നിക്കരാഗ്വയിലെ വിപ്ലവം വിജയിച്ച ദിവസം, പലായനംചെയ്ത ഏകാധിപതി അനസ്താസ്യോ സൊമോസ (Anastasio Somoza) യുടെ ബങ്കറിലേക്ക് ജനങ്ങള്‍ ഇരച്ചുകയറി. സൊമോസയുടെ മേശപ്പുറത്ത് അവര്‍ ഒരു പുസ്തകം കണ്ടെത്തി. കവിയും പുരോഹിതനും വിമോചനദൈവശാസ്ത്രത്തിന്റെ വക്താവും പില്‍ക്കാലത്ത് സാന്‍ഡിനിസ്താഗവണ്‍മെന്റിലെ മന്ത്രിയുമായ എര്‍ണെസ്‌തോ കര്‍ദിനാള്‍ (Ernesto Cardenal) രചിച്ച 'Gospel in Solentiname' എന്ന പുസ്തകമായിരുന്നു അത്. നിക്കരാഗ്വയിലെ സൊളെന്തിനാമെ ദ്വീപുകളില്‍ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ നടന്ന സുവിശേഷവ്യാഖ്യാനങ്ങളുടെ സംഗ്രഹമായിരുന്നു ആ പുസ്തകം. സത്യത്തില്‍ അവിടത്തെ ജനങ്ങള്‍ അവരുടേതായ രീതിയില്‍ ബൈബിള്‍ വ്യാഖ്യാനിക്കുകയും കര്‍ദിനാള്‍ അവ പുസ്തകരൂപത്തില്‍ പകര്‍ത്തുകയുംമാത്രമാണ് ചെയ്തത്. ദൈവമാണ് തങ്ങളെക്കൊണ്ട് ഈ രീതിയില്‍ സംസാരിപ്പിക്കുന്നതെന്ന് അവര്‍ കരുതിയിരുന്നെങ്കിലും ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പലതരത്തിലായിരുന്നു. അലെഹാന്‍ദ്രോ എന്ന കര്‍ഷകന്‍, മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുന്ന സേവനത്തെയാണ് ദൈവമെന്ന് വിളിച്ചത്. ഓസ്‌കര്‍ ഐക്യത്തെ പരിശുദ്ധാത്മാവായി കണ്ടു. എല്‍വിസിന് ദൈവം ഭാവിയിലെ സമൂഹമായിരുന്നു. ഫെലിപെയ്ക്ക് തൊഴിലാളിവര്‍ഗസമരമായിരുന്നു ദൈവം. ഹുലിയോ ദൈവത്തെ സമത്വമെന്നും ലോറിയാനോ വിപ്ലവമെന്നും വിളിച്ചു. ഇത്തരത്തിലുള്ള ഒരു പുസ്തകത്തെ ഏകാധിപത്യഭരണകൂടം നിരോധിച്ചതില്‍ അദ്ഭുതമില്ല. പക്ഷേ, നിരോധിച്ചയാള്‍തന്നെ, നിരോധിക്കപ്പെട്ട ആ പുസ്തകം സൂക്ഷിച്ചു. മാത്രമല്ല, അതിലെ ഒരു ഭാഗം അടിവരയിട്ടുവെക്കുകയുംചെയ്തു. ക്രിസ്തുവിന്റെ ജനനസമയത്ത് മൂന്ന് വിശുദ്ധജ്ഞാനികള്‍ ഏകാധിപതിയായ ഹെരോദിന്റെയടുത്തെത്തി യഹൂദന്മാരുടെ രാജാവിന്റെ ജനനത്തെക്കുറിച്ച് അന്വേഷിച്ചതിനെപ്പറ്റി പാബ്ലോ എന്ന കര്‍ഷകന്റെ അഭിപ്രായത്തിലായിരുന്നു സൊമോസ അടിവരയിട്ടത്: 'ഹെരോദിന് വെറുപ്പും അസൂയയും തോന്നിയിട്ടുണ്ടാകണം. എന്തുകൊണ്ടെന്നാല്‍, സമഗ്രാധിപതികള്‍ സ്വയം ദൈവമെന്ന് കരുതുന്നു. അവര്‍ക്കുമീതേ പോകാന്‍ ആരെയും അവര്‍ അനുവദിക്കുകയില്ല.'' ജനങ്ങള്‍ക്ക് തന്നെപ്പറ്റിയുള്ള അഭിപ്രായമായിട്ടായിരിക്കാം ഈ വാക്കുകളെ സൊമോസ കണ്ടിട്ടുണ്ടാവുക.
കര്‍ദിനാളിനോട് പൊറുത്ത പാപ്പ
സൊമോസയെ റിഗോബെര്‍ത്തോ ലോപെസ് പെരേസ് എന്ന കവി വെടിവെച്ചുകൊല്ലുകയും നിക്കരാഗ്വയില്‍ സാന്‍ഡിനിസ്താപാര്‍ട്ടി ഭരണമേല്‍ക്കുകയുംചെയ്തപ്പോള്‍ എര്‍ണെസ്‌തോ കര്‍ദിനാള്‍ സാംസ്‌കാരികമന്ത്രിയായി. കര്‍ദിനാള്‍ ബൈബിളിന് കമ്യൂണിസ്റ്റ് വ്യാഖ്യാനമാണ് നല്‍കുന്നതെന്ന പരാതി കത്തോലിക്കാസഭയിലെ പലര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, മന്ത്രിയായപ്പോള്‍ പുരോഹിതര്‍ ഭരണകൂടത്തിന്റെ ഭാഗമാകാന്‍പാടില്ലെന്ന സഭാനിയമം ലംഘിച്ചതിന്റെപേരിലാണ് അക്കാലത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ പൗരോഹിത്യത്തില്‍നിന്ന് വിലക്കിയത്. നിക്കരാഗ്വ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പ അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും സഭയുമായുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെടുകയുംചെയ്തു. പിന്നീട് 2019-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തിന്റെ പുരോഹിതപ്പട്ടം പുനഃസ്ഥാപിച്ചത്.
അല്ലെങ്കിലും ജോണ്‍ പോള്‍ മാര്‍പാപ്പയ്ക്ക് 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു മാര്‍ക്സിസ്റ്റാണെ'ന്ന് പ്രഖ്യാപിച്ച കര്‍ദിനാളിനോട് അനിഷ്ടം തോന്നിയത് സ്വാഭാവികം. കര്‍ദിനാള്‍ എഴുതുന്നു: 'Gospel in Solentiname എന്ന പുസ്തകത്തെപ്പറ്റി ലോകമെമ്പാടുംനിന്ന് നിരൂപണങ്ങള്‍ വന്നു. പോളണ്ടില്‍നിന്ന് വന്ന അഭിപ്രായക്കുറിപ്പ് തികച്ചും വ്യത്യസ്തമായിരുന്നു. ഞങ്ങള്‍ക്ക് സൊമോസാഭരണകൂടമായിരുന്നു പരീശന്മാര്‍. പക്ഷേ, പോളണ്ടുകാര്‍ക്ക് അവിടത്തെ കമ്യൂണിസ്റ്റ് അധികാരികളായിരുന്നു അത്.'' പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും കമ്യൂണിസത്തെപ്പറ്റിയുള്ള ആ ധാരണ മനസ്സില്‍വെച്ചിട്ടുണ്ടാകാം. പക്ഷേ, ലാറ്റിനമേരിക്കക്കാരനും ഏകാധിപത്യഭരണത്തെ എതിര്‍ത്തവരെ മുഴുവന്‍ കമ്യൂണിസ്റ്റുകാരായി മുദ്രകുത്തുന്നതിന് സാക്ഷിയുമായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്തകള്‍ കൂടുതല്‍ ഉദാരമായിരുന്നു. പോളണ്ടില്‍ കമ്യൂണിസം അടിച്ചമര്‍ത്തലായിരുന്നെങ്കില്‍ നിക്കരാഗ്വയില്‍ അത് വിമോചനമായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തന്റെ ആത്മകഥയായ Life: My Story Through History എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് പാപ്പ എഴുതി: ''ജനറല്‍ ഹോര്‍ഹെ റഫായെല്‍ വിദേല (Jorge Rafael Videla) അര്‍ജന്റീനയിലെ ഏകാധിപതിയായപ്പോള്‍ പാവങ്ങള്‍ക്കും ഭൂവുടമകളാല്‍ ചൂഷണംചെയ്യപ്പെടുന്ന കര്‍ഷകര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന പാതിരിമാരെ സംശയത്തോടെയാണ് കണ്ടത്. സൈനികഭരണകൂടം കരുതിയിരുന്നത് അവര്‍ കമ്യൂണിസ്റ്റുകാരാണെന്നായിരുന്നു. അത്തരത്തിലൊരാളായിരുന്നു ബിഷപ്പ് എന്റിക്വ് ആന്‍ഹെലേലി. പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെമേല്‍ സുവിശേഷത്തിന് മാര്‍ക്സിസ്റ്റ് വ്യാഖ്യാനം നല്‍കിയെന്ന കുറ്റം ചുമത്തപ്പെട്ടു. പക്ഷേ, വത്തിക്കാന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിരുന്നില്ല. 1976-ല്‍ ഒരു വാഹനാപകടത്തില്‍ അദ്ദേഹം മരിച്ചു. പക്ഷേ, അതൊരു അപകടമായിരുന്നില്ല, കൊലപാതകമായിരുന്നു. അതിന് കാരണക്കാരായ രണ്ട് മുന്‍സൈനികര്‍ക്ക് പിന്നീട് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.'' ഏകാധിപത്യഭരണത്തെ എതിര്‍ത്തിരുന്ന എര്‍ണെസ്‌തോ കര്‍ദിനാളെ അനുഭാവത്തോടെ കാണാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇതും കാരണമാകാം.
'ഞാനൊരു പാപിയാണ്'
ഏറ്റവും തുറന്ന മനസ്സിനുടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. 'A Big Heart Open to God' എന്ന പുസ്തകത്തില്‍, സ്വയം നിര്‍വചിക്കാന്‍ ഇറ്റാലിയന്‍ പുരോഹിതനും പത്രപ്രവര്‍ത്തകനുമായ അന്റോണിയോ സ്പദാരോ (Antonio Spadaro), മാര്‍പാപ്പയോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ''ഞാനൊരു പാപിയാണ്. അതാണ് ഏറ്റവും കൃത്യമായ വിശേഷണം. ഞാനിത് ആലങ്കാരികമായി പറയുകയല്ല. ഞാനൊരു പാപിയാണ്.'' സ്വയം ഒരു പാപിയായി കരുതുന്നതുകൊണ്ടാകാം, അദ്ദേഹം മറ്റുള്ളവരുടെ പാപങ്ങള്‍ ക്ഷമിക്കാന്‍ എപ്പോഴും സന്നദ്ധനായിരുന്നു. സഭയിലെ യാഥാസ്ഥിതികര്‍ ഏറ്റവും വലിയ തെറ്റെന്നുകരുതിയ വിമോചനദൈവശാസ്ത്രത്തെപ്പോലും അദ്ദേഹം അന്ധമായി എതിര്‍ത്തിരുന്നില്ല. ''വിമോചനദൈവശാസ്ത്രത്തിന് സഭയ്ക്കുള്ളിലെ എല്ലാ ആന്തരികപരിണാമങ്ങളെയുംപോലെ നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. അതിനും പരാധീനതകളും അധികരണങ്ങളുമുണ്ട്'' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
Content Highlights: vakkolam jayakrishnan farncis marpappa books and thoughts
Published: 17 May 2025, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented