
എവിടെ മനസ്സ് നിര്‍ഭയവും
ശിരസ്സ് സമുന്നതവും
ആയിരിക്കുന്നുവോ...
ആ സ്വാതന്ത്ര്യ
സ്വര്‍ഗത്തിലേക്ക്
എന്റെ താതാ,
എന്റെ രാജ്യം
ഉണരേണമേ!
-രബീന്ദ്രനാഥ ടാഗോര്‍
ഇന്ത്യക്ക് ഇന്ന് പുറംലോകത്തുള്ള മേല്‍വിലാസം മൂന്നു വ്യക്തികളുടെ പേരിലാണ്. ഗാന്ധിജി, നെഹ്രു, ടാഗോര്‍. സത്യം, അഹിംസ തുടങ്ങിയ മൂല്യങ്ങള്‍ ജനാധിപത്യകാലത്ത് മറ്റേതു കാലത്തെക്കാളും സുപ്രധാനമാണ് എന്ന് പ്രബോധനം ചെയ്യുകയും അത് പ്രായോഗികമാണ് എന്ന് തെളിയിച്ചുകാട്ടുകയുംചെയ്ത ആധുനിക രാഷ്ട്രീയ ചിന്തകന്‍ എന്ന നിലയിലാണ് ഗാന്ധിജിയുടെ പ്രസക്തി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അതിനെപ്പറ്റി പഠനവും സംവാദവും നടക്കുന്നുണ്ട്.
നീണ്ട പതിനേഴുകൊല്ലം തുടര്‍ച്ചയായി പ്രധാനമന്ത്രിപദത്തിലിരുന്ന് ഇന്ത്യപോലൊരു സങ്കീര്‍ണരാജ്യത്തെ നയിച്ച രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയിലാണ് ജവാഹര്‍ലാല്‍ നെഹ്രു ശ്രദ്ധിക്കപ്പെടുന്നത്. ലിംഗസമത്വം, ജനാധിപത്യം, മതേതരത്വം, ലോകസമാധാനം, ഫാസിസം തുടങ്ങി വിവിധ രാഷ്ട്രങ്ങള്‍ക്ക് ഇന്നും പ്രശ്‌നമായിരിക്കുന്ന അനേകം വിഷയങ്ങളില്‍ അദ്ദേഹം എടുത്ത നയങ്ങളും തീരുമാനങ്ങളും വിശകലനംചെയ്തു പഠിക്കപ്പെടുന്നുണ്ട്.
ഒരു മഹാകവി എന്നപോലെ വിശ്വമാനവികതയെ വിവിധങ്ങളായ കലാരൂപങ്ങളിലൂടെ സാക്ഷാത്കരിക്കാന്‍ പരിശ്രമിച്ച ദാര്‍ശനികനായിട്ടാണ് ഇന്ത്യക്കുപുറത്തും ടാഗോര്‍ സര്‍വാദരണീയനായിരിക്കുന്നത്. ആയിരത്താണ്ടുകളുടെ മഹിതപാരമ്പര്യമുള്ള ഭാരതീയ പൈതൃകത്തിന്റെ ആധുനികകാലത്തെ പ്രതിപുരുഷനായി മഹാകവി മനസ്സിലാക്കപ്പെടുന്നു. ഈ ആലോചനയിലേക്ക് വഴിതുറന്നത് പശ്ചിമബംഗാളില്‍നിന്ന് ഇപ്പോള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ്.
രബീന്ദ്രനാഥ ടാഗോര്‍ 'ശാന്തിനികേതന്‍' സ്ഥാപിച്ച (1901) പ്രദേശം യുനെസ്‌കോ ലോക പൈതൃകസ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് വിളംബരംചെയ്തുകൊണ്ട് സ്ഥാപിച്ച മൂന്നു ഫലകങ്ങളിലും അവിടത്തെ വിശ്വഭാരതി സര്‍വകലാശാലയുടെ ചാന്‍സലര്‍കൂടിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇപ്പോഴത്തെ വൈസ്ചാന്‍സലര്‍ ബിദ്യുത് ചക്രവര്‍ത്തിയുടെയും പേരുണ്ട്. സ്ഥാപകന്‍ രവീന്ദ്രനാഥടാഗോറിന്റെ പേര് ഒരു ഫലകത്തിലുമില്ല. 'ഗുരുദേവ്' ടാഗോറിനെ അവഗണിച്ചതില്‍ സംസ്ഥാനത്ത് വന്‍പ്രതിഷേധം ഇരമ്പുകയാണ്.
ഒരു പേര് ഒഴിവായത് ഇത്ര വലിയ പ്രശ്‌നമാണോ? ഒഴിവായതല്ല, ഒഴിവാക്കിയതാണ്. ശാന്തിനികേതന്‍ എന്നോ വിശ്വഭാരതി എന്നോ കേട്ടാല്‍ ഒരുമാതിരിക്കാരുടെയൊക്കെ മനസ്സില്‍ ഉണരുന്ന പേരാണ് ടാഗോറിന്റേത്.
ഇങ്ങനെയൊരവസരം കേരളകലാമണ്ഡലത്തിന് വന്നുകിട്ടിയിട്ട് അവിടെ സ്ഥാപിക്കുന്ന ഫലകത്തില്‍നിന്ന് സ്ഥാപകനായ മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ (1878-1958) പേര് ഒഴിവാക്കുന്ന സ്ഥിതിവിശേഷം ഓര്‍ത്തുനോക്കിയാല്‍ ഈ സാഹചര്യം മലയാളികള്‍ക്ക് എളുപ്പം തിരിഞ്ഞുകിട്ടും.
ആ പേര് ഒഴിവാക്കിയതില്‍ പൈതൃകനിന്ദയുണ്ട്. ചരിത്രനിഷേധമുണ്ട്. സംസ്‌കാരശൂന്യതയുണ്ട്. മഹാകവി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളുടെ നിരാസമുണ്ട്.
ആ നാമധേയം അതിരുകളില്ലാത്ത മാനവികതയുടെ സ്മാരകഫലകമാണ്. അവിടെയാണ് തമസ്‌കരണത്തിന്റെ വേര് അന്വേഷിക്കേണ്ടത്. ഫാസിസ്റ്റുകള്‍ക്ക് കയ്ക്കുന്ന പേരുകളില്‍ പ്രധാനമാണ് മഹാകവിയുടേത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ജവാഹര്‍ലാല്‍ നെഹ്രുവിനെ തമസ്‌കരിക്കാന്‍ കുറെക്കാലമായി കേന്ദ്ര ഗവണ്‍മെന്റ് നടത്തിപ്പോരുന്ന ഹീനശ്രമങ്ങള്‍ ഓര്‍ത്തുനോക്കുക. ഡല്‍ഹി തീന്‍മൂര്‍ത്തിഭവനിലെ 'നെഹ്രു മ്യൂസിയ'(1964)ത്തിന്റെ പേര് 'പ്രധാനമന്ത്രിയുടെ മ്യൂസിയം' എന്നുമാറ്റിയത് (ജൂണ്‍ 2023) അക്കൂട്ടത്തില്‍ ചെറിയൊരു ഉദാഹരണംമാത്രം.
ബംഗാളില്‍ ആദരപൂര്‍വം 'മഹര്‍ഷി ടാഗോര്‍' എന്നു വിളിച്ചിരുന്ന ദേവേന്ദ്രനാഥ് ടാഗോറി(1817-1905)ന്റെ പുത്രനാണ് രവീന്ദ്രനാഥ്. 'ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്' എന്ന് കേളിപ്പെട്ട രാജാറാം മോഹന്‍ റായി(1772-1833)യുടെ സഹപ്രവര്‍ത്തകനാണ് ദേവേന്ദ്രനാഥ്. ഭാര്യ, ഭര്‍ത്താവിന്റെ ചിതയില്‍ച്ചാടി മരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഉടന്തടിച്ചാട്ട(സതി)ത്തിനെതിരായി പ്രക്ഷോഭം നടന്നത് അവരുടെ നേതൃത്വത്തിലാണ്.
ഈ നവോത്ഥാനധാരയുടെ കൂടെയാണ് യൗവനാരംഭം മുതലേ രവീന്ദ്രനാഥ ടാഗോര്‍ നിന്നത്. കവി, നാടകകൃത്ത്, ചെറുകഥാകാരന്‍ മുതലായ നിലകളിലെല്ലാം സമുദായ പരിഷ്‌കരണത്തിനും സാമൂഹിക നവോത്ഥാനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടാണ് അദ്ദേഹം മുന്നേറിയത്.
ടാഗോര്‍ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു രാഷ്ട്രീയക്കാരന്റെ നിലയില്‍ അദ്ദേഹം പങ്കെടുക്കുന്നില്ല. എങ്കിലും 1890-ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കുകയും അതിന്റെ തുടക്കത്തില്‍ ബങ്കിംചന്ദ്ര രചിച്ച 'വന്ദേമാതരം' ആലപിക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യരചന അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കോളനി വാഴ്ചയ്‌ക്കെതിരായ സമരങ്ങള്‍ക്ക് വലിയ ഊര്‍ജം പകരുന്നവയായിരുന്നു.
നമ്മുടെ ദേശാഭിമാനം ഉണര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സാഹിത്യകാരനായ ടാഗോര്‍ 'ഗീതാഞ്ജലി'ക്ക് നൊബേല്‍ സമ്മാനം നേടുക (1913) വഴി ആ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്നപോലെ യൂറോപ്പുകാരനല്ലാത്ത ആദ്യത്തെ എഴുത്തുകാരന്‍ കൂടിയായിത്തീര്‍ന്നു. ആ വകുപ്പില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആ ഇന്ത്യന്‍ പ്രജയെ 'സര്‍' സ്ഥാനം നല്‍കി ആദരിച്ചു (1915). പക്ഷേ, കുപ്രസിദ്ധമായ ജലിയന്‍വാലാബാഗ് കൂട്ടക്കൊല (13 ഏപ്രില്‍ 1919)യില്‍ പ്രതിഷേധിച്ച് മഹാകവി ആ പദവി തിരിച്ചുകൊടുത്തു. 'സര്‍' ബഹുമതി ഉപേക്ഷിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനായി അദ്ദേഹം ചരിത്രത്തില്‍ സ്ഥാനപ്പെട്ടു.
ലേഖനാരംഭത്തില്‍ പറഞ്ഞ ഗാന്ധിജി, നെഹ്രു, ടാഗോര്‍ എന്നീ മൂന്നുപേര്‍ക്കും ചരിത്രത്തിലുള്ള സ്ഥാനത്തിന് പ്രധാനകാരണം ദേശീയത, മതവിശ്വാസം, ഭാഷ, വംശം മുതലായ ചിന്താഗതികളുടെ പരിമിതികളെ ഭേദിച്ച് വളര്‍ന്നുവെന്നതാണ്. ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുമ്പോഴും അത് അന്തര്‍ദേശീയതയുടെ ഭാഗംമാത്രമാണ് എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടായിരുന്നു.
നമ്മുടെ 'ദേശീയഗാന'ത്തിന്റെ രചയിതാവായ ടാഗോറാണ് തന്റെ ജീവിതസായാഹ്നത്തില്‍ ചുറ്റും മുഴുത്തുവരുന്ന ദേശീയത ഭാവിയില്‍ സൃഷ്ടിക്കാനിടയുള്ള ആപത്തുകളെപ്പറ്റി നിരന്തരം നമ്മെ താക്കീതുചെയ്തുകൊണ്ടിരുന്നത്. 'മഹാത്മാ' എന്ന വിശേഷണത്തിന് പ്രചാരവും സ്വീകാര്യതയും നല്‍കിയ ടാഗോര്‍ ഗാന്ധിജിയോടുപോലും ഇക്കാര്യത്തില്‍ ചിലപ്പോള്‍ കലഹിച്ചു. സ്വാതന്ത്ര്യലാഭത്തിനും ആറുവര്‍ഷംമുമ്പേ ടാഗോര്‍ മരിച്ചുപോയി (1941) എന്നോര്‍ക്കുക. സര്‍വാധിപത്യം ലക്ഷ്യമാക്കുന്ന ഫാസിസ്റ്റുകളുടെ പ്രധാനപ്പെട്ട ആയുധം അന്ധമായ ദേശഭക്തിയാണ്. ഇറ്റലിയില്‍ മുസോളിനി (1883-1945)യും ജര്‍മനിയില്‍ ഹിറ്റ്ലറും (1889-1945) അവരുടെ കൊടൂരതകള്‍ക്ക് മറയായി ഉപയോഗിച്ചത് സ്വദേശാഭിമാനമാണ്.
വെറുപ്പ് ഉത്പാദിപ്പിക്കാന്‍ ദേശീയതാവികാരത്തിന് എളുപ്പമുണ്ട്. അകത്തും പുറത്തുമുള്ള 'ശത്രുക്കള്‍' ഈ ദേശീയതയുടെ എതിരാളികളാണ് എന്ന് പ്രഖ്യാപിച്ചാല്‍ അവരുടെ നേരെ കയ്പും വെറുപ്പും താനെ വളര്‍ന്നുകേറും. നമ്മള്‍ കരുതിയിരുന്നില്ലെങ്കില്‍ ദേശീയത തീവ്രമായ പ്രത്യയശാസ്ത്രമായിത്തീര്‍ന്ന് ഹിംസയിലേക്കു മുതിരും. ഒന്നാം ലോകയുദ്ധ (1914-1918)ത്തിനും രണ്ടാം ലോകയുദ്ധ (1939-1945)ത്തിനും ഹേതുവായിത്തീര്‍ന്നത് അന്ധമായ ദേശാഭിമാനമാണ്. 'തെറ്റായാലും ശരിയായാലും എന്റെ രാഷ്ട്രത്തിനുവേണ്ടി' എന്ന മനോഭാവത്തില്‍നിന്നാണ് ആ രണ്ട് മഹാദുരന്തങ്ങളും ഉരുവായിത്തീര്‍ന്നത്.
അതുകൊണ്ടാണ് 'വിശ്വകവി'ടാഗോര്‍ നമ്മളെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നത്: 'ദേശീയത രാഷ്ട്രീയനയം എന്നതിലധികം വിശാലമായ മാനവികതാ ബോധമാവണം. ലോകസമാധാനം, സമുദായ സൗഹാര്‍ദം, സാമൂഹികക്ഷേമം തുടങ്ങിയ ആശയങ്ങള്‍ക്കാവണം ഊന്നല്‍. രാഷ്ട്രീയസ്വാതന്ത്ര്യംപോലെ എല്ലാ പരിമിതികളില്‍നിന്നും മനുഷ്യമനസ്സ് സ്വതന്ത്രമാവുക എന്നതും പ്രധാനമാണ്. മാനവികതയ്ക്ക് അതിരുകളില്ല, ഉണ്ടാവാന്‍ പാടില്ല.'
Content Highlights: viswabharathi university plaque controversy, M.N Karassery, Narendramodi, Bidyuth Chakravarthy
Published: 26 Oct 2023, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented