നോവലുകള്‍ പലപ്പോഴും സാമൂഹികചരിത്രത്തിന്റെ കണ്ണാടിയാവാറുണ്ട്. ഉറൂബിന്റെ പ്രശസ്ത നോവലായ 'ഉമ്മാച്ചു'വില്‍ ഏറനാട്ടില്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പിന്റെ ചിത്രം വിവരിക്കുന്നു. തിരഞ്ഞെടുപ്പ് എന്നൊന്ന് ജനം കേട്ടിട്ടുപോലുമില്ലാത്ത കാലത്താണ് കഥ നടക്കുന്നത് എന്നും ഉറൂബ് എഴുതുന്നു.
രാജ്യം സ്വതന്ത്രമാകുന്നതിന് മുമ്പ്, ഏറനാട്ടില്‍ നടക്കുന്ന വാശിയേറിയ ഒരു തിരഞ്ഞെടുപ്പിന്റെ ചിത്രം, മലയാളത്തിലെ എണ്ണംപറഞ്ഞ നോവലായ ഉമ്മാച്ചുവില്‍ ഉറൂബ് വരച്ചിടുന്നുണ്ട്. പരസ്പര ശത്രുക്കളായ അര്‍ധസഹോദരന്മാര്‍ ഇരുകക്ഷികളിലായിനിന്ന് പോരടിച്ച ആ തിരഞ്ഞെടുപ്പ്, കഥാഗതിയില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും പരസ്പരം ഏറ്റുമുട്ടുന്നുവെന്നതാണ് ഏറെ കൗതുകം(വിഭജനത്തിന് മുന്‍പാണെന്ന് ഓര്‍ക്കണേ). ജനാധിപത്യം, തിരഞ്ഞെടുപ്പ് എന്നൊന്നും സാമാന്യജനം കേട്ടിട്ടില്ലാത്ത അക്കാലത്ത്, അങ്ങനെയൊന്ന് നാട്ടില്‍ നടക്കുന്നത് നടാടെയാണെന്ന് നോവലില്‍ പറയുന്നു.
കേന്ദ്രകഥാപാത്രമായ ഉമ്മാച്ചുവിന്റെ ആദ്യവിവാഹത്തിലെ മകനായ അബ്ദുവും രണ്ടാംവിവാഹത്തിലെ മക്കളിലൊരാളായ ഹൈദ്രോസും-മറ്റൊരാള്‍ മരക്കാര്‍- തമ്മിലാണ് മത്സരം. അബ്ദു കോണ്‍ഗ്രസിലും ഹൈദ്രോസ് മുസ്ലിംലീഗിലും. കൗമാരത്തിലേ ശത്രുക്കളായി മാറിയ ഈ മൂന്നുമക്കളായിരുന്നു ഒരു ഘട്ടത്തില്‍ ഉമ്മാച്ചുവിന്റെ സങ്കടം.
തന്റെ ബാപ്പയായ ബീരാനെ അര്‍ധരാത്രിയില്‍ കിടപ്പുമുറിയില്‍ക്കയറി കുത്തിക്കൊന്നത് ഹൈദ്രോസിന്റെയും മരക്കാരുടെയും ബാപ്പയായ മായനാണെന്ന് അബ്ദു വിശ്വസിക്കുന്നു. വിശ്വാസം മാത്രമല്ല, ആറാംവയസ്സില്‍, ഭീതിദമായ ഒരു രാത്രിയില്‍ അവനത് കാണുകയും ചെയ്തിരുന്നു. പിതാവിന്റെ ഘാതകന്‍ ആറുമാസത്തിനുശേഷം ഉമ്മയുടെ രണ്ടാംഭര്‍ത്താവായി വരുന്നത് അവന് അംഗീകരിക്കാനാകുന്നില്ല. അന്നുതൊട്ട് അബ്ദുവിന് മായന്‍ ശത്രുവാണ്, എല്ലാമറിഞ്ഞിട്ടും ആ വിവാഹത്തിന് തയാറായ ഉമ്മയും.
മായനുമായി ബാല്യത്തിലേ അസ്വാരസ്യമുണ്ടെങ്കിലും യൗവനത്തിലെത്തിയപ്പോള്‍ അത് മൂര്‍ച്ഛിച്ചു. അബ്ദുവുമായുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ അടിമുടിയുലഞ്ഞ മായന്‍, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് വയനാട്ടിലേക്ക് പോകുന്നു. അവിടെവെച്ച് അയാള്‍ ജീവനൊടുക്കുന്നു.
ഉമ്മാച്ചുവിന് മായനിലുണ്ടായ മക്കളാണ് മരക്കാറും ഹൈദ്രോസും. ബാപ്പ തങ്ങളെ ഉപേക്ഷിച്ചുപോകാനും ആത്മഹത്യചെയ്യാനും നിര്‍ബന്ധിതനായത് അബ്ദുകാരണമാണെന്ന് ആ മക്കള്‍ കരുതുന്നു. അവര്‍ വയനാട്ടില്‍ച്ചെന്ന് മായന്റെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും അവസാനമായി ഒന്നുകാണാനോ മുറിയില്‍നിന്ന് പുറത്തിറങ്ങാനോ മനസ്സുവരാത്തത്ര കടുപ്പമുള്ളതായിരുന്നു അബ്ദുവിന് മായനോടുള്ള ശത്രുത. അന്നുമുതലാണ്, ഒരുവീട്ടില്‍ കഴിയുന്ന അവര്‍ അര്‍ധസഹോദരനുമായി കടുത്ത ശത്രുതയിലായത്. എന്നാല്‍, അബ്ദുവിന്റെ ബാപ്പയെ കൊന്നത് തങ്ങളുടെ ബാപ്പയാണെന്നതും അതാണ് അബ്ദുവിന്റെ ശത്രുതയ്ക്ക് കാരണമെന്നതും അവരിരുവരും ഒരിക്കലും അറിയുന്നുമില്ല.
അബ്ദു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത് ആ പാര്‍ട്ടിയോടുള്ള ആദര്‍ശൈക്യംകൊണ്ടൊന്നുമല്ല. കോണ്‍ഗ്രസിനോടെന്നല്ല, ഒന്നിനോടും അയാള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ലോകത്തോടും കുടുംബാംഗങ്ങളോടും വെറുപ്പുമായി നടക്കുന്ന അയാളെ അതിന് പ്രേരിപ്പിക്കുന്നത് കൂട്ടുകാരിയായ ചിന്നമ്മുവാണ്. വീട്ടില്‍ അടച്ചുപൂട്ടിയിരുന്ന്, മനസ്സ് ചെകുത്താന്റെ പണിപ്പുരയാക്കിയ അയാളെ നന്നാക്കിയെടുക്കാന്‍ അധ്യാപികയായ ചിന്നമ്മു ശ്രമിക്കുന്നു. അതിനായി കോണ്‍ഗ്രസിന്റെ പൊതുയോഗങ്ങളില്‍പ്പോയി പ്രസംഗം കേള്‍ക്കാന്‍ ഉപദേശിക്കുന്നു. കോണ്‍ഗ്രസിനുവേണ്ടിയും നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും പ്രവര്‍ത്തിച്ച് 'ഉശിരുള്ള ആണാകാന്‍' അയാളെ പ്രേരിപ്പിക്കുന്നു.
കളിക്കൂട്ടുകാരിയായ ചിന്നമ്മുവിന്റെയും അച്ഛന്‍ ചാപ്പുണ്ണിനായരുടെയും മുന്നില്‍ അബ്ദു അനുസരണയുള്ള കുട്ടിയാണ്. അബ്ദുവിന്റെ ബാപ്പയുള്ളപ്പോഴേ അയാളുടെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്, ഉമ്മാച്ചു 'സാപ്പുണ്യാര്' എന്നുവിളിക്കുന്ന ചാപ്പുണ്ണിനായരാണ്. 'അജ്ജാള് നായരാച്ചാലും പുത്തിള്ളോനാണ്, നല്ലോനാണ്, തറവാടിയാണ്' എന്നൊക്കെയാണ് ഉമ്മാച്ചു അയാളെക്കുറിച്ച് പറയുക. ചിന്നമ്മുവിനോടുള്ള അത്രയും വാത്സല്യം ചാപ്പുണ്ണിനായര്‍ക്ക് അബ്ദുവിനോടുമുണ്ട്. അബ്ദുവിന് തിരിച്ചും അങ്ങനെത്തന്നെ.
എതിര്‍പക്ഷത്ത്, അതായത് മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥി ഹൈദ്രോസാണെന്ന് അറിഞ്ഞതോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ അബ്ദു സമ്മതിക്കുന്നത്. അതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് അയാളുടെകൂടി ആവശ്യമായി മാറുന്നു. മുസ്‌ലിം ലീഗിനെ തോല്‍പ്പിക്കുക എന്നതിനെക്കാള്‍ ശത്രുവിന്റെ മകനെ തോല്‍പ്പിക്കുകയാണ് അവന്റെ ലക്ഷ്യം.
മറുപുറത്ത്, 'ഇസ്ലാം അപകടത്തില്‍, ഇസ്ലാമിനെ രക്ഷിക്കാന്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ലീഗുകാര്‍ മത്സരിക്കുന്നതെങ്കിലും ഹൈദ്രോസിനും അതിലത്ര താത്പര്യമൊന്നുമില്ല. എന്നാല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുവായ അബ്ദുവാണെന്നറിഞ്ഞതോടെ അയാളുടെയും വീറുകൂടി, ഇസ്ലാമിന്റെ 'സംരക്ഷകനാ'യി.
വാശിയേറിയ തിരഞ്ഞെടുപ്പ്. പ്രചണ്ഡമായ പ്രചാരണം. നോവലില്‍നിന്ന്: 'ഇരുഭാഗത്തും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഘോഷയാത്രകള്‍, പ്രസംഗങ്ങള്‍, മുദ്രാവാക്യങ്ങള്‍-എങ്ങും ബഹളംതന്നെ. ബ്രിട്ടനെ കെട്ടുകെട്ടിക്കുക, കൃഷിഭൂമി കൃഷിക്കാര്‍ക്ക്, കോണ്‍ഗ്രസിന് വോട്ടുചെയ്യുക എന്നീ മുദ്രാവാക്യങ്ങള്‍ പൊങ്ങിവരേണ്ട താമസം 'ഇസ്ലാമിനെ അപകടത്തില്‍നിന്ന് രക്ഷിക്കാന്‍ മുസ്ലിംലീഗിന് വോട്ടുചെയ്യുക' എന്ന മുദ്രാവാക്യങ്ങള്‍ കേട്ടുതുടങ്ങും.'
രണ്ടാം ഭര്‍ത്താവിന്റെ മരണശേഷം, മക്കള്‍ തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഉമ്മാച്ചു, വീട് ഭാഗംവെക്കാന്‍ തീരുമാനിക്കുന്നുണ്ട്. ഹൃദയം വെട്ടിമുറിക്കുന്ന ആ തീരുമാനം, കുടുംബത്തില്‍ ഇനിയൊരു ദുര്‍മരണം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയായിരുന്നു; മക്കള്‍ തമ്മില്‍ത്തല്ലി ചാകരുതെന്ന ദീര്‍ഘവീക്ഷണത്തോടെ. അത് മക്കളെ മാത്രമല്ല, കുടുംബസുഹൃത്തും സഹായിയുമായ ചാപ്പുണ്ണിനായരെയും ഞെട്ടിക്കുന്നു. മനസ്സില്ലാ മനസ്സോടെ അയാള്‍ക്ക് അതിനും കാര്‍മികത്വം വഹിക്കേണ്ടിവരുന്നു.
മരക്കാറിനും ഹൈദ്രോസിനും ഭാഗിച്ചുകിട്ടിയ സ്വത്തുമായി വീടുവിട്ടുപോകേണ്ടിവരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉമ്മാച്ചു, തന്നോട് മിക്കപ്പോഴും ദുര്‍മുഖം കാട്ടുന്ന മൂത്തമകന്‍ അബ്ദുവിനൊപ്പം നില്‍ക്കുന്നു. അതിനുശേഷമാണ് തിരഞ്ഞെടുപ്പ് വരുന്നതും മക്കള്‍ തമ്മില്‍ മത്സരിക്കുന്നതും.
ആ സന്ദര്‍ഭത്തിലും അവരുടെ തീരുമാനം വായനക്കാരെ അദ്ഭുതപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിനെപ്പറ്റി ഉമ്മാച്ചുവിന് ഒന്നുമറിയില്ല. 'ഓല്ക്ക് ഇച്ചിരി ദെമാസ്യൊക്കെ കൂടാതെ കയ്യോ- ഈ ബോട്ട് പന്ത്കളീന്റെ ചേലിക്കേര്‍ക്കും അല്ലേ? കളിച്ച് പുടിച്ച് നടക്കുമ്പോ, ഓലങ്ങട് ലോഹ്യത്തിലാവും, എന്ത്യേ?' എന്നൊക്കെയാണ് മക്കള്‍ തമ്മില്‍ മത്സരിക്കുന്ന അപകടമറിയിക്കാന്‍ ഓടിക്കിതച്ചെത്തിയ ചാപ്പുണ്ണി നായരോട് ഉമ്മാച്ചു പറഞ്ഞത്.
എന്നാല്‍, വിചാരിച്ചതുപോലെ അതത്ര നിഷ്‌കളങ്കമല്ലെന്ന് ബോധ്യമായതോടെ ഉമ്മാച്ചു വീണ്ടും ഉമ്മാച്ചുവാകുന്നു. മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ ഇളയമകന്‍ ഹൈദ്രോസിന്റെ പക്ഷത്ത് നില്‍ക്കാനും അവനുവേണ്ടി വോട്ടുപിടിക്കാനും അവര്‍ ചാപ്പുണ്ണി നായരോട് ആവശ്യപ്പെടുന്നു. 'ചവിട്ടിപ്പൊരിച്ചു പറിച്ചുനട്ട വാഴക്കന്നുപോലെ' വീടുവിട്ട് പോകേണ്ടിവന്ന ആ മക്കള്‍ക്ക് വേറെയാരാണുള്ളതെന്നും അബ്ദുവിന് താനുണ്ടല്ലോ എന്നുമാണ് അതിന് അവരുടെ സമാധാനം. കടുത്ത ഈര്‍ഷ്യയോടെയാണെങ്കിലും ആ നിര്‍ദേശവും നായര്‍ക്ക് അനുസരിക്കേണ്ടിവരുന്നു. ഉമ്മാച്ചുവിനോട് എതിര്‍ത്തുപറയാന്‍ സ്ഥാനിനായര്‍ക്ക് ത്രാണിയില്ല. ആ കഷായസേവയുടെ കയ്പുമുഴുവന്‍ ആ മനുഷ്യന്‍ വീട്ടിലെത്തി ഭാര്യയുടെ നേര്‍ക്ക് തുപ്പുന്നു.
കോണ്‍ഗ്രസിനോട് അയാള്‍ക്ക് മമതയുണ്ടായിട്ടൊന്നുമല്ല ഈ രോഷം. തിരഞ്ഞെടുപ്പുതന്നെ അനാവശ്യം എന്നാണ് അയാളുടെ നിലപാട്. കോണ്‍ഗ്രസുകാര്‍ സര്‍ക്കാരിനെതിരാണെന്നും ബ്രിട്ടീഷ്ഭരണത്തിന് എന്താണുകുഴപ്പം എന്നുമാണ് അയാളുടെ മനോഗതം. അതേസമയം, ഹൈദ്രോസിനൊപ്പം നില്‍ക്കേണ്ടിവന്നതില്‍ ചെറുതായി സന്തോഷിക്കുന്നുമുണ്ട് അയാള്‍. സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാരുടെ കൂടെക്കൂടി അധികാരികളുടെ അതൃപ്തി നേടേണ്ടിവരില്ല എന്നതാണ് ആ ആനന്ദത്തിനുകാരണം.
എന്നാല്‍, വീടിനകത്തുതന്നെ വിമതശബ്ദമുണ്ട്. കോണ്‍ഗ്രസിനൊപ്പമാണ് മകള്‍ ചിന്നമ്മു. അതുകൂസാതെ, മകളും ഭാര്യയും തന്റെ സ്ഥാനാര്‍ഥിയായ ഹൈദ്രോസിന് വോട്ടുചെയ്യണമെന്ന് അയാള്‍ ശഠിക്കുന്നു. എന്നാല്‍, താന്‍ കോണ്‍ഗ്രസിനേ വോട്ടുചെയ്യൂവെന്ന് മകള്‍ അച്ചട്ടായി പറയുന്നു. എങ്കില്‍ വോട്ടിനുശേഷം വീട്ടിലേക്കുവരേണ്ടെന്നും തനിക്ക് അങ്ങനെയൊരു മകളില്ലെന്നുവെക്കുമെന്നും അയാള്‍ കടുപ്പിക്കുന്നു. ആ മുന്നറിയിപ്പിലൊന്നും കുലുങ്ങാതെ, അച്ഛനെ ധിക്കരിച്ച് കോണ്‍ഗ്രസിന് വേട്ടുചെയ്ത് ആ മകള്‍ വീടുപേക്ഷിക്കുന്നത് കഥയിലെ മറ്റൊരു വഴിത്തിരിവാണ്.
ഉമ്മാച്ചുവിനോട് വയ്യെന്ന് പറയാന്‍ മടിച്ച്, മകളോട് കലഹിച്ചെങ്കിലും 'ഇസ്ലാമിനെ രക്ഷിക്കാനായി' മത്സരിക്കുന്നവര്‍ക്കുവേണ്ടി 'തലവെട്ടത്തു ചാപ്പുണ്ണിനായര്‍ എന്ന മൂപ്പില്‍നായരാ'യ താന്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിലെ ധാര്‍മികരോഷം അയാളെ വല്ലാതെ തിളപ്പിക്കുന്നുണ്ട്. നാട്ടുകാരുടെയിടയില്‍ പരിഹാസ്യനാക്കുന്നുമുണ്ട്. 'ഇയാള്‍ക്കെന്താ മാപ്പിളയുടെ കാര്യത്തില്‍' -ഇതായിരുന്നു ചോദ്യം. 'ലീഗ് മാപ്പളാര്ടെയാണ്. അവിടെ ഒരു ഹിന്ദുവിന് സഹായിക്കേണ്ട കാര്യം?' -ചുറ്റും മുറുമുറുപ്പും ചോദ്യങ്ങളുമുയരുന്നു. 'മറുഭാഗത്തെന്താ ഹിന്ദുവാണോ'(കോണ്‍ഗ്രസ് സ്ഥാനാര്‍ഥി-അബ്ദു) എന്ന ചോദ്യമുന്നയിച്ചാണ് അയാള്‍ അത്തരക്കാരുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത്, സ്വയം ആശ്വസിക്കുന്നത്. എന്നാല്‍, ഈ ചടുയുക്തിക്കും മകള്‍ക്ക് ചുട്ടമറുപടിയുണ്ട്: കോണ്‍ഗ്രസ് എല്ലാവരുടേതുമാണ്. അവിടെ ജാതിയോ മതമോ ഇല്ല.
നോവലില്‍നിന്ന്: 'തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ താളം മുറുകിമുറുകി വരുകയാണ്. എല്ലാവരും രാവിലെ എഴുന്നേല്‍ക്കുന്നത് ഒരു മുദ്രാവാക്യം വിളിച്ചുകൂവുന്നത് കേട്ടുകൊണ്ടായിരിക്കും. ചുറ്റുമായി അമര്‍ന്നമര്‍ന്നുപോകുന്ന മുദ്രാവാക്യപ്രളയത്തില്‍ കിടന്നാണ് ആളുകള്‍ ഉറങ്ങുന്നത്. കാലത്തെ വെല്ലുവിളിക്കുന്ന ആ ശബ്ദങ്ങള്‍ നാട്ടുകാര്‍ക്കുതന്നെ മനഃപാഠമായിത്തുടങ്ങി. ഇസ്ലാം അപകടത്തിലാണെന്നും ഹിന്ദു-മുസ്ലിം മൈത്രി ജയിക്കണമെന്നും ബ്രിട്ടനെ കെട്ടുകെട്ടിക്കണമെന്നും കൃഷിഭൂമി കൃഷിക്കാരനുകൊടുക്കണമെന്നും മറ്റും ആളുകള്‍ക്ക് ബോധ്യപ്പെട്ടുകൊണ്ടുവരുകയാണ്. എന്നുവെച്ചാല്‍, ആ പറയുന്ന വാക്കുകള്‍ക്ക് അപകടകരങ്ങളായ ചില അര്‍ഥവിശേഷങ്ങളുണ്ടെന്നുകൂടി ആളുകള്‍ മനസ്സിലാക്കി. ചായപ്പീടികകളിലും കാലിച്ചന്തകളിലും കുളക്കടവുകളിലുമൊക്കെ അതിനെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു...'
തിരഞ്ഞെടുപ്പിന്റെ ഫലം കഥയില്‍ അത്ര പ്രസക്തമല്ല. എന്നാല്‍, തിരഞ്ഞെടുപ്പ് ദിവസം വളരെ പ്രധാനമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അബ്ദു തോല്‍ക്കുന്നു, മുസ്ലിം ലീഗ് ജയിക്കുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് ദിവസംതന്നെ അബ്ദു ജയിക്കുന്നുണ്ട്; അതുവരെയുള്ള അയാളുടെ പരാജിതജീവിതത്തില്‍നിന്ന്. ജേതാവാകുന്നത് ചാപ്പുണ്ണി നായരുടെ സ്ഥാനാര്‍ഥിയാണെങ്കിലും നായര്‍ ദയനീയമായി തോല്‍ക്കുന്നു; തറവാട്ടുമഹിമയുടെ പിന്‍കുടുമ മകളുമായുള്ള യുദ്ധത്തില്‍ അഴിഞ്ഞുവീണു ചിതറുന്നു. ഒടുവില്‍, ജാതിയുടെയും മതത്തിന്റെയും വെച്ചുകെട്ടലുകളെല്ലാം കുടഞ്ഞുതെറിപ്പിക്കാന്‍ നിര്‍ബന്ധിതനായ അയാള്‍ അതൊന്നുമില്ലാത്ത പച്ചമനുഷ്യനാകുന്നത് നോവലിസ്റ്റ് കാണിച്ചുതരുന്നു. തന്നോട് കലഹിച്ച് മകള്‍ വീടുപേക്ഷിച്ച് പോയതിനുശേഷം 'തേറ്റച്ചൊറിപിടിച്ച പന്നി'യെപ്പോലെ നടന്നിരുന്ന അയാള്‍ പെറ്റുവീണ ശിശുവിനുതുല്യം നിര്‍മലനായിത്തീരുന്നു.
Content Highlights: Uroob discuss election in Eranad in his novel Ummachu
Published: 25 Apr 2024, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented