
പലസ്തീന് ഐക്യദാര്ഢ്യകവിതയുമായി ഡോ, കെ.ടി ജലീല്‍. 'ഗസ്സേ കേരളമുണ്ട് കൂടെ' എന്ന കവിതയാണ് കെ.ടി ജലീല്‍ തന്റെ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. ‘ഇസ്രയേല്‍ ചെകുത്താന്റെ ക്രൗര്യത്തോടെ ഗാസയ്ക്കുമേല്‍ തീക്കാറ്റുവീശി നാശം വിതയ്ക്കുന്ന’തായും ‘ഗാസയുടെ കരള്‍ പറിച്ച് നെതന്യാഹു പിശാചിനെപ്പോലെ നെതന്യാഹു അലറുന്നു’വെന്നും കെ.ടി ജലീല്‍ എഴുതുന്നു. കേരളം ഗാസയ്ക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുന്ന കവിത സംഘപരിവാറിനെയും പ്രത്യക്ഷത്തില്‍ വിമര്‍ശിക്കുന്നുണ്ട്..
കെ.ടി ജലീലിന്റെ കവിതയുടെ പൂര്‍ണരൂപം...
കൊല്ലപ്പെടുന്നവർക്കറിയില്ല,
എന്തിനാണ് കൊല്ലപ്പെടുന്നതെന്ന്!
വധിക്കുന്നവർക്കറിയില്ല,
എന്തിനാണ് വധിക്കുന്നതെന്ന്!
പാതി വെന്ത മനുഷ്യമാംസത്തിൻ്റെ
ഗന്ധമാണ്,
ഗസ്സയുടെ ആകാശം മുഴുവന്‍!
കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ
മണമാണ്,
ഗസ്സയുടെ തെരുവുകളിലെല്ലാം!
ഗസ്സയിൽ ഉയരുന്ന ആർത്തനാദം കേട്ട്,
കരയാത്ത കണ്ണുകൾ കാണില്ലെവിടെയും!
തീഗോളങ്ങൾ ഗസ്സയുടെ മാറിൽ പതിച്ച്,
ഘോര ശബ്ദത്താൽ പൊട്ടിത്തെറിക്കുന്നു!
ഗസ്സയുടെ യശസ്സുയർത്തി നിന്ന മന്ദിരങ്ങൾ, ഒന്നൊന്നായ് നിലംപൊത്തി വീഴുന്നു!
മാനംമുട്ടെ ഉയരുന്ന അഗ്നിമലകൾ,
ഗസ്സയെ നക്കിത്തുടച്ച് വെണ്ണീറാക്കുന്നു!
അതി സുന്ദരിയായ് ശിരസ്സുയർത്തിയ ഗസ്സ,
വെറുമൊരു അസ്ഥിപഞ്ജരമായിരിക്കുന്നു!
ലക്ഷോപലക്ഷങ്ങൾ രാപ്പാർത്ത ഗസ്സ, വിഹ്വലതയിൽ വിറങ്ങലിച്ച് നിൽക്കുന്നു! ചെകുത്താൻ്റെ ക്രൗര്യത്തോടെ ഇസ്രയേൽ,
ഗസ്സക്കുമേൽ തീക്കാറ്റ് വീശി നാശം വിതച്ചു!
ഗസ്സയുടെ കരൾ പറിച്ച് ചവച്ച് തുപ്പി
പിശാചിനെപ്പോൽ നെതന്യാഹു അലറി!
പിഞ്ചു പൈതങ്ങളും കുട്ടികളും സ്ത്രീകളും, ഗസ്സയുടെ മണ്ണിനെ
ദ്രക്തത്തിൽ ചാലിച്ചു!
പിടയുന്ന കുഞ്ഞുങ്ങളും ചിതറിത്തെറിച്ച
ചോരയും,
ഗസ്സയെ ശവപ്പറമ്പാക്കി!
തെമ്മാടി രാജ്യമെന്ന് കേരള മുഖ്യൻ വിളിച്ച
ഇസ്റയേൽ,
ഗസ്സയെ നക്കിത്തുടച്ചു!
ഗസ്സാ നിൻ നിലവിളി കേട്ട് മനമുരുകുന്നു!
ഗസ്സാ നിൻ കണ്ണീർ ഹൃദയം തകർക്കുന്നു!
ഗസ്സാ നിൻ രൂപം കരൾ പിളർത്തുന്നു!
ഗസ്സാ നിൻ നിസ്സഹായത മനസ്സുലക്കുന്നു!
ഗസ്സാ നിൻ പരിമിതി മനുഷ്യരെ മഥിക്കുന്നു!
ഗസ്സാ നിന്നോടു കൂടാൻ മനസ്സ് വെമ്പുന്നു!
ഗസ്സാ നിന്നോട് ചേരാൻ ഹൃദയം തുടിക്കുന്നു!
ഗസ്സാ നിന്നോട് മാനവർ ഐക്യപ്പെടുന്നു!
ഗസ്സാ നിന്നോടിടതുചേരി ഇഴുകിച്ചേരുന്നു!
ഗസ്സാ നിന്നോട് കേരളം നമസ്കരിക്കുന്നു!
ഗസ്സേ മലയാളമക്കൾ നിന്നോടൊപ്പമുണ്ട്!
തെരുവിൽ കോളേജിൽ സ്കൂളിലെല്ലാം,
നിനക്കായവർ ശബ്ദമുയർത്തുന്നു!
അതു സഹിക്കാൻ സംഘികൾക്കാവുന്നില്ല
അവർ അപശബ്ദങ്ങൾ ഉതിർക്കുന്നു!
അതിനൊന്നും വഴങ്ങുന്ന സർക്കാരല്ല, ഇവിടെ ഈ കേരളം ഭരിക്കുന്നത്! പിണറായി തേര് തെളിക്കുന്ന കേരളം,
എപ്പോഴുമെപ്പോഴും കൂടെയുണ്ട് ഗസ്സേ!
ഗസ്സേ നീയാണ് സത്യം! സത്യമേവ ജയതേ!
Published: 06 Oct 2025, 11:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented