പവനന്റെ ജന്മശതാബ്ദിദിനത്തില്‍ അദ്ദേഹത്തിന്റെ മകനും ശാസ്ത്രജ്ഞനുമായ ഡോ. സി.പി രാജേന്ദ്രന് എഴുതുന്ന കുറിപ്പ്.

പവനന്‍
കേരളത്തില്‍ മുഴുവന്‍ ഒരുകാലത്ത് 'പവനന്‍' എന്ന പേരില്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചിരുന്നയാള്‍ ആരായിരുന്നു? 'വിനീതമായ ഒരു അതിമാനുഷ മാതൃക' എന്ന് മഹാകവി അക്കിത്തം വിശേഷിപ്പിച്ച അദ്ദേഹം ഒരു സാഹിത്യകാരനും പത്രപ്രവര്‍ത്തകനും മാത്രമായിരുന്നില്ല. സമൂഹത്തില്‍ ചിന്താപരമായ മാറ്റംവരുത്താന്‍ അക്ഷീണം പ്രയത്‌നിച്ച കര്‍മോന്മുഖന്‍കൂടിയായിരുന്നു അദ്ദേഹം. തലശ്ശേരിക്കടുത്ത്, വയലളത്ത് പുത്തന്‍വീട്ടില്‍ ദേവകിയുടെയും കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശങ്കരക്കുറുപ്പിന്റെയും മകനായി ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ 1925 ഒക്ടോബര്‍ ആറിന് ജനിച്ച പി.വി. നാരായണന്‍നായര്‍, പവനനായി മാറിയ കഥ കേരളത്തിന്റെ നവോത്ഥാനചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
മുപ്പതുകളിലെയും നാല്പതുകളിലെയും കേരളം ഒരു സാമൂഹിക-രാഷ്ട്രീയ വിപ്ലവത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരു ഗ്രാമീണബാലനായിരുന്ന അദ്ദേഹം ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എത്തുന്നതിനുമുന്‍പുതന്നെ കമ്യൂണിസ്റ്റുകാരുമായും കമ്യൂണിസവുമായും ബന്ധപ്പെട്ടു. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് സ്‌കൂള്‍ പുസ്തകങ്ങളോടൊപ്പം രഹസ്യപാര്‍ട്ടിരേഖകള്‍ വാസസ്ഥലമായ ചെറുവത്തൂരുനിന്ന് നീലേശ്വരത്ത് കൊണ്ടുപോകുന്ന ജോലി പവനന്‍ ഏറ്റെടുത്തിരുന്നു. തന്നെ ഭക്തിഭ്രാന്തില്‍നിന്ന് മോചിപ്പിച്ച് സ്വശക്തിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ പ്രേരിപ്പിച്ചത് സഖാവ് എന്‍.ജി. കമ്മത്തായിരുന്നുവെന്ന് അദ്ദേഹം തന്റെ രസകരമായ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്.
നീലേശ്വരത്തെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരിയിലെ ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നെങ്കിലും പഠിപ്പുതുടരാനുള്ള സാമ്പത്തികസാഹചര്യമില്ലാതിരുന്നതുകൊണ്ട് അദ്ദേഹം പട്ടാളത്തില്‍ ചേരുകയാണുണ്ടായത്. പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ കറാച്ചിയിലെ ആര്‍മി സ്റ്റോര്‍ നോക്കിനടത്താനുള്ള ചുമതലയാണ് ലഭിച്ചത്.
1946-ലെ ഇടവേളയിലാണ് നാവികകലാപത്തെത്തുടര്‍ന്നുള്ള ഏതോ ഇടവേളയിലാണ് അച്ഛന്‍ പട്ടാളത്തില്‍നിന്ന് പിരിഞ്ഞ് നാട്ടിലെത്തുന്നത്. പുതിയ അറിവുകള്‍ തേടാന്‍ തുടങ്ങിയത് അതിനുശേഷമാണ്. ഔപചാരികമായ ഉപരിപഠനത്തിന്റെയും സംശയനിവാരണം നടത്തിത്തരേണ്ട മാര്‍ഗദര്‍ശികളുടെ അഭാവവും അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും ജന്മനായുള്ള കലാവാസനയും അമ്മാവനും കവിയുമായിരുന്ന കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിക്കൃഷ്ണക്കുറുപ്പുമായുള്ള ബാല്യകാലത്തെ ഗുരുകുല പഠനവും മലയാളസാഹിത്യത്തിലേക്ക് കാല്‍വെക്കുന്നതിന് സഹായകമായിട്ടുണ്ടാകാം.
മറുനാട്ടില്‍ ഒരു മലയാളി
വയനാട്ടില്‍ ഒരു പ്ലാന്റേഷന്‍ മാനേജരായി ജോലിയെടുക്കുമ്പോഴാണ് അദ്ദേഹം പരന്ന വായനയുടെ ലോകത്തേക്കെത്തുന്നത്. സ്വയം ആര്‍ജിച്ചെടുത്ത വിജ്ഞാനത്തിന്റെ ബലത്തിലാണ് പിന്നീടദ്ദേഹം മറുനാടന്‍ മലയാളിയായി മദ്രാസ് നഗരത്തില്‍ എത്തുന്നത്. അവിടെയദ്ദേഹം പോട്ടറായി തുടങ്ങി അവസാനം പത്രപ്രവര്‍ത്തനത്തില്‍ താവളം കണ്ടെത്തുന്നു. സി.ആര്‍. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ അവിടെയാരംഭിച്ച ജയകേരളം വാരികയില്‍ ഒരു സ്ഥിരം എഴുത്തുകാരനാകുന്നത് അങ്ങനെയാണ്.
പണ്ടൊരിക്കല്‍ അദ്ദേഹമെഴുതിയ 'ഒരു കുതിരയും നാല്പത്തെട്ടു മനുഷ്യരും' എന്ന ചെറുകഥയില്‍ മദ്രാസിന്റെ പശ്ചാത്തലത്തില്‍ ഒരു റൗഡിയുമായുള്ള വഴക്കില്‍ പിടിച്ചുനിന്ന ഒരു 'കിരീടം' സ്‌റ്റൈല്‍ കഥാപാത്രത്തെപ്പറ്റി പറയുന്നുണ്ട്. അത് അദ്ദേഹംതന്നെയായിരുന്നു. ഈ ധൈര്യവും ആത്മവിശ്വാസവുംതന്നെയാണ് അദ്ദേഹത്തെ യാഥാസ്ഥിതികത്വത്തെ ചോദ്യംചെയ്യാനും ഒരു കമ്യൂണിസ്റ്റും യുക്തിവാദിയുമായി മാറാനും സഹായിച്ചത്.
പത്രപ്രവര്‍ത്തനപര്‍വം
1954-ല്‍ പാര്‍വതിയുമായുള്ള വിവാഹത്തിനുശേഷം അദ്ദേഹം കോഴിക്കോട്ട് 'പൗരശക്തി' പത്രത്തില്‍ ജോലിയെടുത്തു. കേരളത്തിലെ നാടകകലാരംഗത്ത് വലിയ സംഭാവനകള്‍ നടത്തിയ കേന്ദ്ര കലാസമിതിയുടെ സംഘാടകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ്പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ അദ്ദേഹം ദേശാഭിമാനി പത്രത്തില്‍ എത്തുകയും അതിന്റെ ലേഖകനായി തിരുവനന്തപുരത്തേക്ക് താമസംമാറ്റുകയും ചെയ്തു. അവിടെവെച്ചാണ് 1966 മുതല്‍ യുക്തിവാദികളുടെ കൂട്ടായ്മകളില്‍ സജീവമാകുന്നത്.
1966-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സോവിയറ്റ് അനുകൂലികളോടൊപ്പം സിപിഐയില്‍ ഉറച്ചുനിന്നു. സിപിഎമ്മില്‍നിന്ന് അദ്ദേഹത്തിന് പുറത്തുപോകേണ്ടിവന്നു. അക്കാലത്താണ് മദ്രാസിലെ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ എഡിറ്ററായി ജോലിയില്‍ പ്രവേശിക്കുന്നത്. വാസ്തവത്തില്‍ സ്ഥിരവരുമാനം അന്നാണ് ലഭിക്കാന്‍ തുടങ്ങിയത്. ധനസമ്പാദനത്തില്‍ ഒട്ടും താത്പര്യമോ കൗശലമോ ഇല്ലാതിരുന്ന അദ്ദേഹത്തിന് അതൊരു സഹായമായി. അതേക്കുറിച്ച് സ്ഥിരമായി വേവലാതിപൂണ്ട അമ്മയ്ക്ക് അല്പകാലത്തേക്ക് മനസ്സമാധാനം നല്‍കാനും ആ മാറ്റം സഹായിച്ചു.
സഹപ്രവര്‍ത്തകരരെല്ലാം വീടുവെച്ചപ്പോള്‍ തങ്ങള്‍ അപ്പോഴും വാടകവീട്ടില്‍ത്തന്നെയായിരുന്നു എന്ന ചിന്ത അമ്മയെ വ്യാകുലചിത്തയാക്കി. അവര്‍ അച്ഛന്റെ മരണശേഷമെഴുതിയ 'പവനപര്‍വ്വം' എന്ന ഓര്‍മ്മക്കുറിപ്പില്‍ ഈ സംഘര്‍ഷങ്ങളെക്കുറിച്ചെല്ലാം എഴുതിയിട്ടുണ്ട്.
1970-കളില്‍ തൃശ്ശൂരില്‍ സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി നിയമിതനായപ്പോള്‍ ഏറ്റവും സന്തോഷിച്ചത് അമ്മതന്നെയായിരുന്നു. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ആ മാറ്റത്തിനുവേണ്ടി മുന്‍കൈയെടുത്തത്. അച്ഛന്റെ സ്വായത്തമായ ഭരണനിര്‍വഹണശേഷിയെക്കുറിച്ചുള്ള ബോധ്യത്തില്‍നിന്നായിരിക്കണം അച്യുതമേനോന്‍ ആ നിയമനത്തില്‍ താത്പര്യമെടുത്തത്.
കേരള സാഹിത്യ അക്കാദമിയെ ഒരു വലിയ പ്രസ്ഥാനമാക്കി മാറ്റുന്നതിനും വമ്പിച്ച ജനസമ്മതി നേടുന്നതിനും അദ്ദേഹം വഹിച്ച പങ്ക് അതിന്റെ ചരിത്രത്തിലെ ഒരു വലിയ അധ്യായംതന്നെയാണ്. അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് മതിയായ അംഗീകാരം ലഭിച്ചോ? അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി അക്കാദമി സമുച്ചയത്തില്‍ കാര്യമായി ഒന്നും ചെയ്തില്ല എന്ന ഖേദം ബാക്കിനില്‍ക്കുന്നു.
കരുത്തുറ്റ നിലപാടുകള്‍
തന്റെ നിലപാടുകള്‍ക്കുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ശക്തമായി പോരാടിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസുമായി പരസ്യമായിത്തന്നെ വാദപ്രതിവാദങ്ങള്‍ നടത്തുകയുണ്ടായി. തൊഴിലാളിവര്‍ഗത്തിന്റെ മോചനത്തിനുവേണ്ടി നില്‍ക്കുന്ന സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ശക്തിപകരുന്നതാണ് യുക്തിവാദിപ്രസ്ഥാനമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ശക്തമായ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് വേരുകളുണ്ടായത് അന്ന് സമാന്തരമായി രൂപപ്പെട്ട സാമൂഹികപരിഷ്‌കരണപ്രസ്ഥാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദങ്ങളുടെ അടിസ്ഥാനം.
മതത്തെയും ജാതിയെയും പ്രീണിപ്പിക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഇന്നത്തെ സമീപനം കാണുമ്പോള്‍ ചരിത്രപരമായ ആ സമബന്ധം അവര്‍ മനസ്സിലാക്കുന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പവനന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ പ്രവണതകളെ എങ്ങനെയാണ് ചെറുക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
നീണ്ടുനിന്ന പാര്‍ക്കിന്‍സണ്‍ രോഗത്തോട് പൊരുതിത്തോറ്റ് 2006 ജൂണ്‍ 22-ാം തീയതി മരിച്ചപ്പോള്‍ ബാക്കിവെച്ചുപോയ പുസ്തകങ്ങളും ലേഖനസമാഹാരങ്ങളും അദ്ദേഹത്തിന്റെ ഉള്ളിലെ അടിസ്ഥാനപരമായ മാനുഷികതയെ വെളിവാക്കുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ അദ്ദേഹം അതിയായി വേദനിച്ചു. ആ തകര്‍ച്ചയുണ്ടാക്കിയ വേദനയില്‍നിന്നാണ് അച്ഛന്റെ മറവിരോഗത്തിന്റെ തുടക്കമെന്ന് ലീലാവതിടീച്ചര്‍ അന്ന് ആലങ്കാരികമായി പറഞ്ഞതോര്‍ക്കുന്നു. ആ ആലങ്കാരികത മാറ്റിവെച്ചാല്‍ത്തന്നെ സോവിയറ്റ് വ്യവസ്ഥിതിക്കുള്ളില്‍ ജനാധിപത്യസ്വഭാവം ശക്തിപ്പെടുത്താന്‍ കഴിയാത്തതാണ് തകര്‍ച്ചയ്ക്കുകാരണമെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിയിരുന്നു.
Published: 26 Oct 2025, 06:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented