'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി': 'ഒരര്‍ദ്ധരാത്രിക്കിടയ്ക്ക് ഒരു നാടിന്റെ ജീവിതം കണ്മുമ്പിലൂടെ'


ബൈജു ചന്ദ്രന്‍'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'@ 70 'അതൊരു നാടകാഭിനയമല്ല. ഒരര്‍ദ്ധരാത്രിക്കിടയ്ക്ക് വച്ച് ഒരു നാടിന്റെ ജീവിതം കണ്മുമ്പിലൂടെ നീങ്ങുകയാണ്...' 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യെക്കുറിച്ച് ഡിസംബര്‍ 19 ലെ ജനയുഗം വാരികയില്‍ ആനന്ദ് എഴുതി.

കെ.പി.എ.സിയുടെ എംബ്ലം, 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിന്റെ പരസ്യം | Photo source: Baiju chandran

മലയാളനാടകവേദിയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളിലൊന്നായ, തോപ്പില്‍ ഭാസി രചിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'ഇന്ന് എഴുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ നായികയും പ്രധാന ഗായികയുമായിരുന്ന കെ.പി.എ.സി സുലോചനയുടെ കഥ, 'ജീവിതനാടകം: അരുണാഭം ഒരു നാടകകാലം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ പോകുകയാണ്. ബൈജു ചന്ദ്രന്‍ രചിച്ച പുസ്തകത്തിലെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ ഉദ്ഘാടനനാളിനെക്കുറിച്ചുള്ള അധ്യായം വായിക്കാം..

'ദീപങ്ങള്‍ മങ്ങി കൂരിരുള്‍ തിങ്ങി
മന്ദിരമൊന്നതാ കാണ്മൂ മുന്നില്‍
നീറും നോവില്‍ നീന്തി നീന്തി
നിര്‍ന്നിദ്രം നില്പതെന്തോ
നിര്‍ന്നിദ്രം നില്പതെന്തോ..'
എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ മുഴങ്ങുന്ന ഭാഗവതരുടെ രാഗവിസ്താരത്തിനു പകരം, കെ.എസ്. ജോര്‍ജ്ജിന്റെ വികാരനിര്‍ഭരമായ ശബ്ദത്തില്‍ ഭാവസാന്ദ്രമായ ഗാനം ഉയര്‍ന്നു കേള്‍ക്കുന്നു. ഒപ്പം യവനികയും മെല്ലെ മെല്ലെ ഉയരുകയാണ്... .
രംഗത്ത് നെടുങ്കന്‍ കൊട്ടാരക്കെട്ടോ കോട്ടകൊത്തളങ്ങളോ മണിമാളികയോ ഒന്നുമില്ല. ഓല മേയാന്‍ താമസിച്ചുപോയ, തകര്‍ന്നു ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന പഴയ തറവാടിനെ സൂചിപ്പിക്കുന്ന പിന്‍കര്‍ട്ടന്‍ മാത്രം. ഹാര്‍മ്മോണിസ്റ്റുമായി സംഗീതഗുസ്തിയിലേര്‍പ്പെട്ടുകൊണ്ട് പ്രവേശിക്കുന്ന മിന്നിത്തിളങ്ങുന്ന പട്ടുകുപ്പായം ധരിച്ച 'ധീരോദാത്തനതിപ്രതാപഗുണവാനാ'യ നായകനുമല്ല, പകരം മെലിഞ്ഞുണങ്ങിയ ഒരു വയസ്സന്‍ ഒരു കൊതുമ്പും കയ്യില്‍ പിടിച്ച് മടലോലയും വലിച്ചിഴച്ച്, ആരെയൊക്കെയോ പഴിച്ചും തന്നത്താന്‍ പിറുപിറുത്തും കൊണ്ട് പ്രാഞ്ചി പ്രാഞ്ചി കടന്നു വരുന്നു.

1952 ഡിസംബര്‍ ആറാം തീയതി രാത്രി ഒന്‍പതു മണിക്ക്, ചവറയിലെ തട്ടാശ്ശേരി മൈതാനത്തുള്ള ഓലമേഞ്ഞ സുദര്‍ശനാ തിയേറ്ററില്‍ സംഭവിച്ചത് തീര്‍ച്ചയായും ഒരു പുതുയുഗപ്പിറവി തന്നെയായിരുന്നു. മലയാളത്തിന്റെ അരങ്ങത്തു മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ/രാഷ്ട്രീയ ഭൂമികയിലും. കേരളാ പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബിന്റെ രണ്ടാമത്തെ നാടകമായ, സ:സോമന്‍ എഴുതിയ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ ഉദ്ഘാടനം.

നാടകത്തിന്റെ റിഹേഴ്സലും മറ്റ് അവസാനവട്ട ഒരുക്കങ്ങളുമെല്ലാം പൂര്‍ത്തിയായി തട്ടില്‍ കയറാന്‍ നേരമാകുമ്പോഴേക്ക്, കെപിഎസി ഭാരവാഹികളുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെയുമെല്ലാമുള്ളില്‍ പതിയെ ഒരാശങ്കയുണരുന്നുണ്ടായിരുന്നു. നാടകാവതരണം അലങ്കോലപ്പെടുത്താന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിക്കുമോ എന്നതായിരുന്നു അത്. കോണ്‍ഗ്രസ്സിനും ആര്‍.എസ്.പിക്കും നല്ല സ്വാധീനമുള്ള പ്രദേശമാണ്. നാടകത്തിനെതിരെ ചില വെല്ലുവിളികളും ഭീഷണികളുമൊക്കെ ഉയര്‍ന്നുകേള്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് എന്തിനെയും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു പാര്‍ട്ടി. കമ്മ്യൂണിസ്റ്റ് എംഎല്‍എമാരായ കാമ്പിശ്ശേരി കരുണാകരനും പുനലൂര്‍ രാജഗോപാലന്‍ നായരും അഭിനയിക്കുന്ന നാടകം കുഴപ്പമൊന്നുമില്ലാതെ നടപ്പാക്കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമായിത്തന്നെ ഏറ്റെടുത്തു.

നാടകത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചത് പ്രമുഖ പുരോഗമന സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഡി.കെ. പൊറ്റക്കാടിനെയാണ്. കിഷന്‍ ചന്ദറിന്റെയും കെ.എ. അബ്ബാസിന്റെയുമൊക്കെ രചനകളുടെ ചുവടു പിടിച്ച്, സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സങ്കേതത്തിലെഴുതിയ 'വേദനയുടെ വെളിച്ചം', 'കത്തുന്ന കുരിശ്', 'മനുഷ്യമൃഗം', 'ഇതും പ്രേമമാണ്', 'പുതിയ പാഠം' തുടങ്ങി മനുഷ്യപ്പറ്റുള്ള ഒരുപിടി ചെറുകഥകളിലൂടെ ശ്രദ്ധേയനായ പൊറ്റക്കാട്ട്. കെപിഎസിയുടെയും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെയും ചരിത്രപരമായ പ്രാധാന്യത്തെയും ഇടതുപക്ഷ കലാപ്രസ്ഥാനത്തിന്റെ കടമകളെക്കുറിച്ചും സംസാരിച്ചുകൊണ്ടാണ് പൊറ്റക്കാട്ട് നാടകം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. കെപിഎസിയുടെ ഭാരവാഹികളായ ജനാര്‍ദ്ദനക്കുറുപ്പിനും രാജഗോപാലന്‍ നായര്‍ക്കും പുറമേ ഒരു വിശിഷ്ടാതിഥി കൂടി ഉദ്ഘാടനവേദിയില്‍ സ്ഥാനം പിടിച്ചിരുന്നു-നാടകകൃത്തായ സ: സോമന്റെ പിതാവ് തോപ്പില്‍ പരമേശ്വരന്‍ പിള്ള!

കെപിഎസി പിറവിയെടുത്തതു മുതല്‍ അതിന്റെ ഒപ്പമുണ്ടായിരുന്ന ഒഎന്‍വി , തന്റെ സ്വന്തം ഗ്രാമത്തില്‍, താന്‍ കൂടി ഭാഗഭാക്കായി തീര്‍ന്ന ഒരു ചരിത്ര സംഭവത്തിനു യവനിക ഉയരുന്നത് അല്‍പ്പം ഉത്കണ്ഠയോടും അതിലേറെ ആഹ്ലാദത്തോടും കൂടി കണ്ടുനില്‍ക്കുകയായിരുന്നു.

'1952ലെ മഞ്ഞണിഞ്ഞ ഒരു ഡിസംബര്‍ രാത്രിയില്‍ എന്റെ ഗ്രാമത്തിലെ തട്ടാശ്ശേരി മൈതാനത്തെ സുദര്‍ശന്‍ ടാക്കീസ് നിന്നിരുന്നിടത്ത് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി 'എന്ന നാടകം ആദ്യമായി അരങ്ങേറി. കാമ്പിശ്ശേരി കരുണാകരന്‍ എംഎല്‍എ എന്ന ചെറുപ്പക്കാരന്‍ മദ്ധ്യതിരുവിതാംകൂറിലെ ഒരു തകര്‍ന്ന തറവാട്ടിലെ വയസ്സന്‍ കാരണവരെ പുനഃസൃഷ്ടിച്ചു. വിശ്വസ്ത സേവകനായ പപ്പുവായി ഓ. മാധവന്‍ സൂക്ഷ്മാഭിനയം കൊണ്ടു ശ്രദ്ധേയനായി. സുധര്‍മ്മയുടെ 'നീലക്കുരുവി... ' പാടിക്കൊണ്ടും, ഒരു പച്ചമരച്ചീനി കൊത്തിയരിഞ്ഞുകൊണ്ടുമുള്ള ആ വരവും, തോപ്പില്‍ കൃഷ്ണ പിള്ളയുടെ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന തലപ്പുലയന്റെ അതുല്യാഭിനയവും കെ.എസ് ജോര്‍ജ്ജിന്റെയും സുലോചനയുടെയും ശക്തിയും മാധുര്യവുമുള്ള ഗാനാലാപനവുമൊക്കെക്കൂടി കാണികള്‍ പ്രതീക്ഷിച്ചതിനപ്പുറത്തമുള്ള നിലവാരത്തിലേക്ക് ആ നാടകമുയര്‍ന്നു. യവനിക ഉയരുമ്പോഴുള്ള 'ദീപങ്ങള്‍ മങ്ങി 'മുതല്‍ അവസാനത്തെ പാട്ടു വരെ അത്യപൂര്‍വമായ ശ്രദ്ധ കൊണ്ട് ജനങ്ങളാദരിച്ചു. എതിര്‍ക്കാനും കൊട്ടക തന്നെ പൊളിക്കാനും വന്നവര്‍ നാടകത്തില്‍ മുഴുകിയിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ ജീവിതത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ആ നാടകം. തകര്‍ന്ന തറവാടുകളുടെ ദാരുണ ചിത്രങ്ങളും അനന്തദുരിതങ്ങളില്‍ നിന്നുള്ള കീഴാളരുടെ നവോത്ഥാനത്തിന്റെ മുഴക്കങ്ങളും അതിലുണ്ടായിരുന്നു. തിരികെ എന്റെ വീട്ടിലേക്ക് ദേവരാജനും ഞാനും നടന്നുപോകുമ്പോള്‍ നിലാവിന് തെളിച്ചമേറുന്നതായി തോന്നി.'1

നാടകം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായത് അപ്പോള്‍ രംഗത്തഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്ന ഓ. മാധവന്‍ ഓര്‍മ്മിക്കുന്നു. '...ജന്മിയുടെ കാര്യസ്ഥന്മാരും കൂലിക്കാരും ചേര്‍ന്ന് പരമുപിള്ളയുടെ വീട്ടുമുറ്റത്തു നില്‍ക്കുന്ന തെങ്ങില്‍ നിന്നും തേങ്ങയിടാന്‍ കയറുന്ന ഒരു രംഗമുണ്ട്. അപ്പോള്‍ പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മ ഒരു കത്താളുമായി രംഗത്തു വന്ന് അവരെ തടയുന്നു. കല്യാണിയമ്മ എന്ന സ: ഭാര്‍ഗവി കത്താളു ചൂണ്ടിക്കൊണ്ട് 'ഛീ, ഇറങ്ങിനെടാ താഴോട്ട് --താഴോട്ടിറങ്ങാന്‍! ഒരെണ്ണത്തിനെയും ഞാന്‍ വിട്ടയയ്ക്കത്തില്ല. കാലുവെട്ടി ഞാന്‍ നിലത്തിടും!'ഇതുപറയുകയും അഭിനയിക്കുകയും ചെയ്തുകഴിഞ്ഞപ്പോഴേക്കും കൊട്ടകയ്ക്കു പുറത്ത് വടക്കുവശത്ത് ജനങ്ങള്‍ ചടപടാ നിലത്തു ചാടുന്ന ശബ്ദം കേട്ടു. കൊട്ടകയില്‍ കയറാതെ പുറത്തുള്ള ഒരു മരത്തില്‍ കയറിയിരുന്നു നാടകം കണ്ട കുറേ ആളുകള്‍ കല്യാണിയമ്മയുടെ ശകാരം അവരുടെ നേര്‍ക്കാണെന്നു കരുതി നിലത്തു ചാടിയിറങ്ങുകയായിരുന്നു.....' 2

ജന്മിയുടെ ഗൂണ്ടകളുടെ അടിയേറ്റ് ചോരയില്‍ കുതിര്‍ന്ന ഗോപാലനെ സഖാക്കള്‍ എടുത്തുകൊണ്ടുവരുന്ന രംഗം വന്നപ്പോള്‍ സദസ്സിലിരുന്ന ഒരു സ്ത്രീ ഉച്ചത്തില്‍ നിലവിളിച്ചു. ഗോപാലനായി അഭിനയിക്കുന്ന സാംബശിവന്റെ അമ്മ മേലൂട്ട് ശാരദയായിരുന്നു അത്.

നാടകത്തിന്റെ ഒടുവില്‍ ജാഥക്ക് പോകാന്‍ ചെങ്കൊടിയുമായി മാല വരുമ്പോള്‍ 'അതിങ്ങു താ മോളേ... അതെനിക്കൊന്നു പിടിക്കണം, പൊക്കിപ്പൊക്കിപിടിക്കണം!..' എന്നുപറഞ്ഞു കൊണ്ട് പരമുപിള്ള അതുവാങ്ങി ഉയര്‍ത്തി പിടിക്കുമ്പോള്‍ സദസ്സൊന്നടങ്കം എഴുന്നേറ്റു നിന്നു. ദീര്‍ഘനേരം നീണ്ടു നിന്ന ഇടമുറിയാത്ത കരഘോഷം. 'ഇന്‍ക്വിലാബ് സിന്ദാബാദ്!' 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്!'ഉച്ചത്തില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ അരങ്ങിലും അണിയറയിലും നിന്നിരുന്ന അഭിനേതാക്കളും മറ്റു നാടകപ്രവര്‍ത്തകരും ആവേശം നിയന്ത്രിക്കാനാകാതെ ഏറ്റുവിളിച്ചു.

മാലയായി സുധർമ്മ

'അതൊരു നാടകാഭിനയമല്ല. ഒരര്‍ദ്ധരാത്രിക്കിടയ്ക്ക് വച്ച് ഒരു നാടിന്റെ ജീവിതം കണ്മുമ്പിലൂടെ നീങ്ങുകയാണ്...' 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യെക്കുറിച്ച് ഡിസംബര്‍ 19 ലെ ജനയുഗം വാരികയില്‍ ആനന്ദ് എഴുതി. 'നമ്മുടെ മലയാളനാടകവേദിയില്‍ വിപ്ലവകരമായ ഒരദ്ധ്യായത്തിന്റെ വിഭാതരശ്മികള്‍ വീശിക്കൊണ്ടാണ് ഈ നാടകം കേരളാ പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബ് രംഗത്തു കൊണ്ടുവന്നിരിക്കുന്നത്. കലയും ജീവിതവും സമഞ്ജസമായി സമ്മേളിച്ച നാടകാഭിനയം ഇരുളാണ്ട നമ്മുടെ നാടകകലയ്ക്ക് നൂതനമായ പൊന്‍വെളിച്ചം വിതറുകയാണ് ചെയ്തിട്ടുള്ളത്...' ഇങ്ങനെ പ്രശംസാപൂര്‍വം വിലയിരുത്തുന്ന നാടകനിരൂപണം കഥാപാത്രസൃഷ്ടിയിലെയും സംവിധാനത്തിലെയും ചില പാകപ്പിഴകളെയും അഭിനയത്തിലെ പോരായ്മകളെയുമൊക്കെ വിമര്‍ശിക്കുന്നുമുണ്ട്.

'പരമുപിള്ളയില്‍ നിന്നും നമുക്ക് കാമ്പിശ്ശേരിയെ വേര്‍തിരിച്ചെടുക്കാന്‍ സാധ്യമല്ല. സഖാക്കള്‍ രാജഗോപാലന്‍ നായരും ജനാര്‍ദ്ദനക്കുറുപ്പും തങ്ങളുടെ ഭാഗം ഇനിയും നന്നാക്കാനില്ലേ എന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും.. കറമ്പന്റെ ഭാഗം അഭിനയിക്കുന്ന സ:തോപ്പില്‍ കൃഷ്ണപിള്ള യെ എങ്ങനെ വിചാരിച്ചിട്ടും കറമ്പനില്‍ കാണാന്‍ കഴിയുന്നില്ല. അത്രത്തോളം സ്വാഭാവികതയുള്ള അഭിനയ ചാതുരി കൃഷ്ണ പിള്ള പ്രകടിപ്പിക്കുന്നുണ്ട്.. സ:ഓ. മാധവനെ കണ്ടുകൊണ്ടാണോ സ:സോമന്‍ പാത്രസൃഷ്ടി നടത്തിയതെന്ന് സംശയിച്ചുപോകുന്നു... മാത്യുവിന്റേയും ഗോപാലന്റെയും പാര്‍ട്ടെടുക്കുന്ന ഭാസ്‌കരപ്പണിക്കരും സാംബശിവനും ഇനിയും തങ്ങളുടെ ഭാഗം നന്നാക്കാനുണ്ടെങ്കിലും നീതി കാണിച്ചിട്ടുണ്ട്... .'
നടിമാരുടെ കൂട്ടത്തില്‍ സുധര്‍മ്മയ്ക്കായിരുന്നു കൂടുതല്‍ അഭിനന്ദനങ്ങള്‍. 'മാലയായി അഭിനയിക്കുന്ന സുധര്‍മ്മ തന്റെ കഥാപാത്രവുമായി ഇനിയില്ലാത്തവിധം താദാത്മ്യം പ്രാപിച്ചിട്ടുണ്ട്.. അതുപോലെ തന്നെ കല്യാണിയമ്മയുടെ ഭാഗം അഭിനയിക്കുന്ന ഭാര്‍ഗ്ഗവിയും തന്റെ കഥാപാത്രത്തോട് തികച്ചും നീതി കാണിച്ചിട്ടുണ്ട്...മീനയുടെ സ്വതസിദ്ധമായ കുസൃതിത്തരവും ചൊടിയും ഒട്ടും വീഴ്ച വരാതെ തന്നെ വിജയകുമാരി രംഗത്തു പ്രകടിപ്പിക്കുന്നു.. ' സുലോചനയുടെ അഭിനയത്തേക്കാള്‍ ആലാപനമാണ് നിരൂപകന്റെ പ്രശംസ നേടിയത്. 'സുമത്തിന്റെ ഭാഗമഭിനയിക്കുന്ന സുലോചനയുടെ അവിദഗ്ധാഭിനയം, അമൃതനിഷ്യന്ദിയായ ശബ്ദമാധുരിയില്‍ മുങ്ങിയൊഴുകുന്ന അവരുടെ ഗാനാലാപത്താല്‍ പ്രേക്ഷകരുടെ ശ്രദ്ധയില്‍ പെടുന്നില്ല.

പ്രേക്ഷകഹൃദയത്തില്‍ പുതിയൊരു ജീവിതദാഹത്തിന്റെ അവാച്യമായ വികാരസാന്ദ്രത അലയിളക്കിക്കൊണ്ടിരിക്കുന്ന ഗാനങ്ങള്‍, അതും വീണാനിസ്വനം പോലെ മധുരമായ സുലോചനയുടെ നാദത്തിലൂടെ പുറത്തേക്കു വരുമ്പോള്‍ ഒന്നും പറയാനുമില്ല...' 'സ: കെ.എസ്. ജോര്‍ജ്ജിന്റെ ഗാനങ്ങള്‍ നാടകത്തിനു കൊഴുപ്പ് തന്നെ'എന്നു വിലയിരുത്തിയ നിരൂപകന് 'തൊഴിലാളി വര്‍ഗ്ഗത്തില്‍ പെട്ട സ: ജോര്‍ജ്ജിന്റെ നല്ല ഘനമുള്ള ശബ്ദമാധുരി ഒന്നുകൂടി ഫലപ്രദമായി നാടകത്തിനുപയോഗിക്കേണ്ടിയിരുന്നു' എന്നുകൂടി അഭിപ്രായമുണ്ടായിരുന്നു. ഒരു അമച്വര്‍ കലാസമിതിയായ കെപിഎസി ആ ഒരു രാത്രികൊണ്ട് പ്രൊഫഷണല്‍ ആയി മാറുകയായിരുന്നു. സുധര്‍മ്മയൊഴിച്ചുള്ള ഒരാള്‍ക്കുപോലും ഏതെങ്കിലും നാടക കമ്പനിയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ടായിരുന്നില്ല. വല്ലപ്പോഴും അമച്വര്‍ സ്റ്റേജുകളില്‍ അഭിനയിച്ച അനുഭവങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചവറയിലെ റിഹേഴ്സല്‍ ക്യാമ്പില്‍ വച്ചാണ് പരമുപിള്ളയും കറമ്പനും മാലയുമൊക്കെ രൂപപ്പെട്ടു വന്നത്.

പരമുപിള്ള എങ്ങനെ ആയിരിക്കണമെന്നതിനെ പറ്റി ക്യാമ്പിലാര്‍ക്കും ഏകാഭിപ്രായമുണ്ടായിരുന്നില്ല. പലരും പല നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചു. തന്റെ സങ്കല്‍പ്പത്തിലുള്ള കാരണവരെ കുറിച്ചു കാമ്പിശ്ശേരിയും പറഞ്ഞു. അതിനോടാദ്യം പൊരുത്തപ്പെടാത്തവര്‍ പലരുമുണ്ടായിരുന്നു. 'ഇഷ്ടപ്പെടാത്തത് വെട്ടിത്തുറന്നു പറയുകയും അന്യോന്യം സഹായിക്കുകയും ചെയ്യുന്ന ഒരു നല്ല വിമര്‍ശന രീതി ആ നാളുകളില്‍ തന്നെ കെപിഎസി സ്വീകരിച്ചിരുന്നു' വെന്ന് കാമ്പിശ്ശേരി ഓര്‍മ്മിക്കുന്നുണ്ട്. ബാല്യം മുതല്‍ കണ്ടു വളര്‍ന്ന രണ്ടു വ്യക്തികളുടെ രൂപഭാവങ്ങളും സ്വഭാവ സവിശേഷതകളുമൊക്കെ പരമുപിള്ളയെ അവതരിപ്പിക്കുമ്പോള്‍ കാമ്പിശ്ശേരിയെ സ്വാധീനിച്ചിരുന്നു . സ്വന്തം പിതാവായ കാമ്പിശ്ശേരില്‍ കൊച്ചിക്കാ ചാന്നാരുടെ ശബ്ദവും സംഭാഷണരീതിയും, തോപ്പില്‍ ഭാസിയുടെ അച്ഛന്‍ തോപ്പില്‍ പരമേശ്വരന്‍ പിള്ളയുടെ നടപ്പുമിരിപ്പും ചില അംഗവിക്ഷേപങ്ങളുമൊക്കെയാണ് പരമുപിള്ളയുടെ വേഷത്തില്‍ പകര്‍ന്നാടാനായി കാമ്പിശ്ശേരി കടം കൊണ്ടത്. പരമു പിള്ള പണ്ടത്തെ കുടുംബമഹിമകള്‍ അയവിറക്കുന്ന രംഗമഭിനയിക്കുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്, പരിചയത്തിലുള്ള ഒരു വൃദ്ധകാരണവരാണ്. പരമുപിള്ളയെ അവതരിപ്പിക്കാന്‍ ഈ വ്യക്തികളൊക്കെ കാമ്പിശ്ശേരിക്ക് പ്രചോദനമായിരുന്നെങ്കിലും, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരു കാരണവരെയാണ് പ്രേക്ഷകര്‍ അരങ്ങത്തു കണ്ടത്. ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി തീര്‍ക്കാന്‍ കാമ്പിശ്ശേരിയെ സഹായിച്ചവരില്‍ സുലോചനക്കുമുണ്ടായിരുന്നു ഒരു പ്രധാന പങ്ക്.

പരമുപിള്ളയായി കാമ്പിശ്ശേരി കരുണാകരൻ

'വൃദ്ധനായ പരമുപിള്ളയുടെ ജീവിതം ദുരിതങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ വേണ്ടി ഞാന്‍ കൂടുതല്‍ ദുഃഖിതനായി അഭിനയിച്ചു. എത്രത്തോളം വിഷാദം ഭാവിച്ചിട്ടും, പോരാ പോരാ എന്നായിരുന്നു റിഹേഴ്സലില്‍ മിക്കവരുടെയും അഭിപ്രായം. എനിക്കാണെങ്കില്‍ ഇതിലധികം ദുഃഖം ഭാവിക്കാന്‍ വയ്യ. രണ്ടുമൂന്നു ദിവസം ഇതിനൊരു പോംവഴി സകലരും തലപുകഞ്ഞാലോചിച്ചു.

ഒടുവില്‍ സുലോചന ഒരു നിര്‍ദ്ദേശം വച്ചു. ഇടയ്ക്കിടെ സ്വയം പൂര്‍വകാല പ്രതാപം വര്‍ണ്ണിക്കുമ്പോള്‍ അതിലഭിമാനഭരിതനായ വൃദ്ധന്‍ ഉള്ളുതുറന്നൊന്ന് ചിരിക്കട്ടെ എന്ന്. ഞാനതു പരിശോധിച്ചു. ഫലം അത്ഭുതകരമായിരുന്നു! ഈ ചിരിയുടെ പശ്ചാത്തലത്തില്‍ എന്റെ ശോകഭാവത്തിന് നല്ല നിറം കിട്ടി. എന്നു മാത്രമല്ല, ആ കഥാപാത്രത്തിന്റെ പൊതുചിത്രത്തിനു തന്നെ വന്‍പിച്ച മാറ്റം അതോടെ സംഭവിച്ചു എന്നു പറയണം.'3

('വലിയമ്മാവന്റെ വെള്ളക്കുതിരേ പപ്പു കണ്ടിട്ടൊണ്ടോ?... . ങ് ആ! കാണേണ്ട ഒരു കുതിരയാണ്! ഞാനന്നു തീരെ കൊച്ചനാ.. അന്നീ കാറും കുന്തോമൊന്നുമില്ലല്ലോ... എന്നിട്ട് നമ്മുടെ തെക്കേടത്തെ വലിയ മൂപ്പില്, ഇപ്പോഴത്തെ ആളല്ല, അങ്ങേരടെ കാരണവര്‍ കച്ചേരീലോ മറ്റോ പോകാന്‍ കുതിരേ ചോദിച്ചു. അങ്ങേരെന്നു വെച്ചാ ആരാ? തെക്കേടത്തെ വലിയ മൂപ്പില് കുതിരപ്പുറത്തു കേറാന്‍ മഹമിടുക്കാനുമാണ്. വലിയമ്മാവന്‍ പറഞ്ഞു എടോ താനെന്റെ കുതിരപ്പുറത്തു കേറിയാല്‍ ചൊവ്വേനേരെ ഇങ്ങെത്തത്തില്ലെന്ന്! ഒടുക്കം എന്തുപറ്റി? തൈക്കാവ് കഴിയുന്നതിനു മുന്‍പ് മൂപ്പിലൊണ്ട് എടുത്തടിച്ചതു പോലെ താഴെ കിടക്കുന്നു. (കണ്മുന്‍പില്‍ കാണുന്നതുപോലെ ഉറക്കെ ചിരിക്കുന്നു) ആരെടെ നാക്കു കൊണ്ടാ പറഞ്ഞത്! മഹാ ഭാഗ്യവാനാരുന്നേ!') 4

കറമ്പന്റെ വേഷവുമായി താദാത്മ്യം പ്രാപിച്ച തോപ്പില്‍ കൃഷ്ണപിള്ളയും തന്റെ ജീവിതപരിസരങ്ങളില്‍ നിന്നു തന്നെയാണ് ആ കഥാപാത്രത്തെ കണ്ടെത്തിയത് ഒരു കാര്‍ഷിക കുടുംബമായ തോപ്പിലെ, തലപ്പുലയന്‍ വെളുമ്പന്റെ നടത്തയും സംസാര രീതിയും സ്വഭാവവുമൊക്കെ മനസ്സില്‍ വച്ചു കൊണ്ടാണ് കൃഷ്ണപിള്ള അരങ്ങത്ത് കറമ്പന് ജീവന്‍ പകര്‍ന്നത്. കാമ്പിശ്ശേരി കഴിഞ്ഞാല്‍ ഏറ്റവും പ്രശംസ നേടിയത് കൃഷ്ണപിള്ളയാണ്.

എന്നാല്‍ ജനാര്‍ദ്ദനക്കുറുപ്പ് അവതരിപ്പിച്ച ജന്മികേശവന്‍ നായര്‍ നന്നായില്ലെന്ന് പൊതുവെ അഭിപ്രായമുണ്ടായി. ശങ്കരനാരായണന്‍ തമ്പിയാണ് അതിന്റെ കാരണം ജനാര്‍ദ്ദനക്കുറുപ്പിനോട് പറഞ്ഞത്. 'നിങ്ങളുടെ അഭിനയം പരാജയപ്പെട്ടില്ല. പക്ഷെ, ജന്മിയുടെ ആവിഷ്‌കാരം കാണികള്‍ക്ക് വിശ്വസനീയമായി തോന്നിയില്ല. പ്രധാന കാരണം നിങ്ങളുടെ വേഷമാണ്.'5 ലിനന്‍ വേഷ്ടിമുണ്ടും ഫുള്‍കൈയ്യന്‍ സില്‍ക്ക് ജുബ്ബയും റിസ്റ്റ് വാച്ചും സ്വര്‍ണചെയിനും മോതിരങ്ങളുമൊക്കെയായിരുന്നു കേശവന്‍ നായര്‍ ധരിച്ചിരുന്നത്. ചുണ്ടില്‍ വിലകൂടിയ സിഗരറ്റും. നാട്ടിന്‍പുറത്തെ ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ വേഷമായിരുന്നില്ല അത്.

ജനാര്‍ദ്ദനക്കുറുപ്പ് ഭാര്യയുടെ ഒരു ബന്ധുവീട്ടില്‍ കേശവന്‍ നായരുടെ മാതൃകയെ കണ്ടെത്തി. ജ്യേഷ്ഠാനുജന്മാരായ രണ്ടു ജന്മിമാര്‍. അവര്‍ ഷര്‍ട്ട് ഉപയോഗിച്ചിരുന്നില്ല. മല്‍മല്‍മുണ്ടും കസവുനേരിയതും. കഴുത്തില്‍ രുദ്രാക്ഷം കെട്ടിയ സ്വര്‍ണ്ണ മാല, മെതിയടി, വളഞ്ഞ അഗ്രമുള്ള ചൂരല്‍ വടി... കേശവന്‍ നായരുടെ വേഷപ്പകര്‍ച്ച ഗംഭീരമായി. ജന്മിയുടെ മൂരിശ്രുംഗാരവും 'പക്ഷെ, ആ വിചാരം വേണം.. ' എന്ന് മാലയോട് ആവര്‍ത്തിച്ചുള്ള പറച്ചിലുമെല്ലാം കൂടിച്ചേര്‍ന്നപ്പോള്‍ അടുത്ത സ്റ്റേജുകളില്‍ ജനാര്‍ദ്ദനക്കുറുപ്പ് ഒരുപാട് കയ്യടി നേടി.

സുലോചനയുടെ ജീവിതത്തില്‍ ഇങ്ങനെയൊരു ദിവസം ഇതാദ്യമായിരുന്നു. ഒരു നാടകം കണ്ട്, കാണികളൊന്നടങ്കം ഇങ്ങനെ ആവേശം കൊള്ളുന്നത്... . അതിന്റെ പാരമ്യത്തില്‍ സദസ്സും അഭിനേതാക്കളുമെല്ലാം ചേര്‍ന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുന്നത്... . കണ്ട കാഴ്ചകളും കടന്നുപോയ അനുഭവങ്ങളുമെല്ലാം അവിശ്വസനീയങ്ങളായി തോന്നി. ഏറ്റവും ആഹ്ലാദവും അഭിമാനവും തോന്നിയത് താനും കെ എസ് ജോര്‍ജ്ജും പാടിയ പാട്ടുകളോടുള്ള ജനങ്ങളുടെ പ്രതികരണം കണ്ടപ്പോഴാണ്.

കെ.പി.എ.സി സുലോചന

'നേരം പോയ് നേരം പോയ്
നേരേ നാമൊന്നിച്ചാല്‍
നമ്മള് കൊയ്യും വയലെല്ലാം
നമ്മുടേതാകും പൈങ്കിളിയേ...'
എന്ന് പാടിയപ്പോള്‍ എന്തൊരു കയ്യടിയായിരുന്നു... !

വി. സാംബ ശിവൻ, തോപ്പിൽ കൃഷ്ണപിള്ള, വാദ്യകലാകാരനായ കുഞ്ഞുകൃഷ്ണൻ, കെ എസ് ജോർജ്

ഉദ്ഘാടനദിവസം തന്നെ മദ്ധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്കെല്ലാം നാടകം ബുക്ക് ചെയ്യപ്പെട്ടു. അന്നൊക്കെ നാടക കോണ്‍ട്രാക്ടര്‍മാരാണ് നാടകം ബുക്ക് ചെയ്യുന്നത്. 37 നാടകങ്ങള്‍ കളിക്കാന്‍ അന്നുതന്നെ ഏര്‍പ്പാടായി. ആദ്യനാടകം കായംകുളത്തു വെച്ചു നടത്താന്‍ മുന്നോട്ടു വന്നത്, കമ്മ്യൂണിസ്റ്റാക്കിയുടെ ആദ്യത്തെ നോട്ടീസടിച്ച പട്ടാണിപ്പറമ്പില്‍ പ്രസ്സിന്റെ ഉടമസ്ഥര്‍, ഐസക് ജോര്‍ജ്ജ്, ഐസക് ജോണ്‍ സഹോദരന്മാരാണ്. കേരളാ പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും ഒരു ജൈത്ര യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു. മറുഭാഗത്ത്, നാടകത്തിന്റെ നിരോധനം ഉള്‍പ്പെടെ പലവിധ ആയുധങ്ങളും പടക്കോപ്പുകളുമായി രാഷ്ട്രീയ എതിരാളികളും അണിയറയില്‍ ഒരുക്കം കൂട്ടാനാരംഭിച്ചിരുന്നു.


1. പോക്കുവെയില്‍ മണ്ണില്‍ എഴുതിയത്-ഒഎന്‍വി കുറുപ്പ്, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം

2. ജീവിതച്ഛായകള്‍-ഓ മാധവന്‍, എന്‍ബിഎസ്, കോട്ടയം

3. നാടക ചിന്തകള്‍-കാമ്പിശ്ശേരി കരുണാകരന്‍, പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം

4. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി-തോപ്പില്‍ ഭാസി, ഡിസി ബുക്സ്, കോട്ടയം

5. എന്റെ ജീവിതം-ജി. ജനാര്‍ദ്ദനക്കുറുപ്പ്, കറന്റ് ബുക്‌സ്, തൃശൂര്‍

Content Highlights: ningalenne communistakki, 70th anniversary, k p a c, baiju chandran, book


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented