കേരള രാഷ്ട്രീയത്തില്‍ തന്റേതായൊരു കാലം തന്നെ അടയാളപ്പെടുത്തി കടന്നുപോയ നേതാവാണ് എം.വി രാഘവന്‍. പതിനാറാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മുതല്‍ പാര്‍ട്ടിയുടെ നെടുംതൂണായിരുന്ന നേതാവ്. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 1986-ല്‍ സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ സി.എം.പി എന്ന പാര്‍ട്ടി രൂപീകരിച്ച് പൊതുപ്രവര്‍ത്തനത്തില്‍ മരണം വരെ നിലകൊണ്ടു. സി. പി. എമ്മിലേയ്ക്കൊരു തിരിച്ചുപോക്ക് എം.വി. ആർ ആഗ്രഹിച്ചിരുന്നോ? നേരനുഭവത്തിൽ നിന്ന് ഇല്ലെന്ന് അടിവരയിട്ടു പറയുകയാണ് മകനും മാധ്യമപ്രവർത്തകനുമായ എം.വി ഗിരീഷ് കുമാര്‍.
അച്ഛന് എപ്പോഴും വീട്ടിലെ സന്ദര്‍ശകന്‍ മാത്രമായിരുന്നു. എന്റെ കുട്ടിക്കാലത്തൊന്നും അദ്ദേഹവുമായി വലിയ സംസാരമൊന്നും നടന്ന ഓര്‍മയില്ല. പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍. ഞാന്‍ വലുതായപ്പോഴാണ് അത്യാവശ്യം രാഷ്ട്രീയമൊക്കെ അദ്ദേഹവുമായി സംസാരിക്കാന്‍ തുടങ്ങിയത്. ആദര്‍ശങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം കാരണം സംസാരിക്കുമ്പോള്‍ നമുക്കും വല്ലതുമൊക്കെ തിരിച്ചുപറയാനുള്ള ബുദ്ധിയും കഴിവുമൊക്കെ രാഷ്ട്രീയം കൗതുകമായി കണ്ടിരുന്ന നാളുകളില്‍ അത്യാവശ്യമായിരുന്നു. മാധ്യമപ്രവര്‍ത്തകനായതിനുശേഷം ഗൗരവമായ കാര്യങ്ങള്‍ ഞങ്ങള്‍ വിശദമായി സംസാരിക്കാന്‍ തുടങ്ങി. എം.വി ആറിന്റെ മകന്‍ എന്ന മേൽവിലാസം വിദ്യാര്‍ഥിയായ കാലത്ത് എനിക്ക് ചുറ്റുമുണ്ടായിരുന്നു. മൂന്നുവര്‍ഷം പയ്യന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐയിലായിരുന്നു ഞാന്‍ സജീവമായി പ്രവര്‍ത്തിച്ചത്. സി.പിഎമ്മിന്റെ ആശയം പിന്തുടരുന്നതു കാരണം അച്ഛനുമായി ആശയത്തര്‍ക്കങ്ങള്‍ അന്ന് നടക്കുമായിരുന്നു. ഞാന്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് കോളേജ് യൂണിയന്‍ ആദ്യമായി പയ്യന്നൂര്‍ കോളേജില്‍ സീറ്റുകള്‍ നേടുന്നത്. അതെനിക്ക് വലിയ അഭിമാനമായിരുന്നു. ആ വര്‍ഷം ഞാന്‍ മാഗസിന്‍ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. അച്ഛന് സി.പി എമ്മില്‍ നിന്നുമേറ്റിരുന്ന അപമാനമോ മുറിവുകളോ എനിക്കന്ന് ഒരുപരിധിവരെ അജ്ഞാതമായിരുന്നു. ആളുകള്‍ പറഞ്ഞുകേട്ട പരിമിതമായ അറിവുകളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ആരോഗ്യകരമായ തര്‍ക്കങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പതിവായിരുന്നു. അദ്ദേഹം എന്നെ കേള്‍ക്കാന്‍ തയ്യാറായിരുന്നു. പക്ഷേ ഞങ്ങളുടെ വിയോജിപ്പുകള്‍ അദ്ദേഹത്തിന്റെ മരണംവരെ ഞങ്ങളുടെ വീട്ടുമുറ്റം കടന്ന് പുറത്ത് പോയിട്ടില്ലായിരുന്നു. ഇന്ന് കാര്യങ്ങളുടെ ഗതി മാറി. അച്ഛനെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയുടെ ക്ഷണം എന്റെ സഹോദരങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയ്ക്കും ഞാന്‍ സാക്ഷിയായി. പാര്‍ട്ടി പ്രവര്‍ത്തനക്കുറിച്ച് ഞാന്‍
ആലോചിച്ചിട്ടില്ലാത്തതിനാല്‍ എന്റേത് ഏതുപാര്‍ട്ടി എന്ന ചോദ്യത്തിന് അച്ഛന്‍ വളര്‍ത്തിയ പാര്‍ട്ടി എന്നാണ് ഉത്തരം നല്‍കാനുള്ളത്.
1986-ല്‍ സി.പി.എമ്മില്‍ നിന്നും പുറത്താവുന്നത് കുപ്രസിദ്ധമായ ബദല്‍രേഖയുടെ പേരിലാണെന്നറിയാമല്ലോ. അച്ഛന്‍ മുന്നോട്ടുവെച്ച ബദല്‍രേഖ ഞാന്‍ ഒരുപാട് തവണ വായിച്ച് വിശകലനം ചെയ്തതാണ്. മുസ്ലിം ലീഗിനെ സി.പി.എമ്മിന്റെ ഘടകകക്ഷിയാക്കുക എന്നതായിരുന്നല്ലോ ബദല്‍രേഖയിലെ മുഖ്യവിഷയം. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ബദല്‍രേഖയോടുള്ള സി.പി എമ്മിന്റെ നിലപാടിനെ, മൃദുനയത്തെയാണ്, ഞാന്‍ ചോദ്യം ചെയ്യുന്നത്. കുട്ടിയായിരിക്കുമ്പോള്‍ രാഷ്ട്രീയക്കാരനായ അച്ഛനെ കാണുന്നതുപോലെയല്ല, പക്വതയെത്തുമ്പോള്‍ നമ്മള്‍ കാണുന്ന രാഷ്ട്രീയക്കാരനായ അച്ഛന്‍. അദ്ദേഹത്തിന്റെ നിലപാടുകളെ, കാഴ്ചപ്പാടുകളെ, ആദര്‍ശങ്ങളെയൊക്കെ വിശകലനം ചെയ്യാനുള്ള ഒരു മാധ്യമബുദ്ധി കൂടി അപ്പോഴേക്കും വന്നുചേര്‍ന്നിരുന്നു. മത്സരിച്ച മണ്ഡലങ്ങളില്‍ മിക്കതിലും ജനങ്ങള്‍ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിച്ചു ജയിച്ചു. ജനങ്ങളായിരുന്നു എന്നും അച്ഛന്റെ ദൗര്‍ബല്യം. ആര് എന്ത് ആവശ്യം, സഹായം, ചോദിച്ചുവന്നാലും മുന്നിട്ടിറങ്ങി സഹായിക്കുന്ന സ്വഭാവമായിരുന്നു. അച്ഛന്റെ സ്വഭാവത്തെ പഠിക്കുക എന്നത് വലിയൊരു ടാസ്‌ക് തന്നെയായിരുന്നു.

അക്കാലത്ത് കണ്ണൂര്‍ എന്നാല്‍ എം.വി.ആര്‍ എന്നൊരു സമവാക്യമുണ്ടായിരുന്നു. അച്ഛന്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി യു.ഡി.എഫിനോടൊപ്പം ചേര്‍ന്നതിനെക്കുറിച്ച് വിരോധാഭാസം എന്ന മട്ടില്‍ ഞാന്‍ ആലോചിച്ചുനോക്കിയിട്ടുണ്ട്. അച്ഛന് അപ്പോള്‍ വേണ്ടത് രാഷ്ട്രീയമായും വ്യക്തിപരമായ അതിജീവനമായിരുന്നു. അന്ന് അച്ഛന്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എം.വി.ആര്‍ എന്ന രാഷ്ട്രീയ ബ്രാൻഡ് ഉണ്ടാകുമായിരുന്നില്ല. ഒരിക്കല്‍ വീണാല്‍ രാഷ്ട്രീയത്തില്‍ പിന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കുക അസാധ്യമാണ്. അച്ഛന്‍ വിശ്വസിക്കുകയും അച്ഛനെ വിശ്വസിക്കുകയും ചെയ്യുന്ന ജനങ്ങളില്‍ നിന്നും മാറിനില്‍ക്കാന്‍ അച്ഛന് താല്‍പര്യമില്ലായിരുന്നു. ചരിത്രം മറന്നുപോയ ഒരു അധ്യായമായി സ്വയംമാറാന്‍ അച്ഛന് താല്‍പര്യമില്ലായിരുന്നു.
പാര്‍ട്ടിക്കാരന്‍ ആയിരുന്ന കാലത്ത് പാര്‍ട്ടി ചട്ടങ്ങള്‍ അനുസരിച്ച് മുസ്ലിം ലീഗിനെ എതിര്‍ത്ത് പ്രസംഗിച്ചു നടന്നത് എം വി രാഘവന്‍ ആണ്. എന്നാല്‍ പാര്‍ട്ടിക്കകത്ത് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയം പ്രായോഗികമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ പത്തു പന്ത്രണ്ടുവര്‍ഷമായി പാര്‍ട്ടി മുസ്ലിം ലീഗിനോട് കാണിക്കുന്ന മൃദുനയമെന്താണ്? 38 കൊല്ലം മുമ്പ് എം.വി. ആര്‍ പറഞ്ഞതായിരുന്നു ശരി എന്ന് നേതാക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അവസാനകാലത്ത് എം.വി.ആര്‍ തിരികെ പാര്‍ട്ടിയിലേക്കു പോകാന്‍ ആഗ്രഹിച്ചു എന്ന് ആരൊക്കെയോ പറഞ്ഞുപരത്തിയിട്ടുണ്ട്. വലിയൊരു കള്ളമാണത്. അങ്ങനെയൊരു ആഗ്രഹവും അച്ഛനുണ്ടായിരുന്നില്ല. ആശുപത്രിയില്‍ വെച്ച് അച്ഛനോട് ഇതേപ്പറ്റി ഞാന്‍ സംസാരിച്ചിട്ടുണ്ടായിരുന്നു. അവസാനനാളുകളില്‍
വാക്കുകള്‍ വളരെ വൈകിയേ അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ എത്തുമായിരുന്നുള്ളൂ. അച്ഛന് തിരികെപ്പോകണമെന്നുണ്ടെന്ന് ആരൊക്കെയോ പറയുന്നതുകേട്ട് ഞാന്‍ വസ്തുത അന്വേഷിച്ചു. ഒരു മിനിറ്റ് വൈകിയാണ് മറുപടി വന്നത്. 'പഴയ പാര്‍ട്ടിയുടെ കൂടെയില്ല' എന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞത്.
എം.വി.ആര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ആളുകളുടെ മനസ്സില്‍ വരുന്നത് മാര്‍ക്‌സിറ്റുകാരനായ എം.വിആര്‍ എന്നുതന്നെയാണ്. അന്ന് ഒരുപാട് നല്ല മനുഷ്യരുണ്ടായിരുന്നു പാര്‍ട്ടിയില്‍. എ.കെ.ജി ഉള്‍പ്പെടുള്ള സ്‌നേഹധനരായ ആളുകളുണ്ടായിരുന്നു. ഇപ്പോള്‍ കരിയറിസ്റ്റുകള്‍ മാത്രമല്ലേയുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പിളര്‍ന്നപ്പോള്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (മാര്‍ക്‌സിസ്റ്റ്) കൂടെ നിന്നു. സി.പി.എമ്മില്‍ നിന്നും പുറത്തായപ്പോള്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. അദ്ദേഹം സംശയമേതുമില്ലാത്ത കമ്യൂണിസ്റ്റുകാരനായിരുന്നു. അച്ഛന് സത്യത്തില്‍ കോണ്‍ഗ്രസ്സുമായിട്ടല്ല സഖ്യമുണ്ടായിരുന്നത്, മുസ്ലിം ലീഗുമായിട്ടായിരുന്നു. ലീഗാണ് സീറ്റ് വിട്ടുകൊടുത്തത്. ലീഗിന്റെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അച്ഛന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങുകയാണ് ലീഗ് ചെയ്തത്. അച്ഛനെ വിശ്വസിച്ചിരുന്ന കമ്യൂണിസ്റ്റുകാര്‍ കൂടി വോട്ടുചെയ്തതുകൊണ്ടാണ് അദ്ദേഹം ജയിച്ചത്. അല്ലെങ്കില്‍ പരാജയം ഉറപ്പായിരുന്നു. പിന്നീട് അഞ്ചുവര്‍ഷം കഴിഞ്ഞാണ് കോണ്‍ഗ്രസ്സുമായി അച്ഛന്‍ സഖ്യത്തിലാവുന്നത്.
രാജ്യത്തെ ആദ്യത്തെ സഹകരണ ആശുപത്രി കൊണ്ടുവന്നത് അച്ഛനാണ്-എ.കെ ജി സ്മാരക ആശുപത്രി. സഹകരണ മേഖലയില്‍ ആദ്യത്തെ മെഡിക്കല്‍ കോളേജ് കൊണ്ടുവന്നുതും അച്ഛനാണ്. സ്‌നേക് പാര്‍ക്ക് അച്ഛന്റെ പരിശ്രമമാണ്. സഹകരണ മേഖലയില്‍ അച്ഛന്‍ കൊണ്ടുവന്നതെല്ലാം ഇപ്പോള്‍ 'കരിയറിസ്റ്റുകള്‍' പിടിച്ചെടുത്തു.
ഇ.പി ജയരാജന്‍ വധശ്രമം അച്ഛന്റെ അക്കൗണ്ടിലേക്ക് തിരുകിക്കയറ്റിയ ബുദ്ധി തികച്ചും മണ്ടത്തരമാണ്. അങ്ങനെയൊരു ശ്രമത്തില്‍ അച്ഛന് യാതൊരു പങ്കുമില്ല. ഇ.പി ജയരാജന്‍ അച്ഛനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല, എതിരാളിയേ അല്ല. ഇ.പി ജയരാജനെ വധിച്ചിട്ട് അച്ഛന് ഒന്നും നേടാനില്ല. അച്ഛന് ആ കേസുമായി ഒരു ബന്ധവുമില്ലാത്തതുകൊണ്ടാണ് കോടതിയിലെത്തിയപ്പോള്‍ തള്ളിപ്പോയത്.

അച്ഛന്റെ രാഷ്ട്രീയജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട ഒന്നാണ് കൂത്തുപറമ്പ് വെടിവെപ്പ്. 'ആര്‍ട്ടിഫിഷ്യലി ക്രിയേറ്റഡ് ഇന്‍സിഡന്റ്' എന്നാണ് അതിനെ ഞാന്‍ പറയുക. വെടിവെപ്പ് നടന്നിരിക്കും എന്ന് തീരുമാനിച്ചിട്ട് തന്നെയാണ് ആളുകള്‍ വന്നത്. സഹകരണ മേഖലയുടെ കീഴില്‍ ഒരു സ്വാശ്രയ കോളേജ് തുടങ്ങിയാല്‍ മാത്രമേ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം കിട്ടുകയുള്ളൂ എന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം സൊസൈറ്റിയുടെ കീഴില്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സ് എന്ന പേരില്‍ ഒരു സ്ഥാപനം ഉണ്ടാക്കുന്നത്. അതാണ് സ്വാശ്രയ കോളേജ് എന്നും പ്രചരിപ്പിച്ച് സമരം അഴിച്ചുവിട്ടത്. സ്വാശ്രയ കോളേജിനെതിരായ സമരമായിരുന്നല്ലോ കൂത്തുപറമ്പ് വെടിവെപ്പിലേക്ക് നയിച്ചത്. അന്ന് സ്വാശ്രയ കോളേജിനെതിരേ സമരം അഴിച്ചുവിട്ടവര്‍ പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ 140 മണ്ഡലത്തിലും സ്വാശ്രയ കോളേജുകള്‍ തുടങ്ങാനുള്ള അനുമതിയാണ് ആദ്യം പ്രഖ്യാപിച്ചത്. അഞ്ചുപേരുടെ കൊലപാതകത്തിന് ഉത്തരം പറയേണ്ടത് അവരാണ്. എം.വി രാഘവനെ തടയുന്നതില്‍ സമരോത്സുകതയുണ്ട് എന്ന് മനസ്സിലാക്കാം. എം.വി രാഘവനെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനം അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ കൂടി പ്രശ്‌നമാണ്. അപ്പോള്‍ ക്രമസമാധനമാര്‍ഗങ്ങള്‍ ആരായാലും സ്വീകരിക്കും. കൂത്തുപറമ്പ് സംഭവം നടക്കുമ്പോള്‍ ഞാന്‍ അവിടെയുണ്ട്.

എം.വി.ആറിന്റെ മക്കള്‍ക്ക് സി.എം.പി എന്തായിത്തീരണം എന്നതിനെക്കുറിച്ച് ധാരണയുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹം മക്കളുടെ ആദര്‍ശങ്ങള്‍ക്ക് വലിയ മൂല്യം നല്‍കിയ മനുഷ്യനാണ്. അച്ഛന്റെ പാര്‍ട്ടി സി.പി.എമ്മിന്റെ കൂടെ ചേരരുത് എന്നാണ് വ്യക്തിപരമായും ആശയപരമായും ഞാന്‍ ആഗ്രഹിക്കുന്നത്. അച്ഛന്‍ അവസാനം വരെ പറഞ്ഞതെന്താണോ അത് അനുസരിക്കുക എന്നതല്ല, എനിക്ക് എന്റേതായ ഒരു കണ്‍വിക്ഷനുണ്ട് അത് തുടരുക എന്നതാണ് എന്റെ തീരുമാനം.

അച്ഛന് കുടുംബത്തെ നോക്കിയിട്ടില്ല എന്നുതന്നെ പറയാം, പക്ഷേ ജനങ്ങളെ നോക്കിയിട്ടില്ല എന്നുപറയാന്‍ പറ്റില്ല. മക്കള്‍ എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നാരെങ്കിലും ചോദിച്ചാല്‍ അച്ഛന്‍ മറുപടി പറയാന്‍ വിഷമിച്ചേനെ. പക്ഷേ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മറുപടി പറയാന്‍ അച്ഛന്
രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നിട്ടില്ല. അമ്മയായിരുന്നു ഞങ്ങള്‍ക്ക് എല്ലാം; അച്ഛനും. അമ്മയില്ലായിരുന്നെങ്കില്‍ അച്ഛന്‍ ബുദ്ധിമുട്ടുമായിരുന്നു. അമ്മയായിരുന്നു അച്ഛന്റെ ബലം. അമ്മയ്ക്ക് രാഷ്ട്രീയത്തിലെ സമ്മര്‍ദങ്ങളൊന്നും അറിയില്ലായിരുന്നു. അച്ഛന് സ്വസ്ഥത ലഭിക്കുന്ന ഇടം ഒരുക്കാന്‍ അമ്മയെപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ രണ്ടുപേരുമില്ല. എം.വി.ആര്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്നും ഓര്‍മിക്കപ്പെടും. അങ്ങനെയാരു മനുഷ്യനെ പരിപാലിച്ചതിന്റെ പേരില്‍ അമ്മ എന്നും അനശ്വരയായിത്തുടരും.
Content Highlights: M.V.Raghavan, M.V Girish Kumar, CPM, CMP, Mathrubhumi
Published: 11 Nov 2023, 01:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented