മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്ന സ്ത്രീകള്‍ തുടര്‍ക്കഥകളാവുകയാണ് കേരളത്തില്‍. പുരോഗമനകേരളം എന്ന് വലിയ വായില്‍ വിശേഷിപ്പിക്കപ്പെടുമ്പോഴും കുടുംബം എന്ന വ്യവസ്ഥിതിയില്‍ സ്ത്രീയുടെ അരക്ഷിതത്വമാണ് ആത്മഹത്യയ്‌ക്കൊരുങ്ങുമ്പോള്‍ മക്കളെയും അവര്‍ ഒപ്പം കൂട്ടുന്നത്. എന്താണ് മരണം എന്ന് കൂട്ടിവായിക്കാന്‍ പോലും പ്രായമാകാത്ത കുഞ്ഞുങ്ങളെ താന്‍ ഇത്രയുംകാലമായി അനുഭവിച്ചുവരുന്ന അരക്ഷിതാവസ്ഥയില്‍ തനിച്ചാക്കാന്‍ അമ്മമാര്‍ തയ്യാറാവാതെ കൂട്ടമരണം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഒറ്റപ്പെട്ട സംഭവമായി എഴുതിത്തള്ളാന്‍ കഴിയാത്തവണ്ണം ആത്മഹത്യകള്‍ ആവര്‍ത്തിക്കുമ്പോള്‍ കേരളത്തിന്റെ സാമൂഹിക-കുടുംബാംന്തരീക്ഷത്തെപ്പറ്റിയും കൂട്ട ആത്മഹത്യകള്‍ ഉണ്ടാകുന്ന വിധത്തെപ്പറ്റിയും മുതിര്‍ന്ന എഴുത്തുകാരായ വൈശാഖന്‍, കെ. രേഖ, ഡോ. മിനി പ്രസാദ്, സി.എസ് ചന്ദ്രിക എന്നിവര്‍ പ്രതികരിക്കുന്നു. 

To advertise here,

പുരുഷന്‍ സ്വയം പരാജയപ്പെടുന്നത് അറിയാതെ പോവുന്നു.- വൈശാഖന്‍

placeholder
വൈശാഖന്‍

ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ പെരുമാറ്റ രീതികള്‍ കൊണ്ട് അമ്മയും മക്കളുമാണ് ആത്മഹത്യ ചെയ്യുന്നത്. തീകൊളുത്തിയും ആറ്റില്‍ച്ചാടിയും തീവണ്ടിപ്പാളങ്ങളില്‍ അരഞ്ഞുംപോകുന്ന ജീവിതങ്ങള്‍. വളരെയധികം സങ്കടമുണ്ടാക്കുന്നുണ്ട് ഇത്തരം ആത്മഹത്യകള്‍. സാമൂഹ്യശാസ്ത്രജ്ഞര്‍ ഇതൊരു ഗവേഷണവിഷയമായെടുത്ത് ആഴത്തില്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. 

മുമ്പ് നമ്മള്‍ ഉപഭോഗസംസ്‌കാരം എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോഴത് ആര്‍ത്തി സംസ്‌കാരമായിരിക്കുന്നു. അണുകുടുംബങ്ങളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉണ്ടാവുന്നുവെന്ന് ആദ്യം നമ്മള്‍ കരുതിയിരുന്നത് തെറ്റാണ്. അണുകുടുംബങ്ങളിലെ അമ്മമാരാണ് കുഞ്ഞുങ്ങളെയും കൊണ്ട് ആത്മഹത്യ 
ചെയ്തതായി കാണാന്‍ കഴിയുന്നത്. 

പുരുഷന്മാര്‍ ഈ കാലത്തിനനുസരിച്ചുള്ള സമത്വചിന്തയിലേക്ക് ഇനിയും വന്നിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഉള്ളിന്റെ ഉള്ളില്‍ യാഥാസ്ഥിതിക പുരുഷമേധാവിത്തം ഒളിഞ്ഞിരിക്കുന്നു. ചില സന്ദര്‍ഭത്തില്‍ അത് പത്തിവിടര്‍ത്തുന്നു. അനുഭവിക്കാന്‍ നിയോഗിക്കപ്പെടുന്നതാവട്ടെ സ്ത്രീ മാത്രമാണ്. കുടുംബത്തിനകത്തെ പ്രശ്‌നങ്ങള്‍ ആരോടും പറയാനില്ല എന്ന അവസ്ഥയിലാണ് പലപ്പോഴും സ്ത്രീകള്‍ എത്തിപ്പെടുന്നത്. വിവാഹശേഷം സ്വന്തം വീട്ടിലും വിരുന്നുകാരിയാവുന്ന സ്ത്രീയുടെ അവസ്ഥ പരിതാപകരമാണ്. 

പരിപൂര്‍ണ നിസ്സഹായതയിലേക്ക് പോകുമ്പോഴാണ് മനുഷ്യര്‍ ആത്മഹത്യ തിരഞ്ഞെടുക്കുന്നത്. ജീവിതം അവസാനിപ്പിക്കുമ്പോഴും സ്ത്രീ, അമ്മ എന്ന 
നിലയില്‍ ഉത്തരവാദിത്തമുള്ളവളായി മാറേണ്ടി വരുന്ന സങ്കടകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. താന്‍ ജീവിച്ചിരിക്കാത്ത സമൂഹത്തില്‍ കുഞ്ഞുങ്ങള്‍ എത്രത്തോളം സുരക്ഷിതരായിരിക്കുമെന്ന ഭീതിയാണ് മക്കളെയും മരണത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ അമ്മമാരെ പ്രേരിപ്പിക്കുന്നത്. ഇതിനൊരു അറുതി വരുത്തണമെങ്കില്‍ ആദ്യം വേണ്ടത് പുരുഷന്മാര്‍ മാറി ചിന്തിക്കാന്‍ തയ്യാറാവുക എന്നതാണ്. ജീവിതപങ്കാളി കുഞ്ഞുങ്ങളെയും കൂട്ടി ആത്മഹത്യയില്‍ അഭയം കണ്ടെത്തുമ്പോള്‍ പുരുഷന്‍ സ്വയം പരാജയപ്പെടുന്നത് അറിയാതെ പോവുകയാണ്. കുഞ്ഞുങ്ങളോടുള്ള കരുതല്‍ കൊണ്ട് അവരുടെ ജീവിതവും അവസാനിപ്പിക്കേണ്ടി വരുമ്പോള്‍ ഒരമ്മയുടെ മനസ്സ് എത്ര വേദനിച്ചിരിക്കും, അവര്‍ ജീവിതത്തില്‍ നിന്നും എത്രയേറെ അകലം പോയിട്ടുണ്ടാവുമെന്ന് ഓര്‍ക്കണം നമ്മള്‍. 

പരസ്പരധാരണയാണ് ഒരു കുടുംബജീവിതത്തിന്റെ അച്ചുതണ്ടായി പ്രവര്‍ത്തിക്കേണ്ടത്. സ്‌നേഹരാഹിത്യവും പരസ്പരധാരണയില്ലായ്മയും ഒറ്റപ്പെടുത്തുന്നത് സ്ത്രീകളെയാണ്. ആ സ്ഥിതിക്ക് മാറ്റം വരേണ്ടതുണ്ട്. സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഈ പ്രശ്‌നം വളരെ ഗൗരവമായിക്കണ്ട് പരിഹാരം നിര്‍ദ്ദേശിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ടോള്‍സ്‌റ്റോയി 'അന്ന കരേനിന'യില്‍ പറഞ്ഞതുപോലെ 'എല്ലാ സന്തുഷ്ടകുടുംബവും സമാനമായിരിക്കും, ഓരോ അസന്തുഷ്ടകുടുംബവും അവരുടേതായ രീതിയില്‍ അസന്തുഷ്ടരായിരിക്കും' എന്ന തത്വം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. കേരളം ഇത്രനാള്‍ കൊണ്ട് ആര്‍ജിച്ചെടുത്ത വികസനങ്ങളും പുരോഗതികളും മനുഷ്യരെ സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പ്രാപ്തമാക്കിയിട്ടുള്ളതാണ്. ഒന്നിച്ചുപോകാന്‍ പറ്റാത്തവര്‍ക്ക് തനിച്ചുജീവിക്കാനുള്ള മാനസിക- ഭൗതിക സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. കുടുംബത്തില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് കൗണ്‍സിലിങ് നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ ജനാധിപത്യമര്യാദ കൂടിയാണ്. 

കൂട്ടാത്മഹത്യകളില്‍ ഒരു വല്ലാത്ത നിലവിളിയും നിസ്സഹായതയുമുണ്ട്. - കെ. രേഖ

placeholder
കെ. രേഖ

കേരളത്തിന്റെ മനസ്സില്‍ വലിയൊരു സംഘര്‍ഷം നടക്കുന്നുണ്ട്. ഒരുവശത്ത് സ്ത്രീയുടെ തുല്യനീതിയെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ബോധ്യമുളള ഒരു വിഭാഗം. സമാന്തരമായി പരമ്പരാഗത മൂല്യങ്ങളിലും വിശ്വാസങ്ങളിലും സ്വാഭാവികമായി നീങ്ങുന്ന ഒരു വിഭാഗം. രണ്ടു വിഭാഗങ്ങളിലും ഇരുളും വെളിച്ചവും ഉണ്ട്. കടുത്ത രാഷ്ട്രീയ നിലപാടുകള്‍ മൂലം മനുഷ്യര്‍ക്കിടയിലെ നൈസര്‍ഗികമായ സ്‌നേഹവും നന്മയും അനുഭവിക്കാന്‍ സാധിക്കാതെ പോകുന്നു എന്നതാണ് ആദ്യത്തെ കൂട്ടരുടെ പ്രശ്‌നം. സ്ത്രീ പുരുഷന്റെ അടിമയാണെന്നും രണ്ടാം തരം പൗരത്വമേ അവള്‍ക്കുളളൂ എന്നും മദ്യപിച്ചും അല്ലാതെയും അവളെ തൊഴിക്കാനും ചവിട്ടാനും അധികാരമുണ്ടെന്നു കരുതുന്ന പുരുഷാധിപത്യത്തിന്റെ കുടക്കീഴിലാണ് മറുവിഭാഗം. പുതുതലമുറയിലും ഇങ്ങനെ ചവിട്ടിത്തേയ്ക്കപ്പെടുന്ന പെണ്‍കുട്ടികളുണ്ടെന്ന് ശമ്പളം പോലും പ്രിയപുരുഷനു കാഴ്ചവയ്ക്കുന്ന പെണ്‍ കഥകളിലൂടെ  നാം തിരിച്ചറിയുന്നു. 

കൂട്ടാത്മഹത്യകളില്‍ ഒരു വല്ലാത്ത നിലവിളിയും നിസ്സഹായതയുമുണ്ട്. പക്ഷേ കുഞ്ഞുങ്ങളെക്കൂടി ഒപ്പം കൂട്ടിയുള്ള ആത്മഹത്യകള്‍ അങ്ങേയറ്റം ക്രൂരമാണ്. അവരുടെ ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള നീതി നിഷേധമാണ്.

'ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട് ഞാന്‍ വാങ്ങിടും' എന്ന വാശിയോടെ പൊരുതുകയായിരുന്നു വേണ്ടത്. അങ്ങനെ പൊരുതിയ എത്രയോ മനുഷ്യരുടെ വിജയകഥകള്‍ നാം കേട്ടറിഞ്ഞിരിക്കുന്നു. ലോകം മുഴുവന്‍ ഇരുട്ടാണെന്നും ഇനിയൊരു പ്രതീക്ഷയുമില്ലെന്നും നമ്മുടെ മേല്‍ വിധിയെഴുതാന്‍ ആരാണ് നമ്മെ അധികാരപ്പെടുത്തുന്നത്? ആ ശിക്ഷാവിധി ഏറ്റവും ക്രൂരമാണ്. രോഗവും പീഡകളുമായി അര പ്രാണനുമായി  ജീവിക്കുന്ന എത്രയോ എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ട് അപ്പോള്‍ സമ്പൂര്‍ണ്ണ ആരോഗ്യമുളളവര്‍ മരണത്തിലേക്ക് എടുത്തുചാടുന്നത് - അതും ഉറക്കച്ചടവു മാറാത്ത പിഞ്ചുകുഞ്ഞുങ്ങളുമായി - ഒരു കാരണവശാലും നീതീകരിക്കാനാവില്ല.

 കേരളത്തിലെ പ്രശസ്തമായ ഒരു ബ്രാന്‍ഡ് ഉടമയായ കോടീശ്വരന്‍ അദ്ദേഹത്തിന്റെ അനുഭവ കഥയില്‍ പറയുന്നുണ്ട്. പലപല കച്ചവടങ്ങള്‍ ചെയ്തു പരാജയപ്പെട്ട് ഒടുവില്‍ ആത്മഹത്യ ചെയ്യാനായി ഗുരുവായൂരില്‍ മുറിയെടുത്ത് ഫാനില്‍ കുരുക്കിട്ട ശേഷം പെട്ടെന്ന്  വീണ്ടുവിചാരം ഉണ്ടായി-ഒരുവട്ടം കൂടി ഒന്ന് ശ്രമിച്ചാലോ - എന്ന്. ആത്മഹത്യാക്കുരുക്കില്‍നിന്നു മടങ്ങിയെത്തി അദ്ദേഹം തുടങ്ങിയ ബ്രാന്‍ഡ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായി മാറി. അയാള്‍ വിജയിയായ ബിസിനസുകാരനും. 

 ചില വീണ്ടുവിചാരങ്ങള്‍ നമ്മെ ജീവിതത്തിലേക്ക് മാത്രമല്ല വലിയ വിജയങ്ങളിലേക്കും തിരിച്ചുകൊണ്ടുവരും. നിസ്സഹായരും മുറിവേറ്റവരും ഉപേക്ഷിക്കപ്പെട്ടവരും മരിക്കാന്‍ തുടങ്ങിയാല്‍ ഈ ലോകം തന്നെ ശൂന്യമാകും.  ഇതു നിരാശയുടെ ലോകം മാത്രമല്ല; സാധ്യതകളുടേതുമാണ്.

കുഞ്ഞുനാളിലേ ലഭിക്കുന്നത് ആരെയും ഒന്നും അറിയിക്കാതിരിക്കാനുള്ള പരിശീലനം- ഡോ. മിനി പ്രസാദ്‌

placeholder
ഡോ. മിനി പ്രസാദ്

പുരുഷാധിപത്യം കൊടികുത്തി വാഴുന്ന കുടുംബസംവിധാനങ്ങളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സാക്ഷര സുന്ദര കേരളത്തില്‍ നിലനില്‍ക്കുന്നത്. ഒട്ടും സന്തോഷത്തോടെയല്ല ഇങ്ങനെ പറയേണ്ടി വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നടന്ന അതിക്രൂരമായ മരണങ്ങള്‍ തെളിയിക്കുന്നത് അതാണ്. ജീവിതം മടുത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുമ്പോള്‍ പിഞ്ചുമക്കളെയും ഒപ്പം കൂട്ടാന്‍ തീരുമാനിക്കുന്നത് അവരനുഭവിച്ച ജീവിതം അത്രയേറെ കയ്‌പേറിയതിനാലാണ്. താന്‍ ജീവിച്ചുതീര്‍ത്ത നരകം ഇനി തന്റെ കുഞ്ഞുമക്കള്‍ക്കും വേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമാണ്. ആരോടും ഒന്നുംപറഞ്ഞില്ല എന്നാണ് ഒരു ആത്മഹത്യയെപ്പറ്റി വരുന്ന ആദ്യപ്രതികരണം. ആരോടും തുറന്ന് സംവദിക്കാന്‍ പറ്റിയ അന്തരീക്ഷം പൊതുവായി നമ്മുടെ നാട്ടില്‍ ഇല്ല. തുറന്നുപറയുന്നവരെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരുമാണ് കേരളീയസമൂഹം. 

മലയാളികള്‍ പൊതുവേ ചുമന്നുകൊണ്ടുനടക്കുന്ന ഒന്നാണ് മിഥ്യാഭിമാനം. ആ അഭിമാനമുള്ളതിനാല്‍ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കണമെന്നും ആരും ഒന്നും അറിയരുതെന്നുമുള്ള പരിശീലനമാണ് കുഞ്ഞുനാളുമുതല്‍ ഓരോ പെണ്‍കുട്ടിക്കും കിട്ടുന്നത്. എത്രമാത്രം നിശ്ശബ്ദയാണോ അത്രയും കുടുംബത്തിനു പറ്റിയവളാകുന്നു അവള്‍. 
വിവാഹങ്ങള്‍ തനി കച്ചവടങ്ങളാണ് എന്ന് തെളിയിക്കുന്നവയാണ് ഈ സംഭവങ്ങളെല്ലാം. നിറത്തിന്റെയും പണത്തിന്റെയും പേരില്‍ സ്ത്രീകള്‍ വിവാഹത്തിനുശേഷം എത്രവര്‍ഷം കഴിഞ്ഞാലും നിരന്തരം പീഡനം ഏല്‍ക്കുന്നു. ഭര്‍തൃവീട്ടില്‍ നിന്ന് സ്വന്തം വീട്ടില്‍ എത്തുമ്പോഴാണ വിവാഹശേഷം സ്വന്തം വീട് ഇല്ലാതെയാവുന്നു എന്നറിയുന്നത്. മക്കളുമൊത്ത് ഷൈനി സ്വന്തം വീട്ടില്‍ നിന്നുതന്നെയാണ് മരണത്തിലേക്ക് നടന്നുപോയത്. 

ഈ പ്രശ്‌നങ്ങളുടെയൊന്നും യഥാര്‍ഥകാരണങ്ങള്‍ ആര്‍ക്കും അറിയില്ല. സോഷ്യല്‍മീഡിയയിലെ മസാല ചേര്‍ത്ത കഥകള്‍ മാത്രമാണ് ഈ സംഭവങ്ങളെപ്പറ്റി പൊതുസമൂഹത്തിന്റെ ധാരണ. അതുകൊണ്ട് ആദ്യമായി വേണ്ടത് ഈ മരണങ്ങള്‍ക്കുപിന്നിലെ പ്രേരകശക്തികളെ കണ്ടെത്തി നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുകയാണ്. പിന്നെ മാതാപിതാക്കളോട്, വിവാഹിതരായ പെണ്‍മക്കള്‍ എങ്ങനെ ജീവിക്കുന്നു എന്ന് ദുരഭിമാനം മറന്ന് അന്വേഷിക്കുവാന്‍ തയ്യാറാവുക. അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കുക. സമൂഹത്തെ ഭയക്കാതിരിക്കുക. 

സ്‌ക്വാഡ് വര്‍ക്ക് നടത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തം- സി.എസ് ചന്ദ്രിക

placeholder
സി.എസ് ചന്ദ്രിക

കേരളത്തിലെ സ്ത്രീകള്‍ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ നിരന്തരം പത്രമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുകയാണ്. വളരെ ജാഗ്രതയോടു കൂടി ഇത്തരം സംഭവങ്ങളെ നമ്മള്‍ കാണേണ്ടതുണ്ട്. വീടിനകത്തുനിന്നും നേരിടേണ്ടി വരുന്ന അക്രമം, സാമ്പത്തിക പരാശ്രയത്വം, പരമാവധിയായിട്ടുള്ള സഹനം, സ്വാതന്ത്ര്യമില്ലായ്മ, അക്രമം നേരിടുന്ന സ്ത്രീകള്‍ക്ക് സ്വന്തം വീട്ടില്‍ നിന്നോ, സാമൂഹികമായോ പിന്തുണ ലഭിക്കായ്ക തുടങ്ങി അനേകം കാരണങ്ങളുടെ ആകെത്തുകയാണ് ഇത്തരം മരണപ്പെടലുകള്‍. 

ആത്മഹത്യയിലേക്ക് എത്തിച്ചേരുന്ന അവസ്ഥയ ഉണ്ടാവാതെ, പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ തന്നെ അത് തിരിച്ചറിയാനുള്ള സ്‌ക്വാഡ് വര്‍ക്ക് നടത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. പഞ്ചായത്ത്‌മെമ്പര്‍മാര്‍, കുടുംബശ്രീ, അങ്കണവാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ജാഗ്രതാസമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എല്ലാ പഞ്ചായത്തിലും ജാഗ്രതാസമിതികള്‍ ഉണ്ടെന്നും പറയപ്പെടുന്നു. പക്ഷേ അവയൊന്നും കാര്യക്ഷത പുലര്‍ത്തുന്നില്ല എന്നാണ് കൂട്ട ആത്മഹത്യകളുടെ തുടര്‍ക്കഥകള്‍ സൂചിപ്പിക്കുന്നത്. 

സ്ത്രീ മാനസികമായും ശാരീരികമായും നേരിടുന്ന ജീവിതാവസ്ഥയെക്കുറിച്ച് തുറന്നുപറയാനും അത് ഡോക്യുമെന്റ് ചെയ്യപ്പെടാനും ഫോള് അപ്പുകള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ഉണ്ടായിരിക്കണം. ജീവിക്കുന്ന ചുറ്റുപാടില്‍ സുരക്ഷിതത്വമില്ലെങ്കില്‍, സ്വന്തം വീട്ടില്‍ നിന്നും സ്വത്ത് ലഭിക്കുന്നില്ലെങ്കില്‍, അര്‍ഹതപ്പെട്ട ഇടം നേടിക്കൊടുക്കുന്നതില്‍ ജാഗ്രതാസമിതികള്‍ കാര്യക്ഷമമാകണം. ഇതെല്ലാം പൗരാവകാശങ്ങളാണ്. 

നമ്മുടെ നാട്ടില്‍ പരമ്പരാഗതമായിട്ടുള്ള ഒരു സംഗതിയാണ് വിവാഹം കഴിഞ്ഞാല്‍പിന്നെ ഭാര്യ, അമ്മ എന്ന നിലയിലല്ലാതെ പൗര എന്ന നിലയിലുള്ള സമ്പൂര്‍ണമായ സ്വാതന്ത്ര്യമോ, അവകാശമോ ലഭിക്കുന്നില്ല എന്നത്. സമൂഹത്തിലെയും കുടുംബത്തിലെയും ജനാധിപത്യരാഹിത്യമാണ് ഇത് തുറന്നുകാണിക്കുന്നത്. സ്ത്രീകള്‍ മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യുന്നത് തടയാന്‍ സ്ത്രീകളും പുരുഷന്മാരും യുവജനങ്ങളും അടങ്ങുന്ന സ്‌ക്വാഡ് ഓരോ പഞ്ചായത്തും കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിയും രൂപകരിച്ച് ഓരോ കുടുംബത്തിലെയും പ്രശ്‌നങ്ങളില്‍ ഇടപെടണം. അക്രമാസക്തരായ പുരുഷന്മാരെ, പ്രകോപിപ്പിക്കുന്ന കുടുംബാംഗങ്ങളെ സമൂഹത്തിനുമുന്നില്‍ കൊണ്ടുവരണം. 

മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കുപുറമേ തന്നെ, ഇതൊന്നുമില്ലാതെ തന്നെ ചെറിയ കാര്യങ്ങള്‍ക്കുപോലും പ്രകോപിതനായി സ്ത്രീകള്‍ക്കുനേരെ അക്രമം നടത്തുന്ന പുരുഷന്മാരുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തവര്‍ അക്രമത്തിനിരയാവുകയാണ് പതിവ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാത്ത സമൂഹത്തില്‍ വേറെ എന്തുവികസനപ്രവര്‍ത്തനവും നടത്തിയിട്ട് കാര്യമില്ല. തൊഴിലുകിട്ടാതെയാവുമ്പോള്‍, നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍, ഭര്‍തൃകുടുംബത്തില്‍ നിന്നും ഇറക്കിവിടുമ്പോള്‍ മക്കളെയും കൂട്ടി ജീവിതമവസാനിപ്പിക്കുന്ന സ്ത്രീകളെ നോക്കി വിലപിക്കുകയല്ല വേണ്ടത്, ഇത് തടയാനുള്ള പ്ലാന്‍ ഓഫ് ആക്ഷന്‍ സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുകയാണ് ചെയ്യേണ്ടത്.