ഫ്രഞ്ച് മയ്യഴിയില്‍ ജനിച്ചുവളര്‍ന്നയാള്‍ ആദ്യമായി ഫ്രാന്‍സില്‍, പാരീസില്‍ ചെന്നിറങ്ങുകയാണ്. മഞ്ഞില്‍ നനഞ്ഞ നിരത്തുകളും കാലത്തിന്റെ സാക്ഷിയായ എഫല്‍ ടവറും കലയും കാമവും കൂടിക്കുഴയുന്ന നഗരപ്രാന്തങ്ങളും മഹാന്മാര്‍ ഉറങ്ങുന്ന സെമിത്തേരികളും... എഴുത്തുകാരന്‍ നടന്നുനടന്ന് ചെന്നുനിന്നത് മൊണാലിസയുടെ മുന്നില്‍.

To advertise here,

1984-ല്‍ രാഘവേട്ടന്‍ ജോലിയില്‍നിന്ന് വിരമിച്ച് നാട്ടിലേക്കു മടങ്ങി.
ഞാന്‍ എംബസി ജീവിതം തുടര്‍ന്നു. അവിടെ റിട്ടയര്‍മെന്റ് പ്രായം അറുപത്തിയഞ്ചായിരുന്നു.
അതേ വര്‍ഷമാണ് ഞാന്‍ ആദ്യമായി പാരീസില്‍ പോകുന്നത്. ദീര്‍ഘകാലമായുള്ള ഒരു സ്വപ്നമായിരുന്നു അത്. എയര്‍ ഫ്രാന്‍സ് ഫ്‌ലൈറ്റിലായിരുന്നു യാത്ര. പാലം വിമാനത്താവളത്തില്‍നിന്ന് അര്‍ധരാത്രിയാണ് വിമാനം ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. പുലരുമ്പോള്‍ മഞ്ഞും നനവുമുള്ള പാരീസിലെ ചാള്‍സ് ഡി ഗോള്‍ എയര്‍പോര്‍ട്ടില്‍ വിമാനം നിലംതൊടും.
അപ്പോള്‍ എനിക്ക് പഴയൊരു യാത്ര ഓര്‍മവന്നു.
വിമാനത്തില്‍ നിന്നിറങ്ങി ഇമ്മിഗ്രേഷനും കഴിഞ്ഞ് ബാഗുമെടുത്ത് ഞാന്‍ പുറത്തേക്കുവന്നു.
''ആരെയും കാണുന്നില്ലല്ലോ.''
-ഞാന്‍ വേവലാതിപ്പെട്ടു.
''വരും. നീ ബേജാറാകാതിരിക്ക്.''
-പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആധുനിക നഗരമായ ന്യൂയോര്‍ക്കില്‍, ഓരോ മിനിറ്റിലും ജറ്റ് വിമാനങ്ങള്‍ പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ ഞങ്ങള്‍ ആതിഥേയരെ കാത്തുനിന്നു. ചുറ്റും കാണുന്ന കാഴ്ചകള്‍ എന്നെ ഭ്രമിപ്പിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ കൈയില്‍ സാറ്റലൈറ്റ് ഫോണുമായ മനോഹര്‍ തോമസ് വന്നു. 
''സോറി. വൈകിപ്പോയി.''
-മനോഹര്‍ ക്ഷമാപണം ചെയ്തു.
''അടുത്താണോ താമസം?''
''അല്ല. ന്യൂ ജര്‍സിയിലാണ്.''
ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ നിന്ന് ന്യൂ ജര്‍സിയിലേക്ക് നൂറ്റിയമ്പതോളം കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. ഏകദേശം ദാസന്റെയും ചന്ദ്രികയുടെയും നാട്ടില്‍നിന്ന് പൂതപ്പാട്ടിന്റെ കുറ്റിപ്പുറത്തേക്കുള്ള ദൂരം.

മനോഹര്‍ തോമസിനെ അനുഗമിച്ച് ബാഗുകള്‍ ട്രോളിയില്‍ ഉരുട്ടി ഞാനും കുഞ്ഞബ്ദുള്ളയും എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തുവന്നു. ഇതാ എന്റെ കണ്ണുകള്‍ക്ക് മുമ്പില്‍ ന്യൂയോര്‍ക്ക് നഗരം. ഇന്നില്ലാത്ത എന്നാല്‍, അന്നുണ്ടായിരുന്ന ഇരട്ടഗോപുരങ്ങളുടെ നഗരം. എപ്പോഴോ എന്റെ ഓര്‍മകള്‍ മുറിഞ്ഞു. ഞാന്‍ എന്റെ പെട്ടി ചുമന്ന് പാരീസ് വിമാനത്താവളത്തിന് പുറത്തുവന്നപ്പോള്‍ കൈയില്‍ എന്റെ പേരെഴുതിയ ഒരു ചെറിയ ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന യുവതിയെക്കണ്ടു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പാരീസില്‍ എത്തുന്ന യാത്രികരെ സ്വികരിക്കാനും അവരുടെ പരിപാടികള്‍ തയ്യാറാക്കാനും മറ്റും മിനിസ്ട്രിയില്‍ ഒരു പ്രത്യേക വിഭാഗമുണ്ടായിരുന്നു.

''ബോംഴൂര്‍! ഞാന്‍ മിനിസ്ട്രിയില്‍നിന്നാണ്. യാത്ര സുഖമായിരുന്നോ?''
തീവണ്ടിയില്‍ യാത്ര ചെയ്യുന്നതാണ് എനിക്കിഷ്ടം. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ പല സ്ഥലങ്ങളും ആളുകളും മരങ്ങളും പുഴകളുമെല്ലാം കാണാം. വിമാനത്തില്‍നിന്നു നോക്കിയാല്‍ താഴെ ഒഴുകുന്ന മേഘങ്ങള്‍മാത്രം കാണാം. ആ മേഘങ്ങള്‍ക്കുതാഴെ ഇറാനും ഇറാക്കും തുര്‍ക്കിയും ഗ്രീസും ഇറ്റലിയുമൊക്കെയുണ്ട്. ആ രാജ്യങ്ങളെ ഞാന്‍ മനസ്സില്‍ക്കണ്ടു. ഞാന്‍ തുര്‍ക്കിയുടെ മുകളിലൂടെ ആദ്യമായി പറന്നുപോകുമ്പോള്‍ അവിടെ ഓര്‍ഹന്‍ പാമുക്കും മ്യൂസിയം ഓഫ് ഇന്നസന്‍സും ഇല്ലായിരുന്നു. പാമുക്കിന്റെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ആദ്യ നോവല്‍ ദ് വൈറ്റ് കാസില്‍ പുറത്തുവന്നത് 1991-ല്‍ മാത്രമായിരുന്നുവല്ലോ. അതിനുമുമ്പായിരുന്നു എന്റെ പാരീസ് യാത്ര. ''അടുത്തു തന്നെയാണ് ഹോട്ടല്‍. മെട്രോയില്‍ പോയാല്‍ നാലു സ്റ്റേഷന്‍ മതി റ്യൂ ബ്വാസിയേറില്‍ എത്താം.''

എന്നും രാവിലെ ഒമ്പതുമണിക്ക് എനിക്ക് എത്തേണ്ടത് റ്യൂ ബ്വാസിയേറിലായിരുന്നു. മിനിസ്ട്രിയിലെ യുവതി ഒരു ഫയല്‍ തന്നു. ഞാന്‍ അറ്റന്‍ഡ് ചെയ്യാന്‍ പോകുന്ന കോഴ്സിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പാരീസ് മെട്രോ മേപ്പും തിരിച്ചറിയല്‍ കാര്‍ഡും ഒരു കവറില്‍ ഏതാനും ഫ്രഞ്ച് കറന്‍സി നോട്ടുകളും അതിലുണ്ടായിരുന്നു. സെപ്റ്റംബര്‍ മാസമായതുകൊണ്ട് തണുപ്പും ശീതക്കാറ്റുമുണ്ടായിരുന്നു. മഴ ചാറുന്നുണ്ടായിരുന്നു. അവള്‍ എന്നെ ഹോട്ടലിന്റെ മുമ്പില്‍ ഇറക്കി സ്വയം കാറോടിച്ചുപോയി.

നാലാമത്തെ നിലയിലെ മുറിയിലെ ചില്ലു ജാലകത്തിലൂടെ ഞാന്‍ പാരീസ് നഗരത്തെ നോക്കിനിന്നു. നേരം പുലര്‍ന്നിരുന്നെങ്കിലും നരച്ച വെളിച്ചം മാത്രമേയുണ്ടായിരുന്നുള്ളൂ. ദൂരെ എഫല്‍ ടവര്‍ കാണാമായിരുന്നു. അതില്‍ നനവുള്ളതുപോലെ തോന്നി. ഗോത്തിക് മുതല്‍ ആര്‍ നുവോ (അഞഠചഛഡഢഋഅഡ) വരെ പല ശൈലികളിലുള്ള എടുപ്പുകള്‍ അവിടെയുണ്ട്. എത്രയോ കാലമായി ഫോട്ടോകളില്‍മാത്രം കണ്ടിട്ടുള്ള കാഴ്ചകള്‍ ഞാന്‍ നേരിട്ടു കാണുകയായിരുന്നു. ഓര്‍മവെച്ചനാള്‍മുതല്‍ ഞാന്‍ ഫ്രഞ്ചുകാരെ കാണുന്നുണ്ടായിരുന്നു. എന്നാല്‍, ഫ്രാന്‍സ് കണ്ടിരുന്നില്ല. നാടിനെ കാണാതെ നാട്ടുകാരെമാത്രം കാണുന്ന അനുഭവമായിരുന്നു അത്. ഇപ്പോള്‍ നാടും നാട്ടുകാരും ഒന്നിച്ച് എന്റെ കാഴ്ചവട്ടത്തില്‍ വരുകയാണ്. മഴക്കോട്ടും തൊപ്പിയും ധരിച്ച് വിക്തോര്‍ യൂഗോവും തന്റെ തടിച്ച ശരീരവും താങ്ങി ബല്‍സാക്കും താഴെ ഇഷ്ടികപാകിയ വഴിയിലൂടെ നടന്നുപോകുന്നതായി തോന്നി.

''ഇഞ്ഞി എന്തിനാ ഹോട്ടലില്‍ താമസിക്കുന്നത്? എന്റെകൂടെ താമസിച്ചൂടെ?'' -എന്റെ നാട്ടുകാരനും സുഹൃത്തുമായ മോഹന്‍ കുമാര്‍ പറഞ്ഞു. മോഹന്‍കുമാറിന് നാലു മുറികളുള്ള ഒരു വലിയ പാര്‍പ്പിടമുണ്ടായിരുന്നു പാരീസില്‍. അവിടെ വലിയ ധനികര്‍ക്കുമാത്രമേ അതുപോലുള്ള ഫ്‌ളാറ്റുകളില്‍ താമസിക്കാന്‍ കഴിയൂ. ഇപ്പോള്‍ പാരീസ് മോഹന്‍കുമാര്‍ എന്ന പേരിലാണ് ചിത്രകാരനായ സുഹൃത്ത് അറിയപ്പെടുന്നത്. പാരീസ് വിശ്വനാഥന്‍ എന്ന ചിത്രകാരന്റെ പര്യായമല്ല, വിപരീതമാണ് പാരീസ് മോഹന്‍കുമാര്‍.

നീല ജീന്‍സും കറുത്ത പുള്ളോവറും ധരിച്ച്, കറുത്തുനീണ്ട മുടി കാറ്റില്‍ ഇളക്കിക്കൊണ്ട് വെള്ളക്കാരെപ്പോലെ വെളുത്തനിറമുള്ള മോഹന്‍കുമാര്‍ എന്റെ മുമ്പില്‍ നില്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വിസ സംഘടിപ്പിച്ച് ഞാന്‍ പാരീസിലേക്ക് പറഞ്ഞയച്ച ചങ്ങാതി മോഹന്‍കുമാറായിരുന്നില്ല അത്. സുന്ദരനും പരിഷ്‌കാരിയുമായിരിക്കുന്നു. വെള്ളക്കാരെപ്പോലെ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നു. ചിത്രങ്ങള്‍ വിറ്റ് കൈയില്‍ ധാരാളം കാശ് വരുന്നുണ്ടായിരുന്നു. ഉയരം കുറഞ്ഞ സുന്ദരിയായ ഒരു ഫ്രഞ്ചുകാരി പെണ്‍കുട്ടി മോഹന്‍കുമാറിനെ ഉരുമ്മിനില്‍ക്കുന്നത് കണ്ടു. അത് മോഹന്‍കുമാറിന്റെ ഭാര്യ ഷാന്താലായിരുന്നു. മോഹന്‍കുമാറിന്റെ ഈ ഉയര്‍ച്ചയില്‍ ഞാന്‍ ഉള്ളാലെ സന്തോഷിച്ചു. നന്നേ രാവിലെ ഉണര്‍ന്നു. മഴയുണ്ടായിരുന്നില്ല. കാര്‍മേഘങ്ങള്‍ക്കിടയിലൂടെ നനുത്ത സൂര്യവെളിച്ചം എഫല്‍ ഗോപുരത്തിനു മുകളില്‍ വന്നുവീഴുന്നുണ്ടായിരുന്നു. ഹോട്ടലില്‍ നിന്നിറങ്ങി അല്പദൂരം നടന്നപ്പോള്‍ ബ്രഡ്ഡ് ഉണ്ടാക്കുന്ന മണംവന്നു. ആ മണം പിന്തുടര്‍ന്നു നടന്ന ഞാന്‍ എത്തിയത് ഒരു അപ്പക്കൂടിന്റെ മുമ്പിലായിരുന്നു. ഇഷ്ടിക പാകിയ ആ ലെയിനില്‍ ഒരു ചെറിയ കഫേയുണ്ടായിരുന്നു. ഞാന്‍ അതില്‍ കയറിയിരുന്നു. ഫ്രഞ്ചുകാരുടെ പ്രിയ ബ്രഡ്ഡാണ് ബഗേത്ത്. ഞാന്‍ ആ നീണ്ട ബ്രെഡ് വാങ്ങി അതില്‍ ലാ വാഷ് കി റീ (ചിരിക്കുന്ന പശു) എന്നുപേരുള്ള ചീസ് പുരട്ടി കഴിക്കുകയും കടുപ്പമുള്ള ഒരു ഫ്രഞ്ച് കാപ്പി കുടിക്കുകയും ചെയ്തു. അതിനുശേഷം അടുത്ത മെട്രോ സ്റ്റേഷനിലേക്ക് നടന്നു.

ആദ്യമായാണ് ഞാന്‍ ഈ നഗരത്തില്‍ വരുന്നത്. പക്ഷേ, ഒരു പരിചയക്കുറവും തോന്നിയില്ല. കഴിഞ്ഞ ജന്മങ്ങളില്‍ ഞാനിവിടെ എവിടെയെങ്കിലുമായിരിക്കണം ജീവിച്ചത്. കുടിയേറ്റക്കാര്‍ താമസിക്കുന്ന പാരീസിന്റെ പുറംഇടത്തില്‍ ഞാന്‍ ആടിനെ മേയ്ച്ചു നടന്നിരിക്കണം. എഴുത്തുകാര്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും. തകഴി മുന്‍ജന്മങ്ങളില്‍ എവിടെയോ മാക്‌സിം ഗോര്‍ക്കിയായി ജീവിച്ചിരുന്നിരിക്കണം. ഒ.വി. വിജയന്‍ വോള്‍ട്ടയര്‍ ആയിരുന്നിരിക്കണം. ഉറൂബ് ബല്‍സാക്കായിരുന്നിരിക്കണം. വൈക്കം മുഹമ്മദ് ബഷീറിന് മുന്‍ജന്മം ഉണ്ടായിരുന്നില്ല. പുനര്‍ജന്മവുമുണ്ടാകില്ല. കാരണം ആര്‍ക്കും ബഷീറായി പുനര്‍ജനിക്കാന്‍ കഴിയില്ല. ഞാന്‍ മെട്രോയില്‍ കയറിയിരുന്നപ്പോള്‍ ആദ്യം കണ്ട കാഴ്ച എന്റെ തൊട്ടുമുന്നിലെ സീറ്റിലിരുന്ന് ഒരു യുവാവ് യുവതിയെ മടിയിലിരുത്തി ആവേശത്തോടെ ചുംബിക്കുന്നതാണ്. ആ ആവേശം കണ്ടപ്പോള്‍ അവര്‍ അത് ചുംബനങ്ങളില്‍ നിര്‍ത്തില്ലെന്നും ഇനിയും മുമ്പോട്ടു പോകുമെന്നും തോന്നി. പാരീസ് മെട്രോയില്‍ ഇതുപോലുള്ള കാഴ്ചകള്‍ പതിവാണ്. നാമത് ശ്രദ്ധിക്കാന്‍ പാടില്ല. അവരെ നോക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് അപമര്യാദയാണ്.

വ്യൂ ബ്വാസിയേറിലേക്കു പുറപ്പെട്ട ഞാന്‍ വഴിതെറ്റി ത്രോക്കാദരോ സ്റ്റേഷനില്‍ ഇറങ്ങി. അവിടെനിന്ന് നടന്നുപോയി. നമ്മെ നടക്കാന്‍ നിരന്തരം ക്ഷണിക്കുന്ന ഒരു നഗരമാണ് പാരീസ്. പാരീസുകാര്‍ നിരത്തുകളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഇത്തിരി സൂര്യവെളിച്ചം വീണാല്‍ അവര്‍ കൂട്ടത്തോടെ പുറത്തിറങ്ങും. രണ്ടാംനിലയിലെ ഒരു വിശാലമായ മുറിയിലായിരുന്നു കള്‍ച്ചറല്‍ മാനേജ്മെന്റിനെക്കുറിച്ചുള്ള ക്ലാസ് നടക്കുന്നത്. അതില്‍ പങ്കെടുക്കുന്നവരിലേറെയും വെള്ളക്കാരായിരുന്നു. ആകെ പതിനാറുപേര്‍. പല രാജ്യങ്ങളിലെ ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രങ്ങളില്‍നിന്നു വന്നവരായിരുന്നു അവര്‍. എല്ലാവരുടെയും മുന്നില്‍ ആഷ്ട്രേയുണ്ടായിരുന്നു. വിരലുകള്‍ക്കിടയില്‍ എരിയുന്ന സിഗരറ്റും. അവരുടെ ഇടയില്‍ ഈ ചെറിയ മയ്യഴിക്കാരനും ഇരുന്നു. സാംസ്‌കാരിക സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള പരിശീലനം. അതായിരുന്നു കോഴ്‌സിന്റെ ഉള്ളടക്കം. അക്കാദമികളും മ്യൂസിയങ്ങളും ആര്‍ട്ട് സ്‌കൂളുകളും പോലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളുടെ ഘടനകളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും പൊതുവായ സാങ്കേതിക വിവരങ്ങള്‍ നല്‍കുക മാത്രമായിരുന്നു ഉദ്ദേശ്യം. കാരണം, ഓരോ രാജ്യത്തും വ്യത്യസ്തമായ സാഹചര്യങ്ങളാണല്ലോ ഉള്ളത്. ആദ്യം കോഴ്‌സ് ഡയറക്ടറുടെ ഒരു സ്വാഗതഭാഷണം. പിന്നീട് ഞങ്ങള്‍ എല്ലാവരും സ്വയം പരിചയപ്പെടുത്തി. തുടര്‍ന്ന് ഒരു പ്രഭാഷണം. അതിനുശേഷം ചര്‍ച്ചകള്‍. ആദ്യദിവസംതന്നെ എനിക്ക് ഒരുപാട് അറിവുകള്‍ ലഭിച്ചു. ആദ്യ പ്രഭാഷണം പേരുകേട്ട ഒരു കള്‍ച്ചറല്‍ അഡ്മിനിസ്ട്രേറ്ററുടേതായിരുന്നു. ഇന്ന് സംസ്‌കാരം ഒരു മാര്‍ക്കറ്റ് ഉത്പന്നമാണ്. അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തനം വിപണിയുടെ നിയന്ത്രണത്തിലാണ്.  ക്‌ളാസ് കഴിഞ്ഞാല്‍ വൈകുന്നേരം ഞാന്‍ നഗരത്തില്‍ വെറുതേ ചുറ്റിത്തിരിയും. മദനോത്സവങ്ങളുടെ തെരുവായ പിഗാല്‍പോലുള്ള ഇടങ്ങളില്‍ പോകരുതെന്ന് ഒരു സുഹൃത്ത് ഉപദേശിച്ചിരുന്നു. പോകുന്നുണ്ടെങ്കില്‍ വളരെ കരുതലോടെ വേണമത്.
 
എനിക്കവിടെയൊന്നും പോകാന്‍ താത്പര്യമില്ലായിരുന്നു. ഞാന്‍ പോകാന്‍ ആഗ്രഹിച്ചത് പാരീസിലെ സെമിത്തേരികളിലായിരുന്നു. അല്പം സമയം കിട്ടിയപ്പോള്‍ ഞാന്‍ പാന്തിയോനില്‍ ചെന്നു. വലിയ എഴുത്തുകാരും തത്ത്വചിന്തകരും അന്ത്യവിശ്രമം കൊള്ളുന്നത് അവിടെയാണ്. വിക്‌തോര്‍ യൂഗോവും വോല്‍ത്തേറും റൂസോവും അലക്‌സാണ്ടര്‍ ദ്യുമായും അന്ത്യവിശ്രമം കൊള്ളുന്നതും അവിടെയാണ്. ഞാന്‍ പാന്തിയോനില്‍ ചെന്ന് നമ്രശിരസ്‌കനായിനിന്ന് ആ മഹാപ്രതിഭകള്‍ക്ക് ആദരമര്‍പ്പിച്ചു. മറ്റൊരിക്കല്‍ മോംപര്‍നാസ് സെമിത്തേരിയിലും പേര്‍ ലഷേസ് സെമിത്തേരിയിലും ഞാന്‍ ചെന്നു. ബോദ്ലേറിനെയും മോപ്പസാങ്ങിനെയും കണ്ടു. ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട എഴുത്തുകാരായിരുന്നു ദ്യൂമായും ബല്‍സാക്കും. പേര്‍ ലഷേസ് സെമിത്തേരിയിലായിരുന്നു ബല്‍സാക്ക് താമസിച്ചത്. പൊണ്ണത്തടിയനായ ബല്‍സാക്ക് ഒരു ചെറിയ മീശ വെച്ചിരുന്നു. പാവമായിരുന്നു അയാള്‍. എന്നും ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. കടക്കാരെ പേടിച്ച് ദിവസങ്ങളോളം മുറിയില്‍ വാതിലടച്ചിരുന്നു. ബല്‍സാക്ക് രാവും പകലുമെന്നില്ലാതെ നോവലുകള്‍ എഴുതിക്കൊണ്ടിരുന്നു. എഴുതിയെഴുതി ക്ഷീണിച്ച് ആരോഗ്യംപോയി. അങ്ങനെയാണ് ബല്‍സാക്ക് മരിച്ചത്. മറ്റു എഴുത്തുകാരെപ്പോലെ രോഗം വന്നല്ല, എഴുത്ത് വന്നായിരുന്നു ബല്‍സാക്കിന്റെ അന്ത്യം. നര്‍ത്തകികളെ വരച്ച് പ്രശസ്തനായ ദെഗാ വിശ്രമിക്കുന്നത് മോംമാര്‍ത്ര് സെമിത്തേരിയിലാണ്. പേര്‍ ലഷേസ് സെമിത്തേരിയിലെ ചെസ്റ്റ്‌നട്ട് മരങ്ങള്‍ക്കിടയിലെ ഇഷ്ടിക പാകിയ നടപ്പാതയുടെ ഇരുവശങ്ങളിലും മൊലിയേറുടെയും പ്രൂസ്തിന്റെയും ശവമാടങ്ങള്‍ കാണാം.

ആദ്യംതന്നെ പോയിക്കാണണമെന്ന് വിചാരിച്ചത്, ലൂവ്ര് മ്യൂസിയമായിരുന്നു. പക്ഷേ, അത് അവസാനമേ സാധിച്ചിരുന്നുള്ളൂ. കണ്ടാലും കണ്ടാലും തീരാത്തത്ര കലാസൃഷ്ടികളുണ്ട് ലൂവ്രിലെ ചുമരുകളില്‍. മുഴുവനും വിസ്തരിച്ച് കാണണമെങ്കില്‍ ചുരുങ്ങിയാല്‍ ഒരാഴ്ച വേണം. സ്ഫുമാറ്റോ ടെക്നിക് ഉപയോഗിച്ച് വരച്ച രണ്ട് വിശ്വോത്തര ചിത്രങ്ങള്‍ ലൂവ്രിലുണ്ട്. ഒന്ന് മൊണാലിസയാണ്. മറ്റൊന്ന് ആന്‍ഡ്രിയ മാഗ്നെല്ലിയുടെ ദ് ലമെന്റേഷന്‍ ഓഫ് ക്രൈസ്ത്തും. അതുപോലെ വേറെയും ചിത്രങ്ങള്‍ അവിടെ ഉണ്ടെന്നുവരാം. ഞാന്‍ സ്ഫുമാറ്റോ ചിത്രങ്ങള്‍ ഫോട്ടോകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. നേരിട്ടുകാണാനും ആ ടെക്നിക് മനസ്സിലാക്കാനും വലിയ മോഹമുണ്ടായിരുന്നു. ലൂവ്ര് മ്യൂസിയത്തിനുമുമ്പിലെ നീണ്ട വരിയില്‍ ഞാന്‍ കാത്തുനിന്നു. അല്പസമയത്തിനുള്ളില്‍ മോണാലിസയുടെ മുമ്പിലെത്തുമെന്ന ചിന്തയില്‍ ഞാന്‍ ആനന്ദത്തില്‍ ആറാടി.

സേന്‍ നദിയുടെ കരയിലെ ലൂവ്ര് മ്യൂസിയത്തിന്റെ ഒന്നാമത്തെ നിലയിലെ ദെനോങ് വിങ്ങില്‍ ഞാന്‍ മോണാലിസയുടെ മുമ്പില്‍ ചെന്നുനിന്നു.
മോളേ, ഞാനിതാ അവസാനം വന്നിരിക്കുന്നു.
നിന്നെ കാണാന്‍.
ഞാന്‍ മൊണാലിസയെ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കിനിന്നു. 

തുടര്‍ന്ന് വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രിസിദ്ധീകരിച്ച എം. മുകുന്ദന്റെ 'എന്റെ എംബസിക്കാല'ത്തിന്റെ പതിനെട്ടാം അധ്യായത്തില്‍നിന്ന്.)