പ്രണയിക്കുകയെന്നാല്‍,
പ്രാപിക്കുകയെന്നാണ്;
ഞാന്‍ അവളെയും
അവള്‍ എന്നെയുമെന്നപോലെ.
ഇളംവെയില്‍ കാഞ്ഞുകൊണ്ടിരുന്ന 
മനസിനെ,
ഉച്ചച്ചൂടില്‍ ഉരുക്കിയെടുത്ത്
പെരുംമഴയില്‍ മുക്കിക്കുടഞ്ഞ്     
പോക്കുവെയിലില്‍
ഉണക്കാനിടുന്നതുപോലെയാണ്
ഓരോ പ്രണയവും;
ഞങ്ങള്‍ക്കിടയിലെയെന്നപോലെ!
ഓരോ കടലേറ്റത്തിന്റെയും
കടലിറക്കത്തിന്റെയും
വേഗങ്ങള്‍ക്കിടയിലെ ഉപ്പുവെള്ളം
ഓരോ വിണ്ടുകീറലിനെയും
തഴുകിക്കഴുകിയുണക്കുന്നതുപോലെ,
എന്നിലും അവളിലും അടിക്കടി 
രൂപംകൊള്ളുന്ന ചാവുകടല്‍  
തുപ്പുന്ന ഉപ്പുകാറ്റ്
ഞങ്ങളിലെ കീറലുകളെ
അപ്രത്യക്ഷമാക്കാറുണ്ട്.
അതുകൊണ്ടാണ്,
'ജീവിക്കുകയെന്നാല്‍
പ്രണയിക്കപ്പെടുകയല്ല'-
യെന്നാണെങ്കില്‍,   
ജനിക്കാതിരിക്കാമായിരുന്നല്ലോ-
യെന്നും പറഞ്ഞു ഞങ്ങള്‍
സദാ ചിരിച്ചുകൊണ്ടിരിക്കുന്നത്!
അതുകൊണ്ടാണല്ലോ,
ആത്മാവ് ശരീരത്തെയും  
ഗ്രീഷ്മം ശിശിരത്തെയും
പ്രാപിക്കുന്നതുപോലെ,
അത്രമാത്രം തീക്ഷ്ണമായ
കരുതലോടെ ഞങ്ങള്‍
ചേര്‍ന്നിരിക്കുന്നതും?

To advertise here,