ചാവേര്‍
വിയര്‍ത്തു കുളിച്ച് ഓടിവരുന്ന രൂപങ്ങളെ തിരിച്ചറിയാന്‍ പ്രയാസപ്പെട്ടു. മുണ്ഡനം ചെയ്ത്, പുരികം വടിച്ച വികൃതരൂപികള്‍. മാറില്‍ വാടിമരിച്ച മാലേയങ്ങള്‍. വറ്റിക്കരിഞ്ഞ മുഖങ്ങള്‍. മുതുകില്‍ ഞാത്തിയ വാളും പരിശയുമില്ലെങ്കില്‍ ഭ്രാന്തിളകിയ ഏതോ കൂട്ടമാണെന്നു തെറ്റിദ്ധരിച്ചേനെ. ഇരുത്തിച്ചിന്തിച്ചാല്‍ ഇതുമൊരു ഭ്രാന്തു തന്നെ...
കാടാമ്പുഴയും കടന്ന് പടവിളിച്ചു വരുകയാണ് ചാവേറുകള്‍. സന്ധ്യ കഴിഞ്ഞാല്‍ ഈ പഴയകാവില്‍ രാവുപുലരാന്‍ അവരെത്തുമെന്ന വൃത്താന്തം വന്നു പറഞ്ഞത് ചങ്ങമ്പള്ളി മമ്മു ഗുരിക്കളാണ്. (1)
തുള്ളി വരുന്ന ആകാരങ്ങളെ വെള്ള സസൂക്ഷമം നോക്കി..എന്താണവര്‍ ഉരുവിടുന്നത്.. പുതുമന തറവാട്ടില്‍ കണ്ടുപരിചയിച്ച ആ തേജസ്സ്വികളെവിടെ.. ചൊവ്വരക്കൂറ്റുകാരെങ്കിലും (2) നയകൗശലങ്ങളോ, വീമ്പുപറച്ചിലുകളോ ഇല്ലാത്ത മൗനികളായ ആ അഭ്യാസികളോട് അനുതാപം തോന്നിയിരുന്നോ..
മൂന്നില്‍ ഓടി വന്ന രൂപം കിതച്ചന്തിച്ചു നിന്നു. ഇതാ കണ്ടര്. പുത്തലത്തിളയ പണിക്കരുടെ വാത്സല്ല്യഭാജനം. അന്നു കണ്ടതിനേക്കാള്‍ ഇരുണ്ടു ചടച്ചുപോയി.
അങ്ങോട്ടെന്തങ്കിലും ഉരിയാടും മുമ്പ്, ശ്വാസമെടുത്ത് അവന്‍ ചോദിച്ചു.
''ഗുരുനാഥന്‍ വന്നുവോ തിരുമേനി..''
''കുട്ടീ... നായനാര്‍ കോലത്തിരി സംഘത്തിന്റെ വിചാരിപ്പില്‍ പെട്ടുപോയി. പകരം നമ്മെ തള്ളി പറഞ്ഞയച്ചു. മറ പിടിച്ചു വന്നതാണ്. മാറ്റാന്‍കൂട്ടത്തിനൊപ്പം കോലത്തിരിക്കാരെ കണ്ടാല്‍ കാര്യം കഷ്ടമാവും.''
കരുവാളിച്ച മുഖത്ത് ഭാവങ്ങളൊന്നുമുണ്ടായില്ല. കണ്ണിറുകി, കല്ലിച്ചപൊലെ അവന്‍ നിന്നു.
പുതമനപ്പണിക്കരും കൂട്ടവും വന്ന് ചുറ്റും നിന്ന് ഉപചാരത്തോടെ അനുഗ്രഹം വാങ്ങി.
''കൂട്ടം വിട്ടു വരണമെങ്കില്‍ നൂറായിരം ചോദ്യങ്ങള്‍ അഴിക്കണം. പുഴക്കപ്പുറത്ത് ഏറാള്‍പ്പാടിന്റെ കൈനിലക്കടുത്താണ് കോലത്തിരിക്കാരുടെ പാര്‍പ്പുകള്‍.. ഓല അയച്ചാല്‍ പതിവുതെറ്റിക്കാന്‍ കോലത്തിരിക്കാവതില്ല. മരുമകനേയും പടനായകരേയും പതിവുകണക്ക് പറഞ്ഞയച്ചു. മാമകം ഒരു നയതന്ത്രവിശേഷം കൂടിയാണെന്നറിയുക. വരാനെളുതാത്തതില്‍ നായനാര്‍ക്ക് അതിയായ മനസ്താപമുണ്ടന്നറിയുക. എല്ലാ ആശീര്‍വാദങ്ങളും തന്നയച്ചിരിക്കുന്നു....''
നിസ്സംഗഭാവത്തില്‍ ചാവേറുകള്‍ തലയാട്ടി.
''ഉണ്ണീ, അതങ്ങ് തിരുമേനിക്ക് കൊടുക്കുക.''
പുതുമനപ്പണിക്കര്‍ പറഞ്ഞു.
കീറക്കൂറയില്‍ പൊതിഞ്ഞ ഒരു ചുരുള്‍ അവന്‍ ഇരുകൈയ്യാല്‍
വെച്ചു നീട്ടി.
''ദക്ഷിണയായി തരാന്‍ ഇതേ എനിക്കുള്ളൂ എന്നു പ്രത്യേകം ഉണര്‍ത്തിക്കണം. നാളെ പുലരെ ഞങ്ങള്‍ ചാവേറും. കലിയേറ്റുറഞ്ഞു പായുമ്പോള്‍ തെളിയുന്ന വഴി ഗുരുനാഥന്റെ അനുഗ്രഹങ്ങളാണെന്നും പറക വേണം.''
കളിപ്രായം വിടാത്ത, ലോകം തിരിയാത്ത ബാലന്‍ പാകമൊത്തവരെപ്പൊലെ സംസാരിക്കുന്നു. വെളള അത്ഭുതപ്പെട്ടു. കലര്‍പ്പില്ലാതെ സത്യമൊന്നു മുന്നില്‍ തെളിയുമ്പോള്‍ മനുഷ്യര്‍ വേദാന്തികളാവും.
''തഥാസ്തു.. എന്തിനാണോ വന്നത് അത് പൂര്‍ത്തിയാക്കാന്‍ അമ്മ തുണക്കട്ടെ..''
വെള്ള കൈ രണ്ടും വിടര്‍ത്തി അനുഗ്രഹിച്ചു വിടചോദിച്ചു.
അനുഗ്രഹമോ അതോ ചാവിനുള്ള അനുജ്ഞയോ. കണ്ടര് സംശയിച്ചു.
വരുമെന്നു നിനച്ച ആള്‍ വന്നെത്തിയതില്ല. ഇനിയാരേയും ഈ വഴി കാത്തുനില്‍ക്കേണ്ടതുമില്ല.
ഇരുള്‍ വേരാഴ്ത്തിയ കാവില്‍ പെട്ടന്നുകാറ്റു വീശി. ഇലപ്പടര്‍പ്പുകളില്‍ കെട്ടുപിണഞ്ഞ് പാമ്പിനെപ്പോലെ അത് ചീറ്റിയപ്പോള്‍ കാലന്‍കോഴികള്‍ കൂട്ടത്തോടെ കരഞ്ഞുകൂവി. സംഹാരരുദ്രയായ മാഹാകാളിയുടെ അഴിഞ്ഞ ജടാഭാരം പോലെയുലഞ്ഞാടിയ വള്ളികള്‍ വൃക്ഷങ്ങളെ ചുറ്റിപ്പിടിച്ചു ശ്വാസമുട്ടിച്ചു.
യവനീയക്ഷന്റെ മണ്ഡപത്തില്‍ നിന്ന് പടു തിരികത്തിയ മണം പരന്നു.
കുറവയില്‍ നിന്ന് ഗൂഢമാര്‍ഗ്ഗങ്ങള്‍ താണ്ടിയെത്തിയ ചാവേറുകള്‍ കാളി വാഴുന്ന ചന്ദനക്കാവില്‍ അവസാന രാത്രിയുടെ വിരിവെച്ചു.
ഒരിക്കലും കുറയാത്ത കുടിപ്പകയുടെ പെരുക്കക്കണക്കുകള്‍ രണ്ടു നാഴിക അപ്പുറത്ത് കൂടിക്കിടന്നു.
അമ്പലമുററത്തെ പൂഴിയില്‍ നടു നിവര്‍ക്കുന്ന ചാവേറുകളെ കണ്ടര് നിര്‍നിമേഷനായി നോക്കി. അവരോര്‍ക്കുന്നതെന്താവും. നാളെ കാത്തിരിക്കുന്ന വീരസ്വര്‍ഗ്ഗത്തേയൊ, ഇന്നലെ വിടയേകിയ പ്രിയപ്പെട്ടവരെയോ.
തപിക്കുന്ന അന്തരീക്ഷത്തില്‍ രാത്രി എരിപൊരികൊണ്ടു.
പിന്നില്‍വന്ന് അമ്മാവന്‍ തോളില്‍ തട്ടി.
''തിരുമേനിയെ യാത്രയാക്കി...ചങ്ങമ്പള്ളിക്കാരന്‍ തുണയുണ്ട്. ബ്രാഹ്‌മത്തില്‍ ഉണരേണ്ടതാണ്. ഇനി കുറച്ച് കണ്ണടക്കുക..''
ഉറക്കമെന്നില്‍ അഴിഞ്ഞു അമ്മാവാ. ഇനി നാവാ ഏറണമെന്ന ചിന്തമാത്രം.
മനസ്സില്‍ പറഞ്ഞു.
പോകാനൊരുങ്ങിയ പുതുമനപണിക്കര്‍ എന്തോ മറന്നപോലെ തിരിഞ്ഞു നിന്നു. പിന്നെ തോളില്‍ പിടിച്ചു കണ്ണില്‍ നോക്കി പതിയെ പറഞ്ഞു.
''ഉണ്ണീ...നീ ഒന്നോര്‍ക്കുക. എനിക്കും കൂട്ടത്തിനും ഇനിയൊരു തിരിച്ചു പോക്കില്ല. നിന്നെ മണിത്തറയേറ്റുകമാത്രമാണ് കടമ. പോലനാടിന്റെയും നെടിയിരിപ്പിന്റെയും കുന്തക്കൂര്‍പ്പുകള്‍ താണ്ടി നിന്നെ അവിടെയെത്തിക്കാന്‍ ഈ അമ്മാവന്‍ ആവതു ചെയ്യാം. അതിനും മുമ്പെ വീണു പോയാല്‍ നീ എനിക്കു പൊറുത്തു തരിക. തിരിഞ്ഞു നോക്കാതെ, മടിച്ചു നില്‍ക്കാതെ മുന്നോട്ടു കുതിച്ച് മാനം കാക്കുക. സാമൂതിരിയുടെ തല വെട്ടി തിരിച്ചുപോയെന്നാകില്‍ വീണകൂട്ടങ്ങളാടിയ കഥകള്‍ നീ വള്ളുവനാടിനോടു പറയുക. അമ്മകാക്കട്ടെ..''
കണ്ടര് ചിരിച്ചു..
''അമ്മാവാ..ഭയമെന്നില്‍ ഒഴിഞ്ഞിരിക്കുന്നു. എന്തെന്നുമേതെന്നുമുള്ള സന്ദേഹങ്ങളുമിനിയില്ല. പുരുഷാരത്തിനു മുന്നിലൂടെ വെട്ടിക്കയറി കുതികൊള്ളണമെന്ന അടക്കമില്ലാത്ത ആഗ്രഹം മാത്രം.''
പുതുമനപ്പണിക്കര്‍ ചരിച്ചെന്നുവരുത്തി ചുമലില്‍ തട്ടി.
പുത്തനത്താണിയില്‍ വിശ്രമിച്ചു പുറപ്പെടും മുമ്പ് അമ്മാവന്‍ അടുത്തു വിളിച്ചു.
''നിനക്കൊരു കൂട്ടം നേര്‍പെങ്ങള്‍ തന്നയച്ചിട്ടുണ്ട്. വാരിക്കര നായനാര്‍ക്കുള്ള ഗുരുദക്ഷിണ. സമക്ഷം വരികയാണെങ്കില്‍ അതു നല്‍കി നമസ്‌കരിക്കുക. ഇല്ലെന്നാകില്‍ നിളയിലൊഴുക്കുക..''
ചീനപ്പട്ടിന്റെ ചീളില്‍തീര്‍ത്ത ചെറിയ കെട്ട് മുറുക്കഴിച്ച് കണ്ടര് തുറന്നു.
തിളക്കമെന്നേ മാഞ്ഞ ഒരു കല്ലുമോതിരം.
്അമ്മ പറഞ്ഞ ഗുരുദക്ഷിണ...!
ഗുരുനാഥന് ഇഷ്ടമാവുമോ ആവോ..
''ഈ മോതിരത്തെ പറ്റി അമ്മ ഇതു വരെ ഒന്നും ചൊല്ലി കേട്ടതുമില്ലല്ലോ അമ്മവാ...''
''വലിയമ്മ പണ്ടു കൊടുത്തതാണ്. നിനക്കു വിരല്‍ പാകമാവുമ്പോള്‍ അണിയിക്കാന്‍.''
അത്ഭുതപ്പെട്ടുപോയി..
പാവം വലിയമ്മ... ഉള്ളില്‍ നിറയെ ഇഷ്ടമായിരുന്നിരിക്കണം. കാണുമ്പോഴെല്ലാം കണ്ണീര്‍ വീഴുന്നത് അതുകൊണ്ടല്ലാതെ വെറെന്ത്.
''ഉണ്ണീ.. ഒന്നു പറയാന്‍ ബാക്കി.'' പണിക്കര്‍ ഗൗരവമണിഞ്ഞു.
''അവരുടെ നാള്‍ കഴിഞ്ഞു ബലിക്കു നാം തിരുന്നെല്ലി പോയ നേരം. പറയേണ്ട എന്നു നിനച്ചതാണ്. പക്ഷെ ഇപ്പോള്‍, നീ അറിയേണ്ടതുണ്ടെന്നു നിശ്ചയമായും തോന്നി.''
അയ്യോ... ആന്തിപ്പോയി..!
പട്ടുചുരുട്ടു മാറ്റി വീണ്ടും സൂക്ഷിച്ചു നോക്കി. നിറം കെട്ടു കിടക്കുന്ന മോതിരം. ഒന്നുതുടച്ചാല്‍ അത് വെട്ടിതിളങ്ങുമായിരിക്കും. മൂടിക്കിടന്ന സ്നേഹത്തിന്റെ തളക്കം ആരറിഞ്ഞു, ആരുകണ്ടു.
വിരലുകള്‍കൊണ്ടതിനെ തലോടി.
ആ മുറിയില്‍ കടക്കുമ്പോഴൊക്കെ രക്ഷപ്പെട്ടു പുറത്തു കടക്കാനെ തോന്നിയിട്ടുള്ളൂ. തൊടുമ്പോഴൊക്കെ വിരല്‍ പിന്‍വലിക്കാനെ വെമ്പിയിട്ടുള്ളൂ. ചാലിട്ടൊഴുകുന്ന കണ്ണീരും തുറന്ന വായും ഒലിച്ചിറങ്ങുന്ന ഉമിനീരും സത്യത്തില്‍ അറപ്പല്ലെ തോന്നിച്ചത്. അവസാനവറ്റുണ്ടനേരത്തു പോലും കാണണമെന്നു തോന്നിയില്ല, ഓര്‍മ്മിച്ചുപോലുമില്ല ! ഭഗവതീ.. പൊറുത്തു തരണെ...
കണ്ണും മനസ്സും കലങ്ങി വിയര്‍പ്പായൊഴുകി.
മഴയുണ്ടാകുമോ..
കണ്ടര് കാറുനിറഞ്ഞ മേലാപ്പിലേക്കു നോക്കി.
്സഹിക്കവയ്യാത്ത ചൂടുണ്ട്.. പക്ഷെ അതാറരുത്. തപിച്ചു തന്നെ നില്‍ക്കണം. ജ്വലിക്കുന്ന ജ്വരത്തില്‍ മുന്നിലുള്ള സര്‍വ്വവും വെണ്ണീറാകണം. മരങ്ങളെ മഥിക്കുന്ന ഈ ചുഴലിക്കെട്ട് മേഘങ്ങളെ ചിതറിതെറിപ്പിച്ച് നിലപാടു നില്‍ക്കട്ടെ.
ഇന്നിനി ഉറക്കമില്ല. കൂറ്റിരുട്ടില്‍ കണ്ണുതറച്ചിരിക്കണം. കരാളതവന്ന് ഉള്ളില്‍ നിറയണം.
ഏതോ അതീതയാമത്തില്‍ അമ്മവന്‍ വന്നു വിളിച്ചു.
വരൂ ഉണ്ണീ, നമുക്കു ചാവേറാം..
നനുത്ത തണുപ്പിന്റെ പുതപ്പഴിച്ച് നിളാതടം ഉണര്‍ന്നിരിക്കുന്നു. ശംഖ് മുഴങ്ങിയപ്പോള്‍ നവയോഗികള്‍ തീര്‍ത്ത നവാമുകുന്ദന്റെ സവിധത്തിലേക്ക് ഓത്തുണ്ണികള്‍ ഉറക്കച്ചടവുമായെത്തി.
കണ്ടര് അത്ഭുതത്തോടെ ചുറ്റും നോക്കി.. നിറഞ്ഞു കവിഞ്ഞ പുഴത്തടം. കണ്ണും കാതും കൗതുകവും നിറയുന്ന മഹാമഹം...!
കിഴക്കനതിരില്‍ ആരുടേയോ ചോരകിനിഞ്ഞു പടരുന്നു.. ചക്രവാളത്തട്ടിലേറാന്‍ പകലോന്‍ കച്ചമുറുക്കിയിറങ്ങിക്കഴിഞ്ഞു.
പുലര്‍ന്ന് കണ്ണുതുറന്നപ്പോള്‍ കൂരിയാലിന്‍ ചുവട്ടില്‍ കണ്ട കാഴ്ച്ച മഹാജനത്തെ ആവേശത്തിലാഴ്ത്തി.
ചാവേറുകള്‍ ചാവേറുകള്‍.. ആര്‍പ്പുവിളിയുയര്‍ന്നു.
ഒരു നാഴികയും കഴിഞ്ഞു നീളുന്ന നടവരമ്പിനപ്പുറം വാകയൂരില്‍ തീര്‍ത്ത ഒരു മണിത്തറയുണ്ട്. അവിടെ അധികാരം തട്ടിപ്പറിച്ച വഞ്ചകനായോരു ഭൂപതി നിലപാടു നില്‍ക്കാനൊരുങ്ങുന്നു. കൊന്നും കൊല്ലിച്ചും ചതിച്ചെടുത്ത പട്ടം. കോപമുള്ളില്‍ ചുരമാന്തി.
വലിയ ആരവം കേട്ടു.. സാമൂതിരിയുടെ ചങ്ങാത്തം പടവിളിക്കുകയാണ്.
നെടിയ നടവരമ്പിനിരുവശത്തും നിന്ന് ആയുധത്തിളക്കത്തിന്റെ പുളപ്പില്‍ അഭ്യാസികള്‍ ആര്‍ത്തുവിളിച്ചു പരിഹസിച്ചു.
''ആണത്തമില്ലാത്ത ആറങ്ങോട്ടപ്പന്റ വളളുവപ്പരിഷകളെ
ചാവിനായോടിവാടാ....''
ആളൊഴിഞ്ഞ കൂരിയാല്‍ തറയിലേക്ക് പുതുമനപ്പണിക്കര്‍ അപ്പോള്‍ അന്തക്കരണം മറിഞ്ഞെത്തി.
നടവരമ്പിലേക്കൊരു നെടിയവാള്‍ മറുപടിയായി നീണ്ടു..
''ചോരയും പിണ്ഡവും നാവായില്‍ വിളമ്പാതെ വാകയൂരില്‍ കെട്ടിപ്പൊക്കിയ തട്ടില്‍ കയറി ഒടിഞ്ഞ വാളിളക്കി (3) ശിരസ്സുയര്‍ത്താമെന്ന വ്യാമോഹമുണ്ടോ മൂഢരെ നിങ്ങളുടെ അരചന്. തട്ടിപ്പറച്ചതൊക്കെയും കണക്കെണ്ണിചോദിക്കാനാണ് കുടിപ്പകയുമായി ഞങ്ങളിങ്ങെത്തിയത്. അടിമക്കൊടി വെച്ചു റാന്‍ വിളിക്കുന്ന ജളരെ മാത്രം കണ്ടുകണ്ണുകഴച്ച അടിമകളേ.. തിരുമാനാംകുന്നിലമ്മയുടെ നാമവും സ്വരൂപവും മൊഴിയും വഴികളും പ്രാണനില്‍ കരുതിയ വളളുവനാടിന്റെ വീര്യമിന്നു കാണുക.''
പുതമനപ്പണിക്കര്‍ മറുപടി ചൊല്ലിയപ്പോള്‍ ചാവേറുകള്‍ വാളുയര്‍ത്തി അലറി..
''അരിഞ്ഞുതള്ളാന്‍ വരുന്നിതാ...''.
''വായലക്കാതെ വന്നു ചാവെടാ പരിഷകളേ...''
നടവരമ്പു കാവല്‍ക്കാര്‍ വീണ്ടും പരിഹാസിച്ചാര്‍ത്തു.
''നാലഞ്ചെണ്ണവും നാല്‍പ്പതിനായിരം മുഴം നാവും...
കുന്നലക്കോന്റെ പടയോടു പൊരുതാന്‍ വന്ന കൊശവന്‍മാര്‍..''
''നിന്റെ പത്തും പതിനായിരവും ചിതറുന്നതു കാണാമിപ്പോള്‍...''
കണ്ടര് വിളിച്ചുകൂവി.
അകലെ കൂട്ടുകതിനപൊട്ടി. അഴിമുഖത്ത് നിര്‍ത്തിയ ആന പൊന്നണിഞ്ഞു .
പരിശ മറച്ച്, വാളേറ്റി, ചാവേറുകള്‍ വരാഹവ്യൂഹം ചമച്ചു.
വ്യൂഹത്തില്‍ പൊതിഞ്ഞു നിന്ന കണ്ടരിനോടും പുറം കാക്കുന്ന ചാവേറുകളോടും പുതിമനപ്പണിക്കര്‍ പറഞ്ഞു..
''കൂട്ടരെ, നാം പിറന്നതും പയറ്റിയതൊക്കെയും ഈ നിമഷങ്ങള്‍ക്കു വേണ്ടിമാത്രം. കോപവും കുടിപ്പകയും ഉരുക്കഴിച്ച് താളത്തില്‍ വെട്ടി വെട്ടിക്കയറുക. മണിത്തറയില്‍ ഈ ബാലനെയേറ്റുകയെന്നതൊന്നു മാത്രമാകണം ലക്ഷ്യം.. അതിനിടയില്‍, വീണുപോകുന്ന ബന്ധുക്കളെ, വീരസ്വര്‍ഗ്ഗത്തില്‍ നമുക്കിന്നു സന്ധ്യക്ക് ദീപോല്‍സവം...''
''ഓഹഹഹോഹ...''
ചാവേറുകള്‍ കലിവിറകയറി ആര്‍ത്തു.
''വാള്‍ സാമൂരിക്ക്....''
അധീശത്വം പെരുനിലനില്‍ക്കുന്ന വിധിയുടെ നെടുവരമ്പിലേക്ക് ചാവേറുകള്‍ പാഞ്ഞുകറി
തുടരും
1. തുളുനാട്ടില്‍ നിന്നു സാമൂതിരി കൊണ്ടു വന്ന അഭ്യാസികളായ വൈദ്യകുടുംബം. ശ്ത്രുവിനെ ചികിത്സിച്ച ഇവരെ സാമൂതിരി ഭ്രഷ്ടരാക്കിയെന്നു കഥ. തുളുബ്രാഹമണരായ ചങ്ങമ്പള്ളിക്കാര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു കൈവഴികളായി പിരിഞ്ഞു വൈദ്യ ചികിത്സ നടത്തി പോന്നു. ചങ്ങമ്പള്ളി കളരി ഇന്ന് ചരിത്രസ്മാരകമായി തിരുനാവായിലുണ്ട്.
2. പന്നിയൂര്‍ ശുകപുരം കൂറുമത്സരത്തില്‍ കേരളത്തിലെ നാടുവാഴികളും പങ്കുകൊണ്ടിരുന്നു. വള്ളുവനാട് ചൊവ്വരക്കൂറും(ശുകപുരം) സാമൂതിരി പന്നിയൂര്‍ കൂറുകാരനുമായിരുന്നു.
3. ചേരമാന്‍ പെരുമാളിന്റെ വാള്‍.
Content Highlights: 'Kulavan' malayalam novel chapter
Published: 17 Nov 2025, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented