രു മനുഷ്യന് തന്റെ തൊഴിലിനോട് എത്രത്തോളം പ്രണയമാകാം? കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജിന്റെ കാര്യത്തിലാണെങ്കില്‍ അതിന് പരിധിയില്ലെന്ന് തന്നെ പറയേണ്ടിവരും. മാധ്യമപ്രവര്‍ത്തനത്തിനോടുള്ള ഭ്രാന്ത് കാരണം എന്ത് സാഹസത്തിനും തയ്യാറായ വ്യക്തിത്വമായിരുന്നു ടിജെഎസ്. ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ട് കാലം മാധ്യമപ്രവര്‍ത്തനം നടത്തിയപ്പോഴും ലോകം ശ്രദ്ധിച്ച മാധ്യമങ്ങളില്‍ പത്രാധിപനായിരുന്നപ്പോഴും തുടക്കക്കാരന്റെ ആ ഒരു കൗതുകവും ആവേശവും അദ്ദേഹം കൈമോശം വരാതെ സൂക്ഷിച്ചു. സംഭവബഹുലമായ ടിജെഎസിന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തെ കുറിച്ച് അനുസ്മരിക്കുമ്പോള്‍ ഇപ്പോള്‍ ഏറെയൊന്നും ഓര്‍ക്കപ്പെടാത്ത ഒരു സംഭവമുണ്ട്. അദ്ദേഹത്തിലെ സാഹസികനായ മാധ്യമപ്രവര്‍ത്തകനെ അടയാളപ്പെടുത്താന്‍ ഏറ്റവും ഉതകുന്ന ആ ജീവിതത്തിലെ ഒരേട്. ജേണലിസ്റ്റ് അറ്റ് സീ എന്നും നാടോടിക്കപ്പലിലെ നാലുമാസം എന്നുമെല്ലാം അദ്ദേഹം പേരിട്ടുവിളിച്ച സാഹസികമായ ഒരു ലോകയാത്ര. അതും ഒരു ചരക്കുകപ്പലില്‍ കുശിനിക്കാരനായി.

To advertise here,

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ പത്രപ്രവര്‍ത്തകരിലെ രണ്ടാം തലമുറയിലെ പ്രമുഖനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടിജെഎസ് ജോര്‍ജ്. നെഹ്രൂവിയന്‍ ആശയധാരയില്‍ പ്രചോദിതനായി മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം പിന്നീട് വാര്‍ത്തയെഴുതിയതിന് ജയിലിടക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പത്രാധിപരായിമാറി. ഇന്ത്യയിലും വിദേശത്തും പ്രമുഖ മാധ്യമങ്ങളുടെ തലവനായി കേരളത്തിന്റെ അഭിമാനമായി മാറി. മുംബൈ മുതല്‍ ഹോങ്കോങ് വരെ നീണ്ട ഏഴ് പതിറ്റാണ്ട് കാലത്തെ പത്രപ്രവര്‍ത്തന ജീവിതം ഉറ്റുനോക്കിയാല്‍, കേവലം ജനപ്രിയ വാര്‍ത്തകള്‍ക്കപ്പുറം കടന്നുചെന്ന നാടുകളിലെ ചരിത്രവും രാഷ്ട്രീയവും സംസ്‌കാരവുമെല്ലാം സൂക്ഷ്മമായി മനസ്സിലാക്കി വിശകലനം ചെയ്യുന്ന ടിജെഎസിനെ നമുക്ക് കാണാം. ആ നിരീക്ഷണപാടവവും ഉള്‍ക്കാഴ്ചയും തന്നെയാണ് സമകാലികരായ മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അന്താരാഷ്ട്ര നിലവാരമുള്ള മാധ്യമപ്രവര്‍ത്തകനാക്കിയത്. ഇരുപത്തിയഞ്ചാം വയസ്സില്‍ നടത്തിയ ഒരു ചരക്കുകപ്പല്‍ യാത്രയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ് തന്റെ ലോകപരിജ്ഞാനത്തിന്റെ അടിസ്ഥാനശിലകള്‍ പാകിയതെന്ന് ടിജെഎസ് തന്നെ പിന്നീട് കുറിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്ര എന്നൊക്കെ പറഞ്ഞാല്‍ ഇന്നതൊരു സാധാരണ സംഗതിയാണ്. പക്ഷെ ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരു സാദാ ചരക്കുകപ്പലില്‍ കയറി ലോകം ചുറ്റാന്‍ പോകുന്നതെല്ലാം ഓര്‍ക്കുന്നത് തന്നെ സാഹസമായിരുന്നു. കേരളത്തിലെ ഒരു സാമാന്യം ഭേദപ്പെട്ട കുടുംബത്തില്‍ ഒരു മജിസ്‌ട്രേറ്റിന്റെ മകനായി ജനിച്ച് മികച്ച വിദ്യാഭ്യാസവും നേടി ബോംബെയിലെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ നല്ല ജോലിയുള്ളൊരു യുവാവ് അതെല്ലാം വിട്ടെറിഞ്ഞ് ഒരു ചരക്കുകപ്പലില്‍ കുശിനിക്കാരനായി നാല് മാസം ലോകം ചുറ്റിയത് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആളുകളെ വിസ്മയിപ്പിക്കുന്നത് അതുകൊണ്ടെല്ലാമാണ്.

ഫ്രീപ്രസിലെ ജോലിയും ഭാരതപര്യടനവും

മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയമ്മ ജേക്കബിന്റെയും മകനായി 1928 മേയ് ഏഴിനാണ് ടിജെഎസ് ജനിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ശേഷമാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. 1949ല്‍ ഫ്രീപ്രസില്‍ ജോലിക്ക് കയറിയ ടിജെഎസ് മൂന്ന് വര്‍ഷത്തിനുശേഷം 1951ലാണ് രാജിവെക്കുന്നത്. അക്കാലത്ത് 200 രൂപയോളമായിരുന്നു ഫ്രീപ്രസിലെ ശമ്പളം. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എസ്. സദാനന്ദിന്റെ നേതൃത്വത്തില്‍ ഫ്രീപ്രസ് കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. എം. ശിവറാം, എസ്. നടരാജന്‍, എം.വി കാമ്മത്ത് തുടങ്ങിയ പ്രമുഖരായിരുന്നു അക്കാലത്ത് ഫ്രീപ്രസിലുണ്ടായിരുന്നത്. ടിജെഎസിന്റെ തൊട്ടടുത്ത കസേരയിലിരുന്ന് പൈപ്പ് പുകച്ച് കാര്‍ട്ടൂണ്‍ വരച്ചിരുന്ന യുവചെറുപ്പക്കാരനാണ് പിന്നീട് മറാത്ത സിംഹം സാക്ഷാല്‍ ബാല്‍ താക്കറെയായി മാറിയത്.

'സികെഎന്‍' (ചുമ്മ കറങ്ങി നടക്കല്‍) എന്നൊരു സൂക്കേട് തനിക്ക് ചെറുപ്പം മുതലേ ഉണ്ടായിരുന്നുവെന്ന് ടിജെഎസ് പറഞ്ഞിട്ടുണ്ട്. സ്‌കൂള്‍ കാലത്ത് ഒരു ദിവസം അടൂര്‍ നഗരത്തില്‍ നിന്ന് സൈക്കിള്‍ ചവിട്ടി തിരുവനന്തപുരം വരെ പോകണമെന്നും വഴിയില്‍ മരച്ചുവട്ടില്‍ കിടന്നുറങ്ങണമെന്നുമെന്നുമെല്ലാം വലിയ ആഗ്രമായിരുന്നു. എന്നാല്‍ സൈക്കിള്‍ ഇല്ലാത്തതിനാല്‍ ആ ആഗ്രഹം നടന്നില്ല. നാടുചുറ്റണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു 1949ല്‍ ഫ്രീപ്രസില്‍ നിന്ന് രാജിവെച്ചത്.

രാജിക്കത്ത് നല്‍കിയപ്പോള്‍ കാരണമന്വേഷിച്ച സദാനന്ദ് തിരിച്ചെത്തുമ്പോള്‍ വന്ന് കാണണമെന്ന് മാത്രം പറഞ്ഞു. ഭാരതപര്യടനമായിരുന്നു ആദ്യം. തോളിലൊരു സഞ്ചിയും തൂക്കി മൂന്നാം ക്ലാസ് റെയില്‍വേ ടിക്കറ്റെടുത്തും നടന്നുമെല്ലാം മൂന്ന് മാസക്കാലം രാജ്യത്തെ വന്‍നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് സഞ്ചരിച്ചു. ഇതിനിടയില്‍ അസുഖബാധിതനായി കാശിയിലെ ഒരു കുടിലില്‍ അഞ്ചാറ് ദിവസം ബോധമില്ലാതെ കിടന്നു. ഭാരതപര്യടനം അവസാനിച്ചതോടെ യാത്രചെയ്യാനും ലോകത്തെ അറിയാനുമുള്ള ആഗ്രഹം കുറയുകയല്ല മറിച്ച് വര്‍ധിക്കുകയാണ് ചെയ്തത്. ഭാരതപര്യടനം താരതമ്യേനെ എളുപ്പമായിരുന്നുവെങ്കിലും ലോകയാത്രയെ കുറിച്ച് അന്നത്തെ നാളില്‍ ചിന്തിക്കാന്‍ പോലുമാകില്ലായിരുന്നു.

കപ്പലില്‍ ജീവനക്കാരനാകുന്നു

മുംബൈ നഗരത്തില്‍ ട്രേഡ് യൂണിയനുകള്‍ വന്‍ശക്തികളായിരുന്ന കാലമായിരുന്നു അത്. കപ്പല്‍ തൊഴിലാളികളായിരുന്നു ഏറ്റവും സംഘടിതര്‍. ചരക്കുകപ്പലിലെ കുശിനിക്കാരുടെ അരക്ഷിതാവസ്ഥയുയര്‍ത്തി കപ്പല്‍ തൊഴിലാളി യൂണിയന്‍ വലിയ സമരങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ ചരക്കുകപ്പലുകളില്‍ കുശിനിക്കാരുടെ ക്ഷേമം ഉറപ്പുവരുത്താനായി മെസ് സൂപ്പര്‍വൈസര്‍ എന്ന തസ്തിക ഉണ്ടാക്കാന്‍ യൂണിയനുകളും കപ്പല്‍ മുതലാളിമാരും ചേര്‍ന്നുള്ള ചര്‍ച്ചയില്‍ തീരുമാനമായി. ലോകംചുറ്റാനുള്ള കടുത്ത ആഗ്രഹവുമായി നടന്നിരുന്ന ടിജെഎസ് കോഫി ഹൗസിലെത്തിയ ഒരു യൂണിയന്‍ സെക്രട്ടറിയില്‍ നിന്നാണ് ഈ വിവരം അറിഞ്ഞത്.

പരദേശത്ത് പോകാനുള്ള തന്റെ ഒരേ ഒരനുഭവമാണ് മുന്‍പിലെത്തിയതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 'ഏത് അണ്ടനും അടകോടനും' പറ്റിയ ജോലിയാണെന്നായിരുന്നു യൂണിയന്‍ നേതാവിന്റെ അഭിപ്രായം. ഇതോടെ എന്നാല്‍ തനിക്കും പറ്റുമല്ലോ എന്ന് ചിന്തിച്ച ടിജെഎസ് ജോലിക്ക് അപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പിറ്റേ ദിവസം യൂണിയന്‍ ഓഫീസില്‍ നിന്ന് കടലാസുകള്‍ ഒപ്പിട്ടുകിട്ടി. വൈകാതെ സിന്ധ്യ സ്റ്റീംഷിപ്പ് എന്ന കമ്പനില്‍ നിയമന ഉത്തരവും ലഭിച്ചു. നഗരത്തിലെ പ്രശസ്തമായ ഒരു പത്രത്തിലെ റിപ്പോര്‍ട്ടറില്‍ നിന്ന് ചരക്കുകപ്പലിലെ കുശിനിക്കാരനിലേക്കുള്ള കൂടുമാറ്റത്തിന് അവിടെ തുടക്കമായി. അമ്പത് രൂപയായിരുന്നു ആ ജോലിയുടെ ശമ്പളം. എസ്എസ് കലജന്ന എന്നായിരുന്നു കപ്പലിന്റെ പേര്. ഇംഗ്ലണ്ടിലേക്കാണ് കപ്പല്‍ പോകുന്നത്. മടങ്ങിയെത്തുന്നതിനിടയില്‍ യൂറോപ്പിലെയും ആഫ്രിക്കയിലെയും ഒരു ഡസനിലേറെ തുറമുഖങ്ങളില്‍ കപ്പല്‍ താവളമടിക്കും. ഏതാനും ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ 1952 ഏപ്രില്‍ 17ന് കലജന്ന തന്റെ യാത്രയ്ക്ക് തയ്യാറായി. കുശിനിക്കാരനായി മാറിയ ആ യുവമാധ്യമപ്രവര്‍ത്തകനുള്‍പ്പടെയുള്ള ജോലിക്കാരനെയും വഹിച്ചുകൊണ്ട് കലജന്ന പ്രക്ഷുബ്ധമായ സമുദ്രത്തിലൂടെ കുതിച്ചു.

പാകിസ്താന്‍, ആഫ്രിക്ക വഴി ലണ്ടനിലേക്ക്

ഗുജറാത്തിലെ ഓഖയിലായിരുന്നു കപ്പല്‍ ആദ്യമെത്തിയത്. ദിവസങ്ങളോളം അവിടെ കഴിഞ്ഞു. അപ്പോഴേക്കും കപ്പലിലെ കുശിനിക്കാരും മറ്റു ജീവനക്കാരുമെല്ലാമായി ടിജെഎസ് അടുപ്പമുണ്ടാക്കി. അവരില്‍ പലരും ഈ ചെറുപ്പക്കാരന്‍ ജീവന്‍ പുലര്‍ത്താന്‍ വേണ്ടി കപ്പല്‍പ്പണിക്ക് വന്നയാളല്ലെന്നും അതിനുമപ്പുറത്ത് എന്തൊക്കെയോ ആണെന്നും തിരിച്ചറിഞ്ഞിരുന്നു. പിന്നീട് കപ്പല്‍ പാകിസ്താനിലെ കറാച്ചിയിലെത്തി. ‘എങ്ങും അശ്രദ്ധയും അലംഭാവവും’ നിഴലിച്ചിരുന്ന കറാച്ചിയിലെ തെരുവിലൂടെ ടിജെഎസും സുഹൃത്തുക്കളും നടന്നു. കറാച്ചിയില്‍ അവര്‍ താമസിച്ച ദിനങ്ങളില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയമായിരുന്നു. തീര്‍ത്തും മതപരമായ സ്വാധീനത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നിരുന്നത്. ആളുകളെ വോട്ട് ചെയ്യിക്കാനായി ചില സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാര്‍ക്ക് ബിരിയാണിയും ശീതളപാനിയങ്ങളുമെല്ലാം പരസ്യമായി നല്‍കുന്ന കാഴ്ചകണ്ട് ടിജെഎസ് വിസ്മയിച്ചു. പിന്നീട് യെമനിലെ ഏദനിലും സുഡാനിലുമെല്ലാം കപ്പല്‍ നങ്കൂരമിട്ടു. അവിടെയെല്ലാം ചുറ്റിക്കറങ്ങി മനുഷ്യരെയും അവരുടെ ജീവിതങ്ങളും കണ്ടു. പിന്നീട് സൂയസ് കനാല്‍ കടന്ന് മെഡിറ്ററേനിയന്റെ തണുപ്പിലൂടെ ഇംഗ്ലണ്ടിന്റെ തീരങ്ങളിലേക്ക്. ലിവര്‍പൂളിലിറങ്ങി കുറച്ചുനാള്‍ തങ്ങിയശേഷം ലണ്ടനിലെത്തുമ്പോഴേക്ക് എലിസബത്തിന്റെ കിരീടധാരണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിരുന്നു. ലണ്ടനില്‍ വെച്ച് ഇംഗ്ലീഷ് നാടകങ്ങള്‍ കണ്ടു. ഇംഗ്ലണ്ട് ശരിക്കുമൊരു ലഹരിയായി ആവേശിച്ചു.

യുദ്ധം തകര്‍ത്ത ജര്‍മ്മനിയില്‍

കപ്പല്‍ വീണ്ടും തെംസിലൂടെ മുന്നോട്ട്. മിഡില്‍സ്ബറോ, ന്യൂകാസില്‍ എന്നിവ പിന്നിട്ട് ജര്‍മ്മനിയിലേക്ക്. യുദ്ധം തകര്‍ത്തുകളഞ്ഞ നഗരങ്ങളെയും അതിജീവിക്കാന്‍ ശ്രമിക്കുന്ന ജനതയേയും കണ്ടു. ഹിറ്റ്‌ലറുടെ സ്മാരകങ്ങള്‍ കണ്ടു. എത്തുന്ന നാടുകളിലെല്ലാം പലതരത്തിലുള്ള മനുഷ്യരെ കണ്ടു. അവരുമായി സംസാരിച്ചു. അവരുടെ ജീവിതം അറിയാന്‍ ശ്രമിച്ചു. ജര്‍മ്മനിയില്‍ മദ്യശാലയില്‍വെച്ച് പരിചയപ്പെട്ടൊരു സ്ത്രീയെ ജീവിതത്തില്‍ താനൊരിക്കലും മറക്കില്ലെന്ന് ടിജെഎസ് കുറിക്കുന്നുണ്ട്. പ്രിയപ്പട്ടവരെല്ലാം യുദ്ധത്തില്‍ കൊല്ലപ്പെട്ട് തനിച്ചായ അവരോട് ഹിറ്റ്‌ലറെ കുറിച്ച് ചോദിക്കുന്നുണ്ട് അദ്ദേഹം. മഹാ കിറുക്കനാണ് അയാള്‍ എന്നായിരുന്നു രോഷത്തോടെയുള്ള അവരുടെ മറുപടി. ഇനിയൊരു യുദ്ധമുണ്ടായാല്‍ കുറച്ച റഷ്യക്കാരെ താന്‍ കൊല്ലുമെന്നും എത്ര ജര്‍മ്മന്‍ യുവാക്കളെയാണ് അവര്‍ കൊന്നതെന്നും ടിജെഎസിനോട് സ്ത്രീ പറയുന്നുണ്ട്. അവരോടുള്ള ദീര്‍ഘമായ സംസാരത്തില്‍ മഹായുദ്ധങ്ങള്‍ എങ്ങനെയെല്ലാമാണ് മനുഷ്യനെ സ്വാധീനിക്കുന്നതെന്ന വലിയ പാഠം തിരിച്ചറിയുകയായിരുന്നു അദ്ദേഹം.

ഹോളണ്ടും ബെല്‍ജിയവും പിന്നിട്ട് ചരക്കുമായുള്ള കപ്പലിന്റെ മടക്കയാത്ര. ഒടുവില്‍ യാത്രപുറപ്പെട്ട് നാല് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ബോംബെയില്‍ തിരിച്ച് കപ്പലിറങ്ങി. ഫ്രീ പ്രസിലെ സദാനന്ദിൻറെ നിര്‍ദേശപ്രകാരം അവിടെ ജോലിയില്‍ തിരിച്ചുകയറി. എ ജേണലിസ്റ്റ് അറ്റ് സീ എന്ന പേരില്‍ ഫ്രീ പ്രസിന്റെ വാരാന്ത്യപ്പതിപ്പായ ഭാരത്‌ജ്യോതിയില്‍ കപ്പല്‍യാത്രാനുഭവങ്ങള്‍ അടിച്ചുവന്നു. പുസ്തകമായപ്പോള്‍ കവര്‍ വരച്ചതും ഉള്ളിലെ ചിത്രങ്ങള്‍ വരച്ചതുമെല്ലാം അക്കാലത്തെ സഹപ്രവര്‍ത്തകന്‍ ബാല്‍ താക്കറെയായിരുന്നു. പിന്നീട് ലോകപ്രശസ്തമായ പുസ്തകങ്ങളെഴുതിയ ടിജെഎസ് ജോര്‍ജ് എന്ന പത്രപ്രവര്‍ത്തകനിലെ സൂക്ഷ്മദര്‍ശിയായ എഴുത്തുകാരനെ വായനക്കാര്‍ക്ക് ആദ്യമായി കാണിച്ചുകൊടുത്ത പുസ്തകമായി അത് മാറി. അന്ന് ഫ്രീ പ്രസില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്ന എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ പിന്നീടത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. നാടോടിപ്പക്കലില്‍ നാലുമാസം എന്ന പേരില്‍ അത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും പ്രസിദ്ധീകരിച്ചു.