള്ള കാലം. അടിയാളർക്ക് വഴിനടക്കാനാവാത്ത കെട്ടകാലം. തീയത്തിയാണ് ഉർവാടിപ്പെണ്ണ്. ഓള് പത്ത് പെറ്റു. എല്ലാം പെങ്കുഞ്ഞുങ്ങൾ. തിരളാറാകുമ്പോഴേക്കും ദീനംപിടിച്ച് ഓരോന്നായി ചാകാൻ തുടങ്ങി. ഒന്നിനെയെങ്കിലും കൈക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ച് അവൾ നോറ്റിരുന്നു. ഒടുവിലത്തെ കുഞ്ഞും കൈവിട്ടുപോയതോടെ സങ്കടം സഹിയാണ്ട് ഉർവാടി പെട്ടിയിൽ രഹസ്യമായി സൂക്ഷിച്ച രാമായണമെടുത്ത് മുറ്റത്തിരുന്ന് പകുത്ത് ഉറക്കെ പാടാൻ തുടങ്ങി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പാരായണത്തിനിടയിൽ കൈവിട്ട കുഞ്ഞുങ്ങളുടെ പേരുകൾ കൊള്ളിച്ച് പാട്ടുകൾ കെട്ടിയുണ്ടാക്കിയും പാടി.
അസഹ്യമായ മുറിവിൽ ഒറ്റമൂലിയായ പച്ചമരുന്ന് ഇറ്റിക്കുന്നവിധം ഉർവാടിയുടെ സങ്കടത്തിനു നല്ല ആശ്വാസം കിട്ടി. സങ്കടം വല്ലാതെ തികട്ടുന്ന നേരത്ത് അവൾ തൊണ്ടകീറിപ്പാടും. അങ്ങനെയൊരിക്കൽ തൊണ്ടകീറിപ്പാടുമ്പോഴാണ് കാട്ടുവഴിയിലൂടെ കൂത്തിച്ചിയുടെ വീട്ടിലേക്കു പോവുകയായിരുന്ന നാടുവാഴി നിശ്ചലനായത്. ഏതോ ഗന്ധർവ്വസുന്ദരിയുടെ ആലാപനമെന്നാണ് അയാൾ ധരിച്ചത്. സംശയം തോന്നി ഒരു വാല്യക്കാരനെ വിട്ടു.
വാല്യക്കാരൻ തിരികെ കിതച്ചോടി വന്ന് അന്ധാളിച്ചു: ‘‘ഒടയറേ, ഒര് തീയത്തിപ്പെണ്ണ് നടുമിറ്റത്തിര്ന്ന് കെരന്തം തുറന്ന്പിടിച്ച് ഒറക്കെ പാട്ന്ന്.’’
നാടുവാഴി കോപാകുലനായി: ‘‘നിന്റെ കൈയില് വാളെന്തിന് കള്ളബടുവാ? അപ്പത്തന്നെ ഓളെ തല കൊത്തിയറ്ക്കണ്ടേ?’’
വാല്യക്കാരൻ കൈകൂപ്പി: ‘‘ഒടയോറെ, ഞാന് ഓളെക്കൊല്ലാൻ മിറ്റത്തേക്ക് കേറാൻ തൊടങ്ങീതാ. അപ്പൊ എന്നെ ആരോ വന്ന് തട്ക്ക്ന്ന പോലെ തോന്നി.’’
നാടുവാഴി പരിഹസിച്ചു: ‘‘പേടിത്തൂറി!’’
ഒറ്റയാന്റെ ഊക്കെടുത്ത് നാടുവാഴി ആഞ്ഞുനടന്നു. വാല്യക്കാർ നാലും വാൾചുഴറ്റിക്കൊണ്ട് പിന്നാലെ പിടിച്ചു.
മുറ്റത്തിരുന്ന് മടിയിൽ ഓലക്കെട്ട് തുറന്നുവെച്ച് ഉർവാടി അപ്പോഴും ഈണത്തിൽ ഉറക്കെ പാടുകയാണ്.
നാടുവാഴിയും പടയാളികളും മുറ്റത്തേക്കു പാഞ്ഞുകയറിയപ്പോൾ പാട്ട് പെട്ടെന്നു മുറിഞ്ഞു.
നാടുവാഴി വിറച്ചുതുള്ളി: ‘‘ഫ! എരപ്പ് സൂളേ. നിനക്കറീലേ എയ്ത്തിനും പാരായണത്തിനും പാങ്ങില്ലാന്ന്?’’
ഗ്രന്ഥം താഴേവെച്ച്, ഭവ്യതയോടെ എഴുന്നേറ്റ് ഉർവാടി തൊഴുതു: ‘‘തമ്പിരാനേ, എനക്ക് മാപ്പാക്കണം. ന്റെ നെഞ്ചിലെരിയ്ന്ന സങ്കടത്തീയെ തടുക്കാൻ വേറേ ഒരു വഴീം കാണാഞ്ഞിട്ടാന്ന്. ഞാന് പെറ്റ് പോറ്റി പൊന്നാരിച്ച ന്റെ മക്കള് പത്തും എന്നെ കൈവിട്ട്പോയി തമ്പിരാനേ...’’
മുളചീന്തുന്നതുപോലെ ഉർവാടി പൊട്ടിക്കരഞ്ഞു.
അതുകണ്ട് നാടുവാഴി ചിരിതുടങ്ങി. ചിരി അൽപ്പമടങ്ങിയപ്പോൾ ചോദിച്ചു: ‘‘സങ്കടത്തീയടക്കാൻ ഗ്രന്ഥപാരായണോ? ഹ! ഹ! നിനക്ക് അത്രക്കും സങ്കടത്തീയോ?’’
പരിഹാസത്തീയേറ്റ് ഉർവാടിയുടെ കരച്ചിൽ നിന്നു. ഊറ്റത്തോടെ മുഖമുയർത്തി അവൾ പറഞ്ഞു: ‘‘എന്റെ വാക്ക് സത്യാന്ന് തമ്പിരാനേ. പെറ്റമക്കളെല്ലാം കൈവിട്ട് പോയ ഒരമ്മേന്റെ നെഞ്ചിലെ തീ തമ്പിരാന് കാണണോ?’’
നാടുവാഴി ചിരി തുപ്പിക്കൊണ്ട് തലകുലുക്കി: ‘‘വേണം, വേണം.’’
ഉർവാടി കൂരയ്ക്കുള്ളിൽനിന്ന് പുതിയൊരു മൺകലം കൊണ്ടുവന്നു. മങ്ങണത്തിൽ നിറയെ പുന്നെല്ലും.
മൺകലം അവൾ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു. നാലഞ്ചുനിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും നെഞ്ചിലെ തീയാൽ കലം വെന്ത് ചുവന്നു.
ഇടംകൈയാൽ മങ്ങണത്തിലെ നെല്ല് കലത്തിലേക്കു കമിച്ചു. നാടുവാഴി അമ്പരന്നു.
നെല്ലതാ വെന്ത് മലരായി പൂത്തിരിപോലെ പുറത്തേക്കു പൊട്ടിത്തെറിക്കുന്നു! ഉർവാടിയുടെ കരഞ്ഞുവീങ്ങിയ കണ്ണുകളിലും കവിളുകളിലും വിജയച്ചിരി പരന്നു. നാടുവാഴിയുടെ ഇളിഞ്ഞ മുഖത്ത് പരിഭ്രാന്തിയുടെ ചുളിവുകൾ മുറുകി.
നോക്കിനിൽക്കെ മൺകലത്തിനു തീപിടിച്ചു. കലം കത്തിയാളാൻ തുടങ്ങി. ഉർവാടിയുടെ കുണ്ടാച്ചിയിലും അരത്തുണിയിലും തീപിടിച്ചു. ഉർവാടി ഉടലോടെ കത്താൻ തുടങ്ങി.
നിലവിളിയോടെ, കത്തുന്ന തീപ്പന്തംപോലെ ഉർവാടി ഓടി തൊട്ടടുത്തുള്ള തോട്ടിലെ വെള്ളത്തിലേക്കു ചാടി.
തീ കെട്ടടങ്ങി. ജലോപരിതലത്തിലെ പുക മാറിയപ്പോൾ ഉർവാടിയുടെ കത്തിക്കരിഞ്ഞ ഉടൽ പൊന്തിവന്നു.
നാടുവാഴി ഭയചകിതനായി. എന്തോ പന്തികേടു തോന്നി, കിട്ടിയ വഴിയിലൂടെ അയാൾ പരക്കംപാഞ്ഞു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മനയിലും നാട്ടിലാകെയും ദുർനിമിത്തങ്ങൾ ഓരോന്നായി തലപൊക്കാൻ തുടങ്ങി. നേരറിവോനെ വരുത്തിച്ച് നാടുവാഴി കവടി നിരത്തിച്ചു. ഗ്രഹനിലയിലേക്ക് ഒറ്റനോട്ടം നോക്കി നേരറിവോൻ ഉണർത്തിച്ചു. ഉർവാടി തെയ്യമായിരിക്കുന്നു. കെട്ടിയാടിച്ച് അവളുടെ ശൗര്യമടക്കിയില്ലെങ്കിൽ നാടാകെ കത്തിച്ചാമ്പലാകും.
ദിനകരൻ ചോദിച്ചു: ‘‘ചെമ്പിലോട്ട് കാവിലെ നൂറ് തെയ്യങ്ങളിൽ ഈ തോട്ടുങ്കരഭഗവതിയുമുണ്ടോ പണിക്കരേ?’’
‘‘ഇല്ല.’’
‘‘അതെന്താ?’’
‘‘പാപ്പിനിച്ചേരീന്ന് തോട്ടുങ്കരപ്പോതി നേരേ വന്ന് കൂട്യേത് ഈടെ പണ്ട്ണ്ടായിര്ന്ന ചെറുവാക്കര തറവാട്ടിലായിരുന്നു. ചെമ്പിലോട്ട്കാരുമായി ഇവർക്ക് കുടിപ്പകയായി. ഒരു ദുർമരണമുണ്ടായപ്പോൾ രാത്രിക്ക് രാത്രി ചെറുവാക്കരക്കാര് എങ്ങോട്ടോ പലായനംചെയ്തു. തറവാട്ടിൽ കുടിയിരുത്തിയ തോട്ടുങ്കരപ്പോതി കോലമില്ലാണ്ട് അനാഥയായി. നിങ്ങളിപ്പൊ താമസിക്ക്ന്ന ദിക്കിൽ എവിടെയോ ആണ് ചെറുവാക്കരക്കാര് പണ്ട് താമസിച്ചിരുന്നതെന്ന് കേട്ടിറ്റുണ്ട്.’’
ഇക്കാര്യം പണിക്കർ മുൻപൊരിക്കൽ പറഞ്ഞത് ദിനകരന് ഓർമ്മയായി.
ഇറങ്ങാൻ നേരം ദേർമൻ കൂട്ടിച്ചേർത്തു: ‘‘ഈയിടെ ഒരീസം നിന്റെ കെട്ടിയോള് ഈടെ വന്ന് തോട്ടുങ്കരപ്പോതീടെ കഥ ചോയിച്ചിന്.’’
ദിനകരൻ വാപൊളിച്ചു: ‘‘ന്നിട്ട്?’’
‘‘ഞാനീക്കഥ ഓളോടും പറഞ്ഞ്.’’
‘‘ഓ.’’
ദിനകരൻ ധൃതിയിൽ വീട്ടിലേക്കു നടന്നു. കടന്നൽക്കൂട്ടം പോലെ നൂറുനൂറ് ചിന്തകൾ അയാളെ വട്ടംചുറ്റി.
മുറ്റത്ത് ഊർമ്മിളയെ കണ്ടതോടെ ചോദിക്കാനാഞ്ഞതൊക്കെ വിഴുങ്ങിയിട്ട് പറഞ്ഞു: ‘‘മര്‌ന്നൊന്നും വേണ്ടാന്ന് പണിക്കര് പറഞ്ഞു.’’
നെറ്റി തൊട്ടുനോക്കി പനിയില്ലെന്ന് അവൾ സമാധാനിച്ചു. രാത്രി അത്താഴം കഴിഞ്ഞശേഷം ദിനകരൻ മനസ്സിൽ കരുതിവെച്ചത് ഉരുക്കഴിച്ചു: ‘‘രാത്രിയാക്‌മ്പോ ഈ വഴിക്ക് ഏതോ തെയ്യത്തിന്റെ പോക്ക്‌വരവ്ണ്ട്. ഒറക്കം തീരെ ശരിയാവ്ന്നില്ല. ഒര് സൈക്യാട്രിസ്റ്റിനെ കണ്ടാലോ? നീയുംകൂടി വരണം.’’
ഊർമ്മിള ഝടിതിയിൽ പറഞ്ഞു: ‘‘ഞാനും വരാം. കുറച്ചീസായി ഞാനും ഇത് പറയാൻ വിചാരിക്കുന്നു.’’
‘‘ബലരാമൻ ഡോക്ടറാ നല്ലത്. അയ്യാളാവുമ്പോ...’’ ദിനകരൻ പെട്ടെന്നു നിർത്തി. പത്തിരുപതു കൊല്ലം മുമ്പ് ഊർമ്മിള കഠിനമായ വിഷാദത്തിൽപ്പെട്ടപ്പോൾ രക്ഷിച്ചെടുത്ത ആളാണ്.
ഊർമ്മിള തലകുനിച്ചു. അതെല്ലാം മറന്ന കാലമാണ്. വീണ്ടും ഓർക്കാനിഷ്ടപ്പെടാത്ത കാലം.
രണ്ടുനാൾ കഴിഞ്ഞാണ് അപ്പോയിൻമെന്റ് കിട്ടിയത്. നീണ്ടകാലത്തിനുശേഷം കാണുകയാണെങ്കിലും ഡോക്ടർക്ക് ഇരുവരെയും വേഗം ഓർമ്മവന്നു.
ഊർമ്മിളയെ പുറത്തിരുത്തി ദിനകരൻ എല്ലാം വിശദമാക്കി. ചില രാത്രികളിൽ അവൾ തോട്ടുങ്കരഭഗവതിയായി വേഷംകെട്ടിയാടുന്നുണ്ട്. പണ്ടത്തെ വിഷാദരോഗത്തിന്റെ തുടർച്ചയായിരിക്കുമോ ഇതും? തനിക്കു മാനസികപ്രശ്‌നമുണ്ടെന്നുപറഞ്ഞാണ് അവളെക്കൂട്ടിവന്നിരിക്കുന്നത്. അല്ലെങ്കിൽ വരാൻ മടിച്ചാലോ?
എല്ലാം കേട്ടശേഷം ദിനകരനെ പുറത്താക്കി ഡോക്ടർ ഊർമ്മിളയെ അകത്തേക്കു വിളിപ്പിച്ചു. അരമണിക്കൂറിനകം അവൾ പുറത്തേക്കു വന്നു. മുഖം കരഞ്ഞുചുവന്നിട്ടുണ്ട്. ഇടർച്ചയോടെ അവൾ പറഞ്ഞു: ‘‘ഡോക്ടർ വിളിക്കുന്നു.’’
ദിനകരൻ ഉള്ളിലേക്കു കയറി. കസേരയിലിരുന്ന് മുന്നോട്ടാഞ്ഞു: ‘‘എന്തായി ഡോക്ടർ?’’
പുഞ്ചിരിയോടെ ഡോക്ടർ ആരാഞ്ഞു: ‘‘ഊർമ്മിള ഇപ്പോൾ കവിത എഴുതാറുണ്ടോ?’’
‘‘ഇല്ല ഡോക്ടർ. അന്നത്തെ സംഭവത്തോടെ നിർത്തി. എഴ്തിക്കോളാൻ ഞാൻ സമ്മതം കൊടുത്തതാ. പക്ഷേ...’’
ഡോക്ടർ മന്ദഹാസം വെടിഞ്ഞു: ‘‘ഒരാൾക്ക് കവിത എഴുതാനും പാടാനുമൊക്കെ മറ്റൊരാളുടെ സമ്മതം ആവശ്യമുണ്ടോ? ഭർത്താവാണെങ്കിൽ
പ്പോലും?’’
കുറ്റബോധത്തോടെ ദിനകരൻ ചോദിച്ചു: ‘‘ഊർമ്മിള അതൊന്നും മറന്നിട്ടില്ലേ ഡോക്ടർ?’’
‘‘കുട്ടികളില്ലാത്തതിന്റെ വിഷമംപോലെ അതും അവൾ ബോധമനസ്സില് അന്നേ മറക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അബോധത്തില് എല്ലാം ഉണർന്നുകിടപ്പുണ്ടാകില്ലേ? അത്രമാത്രം ഭ്രാന്ത് അവൾക്ക് കവിതയോടുണ്ടായിരുന്നു. അതുകൊണ്ടല്ലേ അവളന്ന് സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയത്. അത് മറന്നോ?’’
മറന്നില്ലെന്ന് ദിനകരൻ തലയാട്ടി.
കല്യാണം കഴിഞ്ഞ് അഞ്ചാറുമാസം കഴിഞ്ഞപ്പോഴാണ് അവളുടെ കല്യാണപ്പെട്ടിയിൽ മറഞ്ഞുകിടന്ന രഹസ്യം കണ്ടത്. ഒരു നോട്ടുപുസ്തകം. തുറന്നുനോക്കിയപ്പോൾ കവിതകളാണ്. കുട്ടിക്കാലം മുതൽ പത്രങ്ങളിലും വാരികകളിലും മറ്റും എഴുതിയ കവിതകൾ. എല്ലാം ഭംഗിയായി മുറിച്ചൊട്ടിച്ചിരിക്കുന്നു!
ദിനകരന് ഭയങ്കരമായ വെറുപ്പും ദേഷ്യവും വന്നു. കവിതാപുസ്തകം അടുപ്പിലിട്ട് കത്തിച്ചു. കവിതകൾക്ക് തീപിടിക്കുന്നത് കാണാൻ രസമായിരുന്നു. അവൾ വീട്ടിലുണ്ടായിരുന്നില്ല. കുറച്ചുദിവസം കഴിഞ്ഞ് അവൾ ചോദിച്ചപ്പോൾ അയാൾ കൈമലർത്തി. ഏതാണ്ട് ഒരുവർഷം കഴിയുമ്പോഴേക്കും പെട്ടി പെറ്റതുപോലെ അതാ മറ്റൊരു നോട്ടുപുസ്തകം. കുനുകുനാ എഴുതിനിറച്ചിരിക്കുകയാണ് കവിതകൾ. അതും രഹസ്യമായി കത്തിച്ചു. ചോദിച്ചപ്പോൾ എന്ത് പുസ്തകമെന്ന് ദേഷ്യപ്പെട്ടു. അഞ്ചാറുകൊല്ലത്തിൽ നാലുപുസ്തകങ്ങൾകൂടി അഗ്നിക്കിരയായി. ആറാമത്തെ പുസ്തകം കത്തുന്ന സമയം അപ്രതീക്ഷിതമായി അവൾ അടുക്കളയിലേക്കു കയറിവന്നു.
തന്റെ പ്രാണനായ കവിതകൾക്ക് തീപിടിക്കുന്നത് നേരിൽക്കണ്ട് ഊർമിള മരവിച്ചുനിന്നു. ഉടലിനു ജീവൻ വന്നപ്പോൾ ഒരു വാക്കും മിണ്ടാതെ അവൾ വേച്ചുവേച്ച് കിടപ്പുമുറിയിലേക്കു നടന്നു. വാതിലടച്ച് ഫാനിനു സാരി കെട്ടുകയായിരുന്നു.
നിലവിളിച്ചീളുകേട്ട് ഓടിയെത്തി വാതിൽ ചവിട്ടിപ്പൊളിച്ചു. സാരി അറുത്തുമാറ്റി നിലത്തുകിടത്തുമ്പോൾ ജീവൻ അൽപ്പം ബാക്കിയുണ്ടാ
യിരുന്നു.
സുഖമായി വീട്ടിൽ തിരിച്ചെത്തിയ ദിവസം ദിനകരൻ മനസ്സുതുറന്നു: ‘‘എന്തുവേണേലും നീ എഴ്തിക്കോ. ഇനി ഞാനൊന്നും കത്തിക്കീല.’’
അവൾ വല്ലാത്തൊരു ചിരി ചിരിച്ചു. കൊല്ലുന്ന ചിരി.
ഡോക്ടർ മേശമേൽ കൈമുട്ടുകളൂന്നി പ്രസ്താവിച്ചു: ‘‘ഊർമ്മിളയുടെ ഉള്ളിൽ മാത്രമല്ല, ഓരോ സ്ത്രീയുടെ ഉള്ളിലും ഓരോ തോട്ടുങ്കരഭഗവതിയുണ്ട് ദിനകരാ. തീപിടിച്ച ഉടലോടെ, നിലവിളിച്ചുകൊണ്ട്, വിശ്രമമില്ലാതെ പരക്കംപായുന്നവൾ. അല്ലേ?’’
ദിനകരൻ ആശ്ചര്യപ്പെട്ടു: ‘‘അതാണോ ഡോക്ടർ ഊർമ്മിള ചില രാത്രികളിൽ തോട്ടുങ്കരപ്പോതിയായി വേഷംകെട്ടിയാടുന്നത്?’’
കുറച്ചുനിമിഷങ്ങൾ ദിനകരന്റെ കണ്ണുകളിൽ ഉറ്റുനോക്കിയശേഷം ഗൗരവത്തോടെ ഡോക്ടർ പ്രതിവചിച്ചു: ‘‘ദിനകരൻ സംയമനത്തോടെ കേൾക്കണം. ഊർമ്മിളയല്ല വേഷംകെട്ടുന്നത്. ചായ്പിനകത്ത് ഇടയ്ക്ക് തോട്ടുങ്കരഭഗവതിയായി വേഷംകെട്ടിയാടുന്നത് ദിനകരനാണ്.’’
ദിനകരന്റെ കണ്ണുതുറിച്ചു: ‘‘ഹാ! ഞാനോ?’’
‘‘അതേ. ദിനകരന്റെ അബോധത്തിലെ കുറ്റബോധമായിരിക്കാം ഇങ്ങനെ ചെയ്യിക്കുന്നത്.’’
‘‘ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ് ഡോക്ടർ, ഊർമിള...’’
‘‘അതൊക്കെ ഇല്യൂഷനാണ് ദിനകരൻ. സത്യം ഇതാണ്.’’
ഡോക്ടർ മൊബൈൽ തുറന്ന് ഒരു വീഡിയോ പ്ലേചെയ്തു.
ദിനകരൻ കണ്ടു. തന്റെ വീട്ടിലെ ചായ്പ് മുറി. ചങ്ങലാട്ടയുടെ നറുവെളിച്ചത്തിൽ മുഖത്ത് മഞ്ഞൾപ്പൊടി വാരിത്തേച്ച്, നെറ്റിയിൽ ബെൽറ്റ് കെട്ടി, കൈകാലുകളിൽ എന്തെല്ലാമോ അണിഞ്ഞ്, അരയിൽ ചുവന്ന തോർത്തുചുറ്റി, അടുക്കളച്ചട്ടുകം വാൾപോലെ ഉയർത്തിപ്പിടിച്ച് പേക്കോലം തുള്ളുകയാണ് താൻ!
പരിഭ്രാന്തനായി ദിനകരൻ ചോദിച്ചു: ‘‘ഇതെവിട്ന്ന് കിട്ടി?’’
‘‘ഊർമ്മിള കുറച്ചുമുമ്പ് എനിക്ക് ഫോർവേഡ് ചെയ്തതാണ്. സാരമില്ല, ദിനകരൻ, വറിചെയ്യണ്ട. ഇതിനൊക്കെ സൊലൂഷനുണ്ട്. കുറച്ച് ടാബ്‌ലറ്റ് കഴിച്ചാൽ മതി. വേഗം മാറിക്കോളും.’’
ദിനകരൻ എഴുന്നേറ്റു. ഫീസ് വാങ്ങി വലിപ്പിലിട്ടശേഷം തത്ത്വജ്ഞാനിയെപ്പോലെ ഡോക്ടർ പുഞ്ചിരിച്ചു: ‘‘ദിനകരാ, സത്യത്തിൽ പെണ്ണ് മാത്രമല്ല, ഈ ഭൂമിയിൽ പിറന്ന് പുലരുന്ന മനുഷ്യരെല്ലാം തലയിലും അരയിലും തീപിടിച്ച കോത്തിരികളുമായി കുറച്ചുകാലം ഉറഞ്ഞാടിയൊടുങ്ങുന്ന തോട്ടുങ്കരഭഗവതിമാരാണ്. അല്ലേ?’’
ദിനകരൻ തലകുലുക്കി. യാത്രപറഞ്ഞു. അടഞ്ഞുകിടന്ന വാതിലിനുനേർക്കു ധൃതിയിൽ നടന്നു വാതിൽ തുറക്കാനാഞ്ഞ ദിനകരൻ ചിലമ്പൊച്ചകേട്ട് നടുങ്ങി. വെപ്രാളത്തോടെ തിരിഞ്ഞുനോക്കി.
വലിപ്പിൽനിന്നു ചിലമ്പെടുത്ത് കിലുക്കിക്കൊണ്ട് മേശപ്പുറത്ത് വെക്കുകയാണ് ഡോക്ടർ. പിന്നെ വെള്ളിയിലുള്ള തലപ്പാളിയെടുത്ത് ശ്രദ്ധിച്ച് നെറ്റിക്കുമുകളിൽ കെട്ടി. അവിശ്വസനീയമായ ആ കാഴ്ചയിലേക്ക് ദിനകരൻ കണ്ണുകൾ രണ്ടും ഇമവെട്ടാതെ തുറന്നുപിടിച്ചു.
എഴുന്നേറ്റുനിന്ന ഡോക്ടറുടെ മുഖത്ത് ചുവന്ന വരകളും കുറികളും നിറഞ്ഞു. തലയിൽ തിരുമുടി കനത്തു. മാറിൽ വലിയ മാർവട്ടം ഇളകിത്തുളുമ്പി. അരയിൽ അരയൊട വിരിഞ്ഞു. ഒടയുടെ ചുറ്റും പന്തങ്ങൾ കത്തി. തലയിൽ കോത്തിരികൾ ജ്വലിച്ചു. കാലിൽ ചിലമ്പുകൾ മുക്രയിട്ടു. ശൂന്യതയിൽനിന്നു വലിച്ചൂരിയെടുത്ത വെള്ളിവാൾ കൈയിലേന്തിയ തെയ്യം അലർച്ചയോടെ മേശപ്പുറത്ത് ചാടിക്കയറി വട്ടംചുറ്റി ഉറയാൻ തുടങ്ങി: ‘‘ഹിയ്യേ... ഹിയ്യേ...’’
ദിനകരൻ വിറയ്ക്കുന്ന കൈകൾ കൂപ്പിക്കൊണ്ട് നിലത്തു മുട്ടുകുത്തിയിരുന്ന് തോട്ടുങ്കരഭഗവതിയെ തൊഴുതു.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച അംബികാസുതൻ മാങ്ങാടിന്റെ 'തോട്ടുങ്കരപ്പോതി' എന്ന കഥാസമാഹാരത്തിലെ ശീർഷകകഥ)
Published: 06 Aug 2026, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented