
മലയാളകഥയിലെ ഏകാകിയായ സഞ്ചാരിയായിരുന്നു ഉണ്ണികൃഷ്ണന് പുതൂര്‍. അദ്ദേഹം കൈക്കൊണ്ട എഴുത്തിന്റെ ക്രമക്കണക്കുകള് മറ്റാര്‍ക്കും പാകമാകുന്നതായിരുന്നില്ല. ആത്മസംഘര്‍ഷങ്ങളുടെ നെരിപ്പോടില്‍ നീറിയാണ് അദ്ദേഹം എഴുതിയത്. എഴുത്ത് പൊലിച്ചപ്പോള്‍ പ്രതിസന്ധികള്‍ വേറെയും ഉണ്ടായി. എതിര്‍പ്പുകളും വെല്ലുവിളികളും പല ഭാഗത്തുനിന്നും വന്നു. പക്ഷേ അവയ്ക്കുമുന്നില്‍ ഈ എഴുത്തുകാരന് പതറിപ്പോയില്ല. തന്റെ തീരുമാനങ്ങളുടെ ശുദ്ധിയിലും സത്യസന്ധതയിലും അദ്ദേഹം ഉറച്ചുനിന്നു. 35 കഥാസമാഹാരങ്ങള്‍, 650-തോളം കഥകള്‍,18 നോവലുകള്‍, മറ്റു രചനകള്‍, ആകെ അന്‍പതോളം കൃതികള്‍.
ഉണ്ണികൃഷ്ണന് പുതൂര്‍ എന്ന എഴുത്തുകാരന് മലയാളത്തിലെ വായനക്കാര്‍ ഹൃദയത്തില്‍ ഇടം നല്‍കിയതിന്റെ തെളിവാണ് ഈ കൃതികള്‍. ജനിച്ച ദേശം തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂര്‍. അവിടെനിന്നും ഗുരുവായൂരിലേക്ക് ചേക്കേറി. ഒടുവില്‍ ഗുരുവായൂരിന്റെ സ്വന്തം കഥാകാരനായി മാറി. ഗുരുവായൂരിലെ വാസം ഈ എഴുത്തുകാരനില്‍ ശ്രീകൃഷ്ണന്റെ വ്യക്തിപ്രഭാവം പരഭാഗശോഭയായി പരിലസിക്കുന്നതിന് കാരണമായിട്ടുണ്ട് എന്നു കരുതണം. പേരിലെ സാമ്യം മാത്രമായി അത് ചുരുങ്ങുന്നില്ല. ജനിച്ച ദേശവും വളര്‍ന്ന ദേശവും രണ്ടാവുക. തട്ടകത്തിന്റെ തകര്‍ച്ചയ്ക്ക് സാക്ഷിയാവുക. സ്നേഹത്തിന്റെ മുന്നില്‍ എല്ലാം മറന്ന് വിനയാന്വിതനാവുക. എതിരാളികളോട് ഒരു കാരുണ്യവും കാട്ടാതിരിക്കുക. അവതാരമൂര്‍ത്തിയായ കൃഷ്ണനില്‍ കാണുന്ന ഈ സവിശേഷതകളെല്ലാം ഉണ്ണികൃഷ്ണന് പുതൂരിലും അംശാവതാരമായി കുടികൊണ്ടിരുന്നു എന്നത് കൗതുകകരമാണ്. മറയില്ലാത്ത ജീവിതത്തിന്റെ ആവിഷ്കാരവും ആഘോഷമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍ എന്നും ഓര്‍ക്കണം. ഭക്തലക്ഷങ്ങള്‍ ശരണം തേടി ഗുരുവായൂരിലേക്ക് തീര്‍ത്ഥാടനം നടത്തിയപ്പോള്‍ സാഹിത്യപ്രണയികള്‍ ഉണ്ണികൃഷ്ണന് പുതൂരിരിന്റെ കൃതികളിലേക്ക് സര്ഗതീര്ഥാടനം നടത്തുകയായിരുന്നു.
എഴുത്തിലെ കരുത്തും സത്യസന്ധതയുമാണ് ഉണ്ണികൃഷ്ണന് പുതൂരിനെ വേറിട്ട കഥാകാരനാക്കുന്നത്. കവിതയില്‍ നിന്നായിരുന്നു തുടക്കം. ആ കാവ്യാത്മകത ഗദ്യത്തിലും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഭൂതകാലത്തിന്റെ മിഴിനീരുറയുന്ന കഥകളാണ് താന്‍ എഴുതുന്നതെന്ന് ഉണ്ണികൃഷ്ണന് പുതൂര്‍ പറഞ്ഞിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും. ബലിക്കല്ല് എന്ന നോവലാണ് ഉണ്ണികൃഷ്ണന് പുതൂരിനെ ശ്രദ്ധേയനാക്കിയ കൃതി. ആ കൃതി സാഹിത്യ അക്കാദമി അവാര്‍ഡും നേടിക്കൊടുത്തു. എന്നാല്‍ അതിനു മുന്‍പേ ബലിക്കല്ലിന്റെ ഗീതം എന്നൊരു കവിത അദ്ദേഹം എഴുതിയിട്ടുണ്ട്. തന്റെ പുറംതോലു പൊട്ടി അതില്‍നിന്നും രക്തം ബലിക്കല്ലില്‍ വീഴട്ടെ എന്നും അങ്ങനെ സന്നിധി ശുദ്ധമാകട്ടെ എന്നും ആ കവിതയില്‍ കവി എഴുതുന്നുണ്ട്.
ഉണ്ണികൃഷ്ണന് പുതൂരിന്റെ എഴുത്തിനെ പ്രതീകവല്‍കരിക്കുന്ന കവിതയാണിത് എന്നു തോന്നുന്നു. തീവ്രാനുഭവങ്ങളെയും അതിന്റെ സംഘര്‍ഷങ്ങളെയും സര്‍ഗസൃഷ്ടിയിലൂടെ തുറന്നുവിട്ട് മനശ്ശാന്തി നേടുവാനാണ് ഈ എഴുത്തുകാരന് ആഗ്രഹിച്ചത്. ഒരര്‍ത്ഥത്തില്‍ തന്നെത്തന്നെ പുനര്‍നിര്‍മിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന് എഴുത്ത്. അങ്ങനെ അനുഭവങ്ങളുടെ കരുത്തില്നിന്നുകൊണ്ട് അദ്ദേഹം എഴുതിയതെല്ലാം വായനക്കാര്‍ സ്വീകരിച്ചു. സമ്പന്നതയുടെ മുകള്‍ത്തട്ടില്‍നിന്ന് പെട്ടെന്നുള്ള പതനം, തറവാടിന്റെ തകര്‍ച്ച, അച്ഛന്റെ മരണവും തുടര്‍ന്നുള്ള ജീവിതസംഘര്‍ഷങ്ങള്‍, ഇത്തരം അനുഭവങ്ങളുടെ നീറ്റലാണ് ഉണ്ണികൃഷ്ണന് പുതൂരിന്റെ എഴുത്തിന് പ്രചോദനമായത്. ജീവിതം നല്കിയ മുറിവുകള്‍ ഹൃദയത്തില്‍ പേറിയുള്ള യാത്രകള്‍, അലച്ചിലുകള്‍, പൊരുതലുകള്‍ അതെല്ലാം എഴുത്തിനു മുതല്‍ക്കൂട്ടാവുകയായിരുന്നു.
അനുഭവങ്ങള്‍ രൂപപ്പെടുത്തിയ മനസ്സായിരുന്നു പുതൂരിന്റേത്. താന്‍ കണ്ട ലോകവും ജീവിതവും ആ എഴുത്തിന്റെ ഉള്ളടക്കവും ദിശയും നിര്‍ണയിച്ചു. തന്റെതന്നെ ശരികളോടല്ലാതെ ഒന്നിനോടും ഒത്തുതീര്പ്പിലാവാന് കഴിയാത്ത വ്യക്തിത്വമായിരുന്നു അത്. ഇത് അദ്ദേഹത്തിന്റെ എഴുത്തിലും പ്രതിഫലിച്ചു. തന്റെ ശരികളില്‍ വിശ്വസിച്ചുകൊണ്ട് അദ്ദേഹം എഴുതി. വികാരങ്ങളെ കെട്ടഴിച്ചു വിടേണ്ട സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്തു. സംരക്ഷിക്കേണ്ട മൂല്യങ്ങള്‍ സംരക്ഷിച്ചു. മനുഷ്യനിലെ ജന്തുസഹജമായ വാസനകളെയും അതിന്റെ സങ്കീര്‍ണതകളെയും ജാഗ്രതയോടെ പരിഗണിച്ചു. ആധുനികതാവാദം മലയാളത്തില്‍ ഭാവുകത്വപരമായ മുന്നേറ്റമായി വരുന്ന ഘട്ടമായിരുന്നു അത്. ആധുനികത മുന്നോട്ടുവച്ച അസ്തിത്വദര്ശനത്തെയും അതിന്റെ ആഖ്യാനവഴികളെയും സിദ്ധാന്തരൂപത്തില്‍ അദ്ദേഹം കൈക്കൊണ്ടില്ല. എന്നാല്‍ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. സ്വന്തം രചനാരീതിയുടെ സ്വഭാവമായി അത് സ്വീകരിക്കുകയും ചെയ്തു.
എഴുത്തുകാരന് ഏറ്റവും കരുത്തനാകുന്നത് സ്വന്തം തട്ടകത്തിന്റെ കരുത്തില്‍ നിന്നുകൊണ്ട് എഴുതുമ്പോഴാണ്. കണ്ടാണശ്ശേരിയുടെയും കൂടല്ലൂരിന്റെ പാഠങ്ങള്‍ ഉദാഹരണമായി നമുക്കുമുന്നിലുണ്ട്. ഉണ്ണികൃഷ്ണന് പുതൂരിന്റെ എഴുത്തില്‍ നിറഞ്ഞുനിന്നത് അദ്ദേഹത്തിനു പരിചിതമായ ജീവിതപരിസരങ്ങളായിരുന്നു. തറവാടിന്റെ തകര്‍ച്ച എന്ന പ്രമേയത്തെ പലനിലകളില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അത്തരം എഴുത്തുകളെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ഒരു കഥയാണ് പഞ്ചാരമാവു വീണു എന്ന കഥ. പുതൂര്ക്കഥകളുടെ പ്രമേയത്തിന്റെയും ദര്‍ശനത്തിന്റെയും ആരൂഢമായി മാവിന്റെ വീഴ്ചയെ കാണാനാവും. മാവ് നിലം പൊത്തുന്നതോടെ അനാഥമാകുന്ന ഒരുപിടി ജീവിതങ്ങളെയാണ് ഈ കഥയില്‍ പുതൂര്‍ അവതരിപ്പിക്കുന്നത്. അതൊരു മൂര്‍ത്തബിംബമായി അദ്ദേഹത്തിന്റെ കഥാലോകത്തെ ചൂഴ്ന്നുനില്ക്കുന്നു.
ഉണ്ണികൃഷ്ണന് പുതൂരിന്റെ പുസ്തകങ്ങള്‍ വാങ്ങാം
ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലാര്‍ക്കായി ഔദ്യോഗികജീവിതം ആരംഭിച്ച പുതൂര്‍ ലൈബ്രേറിയനായാണ് വിരമിച്ചത്. ഈ സര്‍വീസ് ജീവിതകാലത്തിനിടയില്‍ അദ്ദേഹത്തിലെ സംഘടനാനേതാവ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എഴുത്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ഒരു തികഞ്ഞ സോഷ്യലിസ്റ്റായി, സമരസഖാവായി എഴുത്തിലും ജീവിതത്തിലും അദ്ദേഹം മുന്നേറി. കവി, കഥാകാരന്, ഉദ്യോഗസ്ഥന്, ട്രേഡ് യൂണിയന് നേതാവ്, കുടുംബനാഥന് എന്നിങ്ങനെ ജീവിതത്തില്‍ ഓരോ വേഷവും എടുത്തണിഞ്ഞപ്പോഴും ഈ മനുഷ്യന്റെ ആരൂഢം ഒന്നുതന്നെയായിരുന്നു. ധിക്കാരിയായ, തന്നിഷ്ടക്കാരനായ മനുഷ്യസ്നേഹിയുടേതായിരുന്നു അത്. നനഞ്ഞ തൂവലുകള്‍ എന്ന ഒറ്റക്കഥ മതി പുതൂരിന്റെ കഥനവൈഭവത്തിന്റെ മാറ്ററിയാന്‍.
അനുഭവം എഴുതാന്‍ വേണ്ടിയാണ് താന്‍ കഥാകാരനായതെന്ന് ഉണ്ണികൃഷ്ണന് പുതൂര്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം അനുഭവവും മറ്റുള്ളവരുടെ അനുഭവവും അദ്ദേഹം എഴുതി. അതില്‍ ഏറെയും നിസ്വരായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള എഴുത്തായിരുന്നു. അതില്‍ ദരിദ്രരും അംഗപരിമിതരും വേശ്യകളും ആനക്കാരനും എല്ലാം ഉള്‍പ്പെടുന്നു. കണ്ണീര് വീണ് ആര്‍ദ്രമായ മണ്ണില്‍ കാലുറപ്പിച്ച് നിന്നുകൊണ്ട് എഴുതുക എന്ന തീരുമാനമാണ് അദ്ദേഹം നടപ്പിലാക്കിയത്. അങ്ങനെ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ദൃശ്യങ്ങള്‍, മനുഷ്യന്റെ വ്യത്യസ്തമായ മുഖങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതിന്റെ മൂല്യം എന്താണെന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാകുന്നു.
Content Highlights: Unnikrishnan Puthoor: A Life in Words
Published: 28 Mar 2025, 01:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented