ഞാനും നീയുമൊരൊളിച്ചുകളിയിലാണ്.
നമ്മള്‍ക്കിടയില്‍ ഇന്നലെകളില്ല;
നമ്മള്‍ക്കു ഭൂപടങ്ങളുമില്ല. 
ഇനിയാരും തിരികെ വരാനില്ലാത്ത
മണ്‍പാതയിലെ മണ്‍പാനകളാണു നമ്മള്‍!

To advertise here,

പല്ലവിയില്‍ രാഗം നഷ്ടമായ കീര്‍ത്തനം
ഞാന്‍ ചൊല്ലുമ്പോള്‍ നീ, 
നാദം നിലച്ച തന്ത്രിയില്‍ താനം പാടുന്നു.

ഞാനും നീയും മിഴികളടച്ചിരിക്കുമ്പോള്‍ 
ആത്മാക്കള്‍ക്കു പരസ്പരം കാണുവാന്‍  
കണ്ണുകളെന്തിനെന്നു ചോദിക്കുന്നു നീ; 
എനിക്കും നിനക്കും മാത്രമറിയാവുന്ന
ഭാഷയില്‍ നമ്മുടെ അധരങ്ങള്‍
സംസാരിക്കുന്നുണ്ടെന്നു ഞാനും പറയുന്നു.

പ്രതിധ്വനികളെ പരിഭാഷപ്പെടുത്തുമ്പോള്‍
പരിഭാഷകര്‍ക്കു വഴിതെറ്റാറില്ലെന്നു
നമ്മളൊറ്റയ്‌ക്കൊറ്റയ്ക്കു പിറുപിറുക്കുന്നു.

ഓരോ കയറ്റിറക്കത്തിലും, 
വവ്വാലുകള്‍ താവളമിടാറുള്ള   
വളവുകളില്‍ നമ്മുടെ ശ്വാനവാലുകള്‍ 
കൊഞ്ഞനം കുത്തിക്കളിയ്ക്കുന്നു.

എന്നിലും നിന്നിലും ഉടഞ്ഞുപോകുന്ന 
പാതിരാ നേരങ്ങള്‍ക്കെന്തു ചന്തമാണെന്ന്, 
ഉറങ്ങാതിരിക്കുന്ന നക്ഷത്രങ്ങള്‍ ചുമ്മാ  
കുന്നായ്മ പറഞ്ഞുകൊണ്ടേയിരിക്കുന്നു.

ഉള്ളില്‍, ദഹനം കാത്തുകിടക്കാറുള്ള 
ഉരുളന്‍കല്ലുകള്‍ കുന്നിന്‍മുകളേറുന്നു;
ഉരുളുന്നു താഴേട്ട്, പിന്നെയും...
ഉരുകാന്‍ കൂട്ടാക്കാത്ത പാറപോലെ നീയും 
ഉണങ്ങുന്ന കടല്‍പോലെ ഞാനും പരസ്പരം
ഉറയാത്ത ശൂന്യത നിറച്ചുകൊണ്ടിരിക്കുന്നു!