യുനെസ്‌കോ പ്രഖ്യാപിക്കുന്നതിനും ദശാബ്ദങ്ങള്‍ക്കുമുമ്പേതന്നെ കോഴിക്കോടിന് ചാര്‍ത്തിക്കിട്ടിയ ഓമനപ്പേരാണ് സാഹിത്യനഗരമെന്നത്. 'കുന്ദലത'യുടെ കര്‍ത്താവായ അപ്പു നെടുങ്ങാടിയില്‍ നിന്നും കോഴിക്കോടിന്റെ നോവല്‍സാഹിത്യചരിത്രം തുടങ്ങുന്നുവെങ്കില്‍ അത്രതന്നെ വയസ്സുണ്ട് കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യത്തിനും. കോഴിക്കോടന്‍ മണ്ണില്‍ സാഹിത്യത്തിന്റെ വേരുകള്‍ പടര്‍ത്തിയ എഴുത്തുകാര്‍ അനവധിയാണ്. ഇന്ദുലേഖയ്ക്കും കുന്ദലതയ്ക്കും മുമ്പേ കാറ്റില്‍പ്പോലും പറന്നെത്തിപ്പടര്‍ന്ന വടക്കന്‍ വീരഗാഥകള്‍. ഞാട്ടിപ്പാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍... മലബാറിന്റെ മിശ്രിത സംസ്‌കാരത്തില്‍പ്പിറന്ന കഥകള്‍, കവിതകള്‍, നോവലുകള്‍, യാത്രാവിവരണങ്ങള്‍, നാടകങ്ങള്‍... കോഴിക്കോടന്‍ ജനതയുടെ സൗഹൃദസമ്മേളനങ്ങള്‍ക്കുപോലും സാംസ്‌കാരികതയുടെ മുഖമാണുള്ളത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ സംസ്‌കൃതത്തിന്റെ പിടിയില്‍ നിന്നും സ്വയം രക്ഷതേടി മലയാളം നിവര്‍ന്നുനില്‍ക്കുന്ന കാലത്ത് പ്രാദേശിക ഭാഷകള്‍ക്കും ശൈലികള്‍ക്കും കോട്ടം വരുത്താതെ എഴുതപ്പെട്ട നോവലുകള്‍, കഥകള്‍, കവിതകള്‍, നാടകങ്ങള്‍ എല്ലാം തന്നെ ഇന്ന് അഭിമാനത്തോടെ നിവര്‍ന്നുനില്‍ക്കുകയാണ്. മുന്നൂറോളം വലുതും ചെറുതുമായ പ്രസാധകര്‍, ഗ്രാന്റ് ലഭിക്കുന്ന അഞ്ഞൂറില്‍പ്പരം ലൈബ്രറികള്‍, നൂറിലധികം സാംസ്‌കാരിക നിലയങ്ങള്‍, സാഹിത്യോത്സവങ്ങള്‍, സമ്മേളനങ്ങള്‍, സംവാദങ്ങള്‍, വാര്‍ഷികാഘോഷങ്ങള്‍... കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം എല്ലാം പുസ്തകമയമാണ്. കഥയായും നോവലായും തിരക്കഥയായും കവിതയായും നാടകമായും ജീവിതങ്ങളും ചരിത്രങ്ങളും സംഭവങ്ങളും അക്ഷരങ്ങളിലാണ് ഇവിടെ അഭയം കണ്ടെത്തുന്നത്. വര്‍ഷത്തില്‍ ശരാശരി 200 പുസ്തകപ്രകാശനങ്ങളും സാഹിത്യചര്‍ച്ചകളും മാതൃഭൂമിയുടെ കെ.പി കേശവമേനോന്‍ഹാളില്‍ മാത്രം നടക്കാറുണ്ട്. ടൗണ്‍ഹാള്‍, ടാഗോര്‍ ഹാള്‍, ജൂബിലി ഹാള്‍, ഐ.എം.എ ഹാള്‍, അളകാപുരി, മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിയ ഹാളുകള്‍ സാക്ഷ്യം വഹിക്കുന്ന സാഹിത്യ ചര്‍ച്ചകളും, പ്രകാശനങ്ങളും അഞ്ഞൂറ് കടക്കും. ഓരോ വര്‍ഷവും കോഴിക്കോടുനിന്നും മാത്രം പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ മൊത്തം പുസ്തകവിപണിയുടെ വലിയ ഭാഗം കൈയടക്കുന്നുവെന്നതില്‍ സംശയമില്ല.
സാഹിത്യം, പ്രസാധനം പിന്നെ കോഴിക്കോടും
പുസ്തകപ്രസാധകരുടെ ഈറ്റില്ലമാണ് കോഴിക്കോട്. ചെറുതും വലുതുമായ മുന്നൂറോളം പ്രസാധകര്‍ ഈ മേഖലയില്‍ പതിറ്റാണ്ടുകളുടെ സേവനങ്ങള്‍ നടത്തിവരുന്നുണ്ട്. മാതൃഭൂമി ബുക്‌സ്, പൂര്‍ണ, ഇന്‍സെറ്റ് പബ്ലിക്ക, ലിപി, ഒലീവ് ബുക്‌സ്, മാക്ബത്ത്, ധ്വനി ബുക്‌സ്... ഓരോവര്‍ഷവും പുറത്തിറക്കുന്ന പുസ്തകങ്ങളുടെയും വിവര്‍ത്തനങ്ങളുടെയും എണ്ണവും ഗുണവും പ്രസാധക മേഖലയെ സംബന്ധിച്ചിടത്തോളം അനുകൂലമായതിനാലാണ് ഈ മേഖല കോഴിക്കോട് തഴച്ചുവളരുന്നതും. ഒരു പുസ്തകം പിറവികൊണ്ടാല്‍ അതിന്റെ ഗതിവിഗതികളെക്കുറിച്ചും ജാഗരൂകരാണ് പ്രസാധകര്‍. പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, നിരൂപണങ്ങള്‍ സംവാദങ്ങള്‍ തുടങ്ങിയവയെല്ലാം സാംസ്‌കാരിക വേദികളുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. പ്രശസ്തരായ എഴുത്തുകാരുടെ സമ്മേളനം കൂടിയാവുന്നു ഇത്തരം വേദികള്‍.
മാതൃഭാഷയില്‍ എഴുതപ്പെട്ട കൃതികളെപ്പോലെതന്നെ തുല്യ അളവില്‍ സ്‌നേഹവും കരുതലും ലഭിക്കുന്നുണ്ട് ഇവിടുത്തെ വിവര്‍ത്തന സാഹിത്യങ്ങള്‍ക്കും. മാര്‍ക്കേസും ഗുന്തര്‍ഗ്രാസും ടോള്‍സ്‌റ്റോയിയും ദസ്തയേവ്‌സ്കിയും ആന്റണ്‍ ചെക്കോവും ഷേക്‌സ്പിയറും ബര്‍ണാഡ് ഷായും കോഴിക്കോടിന്റെകൂടി ബൗദ്ധികസ്വത്താണ്. കംപാരറ്റീവ് ലിറ്ററേച്ചര്‍ സമ്മേളനങ്ങള്‍ കോഴിക്കോടിന് ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. നഗരവുമായി ബന്ധപ്പെട്ടുകിടക്കുന്ന നൂറോളം ചെറുതും വലുതുമായ സാംസ്‌കാരിക നിലയങ്ങള്‍ ദിനമൊന്നുപോലും ഒഴിവില്ലാതെ അക്ഷരങ്ങളാല്‍ തീര്‍ക്കപ്പെട്ട ലോകത്തിനു ചുറ്റും നടന്ന് വിസ്മയം കൊള്ളുന്ന കാഴ്ചയും ഇവിടെ സാധാരണമാണ്.
നാടകമാണ് കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തിലെ പ്രധാന അധ്യായങ്ങളിലൊന്ന്. തിക്കോടിയൻ, പി.എം താജ്, നെല്ലിക്കോട് ഭാസ്‌കരന്‍, കെ.ടി മുഹമ്മദ്, സുരാസു എം.ടി വാസുദേവന്‍ നായര്‍, ടി. ദാമോദരന്‍ തുടങ്ങിയ നാടകവും സിനിമയും തമ്മിലുള്ള ദൂരങ്ങള്‍ക്കിടയില്‍ പാലം പണിതവര്‍. ബാലൻ കെ.നായർ, കുതിരവട്ടം പപ്പു, മാമുക്കോയ, കുഞ്ഞാണ്ടി, ബാബുരാജ് തുടങ്ങിയ പ്രതിഭകള്‍ സമ്മേളിച്ച അക്കാലത്തെ കല്യാണവീടുകളിലെ 'ഇന്‍സ്റ്റന്റ് കിസ്സപ്പാട്ടു'കളും അഭിനയവും... ഒരു ദേശത്തെയൊട്ടാകെ വായനയിലേക്കാവാഹിച്ച ദേശപോഷിണി വായനശാല. അതിരാണിപ്പാടവും തെരുവിന്റെ കഥയും ദേശത്തിന്റെ കഥയും വിരിഞ്ഞ എസ്.കെ പൊറ്റക്കാടിന്റെ പുതിയറയിലെ ചന്ദ്രകാന്തം. പാത്തുമ്മയുടെ ആടിനെ പെറ്റ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം 'രാജ്യ'മായ ബേപ്പൂര്‍! കാലവും മഞ്ഞും വാരാണസിയും മൗനം പുതച്ച നടക്കാവിലെ സിതാര. തൃക്കോട്ടൂര്‍ പെരുമ കയറാന്‍ ബര്‍മയില്‍ നിന്നും കാലം വിളിച്ചുവരുത്തിയ യു.എ ഖാദറിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഗുരുവായൂരപ്പന്‍ കോളേജിന്റെ താഴ്‌വാരം. ദൈവത്തിന്റെ കണ്ണും എണ്ണപ്പാടവും അക്ഷരങ്ങളായി പരിണമിച്ച എന്‍. പി മുഹമ്മദിന്റെ ഇടിയങ്ങര.. നെല്ലും വിലാപവും കൂമന്‍കൊല്ലിയും കൊണ്ട് അസ്വസ്ഥതകളുടെ ഇടനാഴിയിലേക്ക് മലയാളിയെ വലിച്ചിഴച്ച പി. വത്സലയുടെ ചേവായൂര്‍. ബര്‍സയുടെ ഖദീജ മുംതാസ്, കിനാവും മൊഴിയും കൊണ്ട് മുസ്ലിം അകത്തളത്തെ പരിചയപ്പെടുത്തിയ ബി.എം സുഹറ... എഴുതിത്തുടങ്ങിയാല്‍ കൈ കഴച്ചുപോകുന്നത്രയും കനമാണ് കോഴിക്കോട്ടെ സാഹിത്യമണ്ണിന്. സാഹിത്യം തഴച്ചുവളരുന്ന മണ്ണിനെക്കുറിച്ച് കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഈയിടത്തില്‍ ഒരിത്തിരിഭൂമി കണ്ടെത്തി താമസമാക്കിയവരും കുറവല്ല. എഴുത്തിലെ ഭാവിയോ ഭൂതമോ വര്‍ത്തമാനമോ അല്ല വിഷയം. എഴുതുക എന്നത് മാത്രമാണ്. അതുപോലെ തന്നെ വായനയും.
സര്‍ഗാത്മകതയുടെ പൈതൃകം നിലകൊള്ളുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2004-ല്‍ യുനെസ്‌കാ സാഹിത്യനഗരങ്ങളെത്തേടിയിറങ്ങിയത്. സാഹിത്യനഗരങ്ങളെക്കൂടാതെ കരകൗശല, നാടന്‍കലകള്‍, സിനിമ, സംഗീതം, പാചകകല, മീഡിയ ആര്‍ട്‌സ് തുടങ്ങിയ സര്‍ഗാത്മക മേഖലകളെക്കൂടി യുനെസ്‌കോ പരിഗണിച്ചു. യുനെസ്‌കോയുടെ സംഗീതനഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗ്വാളിയോര്‍ ആണ്. 2004-ല്‍ എഡിന്‍ബര്‍ഗാണ് യുനെസ്‌കോയുടെ പ്രഥമ സാഹിത്യനഗരമായി തിരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് നാല്‍പത്തി രണ്ടാമത്തെ നഗരമാണ്.

സാഹിത്യനഗരം യാഥാര്‍ഥ്യമാകുമ്പോള്‍
യുനെസ്‌കോയുടെ സാഹിത്യനഗരപ്പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ ആ നഗരത്തിന് സാഹിത്യവുമായുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ ദൃഢതയുണ്ടായിരിക്കണം. നഗരത്തില്‍ നിന്നും ദിനംപ്രതി പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഗുണത്തിലും എണ്ണത്തിലും വൈവിധ്യത്തിലും ഉന്നത നിലവാരം പുലര്‍ത്തിയിരിക്കണം. പ്രാഥമിക, ദ്വിതീയ, ത്രിദീയ നിലകളില്‍ നടത്തുന്ന വിദ്യാഭ്യാസപരിപാടികളില്‍ മാതൃഭാഷയിലെയും വിദേശഭാഷകളിലെയും സാഹിത്യങ്ങള്‍ക്ക് വളരെ ഗൗരവമേറിയ സ്വാധീനമുണ്ടായിരിക്കണം. നാടകം, കവിത, കഥ, നോവല്‍ തുടങ്ങിയ സാഹിത്യരൂപങ്ങള്‍ക്ക് നഗരത്തില്‍ പ്രധാന പങ്കുണ്ടായിരിക്കണം. ഗ്രന്ഥശാലകളുടെ നടത്തിപ്പ്, പുസ്തകക്കടകള്‍ നിലനിര്‍ത്തുന്ന ദശാബ്ദങ്ങളുടെ മഹിമ, സര്‍ക്കാര്‍-സര്‍ക്കാറിതര സാംസ്‌കാരികനിലയങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, ഇവയിലെല്ലാറ്റിലൂടെയും നടക്കുന്ന ആഭ്യന്തരവും വൈദേശികവുമായി സാഹിത്യങ്ങളുടെ സംരക്ഷണത്തിലും പ്രോത്സാഹനത്തിലും നഗരം മുഖ്യപങ്കുവഹിച്ചിരിക്കണം. ആഭ്യന്തരവും വൈദേശികവുമായ സാഹിത്യസമ്മേനങ്ങള്‍ക്കും സാഹിത്യോത്സവങ്ങള്‍ക്കും നഗരം ആതിഥേയം വഹിച്ചിരിക്കണം. പ്രസാധകമേഖല വിവര്‍ത്തനസാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ കാണിക്കുന്ന ഉത്സാഹവും ഇടപെടലുകളും രാജ്യത്ത് നിലവിലുള്ള എല്ലാ ഭാഷകള്‍ക്കുമൊപ്പം തന്നെ വിദേശഭാഷകളും വിവര്‍ത്തനസാഹിത്യത്തില്‍ ഇടം നേടിയിരിക്കണം. സാഹിത്യത്തെ പരിപോഷിപ്പിക്കാനും സാഹിത്യോത്പന്നങ്ങളെ മാര്‍ക്കറ്റ് ചെയ്യാനും പരമ്പരാഗത മാധ്യമങ്ങളും ആധുനിക വാര്‍ത്താമാധ്യമ സംവിധാനങ്ങളും കാണിക്കുന്ന ജാഗ്രതയും ഉത്സാഹവും നഗരത്തിലുണ്ടായിരിക്കണം. നാലു വര്‍ഷത്തേക്കാണ് യുനെസ്‌കോ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്നത്. നാലുവര്‍ഷം കൂടുമ്പോള്‍ യുനെസ്‌കോ പ്രതിനിധികള്‍ വന്ന് സാഹിത്യനഗരത്തിന്റെ തൽസ്ഥിതി വിലയിരുത്തും. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെങ്കില്‍ നഗരത്തിനു നല്‍കിയ സാഹിത്യപദവി അവര്‍ തിരിച്ചെടുക്കും. പേര് ലഭിക്കുന്നതോടൊപ്പം ഇനി കോഴിക്കോടിന്റെ പരിശ്രമം അത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കൂടി ആശ്രയിച്ചിരിക്കുന്നു.
ഇരുപത്തിയെട്ട് രാജ്യങ്ങളിലായി നാല്‍പ്പത്തി രണ്ട് നഗരങ്ങളാണ് ഇതുവരെ യുനെസ്‌കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചിരിക്കുന്നത്. അതില്‍ 24 എണ്ണം യൂറോപ്പിലെ പ്രമുഖ നഗരങ്ങളാണ്. ഏഴെണ്ണം ഏഷ്യയില്‍. മൂന്നു സാഹിത്യനഗരങ്ങള്‍ വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയ്ക്കും ഓഷ്യാനയ്ക്കും രണ്ടെണ്ണം വീതവും ആഫ്രിക്കയ്ക്ക് ഒന്നുമാണ് നിലവില്‍ യുനെസ്‌കോ പ്രഖ്യാപിച്ച സാഹിത്യനഗരങ്ങളുള്ളത്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരം കോഴിക്കോടാണ് എന്നതില്‍ അഭിമാനിക്കാം.
യുനെസ്‌കോയുടെ സാഹിത്യനഗരപ്പട്ടികയില്‍ ഇടം പിടിച്ചാലുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് പരിശോധിക്കാം- ലോകത്തെ എല്ലാ ഭാഷകളുടെയും സാഹിത്യങ്ങളുടെയും കൊടുക്കല്‍വാങ്ങലുകള്‍ നടക്കുന്ന മുഖ്യവേദിയായി നഗരം മാറും. അതിനുവേണ്ടി യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ ലോകത്തെ എല്ലാ സാഹിത്യപ്രവര്‍ത്തക മേഖലകളുമായും കോഴിക്കോട് നഗരത്തിന് ബന്ധമുണ്ടായിരിക്കും. സംവാദങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രധാനനഗരമായി രാജ്യം കാണുക ഇനി കോഴിക്കോടിനെയായിരിക്കും. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ അവസരങ്ങളുടെ (സാഹിത്യമേഖലയില്‍) കേന്ദ്രമായി കോഴിക്കോട് മാറും. പുസ്തകപ്രസാധനരംഗത്ത് ഇതുണ്ടാക്കാന്‍ പോകുന്നത് വലിയ ചലനങ്ങളായിരിക്കും. ബൗദ്ധികവും അക്കാദമികവുമായ ധാരാളം അവസരങ്ങള്‍ ഇതുവഴി വന്നുചേരാനും സാധ്യതയുണ്ട്. ലോകത്തെ എല്ലാ സര്‍ഗാത്മകനഗരവുമായി ഇന്ത്യയ്ക്കുവേണ്ടി ഇനി ബന്ധപ്പെടുന്നതും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും ഇനി കോഴിക്കോടായിരിക്കും. മറ്റ് സാഹിത്യനഗരങ്ങളുമായി ആശയങ്ങള്‍ കൈമാറുക, ആ നഗരങ്ങളിലെ സാംസ്‌കാരികപ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയമരുളുക തുടങ്ങി 24X 7 എന്ന മട്ടില്‍ രാജ്യത്തെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഇന്ത്യയിലെ സാഹിത്യനഗരത്തിന് ഉത്തരവാദിത്തമുണ്ടാകും. ആശയങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍, സാഹിത്യഗവേഷണ കേന്ദ്രങ്ങളുടെ എണ്ണവും ഗുണവും വര്‍ധിപ്പിക്കല്‍, പ്രഖ്യാപനത്തിലും പേപ്പറുകളിലും ഒതുങ്ങിപ്പോയ സ്മാരകങ്ങളുടെ നിര്‍മാണങ്ങള്‍, മണ്‍മറഞ്ഞ എഴുത്തുകാര്‍ക്കുവേണ്ടിയുള്ള മ്യൂസിയം നിര്‍മാണം തുടങ്ങി പണികള്‍ ഇനി തുടങ്ങാനിരിക്കുന്നതേയുള്ളൂ കോഴിക്കോടിന്.
നട്ടുനനയ്‌ക്കേണ്ടിയിരിക്കുന്നു ലിറ്റററി ടൂറിസം
കോഴിക്കോട്ടെ സാഹിത്യ സമ്മേളനങ്ങള്‍ ഇനിമുതല്‍ ക്ഷണക്കത്തുകളില്‍ യുനസ്‌കോ ലിറ്റററി സിറ്റി എന്നറിയപ്പെടും. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ കേരളത്തിലെ ഓരോ വീടിന്റെയും പടിവാതില്‍ക്കല്‍ത്തന്നെയാണുള്ളത് എന്ന് നിരീക്ഷിച്ചത് സന്തോഷ് ജോര്‍ജ് കുളങ്ങരയാണ്. കേരളത്തില്‍ ലിറ്റററി ടൂറിസത്തിന്റെ പ്രവേശനകവാടമാണ് യുനെസ്‌കോ ഇപ്പോള്‍ പണിതുതന്നിരിക്കുന്നത്. 'യുനസ്‌കോ ലിറ്റററി സിറ്റിയിലേക്ക്' ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുമ്പോള്‍ അകത്ത് കനപ്പെട്ട വിഭവങ്ങള്‍ ഒരുക്കേണ്ടത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്തമായി മാറുകയാണ്. സാഹിത്യം ഭക്ഷണം- യാത്ര- ബൗദ്ധികത...ടൂറിസം പാക്കേജുകള്‍ക്ക് വേറിട്ട മുഖമായിരിക്കും കൈവരിക.
എഴുത്തുകാരുടെ ഉയരാത്ത സ്മാരകങ്ങള്‍ക്ക് ഇനി ഉടനടി ജീവന്‍ വെക്കും. ഷേക്‌സ്പിയര്‍ മ്യൂസിയവും കീറ്റ്‌സ് സമാധിസ്ഥലവും വിക്ടോറിയ രാജ്ഞിയുടെ കൊട്ടാരവും കാണാന്‍ ഡോളറുകള്‍ മുടക്കി യാത്രചെയ്യുന്നവരാണ് മലയാളികള്‍. ലിറ്റററി ടൂറിസം ലോകത്ത് വലിയ സാധ്യതകളാണ് തുറന്നുവെച്ചിട്ടുള്ളത്. തങ്ങളുടെ എഴുത്തുകാര്‍ ചിന്ത കൊണ്ടും ഭാവന കൊണ്ടും അക്ഷരങ്ങളെയുമെടുത്ത് ഭ്രാന്തുപിടിച്ചോടിയ കഥകള്‍ എല്ലാ രാജ്യവും വികാരവായ്‌പ്പോടെ വിറ്റുകാശാക്കുന്നത് പതിവാണ്. ഓരോ എഴുത്തുകാരും അവരുടെ രാജ്യത്തിന്റെ സമ്പത്തായി മാറുകയാണ് പതിവ്. പട്ടിണിയുടെയും ഉന്മാദത്തിന്റെയും ഇല്ലായ്മയുടെയും മഷികളാല്‍ അവരെഴുതിയതെല്ലാം, അനുഭവിച്ചതെല്ലാം, അതിലും വലിയ വികാരത്തോടെ നമ്മള്‍ ഏറ്റുവാങ്ങുന്ന ഇടങ്ങളാണ് മ്യൂസിയങ്ങള്‍. എഴുത്തുകാര്‍ തങ്ങളുടെ പുസ്തകങ്ങളിലൂടെ നമ്മളെ സ്പര്‍ശിക്കുന്ന ഇടം. ഇനി കോഴിക്കോടൊരു സാഹിത്യമ്യൂസിയം ഇനി പ്രതീക്ഷിക്കാം. വൈക്കം മുഹമ്മദ് ബഷീറിന്റെ കാച്ചിയെക്കുറിച്ചും വിദേശ സാഹിത്യകുതുകികളുമായി നമ്മള്‍ കള്‍ച്ചറല്‍ ഇന്ററാക്ഷന്‍ നടത്തും. സാമൂതിരിയുടെ സഭയെക്കുറിച്ചും പ്രതിഭകള്‍ മാറ്റുരച്ച രേവതി പട്ടത്താനത്തെക്കുറിച്ചും ചരിത്രം ശിലാഫലകങ്ങളിലൂടെ സംവദിക്കും. എല്ലാം ഇനി കോര്‍പ്പറേഷന്റെ കയ്യിലാണ്. വിശ്വസാഹിത്യത്തില്‍ അവഗാഹമുള്ള ഇപ്പോഴത്തെ മേയര്‍ ബീന ഫിലിപ്പിന്റെ പരിശ്രമങ്ങളാണ് സാഹിത്യനഗരത്തിലൂടെ സഫലമായിരിക്കുന്നത്. ഭരണം നിലനിര്‍ത്തുന്നതുപോലെത്തന്നെ സാഹിത്യനഗരപട്ടം നിലനിര്‍ത്തേണ്ടത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്തമായിരിക്കുന്നു.
സാഹിത്യം എന്ന കച്ചവടം
കോഴിക്കോട് എല്ലാത്തരം കച്ചവടങ്ങള്‍ക്കും പേരുകേട്ട നഗരമാണ്. തടിക്കച്ചവടത്തോടൊപ്പം, ഭക്ഷണക്കടകളോടൊപ്പം തന്നെ മാറ്റുരയ്ക്കുന്ന കച്ചവടമാണ് പുസ്തകമേഖലയിലും കോഴിക്കോട് നടത്തിയിരിക്കുന്നത്. യുനസ്‌കോ ലിറ്റററി സിറ്റി എന്ന വിശേഷണം സാഹിത്യത്തിന്റെ കച്ചവട സാധ്യതയെക്കൂടി പരിപോഷിപ്പിക്കും. പുസ്തകമേഖലയിലെ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ സ്വതേ കോഴിക്കോട്ടുകാര്‍ ഗൗനിക്കാറില്ല. പുസ്തകം തരുന്ന ബൗദ്ധികപ്രതിച്ഛായയാണ് മുഖ്യം. സാഹിത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പുകള്‍ക്ക് സാഹിത്യനഗരത്തിന്റെ അനന്തസാധ്യതകള്‍ ഉപകാരപ്രദമാകും. കോര്‍പ്പറേഷന്റെ സഹകരണത്തോടെ വര്‍ഷംതോറും നടക്കുന്ന സാഹിത്യോത്സവങ്ങളുടെ എണ്ണം വര്‍ധിക്കും. ഇന്‍സൈറ്റ് പബ്ലിക്ക ഈയടുത്താണ് റഷ്യന്‍ എംബസിയുമായി സഹകരിച്ച് റഷ്യന്‍ ഭാഷാ പഠനകേന്ദ്രം സ്ഥാപിച്ചത്. സാംസ്‌കാരിക കൈമാറ്റവും വിവര്‍ത്തനവുമാണ് പ്രധാന ലക്ഷ്യമെന്ന് പ്രസാധകര്‍ പറയുന്നു. സാഹിത്യത്തിലെ ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ വലിയ എഴുത്തുകാരുടെ പ്രഥമ പരിഗണനയില്‍ കോഴിക്കോട് നഗരം ഇടം പിടിക്കും. പ്രസാധക മേഖലയിലെ വലിയ ഡീലിങ്ങുകള്‍ക്കായിരിക്കും കളമൊരുങ്ങുക.
നഗരപരിധിയിലുള്ള പുസ്തകശാലകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൈവരും. തങ്ങളുടെ പുസ്തകശാലകളുടെ സാഹിത്യപശ്ചാത്തലം പരമാവധി പ്രദര്‍ശിപ്പിക്കുന്ന മട്ടില്‍ പുസ്തകശാലകള്‍ ഒരുങ്ങും. വിദേശരാജ്യങ്ങളിലെ പുസ്തശാലകള്‍ ഇതിന് മാതൃകയാകും. കോഴിക്കോടിന് മുമ്പ് സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ട ഗ്രീസിനെ മാതൃകയാക്കിയാണ് കോഴിക്കോട് യുനെസ്‌കോയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തനത്തിലും മത്സരാധിഷ്ഠിത സ്വഭാവം കൈവരും. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അതിഥിയെ കൊണ്ടുവരിക എന്നതായിരിക്കും പ്രധാന മത്സരം.
Content Highlights: unesco city of literature kozhikode benefits and challenges
Published: 02 Nov 2023, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented