വൈക്കം മഹാദേവക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ പൊതുജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണം. നിരത്തുകളിലും ക്ഷേത്രമതിലിന് ദൂരത്തായും സ്ഥാപിച്ചിരിക്കുന്ന തീണ്ടല്‍പ്പലകകള്‍ എടുത്തുമാറ്റണം എന്നിവയായിരുന്നു വൈക്കം സത്യാഗ്രഹം മുന്നോട്ടുവച്ച പരിമിതമായ ആവശ്യം. തിരുവിതാംകൂര്‍ പ്രജാസഭാപ്രതിനിധിയിരുന്ന മഹകവി കുമാരനാശാന്‍ 1920 ജൂലായ് 27ന് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളിലൂടെ ഈഴവരുടെയും മറ്റ് അവര്‍ണ്ണ വിഭാഗങ്ങളുടെയും പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതായും തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ പുറമതിലിലും പൊതുനിരത്തുകളിലും തീണ്ടല്‍പ്പലകകള്‍ സ്ഥാപിച്ചിരിക്കുന്നതായും പൊതുജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതായും ചൂണ്ടിക്കാട്ടി. എന്നാല്‍ തിരുവിതാംകൂര്‍ ഭരണകൂടം അത് നിഷേധിച്ചു. ക്ഷേത്രപ്രവേശനത്തിനായുള്ള പ്രമേയം തിരുവിതാംകൂര്‍ പ്രജാസഭയില്‍ അവതരിപ്പിക്കാന്‍ 1921 സെപ്റ്റംബറില്‍ ടി കെ മാധവന്‍ അനുമതി തേടി. ദിവാന്‍ രാഘവയ്യ അനുമതി നിഷേധിച്ചു. രാജാവിനെ മുഖം കാണിക്കാനുള്ള അവസരവും ടി കെ മാധവന് നല്‍കിയില്ല. 1921 സെപ്റ്റംബര്‍ 24ന് തിരുനല്‍വേലിയിലെത്തി മഹാത്മാഗാന്ധിയെ നേരില്‍ക്കണ്ട ടി കെ മാധവന്‍ കേരളത്തിലെ ജാതിവിവേചനത്തെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും അയിത്തോച്ചാടനത്തിന് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 1923 ഡിസംബര്‍ 28 മുതല്‍ 1924 ജനുവരി ഒന്നുവരെ ആന്ധ്രപ്രദേശിലെ കാക്കിനഡയില്‍ നടന്ന കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ ടി കെ മാധവന്‍ നല്‍കിയ നിവേതനത്തിന്റെ ഫലമായി കോണ്‍ഗ്രസ് കമ്മറ്റികള്‍ ആയിത്തോച്ചാടനത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രമേയം അംഗീകരിച്ചു. കോണ്‍ഗ്രസ് നേതൃത്ത്വത്തില്‍ അയിത്തോച്ചാടന സമതികള്‍രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. 1924 മാര്‍ച്ച് 30ന് വൈക്കം സത്യാഗ്രഹം ആരംഭിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വവും മഹാത്മാഗാന്ധിയുടെ പിന്തുണയും വൈക്കം സത്യാഗ്രഹത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. 

To advertise here,

കടന്നുപോകുന്നതാണ് പ്രശ്‌നം 

1925 മാര്‍ച്ച് ഒമ്പതിനാണ് മഹാത്മാ ഗാന്ധി വൈക്കം സന്ദര്‍ശിക്കുന്നത്. അദ്ദേഹത്തിന്റെ സെക്രട്ടറി മഹാദേവദേശായി, മകന്‍ രാമദാസ് ഗാന്ധി, സി രാജഗോപാലാചാരി, ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സത്യാഗ്രഹത്തിന് സമവായമുണ്ടാക്കാനാണ് ഗാന്ധി ശ്രമിച്ചത്. ക്ഷേത്രത്തിന്റെ അധികാരം കൈയ്യാളിയിരുന്ന ഇണ്ടംതുരുത്തി മനയിലെ ദേവന്‍ നീലകണ്ഠന്‍ നമ്പ്യാതിരിയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചുകൊണ്ട് മഹാദേവദേശായി ഒരു കുറിപ്പയച്ചു. ജാതിയില്‍ വൈശ്യനായ ഗാന്ധിയെ കാണാന്‍ നമ്പ്യാതിരിക്ക് താല്പര്യമില്ലായിരുന്നു. തന്നെ കാണണമെങ്കില്‍ വീട്ടില്‍ വന്ന് കാണണമെന്നായിരുന്നു നമ്പ്യാതിരിയുടെ മറുപടി. പിറ്റേന്ന് ഉച്ചയ്ക്ക് 2.30ന് മഹാദേവദേശായി, രാമദാസ് ഗാന്ധി, സി രാജഗോപാലാചാരി, ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍ എന്നിവര്‍ക്കൊപ്പം മഹാത്മാഗാന്ധി ഇണ്ടംതുരുത്തി മനയിലെത്തി. പക്ഷെ, വൈശ്യനായ ഗാന്ധിയെ നമ്പ്യാതിരി അകത്തു കടത്തിയില്ല, പ്രത്യേകം തയ്യാറാക്കിയ പുറംവരാന്തയിലിരുത്തി. നമ്പ്യാതിരിയും കൂട്ടരും അകത്തെ മുറിയിലിരുന്നു. തുറന്നിട്ട ജനാലയിലൂടെയായിരുന്നു സന്ധിസംഭാഷണം. 

മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയിലെ ഒരു പ്രധാനഭാഗം ഇതാണ്: 
മഹാത്മാഗാന്ധി: ''അവര്‍ക്ക് ആ റോഡുകളില്‍ ഇരിക്കണമെന്നില്ല. റോഡുകളില്‍ അവര്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കില്ല. അതിലൂടെ അവര്‍ക്ക് കടന്നു പോകണമെന്നുമാത്രം.''
ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന്‍ നമ്പ്യാതിരിയുടെ മറുപടി ഇതായിരുന്നു: 
''കടന്നുപോകാന്‍ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം'' 
ചര്‍ച്ചയില്‍ ഗാന്ധി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ഏതെങ്കിലും പരിഗണിക്കണമോ വേണ്ടയോ എന്ന് തീരുമാനിച്ച് പിന്നീടറിയിക്കാം എന്ന് നമ്പ്യാതിരി ഗാന്ധിയോട് പറഞ്ഞു. ഭഗവദ്ഗീതയിലെ ഒരു സൂക്തം ചെല്ലി ഗാന്ധി പിരിയാന്‍ ആഞ്ഞപ്പോള്‍ അതിന് മറുപടിയായി നമ്പ്യാതിരി മറ്റൊരു സൂക്തം ചൊല്ലി (ഇരുവരും ഉരുവിട്ട സൂക്തങ്ങള്‍ ഏതായിരുന്നുവെന്ന് സത്യാഗ്രഹ രേഖകളില്‍ കാണുന്നില്ല). വൈകീട്ട് 5.10ന് സന്ധിസംഭാഷണം അവസാനിച്ചു. 
സമവായമുണ്ടായില്ല. സത്യാഗ്രഹം തുടര്‍ന്നു. 

എന്തുകൊണ്ട് വൈക്കം 

തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളും സമീപനിരത്തുകളിലൂടെയുള്ള അവര്‍ണ്ണരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. സഞ്ചാരസ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും അവര്‍ണ്ണരുടെ പൊതുമനുഷ്യാവകാശപ്രശ്‌നമായാണ് കുമാരാനാശാന്‍ പ്രാജാസഭയില്‍ ഉന്നയിക്കുന്നത്. എന്നാല്‍ സമരകേന്ദ്രമായി മാറുന്നത് വൈക്കമാണ്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ടായിരുന്നു. മഹാത്മഗാന്ധിയുമായുള്ള സംഭാഷണത്തിന്റ ഇണ്ടതുരുത്തി മനയിലെ നീലകണ്ഠന്‍ നമ്പ്യാതിരി ഉറപ്പിച്ച് പറയുന്നത്  ''കടന്നുപോകാന്‍ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം'' എന്നാണ്. ആ വാക്യത്തില്‍ സാമൂഹികമായ ഒരോര്‍മ്മയുടെ സ്ഫുരണമുണ്ട്. മണ്ണുമൂടിയ ഭൂതകാലത്തിന്റെ മടങ്ങിവരവ് സവര്‍ണ്ണ വര്‍ത്തമാനത്തെ അസ്വസ്ഥമാക്കിയിരുന്നു. 
എന്തായിരുന്നു ആ ഭുതകാലം? വൈക്കംക്ഷേത്രത്തിനും ചുറ്റുമുള്ള പൊതുനിരത്തിലൂടെ സഞ്ചരിക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനുമുള്ള അവകാശത്തിനായി1806ല്‍ നാട്ടിലെ ഈഴവയുവാക്കള്‍ ബ്രാഹ്‌മാണനിയമം ലംഘിച്ചു. ആ സമരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ഈഴവയുവാക്കളെ അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പിദളവയുടെ നിര്‍ദ്ദേശപ്രകാരം വൈക്കംപദ്മനാഭപിള്ള, കുഞ്ഞിക്കുട്ടി പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള പട്ടാളം കൂട്ടക്കൊല ചെയ്യുകയും ക്ഷേത്രത്തിന് കിഴക്കുഭാഗത്തുണ്ടായിരുന്ന കുളത്തില്‍ കൂട്ടത്തോടെ കുഴിച്ചുമൂടുകയും ചെയ്തു. ദളവാക്കുളം കൂട്ടക്കൊല ചരിത്രമല്ലന്നും കഥയാണെന്നും കേവലം മിത്താണെന്നും വാദമുണ്ട്. പിന്നീട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡായിമാറിയ ദളവാക്കുളം മൈതാനം ഹിംസയുടെ ഭൂതകാലത്തെ വഹിക്കുന്നുണ്ട്.

കീഴാള ജനതയുടെ സമരചരിത്രത്തിലെ ഏറ്റവും വലിയ സന്ദിഗ്ധത ക്രമബദ്ധമായ  രേഖകളുടെ ഇല്ലായ്മയോ, ഓര്‍മ്മകളുടെ മാഞ്ഞുപോകലോ ആണ്. സമരമോ കലാപമോ സംഭവിച്ച കാലത്തിന്റെ രേഖപ്പെടുത്തല്‍ ഏറെക്കുറെ അസാധ്യമായിരിക്കും. സമരങ്ങളോ കലാപങ്ങളോ പരാജയപ്പെട്ട ഉദ്യമങ്ങളാണെങ്കില്‍ പ്രത്യേകിച്ചും. കീഴാള സമരങ്ങള്‍ മിക്കപ്പോഴും പരാജയത്തിന്റെയോ, നഷ്ടങ്ങളുടെയോ ത്യാഗനിര്‍ഭരമായ ഓര്‍മ്മകളാണ്. കലാപാനന്തരം നിലവില്‍വരുന്ന അധികാരശക്തികള്‍ പരാജിതരുടെ സാഹസികവും സമരഭരിതവുമായ ആസന്ന ഭൂതകാലത്തെ ഭയചകിതമായ വര്‍ത്തമാനകാലത്താല്‍ മായ്ച്ചുകളയും. അവിടെ കലാപത്തെ സംബന്ധിക്കുന്ന ഔദ്യോഗികവും, ആധികാരികവുമായ ഭരണകൂടവ്യവഹാരങ്ങള്‍ നിലവില്‍വരും. അതുസൃഷ്ടിക്കുന്ന ശരിതെറ്റുകളുടെ ഉറപ്പില്ലായ്മയില്‍, രേഖകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ ഔദ്യോഗികചരിത്രം സമൂഹത്തിന്റെ ഓര്‍മ്മകളില്‍ പടരും. ഇത്തരം ഔദ്യോഗിക വ്യവഹാരങ്ങള്‍ക്കെതിരെ കീഴാളരുടെയോ അടിച്ചമര്‍ത്തപ്പെട്ടവരുടെയോ ഓര്‍മ്മകള്‍ ഉന്നയിക്കപ്പെടുകയില്ല. വര്‍ത്തമാനകാലഭീതിയും ഔദ്യോഗിക വ്യവഹാരങ്ങളുടെ വ്യാപനവും സമരസ്മൃതികളെ ഭയഭരിതമായ സ്വകാര്യതകളിലേയ്ക്ക് ഒതുക്കും. രക്തസ്‌നാതനവും ത്യാഗനിര്‍ഭരവുമായ സ്മൃതികള്‍ അവരവരില്‍ത്തന്നെ പിന്‍വാങ്ങിനില്‍ക്കുകയോ ആണ്ടൊടുങ്ങുകയോ ചെയ്യും. അത് തുറന്നുപറയില്ല; ആവിഷ്‌കരിക്കുക്കപ്പെടുകയുമില്ല. അങ്ങനെ കീഴാള സമരസ്മൃതികള്‍ക്ക് തലമുറകളിലേയ്ക്ക് അനായാസവും സുഗമമവുമായി സഞ്ചരിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാകും. ഒഴുക്കറ്റതോ, ഗതിമാറിയതോ, കലര്‍ന്നതോ, നേര്‍ത്തതോ ആയ ഓര്‍മ്മ പ്രവാഹത്തിന്റെ തിട്ടമില്ലായ്മയില്‍ കീഴാളചരിത്രം പലപ്പോഴും ചരിത്രവിജ്ഞാനീയത്തിന്റെ രീതിശാസ്ത്രത്തിന് സമാന്തരമായോ, അപരമായോ, പ്രതി ആഖ്യാനങ്ങളായോ നിലകൊള്ളുന്നു.
വാള്‍ട്ടര്‍ ബന്യാമിന്‍ നിരീക്ഷിക്കുന്നതുപോലെ 'ചരിത്രം വിജയികളുതേതാണ്. അവരാണ് അതെഴുതിയത്.' അതിനാല്‍തന്നെ പരാജിതരുടെ പരമ്പര അതില്‍ അതൃപ്തരായിരിക്കും. അവര്‍ ഭൂതകാലത്തിന്റെ ശേഖരങ്ങളില്‍ പ്രതീക്ഷയുടെ കനല്‍ കണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. കാലത്തിന്റെ അടരുകളില്‍ നിന്ന് സ്മൃതിരേഖകളുടെ മടങ്ങിവരുവുകള്‍ ചിലപ്പോള്‍ സാധ്യമാണ്. വാള്‍ട്ടര്‍ ബന്യാന്‍ എഴുതുംപോലെ 'ഭൂതകാലത്തിന്റെ ചരിത്രപരമായ ആവിഷ്‌കാരം എന്നത് യഥാര്‍ത്ഥത്തില്‍ അതെങ്ങനെയായിരുന്നു എന്ന കണ്ടെത്തലല്ല, മറിച്ച് ഘോരമായ ആപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഒരോര്‍മ്മയെ പിടിച്ചെടുക്കലാണ്.' ചരിത്രത്തിന്റെ പുനര്‍വായനകളില്‍ ഭൂതകാലത്തിന്റെ കനല്‍ ഊതിയുണര്‍ത്തുന്ന തീഷ്ണവും ഇച്ഛാഭരിതവുമായ ഖനനങ്ങളുടണ്ട്. ഓര്‍മ്മകളില്‍നിന്ന് ചരിത്രത്തെ ഖനിച്ചെടുക്കുന്നതില്‍ കാല്പനികതകളും സന്ദിഗ്ധതകളുടെ ആഖ്യാനങ്ങളുമുണ്ട്. ഭൂതകാലത്തിന്റെ ഒറ്റ നിമിഷത്തെ വീണ്ടെടുക്കാനായാല്‍ അത് വര്‍ത്തമാനകാലത്തേയ്ക്ക് നീട്ടിവരയ്ക്കാവുന്ന ചരിത്ര രേഖയായിത്തീരും. വേദനകളുടെ മുഴുവന്‍ സ്മൃതികളെയും അതിലൂടെ ചരിത്രപ്പെടുത്താനാകും. പരാജയപ്പെട്ടവരുടെ, ത്യാഗഭരിതമായ ചരിത്രമെഴുത്തിലേയ്ക്ക് അത് വികസിച്ചേക്കാം. അങ്ങനെ വിജയിച്ച ചരിത്രത്തിനെതിരെ പരാജിതരുടെ പ്രതിചരിത്രം സാധ്യമാകും. കഥകളായും മിത്തുകളായും ഓര്‍മ്മയുടെ പലശിഖരങ്ങളുള്ള ആഖ്യാനങ്ങളായും അത് സമൂഹത്തിന്റെ സ്മരണകളില്‍ ലീനമായിരിക്കും. 

തിരുവിതാംകൂറില്‍ തൊഴിലെടുക്കുന്ന പുരുഷന്‍മാരില്‍നിന്ന് തലക്കരവും സ്ത്രീകളില്‍ നിന്ന് മുലക്കരവും പിരിച്ചിരുന്നു. ചേര്‍ത്തലയിലെ ഈഴവ തൊഴിലാളി സ്ത്രീയായിരുന്ന നങ്ങേലി മുലക്കരം ഒടുക്കിയില്ല. കരം പിരിക്കാനെത്തിയ രാജ കിങ്കരന്‍മാര്‍ക്കുമുന്നില്‍ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയില്‍വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചു. നങ്ങേലി രക്തംവാര്‍ന്നു മരിച്ചുവെന്നും അവരുടെ ഭര്‍ത്താവ് ചിരിരുകണ്ടന്‍ ആ ചിതയില്‍ചാടിമരിച്ചുവെന്നും പുരാവൃത്തം. 1810ല്‍ ശ്രീമൂലം തിരുനാളാണു മുലക്കരം നിര്‍ത്തലാക്കിയത്. നങ്ങേലി മരിച്ചസ്ഥലം മുലച്ചിപ്പറമ്പ് എന്നപേരില്‍ അറിപ്പെട്ടു. നങ്ങേലി ജീവിച്ചിരുന്നോ ഇല്ലയോ എന്നതല്ല ചോദ്യം. നങ്ങേലിയുടെ രൂപകം അനീതിയുടെ ചരിത്രത്തെയാണ് നിരന്തരം വര്‍ത്താമാനപ്പെടുത്തുന്നത്. 

ഗോത്ര പുരാവൃത്തങ്ങളിലും സമാനമായ വാങ്മയങ്ങളുണ്ട്. തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ മലയരയ ഗോത്രക്കാര്‍ക്ക് തലക്കരവും മുലക്കരവും ചുമത്തിയിരുന്നു. ഒരിക്കല്‍ രാജാവിന്റെ ആള്‍ക്കാര്‍ വന്ന് തലക്കരവും മുലക്കരവും ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് തരാന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. പിരിവുകാരുടെ കൊടും ചൂഷണത്തിന്റെ അസഹനീയമായ നിമിഷത്തില്‍ അടുത്തുനിന്ന മലയരയരില്‍ ഒരുവന്റെ തലവെട്ടിയെടുത്ത് ഇതാ നിന്റെ തലക്കരം കൊണ്ടുപോയി രാജാവിന് കൊടുക്ക് എന്നുപറഞ്ഞുവെത്രെ. മുലക്കരം ചോദിച്ചു വന്നവര്‍ക്ക് ഒരു സ്ത്രീ തന്റെ മുല ഛേദിച്ച് ഇതാ മുലക്കരമെന്നു പറഞ്ഞ് കൊടുത്തു. ഈ സംഭവമറിഞ്ഞ രാജാവ് അതോടെ തലക്കരവും മുലക്കരവും നിര്‍ത്തലാക്കി എന്നാണ് കഥ. ഏതെങ്കിലും ഒരു രാജാവിനെ പരാമര്‍ശിക്കുന്നതല്ല ഈ കഥ. കാലാകാലങ്ങളില്‍ ഗോത്രഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന നാട്ടധികാരത്തിന്റെ ചൂഷണത്തെ ധ്വനിപ്പിക്കുന്ന രക്തസ്നാതനമായ ഗോത്ര പുരാവൃത്തമാണിത്. പുരാവൃത്തങ്ങള്‍ കേവലമായുണ്ടാകുന്നതല്ല, ഹിംസയുടെ സന്ദര്‍ഭത്തെ ആവിഷ്‌കരിക്കാന്‍ അത് കഥകളായി, പുരാവൃത്തങ്ങളായി ഓര്‍മ്മകളില്‍ ആര്‍ക്കൈവ് ചെയ്യുകയാണ്. ദളവാക്കുളംകൂട്ടക്കൊല സമൂഹമനസ്സില്‍ നിലകൊണ്ടതും അതുകൊണ്ടാണ്. ഹിംസയുടെ സന്ദര്‍ഭം സമൂഹമനസ്സില്‍ ആഴത്തില്‍ പതിപ്പിച്ച മുറിവിന്റെ നീറ്റല്‍ ഓര്‍മ്മകളിലൂടെ വീണ്ടെടുക്കപ്പെടും. അത്തരമൊരു വീണ്ടെടുക്കലിന്റെ സാമൂഹിക സന്ദര്‍ഭമാണ് വൈക്കത്തെ സമരസ്ഥലമായി-സത്യാഗ്രഹകേന്ദ്രമാക്കി മാറ്റുന്നത്. വംശഹത്യയുടെ ആ ഭുതകാലത്തെക്കുറിച്ചുള്ള ഭയചകിതമായ ഓര്‍മ്മയാണ് ''കടന്നുപോകാന്‍ അനുവദിക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം'' എന്ന്  ഇണ്ടതുരുത്തി മനയിലെ നീലകണ്ഠന്‍ നമ്പ്യാതിരിയുടെ വാചകത്തെ ചൂഴുന്നത്. 

കാലത്തിന്റെ കാവുതീണ്ടല്‍

പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തില്‍ ഈഴവയുവാക്കള്‍ വൈക്കം ക്ഷേത്രനിരത്തിലേയ്ക്ക് നടന്നുകയറിയിതിന്റെ കാരണമെന്താണ്? എന്തുകൊണ്ടാണ് ക്ഷേത്രാധികാരികളെന്നു കരുതുന്ന ബ്രാഹ്‌മണര്‍ ഭൂതകാലത്തെ ഭയപ്പെടുന്നത്? വെമ്പൊലിനാടിന്റെ ഭാഗമായിരുന്നുവൈക്കം. പിന്നീട് വെമ്പൊലിനാട് അസ്തമിച്ച് തെക്കുംകൂര്‍ എന്നും വടക്കുംകൂര്‍ എന്നും രണ്ട് നാട്ടുരാജ്യങ്ങളുണ്ടായി. വൈക്കം വടക്കുംകൂര്‍ നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായി. കടലും കായലും വച്ചുണ്ടായ കരയാണ് വൈക്കം. വേമ്പനാട്ട് കായലിനോട് തൊട്ടുകിടക്കുന്ന പട്ടണം പൂരാതനകാലത്തെ പ്രധാനപ്പെട്ട ഉള്‍നാടന്‍ തുറമുഖമായിരുന്നു. അറബിക്കടലുമായി ബന്ധപ്പെട്ടുകിടക്കയാല്‍ മുചിരിപ്പട്ടണത്തുനിന്നും പില്‍ക്കാലത്ത് കൊച്ചി തുറമുഖത്തുനിന്നും വൈക്കത്തേയ്ക്ക് സുഗമമായ ജലഗതാഗതമുണ്ടായിരുന്നു. ദക്ഷിണദേശത്തേയ്ക്ക് ജലമാര്‍ഗം സഞ്ചരിച്ച ബുദ്ധമതപ്രചാരകര്‍ തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിലും ശ്രീലങ്കയിലും ബുദ്ധമതം പ്രചരിപ്പിച്ചു. അശോകന്റെ മിഷനറിമാര്‍ ഇന്നത്തെ കേരളത്തിന്റെ കടലോര, കായലോരപ്രദേശങ്ങളില്‍ ബുദ്ധമതം സന്ദേശവുമായെത്തി. കേരളത്തിലെ പ്രധാന ജനപഥങ്ങളെന്നപോലെ വൈക്കവും ബൗദ്ധകേന്ദ്രമായി. 

ഇന്നത്തെ വൈക്കെം മഹാദേവക്ഷേത്രം മഹായാന ബുദ്ധവിഹാരമായിരുന്നു. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ അമേരിക്കന്‍ കലാചരിത്ര ഗവേഷക സ്റ്റെല്ലാ ക്രാംറിച്ച്  ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മ്മിതിയിലെ വാസ്തു ശൈലിയിലും ശില്പകലയിലും ബുദ്ധകാലം അടയാളപ്പെട്ടുകിടക്കുന്നതായി വാസ്തു-കലാചരിത്രപഠിതാക്കള്‍ രേഖപ്പെടുത്തുന്നു. 1539 വരെ വൈക്കം മഹാദേവക്ഷേത്രം ഒരു ബുദ്ധവിഹാരമായിരുന്നുവെന്ന് സ്റ്റെല്ലാ ക്രാംറിച്ച് കണ്ടെത്തുന്നു (ടലേഹഹമ ഗൃമാൃശരെവ.1991). ലിംഗപൂജയില്‍ അധിഷ്ടിതമായ ശിവഭക്തപ്രസ്ഥാനം ദക്ഷിണേന്ത്യയില്‍ ശക്തിപ്രാപിക്കുകയും രാജാധികാരം ബ്രാഹ്‌മണ പൗരോഹിത്യത്തിന് കീഴടങ്ങുകയും ചെയ്ത ചരിത്രഘട്ടത്തിലാണ് കേരളത്തിലെ ബുദ്ധവിഹാരങ്ങള്‍ ബ്രാഹ്‌മണര്‍ കയ്യേറി ക്ഷേത്രങ്ങളാക്കിമാറ്റുന്നത്. വൈക്കം വിഹാരത്തലുണ്ടായിരുന്ന ബുദ്ധനെ പുറത്താക്കി ശിലാംലിംഗം സ്ഥാപിച്ചു. ക്ഷേത്ര മതില്‍ക്കെട്ടിലുള്ള പനച്ചിക്കല്‍ കാവ് ബുദ്ധനെ പുറത്തിരുത്തിയ സ്ഥലമാണ്. ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രത്തിനു പുറത്ത് കാവുടയോന്‍ എന്ന പേരിലാണ് ബുദ്ധനെ പുറത്തിരുത്തിയത്. അങ്ങനെ വിഹാരങ്ങളില്‍ നിന്ന് ബുദ്ധനെയും അനുയായികളെയും പുറത്താക്കുകമാത്രമല്ല, ബ്രാഹ്‌മണാധികാരത്തിന് വിധേയപ്പെടാതിരുന്ന അവരെ അവര്‍ണ്ണരും തീണ്ടല്‍ ജാതികളുമായി കണക്കാക്കി ആട്ടിയോടിച്ചു. ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുകയും ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴിയില്‍ സഞ്ചരിക്കുന്നത് വിലക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ കാവിലേയ്‌ക്കോ വിഹാരങ്ങളിലേയ്‌ക്കോ അവര്‍ മടങ്ങിവരുന്നതിന് പൂര്‍ണ്ണമായും പ്രതിരോധിക്കുന്നതിനുള്ള തന്ത്രമായിരുന്നു ഈ സഞ്ചാരവിലക്ക്. 

വൈക്കം, ഏറ്റുമാരൂര്‍, കടുത്തുരുത്തി, ചേര്‍ത്തല, ചെങ്ങന്നൂര്‍, കൊചുങ്ങല്ലൂര്‍ ക്ഷേത്രങ്ങള്‍ പ്രാചീനബുദ്ധ വിഹാരങ്ങളായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ പല പുരാതന ക്ഷേത്രങ്ങളില്‍ ഒരാചാരമായി ഇന്നും തുടരുന്ന കീഴാളജാതിയുടെ കാവുതീണ്ടലില്‍ ഈ ബുദ്ധകാലചരിത്രം ലീനമാണ്. ചരിത്രം സര്‍വ്വശക്തിയുമെടുത്ത് മടങ്ങിവരുമെന്ന ഭയമാണ് ബ്രാഹ്‌മണ്യത്തെ ഉലച്ചത്. ഭൂതകാലത്താല്‍ പ്രചോദിതരായി കാവുതീണ്ടാനെത്തിയ ഈഴവരെയാണ് കൊന്ന് കുഴിച്ചുമൂടിയത്. അവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണയിലാണ് വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. 

ജാതിക്ക് പുറത്തേയക്ക് 

വിപുലവും നവീകരണസജ്ജവുമായ ധാരകളുടെ കൂടിച്ചേരല്‍ വൈക്കം സത്യാഗ്രഹത്തെ രാഷ്ട്രീയസമരമാക്കി മാറ്റി. ശ്രീനാരായണഗുരുവിന്റെ മാനവികദര്‍ശനം കുമാരനാശാനിലൂടെയും ടി കെ മാധവനിലൂടെയും സമുദായ നവീകരണത്തിന്റെ ധാരകള്‍ കണ്ടെത്തി. അയ്യന്‍കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും നേതൃത്വത്തിലുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച സാമൂഹ്യാവബോധം സ്വയം നവീകരിക്കാനുള്ള വരേണ്യസമുദായങ്ങളുടെ ശ്രമങ്ങള്‍ക്കും കാരണമായി. മന്നത്ത് പത്മനാഭന്റെ നേതൃത്ത്വത്തില്‍ രൂപംകൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിയും വി ടി ഭട്ടതിരിപ്പാടിന്റെ മുന്‍കയ്യില്‍ ഉദയംചെയ്ത യോഗക്ഷേമസഭയും നവോത്ഥാന ആശയങ്ങളുടെ മൂശയിലാണ് സ്വന്തം സമുദായത്തെ വിഭാവനചെയ്തത്. സമാന്തരമായി പി. കൃഷ്ണപിള്ള, കെ പി കേശവമേനോന്‍, കെ കേളപ്പനെയും എ കെ ഗോപാലന്‍, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയ നേതാക്കള്‍ സവര്‍ണ്ണ ജന്‍മിത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സാമൂഹ്യരാഷ്ട്രീയ ചിന്താസരണി തുറന്നു. വൈക്കം സത്യാഗ്രഹത്തെ ജനകീയ മുന്നേറ്റമാക്കുന്നതില്‍ ദേശീയസ്വാസന്ത്ര്യസമരപ്രസ്ഥാനം വലിയപങ്കുവഹിച്ചു. ഗാന്ധിജിയുടെ ഇടപെടല്‍ അതിന് സാര്‍വ്വദേശീയ ശ്രദ്ധനേടിക്കൊടുത്തു. ഒരു പൊതുലക്ഷ്യത്തിനായി സംഘടിക്കാമെന്ന വലിയ സാധ്യത ജാതിക്ക് പുറത്തേയ്ക്ക് വിപുലപ്പെടുന്നതായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ സവര്‍ണ്ണജാഥ. 

മഹാത്മാ ഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ച് ഒരുലക്ഷംപേര്‍ ഒപ്പിട്ട മെമ്മോറിയല്‍ മഹാരാണിറീജന്റിന് സമര്‍പ്പിക്കുന്നതിന് അഞ്ഞൂറ് പേരുടെ ഒരു സവര്‍ണ്ണജാഥ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. മന്നത്ത് പത്മനാഭന്‍ കമാണ്ടര്‍ ഇന്‍ ചീഫും ഇടവനാട്ട് എസ് പത്മനാഭ മേനോന്‍, കെ കേളപ്പന്‍ നായര്‍ എന്നിവര്‍ കമാണ്ടര്‍മാരുമായ വടക്കന്‍ ജാഥ 1924 നവംബര്‍ ഒന്നിന് വൈക്കത്തുനിന്ന് ആരംഭിച്ചു. എം വി നായിഡുവിന്റെയും ശിവതാണുപിള്ളയുടെയും നേതൃത്വത്തില്‍ നവംബര്‍ ആറിന് തെക്കന്‍ ജാഥ നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. 

തിരുവിതാകൂറിന്റെ നവേത്ഥാന സാമൂഹ്യമനസ് അടയാളപ്പെടുത്തുന്നതായിരുന്നു ഈ ജാഥകള്‍. വടക്കന്‍ ജാഥ ''തലയോലപ്പറമ്പിലെത്തിയപ്പോള്‍ അവിടുത്തെ ഈഴവ സമുദായക്കാര്‍ ജാഥാംഗങ്ങള്‍ക്ക് കരിക്കും ലഘുഭക്ഷണവും നല്‍കി''. ഏറ്റുമാനൂരില്‍നിന്ന് കോട്ടയത്തേയ്ക്ക് പുറപ്പെട്ട ജാഥയ്ക്ക് ''ഈഴവയുവാക്കള്‍ പതിമൂന്ന് രൂപ അടങ്ങിയ പണക്കിഴി സംഭാവനചെയ്തു.'' ചങ്ങനാശ്ശേരിയിലെ ''കോളേജ് വിദ്യാര്‍ത്ഥികള്‍ ഒരു പണക്കിഴി സംഭാവനചെയ്തു''. കുട്ടനാടന്‍ പത്രത്തിന്റെ ഉടമ അനന്തശിവ അയ്യര്‍ ''ഇരുപത്തിയഞ്ചുരൂപ അടങ്ങിയ പണക്കിഴി ജാഥയ്ക്ക് സംഭാവനചെയ്തു.'' പത്തിയൂര്‍, എരുവ, മുതുകുളം കീരിക്കോട് എന്നിവടങ്ങളിലെ ''ഈഴവയുവാക്കള്‍ ഇതിനിടയ്ക്ക് അറുപത്തിയേഴ് രൂപ അടങ്ങിയ ഒരു പണക്കിഴി സംഭാവനചെയ്തു.'' കൊല്ലത്തുനിന്നും മയ്യനാട്ടേയ്ക്ക് പുറപ്പെട്ട ജാഥയ്ക്ക് ''കെ കുഞ്ഞാനി ചാന്നാര്‍ അമ്പത് രൂപ അടങ്ങിയ പണക്കിഴി സംഭാവനചെയ്തു.'' മയ്യനാട് ഈഴവ സ്ത്രീസമാജക്കാര്‍ ജാഥയെ ആദരിച്ച് സി എന്‍ മീനാക്ഷിയിമ്മയുടെ അധ്യക്ഷതയില്‍ ഒരു യോഗം കൂടുകയും സമാജം സെക്രട്ടറി ആര്‍ നാരായണിയമ്മ ഒരു പണക്കിഴി നല്‍കുകയും ചെയ്തു.'' മയ്യനാട്ടെ പുലയര്‍ ''ഒരു വട്ടിയില്‍ കുറേ അവലും കുറേ ചെമ്പുതുട്ടുകളും (തിരുവിതാകൂറില്‍ വെള്ളിനാണയങ്ങള്‍ കീഴ്ജാതിക്കാര്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു.)' നല്‍കി. 

വാദ്യഘോഷങ്ങളോടെ ആയിരക്കണക്കിന് ആളുകളുടെ അകമ്പടിയോടെ 'തെക്കന്‍ ജാഥ' എന്നെഴുതിയ കൊടിയും മറ്റ് രണ്ട് സ്വരാജ്യക്കൊടികളും(ത്രിവര്‍ണ്ണപതാക) പിടിച്ച് ദേശീയഗാനം ആലപിച്ചുകൊണ്ടാണ് തെക്കന്‍ ജാഥ പ്രയാണം ആരംഭിച്ചത്. നാഗര്‍കോവിലില്‍ ''ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ജാഥയെ സ്വാഗതം ചെയ്തു.''  തക്കലയില്‍ ''മുഹമ്മദീയര്‍ വാദ്യഘോഷങ്ങളോടും മഹാത്മാഗാന്ധിയുടെ ഫോട്ടോയോടുംകൂടിവന്ന് ജാഥയെ സ്വീകരിച്ചു.'' ഹിന്ദുക്കളും മുഹമ്മദീയരും ചേര്‍ന്ന് പള്ളിക്ക് പ്രദക്ഷിണം വയ്ക്കുകയും പള്ളിയില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. തിരുവനന്തപുരം നഗരത്തില്‍ ''ആര്യസമാജ പ്രവര്‍ത്തകയായ നാണിയമ്മ സര്‍വ്വ സൈന്യാധിപനെ ഹാരമണിയിച്ചു.'' സവര്‍ണ്ണജാഥകളുടെ ഈ വിവരണം യഥാര്‍ത്ഥത്തില്‍ ദേശീയസ്വാതന്ത്ര്യ സമരത്തിന്റെ വിശാലമായ സാമൂഹ്യസന്ദര്‍ഭത്തെ അടയാളപ്പെടുത്തുന്നുണ്ട്. 

വിവിധ ജാതിവിഭാഗങ്ങളുടെ പ്രതിനിധികളായിരിക്കണം സത്യാഗ്രഹികളെന്ന് തീരുമാനിച്ചിരുന്നു. പുലയ, പറയ വിഭാഗത്തില്‍പ്പെട്ട ഒരാള്‍, സവര്‍ണ്ണജാതിയില്‍പ്പെട്ട ഒരാള്‍, ഈഴവരില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെ മൂന്നുപേരാണ് ഓരോദിവസവും സത്യാഗ്രമനുഷ്ടിക്കേണ്ടത്. സത്യാഗ്രഹത്തിന്റേ ആദ്യദിവസം ''നിരോധിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം അമ്പതുവാര ആകലെയെത്തിയപ്പോള്‍ എല്ലാവരും അവിടെ നിന്നു. അതിനുശേഷം ഇന്നത്തെ സത്യാഗ്രഹത്തിനൊരുങ്ങിയിരുന്ന പുലയ സമുദായത്തില്‍പ്പെട്ട കുഞ്ഞാപ്പിയും ഈഴവ സമുദായത്തില്‍പ്പെട്ട ബാഹുലേയനും നായര്‍ സമുദായത്തില്‍പ്പെട്ട ഗോവിന്ദപ്പണിക്കരും മുന്നോട്ടുവന്നു. അവരുടെ കഴുത്തില്‍ മാലയണിയിച്ചു. അവര്‍ മുന്നോട്ടുനടന്നു.'' പോലീസുകാര്‍ അവരുടെ മാര്‍ഗം തടയുകയും എവിടെപ്പോകുന്നുവെന്ന് ചോദിക്കുകയും ചെയ്തതിന് മറുപടിയായി പൊതുനിരത്തിലൂടെ നടക്കുകയാണെന്നും മനുഷ്യരാണെന്നുമായിരുന്നു മറുപടി. പോലീസ് അവര്‍ ''മൂന്നുപേരെയും 127-ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി.'' നാളെയും മൂന്നുപേര്‍ സത്യാഗ്രഹമനുഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെയാണ് ഒന്നാം ദിവസത്തെ സമരം അവസാനിക്കുന്നത്. വിവിധ ജാതിസമുദായങ്ങളുടെയും വ്യത്യസ്ത മതവിഭാഗങ്ങളുടെയും ധാര്‍മ്മികവും പ്രായോഗികവുമായ ഇടപെടലും പിന്തുണയും സത്യാഗ്രഹത്തിനുണ്ടായിരുന്നു. ജാതി സമുദായങ്ങള്‍ക്ക് പുറത്ത് മാനവികമായ ഇടങ്ങള്‍ കണ്ടെത്തുന്നതിനും പങ്കിടുന്നതിമുള്ള സാധ്യതകള്‍ വൈക്കം സത്യാഗ്രഹം തുറന്നിട്ടു.   

സത്യാഗ്രഹത്തിന്റെ രാഷ്ട്രീയം

കോണ്‍ഗ്രസ്സും മഹാത്മാഗാന്ധിയും മുന്നോട്ടുവച്ച കൊളോണിയല്‍ വിരുദ്ധ സമരമായിരുന്നു സവര്‍ണ്ണവിഭാഗത്തെ പ്രചോദിപ്പിച്ചതെങ്കില്‍ ഈഴവരും ന്യൂനപക്ഷവും ദളിത് സമുദായങ്ങളും വ്യത്യസ്തമായ ഒരു ആത്മീയരാഷ്ട്രീയപാതയാണ് പിന്തുടര്‍ന്നതെന്ന് ടി ടി ശ്രീകുമാര്‍ നിരീക്ഷിക്കുന്നുണ്ട്. ''ക്ഷേത്രപ്രവേശനംപോലുള്ള അജണ്ടകള്‍ അന്നത്തെ സാഹചര്യത്തില്‍ വളരെ പ്രധാനമായിരിന്നപ്പോള്‍പോലും ദളിത്-കീഴാള രാഷ്ട്രീയത്തിന്റെ സ്വകീയമായ പരിഗണനകളില്‍ അതിനു മുഖ്യമായ സ്ഥാനമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വൈക്കം സത്യാഗ്രഹത്തെക്കാള്‍ പ്രാധാന്യം ശ്രീമൂലം അസംബ്ലിയിലെ പ്രാതിനിധ്യത്തിനുണ്ടെന്ന ബോധ്യത്തില്‍ നിന്നാണ് അക്കാലത്തു നിവര്‍ത്തനപ്രക്ഷോഭം ഈഴവമുസ്ലിംകൃസ്ത്യന്‍ സംഘടനകള്‍ സംയുക്തമായി ആരംഭിക്കുന്നത്. ദേശീയതലത്തില്‍ നടക്കുന്ന നിസ്സഹകരണ സമരവുമായി പേരുകൊണ്ടുപോലും അടുപ്പം തോന്നാതിരിക്കാനാണ് അവര്‍ തിരുവിതാംകൂര്‍ ഭരണകൂടവുമായും സവര്‍ണ്ണഹിന്ദുത്വവുമായുമുള്ള തങ്ങളുടെ പോരാട്ടത്തെ 'നിവര്‍ത്തനം'  എന്ന് വിളിക്കുന്നത്(ശ്രീകുമാര്‍,2023).' എന്നാല്‍, വൈക്കം സത്യാഗ്രഹത്തെ ഒരു ഹിന്ദുവിഷയമായാണ് മഹാത്മാഗാന്ധി കണ്ടത്. സത്യാഗ്രഹത്തിന് നേതൃത്വംകൊടുത്തതിന്റെ പേരില്‍ അറസ്റ്റിലാവുകയും  ജയില്‍വാസമനുഷ്ടിക്കുകയുംചെയ്ത ജോര്‍ജ് സോസഫ് സമരത്തില്‍ സജീവമാകുന്നതില്‍ ഗാന്ധിയ്ക്ക് അഭിപ്രായമുണ്ടായിരുന്നില്ല. ഇതര മതസ്തരായ സെബാസ്റ്റ്യന്‍ കുരുവിള മാത്യു, അബ്ദുള്‍കരീം എന്നിവരുടെ സാന്നിധ്യം ആവശ്യമില്ലെന്ന കെ എം പണിക്കരുടെ നിലപാടിനോട് ഗാന്ധിക്ക് യോജിപ്പായിരുന്നു. വൈക്കം സത്യാഗ്രഹം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉള്ളതായാതുകൊണ്ടാണ് മാഹാത്മാഗാന്ധി പിന്തുണക്കുന്നതെന്നും ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നാസിക്കിലെ ക്ഷേത്രപ്രവേശന സമരത്തോടും മഹദിലെ ജല-വിഭവാവകാശ സമരത്തോടും ഗാന്ധിയുടെ സമീപനം ഭിന്നമാണെന്നും അംബേദ്കര്‍ വിമര്‍ശിക്കുന്നുണ്ട്. ഹിന്ദുവായിരിക്കുകയും എന്നാല്‍ വഴിനടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും അനുവാദമില്ലാതിരിക്കുകയും തീണ്ടലും വിവേചനവും അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റ് മതങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകളും കീഴാള സമൂഹങ്ങള്‍ക്കിയില്‍ രൂപപ്പെട്ടിരുന്നു. ഇത് കോണ്‍ഗ്രസിന്റെ സവര്‍ണ്ണ നേതൃത്വത്തെയും തിരുവിതാംകൂര്‍ ഭരണകൂടത്തെയും ചകിതമാക്കുന്നുണ്ട്. സംഘടിത പ്രതിരോധത്തിന്റെ തുറസുകള്‍ സൃഷ്ടിക്കാന്‍ സവര്‍ണ്ണ സമുദായങ്ങളെ പ്രേരിപ്പിച്ചത് ഈ ഘടകങ്ങളാണ്. തിരുവിതാംകൂര്‍ ഭരണകൂടം ബ്രാഹ്‌മണ സുദായത്തിന്റെ എതിര്‍പ്പുകളെ അവഗണിച്ച് വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ള നടവഴികള്‍ തുറന്നുകൊടുത്തതും പില്‍ക്കാലത്ത് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതും ഹിന്ദു സമൂഹത്തില്‍നിന്നുള്ള കൊഴിഞ്ഞപോക്കിനെ ഭയന്നാണ്. 

1925 നവംബര്‍ 23ന് വൈക്കം സത്യാഗ്രഹം അവസാനിച്ചു. 603 ദിവസം നീണ്ടു നിന്ന സത്യാഗ്രഹത്തിന് വിരാമമിട്ടുകൊണ്ട് സത്യാഗ്രഹാശ്രമം സെക്രട്ടറി കെ കേളപ്പന്‍ ''വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള എല്ലാ പബ്ലിക്ക് റോഡുകളില്‍ക്കൂടി എല്ലാജാതിക്കാര്‍ക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുകയാല്‍ സത്യാഗ്രഹം നിറുത്തുന്നു.'' എന്ന പ്രഖ്യാപനം നടത്തി. കേരളാകോണ്‍ഗ്രസ് അയിത്തോച്ചാടന കമ്മറ്റിയുടെ ആഭിമുഖ്യത്തിലും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലും തുടങ്ങിയിട്ടുള്ള സമരം അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പില്‍വലിക്കുന്നതായുള്ള പ്രസ്താവനയില്‍ ''അയിത്തം പൂര്‍ണ്ണമായും തുടച്ചുകളഞ്ഞു എന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ സത്യാഗ്രഹത്തിന്റെ പൂര്‍ണ്ണമായ ആവശ്യം അതായിരുന്നില്ല. അയിത്തം റോഡില്‍നിന്ന് വിട്ടുമാറി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ആ ദുര്‍ദ്ദേവതയെ അവിടെനിന്ന് ഓടിക്കുവാന്‍ തീര്‍ച്ചയാക്കിയിരിക്കുന്നതായി അയിത്തോച്ചാടനക്കമ്മറ്റി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്.'' എന്നും പറയുന്നു. 

നവംബര്‍ 27ന് വൈക്കത്ത് നടന്ന സത്യാഗ്രഹമഹായോഗത്തില്‍ ''സത്യാഗ്രഹം ജനങ്ങളുടെ ഇടയില്‍ ഉണര്‍വുണ്ടാക്കി. യാഥാസ്ഥിതികരുടെയും ഗവണ്‍മെന്റിന്റെയും കണ്ണുതുറപ്പിക്കാന്‍ കഴിഞ്ഞു.'' എന്ന ആമുഖത്തോടെ യോഗത്തെ അഭിസംബോധനചെയ്ത മന്നത്ത് പത്മനാഭന്‍ ''എന്തിനാണ് സത്യാഗ്രഹം തുടങ്ങിയത്? വഴിനടക്കാനല്ല; അയിത്തം നശിക്കാനാണ്. അയിത്തം നശിച്ചിട്ടില്ല. അയിത്തം മതിലിനകത്ത് ഒളിച്ചിരിക്കുന്നു. അവിടെ ചെന്ന് പിടികൂടണം. ക്ഷേത്രത്തിനുള്ളില്‍ കടക്കുകതന്നെ വേണം.'' എന്ന് പ്രഖ്യാപിച്ചു. ''വൈക്കം റോഡുകളെ മാത്രം ഉദ്ദേശിച്ചല്ല സത്യാഗ്രഹം ആരംഭിച്ചത്. അയിത്തം നിശ്ശേഷം നശിപ്പിക്കാന്‍വേണ്ടിയാകുന്നു.'' എന്നാണ് ടി കെ മാധവന്‍ അഭിപ്രായപ്പെട്ടത്. സമുദായങ്ങള്‍ക്ക് പുറത്തുള്ള ജനകീയമായ ഒത്തുചേരലിന്റെയും പ്രതിരോധത്തിന്റെയും സമരസന്ദര്‍ഭമായി വൈക്കം സത്യാഗ്രഹത്തെ കാണാം. എന്നാല്‍, ബ്രാഹ്‌മണിക് വര്‍ണ്ണബോധം സൃഷ്ടിച്ച അടഞ്ഞ ഇടങ്ങള്‍ക്കെതിരായ തുറസുകള്‍ സൃഷ്ടിക്കാന്‍ ജാതി സമുദായ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞോ? 

താലമേന്തുന്ന ജാതികള്‍

കേരളത്തിലുണ്ടായ നവോത്ഥാനത്തിന്റെ പരിമിതിതന്നെ അത് ജാതിയില്‍ അധിഷഠിതമായിരുന്നു എന്നതാണ്. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ സംഭവിച്ചത് പോലെ മതത്തില്‍ അധിഷ്ഠിതമായ നവോത്ഥാനം പോലുമല്ല ഇവിടെ സാധ്യമായത്. മതം എന്ന അര്‍ത്ഥത്തിലുള്ള ഏകീകൃത ഘടന ഇവിടെ ശക്തമായിരുന്നില്ല എന്നതിനാല്‍  ജാതിനവീകരണ ശ്രമങ്ങള്‍ മതനവോത്ഥാനങ്ങളേക്കാള്‍ പ്രസക്തവും അനിവാര്യവുമായിരുന്നു. എന്നാല്‍ ജാതിക്ക് പുറത്തേയ്ക്ക് ജനങ്ങളെ നയിക്കാനുള്ള സാധ്യത ഇവിടെയുണ്ടായില്ല. അഥവാ മുന്നോട്ട് പോയില്ല. നവോത്ഥാനം ജാതി പരിഷ്‌കാരണത്തില്‍ നിന്നും ജാതിദൃഢീകരണത്തിലേയ്ക്ക് നീങ്ങി. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ജാതിവ്യവസ്ഥക്കുള്ളില്‍ വര്‍ഗ്ഗ കാഴ്ചപ്പാടിലേയ്ക്കുള്ള ഒരു അന്തരാളഘട്ടം വിഭാവനം ചെയ്തിരുന്നുവെങ്കിലും അതും ജാതിയുടെ അവശിഷ്ട ലക്ഷണങ്ങള്‍ വഹിക്കുന്നത് തന്നെയായിരുന്നുവെന്ന് ചരിത്രകാരനായ കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ''കടന്നുപോവുക'' എന്ന ഏറ്റവും ബുദ്ധിമുട്ടേറിയ വിശ്വാസത്തിന്റെ നടപ്പുശീലങ്ങളെ നൂറ് വര്‍ഷംകൊണ്ടും നമുക്ക് മറികടക്കാനായില്ല. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവവത്തോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലി അതിനുദാഹരണമാണ്. 

വൈക്കത്തഷ്ടമിക്ക് താലപ്പൊലി ഘോഷയാത്രയുണ്ട്. ഈഴവ താലപ്പൊലി, ധീവര താലപ്പൊലി, പുലയ താലപ്പൊലി എന്നിങ്ങനെ ജാതിതിരിഞ്ഞാണ് വിശ്വാസികള്‍ താലമേന്തുന്നത്. ജാതി തിരിച്ചുവരുന്നതും വിശ്വാസികള്‍ ജാതിതിരിഞ്ഞ് പൊതുനിരത്തുകള്‍ കൈയടക്കുന്നതുമാണ് വൈക്കത്തിന്റെ വര്‍ത്തമാന അനുഭവം. താലപ്പൊലിയുടെ രൂപത്തിലാണ് ജാതിയുടെ തിരിച്ചുവരവ്. വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ജാതിതിരിഞ്ഞ് നടത്തുന്ന താലപ്പൊലിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും ഇടയ്ക്കിടെ പരിപാടികള്‍ സംഘടിപ്പിക്കും. ഏറെക്കുറെ ഒരനുഷ്ടാനംപോലെ അതും നടന്നുവരുന്നു. 

വര്‍ഷംതോറും വൃശ്ചികമാസത്തിലെ 12 ദിവസങ്ങളിലാണ് അഷ്ടമി ഉത്സവം. ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ താലമെടുക്കുന്ന പതിവുണ്ട്. ക്ഷേത്രാനുഷ്ഠാനങ്ങളില്‍ ഈ താലപ്പൊലി കയറിപ്പറ്റിയത് എപ്പോഴാണെന്നതിന് കൃത്യമായ സൂചനയില്ല. ബ്രാഹ്‌മണാധീനതയിലായിരുന്ന ക്ഷേത്രത്തില്‍ ഉത്സവകാലത്ത് ബ്രാഹ്‌മണസ്ത്രീകള്‍ താലമേന്തി പൊതുനിരത്തിലൂടെ നടന്നിരുന്നില്ല. ഇതര സവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശനമുണ്ടായിരുന്നെങ്കിലും ആചാരനുഷ്ഠാനങ്ങളില്‍ പങ്കാളിത്തമുണ്ടായിരുന്നതായി രേഖയില്ല. ലഭ്യമായ രേഖകള്‍പ്രകാരം എണ്‍പതിലധികം വര്‍ഷങ്ങളുടെ പഴക്കം ഈ അനുഷ്ഠാനത്തിനില്ല. ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം പൊതുനിരത്തുകളും ക്ഷേത്ര കവാടവും തുറന്നുകിട്ടിയതിനു ശേഷമാവണം താലപ്പൊലി അഷ്ടമി ഉത്സവത്തിലേയ്ക്ക് കടന്നുവരുന്നത്. 

ഓരോ ദേശത്തുമുള്ള വിശ്വാസികളായ സ്ത്രീകളാണ് താലപ്പൊലിയില്‍ പങ്കെടുത്തിരുന്നത്. ഇത് ജാതിതിരിഞ്ഞുള്ള ശക്തിപ്രകടനമായി മാറിയത് 23 വര്‍ഷം മുമ്പാണ്. 12 ദിവസം നീണ്ടുനില്‍ക്കുന്ന അഷ്ടമിക്കു വേണ്ടി 'കുലവാഴപുറപ്പാട്' എന്നൊരു ചടങ്ങുണ്ട്. നായര്‍ സമുദായമാണ് ഇതിന്റെ അവകാശം കൈയാളിയിരുന്നത്. നായര്‍ സമുദായത്തിലേക്ക് എങ്ങനെയാണ് ഈ അവകാശം വന്നുചേര്‍ന്നതെന്ന് കൃത്യമായി അറിയില്ല.  ബ്രാഹ്‌മണരും നായന്മാരും ചേര്‍ന്ന് ക്ഷേത്രഭരണം നടത്തിയിരുന്ന കാലത്താവാമിതെന്ന് കണക്കാക്കുന്നു. അപ്പോഴും ഏതെങ്കിലും കുടുംബത്തിന്റെ അവകാശമായി മാത്രമേ നടന്നിരിക്കാന്‍ സാധ്യതയുള്ളു. നായര്‍ ഒരു പൊതു സമുദായമായി ഒറ്റക്കുടക്കീഴില്‍ പരിഗണിക്കുന്നത് പിന്നീടാണ്. എന്നാല്‍, ഇക്കാലത്തും അത് മാറ്റമില്ലാതെ തുടരുന്നതിനെ മറ്റു സമുദായങ്ങള്‍ ചോദ്യംചെയ്തു. കുലവാഴപുറപ്പാടിന് അവകാശം വേണമെന്ന് ഈഴവ, ധീവര സമുദായങ്ങള്‍ ആവശ്യപ്പെട്ടു. അന്നത്തെ ഉത്സവം നടത്തിപ്പുകാരും സമുദായ നേതാക്കളും ചേര്‍ന്ന് തര്‍ക്കം പരിഹരിച്ചു. പകരം സംവിധാനം എന്ന നിലയില്‍ താലപ്പൊലി ഓരോ ദിവസവും ഓരോ ജാതിക്കായി വീതിച്ചു നല്‍കാന്‍ തീരുമാനിച്ചു. കുലവാഴപുറപ്പാട് നായര്‍ സമുദായത്തിന്റെ അവകാശമായി നിലനിര്‍ത്തുകയും ചെയ്തു. 

ദേശ താലപ്പൊലികളായിരുന്നു അന്നുവരെ ഉണ്ടായിരുന്നത്. നാനാജാതിയില്‍പെട്ട ദേശക്കാര്‍ അണിനിരന്ന താലപ്പൊലിയുടെ ദേശവരവുകളെ അതോടെ ജാതീയമായി വിഭജിച്ചു. അന്നുമുതലാണ് ജാതിതിരിഞ്ഞുള്ള താലപ്പൊലി ആരംഭിച്ചത്. ഓരോ ജാതിസമുദായവും അവരുടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും അണിനിരത്തിയുള്ള ശക്തിപ്രകടനങ്ങളായി താലപ്പൊലികള്‍ മാറി. ഓരോ ജാതിയില്‍പെട്ട സ്ത്രീകളും സമുദായം നിര്‍ദേശിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങളണിയണം. നിറം നോക്കി ഏതു ജാതിയുടെ താലപ്പൊലിയാണ് നടക്കുന്നതെന്ന് തിരിച്ചറിയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. വൈക്കം, ചേര്‍ത്തല താലൂക്കുകളിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ ഈ രീതിയില്‍ ജാതി സമുദായങ്ങള്‍ക്കായി ദിവസങ്ങള്‍ വീതിച്ചുനല്‍കിയിട്ടുണ്ട്. അവിടെയെല്ലാം ജാതി തിരിഞ്ഞുള്ള താലപ്പൊലിയും ചിറപ്പും കാവടി ഘോഷയാത്രയും നടന്നുവരുന്നു. ഒരു ജാതിക്കാരുടെ താലപ്പൊലി ദിവസം മഴപെയ്യാന്‍  വഴിപാട് നടത്തുന്ന ഇതര ജാതിക്കാരും, വൈദ്യുതി വിഛേദിച്ച് ഘോഷയാത്രയുടെ ശോഭകെടുത്തുന്ന ജാതി വൈരങ്ങളും ഗ്രാമീണ ഉത്സവങ്ങളുടെ ഹിംസാത്മകമായ കൗതകങ്ങളാണ്. സമുദായാംഗങ്ങളായ മുഴുവന്‍ കുടുംബങ്ങളില്‍നിന്നും സ്ത്രീകളും പെണ്‍കുട്ടികളും താലമെടുത്തിരിക്കണമെന്ന കല്‍പനയാണ് സമുദായ നേതൃത്വം അണികള്‍ക്ക് നല്‍കുന്നത്. ഇതിന് വിസമ്മതിക്കുന്ന കുടുംബങ്ങള്‍ പിഴ ഒടുക്കേണ്ടിവരും. ഒറ്റപ്പെടുത്തല്‍, വീട്ടില്‍ നടക്കുന്ന മരണം, അടിയന്തിരം, വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കല്‍ എന്നിങ്ങനെ അപ്രഖ്യാപിത സമുദായവിലക്കുകളും നിലനില്‍ക്കുന്നുണ്ട്.

സമുദായ ഭോജനം

വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല്‍കിക്കൊണ്ട് ശ്രീനാരായണ ഗുരു പറഞ്ഞു: 'വഴി നടക്കുന്നതില്‍ നിര്‍ത്തരുത്; ക്ഷേത്രത്തില്‍ കയറുക. എല്ലാ ക്ഷേത്രത്തിലും എല്ലാ ദിവസവും എല്ലാവരും കയറട്ടെ. പായസ നിവേദ്യം ഉണ്ടെങ്കില്‍, എടുത്ത് കഴിക്കുക. ക്ഷേത്രത്തില്‍ പന്തിഭോജനം നടക്കുന്ന സ്ഥലത്തുചെന്ന് മറ്റുള്ളവര്‍ക്കൊപ്പം ഇരിക്കുക.' വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അന്നദാനമുണ്ട്. ക്ഷേത്രം നട അടക്കുന്നതിനുമുമ്പ് ''അത്താഴ പഷ്ണിക്കാരുണ്ടോ'' എന്ന് വിളിച്ചുചോദിച്ച്, ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് ഗോപുരവാതില്‍ അടച്ചിരുന്നത്. ക്ഷേത്രത്തിന് ചുറ്റും അധിവസിച്ചിരുന്ന ബ്രാഹ്‌മണരും പട്ടന്മാരും മാത്രമായിരുന്നു അതിന്റെ ഗുണഭോക്താക്കള്‍. വൈക്കം സത്യഗ്രഹവും പന്തിഭോജനവും ക്ഷേത്രപ്രവേശവും അമ്പലത്തിലെ ഭക്ഷണപ്പുര നാനാജാതിക്കാര്‍ക്കുമായി തുറന്നുകൊടുക്കുന്നതിന് കാരണമായി. ഈ അന്നദാനത്തിന്റെ സ്മരണക്ക് അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വിവിധ സമുദായ സംഘടനകള്‍ അന്നദാനം നടത്തുന്ന പതിവുണ്ട്. ക്ഷേത്രത്തിന് പുറത്ത് സമുദായങ്ങളുടെവക കല്യാണ മണ്ഡപങ്ങളോ പൊതുഇടങ്ങളോ അന്നദാന സ്ഥലങ്ങളായി മാറുന്നു.

ആദ്യമാദ്യം ഇത് പന്തിഭോജന സ്ഥലങ്ങളായിരുന്നു. കാലം മാറിയപ്പോള്‍ അതത് സമുദായങ്ങള്‍ക്ക് മാത്രമായി അത് ചുരുങ്ങി. വിവിധ ബ്രാഹ്‌മണ സമൂഹങ്ങളും നായര്‍ സമുദായവുമാണ് പ്രധാനമായും സദ്യനടത്തുന്നത്. ഇതില്‍ അതത് ജാതിക്കാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. നായര്‍ സദ്യയാകട്ടെ, സമുദായാംഗങ്ങളായ കുടുംബങ്ങളിലേക്ക് മുന്‍കൂട്ടി കൂപ്പണ്‍ കൊടുത്തയച്ച് ക്ഷണിച്ചുവരുത്തിയാണ് അന്നദാനം നടത്തിവരുന്നത്. മറ്റു പിന്നാക്ക സമുദായക്കാര്‍ അതുകൊണ്ടുതന്നെ ഇത്തരം സദ്യകളില്‍ പങ്കെടുക്കാറില്ല. ആര്‍ക്കും വിലക്കില്ലെന്നാണ് പറയുന്നതെങ്കിലും എല്ലായിടത്തും അപ്രഖ്യാപിത ജാതിവേലികള്‍ നിലനില്‍ക്കുന്നു. 

അംബേദ്കര്‍ നിരീക്ഷിക്കുന്നതുപോലെ ''ജാതിയുടെ അടിത്തറയില്‍ നിങ്ങള്‍ക്ക് ഒന്നും കെട്ടിപ്പടുക്കാനാവില്ല. ഒരു രാജ്യം കെട്ടിപ്പടുക്കാനാവില്ല. ഒരു ധാര്‍മ്മികത കെട്ടിപ്പടുക്കാനാവില്ല. ജാതിയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തുതെല്ലാം വിണ്ടുപോകും, എല്ലാം അപൂര്‍ണ്ണമായിരിക്കും.''  
കേരളനവോത്ഥാനത്തിന്റെ വീഴ്ചയുടെപ്രധാന ഘടകമായി ജാതി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ സിവില്‍സമൂഹത്തിന്റെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചത്  ജാതിപരിഷ്‌കരണ പ്രസ്ഥാനങ്ങളാണ്. ശ്രീനാരായണപ്രസ്ഥാനവും അയ്യങ്കാളി നേതൃത്വം കൊടുത്ത സാധുജനപരിപാലന സംഘവും നായര്‍ സര്‍വ്വീസ് സൊസൈറ്റിയും യോഗക്ഷേമസഭയും ജാതിയുടെ അടഞ്ഞ ഘടനയെ പ്രതിരോധിച്ചുകൊണ്ടാണ് കടന്നുവരുന്നത്. സ്വന്തം ജാതിയുടെ അവശതകളെ പരിഹരിച്ചുകൊണ്ട് എന്നാല്‍ എല്ലാ സമുദായങ്ങളും സമമാണ് എന്ന് സങ്കല്‍പ്പിക്കുന്ന വിശാലമായ സമത്വദര്‍ശനത്തില്‍ അധിഷ്ടിതമായ ജനാധിപത്യബോധം ജാതിപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നു. കേരള സമൂഹത്തിന്റെ വികാസത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിന്റെയും അടിത്തറയായി പരിണമിച്ചത് ഈ ജാതിനവീകരണ പ്രസ്ഥാനങ്ങളായിരുന്നുവെന്നുകാണാം. എന്നാല്‍ പില്‍ക്കാലത്ത് സമുദായ പ്രസ്ഥാനങ്ങളുടെ വരേണ്യവല്‍ക്കരണവും ഹൈന്ദവവല്‍ക്കരണവും മതേതര ജനാധിപത്യത്തിന്റെ തുറസുകളെ പ്രതിരോധിച്ചുകൊണ്ട് ജാതിഭേദവും മതദ്വേഷവും തിരിച്ചുകൊണ്ടുവരുന്നു. ജാതി നവീകരണപ്രസ്ഥാനങ്ങള്‍ ജാതിയെ ദൃഢമാക്കുന്ന സ്ഥാപനങ്ങളായി മാറുകയാണുണ്ടായത്.  

സഹായഗ്രന്ഥങ്ങള്‍

B. R. Ambedkar. Annihilation of Caste and other essays. Maple Press,2021. 
Stella Kramrisch. The Hindu Temple (Vol. 1,2). Motilal Banarsidass,1991
പി കെ ഹരികുമാര്‍ (എഡി.). വൈക്കം സത്യാഗ്രഹരേഖകള്‍. എസ് പി സി എസ്, കോട്ടയം, 2020
കെ എന്‍ പണിക്കര്‍. സംസ്‌കാരവും ദേശീയതയും.കറന്റ് ബുക്‌സ്, തൂശൂര്‍, 2002.
വൈക്കം സത്യാഗ്രഹം. ഡി സി ബുക്‌സ്, കോട്ടയം, 2023.
കെ പി ജയകുമാര്‍. വിശ്വാസികള്‍ ജാതി തിരിഞ്ഞ്? ?പൊതുനിരത്ത്? കൈയടക്കുന്ന വൈക്കം; നൂറുവര്‍ഷത്തിനുശേഷമുള്ള ഒരു കാഴ്?ച. ട്രൂ കോപ്പി, 2023. 
ടി ടി ശ്രീകുമാര്‍. വൈക്കം സത്യാഗ്രഹത്തിന്റെ നൈതികമൂല്യങ്ങള്‍. മാധ്യമം. 2023.

(2023 ജൂണ്‍ 18 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)