
The hills rise up like green wings
bearing the dawn's golden lyre.
- Pablo Neruda
എവിടെ നിങ്ങളുടെ പച്ചച്ചിറകുകള്‍? ഞാന്‍ മലകളോട് കലമ്പി. വേനലടര്‍ത്തിക്കളഞ്ഞ മഞ്ഞുകഞ്ചുകങ്ങളെക്കുറിച്ച് ഒട്ടുമേ നാണിക്കാതെ ചുവന്ന നെഞ്ചകങ്ങള്‍ വിടര്‍ത്തിക്കാട്ടിനില്‍ക്കുന്ന പര്‍വതങ്ങള്‍ മണ്‍നിറത്തില്‍ എന്നോട് മറുപടി ചിരിച്ചു. ഘോരഘോരമായ ഹൈ ആള്‍റ്റിറ്റിയൂഡ് കിരണങ്ങളാല്‍ അവയെ മൊത്തം ചോപ്പിച്ച് കുളിപ്പിച്ച് തങ്കക്കുടങ്ങളാക്കി സൂര്യന്‍ കിഴക്ക് ഉയര്‍ന്നുവന്നു. ചുറ്റും മലകള്‍മാത്രം. വെളുപ്പും തവിട്ടും ചുവപ്പും തവിട്ടുകൂടിയ കറുപ്പും നിറത്തില്‍ ഉച്ചിക്കുടുമമാതിരി ഇത്തിരി മഞ്ഞുമായി എഴുന്നുനില്‍ക്കുന്ന പര്‍വതശിഖരങ്ങള്‍. അവയുടെ നടുവിലെ ഇത്തിരിനിരപ്പില്‍ ലേ വിമാനത്താവളം. കേണല്‍ ടി. എന്നിന്റെ യൂണിറ്റ് എയര്‍പോര്‍ട്ടില്‍നിന്ന് വിളിപ്പുറത്താണ്. ജോയുടെ അടുത്തസുഹൃത്താണ് ടി.എന്‍. യു.എന്‍. സമാധാനസേനയ്ക്കുവേണ്ടി കോംഗോയിലെ പോര്‍മുഖത്ത് ഒരുമിച്ചായിരുന്നപ്പോഴുള്ള കൂട്ടാണ്.
യൂണിറ്റ് മെസ്സിലെ ഗസ്റ്റ് റൂമിന്റെ മുന്നിലെ വെള്ളമണലില്‍ നിറയെ ഓറഞ്ചും മഞ്ഞയും കലെന്റുലകള്‍ പൂത്തുമറിഞ്ഞുകിടക്കുന്നു. ചുറ്റിലും വരണ്ട മഞ്ഞുമരുഭൂമിയെങ്കിലെന്ത്, ഈ ഇത്തിരി പച്ചയും പൂക്കളും മതി, കണ്ണിനും നെഞ്ചിനും കുളിരിന്. ഉയരങ്ങളിലെ പൊരിവെയിലില്‍ അല്പപ്രാണനുകളായ ഈ നരുന്തുചെടികളെ ജീവിപ്പിച്ചെടുക്കാന്‍ നന്നായി കഷ്ടപ്പെട്ടിരിക്കണം ഇവര്‍. അല്ലെങ്കിലും നാമെത്തുന്നിടത്ത് നമ്മുടെ പച്ചപ്പ് നമ്മളുണ്ടാക്കേണ്ടിവരുമെന്ന് പട്ടാളക്കാരെക്കാള്‍ അറിയുന്നത് ആര്‍ക്കാണ്!
ഇത്തവണത്തെ ഈ മലകയറ്റത്തില്‍ ഇനി രണ്ടുദിവസം ഇവിടെത്തന്നെയാണ്. 'അക്ലിമറ്റൈസേഷന്‍': കൂടുതല്‍ ഉയരങ്ങളിലേക്ക് കയറാന്‍വേണ്ടി ശ്വാസകോശത്തെയും ശരീരത്തെയും പരുവപ്പെടുത്താനും പൊരുത്തപ്പെടുത്താനുമുള്ള കുഞ്ഞു ബ്രേക്ക്. മലകളില്‍നിന്ന് മലകളിലേക്ക് കയറുമ്പോള്‍ ഇങ്ങനെ ഒരു പ്രശ്‌നമുണ്ട്. ഓരോ മൂവായിരം അടി ഉയരം പിന്നിടുമ്പോഴും ഈ ഇടവേള നിര്‍ബന്ധം. ഞങ്ങള്‍ പട്ടാളക്കാര്‍ പിന്നെ, ഇങ്ങനത്തെ കാര്യത്തിലൊക്കെ വലിയ കണിശക്കാരാണ്. അതുമാത്രമോ, രണ്ടുമൂന്നുദിവസം ബുദ്ധവിഹാരങ്ങളും മലകളും കൊട്ടാരങ്ങളും കണ്ട് കേണല്‍ ടി.എന്നിന്റെ ആതിഥ്യം ആഘോഷിച്ച് ലേയില്‍ത്തന്നെ ചെലവഴിച്ചേ മതിയാവൂ.
മഞ്ഞുമലകള്‍ ചുവക്കുന്നതുകാണാന്‍ നേരംവെളുക്കുംമുന്നേ ഗസ്റ്റ് റൂമിന്റെ മുറ്റത്തിറങ്ങിനില്‍ക്കുന്ന ഞങ്ങളുടെ മുന്നിലൂടെ മിലിറ്ററിയുടെ I L-76 വിമാനം പറന്നുയരുന്നു. ആകാരവലുപ്പം കാരണം പട്ടാളക്കാര്‍ ഗജരാജ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന നമ്മുടെ മിലിറ്ററിയുടെ ഭാരവാഹിനി -ചരക്കുവണ്ടി! മുന്നിലത്തെ മലയിലെ ബുദ്ധവിഹാരത്തിന്റെ മകുടത്തിനുമുകളിലൂടെ, ശാന്തിസ്തൂപത്തിന് വലത്തെവശം ചെരിഞ്ഞ് കാടുകുലുക്കി, കൊമ്പുകുലുക്കി വരുന്ന ഗജവീരന്റെ അലസഗാംഭീര്യത്തോടെ അത് ഉയര്‍ന്നുപൊങ്ങി, പറന്നുപോയി...പൂച്ചെടികള്‍ക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്ന ഇന്നാട്ടുകാരന്‍ തോട്ടക്കാരന്‍ എഴുന്നേറ്റുനിന്ന് ഗജരാജയ്ക്കുനേരേ കൈവീശുന്നു.

തലകുനിച്ച് ശരീരം പകുതി വളച്ച് വണങ്ങുന്നു. ചിരിയടക്കിനിന്ന എന്നോട് നമസ്‌കാരത്തിന്റെ കാരണം നിഷ്‌കളങ്കമായി പറഞ്ഞുതരുന്നു:
''നോക്ക് ദീദി, ഞങ്ങള്‍ ലഡാക്കികള്‍ക്ക് വിമാനം വെറുമൊരു വിമാനമല്ല - ഞങ്ങളുടെ മോചനത്തിന്റെ അടയാളമാണ്. ഇങ്ങനെ ഒരു വിമാനം ആദ്യമായി ഇവിടെ ഇറങ്ങിയ ദിവസമാണ് ഞങ്ങളുടെ സ്വാതന്ത്ര്യദിനം''.
പാലാ (അച്ഛന്‍-ടിബറ്റന്‍ ഭാഷ) കുഞ്ഞിലേതൊട്ട് എന്നുമെന്നപോലെ പറഞ്ഞുപറഞ്ഞു മനഃപാഠമായ കഥ ടെന്‍സിന്‍ എനിക്കായി ആവര്‍ത്തിക്കുന്നു.
''അത് 1948 മേയ് ആയിരുന്നു. അതാ അവിടെ, അങ്ങുദൂരെ കാണുന്ന സിന്ധുനദിയുടെ ആ പാലംവരെ അവര്‍ പിടിച്ചടക്കിക്കഴിഞ്ഞു. ആസന്നമായ പാകിസ്താന്‍ അധിനിവേശത്തെ ഭയന്ന് ഞങ്ങള്‍ സങ്കടത്തോടെ നാടുവിട്ടുപോകാന്‍ തയ്യാറായി. ചുമന്നുകൊണ്ടുപോവാന്‍ സാധിക്കുന്ന ജീവനുള്ളതും അല്ലാത്തതുമായ എല്ലാം തടുത്തുകൂട്ടി എങ്ങോട്ടു പോകണമെന്നുപോലുമറിയാതെ ഞങ്ങള്‍ ഭാണ്ഡം മുറുക്കി. മഞ്ഞുമരുഭൂമിക്കപ്പുറം കാണാത്ത മനുഷ്യരായിരുന്നു മിക്കവരും. തലമുറതലമുറകളായി ഇവിടെത്തന്നെ കഴിഞ്ഞവര്‍. നാടുപേക്ഷിച്ചുപോകുന്നതില്‍ ഞങ്ങള്‍ വല്ലാതെ പരിഭ്രാന്തരായിരുന്നു. അപ്പോള്‍ അതാ ആകാശത്തിന്റെ ഇടത്തെ കോണില്‍ ആ മഹാമൃഗം പ്രത്യക്ഷപ്പെട്ടു. അത് ഭീമാകാരനായൊരു ഡ്രുക് പോലിരുന്നു (ഡ്രുക് -ടിബറ്റന്‍ ഭാഷ - വ്യാളി). ഒട്ടും ചിറകടിക്കാതെ ഒരു കഴുകനെപ്പോലെ വലംചുറ്റി ഞങ്ങളുടെ മുന്നില്‍ അത് ചെരിഞ്ഞു പറന്നിറങ്ങി. അതിന് വാലും ചിറകും ഉണ്ടായിരുന്നു, മൂക്കും. അത് ചീറ്റുന്നുണ്ടായിരുന്നു. അതിന്റെ വയറ്റില്‍ അത് ഞങ്ങളുടെ രക്ഷകരായ പട്ടാളക്കാരെ നിറച്ചിരുന്നു, വെടിക്കോപ്പുകളും. ഞങ്ങള്‍ ഗ്രാമീണര്‍ ഞങ്ങളുടെ രക്ഷകനായ ആ മഹാമൃഗത്തിന് തീറ്റയും വെള്ളവുമായോടിയെത്തി.''
ചിരിക്കാതിരിക്കാന്‍ ഞാന്‍ നന്നായി പണിപ്പെട്ടു. മലയാളിക്ക് ജനിതകമായി കിട്ടിയതെന്ന് കൂട്ടുകാര്‍ വിമര്‍ശിക്കുന്ന പരിഹാസജീനിനോട് മനസ്സില്‍ മല്ലുപിടിച്ചു. ''ഞങ്ങളെ കുറ്റംപറയാന്‍ പറ്റുമോ ദീദീ, അന്ന് ലഡാക്കില്‍ ഞങ്ങള്‍ക്ക് ഒരു മോട്ടോര്‍വാഹനംപോലുമില്ലായിരുന്നു. സൈക്കിള്‍പോലും ഞങ്ങളന്ന് കണ്ടിട്ടില്ല.''
''അത് ശരിയാണ്'' - കഥ കേട്ടുകൊണ്ടിരുന്ന കേണല്‍ ടി.എന്‍. കൂട്ടിച്ചേര്‍ത്തു.
''1948 മേയ് 24-ന് ഈ എയര്‍പോര്‍ട്ടില്‍ ആദ്യമായി പറന്നിറങ്ങിയ ഡെക്കോട്ട DC 3 -വിമാനത്തിന് തിന്നാന്‍ പുല്ലും കാലിത്തീറ്റയുമായിവന്ന ലഡാക്ക് ഗ്രാമീണരെക്കുറിച്ച് നമ്മുടെ രേഖകളിലും എഴുതിയിട്ടുണ്ട്. ഈ വിമാനത്താവള നിര്‍മാണവും ആദ്യത്തെ വിമാനമിറങ്ങലും ഒരു കഥ തന്നെയാണ്. ബുള്‍ഡോസറോ എര്‍ത്ത് മൂവറോ ഒന്നുമില്ലാതെ കൈയിലെണ്ണാവുന്ന ദിവസങ്ങള്‍കൊണ്ട് തീര്‍ത്ത മഹാപ്രയത്‌നം. ഇനിയും കഥകള്‍ അറിയണമോ, എങ്കില്‍ അതാ ആ മലകയറണം.''
മുന്നിലത്തെ മലമുകളില്‍ ഒരു ബുദ്ധവിഹാരത്തിന്റെ മകുടം ഉയര്‍ന്നുകണ്ടു. ''അത് ശാന്തിസ്തൂപത്തിന്റെ മലയാണ്. അവിടെയുള്ള പഴയ ബുദ്ധവിഹാരത്തിലെ വൃദ്ധലാമമാരാണ് ഈ കഥകള്‍ ഏറ്റവും കൃത്യമായി അറിയുന്നവര്‍. അവരുടെ ആശ്രമഭൂമിയാണ് എയര്‍പോര്‍ട്ട് പണിയാനായി അന്ന് വിട്ടുനല്‍കിയത്. എല്ലാം അവരുടെ കണ്‍മുന്‍പില്‍നടന്ന കാര്യങ്ങളാണ്''.
അങ്ങനെ പിറ്റേന്ന് മലമുകളിലെ വൃദ്ധലാമ കഥയുടെ ബാക്കി പറഞ്ഞുതരുന്നു. പിന്നെ നാട്ടുകാരും പട്ടാളക്കാരുമായി ഒരുപാടുപേര്‍ അത് കൂട്ടിച്ചേര്‍ക്കുന്നു. ലഡാക്കിനെ രക്ഷിച്ച ആ ലെജന്ററി ഇരുമ്പുപക്ഷിയുടെ കഥ...

ഒരു സന്ന്യാസിരാജകുമാരന്‍, വിദേശത്ത് പഠിച്ച ഒരു ചെറുപ്പക്കാരന്‍ എന്‍ജിനിയര്‍, പച്ചമണ്ണുറയ്ക്കാത്ത എയര്‍പോര്‍ട്ടില്‍ ഒന്നാം വിമാനമിറക്കിയ എയര്‍ കമ്മഡോര്‍, ഒരു ഡെക്കോട്ട വിമാനം, അതിന് പുല്ലുകൊണ്ടുവന്ന നിഷ്‌കളങ്കരായ ലഡാക്കികള്‍. എന്റെ പട്ടാളക്കാര്‍ എടുക്കുന്ന റിസ്‌ക് ആദ്യം ഞാനെടുക്കും എന്നുപറഞ്ഞ് മുന്നില്‍നിന്ന് പടനയിച്ച ഒരു പടനായകന്‍, ഒറ്റപ്പെട്ടുപോയ ഒരു നാടിനുവേണ്ടി വിന്ററിലെ മഞ്ഞുമൂടിയടഞ്ഞ ദുരിതമേറിയ ഒരു മൗണ്ടന്‍ പാസ് നടന്നിറങ്ങിവന്ന ഒരു ചെറിയകൂട്ടം പട്ടാളക്കാര്‍. അങ്ങനെ എത്രയെത്ര പേരാണ് ഈ കഥയിലുള്ളത്.
ഒന്നാം കഥ:
അത് ഒരു സന്ന്യാസിയുടെ കഥയാണ്. ഒരു സന്ന്യാസിരാജകുമാരന്‍. ഒരു രാജകുമാരന്‍ ബുദ്ധസന്ന്യാസിയായ കഥ. പിന്നെ സ്വന്തം നാട് അപകടത്തിലാവുന്നു എന്നു കണ്ടപ്പോള്‍ ദേശത്തെ രക്ഷിക്കാന്‍ സന്ന്യാസി വീണ്ടും രാജാവിന്റെ റോള്‍ എടുത്തണിഞ്ഞ കഥ.
കുശോക് ബകുള:
ലഡാക്ക് ഭരിച്ചിരുന്ന രാജവംശത്തിലെ ഇളമുറത്തമ്പുരാന്‍. കൊട്ടാരം ഇപ്പോഴുമിവിടെയുണ്ട്. ബുദ്ധവിഹാരത്തിന്റെ മലയില്‍നിന്നു ദൂരെയുള്ള അങ്ങേ മലയുടെ ചെരിവിലേക്ക് വൃദ്ധലാമ കൈചൂണ്ടിക്കാണിച്ചുതരുന്നത് അതാണ്. ചെത്തിമിനുക്കാത്ത പാറക്കല്ലുകളും ചീകിരാവി ചിന്തേരിടാത്ത ഉരുളന്‍ തടികളുംകൊണ്ടൊരു ഒന്‍പതുനില മണ്‍കൊട്ടാരം.
ഈ രാജകുമാരന്‍ ഗൗതമനെപ്പോലെയല്ല - കൊട്ടാരത്തില്‍നിന്ന് തനിയെ ഇറങ്ങിപ്പോയതൊന്നുമല്ല. റിംപോച്ചയുടെ അടയാളങ്ങളുമായി ജനിച്ച കുഞ്ഞിനെത്തേടി മലയിറങ്ങിയെത്തിയ സന്ന്യാസിമാര്‍ എടുത്തുകൊണ്ടുപോന്നതാണ്. മാഞ്ഞുപോയ ബകുള റിംപോച്ചയുടെ തുടര്‍ച്ച അവര്‍ ആ കുഞ്ഞില്‍ കണ്ടെത്തിയിരിക്കുന്നു! റീ ഇന്‍കാര്‍നേഷന്‍. ടിബറ്റന്‍ ബുദ്ധിസത്തില്‍ റിംപോച്ചമാരെ കണ്ടുപിടിക്കുന്നത് ഇങ്ങനെയാണ്.
പിന്നെ ടിബറ്റില്‍ ദീര്‍ഘമായ പഠനകാലം. തിരിച്ചെത്തി ഇങ്ങേ മലയിലെ ആശ്രമത്തിലെ ആചാര്യന്റെ കടമകള്‍ ശാന്തമായി ചെയ്തുകൊണ്ടിരുന്ന ചെറുപ്പക്കാരന്‍ പെട്ടെന്ന് നേരിടേണ്ടിവന്നത് അനിശ്ചിതത്വത്തിന്റെ ഒരു വന്‍തിരയെയാണ്. സ്വന്തം ജനത്തിന്റെ നിലനില്‍പ്പ് ഇതാ പ്രതിസന്ധിയിലായിരിക്കുന്നു. കാലിന്റെകീഴിലെ മണ്ണില്ലാതാവാന്‍ പോകുന്നു. നാടുവിട്ടോടിപ്പോകാന്‍ ഉള്ളതെല്ലാം ഭാണ്ഡംകെട്ടുന്ന ഒരു വിശ്വാസിസമൂഹത്തിനുവേണ്ടി ആ സന്ന്യാസിക്ക് ഉപേക്ഷിച്ചുപോന്ന ജനനായകന്റെ കുപ്പായം വീണ്ടും അണിയേണ്ടിവരുന്നു. പൂര്‍വാശ്രമം കടമകളാല്‍ കാലില്‍ പിണയുന്നു...
1947 -ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രരാജ്യമായി നിലനിര്‍ത്താന്‍ ആഞ്ഞു പരിശ്രമിച്ച് പരാജയപ്പെട്ട ഹരിസിങ് മഹാരാജാവ് ഒടുവില്‍ ജമ്മുതൊട്ട് ലഡാക്ക്, ഗില്‍ഗിത്തുവരെ പടര്‍ന്നുകിടക്കുന്ന സ്വര്‍ഗംപോലെ സുന്ദരമായ തന്റെ കശ്മീര്‍- ദോഗ്ര സാമ്രാജ്യം ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു, ഒക്ടോബര്‍ 26- ന് സമ്മതപത്രം ഒപ്പുവെച്ചു. തത്സമയം കശ്മീര്‍ പിടിച്ചെടുക്കാന്‍ പാക് പട്ടാളക്കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ ഇരുപതിനായിരത്തോളം ഗോത്രവര്‍ഗനുഴഞ്ഞുകയറ്റക്കാര്‍ പുറപ്പെട്ടുകഴിഞ്ഞിരുന്നു. വൈദ്യുതി വിച്ഛേദിച്ച് കശ്മീരിനെ മുഴുവന്‍ ഇരുട്ടിലാക്കി മൂന്നുവശങ്ങളിലൂടെ അവര്‍ മുന്നേറിക്കൊണ്ടിരുന്നു.
ലഡാക്ക് 1948:
നുഴഞ്ഞുകയറ്റക്കാര്‍ ഗില്‍ഗിത്ത് പിടിച്ചെടുത്തു. സോജിലാപാസ് പിടിച്ചെടുത്തതു കാരണം ശ്രീനഗര്‍ ലേ ഹൈവേ തടസ്സപ്പെട്ടു. ലൈഫ് ലൈനുകള്‍ മുഴുവന്‍ അടഞ്ഞു. പട്ടാളസഹായം എത്താനുള്ള വഴികളടഞ്ഞ് ലഡാക്ക് ഇന്ത്യയില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ടു. പത്താനികളും ഗില്‍ഗിത്ത് ഗോത്രക്കാരും അടങ്ങിയ പാകിസ്താനി റെയ്ഡേഴ്സ് ലഡാക്കിലേക്ക് ഇരച്ചുകയറിക്കൊണ്ടിരിക്കുന്നു. കാര്‍ഗിലും സന്‍സ്‌കാറും കീഴടക്കി. അവസാനത്തെ ആള്‍വരെ പോരാടിയെങ്കിലും ഗ്രേറ്റര്‍ ലഡാക്കിലെ സ്‌കര്‍ദുവും നമുക്ക് നഷ്ടപ്പെട്ടു. ലേക്ക് 27 കിലോമിറ്റര്‍ അടുത്തുവരെ അവരെത്തിക്കഴിഞ്ഞു.
വിശാലമായ ലഡാക്ക് മഞ്ഞുമരുഭൂമിയുടെ മലന്തുഞ്ചങ്ങളില്‍ പ്രാവിന്‍കൂടുകള്‍പോലെ പറ്റിപ്പിടിച്ചിരിക്കുന്ന ബുദ്ധവിഹാരങ്ങള്‍. അവ കൊള്ളയടിക്കുക എന്നതായിരുന്നു നുഴഞ്ഞുകയറ്റക്കാരുടെ ലക്ഷ്യവും പ്രതിഫലവും. സില്‍ക്ക് റൂട്ടിലെ പുരാതന ബുദ്ധവിഹാരങ്ങളില്‍ നൂറ്റാണ്ടുകള്‍കൊണ്ട് ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന് അവര്‍ കരുതിയ നിധിശേഖരങ്ങളായിരുന്നു ലാക്ക്. സമാധാനപ്രേമികളും ആയുധ പരിശീലനമില്ലാത്തവരും ബുദ്ധവിശ്വാസികളുമായ ലഡാക്കികള്‍ ഒരിക്കലും തിരിച്ചടിക്കില്ല എന്നവര്‍ ഉറപ്പിച്ചു. കൂടുകള്‍ തകര്‍ക്കുമ്പോള്‍ പ്രാവുകള്‍ സങ്കടത്തോടെ പറന്നുപോകുമ്പോലെ ബുദ്ധന്മാര്‍ മിണ്ടാതെ, പറയാതെ ഒഴിഞ്ഞുപോയ്ക്കൊള്ളും എന്ന് കണക്കുകൂട്ടിയിരിക്കണം.
ലേ ആക്രമിക്കാനൊരുങ്ങി സിന്ധുവിനപ്പുറം പടയൊരുങ്ങിനില്‍ക്കുന്ന പത്താന്‍ഗോത്രക്കാരുടെ എണ്ണം ലേ ഗാരിസണിലുള്ള ഹരിസിങ്ങിന്റെ പട്ടാളത്തെക്കാള്‍ എത്രയോ മടങ്ങ് അധികം. കൃത്യമായിപ്പറഞ്ഞാല്‍ പട്ടാളക്കാര്‍ 33 പേര്‍മാത്രം. സഹായമെത്താന്‍ കരമാര്‍ഗമില്ല. ഇനി ഒരേയൊരു വഴിയേയുള്ളൂ. ആകാശവഴി. പക്ഷേ, ലഡാക്കിലെങ്ങും വിമാനത്താവളമില്ല. ഗ്രേറ്റര്‍ ലഡാക്കിന്റെ ഒരേയൊരു എയര്‍സ്ട്രിപ്പ് ആയ ഗില്‍ഗിത്ത് പാകിസ്താന്‍ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.
അപ്പോള്‍ അവര്‍ വന്നു. വെറും ഇരുപതുപേര്‍. മഞ്ഞുകാലത്ത് ഉറഞ്ഞടഞ്ഞുപോയിരുന്ന സോജിലാപാസ് കുറുകെ കടന്ന്, ഇരുപതടി താഴ്ചയുള്ള മഞ്ഞിലൂടെ പ്രത്യേക മഞ്ഞുടുപ്പുകളൊന്നും ഇല്ലാതെ ഒരുമാസംനീണ്ട ദുരിതപൂര്‍ണമായ കാല്‍നടയാത്രചെയ്ത് അവര്‍ വന്നു. മേജര്‍ പൃഥ്വിചന്ദ് താക്കൂറും രണ്ടാം ദോഗ്രാ റെജിമെന്റിന്റെ ഇരുപതു പട്ടാളക്കാരും. കുറച്ച് ആയുധങ്ങളും പടക്കോപ്പുകളും അവര്‍ ചുമലില്‍ വഹിച്ചിരുന്നു. സ്വാതന്ത്ര്യത്തോടൊപ്പംതന്നെവന്ന യുദ്ധത്തില്‍ പലയിടത്തായി പടപൊരുതിക്കൊണ്ടിരുന്ന എണ്ണത്തില്‍ വളരെ കുറവായിരുന്ന അന്നത്തെ നമ്മുടെ പട്ടാളത്തിന് അത്രയേ സാധിക്കുമായിരുന്നുള്ളൂ. കശ്മീരില്‍മാത്രം മൂന്നു പോര്‍മുഖങ്ങള്‍. ശ്രീനഗര്‍ ഫ്രണ്ടിലും ജമ്മു ഫ്രണ്ടിലും പൊരിഞ്ഞ പട നടന്നുകൊണ്ടിരുന്ന സമയം. പൃഥ്വിചന്ദിന്റെ കൂടെ സോജിലാ പാസ് കടന്നുവന്ന വൊളന്റിയര്‍മാരില്‍ ഒരു ചെറുപ്പം എന്‍ജിനിയറും ഉണ്ടായിരുന്നു. സോനം നോര്‍ബു - ലഡാക്കുകാരന്‍ തന്നെയാണ്.

1948 മാര്‍ച്ച് 8 -ലേ.
പൃഥ്വിചന്ദ് ലഡാക്കികളോട് പറഞ്ഞു:
''ലഡാക്ക് വാസികളേ, ഞങ്ങള്‍ വെറും മാര്‍ഗദര്‍ശികള്‍. വഴികാട്ടികള്‍. കൊള്ളയടിക്കാനും കീഴടക്കാനുമായിവരുന്ന അസംഖ്യം പത്താനികളെ തടയാന്‍ ഞങ്ങളുടെ സംഖ്യ പോരാ, അത് ഒന്നുമാവില്ല. പക്ഷേ, നിങ്ങള്‍ക്കതിനു സാധിക്കും. നിങ്ങള്‍ വരൂ, ഞങ്ങള്‍ നിങ്ങളെ പരിശീലിപ്പിക്കാം''. കുശോക് ബകുള റിംപോച്ചയെന്ന അവരുടെ ആചാര്യനും അവരോട് അതുതന്നെ പറഞ്ഞു:
''നമുക്ക് പോരാടേണ്ടിവരും. ബുദ്ധന്റെ കുട്ടികളോട് യുദ്ധം ഉപദേശിക്കുന്നത് വൈരുധ്യമാണ്. പക്ഷേ, മറ്റുവഴികളെല്ലാം അക്ഷരാര്‍ഥത്തില്‍ത്തന്നെ അടഞ്ഞുകഴിഞ്ഞു. നമ്മള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു. ഒന്നുകില്‍ യുദ്ധം അല്ലെങ്കില്‍ ഒളിച്ചോട്ടം''.
''ഇത്രവേഗത്തില്‍ വിമാനത്താവളം ഉണ്ടാക്കാനോ? ഇത് കുട്ടിക്കളിയല്ല ലാമാ, കുതിരപ്പാളയമല്ല.''
നാട്ടുകാര്‍ സന്ദേഹിച്ചു. അടിയും തടയും ഒരിക്കലും പഠിക്കാത്ത കുറിയവരായ ഞങ്ങളെങ്ങനെ ആജാനുബാഹുക്കളും യുദ്ധവീരന്മാരുമായ ഗോത്രവര്‍ഗക്കാരോട് പടപൊരുതും എന്ന് പിറുപിറുത്തു.
''വേണ്ടിവരും കുഞ്ഞുങ്ങളേ, അതു മാത്രമേയുള്ളൂ ഒരേയൊരു വഴി. നമ്മള്‍ എത്രനാള്‍ ഓടിക്കൊണ്ടിരിക്കും? എങ്ങോട്ടൊക്കെ ഓടും? ബുദ്ധന്റെ കുട്ടികളും അവരുടെ ദേശവും ജന്മഭൂമിയില്‍നിന്ന് അടര്‍ത്തിമാറ്റപ്പെടാന്‍പോകുന്നു. ഹിമശൈലത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ മഞ്ഞുപുഴയെന്നപോലെ നമ്മള്‍ ഉറവിടത്തില്‍നിന്ന് വെട്ടിമുറിക്കപ്പെടാന്‍ പോകുന്നു. നമ്മുടെ രക്ഷ നമ്മുടെ കൈകളിലാണ്.''
മൂളിയിരമ്പിക്കൊണ്ടിരുന്ന ശീതക്കാറ്റും അതുതന്നെ പിറുപിറുത്തു: ''മഞ്ഞുദേശമേ നിന്റെ രക്ഷ നിന്റെ മക്കളില്‍''.
പര്‍വതദേശം ഉണര്‍ന്നു. ഒരിക്കലും ആയുധങ്ങള്‍ ജീവിതത്തിന്റെ ഭാഗമല്ലാതിരുന്ന ലഡാക്കികള്‍ ആടുകളെ മേക്കുന്ന വടികളും കല്ലും കവണയുമായി മുന്നോട്ടുവന്നു. എല്ലാ ഗ്രാമങ്ങളില്‍നിന്നും എല്ലാ വീടുകളില്‍നിന്നും അവര്‍ വന്നു. പ്രതിരോധത്തിനായി ചെറുപ്പക്കാര്‍ ആയുധപരിശീലനം തുടങ്ങി. ബുദ്ധാശ്രമങ്ങള്‍ നമ്മുടെ പട്ടാളത്തിന്റെ ഫോര്‍വേഡ് മെഡിക്കല്‍ പോസ്റ്റുകളാകാന്‍ (FAP) തയ്യാറായി. അവിടെ യുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ സന്ന്യാസിമാര്‍ ഒരുങ്ങി. ബുദ്ധവിഹാരത്തിന്റെ ഭൂമിയില്‍ വിമാനത്താവള നിര്‍മാണം അതിവേഗം മുന്നോട്ടുനീങ്ങി. അവിടെ നിറഞ്ഞുകിടന്ന വമ്പന്‍ ബോള്‍ഡറുകള്‍ (ഭീമാകാര പാറക്കല്ലുകള്‍) വലിച്ചുനീക്കപ്പെട്ടു. ഒറ്റയന്ത്രങ്ങളില്ലാതെ മനുഷ്യാധ്വാനംകൊണ്ടുമാത്രം ലഡാക്കികള്‍ തങ്ങളുടെ വിമാനത്താവളം പണിതു. ഏപ്രില്‍ ആദ്യ ആഴ്ചയായപ്പോഴേക്കും 2300 യാര്‍ഡ് നീളത്തില്‍ എയര്‍സ്ട്രിപ്പ് പണിതുതീര്‍ന്നു. ഇനിയെന്ത്? ഇനി പന്ത് എയര്‍ഫോഴ്സിന്റെ കോര്‍ട്ടിലാണ്. നുഴഞ്ഞുകയറ്റക്കാര്‍ ലേയുടെ വാതില്‍ക്കല്‍വരെ എത്തിയിരിക്കുന്നു. സിന്ധുവിന്റെ പാലം പൊളിച്ചുമാറ്റിക്കളഞ്ഞതുവഴി കുറച്ചു ദിവസത്തേക്കുകൂടി അവരെ തടഞ്ഞുനിര്‍ത്തി മേജര്‍ പൃഥിയും കൂട്ടരും എയര്‍ റീ ഇന്‍ഫോഴ്സ്മെന്റിനുവേണ്ടി വീണ്ടുംവീണ്ടും മെസേജ് ചെയ്തു. ആകാശവഴിയെന്ന ഒരേയൊരു വഴി.
ഇനി നിങ്ങള്‍ ഒരു ആകാശനാവികന്റെ കണ്ണിലൂടെ നോക്കൂ. പരിശീലനകാലത്തുപോലും ഒരിക്കലും പറന്നുനോക്കിയിട്ടില്ലാത്ത അത്യുന്നതങ്ങള്‍ - എപ്പോള്‍ വേണമെങ്കിലും മൂടിക്കെട്ടാവുന്ന ഊഹാതീതഭാവമാറ്റങ്ങളുടെ ചതിയാകാശം. കൊടുങ്കാറ്റുകളുടെ സൂതികാഗൃഹം. ആകാശമേല്‍ക്കൂരയുടെ സാന്ദ്രത വളരെ കുറഞ്ഞ വായു, നാട്ടുകാര്‍ പച്ചമണ്ണുകൊണ്ട് കൈപ്പണിചെയ്തു പണിതുണ്ടാക്കിയ തട്ടിക്കൂട്ട് വിമാനത്താവളം (അത് അന്നത്തെ ലോകത്തിലെ ഏറ്റവും ഉയരമേറിയ വിമാനത്താവളമായിരുന്നു!). ഇത്രയും ഉയരങ്ങള്‍ക്കുവേണ്ട അനുകൂലനങ്ങള്‍ ഒന്നും വെച്ചുപിടിപ്പിക്കാത്ത ഡക്കോട്ട വിമാനം. ഉറപ്പായും ജീവന്‍ കൈയില്‍പ്പിടിച്ചുള്ള ഒരു വിമാനംപറത്തലാവുമത്. അതുകൊണ്ടാണ് ആ കമാന്‍ഡര്‍ അതിന് മടിച്ചത്.
''ഇത്രയും റിസ്‌കുള്ള ഒരു കമാന്‍ഡ് ഞാനെന്റെ കുട്ടികള്‍ക്ക് കൊടുക്കില്ല' - എയര്‍ കമ്മഡോര്‍ മെഹര്‍സിങ് ജനറല്‍ തിമ്മയ്യയോട് കട്ടായം പറഞ്ഞു.
''What next? എന്റെ കുട്ടികള്‍ക്ക് ഇനി 24 മണിക്കൂര്‍പോലും പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല''
''ഞാന്‍ തന്നെ ആ ഡ്യൂട്ടി ചെയ്യുന്നു''
''ഇത്രയും വലിയ റിസ്‌കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് പോകാന്‍ ഞാന്‍ സമ്മതിക്കില്ല, ഞാനും കൂടെവരുന്നു.'' തിമ്മയ്യ പറഞ്ഞു.
അതാണ് നമ്മുടെ കമാന്‍ഡര്‍മാര്‍. 'മുന്നില്‍നിന്നു നയിക്കൂ' എന്ന വാറിയര്‍ ലീഡര്‍ഷിപ്പ് മന്ത്രം അക്ഷരാര്‍ഥത്തില്‍ പാലിച്ച നമ്മുടെ പടനായകര്‍. അങ്ങനെ അണ്‍ചാര്‍ട്ടേഡ് ടെറിട്ടറിയിലൂടെ മെയ്ക്ക് ഷിഫ്റ്റ് എയര്‍സ്ട്രിപ്പിലേക്ക് അതിനുവേണ്ടി ഡിസൈന്‍ ചെയ്തിട്ടില്ലാത്ത ഒരു വിമാനം പറത്താന്‍ തന്റെ ജൂനിയേഴ്സിന് കമാന്‍ഡ് കൊടുക്കാന്‍ മടിച്ച ജമ്മു- കശ്മീര്‍ എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ ആ ദൗത്യം സ്വയം ഏറ്റെടുക്കുന്നു,
എയര്‍ഫോഴ്സ് എടുക്കുന്ന റിസ്‌ക് പങ്കിട്ടെടുത്ത് ഇന്‍ഫന്ററി ഡിവിഷന്റെ പടനായകന്‍ മേജര്‍ ജനറല്‍ തിമ്മയ്യ ആ വിമാനത്തില്‍ കൂടെ പറക്കുന്നു. 1948-മേയ് 24: 25,000 അടി ഉയരത്തിനുമീതേ പറന്ന് 11,500 അടി ഉയരത്തിലെ പച്ചമണ്ണുറയ്ക്കാത്ത എയര്‍ ഫീല്‍ഡില്‍ ഡെക്കോട്ട DC-3 എന്ന ഒന്നാം വിമാനം വിജയകരമായി പറന്നിറങ്ങി. സ്‌കര്‍ദു കണ്‍ടോണ്‍മെന്റ് വീണ കഥയൊക്കെ കേട്ട് ആത്മവീര്യം നഷ്ടപ്പെടാന്‍ തുടങ്ങിയ ലേ ഗാരിസണിലെ പട്ടാളക്കാര്‍ക്കും ഭാണ്ഡംമുറുക്കി നാടുവിടാന്‍ ഒരുങ്ങിയിരുന്ന ലഡാക്കുകാര്‍ക്കും അത് മൃതസഞ്ജീവനിയായി.
പന്ത്രണ്ടാം സ്‌ക്വാഡ്രന്റെ ആറു ഡെക്കോട്ടകള്‍ പിന്നാലെ വന്നു. വീണ്ടും വിമാനങ്ങള്‍ വന്നു, പട്ടാളക്കാരും പടക്കോപ്പുകളും വന്നു. അങ്ങനെ റോഡുണ്ടാവുന്നതിനുമുന്നേ ലഡാക്കിന് എയര്‍പോര്‍ട്ടുണ്ടായി. ഒരു മോട്ടോര്‍വണ്ടി കാണുംമുന്‍പേ ലഡാക്കുകാര്‍ വിമാനം കണ്ടു, അതവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ഇരുമ്പുപക്ഷിയായി...! വിമാനത്താവളമുണ്ടാക്കാന്‍ ഹരിസിങ് രാജാവിന്റെ അടുത്തുനിന്നു വാങ്ങിയ 12,000 രൂപയില്‍ ചെലവായ 10,801 രൂപകഴിച്ച് ബാക്കിത്തുക 1199 രൂപ എന്‍ജിനിയര്‍ സോനം നോര്‍ബു തിരിച്ചടച്ചു.
Content Highlights: sonia cheriyan article on the history of ladakh airport and india war
Published: 16 Feb 2025, 10:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented