
ജനപ്രിയനായ രാഷ്ട്രീയനേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ ബാല്യവും യൗവനവും രാഷ്ട്രീയപ്രവേശനവും കുടുംബജീവിതവുമെല്ലാം വിവരിക്കുന്ന വിവിധ അധ്യായങ്ങളിലൂടെ 'കാലം സാക്ഷി' കടന്നുപോകുന്നുണ്ട്. സെപ്തംബര്‍ 10-ന് പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലെ 'ഓണത്തിന് ഒരു പറ നെല്ല്' എന്ന ഭാഗം വായിക്കാം...
ഇളംകാറ്റില്‍ നിറകതിരുകള്‍ ഇളകിയാടി നില്ക്കുന്നതുപോലെയുള്ള സുന്ദരമായ ഒരു ഓര്‍മയാണ് 'ഓണത്തിന് ഒരു പറ നെല്ല്.' കേരള വിദ്യാര്‍ഥിരാഷ്ട്രീയചരിത്രത്തിലെ ഏറ്റവും സൃഷ്ടിപരമായ ഒരു കാല്‍വെപ്പ്. അന്ന് കൃഷിമന്ത്രിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ ഒരു പ്രസ്താവനയില്‍നിന്നാണ് ഈ പരിപാടിയുടെ തുടക്കം. വിദ്യാര്‍ഥിസമരത്തെക്കുറിച്ചുള്ള ചര്‍ച്ച കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്ക്കുന്ന ഒരവസരമായിരുന്നു അപ്പോള്‍. 'ബസ്സിന് കല്ലെറിയുകയല്ല, പാടത്ത് വിത്തെറിയുകയാണ് വിദ്യാര്‍ഥികള്‍ ചെയ്യേണ്ടത്' എന്നായിരുന്നു എം.എന്‍. ഗോവിന്ദന്‍ നായരുടെ പ്രസ്താവന. അത് ഞങ്ങളെ സ്പര്‍ശിച്ചു. കാര്‍ഷികരംഗത്ത് സൃഷ്ടിപരമായ ഒരു പദ്ധതി തയ്യാറാക്കിയാലോ എന്നായി ചിന്ത. 'ഓണത്തിന് ഒരു പറ നെല്ല്' പദ്ധതി അങ്ങനെയാണ് ബീജാവാപം ചെയ്തത്.
പരിപാടിയെപ്പറ്റി കൃഷിമന്ത്രിക്ക് ഞാന്‍ കത്തെഴുതി. വേണ്ട സൗകര്യം ഒരുക്കിത്തന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചു. എം.എന്റെ മറുപടി ഒട്ടും വൈകിയില്ല. സഹകരണത്തിന് സന്തോഷവും നന്ദിയും രേഖപ്പെടുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ കത്തുകിട്ടി. കെ.എസ്.യു. പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കു സമയവും നിശ്ചയിച്ചു. ഞങ്ങള്‍ തിരുവനന്തപുരത്തെത്തി അദ്ദേഹത്തെ കണ്ടു. ആന്റണി, വയലാര്‍ രവി, എം.എ. ജോണ്‍ എന്നിവരുമായി ആലോചിച്ചിട്ടാണ് മന്ത്രിയെ കണ്ടത്. പദ്ധതിയെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഒരാള്‍ ഒരു പറവീതം ലക്ഷം പറ നെല്ല് ഉത്പാദിപ്പിക്കാന്‍ വേണ്ട വിത്ത് സൗജന്യമായി നല്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. അതായത്, ലക്ഷം പാക്കറ്റ് വിത്തു വേണം. മന്ത്രി ബന്ധപ്പെട്ടവരുമായി അപ്പോള്‍ത്തന്നെ ആലോചിച്ചു. ആവശ്യം അംഗീകരിച്ചു. കലണ്ടറില്‍ ഓണത്തിന്റെ തീയതി നോക്കി, അതിന്റെ അടിസ്ഥാനത്തില്‍ മൂന്നാഴ്ചയ്ക്കകം, ഒരു ലക്ഷം പാക്കറ്റ് വിത്തു വിതരണം ചെയ്യാനുള്ള തീരുമാനമെടുത്തു.
നെല്ലു വിളയിക്കാന്‍ വിത്തു മാത്രം പോരാ. വളവും വേണം. അപ്പോഴാണ് ഫാക്ടിലെ എം.കെ.കെ. നായരെ ഓര്‍മിച്ചത്. ഞാനും എ.കെ. ആന്റണിയും സമയം നിശ്ചയിച്ച് അദ്ദേഹത്തെ കാണാന്‍ പോയി. ഫാക്ട് നഗറിലെ വീട്ടിലാണ് കൂടിക്കാഴ്ച. ഓണത്തിന് ലക്ഷം പറ നെല്ല് വിളയിക്കാനുള്ള കെ.എസ്.യുവിന്റെ പദ്ധതി അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഒരു ലക്ഷം പാക്കറ്റ് വളമായിരുന്നു ഞങ്ങളുടെ ആവശ്യം. മറുപടി ഉടന്‍ വന്നു. എവിടെ എത്തിച്ചുതരണം? ആ അന്വേഷണമാണ് മറുപടിയും തീരുമാനവും. ജില്ലാ ആസ്ഥാനത്തു കിട്ടിയാല്‍ മതി എന്ന് ഞങ്ങള്‍ പറഞ്ഞു. ആ നിമിഷംതന്നെ അതിനുള്ള തീരുമാനമായി.
കേരളത്തിലെ വിദ്യാര്‍ഥികള്‍ 'ഓണത്തിന് ഒരു പറ നെല്ലി'നെ ആവേശപൂര്‍വം ഏറ്റെടുത്തു. തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളം-പട്ടാമ്പി റോഡരികിലുള്ള വയലിലാണ് ഉദ്ഘാടനം. എം.എന്‍. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടകന്‍.
'ഓണത്തിന് ഒരു പറ നെല്ല്' നേരത്തേതന്നെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിത്തിന്റെയും വളത്തിന്റെയും വിതരണോദ്ഘാടനം പത്രമാധ്യമങ്ങള്‍ നന്നായി റിപ്പോര്‍ട്ട് ചെയ്തു. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അന്ന് ടെലിവിഷനില്ല. ദൂരദര്‍ശന്‍ പോലും ആയിട്ടില്ല. ദൃശ്യങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഏകമാര്‍ഗം സിനിമാതിയേറ്ററുകളില്‍ ചലച്ചിത്രത്തിനിടെ പ്രദര്‍ശിപ്പിക്കുന്ന ന്യൂസ് റീലുകളാണ്. സര്‍ക്കാരിന്റെ ഫിലിംസ് ഡിവിഷനാണ് അതു തയ്യാറാക്കുക. ഞങ്ങളുടെ പരിപാടി ന്യൂസ് റീലിനു പറ്റിയ വിഷയമാണെന്നു തോന്നി. അവരെ അറിയിച്ചു. അവര്‍ വരാമെന്നും ഏറ്റു.
1968 മേയ് 26-നാണ് ഉദ്ഘാടനം. അതോടനുബന്ധിച്ച് കുന്നംകുളത്ത് കെ.എസ്.യു. സംസ്ഥാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. രാവിലെ ക്യാമ്പ് അംഗങ്ങള്‍ കര്‍ഷകവേഷത്തില്‍ പാടത്തെത്തി. എം.എന്‍. കൃത്യസമയത്തുതന്നെ വന്നിട്ടുണ്ട്. അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു. പക്ഷേ, ഫിലിംസ് ഡിവിഷന്‍കാര്‍ സ്ഥലത്ത് എത്തിയിട്ടില്ല. വിമാനം വൈകിയെന്നും കൊച്ചിയില്‍നിന്ന് അവര്‍ കുന്നംകുളത്തേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും വിവരം കിട്ടി. അരമുക്കാല്‍ മണിക്കൂറിനകം എത്തും. നിശ്ചയിച്ച സമയമായി. ഉദ്ഘാടനം അല്പം വൈകിക്കണം. ഒരു ബുദ്ധി തോന്നി. ആദ്യം പ്രസംഗങ്ങള്‍ നടക്കട്ടെ. ആശംസാപ്രസംഗങ്ങള്‍ തീരാറാവുമ്പോഴേക്ക് ഫിലിംസ് ഡിവിഷന്‍കാര്‍ എത്തി. ഷൂട്ടിങ്ങിനുള്ള ഏര്‍പ്പാടുകള്‍ പെട്ടെന്നു പൂര്‍ത്തിയാക്കി. എം.എന്ന് കാര്യം മനസ്സിലായി. വേദിയില്‍ അടുത്തിരുന്ന എന്നോടു ചെവിയില്‍ ചോദിച്ചു: 'ഇതിനായിരുന്നു ഉദ്ഘാടനം താമസിപ്പിച്ചത്, അല്ലേ?' ഞാന്‍ ചിരിച്ചതേയുള്ളൂ.

വയലില്‍ നെല്ല് വിതച്ചുകൊണ്ടാണ് എം.എന്‍. പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. അതു കഴിഞ്ഞ് വിദ്യാര്‍ഥികള്‍ ക്യാമ്പിലേക്കു മടങ്ങി. വിദ്യാര്‍ഥിരാഷ്ട്രീയരംഗത്തെ അന്യാദൃശമായ ഒരു കാല്‍വെപ്പായി അതു മാറി. തരിശായിക്കിടന്ന പാടങ്ങളിലും സ്‌കൂള്‍-കോളേജ് വളപ്പുകളിലും പറമ്പുകളിലും മട്ടുപ്പാവുകളിലും വിദ്യാര്‍ഥികള്‍ കൃഷിയിറക്കി. കിട്ടിയ സ്ഥലങ്ങളിലൊക്കെ വിത്തെറിഞ്ഞു. കൊല്ലം ഡി.സി.സി. ഓഫീസിനു മുന്‍പിലുള്ള മൈതാനം ട്രാക്ടര്‍ കൊണ്ടുവന്ന് ഉഴുത് അവിടെയും നെല്ലു വിതച്ചു. വിത ഉദ്ഘാടനം നടന്ന പാടത്തുതന്നെയായിരുന്നു കൊയ്ത്ത് ഉദ്ഘാടനവും.
ജീവിതത്തോടുള്ള വിദ്യാര്‍ഥികളുടെ കാഴ്ചപ്പാടില്‍ പുതിയൊരു ദിശാബോധം ഉണ്ടാക്കാന്‍ 'ഓണത്തിന് ഒരു പറ നെല്ല്' ഉപകരിച്ചു എന്നാണ് എന്റെ വിശ്വാസം. പ്രക്ഷോഭങ്ങളുടെ അമരത്തുനില്ക്കുന്ന ഒരു പ്രസ്ഥാനം എന്ന പ്രതിച്ഛായയാണ് അതുവരെ ജനങ്ങള്‍ക്കിടയില്‍ കെ.എസ്.യുവിന് ഉണ്ടായിരുന്നത്. അതു മാറി. സൃഷ്ടിപരമായ പരിപാടികളും ഏറ്റെടുത്തു നടത്താന്‍ ഞങ്ങള്‍ക്ക് കഴിയും എന്ന തോന്നല്‍ വളര്‍ന്നു. തിളക്കമാര്‍ന്ന പ്രതിച്ഛായയ്ക്ക് കെ.എസ്.യു. ഉടമകളായി. ആ സല്‍പ്പേരിന്റെ ഒരംശം എനിക്കും കിട്ടി. 'ഉമ്മന്‍ ചാണ്ടി കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോള്‍ ആവിഷ്‌കരിച്ച 'ഓണത്തിന് ഒരു പറ നെല്ല്' എന്ന പദ്ധതിയിലൂടെയാണ്, എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന ഞാന്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തകനായി മാറിയത്' എന്ന് പിന്നീട് കെ.പി.സി.സി. പ്രസിഡന്റും മന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെയായി വളര്‍ന്ന രമേശ് ചെന്നിത്തല അടുത്തകാലത്ത് എഴുതിയതു വായിച്ചപ്പോള്‍ സന്തോഷം തോന്നി. അതേസമയം, കെ.എസ്.യുവിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാലത്ത് എം.എന്‍. ഗോവിന്ദന്‍ നായരോട് സി.പി.എമ്മിന് നീരസവും അതൃപ്തിയും ഉണ്ടായിരുന്നു.
ഞങ്ങളുടെ പരിപാടികളുടെ വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് അന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബ്രഹ്‌മാനന്ദ റെഡ്ഡി 250 രൂപയുടെ ചെക്ക് അയച്ചുതന്നതും ഓര്‍ക്കുന്നു. അന്ന് അത് വലിയ തുകയാണ്.
വെളുത്തുള്ളിക്കായല്‍സമരം
വെളുത്തുള്ളിക്കായല്‍സമരം 1968 ആദ്യം ആണ്. വേമ്പനാടുകായലില്‍ ആഴം കുറഞ്ഞ ഭാഗമാണ് വെളുത്തുള്ളിക്കായല്‍. ആലപ്പുഴ ജില്ലയിലാണ് പ്രദേശം. 107 ഏക്കര്‍ കായല്‍ 70 സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പതിച്ചു നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വലിയ എതിര്‍പ്പുണ്ടായി. പ്രതിപക്ഷം നിയമസഭയില്‍ പ്രശ്നം ഉന്നയിച്ചു. ദരിദ്രരും പാവപ്പെട്ടവരുമായ ആളുകള്‍ക്ക് കൃഷി ചെയ്യാനാണ് ഭൂമി കൊടുക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. പാവപ്പെട്ടവര്‍ക്കു ഭൂമി നല്കുന്നതു മനസ്സിലാക്കാം. എന്നാല്‍, സി.പി.എംകാര്‍ മാത്രമാണോ പാവപ്പെട്ടവര്‍? വിഷയം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു. എ.കെ. ആന്റണിയാണ് അന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. സമരമുഖത്ത് ഞങ്ങളെല്ലാം എത്തി.
പതിവുപോലെ സമരത്തെ തല്ലിക്കെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
സമരക്കാര്‍ക്കെതിരേ കൊടിയ മര്‍ദനമുറകള്‍തന്നെ അഴിച്ചുവിട്ടു. സമരം ചെയ്ത കുറെ പ്രവര്‍ത്തകരെ ഫെബ്രുവരി ഒന്നിന് കസ്റ്റഡിയിലെടുത്തു. ഗര്‍ഭിണികളുമുണ്ടായിരുന്നു കൂട്ടത്തില്‍. പോലീസ് അവരെപ്പോലും വെറുതേ വിട്ടില്ല. കായല്‍ അളന്ന് അതിരിട്ട കുറ്റികള്‍ പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞു. ജൂലായ് ഏഴിന് പോലീസ് ലാത്തിച്ചാര്‍ജില്‍ എ.കെ. ആന്റണി, എ.സി. ഷണ്‍മുഖദാസ്, കെ.എം. അലിയാര്‍ തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. കെ.പി.സി.സി. സമരം ഏറ്റെടുത്തു. എം. കമലത്തിന്റെയും ടി. ഹരിഹരന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ തീരദേശ- മലയോര സമരജാഥകള്‍ സെക്രട്ടേറിയറ്റുപടിക്കല്‍ സംഗമിച്ചു. അവിടെയും ലാത്തിച്ചാജ് നടന്നു. പക്ഷേ, സര്‍ക്കാരിന്റെ അധികാരഗര്‍വിനും പോലീസ് ഭീകരതയ്ക്കും മുന്നില്‍ കേരളയുവത്വം തലകുനിച്ചില്ല.
പുന്നപ്രവയലാറില്‍ പുഷ്പാര്‍ച്ചന നടത്തി, രക്തസാക്ഷിസ്മരണകളെ ഊട്ടിയുറപ്പിച്ച് 1967 മാര്‍ച്ച് ആറിന് സത്യപ്രതിജ്ഞ ചെയ്തു ഭരണത്തിലേറി, 1969 ഒക്ടോബര്‍ 24-ന് അസ്തമിച്ച് ഒതുങ്ങിപ്പോയ ഇ.എം.എസ്. സര്‍ക്കാരിന്റെ ദുരന്തം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 133 സീറ്റില്‍ 113 നേടിയ മുന്നണിയാണ്. ഈ രണ്ടരക്കൊല്ലത്തെ രാഷ്ട്രീയചരിത്രത്തില്‍ വായിക്കാനുള്ളത് മൂന്നു പ്രധാന പാഠങ്ങളാണ്. ഒന്ന്, പിറന്നുവീണ് ചോരമണം മാറാത്ത കെ.എസ്.യുവും ജ്യേഷ്ഠസംഘടനയായ യൂത്ത് കോണ്‍ഗ്രസ്സും ശക്തിയിലും പരിചയസമ്പത്തിലും ബഹുകാതം മുന്നിലായിരുന്ന സര്‍ക്കാരിനെ സമരപ്രക്ഷോഭങ്ങളിലൂടെ വരച്ചവരയില്‍ നിര്‍ത്തിയത്. രണ്ട്, അംഗങ്ങള്‍ ഒന്‍പതേയുള്ളൂവെങ്കിലും തൊണ്ണൂറിന്റെ സംഘബലം കാട്ടിയ, കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നിയമസഭാകക്ഷിയും ടി.ഒ. ബാവ പ്രസിഡന്റായ സംഘടനാനേതൃത്വവും സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരേ നടത്തിയ ധീരമായ ചെറുത്തുനില്പ്. മൂന്നാമത്, അംഗബലത്തില്‍ എത്ര പ്രബലമായാലും പരസ്പരബഹുമാനമില്ലാതായാല്‍ ഘടകകക്ഷികള്‍ തമ്മില്‍ത്തല്ലി പരസ്പരം കടിച്ചുകീറി സ്വയം ഒടുങ്ങിപ്പോകുമെന്ന മാറ്റമില്ലാത്ത രാഷ്ട്രീയസത്യം. കൂട്ടുകക്ഷിരാഷ്ട്രീയത്തിന്റെ രസതന്ത്രം.
പ്രായോഗികബുദ്ധിയിലും പ്രത്യയശാസ്ത്രപരമായ ബൗദ്ധികതയിലും അഗ്രഗണ്യനായ ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാടായിരുന്നു ആ മുന്നണിയെയും സര്‍ക്കാരിനെയും നയിച്ചിരുന്നത് എന്നുകൂടി ഓര്‍ക്കണം. പക്ഷേ, 133 സീറ്റില്‍ 113ന്റെ മൃഗീയഭൂരിപക്ഷവും സ്വന്തമായി കിട്ടിയ അന്‍പത്തിരണ്ടു സീറ്റും സി.പി.എമ്മിന്റെ ഔദ്ധത്യം വര്‍ധിപ്പിച്ചു. 1965-ല്‍ മൂന്നു സീറ്റില്‍ ഒതുങ്ങിപ്പോവുകയും 1967-ല്‍ തങ്ങളുടെ പിന്തുണകൊണ്ടുമാത്രം 19 സീറ്റ് നേടുകയും ചെയ്ത സി.പി.ഐയെ തികഞ്ഞ പുച്ഛത്തോടും നിസ്സാരതയോടുമാണ് സി.പി.എം. കണ്ടത്. കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും സാന്നിധ്യംപോലും അംഗീകരിച്ചില്ല. പ്രതിപക്ഷത്തെയും അവര്‍ ഗണ്യമാക്കിയില്ല. പോരാഞ്ഞ് എതിര്‍ശബ്ദങ്ങളെ പോലീസിന്റെ തോക്കും ലാത്തിയും ഉപയോഗിച്ച് അമര്‍ത്തുന്ന നയവും ഭരണത്തിനൊപ്പം സമരം എന്ന പരിപാടിയും സര്‍ക്കാരിനെതിരേ ജനവികാരമുണര്‍ത്തി. കോണ്‍ഗ്രസ്സിന്റെ താക്കോല്‍സ്ഥാനങ്ങളിലേക്ക് യുവരക്തം ഇരച്ചുകയറുന്നതിന് ഈ സവിശേഷ രാഷ്ട്രീയസാഹചര്യം സഹായകമായി. കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകമായി ഈ യുവജനശക്തിയെ ചരിത്രം തിരിച്ചറിയുകയും ചെയ്തു.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ സര്‍ക്കാര്‍ജീവനക്കാരുടെ പെന്‍ഷന്‍പ്രായം 58-ല്‍ നിന്ന് 55 ആക്കി കുറച്ചത് എതിര്‍പ്പിന് ഇടയാക്കി. ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ കടുത്ത എതിര്‍പ്പ് ചവറ്റുകൊട്ടയില്‍ തള്ളി മദ്യനിരോധനം പിന്‍വലിച്ചതു ശക്തമായ പ്രതിഷേധത്തിനു കാരണമായി. 1967 സെപ്റ്റംബര്‍ 11ന് സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ കേന്ദ്രവിരുദ്ധ ബന്ദും കാസര്‍കോട് വെടിവെപ്പും മുരളിസമരവുമായി ബന്ധപ്പെട്ട പോലീസ് ലാത്തിച്ചാര്‍ജുകളും വെളുത്തുള്ളിക്കായല്‍സമരവും ക്രമസമാധാനരംഗത്തെ തകര്‍ച്ചയുടെ സംസാരിക്കുന്ന സാക്ഷ്യപത്രങ്ങളായി.
സര്‍ക്കാരിന്റെ തുടക്കകാലത്ത് കെ.സി. ഏബ്രഹാം മാസ്റ്ററാണ് കെ.പി.സി.സി. അധ്യക്ഷന്‍. കെ.എസ്.യു. സെക്രട്ടറി, കെ.എസ്.യു. പ്രസിഡന്റ് എന്നീ നിലകളില്‍ എല്ലാറ്റിനെയും എല്ലാവരെയും നോക്കിക്കണ്ടു പഠിക്കുന്ന പിന്‍ബെഞ്ചുകാരനാണ് ഞാന്‍. മുരളിസമരവിജയം കെ.എസ്.യുവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. അന്ന്, എം.എ. ജോണിനെ യുവജനവിഭാഗത്തിന്റെ സൈദ്ധാന്തിക ആചാര്യന്‍ എന്നു പറയാം. വയലാര്‍ രവിയാകട്ടെ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് തീരുമാനങ്ങളില്‍ അവസാനവാക്കാണ്. എ.കെ. ആന്റണിയും യൂത്ത് കോണ്‍ഗ്രസ്സിന്റെ ചോദ്യംചെയ്യാനാവാത്ത നേതാവായി വളര്‍ന്നു.
അങ്ങനെയിരിക്കെ കെ.പി.സി.സി. തിരഞ്ഞെടുപ്പ് വന്നു. ഏബ്രഹാം മാസ്റ്റര്‍ ഒഴിയുകയാണ്. ടി.ഒ. ബാവയ്ക്കാണ് സാധ്യത. പക്ഷേ, പ്രതീക്ഷിക്കാത്തപോലെ മത്സരം നടന്നു. 1967 ഡിസംബര്‍ ഒന്നിന് എറണാകുളത്തെ മാസ് ഓഡിറ്റോറിയത്തിലാണ് തിരഞ്ഞെടുപ്പ്. എം.എ. ജോണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാര്‍ഥിയായി വന്നു. ജോണ്‍ ഞങ്ങള്‍ക്ക് ഗുരുസ്ഥാനത്തുള്ള നേതാവാണ്. എന്നാല്‍, അദ്ദേഹത്തിന്റെ അപ്രായോഗികമായ ചില നിലപാടുകളോടും ശാഠ്യങ്ങളോടും യോജിപ്പുണ്ടായിരുന്നില്ല. എം.എ. ജോണിനെ മത്സരിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നുമില്ല. ഒടുവില്‍ 33നെതിരേ 126 വോട്ടുകള്‍ക്ക് ബാവ സാഹിബ് ജയിച്ചു. കെ.കെ. വിശ്വനാഥന്‍ ജനറല്‍ സെക്രട്ടറിമാരിലൊരാളായി. ആ ഡിസംബറില്‍ത്തന്നെ കെ.സി. ഏബ്രഹാം മാസ്റ്റര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമായി. വിശ്വനാഥന്‍ വക്കീല്‍ പിന്നെ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ഗോഡ്ഫാദര്‍ ആയി മാറി. ബാവ സാഹിബ്ബില്‍നിന്നും നിയമസഭാകക്ഷിനേതാവ് കെ. കരുണാകരനില്‍നിന്നും നിര്‍ലോഭമായ സഹകരണമാണ് യൂത്ത് ടീമിന് കിട്ടിയത്. ആത്മവിശ്വാസമുള്ള നേതാക്കളായിരുന്നു ഇരുവരും. അത്തരക്കാര്‍ എല്ലാവരെയും ഉള്‍ക്കൊള്ളും.
ബാവ സാഹിബ് സ്ഥാനമേറ്റെടുക്കുമ്പോള്‍ പ്രക്ഷോഭത്തിന് വളക്കൂറുള്ള മണ്ണായി കേരളരാഷ്ട്രീയം മാറിയിരുന്നു. 1968 ഫെബ്രുവരി അഞ്ചു മുതല്‍ പതിനൊന്നു വരെ ആലുവയില്‍ നടന്ന കെ.പി.സി.സി. നേതൃപരിശീലനക്യാമ്പും മേയ് ഒന്നു മുതല്‍ അഞ്ചുവരെ കോട്ടയത്തു ചേര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനവും പാര്‍ട്ടിയെ സമരസജ്ജമാക്കി മാറ്റാന്‍ സഹായിച്ചു. രണ്ടിടത്തും എ.ഐ.സി.സി. പ്രസിഡന്റ് എസ്. നിജലിംഗപ്പ പങ്കെടുത്തു. അതുല്യഘോഷ്, സുചേതാകൃപലാനി, എസ്.കെ. പാട്ടീല്‍ തുടങ്ങിയ ദേശീയനേതാക്കളെ കാണുന്നതും സംസാരിക്കുന്നതും ആദ്യമായി കോട്ടയത്താണ്. സമാപനഘോഷയാത്ര മേയ് അഞ്ചിന് നെഹ്രു സ്റ്റേഡിയത്തിലാണ് സമാപിച്ചത്. സമ്മേളനനഗറിന് എ.ജെ. ജോണിന്റെയും പി.ടി. ചാക്കോയുടെയും പേരാണു നല്കിയത്. പ്രകടനത്തില്‍ ഒരു ലക്ഷം പേരെങ്കിലും പങ്കെടുത്തു.
രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ യുവവിഭാഗത്തെ പ്രതിനിധീകരിച്ച് എ.കെ. ആന്റണിയും വയലാര്‍ രവിയും പ്രസംഗിച്ചത് ഓര്‍ക്കുന്നു. കമ്യൂണിസ്റ്റുകള്‍ക്കെതിരേ ജനമുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കണമെന്നായിരുന്നു രാഷ്ട്രീയപ്രമേയത്തിന്റെ ഊന്നല്‍. പാര്‍ട്ടിയുടെ നേതൃപദവികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ആന്റണിയും വയലാര്‍ രവിയും ഉറച്ചസ്വരത്തില്‍ അന്ന് ആവശ്യപ്പെട്ടു. അതൊന്നും കോണ്‍ഗ്രസ്സില്‍ പതിവില്ലാത്തതാണ്. അതുകൊണ്ടുതന്നെ യൂത്തിന്റെ നിലപാടുകള്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്തു.

കോട്ടയം സമ്മേളനത്തിന് മൂന്നുമാസം മുന്‍പ്, 1968 ഫെബ്രുവരി മൂന്നിന് എറണാകുളം യൂത്ത് കോണ്‍ഗ്രസ് ഭവനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണിയെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മേയ് 22 മുതല്‍ 24 വരെ പാലക്കാട് ഹേമാംബിക നഗര്‍ സംസ്‌കൃത സ്‌കൂളില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാനക്യാമ്പ് നടന്നു. കെ.സി. ഏബ്രഹാം മാസ്റ്ററാണ് ഉദ്ഘാടകന്‍. അതൊരു വഴിത്തിരിവായിരുന്നു. കോണ്‍ഗ്രസ്സില്‍ ചെറുപ്പക്കാര്‍ അവരുടെ അവകാശവും ഭാഗവും ചോദിച്ച ക്യാമ്പ് ആയിരുന്നു അത്.
ജൂലായിലാണ് വെളുത്തുള്ളിക്കായല്‍സമരം. ആന്റണിയെയും ഷണ്‍മുഖദാസിനെയും മറ്റും പോലീസ് തല്ലിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. 1968 ഡിസംബര്‍ ഒന്നിന് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ബാവ സാഹിബ്ബിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരായ കാല്‍നടജാഥ ആരംഭിച്ചു. പഴയതലമുറ നേതാവായ കോഴിപ്പുറത്ത് മാധവമേനോനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തുടനീളം പ്രവര്‍ത്തകരെ ഇളക്കിമറിക്കാന്‍ ജാഥയ്ക്കു കഴിഞ്ഞു. 1969 ജനുവരി നാലിനാണ് തിരുവനന്തപുരത്ത് സമാപിച്ചത്. ഇതോടനുബന്ധിച്ച് പൊതുയോഗത്തെ അഭിസംബോധന ചെയ്യാന്‍ നിജലിംഗപ്പ വന്നു. നേതാക്കള്‍ ഗവര്‍ണര്‍ ഭഗവാന്‍ സഹായിയെ കണ്ട് ഇ.എം.എസ്. സര്‍ക്കാരിനെതിരായ നിവേദനം സമര്‍പ്പിച്ചു.
'നാടുമുടിക്കാന്‍ കൊള്ളയടിക്കാന്‍
ഇ.എം.എസ്സിന് അധികാരം
ഉപ്പില്ലെങ്കില്‍ മുളകില്ലെങ്കില്‍
കേന്ദ്രത്തിന് അപരാധം'
എന്ന് സര്‍ക്കാരിന്റെ കപടനയം വെളിപ്പെടുത്തുന്ന മുദ്രാവാക്യവുമായിട്ടായിരുന്നു കാല്‍നടജാഥ. ജാഥയിലെ സംഘാടകപങ്കാളിത്തം യൂത്ത് കോണ്‍ഗ്രസ്സിനും ഓജസ്സു പകര്‍ന്നു.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികമായ മാര്‍ച്ച് ആറിന് കോണ്‍ഗ്രസ് വഞ്ചനാദിനമായി ആചരിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് പൊതുയോഗം നടത്താന്‍ കോണ്‍ഗ്രസ്സിന് അനുമതി കിട്ടിയില്ല. നിരോധനം ലംഘിച്ച് കെ. കരുണാകരന്റെ നേതൃത്വത്തില്‍ കിഴക്കേക്കോട്ടയിലേക്ക് പ്രകടനം നീങ്ങി. കെ. കരുണാകരനെയും വരദരാജന്‍ നായരെയും പി.പി. ജോര്‍ജിനെയും വക്കം പുരുഷോത്തമനെയും പോലീസ് അറസ്റ്റ് ചെയ്തു.
സര്‍ക്കാരിന്റെ തുടക്കത്തിലേ ആരംഭിച്ചതാണ് മുന്നണിക്കുള്ളിലെ ആന്തരികസംഘര്‍ഷം. നിലവിലെ രാഷ്ട്രീയസ്ഥിതിഗതികളില്‍ സംതൃപ്തനല്ലെന്നും മുന്നണിയില്‍ സി.പി.എമ്മിന്റെ മേധാവിത്വമാണെന്നുമുള്ള ധനമന്ത്രി പി.കെ. കുഞ്ഞിന്റെ തുറന്നുപറച്ചില്‍ കാര്യങ്ങളുടെ കിടപ്പ് ജനങ്ങള്‍ക്കു പറഞ്ഞുകൊടുത്തു. എ.കെ.ജിയുടെ ചുവപ്പുസേനയെപ്പറ്റി ആശങ്കകള്‍ പ്രകടിപ്പിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി. അച്യുതമേനോന്‍ പ്രവര്‍ത്തകര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ അയച്ചു. അഴിമതിയാരോപണങ്ങളുടെ നീണ്ട പട്ടിക ഉള്‍ക്കൊള്ളിച്ച് ആര്‍.എസ്.പി. നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ കുറ്റപത്രം ഇറക്കി.
ഭക്ഷ്യസാധനലഭ്യതയുടെ പേരില്‍ കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടലാണ് സി.പി.എം. ആസൂത്രണം ചെയ്തത്. ഇതിനെ എതിര്‍ത്ത് സി.പി.ഐ. പ്രസിദ്ധീകരണമായ നവയുഗത്തില്‍ പത്രാധിപര്‍ കെ.കെ. വാര്യര്‍ ലേഖനമെഴുതി. 1968 ജൂലായ് 29ന് കേരളത്തില്‍നിന്നുള്ള ഭരണകക്ഷി എം.പിമാര്‍ ഇന്ദിരാജിയുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ ധര്‍ണ നടത്തി. ഉള്ളില്‍നിന്നിറങ്ങി വന്ന ഇന്ദിരാഗാന്ധി ചര്‍ച്ചയ്ക്കു തയ്യാറായെങ്കിലും ചര്‍ച്ച വേണ്ട അരി മതിയെന്നായി എം.പിമാര്‍.
1969-ന്റെ തുടക്കത്തില്‍ത്തന്നെ സപ്തകക്ഷി മുന്നണിക്കുള്ളില്‍ സി.പി.ഐ. നേതൃത്വത്തില്‍ ഒരു കുറുമുന്നണി രൂപംകൊണ്ടിരുന്നു. 1969 ഫെബ്രുവരി 13ന് ധനമന്ത്രി കുഞ്ഞിനെതിരേ പഴയ സഹപ്രവര്‍ത്തകന്‍ എസ്.എസ്.പിയിലെ പി.പി. വില്‍സണും കോണ്‍ഗ്രസ്സിലെ കെ.ടി. ജോര്‍ജും സാമ്പത്തിക അഴിമതിയാരോപണം ഉന്നയിച്ചു. അതോടെ സര്‍ക്കാരിന്റെ മരണമണി മുഴങ്ങിത്തുടങ്ങി. കുഞ്ഞിനെതിരേ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നായിരുന്നു ഇ.എം.എസ്സിന്റെ കണ്ടെത്തല്‍. മന്ത്രിസഭയില്‍നിന്നു മാറിനില്ക്കാന്‍ കത്തിലൂടെ കുഞ്ഞിനോട് ആവശ്യപ്പെട്ടു. കുഞ്ഞ് രാജിവെച്ചു.
സി.പി.ഐയും ഐ.എസ്.പിയും പരസ്യമായിത്തന്നെ ഇതിനെ വിമര്‍ശിച്ചു. ഓഗസ്റ്റ് 14ന് ചികിത്സയ്ക്കായി ഇ.എം.എസ്. കിഴക്കന്‍ ജര്‍മനിയിലേക്കു പോയി. ആരോഗ്യമന്ത്രിയും സി.പി.എമ്മിന് ഏറെ പ്രിയങ്കരനുമായിരുന്ന ബി. വെല്ലിങ്ടണെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയം നിയമസഭ 59 നെതിരേ 70 വോട്ടിനു പാസാക്കി. ഇതിനിടെ സി.പി.എം. മന്ത്രിമാരായ ഗൗരിയമ്മയ്ക്കും എം.കെ. കൃഷ്ണനും ഇമ്പിച്ചിബാവയ്ക്കുമെതിരേ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. എം.എന്‍. ഗോവിന്ദന്‍ നായരുടെയും ടി.വി. തോമസിന്റെയും പേരില്‍ ആരോപണങ്ങള്‍ കൊണ്ടുവന്ന് സി.പി.എം. തിരിച്ചടിച്ചു.
ഇ.എം.എസ്. തിരിച്ചെത്തി. നിയമസഭ തീരുമാനിച്ചപ്രകാരം വെല്ലിങ്ടന്റെ പേരില്‍ അന്വേഷണം പ്രഖ്യാപിച്ചതിനൊപ്പം എം.എന്നും ടി.വിക്കുമെതിരായ ആരോപണങ്ങളും അന്വേഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് മേയ് 17-നാണ്. സി.പി.ഐ. മന്ത്രിമാര്‍ രാജിവെച്ചു. കുരുക്ഷേത്രത്തില്‍ കാണാം എന്നായി ടി.വി. തോമസ്. ഒക്ടോബര്‍ 24നു മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, എം.കെ. കൃഷ്ണന്‍, ഇമ്പിച്ചിബാവ എന്നിവര്‍ക്കെതിരായ അഴിമതിയാരോപണങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെടുന്ന ടി.എ. മജീദിന്റെ പ്രമേയം നിയമസഭ അംഗീകരിച്ചു.
രാജിക്കത്തുമായാണ് ഇ.എം.എസ്. സഭയില്‍ വന്നത്. മന്ത്രിമാര്‍ക്കും എം.എല്‍.എ മാര്‍ക്കും പാര്‍ട്ടിനേതാക്കള്‍ക്കുമൊപ്പം ജാഥയായി രാജ്ഭവനിലേക്കു പോയി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഭഗവാന്‍ സഹായി പോയി വി. വിശ്വനാഥന്‍ ഗവര്‍ണറായി വന്നിരുന്നു. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. മൂന്നുമാസത്തെ രാഷ്ട്രീയ പൊറാട്ടുനാടകങ്ങള്‍ക്ക് തിരശ്ശീല വീണു.
Content Highlights: Kaalam sakshi, Autobiography of Oommen Chandy, Sunnykutty Abraham, Mathrubhumi books
Published: 26 Aug 2023, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented