ഴുത്തുകാരും രാഷ്ട്രീയക്കാരും രണ്ടുവഴിക്ക് സഞ്ചരിക്കുന്നവരാണെങ്കിലും പരസ്പരം അറിഞ്ഞിരിക്കേണ്ടത് രണ്ടുകൂട്ടരുടെയും ആവശ്യം തന്നെയാണ്. മത്സരം വരുമ്പോള്‍ സ്ഥാനാര്‍ഥിത്വം നിര്‍ണയിക്കുന്നത്' ജനപ്രിയത' തന്നെയാണ്.  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് സിനിമാതാരങ്ങളാണെങ്കില്‍ മുമ്പ് എഴുത്തുകാരായിരുന്നു ഈ റോളില്‍ നിറഞ്ഞുനിന്നത്. കേരളത്തില്‍ എഴുത്തുകാര്‍ സ്ഥാനാര്‍ഥികളായ ലോക്സഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

To advertise here,

1957-തലശ്ശേരി: 'സന്ദേശം' സിനിമയുടെ നാല് പതിറ്റാണ്ട് മുമ്പ്, സ്ഥാനാര്‍ഥി എസ്.കെ പൊറ്റക്കാടിന്റെ 'കുരുമുളക്' പിറന്ന വഴി

1957- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി മണ്ഡലം തീപ്പൊരി മത്സരത്തിനാണ് വേദിയൊരുക്കിയത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശമുഖങ്ങളില്‍ ഒന്നായിരുന്ന എം.കെ ജിനചന്ദ്രന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായി ഒരു വശത്ത്. അതിരാണിപ്പാടവും ദേശത്തിന്റെ കഥയും കാപ്പിരികളുടെ നാടും മലയാളക്കരയ്ക്കു മുമ്പാകെ ഹൃദ്യമായി അവതരിപ്പിച്ചു തിളങ്ങിനില്‍ക്കുന്ന എസ്.കെ പൊറ്റക്കാട് ഇടതു സ്വതന്ത്രനായി മറുവശത്ത്. ഇരുവര്‍ക്കും തലവേദന സൃഷ്ടിച്ചുകൊണ്ട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എം.കെ പത്മപ്രഭ കൂടി രംഗത്ത് വന്നതോടെ ത്രികോണ മത്സരം മുറുകി. തലശ്ശേരി മണ്ഡലം ചരിത്രം കുറിക്കുകയായിരുന്നു. എം.കെ ജിനചന്ദ്രന്‍ വയനാട്ടിലെ പ്ലാന്ററും വ്യവസായിയുമാണ്. കല്‍പറ്റ പഞ്ചായത്ത് ബോര്‍ഡിന്റെ പ്രസിഡണ്ട്, കോഫീ ബോര്‍ഡ് മെമ്പര്‍, കല്‍പ്പറ്റ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് പ്രസിഡണ്ട്, മലബാര്‍ ജില്ലാ ക്ഷയരോഗ നിര്‍മാര്‍ജന സമിതിയംഗം, സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലി മെമ്പര്‍, കേരള പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മറ്റി ഉപദേശകസമിതി അംഗം  തുടങ്ങി എം.കെ ജിനചന്ദ്രന്‍ എന്ന പേര് കേരള രാഷ്ട്രീയത്തിലും സാമൂഹിക സാംസ്‌കാരിക ആരോഗ്യവിദ്യാഭ്യാസ ഇടങ്ങളിലും തിളങ്ങി നില്‍ക്കുന്ന കാലത്ത് അദ്ദേഹത്തിനുപറ്റിയ പ്രതിയോഗിയെ കണ്ടെത്താനുള്ള ശ്രമം എതിര്‍കക്ഷികളെ സംബന്ധിച്ചിടത്തോളം ഹെര്‍ക്കുലിയന്‍ ടാസ്‌ക് തന്നെയായിരുന്നു.

placeholder
എം.കെ ജിനചന്ദ്രന്‍

എം.കെ ജിനചന്ദ്രന്റെ ജ്യേഷ്ഠസഹോദരന്‍ പദ്മപ്രഭാ ഗൗഡറുടെ ഖ്യാതി അനുജനേക്കാള്‍ ഒരുപടി മുന്നിലാണ്. വയനാട്ടിലെ ഏറ്റവും വലിയ ജന്മിയായിരിക്കുന്ന കാലത്ത് ജന്മിത്തത്തിനെതിരെ നിലപാടെടുത്തു. കോണ്‍ഗ്രസിനെ ഞെട്ടിച്ച 1952-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍  പ്രബല നേതാവും മദിരാശി നിയമസഭയിലെ നിയമ-ജയില്‍ വകുപ്പ് മന്ത്രിയുമായിരുന്ന കോഴിപ്പുറത്ത് മാധവമേനോനെ പതിനെട്ടായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച നേതാവ്. പക്ഷേ നിയമസഭാ ഇലക്ഷനില്‍ പത്മപ്രഭാഗൗഡര്‍ക്ക് ലഭിക്കാതെ പോയതും കോഴിപ്പുറത്ത് മാധവമേനോന് ലഭിച്ചതുമായ ഏക പ്രബല പിന്തുണ പത്മപ്രഭയുടെ സ്വന്തം ഇളയസഹോദരന്‍ എം.കെ ജിനചന്ദ്രന്റേതായിരുന്നു. സഹോദരബന്ധത്തിന് സാരമായ വിള്ളലേല്‍പിച്ച ആ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ആശയങ്ങള്‍ക്കുവേണ്ടിയുള്ള മത്സരം കുടുംബത്തില്‍ മുറുകുക തന്നെയായിരുന്നു.

placeholder
എം.കെ പത്മപ്രഭാഗൗഡര്‍

'' സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ എതിര്‍ത്തിട്ടുപോലും അനുജന്‍ എതിരാളിക്കൊപ്പം നിന്നത് ജ്യേഷ്ഠനെ ചൊടിപ്പിച്ചിരിക്കാം. ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ അകലാനുള്ള കാരണം അതായിരിക്കണം എന്നു ഞാന്‍ കരുതുന്നു. അവരൊക്കെ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ്. ആദര്‍ശവും ആശയവുമാണ് പ്രധാനം. രാഷ്ട്രീയാദര്‍ശങ്ങളിലെ ശക്തമായ വിയോജിപ്പുകള്‍ രണ്ടുപേരുടെയും കുടുംബത്തില്‍ വിള്ളലുകളുണ്ടാക്കിയിരുന്നു. വല്യച്ഛന്റെ വീട്ടുകാര്‍ ഞങ്ങളുടെയടുത്തേക്കോ, ഞങ്ങള്‍ വല്യച്ഛന്റെ വീട്ടിലേക്കോ പോകാനും സംസാരിക്കാനും തടസ്സം നില്‍ക്കുന്ന ഒന്നായി രണ്ടുപേരുടെയും രാഷ്ട്രീയം മാറിക്കഴിഞ്ഞിരുന്നു. പക്ഷേ വല്യച്ഛന്റെ മകന്‍ എം.പി വീരേന്ദ്രകുമാറിന് അച്ഛനോട് വലിയ അടുപ്പമായിരുന്നു. അദ്ദേഹം നിരന്തരം അച്ഛന്റെയടുക്കല്‍ വന്നു. അവര്‍ തമ്മില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കുടുംബം അവരുടെ ചര്‍ച്ചാവിഷയമായിരുന്നോ എന്നറിയില്ല''- എം.കെ ജിനചന്ദ്രന്റെ മകനും മാതൃഭൂമി ഡയറക്ടറുമായ എം.ജെ വിജയപത്മന്റെ വാക്കുകള്‍.

placeholder
എം.ജെ വിജയപദ്മന്‍

കേരളത്തെ സംബന്ധിച്ചിടത്തോളം രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. 1951-ലെ തിരഞ്ഞെടുപ്പ് സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ലോക്‌സഭാതിരഞ്ഞെടുപ്പാണെങ്കിലും മദ്രാസ് സ്റ്റേറ്റിനു കീഴില്‍ നിന്നും കേരളത്തിന് മോചനമായിട്ടില്ല. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് അന്ന് മദ്രാസ്. എഴുപത്തിയഞ്ച് സീറ്റില്‍ മുപ്പത്തിയഞ്ചെണ്ണം നേടി കോണ്‍ഗ്രസ് തരംഗമാണ് മദ്രാസില്‍. നെഹ്രുവാണ് താരം. ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി നേതാവ് എന്‍ ദാമോദരന്‍ നിഷ്പ്രയാസം ജയിച്ചുകയറിയ മണ്ഡലമാണ് തലശ്ശേരി.കിസാന്‍ മസ്ദൂര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ചാണ് പ്രജാസാഷ്യലിസ്റ്റായിരിക്കുന്നത്.

കണ്ണൂര്‍ എ.കെ.ജിയെ നെഞ്ചേറ്റിയെങ്കില്‍ എന്തുകൊണ്ട് തലശ്ശേരിയെ തൊടാന്‍ കഴിയുന്നില്ല എന്ന ചോദ്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട്. പ്രബലനും പ്രമുഖനുമായ വ്യക്തിത്വത്തെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് എസ്.കെ പൊറ്റക്കാടിലാണ്. ഊരുചുറ്റല്‍ ഏതാണ്ടൊക്കെ ഒരിടത്തൊതുക്കിവെച്ച് വിവാഹിതനായി, കുടുംബമായി, കുട്ടികളായി, എഴുത്തുമായി കോഴിക്കോട് സ്വസ്ഥം. മാഹി ഇടവനയാണ് ഭാര്യാഗൃഹമെന്നതൊഴിച്ചാല്‍ തലശ്ശേരിയുമായി അടുപ്പമൊന്നുമില്ല.  എസ്.കെയെക്കൊണ്ട് സമ്മതിപ്പിക്കണം. പാര്‍ട്ടി ദൗത്യമേല്‍പ്പിച്ചത് കോഴിക്കോട്ട് പ്രമുഖ അഭിഭാഷകനായിരുന്ന കുഞ്ഞിരാമപ്പൊതുവാളിനെയാണ്‌. പൊതുവാളിനറിയാം ഹിമാലയന്‍ ദൗത്യമാണെന്ന്. പക്ഷേ എസ്.കെ സ്ഥാനാര്‍ഥിയായാല്‍ ക്രെഡിറ്റ് പൊതുവാളിന്റെതു മാത്രമാണ്. ജീവിതഗന്ധിയായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, അതുവരെ ഒരു മലയാളിക്കും സാധ്യമാവാത്ത തരത്തില്‍ യാത്രകള്‍ ചെയ്യുന്നു, ലോകത്തെ മലയാളിക്കു പരിചയപ്പെടുത്തുന്നു എന്നതൊക്കെ ശരി തന്നെ, പക്ഷേ പൊതുപ്രവര്‍ത്തനം അത്രയ്‌ക്കെന്നല്ല, ഒട്ടും വശമില്ല. പൊതുവാള്‍,  പൊറ്റക്കാടിന്റെ സമ്മതമെന്ന ഹിമാലയം പതുക്കെ കീഴടക്കാന്‍ തുടങ്ങി. എല്ലാം പാര്‍ട്ടി നോക്കിക്കൊള്ളും. ഒന്നു നിന്നുതന്നാല്‍ മതി. എസ്.കെ പൊറ്റക്കാട് എന്ന പേര് തന്നെ ധാരാളം. ഒടുവില്‍ പൊറ്റക്കാട് സമ്മതം മൂളി. ''അച്ഛന്റെ ഡയറി വായിച്ചപ്പോള്‍ മനസ്സിലായി ആദ്യമായി തിരഞ്ഞെടുപ്പില്‍ നിന്നത് ഒട്ടും താല്‍പര്യത്തോടെയായിരുന്നില്ല. പൊതുവാള്‍ വക്കീലിനെ ഇക്കാര്യത്തില്‍ അച്ഛന്‍ പലയിടത്തും പ്രതിയാക്കി സംസാരിച്ചിട്ടുണ്ട്. പക്ഷേ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതോടെ അച്ഛന്‍ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അച്ഛന്‍ സജീവമായി. അച്ഛന്‍ പതുക്കെ ആ ഓളത്തില്‍ ലയിക്കാന്‍ തുടങ്ങി.''- എസ്.കെ പൊറ്റക്കാടിന്റെ മകള്‍ സുമിത്രയുടെ വാക്കുകള്‍.

എസ്.കെയുടെ എഴുത്തിലെ ലാളിത്യവും മനുഷ്യത്വവുമെല്ലാം ഒരു കമ്യൂണിസ്റ്റുകാരന് ചേര്‍ന്നതുതന്നെ. പക്ഷേ ചിഹ്നം പതിച്ചുകൊടുക്കാന്‍ കഴിയില്ല. പാര്‍ട്ടി കേഡര്‍ സംവിധാനത്തിന്റെ ആദ്യപടിയും പാഠവുമൊന്നും എസ്.കെ കണ്ടിട്ടില്ല. (2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ ഇടതുസ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടിയുടെ സ്വന്തം ചിഹ്നം!) പൂവന്‍കോഴിയാണ് ചിഹ്നമായി കിട്ടിയത്.  കേരളം ഇ.എം.എസ്സിന്റെ പ്രഭാവത്തില്‍ ചോരതുടിച്ച് നില്‍ക്കുന്നകാലം കൂടിയാണ്. പ്രതിപക്ഷത്തെ നയിക്കുന്ന പി.ടി ചാക്കോയ്ക്കും പിടിച്ചുനില്‍ക്കേണ്ടതുണ്ട്; നെഹ്രുവിന്റെ മുമ്പില്‍. ജിനചന്ദ്രനുവേണ്ടി തലശ്ശേരിയില്‍ പ്രചരണത്തിനായി ജവഹര്‍ലാല്‍ നെഹ്രു നേരിട്ടെത്തി.

 കോണ്‍ഗ്രസ്സിന് രണ്ടുസംഘര്‍ഷങ്ങള്‍ മുമ്പിലുണ്ട്- കിസാന്‍ മസ്ദൂറിനെ അതിജീവിക്കുക, കണ്ണൂരിലെ കമ്യൂണിസ്റ്റ് പകര്‍ച്ചയെ തലശ്ശേരി തൊടുവിക്കാതെ കാത്തുസൂക്ഷിക്കുക. അര്‍ഥംകൊണ്ടും അധ്വാനം കൊണ്ടും കോണ്‍ഗ്രസ് അനുകൂല തരംഗം കൊണ്ടും എം.കെ ജിനചന്ദ്രന് ജയം എളുപ്പമെന്ന് പറയാനാവില്ല. താനും ഒട്ടുമേ മോശമല്ലാത്ത എതിരാളിയാണെന്ന് എസ്.കെയ്ക്ക് തിരിച്ചറിവുണ്ടായതും വലിയ ഗുണം ചെയ്തു. കൃത്യമായ ഗൃഹപാഠം, ഹൃദ്യമായ പെരുമാറ്റം... തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ട്രാക്കില്‍ എസ്.കെ കൃത്യമായി വീണു; ജിനചന്ദ്രന്റെ പൊതുജന പ്രശ്‌നങ്ങളിലുള്ള ആഴത്തിലുള്ള അറിവും വിഷയാവതരണത്തിലെ മിടുക്കും എസ്.കെയെ തളര്‍ത്തിയപ്പോഴെല്ലാം പാര്‍ട്ടി ശക്തമായ പ്രാസംഗികരെ അണിനിരത്തി പ്രതിരോധമതില്‍ തീര്‍ത്തു. ഫലം വന്നപ്പോള്‍ 110,114 വോട്ടുകള്‍ ജിനചന്ദ്രന്, 108,732 എസ്.കെ പൊറ്റക്കാടിന്, 77,548 വോട്ടുകള്‍ പദ്മപ്രഭാഗൗഡര്‍ക്ക്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ജസ്റ്റ്പാസ്. 1382 വോട്ടുകളുടെ ലീഡില്‍ ജിനചന്ദ്രന്‍ സീറ്റുനേടിയെങ്കിലും ചര്‍ച്ചയായത് പത്മപ്രഭാഗൗഡരുടെ 77548 വോട്ടുകളായിരുന്നു. കേവലഭൂരിപക്ഷത്തില്‍ നിന്നും  ആശ്വസിക്കാനുള്ള വകയായി മാറുമായിരുന്നു ജ്യേഷ്ഠന്റെ വോട്ടുകള്‍ എം.കെ ജിനചന്ദ്രന്. സോഷ്യലിസ്റ്റ് ആശയത്തിനായിരുന്നു വോട്ടുകള്‍ നല്‍കേണ്ടിയിരുന്നതെങ്കില്‍ സോഷ്യലിസത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കിട്ടേണ്ടതായിരുന്നു ഈ 77548 വോട്ടുകള്‍. അങ്ങനെയെങ്കില്‍ ചരിത്രം എസ്.കെ പൊറ്റക്കാടിനൊപ്പമാകുമായിരുന്നു. എസ്.കെയുടെ തോല്‍വിയും ജിനചന്ദ്രന്റെ കേവലഭൂരിപക്ഷവും നിര്‍ണയിക്കുന്നതില്‍ പത്മപ്രഭാഗൗഡരുടെ വോട്ടുകള്‍ നിര്‍ണായക പങ്കുവഹിച്ചു.. 

'' 1957-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സഹോദരന്മാരും രണ്ടുപാര്‍ട്ടിക്കുവേണ്ടി മത്സരിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ എസ്.കെ പൊറ്റക്കാടിന് ഗംഭീരമായൊരു ത്രഡ് കിട്ടിയെന്നുവേണം പറയാന്‍. തിരഞ്ഞെടുപ്പ് കോലാഹലങ്ങളൊക്കെ അടങ്ങിയപ്പോള്‍ അദ്ദേഹം 'കുരുമുളക്' എന്ന പേരില്‍ ഒരു നോവല്‍ എഴുതി. എം.കെ പത്മപ്രഭയുടെയും എം.കെ ജിനചന്ദ്രന്റെയും വ്യക്തിജീവിതവും രാഷ്ട്രീയജീവിതവുമായിരുന്നു പ്രമേയം. നോവലിലെ കഥാപാത്രങ്ങളായ ജയചന്ദ്രന്‍, പ്രഭാകരന്‍, സുകുമാരന്‍ എന്നിവര്‍ യഥാക്രമം എം.കെ ജിനചന്ദ്രനും എം.കെ പത്മപ്രഭയും എസ്.കെ പൊറ്റക്കാടുമായിരുന്നു. അന്നത്തെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാവണമെങ്കില്‍ എസ്.കെയും 'കുരുമുളക്' വായിക്കണം. കമ്യൂണിസ്റ്റ് വളര്‍ച്ചയ്ക്ക് നല്ല വളക്കൂറുള്ള മണ്ണായിരുന്നു മലബാറിലേത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ ധാരണയില്ലാതെ പോയി. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് രാജ്യമൊട്ടാകെ ലഭിച്ച സ്വീകാര്യതയും പരിഗണിക്കേണ്ടതുണ്ട്.''- എഴുത്തുകാരന്‍ ബാബു കടമനയുടെ വാക്കുകള്‍.

ആശയപ്പോരാട്ടങ്ങളുടെ മൂര്‍ധന്യത്തില്‍ സ്വസ്ഥതയും സ്വൈര്യവും ബന്ധുത്വവും അകന്നുപോയ കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന 'സന്ദേശം' എന്ന സിനിമ ഇറങ്ങുന്നത് പിന്നെയും നാലുപതിറ്റാണ്ടുകഴിഞ്ഞാണ്.

1962-തലശ്ശേരി: പൊറ്റക്കാട് വേഴ്‌സസ് അഴീക്കോട്: രണ്ട് എഴുത്തുകാരുടെ തിരഞ്ഞെടുപ്പ്

1962-ല്‍ മൂന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌. കേരള സംസ്ഥാനത്തിന്റെ ചെങ്കോല്‍ ഇ.എം.എസ്സില്‍ നിന്നും വഴുതിമറിഞ്ഞ് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ പട്ടം താണുപ്പിള്ളയുടെ കൈകളിലാണുള്ളത്. അധികാരം കൈവിട്ടുപോയ ക്ഷീണം ഒരുവശത്ത്, ആര്‍. ശങ്കറിന്റെ അസാമാന്യ നേതൃപാടവത്താല്‍  ഒരു ക്ഷീണവും തട്ടാത്ത കോണ്‍ഗ്രസ് പാര്‍ട്ടി, കോണ്‍ഗ്രസ്സെന്നാല്‍ കേരളമെന്ന മട്ടിലാണ് കുതിക്കുന്നത്. കടത്തനാടിന്റെ നാഡിമിടിപ്പ് കൃത്യമായി അറിയുന്ന നേതാവാണ് ആര്‍ ശങ്കര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണ പോയ 1382 വോട്ടിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. പുതിയൊരു സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ട ആവശ്യമില്ല. എസ്.കെയുടെ പേര് കേരളത്തിലെ തിരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ അലയടിക്കുന്നുണ്ട്. തലശ്ശേരിയില്‍ വീണ്ടും എസ്.കെ പൊറ്റക്കാട് തന്നെ ഇടതുസ്ഥാനാര്‍ഥി. തലശ്ശേരിയുടെ സിറ്റിങ് എം.പി എം.കെ ജിനചന്ദ്രന്‍ ഹൃദയസംബന്ധിയായ രോഗം കാരണം സജീവ പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സി.കെ ഗോവിന്ദന്‍ നായരാണ് അന്നത്തെ കെ.പി.സി.സി പ്രസിഡണ്ട്. അദ്ദേഹം നേരെ പോയത് കോഴിക്കോട് ദേവഗിരി കോളേജിലേക്കാണ്. ക്ലാസ്‌റൂമിന്റെ വാരാന്തയില്‍ നിന്നുകൊണ്ട്  വിളിച്ചു. വിളികേട്ടത് അകത്ത് ക്ലാസെടുത്തുകൊണ്ടിരിക്കുന്ന സുകുമാര്‍ അഴീക്കോടാണ്. വരാന്തയുടെ മൂലയിലേക്ക് മാറിനിന്നുകൊണ്ട് സ്വകാര്യമായി കാര്യമവതരിപ്പിച്ചു. തലശ്ശേരി ലോകസഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഴീക്കോട്  പത്രിക സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മറുത്തൊന്നും പറയരുത്. ഇടതുപക്ഷം പിടിച്ച കൊമ്പ് മുറിക്കണമെങ്കില്‍ അഴീക്കോടല്ലാതെ മറ്റാരും ശക്തനല്ല. നാക്കുകൊണ്ടു നാലുലോകം ഒന്നിച്ചുവരയ്ക്കുന്ന സുകുമാര്‍ അഴീക്കോട് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വാക്കുകള്‍കൊണ്ടുള്ള ഒരു യുദ്ധമാണ് ഇനി കാണേണ്ടത്. ആദ്യം ഒന്നു പകച്ചെങ്കിലും ഒരു കൈ നോക്കിയാലെന്താണ് കുഴപ്പം എന്ന ചിന്തയില്‍ അഴീക്കോട് മാഷിന് സമ്മതം. പൊറ്റക്കാട് വേഴ്‌സസ് അഴീക്കോട്- ഒരങ്കത്തിന് കടത്തനാട് കച്ചമുറുക്കി.

placeholder
എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്കരികില്‍ സുകുമാര്‍ അഴീക്കോട്‌. ഫോട്ടോ: മാതൃഭൂമി

മത്സരം കേരള സാംസ്‌കാരിക മണ്ഡലത്തിന്റേതുകൂടിയാണ്. എഴുത്തുകാരായ എഴുത്തുകാരെല്ലാം എസ്.കെയ്ക്കുവേണ്ടി അണിനിരന്നു. എസ്.കെയുടെ ചിഹ്നം പൂവന്‍ കോഴിയില്‍ നിന്നും പനിനീര്‍പ്പൂവിലെത്തിയിരുന്നു. കെ.ടി സുകുമാരന്‍ എന്ന പേരിലായിരുന്നു അഴീക്കോട് മത്സരിച്ചത്. അഴീക്കോട് മാഷോടുള്ള ഭയഭക്തി ഒരു വശത്ത്, എസ്.കെയോടുള്ള അകമഴിഞ്ഞ സ്‌നേഹം മറുവശത്ത്. സുകുമാര്‍ സ്വന്തം സുഹൃത്തായിരുന്നെങ്കിലും അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോയില്ലെന്ന് പ്രൊഫ  എം.കെ സാനു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്യുമ്പോഴാണ് എം.ടി തന്റെ സഹഎഴുത്തുകാര്‍ക്കൊപ്പം എസ്.കെയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയത്. എം.ടി അന്ന് തലശ്ശേരിയില്‍ എസ്.കെയ്ക്കുവേണ്ടി പ്രസംഗിച്ചു. വി.എം നായരാണ് അന്ന് മാതൃഭൂമിയുടെ എം.ഡി. അദ്ദേഹത്തിന് ദേശീയപ്രസ്ഥാനം ഒന്നേയുള്ളൂ. അത് സ്വാതന്ത്ര്യസമരപ്രസ്ഥാനവും പിന്നാലെയുണ്ടായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമാണ്. വി.എം നായരുടെ മുറിയിലേക്ക് വിളിപ്പിക്കപ്പെട്ട എം.ടി മൗനമായി വിചാരണ ചെയ്യപ്പെട്ടെങ്കിലും ആദ്യമായും അവസാനമായും പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നല്ലയോര്‍മകള്‍ അദ്ദേഹം തന്റെ ഓര്‍മക്കുറിപ്പുകളിലെ ഒരു അധ്യായമാക്കി.

placeholder
നെഹ്രുവിന് പുസ്തകം സമ്മാനിക്കുന്ന അഴീക്കോട്. വി.കെ മാധവന്‍ കുട്ടി സമീപം

അഴീക്കോട്- പൊറ്റക്കാട് മത്സരം കൊഴുപ്പിക്കുന്നതിനായി ഇടതു-വലതു പാര്‍ട്ടികള്‍ എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ചാക്കിട്ടുപിടിച്ചുകൊണ്ടേയിരുന്നു. പക്ഷേ വിനയായത് അഴീക്കോട് മാഷിന്റെ നാക്കുതന്നെയായിരുന്നു. എഴുത്തുകാരെക്കുറിച്ച് നല്ലതു പറയാന്‍ അധികമൊന്നുമുയരാത്ത ആ നാക്ക് മോശപ്പെട്ടതെല്ലാം വിളിച്ചുപറഞ്ഞിരുന്നല്ലോ. സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും അഴീക്കോട് കണ്ടാല്‍ കണ്ടതിലപ്പുറവും പറയും. മാഷിന്റെ ഓരോ തിരഞ്ഞെടുപ്പ് റാലി കഴിയുമ്പോഴും പ്രതീക്ഷ തെളിഞ്ഞുവന്നത് പൊറ്റക്കാടിനായിരുന്നു. ''അദ്ദേഹത്തിന്റെ ഓരോ റാലി കഴിയുമ്പോഴും അയ്യായിരം വോട്ട് എന്റെ പെട്ടിയിലേക്ക് അധികം വന്നു''- എസ്.കെ പൊറ്റക്കാട് എം.കെ. സാനുവിനോട് സ്വകാര്യം പറഞ്ഞു. ഫലം വന്നപ്പോള്‍ 64,950 വോട്ടുകള്‍ക്ക് പൊറ്റക്കാട് ലോക്‌സഭയിലേക്ക്. അഴീക്കോട് പാര്‍ട്ടിയെ പഴിച്ചു. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വലിയ വിമര്‍ശകനുമായി.

placeholder
എം.കെ സാനു

കേരള സാംസ്‌കാരികമണ്ഡലത്തിലെ സിംഹമായിരുന്ന അഴീക്കോടിനെ പതുക്കെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒന്നു ശ്രമിച്ചതാണ്. 'തൃശൂരില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ അച്യുതമേനോന്‍ ആലോചിച്ചിരുന്നു. സുകുമാര്‍ നല്ലൊരു മത്സരാര്‍ഥിയല്ല 
എന്ന് ഞാനദ്ദേഹത്തോട് അഭിപ്രായപ്പെട്ടു.'- പ്രൊഫ. എം.കെ. സാനു ഓര്‍ക്കുന്നു. തൃശൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞിരുന്നെങ്കില്‍ അഴീക്കോട് അനുസരിക്കുമായിരുന്നോ? ഉത്തരം തേടിയത് എം.എന്‍ കാരശ്ശേരിയോടാണ്. ''ഒരു ദിവസം അഴീക്കോട് മാഷിനൊപ്പം ഇരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: 'വി.വി ദക്ഷിണാമൂര്‍ത്തി വന്ന് തൃശൂരില്‍ മത്സരിക്കാന്‍ പറഞ്ഞു.' എന്നിട്ട് സാറെന്തു പറഞ്ഞു എന്നു ഞാന്‍ ചോദിച്ചു. 'ഏയ്, എനിക്ക് സാധിക്കില്ല എന്നു പറഞ്ഞു.' എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നുഞാന്‍ ചോദിച്ചു. അങ്ങനെയാണെങ്കില്‍ ഇ.എം.എസ് എന്തുകൊണ്ടാണ്  പറയാത്തത് എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. ഇ.എം.എസ്സില്‍ കുറഞ്ഞ ഒരാള്‍ ഇക്കാര്യത്തില്‍ സമീപിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല എന്നെനിക്കു മനസ്സിലായി. ഇ.എം.എസ് പറഞ്ഞാല്‍ സാറ് നില്‍ക്കുമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അദ്ദേഹം തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പറ്റിയ ആളോ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ പറ്റിയ ആളോ അല്ല എന്നാണ് വ്യക്തിപരമായി അന്നും ഇന്നും എന്റെ അഭിപ്രായം. അദ്ദേഹം ശുണ്ഠിക്കാരനാണ്. മുന്‍വിധിയുള്ളയാളാണ്. ക്ഷമ കുറഞ്ഞയാളാണ്. ഇങ്ങനെയുള്ളവരെ കൊണ്ടുനടക്കാന്‍ വലിയ പാടാണ്. എന്നെയും അതിനുകൊള്ളില്ല എന്നെനിക്കറിയാം. അതുപോലെ തന്നെ എന്‍.പി മുഹമ്മദിന്റെയടുക്കല്‍ തിരഞ്ഞെടുപ്പുകാര്യം സംസാരിക്കാനായി വി.വി ദക്ഷിണാമൂര്‍ത്തി വരുമ്പോള്‍ ഞാന്‍ അവിടെയുണ്ട്. മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് അഭ്യര്‍ഥന. എന്‍.പി ആലോചിക്കാം എന്നു പറഞ്ഞു. ദക്ഷിണാമൂര്‍ത്തിയുടെ മുമ്പില്‍ വെച്ചുതന്നെ അതുവേണോ എന്നു ഞാന്‍ ചോദിച്ചു. കാരണം എതിര്‍സ്ഥാനാര്‍ഥി ഇബ്രാഹിം സുലൈമാന്‍ സേട്ടുവാണ്. ലീഗിന്റെ ഉറച്ച സീറ്റാണ്. 'നമുക്ക് ശരീ അത്തിന് എതിരായിട്ടൊക്കെ പ്രസംഗിക്കാം കാരശ്ശേരി, നിങ്ങളൊക്കെ എനിക്കുവേണ്ടി പ്രസംഗിക്കുമല്ലോ. ജയിക്കാന്‍ ഇബ്രാഹിം ജയിച്ചോളും, തോറ്റാല്‍ പിന്നെ നമുക്ക് പണിയൊന്നുമില്ലല്ലോ'- എന്‍.പിയ്ക്ക് ചെറിയ ഉത്സാഹമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്നെ അകത്തേക്കു വിളിച്ചു. ധാരാളം അസുഖങ്ങള്‍ ഉള്ളയാളാണ്. ഭക്ഷണവും മരുന്നുമെല്ലാം പതിവു തെറ്റും. ഇപ്പോള്‍ത്തന്നെ പിറകേ നടക്കുന്നതുകൊണ്ടാണ് എല്ലാം നേരത്തിന് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ സമ്മതിക്കരുത്. ഭാര്യയുടെ നിര്‍ബന്ധം അദ്ദേഹം കേട്ടു.''- കാരശ്ശേരിയുടെ വാക്കുകള്‍. 

placeholder
എം.എൻ. കാരശ്ശേരി

തലശ്ശേരിയില്‍ നിന്നും ജയിച്ചുകയറിയ എസ്.കെ പൊറ്റക്കാട് ലോകസഭയിലെത്തിയിട്ട് പിന്നീടെന്തു സംഭവിച്ചു എന്നുള്ളതും ഒരു പോയന്റാണ്. ''തന്റെ അഞ്ചുവര്‍ഷം ഒന്നുമെഴുതാന്‍ കഴിയാതെ പാഴായിപ്പോയി. എന്ന് അച്ഛന്‍ പറയുമായിരുന്നു. നെഹ്രുവിനെ അഭിമുഖം ചെയ്യാന്‍ പറ്റി. അക്കാലത്തെ രാഷ്ട്രീയവും ഇന്ത്യയുടെ മുഖവുമെല്ലാം വിശദമാക്കുന്ന ഒരു പുസ്തകം എഴുതണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ നടന്നില്ല. നെഹ്രുവിനെ അഭിമുഖം ചെയ്തത് ആ കാലത്തായിരുന്നു.''- സുമിത്ര ജയപ്രകാശ് പറയുന്നു. എഴുത്തുകാരന്റെ ഓരോ നിമിഷത്തിനും തീപിടിച്ച വിലയാണെന്ന് ഡല്‍ഹിയിലെ തണുപ്പിലിരുന്ന് എസ്.കെ തിരിച്ചറിഞ്ഞു. കാലാവധി പൂര്‍ത്തിയാക്കിയതോടെ രാഷ്ട്രീയത്തോട് കൈകൂപ്പി പതുക്കെ പിന്‍വാങ്ങി.

1984 തിരുവനന്തപുരം: മാധവിക്കുട്ടിയുടെ 'സ്‌നേഹമാണ് മത'വും കെട്ടിവെച്ച കാശും

രാഷ്ട്രീയത്തില്‍ ഒട്ടുമേ അനുഭവപരിചയമില്ലാതിരുന്നിട്ടുകൂടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു മാധവിക്കുട്ടി. മതേതരത്വം പ്രോത്സാഹിപ്പിക്കുക, അനാഥരായ അമ്മമാര്‍ക്ക് സംരക്ഷണം നല്‍കുക എന്നീ ലക്ഷ്യങ്ങളായിരുന്നു തന്റെ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളായി മാധവിക്കുട്ടി പ്രഖ്യാപിച്ചിരുന്നത്. തന്റെ പാര്‍ട്ടി ഒരു ദേശീയ പ്രസ്ഥാനം തന്നെയാണെന്ന് അവര്‍ പ്രഖ്യാപിച്ചു. തന്റെ എഴുത്തുകള്‍ക്ക് ലഭിച്ച വന്‍ സ്വീകാര്യതയുടെ ബലത്തില്‍ 1984-ല്‍ തിരുവനന്തപുരത്തുനിന്നും ലോക്​സഭയിലേക്ക് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ചു. 1786 വോട്ടുകളാണ് ലഭിച്ചത്. എല്ലാം ഒരു രസമായും തമാശയായും അവതരിപ്പിക്കാന്‍ മിടുക്കുണ്ടായിരുന്ന മാധവിക്കുട്ടിക്ക് പക്ഷേ കേരളത്തില്‍ നിന്നുള്ള തന്റെ രാഷ്ട്രീയ പിന്തുണ വെറും 1786 വോട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വല്ലാതെ വേദനിച്ചു. ചെല്ലുന്നയിടങ്ങളിലെല്ലാം വന്‍ ആരാധകക്കൂട്ടം ശ്വാസം വിടാന്‍ പോലും സാവകാശം നല്‍കാതെ സ്‌നേഹം കൊണ്ട് പൊതിയുന്നതിലെ വൈകാരിക സമവാക്യവും പ്രായോഗിക രാഷ്ട്രീയത്തിലെ കസേരയുറപ്പിക്കല്‍ സമവാക്യവും തമ്മില്‍ ഭാവനയും യാഥാര്‍ഥ്യവും തമ്മിലുള്ള ചില്ലറ അകലമൊന്നുമല്ല ഉള്ളത്. തോല്‍വിയുടെ ക്ഷീണമകറ്റാന്‍ നേരെ സഹോദരി സുലോചനയുടെ ആനമല ഹില്‍സിലെ വീട്ടില്‍ ദീര്‍ഘനാളത്തെ വിശ്രമം തന്നെ വേണ്ടിവന്നു. ആ വിശ്രമജീവിതം പക്ഷേ സാഹിത്യത്തിന് മികച്ച നേട്ടം തന്നെയായിരുന്നു സമ്മാനിച്ചത്. 'ആനമലക്കവിതകള്‍' എന്ന പേരില്‍ ഒരു സമാഹാരം തന്നെയിറങ്ങി. ഇരുപത്തിരണ്ടു കവിതകളാണ് വരിവരിയായി പിറന്നുവീണത്. അതില്‍ എട്ടെണ്ണം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ഫോറത്തില്‍ പ്രസിദ്ധീകരിച്ചുവന്നു. ദ ബെസ്റ്റ് ഓഫ് കമലാദാസ് എന്ന കളക്ഷനില്‍ ആനമലക്കവിതകള്‍ മൂന്നെണ്ണമാണ് ഇടംപിടിച്ചത്.

placeholder
മാധവിക്കുട്ടി മഹാരാജാസ് കോളേജില്‍

''അമ്മയെ സ്‌നേഹത്തിന്റെ കവിയായി വാഴ്ത്തുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 'സ്‌നേഹം എന്റെ മതം' എന്നായിരുന്നു 1984-ല്‍ ലോക്​സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ അമ്മ തന്റെ പാര്‍ട്ടിയായ ലോക് സേവാ പാര്‍ട്ടിയുടെ മുദ്രാവാക്യമായി ഉയര്‍ത്തിയത്. അമ്മ മത്സരിക്കുന്നതിനോട് എനിക്ക് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഞാനത് അമ്മയ്ക്കു മുന്നില്‍ പ്രകടിപ്പിച്ചു, നിസ്സഹകരിച്ചു. അമ്മയെ തടയാന്‍ സാധ്യമല്ല എന്ന തികഞ്ഞ ബോധ്യത്തോടുകൂടിയായിരുന്നു എന്റെ വിയോജിപ്പ്. ഞാനന്ന് മാതൃഭൂമിയുടെ എഡിറ്ററായി കോഴിക്കോട്ട് തന്നെയുണ്ട്. അമ്മ കുറച്ച് പണം ആവശ്യപ്പെട്ടു. അതുകൊടുത്തു. മറ്റൊരു സഹായവും എന്നില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമ്മയ്ക്കറിയാമായിരുന്നു. അമ്മയ്ക്ക് ഒരിക്കലും രാഷ്ട്രീയക്കാരിയാവാന്‍ കഴിയില്ല. അമ്മയെപ്പോലെ അതിവൈകാരിക വ്യക്തിത്വത്തിനുടമയായ ഒരെഴുത്തുകാരിയ്ക്ക് പറഞ്ഞതല്ല രാഷ്ട്രീയം എന്നാണ് അമ്മയോട് ഞാന്‍ പറഞ്ഞ മറുപടി.'' - മാധവിക്കുട്ടിയുടെ മകന്‍ എം.ഡി നാലാപ്പാട്ട് മാതൃഭൂമി ഡോട് കോം പ്രസിദ്ധീകരിച്ച 'അമ്മയോര്‍മകള്‍' എന്ന പംക്തിയില്‍ എഴുതി.

placeholder
സുലോചന നാലപ്പാട്ട്‌

''അന്ന് കെ.എല്‍ മോഹനവര്‍മയും ആമിയോപ്പുവും കുറച്ച് എഴുത്തുകാരുമൊക്കെ ചേര്‍ന്ന് എറണാകുളത്തെ ബി.ടി.എച്ചില്‍ വെച്ചാണ് ലോക് സേവാ പാര്‍ട്ടിയുണ്ടാക്കുന്നത്. ആമിയോപ്പു വലിയ ഉത്സാഹത്തിലായിരുന്നു. സമൂഹത്തിലെ തിന്മകളൊക്കെ ഇപ്പോള്‍ ശരിയാക്കിത്തരാം എന്നത്രയും ഉത്സാഹം. പക്ഷേ കെട്ടിവെച്ച കാശുപോയി. ആമിയോപ്പു ജയിക്കുമെന്ന് തന്നെയായിരുന്നു കരുതിയത്. ശുദ്ധപാവമല്ലേ. തിരഞ്ഞെടുപ്പിന്റെ ഉള്ളുകള്ളികളൊന്നുമറിയില്ലല്ലോ. കിട്ടിയ വോട്ടിന്റെ എണ്ണം കേട്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ ആ പെണ്ണുങ്ങളെയൊക്കെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചിട്ടും ഇങ്ങനെയാണല്ലോ സംഭവിച്ചത് എന്നൊക്കെ പറഞ്ഞായിരുന്നു കരച്ചില്‍. ആള് ആകെ ഡിപ്രഷനിലായി. മോനു ആദ്യമേ പറഞ്ഞതാണ് രാഷ്ട്രീയവും തിരഞ്ഞെടുപ്പുമൊക്കെ അമ്മയ്ക്ക് പറ്റിയതല്ലെന്ന്. എല്ലാവരും കൈവിട്ടു. വിഷമം മാറുന്നേയില്ല. പ്രചരണമൊക്കെ സ്വന്തം കൈയില്‍ നിന്നും കാശിറക്കിയാണ് ചെയ്തിട്ടുള്ളത്. ഞാനും ഭര്‍ത്താവ് ഉണ്ണിയും അന്ന് തമിഴ്‌നാടിനടുത്തുള്ള ആനമല പനിമേട് എസ്റ്റേറ്റിലാണ് താമസിക്കുന്നത്. ഞാന്‍ കൂടെ കൊണ്ടുപോയി. ഞാനും ഉണ്ണിയും രാവിലെ ജോലിക്കുപോയാല്‍ വീട്ടില്‍ തനിച്ചിരുന്ന് വീണ്ടും സങ്കടത്തിലേക്കു കൂപ്പുകുത്താന്‍ തുടങ്ങും. ആമിയോപ്പു പൊതുവേ അങ്ങനെയായിരുന്നല്ലോ. മനസ്സില്‍ എന്തൊക്കെയോ ചിന്തകള്‍ വരുന്നു എന്നു പറഞ്ഞപ്പോള്‍ അതൊക്കെ എഴുതിക്കൂടേ എന്നു ചോദിച്ചു. രാത്രിയില്‍ ഒരുപാട് ചിന്തകള്‍ മനസ്സിലേക്ക് വരുന്നുണ്ട് പക്ഷേ രാവിലെയാവുമ്പോഴേക്കും എല്ലാം മനസ്സില്‍ നിന്നും പോയിട്ടുണ്ടാവും എന്നായി ആമിയോപ്പു. പഴയൊരു റെക്കോഡിങ് ഇന്‍സ്ട്രുമെന്റ് ഉണ്ടായിരുന്നു അവിടെ. ആമിയോപ്പുവിന്റെ മുറിയിലെ മേശപ്പുറത്ത് കൊണ്ടുവെച്ചുകൊടുത്തു. എപ്പഴാണ് വരികള്‍ വരുന്നതെന്നുവെച്ചാല്‍ ഓണ്‍ ചെയ്തിട്ട് പറഞ്ഞോളൂ എല്ലാം ടേപ്പിലുണ്ടാവും എന്നു പറഞ്ഞു. ആമിയോപ്പു അതുപോലെ ചെയ്തു. ഉണ്ണിയുടെ അസിസ്റ്റന്റിന്റെ ഭാര്യ ഷോര്‍ട് ഹാന്‍ഡ് പഠിച്ച കുട്ടിയായിരുന്നു. എന്നും രാവിലെ റെക്കോര്‍ഡറിലെ ശബ്ദം കേട്ടെഴുതിയെടുത്ത് ഓഫീസില്‍ ചെന്ന് ടൈപ് ചെയ്ത് പ്രിന്റെടുത്ത് ആമിയോപ്പുവിന് കൊടുത്തു. ആമിയോപ്പുവിന് ഉത്സാഹമായി. തിരഞ്ഞെടുപ്പ് ക്ഷീണം മാറിത്തുടങ്ങി. ആനമലക്കവിതകള്‍ എന്ന പേരില്‍ നല്ലൊരു സമാഹാരം ഇതുനിമിത്തം ഉണ്ടായി''- സുലോചന നാലാപ്പാട്ട് പറയുന്നു. ബാലാമണിയമ്മയുടെ പ്രതികരണമെന്തായിരുന്നു എന്നുചോദിച്ചപ്പോള്‍ പറഞ്ഞു: ''അമ്മയ്ക്ക് പ്രത്യേകിച്ചൊന്നുമുണ്ടായില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്ന നിലപാടായിരുന്നു.''

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എ. ചാള്‍സ്, ലോക് ദളിലെ നീലലോഹിതദാസന്‍ നാടാര്‍ ഹിന്ദുമുന്നണി പിന്തുണച്ച കേരള വര്‍മ, സ്വതന്ത്രന്മാരായ പി.എ ജയദേവ്, ജി ഗോപിനാഥന്‍, വെണ്ടക്കുളം ശിവാനന്ദന്‍ നായര്‍, വര്‍ഗീസ് ഇട്ടിച്ചെറിയ, എന്നിവര്‍ക്കു പിന്നിലായി എട്ടാം സ്ഥാനത്തായിരുന്നു കമലാദാസിന്റെ വോട്ടുനില. കേരളത്തിലെ അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ പ്രമുഖനായിരുന്ന നന്തന്‍കോട് സുകുമാരനും അതേ വര്‍ഷം തിരുവനന്തപുരത്തുനിന്നും മത്സരിച്ചിരുന്നു. 644 വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

1989 തിരുവനന്തപുരം: ഒ.എന്‍.വിയെ കമ്യൂണിസ്റ്റാക്കിയ വിപ്ലവഗാനങ്ങളും കരുണാകരന്‍ സ്‌കൂളിലെ എ ചാള്‍സും

സര്‍ക്കാന്‍ ഉദ്യോഗസ്ഥനും പി.എസ്.സി അംഗവുമായിരുന്ന എ. ചാള്‍സിനെ ഉദ്യോഗം രാജിവെപ്പിച്ച് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നത് ലീഡര്‍ കെ. കരുണാകരനായിരുന്നു. 1984-ല്‍ ചാള്‍സിന്റെ കന്നിയങ്കമായിരുന്നു. പിന്നീട് തുടര്‍ച്ചയായി 1989-ലും 1991-ലും ചാള്‍സ് തിരുവനന്തപുരത്തെ നയിച്ചു. ചാള്‍സിന് മറ്റൊരു നിയോഗം കൂടിയുണ്ടായിരുന്നു 84-ല്‍ മാധവിക്കുട്ടിയെ (മുഖ്യഎതിരാളിയല്ലെങ്കിലും) നേരിടേണ്ടി വന്നപ്പോള്‍ 1989-ല്‍ ഇടതു സ്വതന്ത്രനായിരുന്ന കവിയും ഗാനരചയിതാവുമായി ഒ.എന്‍.വിയായിരുന്നു മുഖ്യ എതിരാളി.

ഒ.എന്‍.വി ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം അതുവരെ ചേര്‍ന്നുപ്രവര്‍ത്തിച്ചത് വിപ്ലവഗാനങ്ങളിലൂടെയായിരുന്നു. കെ.പി.എ.സിയുടെ വിപ്ലവനാടകഗാനങ്ങള്‍ ഒ.എന്‍.വിയെ പണ്ടേ ജനപ്രിയനാക്കിയതാണ്. കെ.കരുണാകരന്റെ വിശ്വസ്തനും അനുഗാമിയുമായ എ. ചാള്‍സിന്റെ രണ്ടാമൂഴത്തെ തടയിടാന്‍ വി.എസ് അച്യുതാനന്ദനും പി.കെ വാസുദേവന്‍ നായരും ഒ.എന്‍.വി ഗാനങ്ങളുടെ സ്വീകാര്യതയെ മുന്നില്‍ കണ്ടുകൊണ്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലോക്സഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായിട്ടാണ് വന്നത് എന്ന് രണ്ടുപേരും ഒറ്റ സ്വരത്തില്‍ മുഖവുരകളൊന്നുമില്ലാതെ ഒ.എന്‍.വിയോട് പറഞ്ഞു. രണ്ടുസഖാക്കളെയും ഒ.എന്‍.വിക്ക് തള്ളിക്കളയാന്‍ പറ്റില്ല. കീഴടങ്ങിക്കൊടുത്തു. ത്രാസ് ചിഹ്നത്തില്‍ മലയാള സാഹിത്യ-സാംസ്‌കാരിക മണ്ഡലത്തില്‍ നിന്നും ഒരു പ്രമുഖന്‍ കൂടി ഇടതുപക്ഷത്തേക്ക്.

മലയാളക്കരയും കടന്ന് കീര്‍ത്തിപെരുകിയ ഒ.എന്‍.വിക്കാലത്തിലേക്ക് രാഷ്ട്രീയം കടത്തിവിടുക വഴി സ്വപ്‌നം കണ്ട തിരുവനന്തപുരം സീറ്റ്. മണ്ണിനെയും മനുഷ്യനെയും പ്രകൃതിയെയും ഒന്നുപോലെ കാവ്യതാരയിലേക്കൊഴുക്കിയ പ്രതിഭയാണ് സ്ഥാനാര്‍ഥിയെന്നതില്‍ പാര്‍ട്ടി അഭിമാനിച്ചു. ഒ.എന്‍.വിയോളം വരില്ല ചാള്‍സ്. ജനപ്രിയഗാനങ്ങളിലൂടെ മലയാളി എന്നും എപ്പോഴുമെന്ന മട്ടില്‍ ഒ.എന്‍.വി ഈരടികള്‍ മൂളിനടക്കുന്ന കാലം. സത്യത്തില്‍ ഇതൊക്കെയായിരുന്നു വി.എസ്സും വാസുദേവന്‍ നായരും കണ്ട ഹൈലൈറ്റ്. പോരാത്തതിന് തിരുവനന്തപുരത്തെ ബൗദ്ധികസമൂഹത്തെ വായടപ്പിച്ചുനിര്‍ത്താന്‍ കോളേജ് അധ്യാപകന്‍ എന്ന വിശേഷണവും. പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ, നേരം പോയ് നേരം പോയ് എല്ലാരും പോയല്ലോ, ചേലിലൊരു ചെങ്കതിരിന്‍ പൂവിടരുന്നേ, ഓണനിലാവോടി വരും മാമലനാട്ടില്‍ കോടികോടി കൈകളിലാ കൊടിയുയരുന്നേ, ചെങ്കൊടിയുയരുന്നേ... തുടങ്ങിയ ഗാനങ്ങള്‍ തിരുവനന്തപുരത്തെ പാര്‍ട്ടിപ്രവര്‍ത്തകര്‍ നേരവും കാലവും നോക്കാതെയെടുത്തുവീശി. പക്ഷേ അതേ സമയം മറ്റൊരു വാദമുയര്‍ന്നു - ഒ.എന്‍.വിയെപ്പോലുള്ള ഒരാള്‍ക്കു ചേര്‍ന്നതാണോ വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടിരക്കല്‍? കവി കവിതയെഴുതിയാല്‍പ്പോരേ? മാധവിക്കുട്ടിക്കുള്ള മറുപടി മതിയാവില്ലായിരിക്കും, മാധവിക്കുട്ടിക്കില്ലാതെ പോയതും ഒ.എന്‍.വിക്കുണ്ടായിരുന്നതും ശക്തമായ സംഘടനാ പിന്‍ബലമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വീടിന്റെ ചുറ്റുമതിലുകള്‍ വിമര്‍ശനങ്ങളാല്‍ നിറഞ്ഞു. പാര്‍ലമെന്റില്‍ പോയിട്ടാണോ കവി സമ്മേളനം നടത്തുന്നത്? പാര്‍ലമെന്റ് കലാലയമാണോ തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒ.എന്‍.വിക്കു പക്ഷേ ആശയങ്ങളോടായിരുന്നു പ്രതിപത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സാഹചര്യം വരുമ്പോള്‍ മത്സരിക്കുക തന്നെ.

placeholder
ഒ.എൻ.വി. തിരുവനന്തപുരത്ത് പ്രചരണത്തിനിടെ |  Photo: mathrubhumi archives

കെ.പി.എ.സി നാടകഗാനങ്ങളിലൂടെ, പുരോഗമനാശയങ്ങള്‍ വാരിവിതറിയ പോപ്പുലര്‍ സിനിമാഗാനങ്ങളിലൂടെ, ജനഹൃദയങ്ങളില്‍ പച്ചയായ ജീവിതം വരച്ചുകാണിച്ച ആ മൂന്നക്ഷരക്കാരനെ അതുവരെ തിരുവനന്തപുരത്തുകാര്‍പോലും നേരിട്ടുകണ്ടിരുന്നില്ല. പൊതുപ്രവര്‍ത്തനത്തിന്റെ മറ്റൊരു രീതിയെന്ന മട്ടില്‍ തന്റെ രാഷ്ട്രീയപ്രവര്‍ത്തനം വിപ്ലവഗാനങ്ങളിലൂടെ വൃത്തിയായി നിര്‍വഹിച്ചുപോന്ന ഒ.എന്‍.വിയെ കാണാന്‍ ആളുകള്‍ കൗതുകമായിരുന്നു. ആകാശവാണിയിലൂടെ ഗാനരചന ഒ.എന്‍.വി എന്നു കേട്ടുപരിചയിച്ചവര്‍ ആ ചിരിയും നടപ്പും എടുപ്പുമെല്ലാം ഹൃദയത്തിലേക്കേറ്റെടുത്തെങ്കിലും ഇതൊന്നും ബാലറ്റ് പെട്ടിയില്‍ വീഴില്ല എന്ന നല്ല ബോധ്യം വി.എസ്സിനും വാസുദേവന്‍ നായര്‍ക്കുമുണ്ടായിരുന്നു. 

സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തിരുവനന്തപുരം കളക്ടറേറ്റിലേക്ക് ഒരു സാംസ്‌കാരികജാഥയായിരുന്നു ഒ.എന്‍.വിക്കൊപ്പം പോയിരുന്നത്. എം.പി അപ്പന്‍, പുതുശ്ശേരി രാമചന്ദ്രന്‍, പി. ഗോവിന്ദപ്പിള്ള, വേണുനാഗവള്ളി, ദേവരാജന്‍ മാസ്റ്റര്‍, ജി. അരവിന്ദന്‍, കെ.പി സുരേന്ദ്രനാഥ്, പ്രൊഫസര്‍ എം. കൃഷ്ണന്‍ നായര്‍, എന്നിവരെല്ലാം ജാഥയുടെ മുന്‍നിരയിലുണ്ടായിരുന്നു. ചലച്ചിത്രമേഖല ഒന്നാകെ ഒ.എന്‍.വിക്കുവേണ്ടി സംയുക്ത പ്രചരണം നോട്ടീസടിച്ചും അല്ലാതെയും നടത്തിയെങ്കിലും സ്വന്തം വാർഡായ വഴുതക്കാടുപോലും ഒ.എന്‍.വിക്കൊപ്പം നിന്നില്ല. 50913 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ എം. ചാള്‍സിന്റെ രണ്ടാമൂഴം കെ. കരുണാകരന്‍ ആഘോഷിച്ചു.

എം.പി വീരേന്ദ്രകുമാര്‍: പുസ്തകമാണ് രാഷ്ട്രീയം, രാഷ്ട്രീയം മറ്റൊരു പുസ്തകവുമാണ്

placeholder
എം.പി വീരേന്ദ്രകുമാര്‍

ഒരേസയമം എഴുത്തുകാരനും രാഷ്ട്രീയനേതാവുമായിരുന്നയാളാണ് എം.പി വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയും വളരെ ചെറുപ്പത്തില്‍ തന്നെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു എം.പി വീരേന്ദ്രകുമാര്‍. തന്റെ പിതാവ് പത്മപ്രഭാ ഗൗഡരുടെ അതിവിശാലമായ പുസ്തകശേഖരത്തിലൂടെ എഴുത്തിലേക്കും വായനയിലേക്കും ആകര്‍ഷിക്കപ്പെട്ടു. ഹൈമവതഭൂവില്‍, ബുദ്ധന്റെ ചിരി, ആമസോണും കുറേ വ്യാകുലതകളും, ഗാട്ടും കാണാച്ചരടും, ചങ്ങമ്പുഴ വിധിയുടെ വേട്ടമൃഗം, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, തിരിഞ്ഞുനോക്കുമ്പോള്‍ തുടങ്ങി പ്രകൃതിയും പരസ്ഥിതിയും രാഷ്ട്രീയവും ആഗോള കരാറുകളും കുടിവെള്ളവും ലോകരാജ്യങ്ങളിലെ ജനജീവിതവും സംസ്‌കാരവും വ്യക്തിജീവിതവും അദ്ദേഹം എഴുതി. എഴുത്തുകാരനായിരിക്കേ തന്നെ ഭാവനയില്‍ നിന്നും മാറിനടന്നു, യാഥാര്‍ഥ്യങ്ങളെഴുതി. യാത്രകളുടെ നേരനുഭവങ്ങളായിരുന്നു എം.പി വീരേന്ദ്രകുമാറിനെ എഴുത്തുകാരനാക്കിയത്. അതേസമയം സജീവരാഷ്ട്രീയത്തില്‍ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും സംഭവങ്ങള്‍ക്കും സാക്ഷിയായി. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം, സ്വത്ത് കണ്ടുകെട്ടല്‍, ഒളിവുജീവിതം തുടങ്ങി ആശയങ്ങളുടെ സന്ധിയില്ലാ സമരം. കേരള നിയമസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വിജയവും പരാജയവും ഒന്നുപോലെ അറിഞ്ഞു. തിരഞ്ഞെടുപ്പിനെ പാര്‍ട് ഓഫ് ദ ഗെയിം എന്ന മനോഭാവത്തോടെ സമീപിച്ച എം.പി വീരേന്ദ്രകുമാര്‍ തന്റെ വ്യക്തിജീവിതത്തിലെ തീരാനഷ്ടങ്ങള്‍ തിരിച്ചറിയാനാവാതെ പോയവണ്ണം സിരകളില്‍ പടര്‍ന്ന രാഷ്ട്രീയാവേശത്തെക്കുറിച്ച് ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'തിരിഞ്ഞുനോക്കുമ്പോള്‍' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

പതിനാറാം വയസ്സില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥി യൂണിയന്റെ ഡെപ്യൂട്ടി സ്പീക്കറായിട്ടാണ് എം.പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1971-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്.എസ്.പിയെ പ്രതിനിധീകരിച്ചുകൊണ്ട് കോഴിക്കോട് മണ്ഡലത്തില്‍ നിന്നും മത്സരിച്ചുകൊണ്ടാണ് പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം സജീവമാകുന്നത്. ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 1987-ല്‍ കേരള മന്ത്രിസഭയിലേക്ക്. നായനാര്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായി ചുമതലയേറ്റെങ്കിലും അഞ്ചുദിവസം കൊണ്ട് രാജിവെച്ച് സ്ഥാനമൊഴിഞ്ഞു. 1991-ലെ ഉപതിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്‌സഭമണ്ഡലത്തിലേക്ക് ഇടതുസഖ്യത്തിന്റെ പിന്തുണയോടെ മത്സരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരനായിരുന്നു ജയം. 1996-ല്‍ അതേ മണ്ഡലത്തിലേക്ക് അതേ സ്ഥാനാര്‍ഥികള്‍ തന്നെ വീണ്ടും അങ്കം കുറിച്ചു. ഇത്തവണ എം.പി വീരേന്ദ്രകുമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1998-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മാറ്റി അഡ്വ. പി ശങ്കരനെ പരീക്ഷിച്ചപ്പോള്‍ ഇടതുസഖ്യത്തിന്റെ ബലത്തില്‍ ജനതാദള്‍ എം.പി വീരേന്ദ്രകുമാറിനെത്തന്നെ നിര്‍ത്തിയെങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ പി. ശങ്കരനായിരുന്നു ജയം. 2004-ല്‍ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇടതു- ജനതാദള്‍ സഖ്യം വീണ്ടും തങ്ങളുടെ കെമിസ്ട്രി  ആവര്‍ത്തിച്ചു. എം.പി വീരേന്ദ്രകുമാര്‍ തന്നെ സ്ഥാനാര്‍ഥി. അഡ്വ. വി ബല്‍റാമിനെയാണ് കോണ്‍ഗ്രസ് എതിരാളിയാക്കിയിരുന്നത്. എം.പി വീരേന്ദ്രകുമാര്‍ നിഷ്പ്രയാസം ജയിച്ചുകയറി.

placeholder
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എം.പി വീരേന്ദ്രകുമാര്‍

പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് ആശയങ്ങളും ഇടതുപക്ഷത്തിന്റെ നിലപാടുകളും തങ്ങളുടെ സമവാക്യം മറക്കുന്നത് 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ്. ''കോഴിക്കോട് മണ്ഡലത്തില്‍ സി.പി.എം സ്വന്തം സ്ഥാനാര്‍ഥിയെ കളത്തിലിറക്കാന്‍ തീരുമാനിച്ചത് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ക്ഷീണമായി. അഡ്വ.പി.എ മുഹമ്മദ് റിയാസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. മുന്നണി വിടാന്‍ പാര്‍ട്ടി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് വടകര പാര്‍ലമെന്ററി സീറ്റ് ഓഫര്‍ ചെയ്‌തെങ്കിലും യു.ഡി.എഫില്‍ അംഗമാവുന്നില്ല എന്നു തീരുമാനിച്ചു. പക്ഷേ പുറത്തുനിന്നും പിന്തുണ നല്‍കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ എം.കെ രാഘവന്‍ ജയിച്ചു. 2014-ലെ തിരഞ്ഞെടുപ്പായപ്പോള്‍ കോഴിക്കോട് കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റായി മാറി. അങ്ങനെയാണ് പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.പി വീരേന്ദ്രകുമാറിനെ കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ട്ടി തീരുമാനിക്കുന്നത്. പക്ഷേ ഫലം പ്രതീക്ഷിച്ചതായിരുന്നില്ല. സി.പി.എമ്മിന്റെ എം.ബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ഞങ്ങളുടെ ആശയങ്ങള്‍ ഇടതുപക്ഷ ധാരയുമായി ചേര്‍ന്നുകൊണ്ടാണ് 35 വര്‍ഷക്കാലം പ്രവര്‍ത്തിച്ചത്. 2016-ല്‍

placeholder
കെ.കെ ഹംസ

ഇടതുപക്ഷത്തേക്ക് തിരികെ വരാനുള്ള അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ ഞങ്ങളുടെ പാര്‍ട്ടിക്കകത്ത് ഇതേച്ചൊല്ലി വിയോജിപ്പുകള്‍ വേണ്ട എന്നതിനാല്‍ തല്‍ക്കാലം യുഡിഎഫില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ അതേനിലയില്‍ അധികകാലം തുടരാന്‍ കഴിയുമായിരുന്നില്ല. വൈകാതെ തന്നെ ഇടതുപക്ഷവുമായി അനുരഞ്ജനത്തിലെത്തി മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.''- ആര്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.കെ ഹംസയുടെ വാക്കുകള്‍.

2014 തൃശൂര്‍: അണ്ണാഹസാരെ, അരവിന്ദ് കെജ്രിവാള്‍, സാറാ ജോസഫ്... ആംആദ്മി!

ജന്തര്‍മന്തര്‍ തെരുവ് ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പത്ത് ടോപ് ന്യൂസ് സ്റ്റോറികളില്‍ ഇടം പിടിച്ചത് 2011 ഏപ്രില്‍ 4നാണ്. ഇന്ത്യയെ അഴിമതിമുക്തമാക്കുക എന്ന മുദ്രാവാക്യവുമായി ഡല്‍ഹിയിലെ വിഖ്യാത തെരുവായ ജന്തര്‍മന്തറില്‍ എഴുപത്തിനാലുകാരനായ അണ്ണാ ഹസാരെ നിരാഹാരം കിടക്കാന്‍ തുടങ്ങി. രാഷ്ട്രീയ അഴിമതിക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരം തുടങ്ങിയത് ചെറിയ രീതിയിലായിരുന്നുവെങ്കിലും ഹസാരെയുടെ വര്‍ഷങ്ങള്‍ തഴക്കം ചെന്ന സാമൂഹിക പരിചയം കൊണ്ട്  നിരാഹാരം ആളിപ്പടര്‍ന്നത് സാധാരണക്കാരിലേക്കാണ്. പിന്തുണയുമായി ജനം ഒഴുകി. മാധ്യമങ്ങള്‍ ജന്‍ ലോക്പാല്‍ ബില്ലിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു, വിശകലനങ്ങള്‍ നടത്തി. ഇന്ത്യയിലെ കിട്ടാവുന്ന ബുദ്ധിജീവികളെല്ലാം ലോക്പാല്‍ ബില്ലിനെക്കുറിച്ച് പ്രബന്ധങ്ങളെഴുതി. ഇന്ത്യന്‍ 'യോഗഗുരു'-വെന്ന് അന്ന് അറിയപ്പെട്ടിരുന്ന പതഞ്ജലിയുടെ സ്ഥാപകനായ രാംദേവ്,  ഇന്ത്യയിലെ ആദ്യത്തെ ഐപിഎസ്സുകാരി കിരണ്‍ബേദി, മുന്‍ബ്യൂറോക്രാറ്റ് അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഹസാരെയുടെ നിരാഹാര തീപ്പന്തത്തില്‍ നിന്നും നാളങ്ങളേറ്റുവാങ്ങി ഉത്തരേന്ത്യയുടെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ കത്തിച്ചുപടര്‍ത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരസ്യമായ രഹസ്യമായി കറങ്ങിക്കൊണ്ടിരിക്കുന്ന കള്ളപ്പണം തിരിച്ചുപിടിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം. ലോക്പാല്‍, സിവില്‍ റെസിസ്റ്റന്‍സ്, പൊളിറ്റിക്കല്‍ അജണ്ട, നോണ്‍പാര്‍ട്ടിസാന്‍... സംജ്ഞകള്‍ പെരുകിപ്പെരുകി റിപ്പോര്‍ട്ടര്‍മാര്‍ക്ക് വട്ടുപിടിക്കുന്ന അവസ്ഥയായി. നിരാഹാരമിരിക്കുന്ന എഴുപതുകാരന്‍ നിസ്സാരനല്ല. സര്‍ക്കാര്‍ അഴിമതി, പോലീസ് അഴിമതി, ജുഡീഷ്യല്‍ അഴിമതി, കോര്‍പ്പറേറ്റ് അഴിമതി, ക്ലിപ്‌റ്റോകറന്‍സി, കള്ളവോട്ട്, റെഡ്‌ടേപ്പ്, രാഷ്ട്രീയക്കാരുടെ വിവേചനാധികാരം... ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും പൊതുജനസേവനത്തില്‍നിന്നും ഹസാരെ തുടച്ചുനീക്കാന്‍ ആവശ്യപ്പെട്ടത് ചില്ലറക്കാര്യങ്ങളായിരുന്നില്ല. അഹിംസാമാര്‍ഗം കൂടി സമരോപാധിയായതോടെ രണ്ടാം ഗാന്ധിയെ ദര്‍ശിച്ച അനുഭവം ജനങ്ങളില്‍ വന്നുനിറയുന്നത് ഭരണകൂടം ഭീതിയോടെ കണ്ടു. സമരത്തിന് ജനപിന്തുണയേറിയപ്പോള്‍ ഹസാരെയുടെ കയ്യില്‍ നിന്നും പതുക്കെ ബാറ്റണ്‍ കെജ്രിവാള്‍ ഏറ്റെടുത്തു.  അഭിപ്രായവ്യത്യാസം എന്ന പേരില്‍. ഇന്ത്യന്‍ അഴിമതിവിരുദ്ധപ്രസ്ഥാനത്തിന്റെ ജനപിന്തുണ തിരിച്ചറിഞ്ഞ അസ്സല്‍ ബ്യൂറോക്രാറ്റായ കെജ്രിവാള്‍ പുതിയൊരു പാര്‍ട്ടിക്കു രൂപം നല്‍കി- നമ്മള്‍ ജനങ്ങളുടെ പാര്‍ട്ടി- ആം ആദ്മി പാര്‍ട്ടി. 2012 നവംബര്‍ 26ന് സര്‍വ്വമാലിന്യവും അടിച്ചുനീക്കുന്ന ഇന്ത്യയുടെ ചൂല് അവതരിപ്പിക്കപ്പെട്ടു. ജനകീയത, മതേതരത്വം, സംയുക്ത ദേശീയത, ജനാധിപത്യ സോഷ്യലിസം എന്നീ ആശയങ്ങളുയര്‍ത്തിപ്പിടിച്ചതോടെ ഒരു കോടിയിലേറെപ്പേര്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് കണ്ണുംപൂട്ടി ഒഴുകി. ലോകത്ത് എന്ത് ചലനമുണ്ടായാലും അതിന്റെ പ്രതിഫലനം മികച്ച രീതിയില്‍ പ്രകടിപ്പിക്കുന്ന ഇങ്ങ് കേരളത്തിലും ആംആദ്മിപാര്‍ട്ടി കയറിപ്പിടിച്ചു. കേരളത്തെക്കുറിച്ചുള്ള പൊതുധാരണവെച്ച് കുറച്ചധികം ബുദ്ധിജീവികളും സാംസ്‌കാരികപ്രവര്‍ത്തകരുമുള്ള നാടാണ്. ജനാധിപത്യസംവിധാനത്തില്‍ തങ്ങളുടേതായ അഭിപ്രായം രാഷ്ട്രീയം നോക്കാതെ, വ്യക്തിബന്ധം നോക്കാതെ തുറന്നുപറയുന്നവരാണ്. ആംആദ്മിപാര്‍ട്ടിയുടെ തേരോട്ടം ചെന്നുനിന്നത് സാറാ ജോസഫിലും എം.എന്‍ കാരശ്ശേരിയിലുമൊക്കെയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചകാലം. ആം ആദ്മി പാര്‍ട്ടിക്ക് ഒരൊറ്റ ചോയ്‌സ് മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ- തൃശൂരില്‍ സാറടീച്ചര്‍ മത്സരിക്കും.

placeholder
സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍

''ആം ആദ്മി എന്റെ സ്വതന്ത്ര തീരുമാനമായിരുന്നു. ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയപ്പാര്‍ട്ടി രൂപം കൊണ്ട സാഹചര്യം വളരെ പ്രധാനപ്പെട്ടതായിരുന്നു.  സാന്ദര്‍ഭികമായിട്ടുപറയട്ടെ, അതിനെയൊക്കെ കടത്തിവെട്ടുന്ന ഭീകരമായ അഴിമതിയിലേക്കു കൂപ്പുകുത്തി നില്‍ക്കുന്ന ഇന്ത്യയെ ആണ് നാം ഇപ്പോള്‍ കാണുന്നത്.  ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. 

ഒരു പ്യൂരിറ്റന്‍ വാദവുമായിട്ടാണ് ഞാനൊക്കെ ആംആദ്മി പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയൊന്നാകെ മാറ്റിമിറിക്കപ്പെടും, അഴിമതി മുക്തഭാരതം വരും എന്നൊക്കെയാണ് സങ്കല്പം. പക്ഷേ ഏതുപ്രത്യയശാസ്ത്രവും ഏതുസിദ്ധാന്തവും പ്രയോഗത്തിലേക്ക് വരുമ്പോള്‍ അതിനെ ഒരുപാട് കലര്‍പ്പുകള്‍ വരും.മത്സരിക്കുക എന്നത് എന്റെ ചിന്തയിലുണ്ടായിരുന്ന കാര്യമേ അല്ലായിരുന്നു. പക്ഷേ ഇതൊരു പ്രതീക്ഷയാണെങ്കില്‍ ആ പ്രതീക്ഷ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നൊരു തോന്നലാണ് എന്നെ 'ചൂലെടുക്കാന്‍' പ്രേരിപ്പിച്ചത്. പക്ഷേ അതിനകത്ത് ഉയര്‍ന്നുവന്ന ചില പ്രശ്‌നങ്ങള്‍ കൊണ്ടും മൂപ്പെത്താത്ത ഒരു പാര്‍ട്ടിയുടെ ദുര്‍ബലതകള്‍ ഉള്ളതുകൊണ്ടും എനിക്ക് തുടരാന്‍ സാധിക്കില്ല എന്നു മനസ്സിലായി. ഏതൊരാള്‍ക്കും ഓടിപ്പോയി അംഗത്വം എടുക്കാന്‍ സാധിക്കുമായിരുന്നു. അംഗത്വം എടുത്തവര്‍ പാര്‍ട്ടിയുടെ ആശയം ശരിക്കും ദഹിച്ചിട്ടോ, ഉള്‍ക്കൊണ്ടിട്ടോ വന്നവരല്ല, ഏതൊരു രാഷ്ട്രീയപാര്‍ട്ടിയെയും പോലെ അധികാരത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് സംസാരിക്കുന്നവരായിരുന്നു. അതുകൊണ്ടുതന്നെ മുഴുവന്‍ വേവാത്ത ഒരു ആശയമായിട്ട് എനിക്ക് തോന്നി. ഇപ്പോഴും ആയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. 

 എഴുത്തുകാര്‍ക്ക് രാഷ്ട്രീയം വഴങ്ങില്ല. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ എഴുത്തുകാര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുക ഭയങ്കരമായൊരു പ്യൂരിറ്റന്‍വാദവുമായിട്ടാണ്. എഴുത്തുകാര്‍ക്കുള്ളത് സ്വപ്‌നങ്ങളാണ്; മാറ്റിത്തീര്‍ക്കാന്‍ കഴിയും എന്ന സ്വപ്നം. രാഷ്ട്രീയം എന്നത് വേറെയൊന്നാണ്. രാഷ്ട്രീയപ്രവര്‍ത്തകന്റെ അധ്വാനം എന്നത് ഒരു മേഖലയിലുള്ള ആളുകളുടെ അധ്വാനവുമായി ചേര്‍ത്തുവെക്കാന്‍ കഴിയുന്നതല്ല. രാഷ്ട്രീയക്കാരിയാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ആംആദ്മിയിലേക്കുള്ള പോക്ക് ഒരു പ്രതീക്ഷ തേടിയുള്ളതായിരുന്നു.''- സാറാ ജോസഫ് പറയുന്നു.

തൃശൂരില്‍ 44638 വോട്ടുകളാണ് 2014-ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ സാറാ ജോസഫ് നേടിയത്. സിപിഐ സ്ഥാനാര്‍ഥി സി.എന്‍ ജയദേവന്‍ 389,209 വോട്ടുകള്‍ നേടി ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ കെ.പി ധനപാലന് 350982 വോട്ടുകള്‍, ബി.ജെ.പിയുടെ കെ.പി ശ്രീശന് 102,681 വോട്ടുകള്‍. അപ്പോള്‍ പിറന്നുവീണ ഒരു പാര്‍ട്ടിക്ക് കേരളം പോലുള്ള ഒരു സംസ്ഥാനത്തുനിന്നും ഇത്രയും വോട്ടുകള്‍ കിട്ടിയെങ്കില്‍ അത് സാറ ടീച്ചറുടെ മിടുക്കും സ്വീകാര്യതയും മാത്രം. പക്ഷേ അതോടുകൂടി രാഷ്ട്രീയത്തെ ടീച്ചറും കൈവിട്ടു. 

എഴുത്തുകാര്‍ സ്വപ്‌നജീവികളാണ്. അവരെ നയിക്കുന്നതുതന്നെ സാറ ടീച്ചര്‍ പറഞ്ഞ 'ഭയങ്കരമായ പ്യൂരിറ്റന്‍വാദ'മാണ്. ഉള്ളത് ഉള്ളതുപോല പറഞ്ഞില്ലെങ്കിലും അതങ്ങനെത്തന്നെയല്ലേ എന്ന സംശയം വിട്ടുമാറാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കുപ്പായം ഏതു കളറില്‍ തയ്പ്പിച്ചാലും പാകമാവാന്‍ നല്ലപാടാണ്. എം. മുകുന്ദന്‍ പറഞ്ഞതാണ് ഓര്‍മ വരുന്നത്. 'ഞാന്‍ എക്കാലവും ഒരു കമ്യൂണിസ്റ്റുകാരനാണ്. എഴുത്തുകാരന്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് പാര്‍ട്ടിയില്‍ നിന്നിറങ്ങിപ്പോയ്‌ക്കൊണ്ടേയിരിക്കും.'  ടി. പത്മനാഭനുമായി ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരിക്കേ അദ്ദേഹം പറഞ്ഞു: 'ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് നാമാവശേഷമാകും. പക്ഷേ ഞാനൊരു കോണ്‍ഗ്രസുകാരനാണ്. മരിച്ചുകിടക്കുമ്പോള്‍ എന്ന കോണ്‍ഗ്രസ് പതാക പുതപ്പിക്കാന്‍ വേണ്ടപ്പെട്ടവരെ ഞാന്‍ ഏല്‍പിച്ചിട്ടുണ്ട്.' എഴുത്തുകാര്‍ക്ക് പക്ഷവുമുണ്ട് പക്ഷഭേദവുമുണ്ട്, യോജിപ്പും വിയോജിപ്പുമുണ്ട്. ബുദ്ധിയുള്ളവര്‍ അത് പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും.