എന്റെ താമസം സൗത്ത് എക്സ്റ്റന്‍ഷനില്‍നിന്ന് ലജപത് നഗറിലെ അമര്‍ കോളനിയിലേക്ക് മാറിയതുപോലെ ഓഫീസും മാറി. സൗത്ത് എക്സ്റ്റന്‍ഷനില്‍നിന്ന് എംബസിയുടെ സാംസ്‌കാരികവിഭാഗം പോയത് ഹൗസ് ഖാസിലേക്കായിരുന്നു.

To advertise here,

ഞാന്‍ ഒരു സ്ഥലംവിട്ട് മറ്റൊരു സ്ഥലത്തേക്കുപോകുമ്പോള്‍ ഓര്‍മകളെയും കൂടെ കൊണ്ടുപോകുന്നു. സൗത്ത് എക്സ്റ്റന്‍ഷനില്‍നിന്ന് ഓര്‍മകള്‍ വരുന്നത് തിങ്ങിഞെരുങ്ങിവരുന്ന ആള്‍ക്കൂട്ടംപോലെയാണ്. പ്രത്യേകിച്ച് ഒരുകാരണവുമില്ലാതെ ജെ. സ്വാമിനാഥനും അക്കിത്തം നാരായണനും എത്തിനോക്കിപ്പോകുന്നു. ഒരിക്കല്‍ ഇ. ഹരികുമാറും അങ്ങനെ മുഖംകാണിച്ച് മറഞ്ഞു. പലപ്പോഴും ഹരികുമാര്‍ വരുന്നത് സഹോദരന്‍ ഇ. മാധവന്റെ കൂടെയാണ്.

ഹരികുമാറിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ആരോ പൂതപ്പാട്ട് പാടിക്കൊണ്ട് അടുത്തടുത്ത് വരുന്നതുപോലെ തോന്നും. ഇടശ്ശേരിയുടെ മകനാണല്ലോ ഹരികുമാര്‍. സൗത്ത് എക്സ്റ്റന്‍ഷനില്‍ ഞങ്ങള്‍ അയല്‍പക്കക്കാരായിരുന്നു. ഹരികുമാര്‍ മനോഹരമായ കഥകളെഴുതിയിരുന്നു. കഠിനമായി അധ്വാനിക്കുന്ന ആളായിരുന്നു പ്രിയ സുഹൃത്ത്. ഒരു ജര്‍മന്‍ കമ്പനിയിലാണ് ജോലിചെയ്തിരുന്നത്.

ഓഫീസ് ജോലിയിലും ഉത്തരവാദിത്വത്തിലും മുഴുകിയപ്പോള്‍ കൈയിലെ പേനയിലെ മഷി വറ്റാന്‍തുടങ്ങി. ഞങ്ങള്‍ മിക്കവാറും ഒരേസമയത്താണ് വിവാഹംകഴിച്ചത്. ഹരികുമാറിന്റെ പ്രിയതമ ലളിതയും എന്റെ പ്രിയതമ ശ്രീജയും അടുത്ത കൂട്ടുകാരികളായിരുന്നു. ഞങ്ങള്‍ ഇടയ്ക്കിടെ തമ്മില്‍ കാണും. ഒന്നിച്ച് ഭക്ഷണംകഴിക്കും. അന്ന് ഹരികുമാറിന് ഒരു സ്‌കൂട്ടറുണ്ടായിരുന്നു. ലളിതയെ അതിന്റെ പിന്നിലിരുത്തി കാറ്റിലെന്നപോലെ ഹരി സ്‌കൂട്ടറോടിച്ചുപോകും.

വൈകാതെ ഹരിയുടെ സഹോദരന്‍ മാധവനും ഡല്‍ഹിയിലെത്തി. റിസര്‍വ് ബാങ്കിലായിരുന്നു മധുവിനു ജോലി. വി.കെ. മാധവന്‍കുട്ടി താമസിക്കുന്ന രവീന്ദ്രനഗറിനടുത്ത് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു മധു താമസിച്ചിരുന്നത്. മധു എപ്പോഴും എന്റെ വീട്ടില്‍ വരും. എന്റെ മകള്‍ ഭാവനയെ മടിയിലിരുത്തി കളിപ്പിക്കും.
ഒരുദിവസം ഹരി പറഞ്ഞു;
''ഞാന്‍ പോവുകയാണ്''
''എവിടേക്ക്''
ഓഫീസ് കാര്യത്തിനായി ടൂറില്‍ പോകുകയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, എന്നെ ഞെട്ടിച്ചുകൊണ്ട് ഹരി പറഞ്ഞു.
''നാട്ടിലേക്ക്. ഇനി മടക്കമില്ല.''
അങ്ങനെ ഹരികുമാര്‍ നാട്ടിലേക്കുമടങ്ങി. എറണാകുളത്ത് ഗോവിന്ദ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഹരിയെ പിന്നീട് രണ്ടുതവണ ഞാന്‍ അവിടെപ്പോയി കണ്ടിരുന്നു.
ഒരുദിവസം തൃശ്ശൂരില്‍നിന്ന് മധുവിന്റെ ഫോണ്‍വന്നു.
'ഹരിയേട്ടന്‍ പോയി'. 
തിരിച്ചുവരാത്ത ലോകത്തിലേക്ക്.
ഞാന്‍ എപ്പോഴും കേട്ടുകൊണ്ടിരുന്ന പൂതപ്പാട്ട് അകന്നകന്നുപോകുന്നതായി തോന്നി. അകന്നകന്ന് അത് നിശ്ശബ്ദതയില്‍ ലയിച്ചു.

ഇനി സൗത്ത് എക്സ്റ്റന്‍ഷനില്‍ ആരുടെ ഓര്‍മകളാണ് ബാക്കിയുള്ളത്? ഉണ്ട്, ഒരാളുടേതുകൂടി. അക്കിത്തം നാരായണന്‍. സൗത്ത് എക്സ്റ്റന്‍ഷന്‍ മാര്‍ക്കറ്റില്‍ ഇതിനകം ഒരു ആര്‍ട്ട് ഗാലറികൂടി വന്നിരുന്നു. അക്കിത്തം നാരായണന്‍ അവിടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബാത്തിക് ആര്‍ട്ട് ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ കാലമായിരുന്നു അത്. കൊണാട്ട് പ്ലെയിസില്‍ ബാത്തിക് സാരിയുടുത്ത് നടക്കുന്ന പരിഷ്‌കാരികളായ പെണ്ണുങ്ങളെ കാണാമായിരുന്നു. ബാത്തിക് കലയില്‍ വിദഗ്ധനായിരുന്നു നാരായണന്‍. രാഘവേട്ടന്റെ ഭാര്യ അമ്മു ഏടത്തിക്ക് മനോഹരമായ ഒരു ബാത്തിക് സാരി നാരായണന്‍ ഡിസൈന്‍ ചെയ്തുകൊടുത്തത് ഞാന്‍ ഓര്‍ക്കുന്നു. വിപണിയുടെ പിറകെ പോകാത്ത, സ്വന്തംപാരമ്പര്യത്തിന്റെ ആത്മമുദ്രകള്‍ തന്റെ പെയിന്റിങ്ങില്‍ സൂക്ഷിക്കുന്ന ഒരു വലിയ ചിത്രകാരനാണ് അക്കിത്തം നാരായണന്‍.

''നാരായണനും വിശ്വനാഥനും ഒരേ ബില്‍ഡിങ്ങിലാണ് താമസം''
പ്രസന്ന ഗ്രെസിയോന്‍ പറഞ്ഞു. ഒരു പാരീസ് വിദ്യാലയത്തില്‍ കലാധ്യാപകനായ ഗ്രെസിയോന്റെ ഭാര്യയാണ് മലയാളിയായ പ്രസന്ന. പാരീസില്‍ പോകുന്നതിനുമുമ്പ് പ്രസന്ന ജേണലിസ്റ്റായിരുന്നു.
പാരീസിലെ ശീതക്കാറ്റില്‍നിന്ന് രക്ഷപ്പെടാനായി കഴുത്തില്‍ ഒരു നീണ്ട ഫൂലാര്‍ (മഫ്‌ളര്‍) ചുറ്റി ഞാന്‍ പ്രസന്ന ഗ്രെസിയോന്റെ കൂടെ നടന്നു. അക്കിത്തം നാരായണന്‍ എന്നെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചിരുന്നു. ഞങ്ങള്‍ നാരായണന്റെ വീട്ടിലേക്കാണ് പോകുന്നത്.

'ഞാന്‍ വൈന്‍ വാങ്ങാം. ഏത് വൈനാണ് നാരായണന് ഇഷ്ടം?'-ഞാന്‍ ചോദിച്ചു. 
ആരെങ്കിലും ഭക്ഷണത്തിന് ക്ഷണിച്ചാല്‍ ഒരു കുപ്പി വൈന്‍ കൊണ്ടുപോകുന്ന പതിവുണ്ട് അവിടെ. പക്ഷേ, പ്രസന്ന വിലക്കി. അവള്‍ എനിക്കുംകൂടിവേണ്ടി രണ്ടുകുപ്പി ബോര്‍ദോ വൈന്‍ വാങ്ങിവെച്ചിരുന്നു. നാരായണന്റെ വീട്ടിലേക്കുപോകുന്ന വഴിയില്‍ മൂന്നുനാല് പൂക്കടകളുണ്ടായിരുന്നു. ആണാണ് ആതിഥേയനെങ്കില്‍ നമ്മള്‍ വൈന്‍ കൊണ്ടുപോകണം. പെണ്ണാണെങ്കില്‍, പൂച്ചെണ്ടു കൊണ്ടുപോകണം. പാരീസിലെ ആചാരങ്ങള്‍ ഞാന്‍ കുെേറശ്ശയായി മനസ്സിലാക്കിവരുകയായിരുന്നു.

ഞാന്‍ എപ്പോഴും സൗത്ത് എക്സ്റ്റന്‍ഷനിലെ ഗാലറിയില്‍ പോയി നാരായണന്‍ വരയ്ക്കുന്നത് നോക്കിയിരിക്കും. ഞാനവിടെ ഒരുപാട് സമയം ചെലവഴിച്ചു. കണ്ടുകണ്ട് ഞാനും ബാത്തിക് ആര്‍ട്ടിന്റെ ടെക്നിക്കുകള്‍ മനസ്സിലാക്കി. അക്കാലത്ത് ഞാന്‍ അവിവാഹിതനായിരുന്നു. പാര്‍പ്പിടമുണ്ടെങ്കിലും അവിടെ ചെല്ലണമെന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല. കല്യാണം കഴിക്കുന്നതുവരെ നമ്മള്‍ പാര്‍ക്കുന്നത് പാര്‍പ്പിടത്തിലാണ്. കല്യാണം കഴിഞ്ഞ് കുട്ടികളാകുമ്പോള്‍ പാര്‍പ്പിടം വീടായി മാറുന്നു. വീട് കുടുംബത്തിന് താമസിക്കാനുള്ളതാണ്.

''ഞാന്‍ പോകുകയാണ്.''
ഒരുദിവസം നാരായണനും പറഞ്ഞു.
നാരായണന്‍ പോകുന്നവിവരം എനിക്കറിയാമായിരുന്നു. പാരീസിലെ പ്രശസ്തമായ എക്കോല്‍ ദേ ബോസാറിലായിരുന്നു (Ecole des Beaux-Arts) നാരായണന്‍ കലാഭ്യാസത്തില്‍ ഉപരിപഠനത്തിനായി പോയത്. ഴാന്‍ ബെര്‍ത്തോലിനെപ്പോലെ പ്രഗല്ഭരായ അധ്യാപകരുടെ കീഴിലാണ് നാരായണന്‍ അവിടെ കല അഭ്യസിച്ചത്.
ഞാനും പ്രസന്നയും കയറിച്ചെല്ലുമ്പോള്‍ നാരായണന്‍ അടുക്കളയില്‍ ഭക്ഷണം പാചകംചെയ്യുകയായിരുന്നു. അവിടെയിട്ടിരുന്ന ചെറിയ മേശയിന്മേല്‍ വൈന്‍കുപ്പികളുണ്ടായിരുന്നു. പ്രസന്ന നാരായണനെ പാചകംചെയ്യാന്‍ സഹായിച്ചു. എനിക്കും സഹായിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എനിക്ക് ആകെ അറിയുന്നത്, ചായകാച്ചാനും ചോറുവെക്കാനും മാത്രമായിരുന്നു. 

ഒരിക്കല്‍ ഞാന്‍ ഭാര്യക്ക് ചായ ഉണ്ടാക്കിക്കൊടുത്തു. അവള്‍ ഇറക്കിയ ഒരു കവിള്‍ ചായ ഉടനെ പുറത്തേക്കു തുപ്പി. ചായയില്‍ പഞ്ചസാരയ്ക്കുപകരം ഞാന്‍ ഇട്ടത് ഉപ്പായിരുന്നു. ഭക്ഷണം തയ്യാറാകുന്നതിനിടയില്‍ നാരായണനും പ്രസന്നയും ഞാനും ഇടയ്ക്കിടെ ഓരോ ഇറക്ക് വൈന്‍ കുടിച്ചുകൊണ്ടിരുന്നു.

മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രിസിദ്ധീകരിച്ച എം. മുകുന്ദന്റെ 'എന്റെ എംബസിക്കാല'ത്തിന്റെ പതിനഞ്ചാം അധ്യായത്തില്‍നിന്ന്. 

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.