മനുഷ്യരെക്കുറിച്ചും സമൂഹത്തെക്കുറിച്ചും വേര്‍തിരിവുകളെക്കുറിച്ചും വകതിരിവില്ലാത്ത കാലമാണ് നമ്മുടെയല്ലാം സ്‌കൂള്‍കാലം. ആരൊക്കെയോ പറഞ്ഞുകേട്ട 'തൊട്ടുകൂടായ്മകള്‍' ഉള്ളില്‍പേറി നടക്കുന്ന കാലം. അധ്യാപകരുടെ ശിക്ഷകളില്‍ പലപ്പോഴും പെണ്‍കുട്ടിയെ ആണ്‍കുട്ടികളുടെ ബെഞ്ചിലിരുത്തുന്നതും ഓരോ ക്ലാസിലും ഏറ്റവും വൃത്തിയില്ലാതെ വരാന്‍ വിധിക്കപ്പെട്ട കുട്ടിയുടെ അടുത്തിരുത്തുന്നതുമൊക്കെയാവുന്ന കാലം. ഒറ്റപ്പെട്ടുപോയ കുട്ടിയെ കൂടുതല്‍ ഒറ്റപ്പെടുത്തലിലേക്ക് നയിക്കുന്ന ഇത്തരത്തിലൊരു ശിക്ഷയുടെ ഓര്‍മയെക്കുറിച്ച് വി.കെ ദീപ എഴുതുന്നു.
'നിന്നെ നേരെയാക്കാന്‍ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ. നീയിനി മിനിയുടെ അടുത്ത് ഇരുന്നാല്‍ മതി.' നാലാം ക്ലാസില്‍ വെച്ചാണ് എന്റെ പൊട്ടിപ്പൊരിച്ചിലിന് ഒരു അടക്കം വെക്കാന്‍ മാഷ് തീരുമാനിച്ചത്.
ഞാന്‍ തകര്‍ന്നു പോയി. നാല് തല്ല് കിട്ടിയാലും ക്ലാസിന് പുറത്താക്കിയാലും ഞാന്‍ പുഷ്പം പോലെ സഹിച്ചേനെ.
പക്ഷേ മിനിയുടെ അടുത്ത് ഇരിക്കാനുള്ള ശിക്ഷ വിധിച്ചതോടെ ഞാന്‍ തളര്‍ന്നു.
'ഇനി ഞാനൊന്നും കാട്ടൂല. നല്ലോണം പഠിച്ചോണ്ട്.' ഞാന്‍ മാഷോട് കെഞ്ചി.
മാഷ് അയഞ്ഞില്ല. മറ്റു കുട്ടികള്‍ ശിക്ഷ കേട്ട് വാ പൊത്തി ചിരിച്ചു.
കൂട്ടത്തില്‍ മിനിയും...
മിനി ദളിത് ആയിരുന്നു. പക്ഷേ അന്ന് ജാതിയെ പറ്റിയൊന്നും അറിയില്ല. ആ കുട്ടി കറുത്തിട്ടാണ്, വൃത്തിയില്ല, മറ്റു കുട്ടികളെ പോലെയല്ല എന്നൊക്കെയാണ് പ്രശ്‌നം. മിനിയുടെ ചെവി എപ്പോഴും പൊട്ടി ഒലിച്ചു കൊണ്ടാണ്. മൂക്കും. പേന്‍ നെറ്റിയില്‍ വന്ന് നില്‍ക്കും. ആകെ രണ്ട് കുപ്പായം ഉണ്ട്. അതാണെങ്കില്‍ തിരുമ്പൂം ഇല്ല. പുഴുപ്പല്ലത്തി. തുറന്ന് പിടിച്ച വായില്‍ നിന്ന് എപ്പോഴും തുപ്പല്‍ ഊറിച്ചാടും.
ആ ബെഞ്ചില്‍ മിനിയെ കൂടാതെ ഇരുന്നിരുന്ന മറ്റ് നാല് കുട്ടികളും ദളിതരായിരുന്നു എന്ന് ഇന്നോര്‍ക്കുമ്പോള്‍ മനസ്സിലാവുന്നു. പക്ഷേ മിനിയെക്കാള്‍ അല്‍പം കൂടെ വൃത്തിയുള്ളവര്‍ ആണെന്ന് മാത്രം.
മിനിയുടെ അടുത്ത് ഇരിക്കില്ലെന്ന് വാശിപിടിച്ച് കരഞ്ഞ എന്നെ മാഷ് ചെവിക്ക് പിടിച്ച് അവളുടെ അടുത്ത് ഇരുത്തി. 'വേണ്ടാ വേണ്ടാന്ന് വെച്ചപ്പൊ നീയെന്നോട് ചോദിച്ച് വാങ്ങിയതാ ഇത് ' എന്നും പറഞ്ഞ്.
ഒരുതരം ചീഞ്ഞ മണം മിനി പുറപ്പെടുവിച്ചു. എണ്ണ കിനിഞ്ഞിറങ്ങിയ നെറ്റിയില്‍ മുട്ടന്‍ പേനുകള്‍ പുറംലോകം കാണാന്‍ വന്നുനിന്നു. മിനി എന്നെനോക്കി സാരല്യ ന്ന് പറയും പോലെ ചിരിച്ചു. ഞാന്‍ ചിരിച്ചില്ല.
മാഷ് ബോര്‍ഡില്‍ കുറയ്ക്കല്‍ കണക്ക് എഴുതി. പത്ത് ജന്മം കഴിഞ്ഞാലും എനിക്ക് അതിന്റെ ഉത്തരം തെറ്റാതെ കണ്ടു പിടിക്കാന്‍ കഴിയില്ല. മിനി ഒറ്റയടിക്ക് ചെയ്തു. എന്നിട്ട് എനിക്ക് ഉത്തരം കാണിച്ചുതന്നു. മിനിയെ ഇഷ്ടമില്ലെങ്കിലും ഞാനാ ഉത്തരം മിനിയുടെ സ്ലേറ്റില്‍ നിന്നും കോപ്പിയടിച്ച് മാഷുടെ അടുത്തേക്ക് പാഞ്ഞു.
'ക്ലാസില്‍ ശ്രദ്ധിച്ചപ്പൊ കണക്ക് ശരിയായത് കണ്ടോ? 'മാഷ് ചോദിച്ചു.
ന്നാ ഇനി ഞാന്‍ മാറി ഇരിക്കട്ടെ?
'അതിനായിട്ടില്ല, നീയേയ് കൊറച്ചൂടെ ശരിയാവാന്ണ്ട്. പോയിരിക്ക് അവളുടെ അട്ത്തന്നെ.' മാഷ് എന്നെ ആട്ടിവിട്ടു.
മിനിയുടെ അടുത്തിരിക്കാന്‍ വിധിക്കപ്പെട്ട എന്നെ എല്ലാവരും പരിഹസിച്ചു.
മിനി അവളുടെ പുസ്തകം വെയ്ക്കുന്ന പ്ലാസ്റ്റിക് കവറില്‍ കയ്യിട്ട് പുളിങ്കുരു ചുട്ടതും ചാമ്പക്കയും നീട്ടി. മിനിയുടെ കൈവെള്ളയിലേയും കൈനഖങ്ങളിലേയും അഴുക്ക് നോക്കി വെറുപ്പോടെ വേണ്ടെന്ന് തലയാട്ടി നീങ്ങിയിരുന്നു.അവള്‍ക്കും എനിക്കും ഇടയില്‍ എന്റെ ടവ്വല്‍ ചുരുട്ടി വെച്ച് 'നീ ഇതിനപ്പുറം വന്നാല്‍ പെന്‍സില്‍ കൊണ്ട്കുത്തും ' എന്ന് ഭീഷണിപ്പെടുത്തി. എനിക്ക് കിട്ടിയ കൊടും ശിക്ഷ ഓര്‍ത്ത് ചങ്ക് തകര്‍ന്ന് ഇടയ്ക്കിടെ കരഞ്ഞു .
വൈകുന്നേരം വീട്ടില്‍ വന്നപ്പോള്‍ അമ്മമ്മ ചോദിച്ചു: 'എന്താ അന്റെ കണ്ണും മൊകറും ഇങ്ങനെ? പിന്നേം തല്ല് കിട്ടിയോ?'
ഞാന്‍ പ്രശ്‌നം പറഞ്ഞു. ഒപ്പം മിനിയുടെ അടുത്ത്ന്ന് മാറ്റി ഇരുത്താതെ ഞാനിനി സ്‌കൂളില്‍ പോവില്ല എന്നും.
'വേണ്ട,പോവണ്ടാ ആര്‍ക്കാ ഇവിടെ യ്യ് സ്‌കൂളില്‍ പോവണം നിര്‍ബന്ധം ? നാളെ തൊട്ട് ഇവിടെ അടിച്ച് വാരും പാത്രംകഴുകും ഒക്കെ ചെയ്‌തോ. യ്ക്ക് ഒരു സഹായൂമാവും' അമ്മമ്മ ദയാരഹിതമായി കൈയൊഴിഞ്ഞു.
അമ്മയോട് പറഞ്ഞു. കാര്യങ്ങള്‍ കേട്ടപ്പൊ അമ്മ പറഞ്ഞു. 'നിനക്ക് മിനിയുടെ അടുത്ത് അധികം ഇരിക്കേണ്ടി വരില്ല.' എനിക്ക് സന്തോഷായി. അമ്മ കാരണവും പറഞ്ഞു തന്നു.
'കണക്ക് ഒരു തേങ്ങയും അറിയാത്ത കുട്ട്യോള്‍ടെ അടുത്തൊക്കെ ആരിരിക്കാനാ? മിനി വൈകാതെ മാഷോട് ചോദിച്ച് നിന്റെ അടുത്ത്ന്ന് മാറി ഇരിക്കും. അനക്കില്ലെങ്കിലും അതിന് ഒരു നാണക്കേടില്ലേ കണക്ക് അറിയാത്തോര് ടെ അടുത്ത് ഇരിക്കാന്‍?'
കണക്ക്... കണക്ക്... എന്ത് പറഞ്ഞാലും ണ്ട് ഒര് കണക്ക്. നാശം.
അമ്മയും കണക്കിനെ കൂട്ടുപിടിച്ച് വഴി അടച്ചതോടെ എനിക്ക് മരിച്ചാ മതി തോന്നി.
'മണ്ണെണ്ണ കുടിച്ചിട്ട് ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചത് വിഴുങ്ങിയാ മതി മെരിച്ചോളും ' അനിയന്‍ സഹായത്തിന് വന്നു.
രാവിലെ സ്‌കൂളില്‍ പോവില്ല പറഞ്ഞ് കരഞ്ഞതും അമ്മ ചെമ്പരത്തിക്കൊമ്പ് ഒടിച്ചു.
കരച്ചിലിന്റെ ട്യൂണ്‍ ഒന്ന് മാറ്റി.
'ഇന്ന് പോവും...നാളെ പോവൂല്ല...'
സ്‌കൂളിലേക്ക് ഇറങ്ങാന്‍ നേരം അമ്മ മൂന്ന് സാധനങ്ങള്‍ ബാഗില്‍ വെച്ചു തന്നു; മിനിയ്ക്ക് കൊടുക്കാന്‍. ഒരു പേന്‍ ചീര്‍പ്പ്, ചന്ദ്രികാ സോപ്പ്, ഒരു ടവ്വല്‍. അത് കണ്ടപ്പോ നഴ്‌സിംഗ് അസിസ്റ്റന്റ് ആയ അമ്മമ്മ ഇത്തിരി കോട്ടണും എടുത്തുതന്നു. ഇതാ കുട്ടിയോട് ചെവിയില്‍ വെക്കാന്‍ പറയ്ന്ന് പറഞ്ഞ്.
ഞാനതു കൊണ്ടുപോയി കൊടുത്തു. സോപ്പല്ല സ്വര്‍ണ്ണക്കട്ടിയാ കിട്ടിയത് എന്നപോലെ അവള്‍ തുള്ളിച്ചാടി. സോപ്പ് മണത്തിട്ടും മണത്തിട്ടും മതിവരുന്നില്ല.
പിറ്റേന്ന് അവളുടെ നെറ്റിയില്‍ സ്ഥിരം കാണാറുള്ള ഉണ്ടപ്പേനുകള്‍ഉണ്ടായിരുന്നില്ല.
'യ്യ് തന്ന ചീര്‍പ്പോണ്ട് ചീകിയപ്പൊ ഒരു ഉപ്പേരിയ്ക്ക് ഉള്ള പേനിനെ കിട്ടി. ' മിനി ചിരിച്ചു..
മൂക്കൊലിച്ചപ്പൊ പുറം കൈയ്ക്ക് പകരം ടവ്വലോണ്ട് മൂക്ക് തുടച്ചു. ചീത്ത മണത്തിന് പകരം അവളില്‍ നിന്ന് ചന്ദ്രികാ സോപ്പിന്റെ മണം കിട്ടി.
എന്നാലും എനിക്ക് അവളുടെ അടുത്ത് ഇരിക്കണ്ടായിരുന്നു.
ഞാന്‍ കഷ്ടപ്പെട്ട് മര്യാദക്കാരിയായി അഭിനയിച്ച് തകര്‍ത്തു. ദിവസവും അതും പറഞ്ഞ് മാഷോട് സ്ഥലമാറ്റത്തിന് കെഞ്ചി.
'മിനിയുടെ അടുത്തിരിക്കുന്നവള്‍' എന്ന ചില കുട്ടികളുടെ പരിഹാസം സഹിക്കാവുന്നതിനപ്പുറമായിരുന്നു.
ഒടുക്കം ഒരു ദിവസം മാഷ് അയഞ്ഞു.
എനിക്ക് മുന്നിലെ ബെഞ്ചിലേക്ക് മാറ്റം കിട്ടി.
നാലാംക്ലാസ് കഴിഞ്ഞതോടെ ഞങ്ങള്‍ എല്ലാവരും വേറെ വേറെ സ്‌കൂളിലായി. ഒക്കെ മറന്നും പോയി.
ഈ അടുത്തൊരു ദിവസം ചെറിയ മോള്‍ക്കൊരു പനിയും ഛര്‍ദ്ദിയും. അവളേം കൊണ്ട് ഹോസ്പിറ്റലില്‍ പോയി.
'ദീപേ അനക്ക് ന്നെ മനസ്സിലായില്ലേ? ചോദിച്ചു കൊണ്ട് വാ നിറയെ ചിരിയുമായി വന്ന നഴ്‌സിനെ എനിക്ക് മനസ്സിലായില്ല.
'ഞാന്‍ മിനിയാടീ പണ്ട് നാലില്‍ ഒപ്പം പഠിച്ചിരുന്ന... '
തിരിച്ചറിയാഞ്ഞത് എന്റെ തെറ്റല്ല. അവള്‍ക്ക് പഴയ മിനിയുടെ ഒരു ഛായയും ഇല്ല.
എന്റെ മോളെ അവളുടെ മോളായി അവള്‍ അങ്ങ് ഏറ്റടുത്തു. ഒക്കെ കഴിഞ്ഞ് തിരിച്ചു മടങ്ങുംനേരം മിനി മോളോട് തമാശ പറഞ്ഞു. 'കുട്ടിക്കാലത്ത് എന്റടുത്തിരിക്കാന്‍ മടിച്ച് നിന്റെ അമ്മ ഒരു ടവ്വല്‍ ഒക്കെ അതിര് വച്ചാ ഇരുന്നിരുന്നത്, '
എനിക്ക് അവളെ കണ്ടപ്പോള്‍ തൊട്ട് കുറ്റബോധത്തിന്റെ കരച്ചില്‍ ഉള്ളില്‍ ചുറ്റിത്തിരിയുന്നത് അങ്ങ് പൊട്ടിപ്പോയി: 'കുട്ടികളാവുമ്പോള്‍ നമുക്കറിയില്ലല്ലോ മിനീ അങ്ങനെ ഒന്നും പറയാനും ചെയ്യാനും പാടില്ല എന്ന് '
ഞാന്‍ ഏങ്ങി.
'യ്യ് എന്താ ഇബളേ ഇങ്ങനെയൊരു നോള..'
എന്നു പറഞ്ഞ് അവള്‍ ചിരിച്ചോണ്ടെന്നെ കെട്ടിപ്പിടിച്ചു.
അതൊക്കെ അന്നത്തെ ഓരോരോ രസങ്ങളല്ലേ? എന്നവള്‍ ചോദിച്ചെങ്കിലും ഇന്നോര്‍ക്കുമ്പോള്‍ എനിക്ക് ഒട്ടും രസം തോന്നിയില്ല.
ചിരിയോടെ തന്നെ അവള്‍ പറഞ്ഞു 'അന്നൊക്കെ കുട്ട്യോള്‍ക്ക് കിട്ടിയിരുന്ന ഏറ്റവും വലിയ ശിക്ഷ മിനീടെ അടുത്ത് ഇരുത്തും ന്ന ഭീഷണി ആയിരുന്നുല്ലേ...? ന്റെ അമ്മയ്ക്ക് പ്രാന്താന്ന് ഞാന്‍ മനസ്സിലാക്കിയതന്നെ വല്യ ക്ലാസില്‍ എത്തീട്ടാ. എല്ലാര്‌ടെ അമ്മേം ഇങ്ങനെ ഒക്കെയാവുംന്നാ കരുത്യേത്. കള്ള് കുടിച്ച് കച്ചറ ഉണ്ടാക്കി നടക്കുന്ന അച്ഛയ്ക്ക് ഞാന്‍ സ്‌കൂളില്‍ പോണത് തന്നെ അറിയില്ല. സ്‌കൂളിയ്ക്ക് വൃത്തിയായി പോവണം എന്ന് ആര് പറഞ്ഞ് തരാന്‍? അതൊക്കെ ഒരു കാലം '
'സാരല്യ, മതി പറഞ്ഞത്.. 'എന്നുപറഞ്ഞ് ഞാനവളെ കെട്ടിപ്പിടിച്ചു. ചന്ദ്രികാ സോപ്പിന്റെ മണം മൂക്കില്‍ വന്ന് തട്ടി.
നീ ഇപ്പഴും ചന്ദ്രികാ സോപ്പ് തന്ന്യാ?
'ഞാന്‍ ആദ്യായി ഒര് സോപ്പ് മേത്ത് തേച്ച് കുളിച്ചത് ആ ചന്ദ്രികാ സോപ്പോണ്ടാ. അത് വരെ 501 ബാറിന്റെ ഒര് ചെറ്യേ കഷ്ണം കൊണ്ടായിരുന്നു കുളി. ആ കഷ്ണം തന്നെ വല്ലപ്പോഴുമാ കിട്ടാ... ചന്ദ്രികയങ്ങട്ട് തേച്ചാലെ യ്ക്ക് ഇപ്പഴും കുളി ഒരു കുളിയാവൂ. '
വര്‍ത്താനത്തിടെ ചിരി മായാതെ തന്നെ അവള്‍ പറഞ്ഞു.
'അന്ന് കുട്ടിയാവുമ്പൊ ന്റെ ജാതിയല്ലായിരുന്നു ന്റെ വൃത്തിയായിരുന്നു ങ്ങക്ക് പ്രശ്‌നം.. ഇപ്പൊ യ്ക്ക് വൃത്തി ഉണ്ടെങ്കിലും ജാതി ചെലോര്‍ക്ക് ഒരു പ്രശ്‌നം തന്ന്യാ . ജാതിയില്ലാന്ന് പറയ്ണതൊക്കെ വെറ്ത്യാടീ. ഇപ്പഴും ഉച്ചയ്ക്ക് ചോറുണ്ണാന്‍ ന്റെ ഒപ്പം ഇരിക്കുമ്പൊ ന്റെ കറികള് തിന്നാന്‍ മടി ഉള്ള ചെലോര് ഉണ്ട്. സന്തോഷം കാട്ടി എന്റേന്ന് കറി വാങ്ങിയ്‌ക്കൊക്കെ ചെയ്യും. ന്ന്ട്ട് ഭക്ഷണ വേസ്റ്റിന്റെ ഒപ്പം പതുക്കെ അതങ്ങട്ട് തിന്നാതെ കളയും. യ്ക്ക് അത് മനസ്സിലാവും.
ഓര്ക്ക് ഇപ്പൊ ഞാന്‍ കൊണ്ട് വര്ണ കറിയൊന്നും കൊട്ക്കലില്ല. നമ്മള് നയിച്ച് ണ്ടാക്ക്ണ പൈസയ്ക്ക് വാങ്ങിയ സാധനങ്ങള്‍ ഓര്ക്ക് അങ്ങനെ കളയാന്‍ കൊട്ക്കണ്ടച്ചട്ട് '
കണ്ടപ്പോള്‍ തൊട്ട് പിരിയും വരേയും ഇങ്ങനെയുള്ള പല അനുഭവങ്ങളും പറഞ്ഞിരിക്കുമ്പോള്‍ അവള്‍ക്ക് ചിരി തന്നെ ആയിരുന്നു..
മിനിയുടെ അടുത്തിരിക്കാനുള്ള ശിക്ഷ വിധിക്കുമ്പോള്‍ മറ്റു കുട്ടികള്‍ക്ക് ഒപ്പം അവളും ചിരിച്ചിരുന്ന അതേ ചിരി .
അവളെ ഓര്‍ക്കുമ്പോഴെല്ലാം ഉള്ളിലൂറുന്ന എന്റെ കുറ്റബോധത്തെ എക്കാലവും ആളിക്കത്തിക്കും ഇനിയാ ചിരി.
Content Highlights: V.K Deepa, Memoir
Published: 16 Nov 2023, 12:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented