എഴുത്തുകാര്‍ പേനയും നാവുമടക്കി പണിയെടുത്ത കാലമായിരുന്നു അടിയന്തരാവസ്ഥയുടേത്. ആ സമയത്തും അതിനുശേഷവും ഡല്‍ഹി പല കലാപങ്ങള്‍ കണ്ടു. അവയോടുള്ള പ്രതികരണങ്ങള്‍ ഉള്ളില്‍പ്പേറി എഴുത്തുകാരന്‍ നടന്നു. അവ പിന്നീട് കൃതികളായി മുളച്ചു.

To advertise here,

ജൂണില്‍ ഡല്‍ഹിയില്‍ കൊടും ചൂടായിരിക്കും. ഉഷ്ണമാപിനി നാല്‍പ്പത്തിമൂന്നും നാല്‍പ്പത്തിനാലും ഡിഗ്രിയിലേക്ക് കടക്കും. ഉച്ചവെയിലില്‍ ഇറങ്ങി നടന്നാല്‍ സൂര്യാഘാതമേറ്റ് വീഴാം. മരിച്ചെന്നും വരാം. വീട് ഒരു ഇസ്തിരിപ്പെട്ടി പോലെയിരിക്കും. ഫാന്‍ ഓണ്‍ ചെയ്താല്‍ ചുടുകാറ്റാണ് വമിക്കുക. ഇടയ്ക്കിടെ നീണ്ട കറന്റ് കട്ടുമുണ്ടാകും. രാത്രികള്‍ ഉറക്കം വരാതെ കിടക്കയില്‍ തിരിഞ്ഞുംമറിഞ്ഞും കിടക്കാനുള്ളതാണ്. കുളിക്കുമ്പോഴാണ് വെള്ളംനില്‍ക്കുക. വെള്ളംവന്നാല്‍ തന്നെ പ്രഷര്‍ ഉണ്ടാകില്ല. രണ്ടാംനിലയിലും മൂന്നാംനിലയിലും മറ്റും താമസിക്കുന്നവര്‍ താഴെനിന്ന് വെള്ളം ബക്കറ്റുകളില്‍ നിറച്ച് മുകളില്‍ കൊണ്ടുവരണം. ദാഹം കാരണം മരക്കൊമ്പുകളിലിരുന്ന് പക്ഷികള്‍ ചിലയ്ക്കുന്നുണ്ടാകും. പട്ടികള്‍ കുരയ്ക്കുന്നുണ്ടാകും. ഉഷ്ണകാലത്ത് ഡല്‍ഹി ഒരു മരുഭൂമിയായി മാറിയതായി തോന്നും.

1974 ജൂണിലെ ഉറക്കം വരാതെ കിടക്കുന്ന ഒരു രാത്രി, ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍, തീ നിറമുള്ള ആകാശമാണ് കണ്ടത്. മേഘങ്ങള്‍ക്കുപകരം തീക്കൂട്ടങ്ങളാണ് അതിലൂടെ നിങ്ങിപ്പോയതെന്ന് തോന്നി. ഒരു മണല്‍ക്കാറ്റ് ഉയിരെടുക്കുന്നുണ്ടായിരുന്നു. ആ ഉഷ്ണകാല വിഭ്രാന്തികള്‍ക്കിടയില്‍ ഒരു ശബ്ദം എന്റെ കാതുകളില്‍ വന്നു തട്ടി മുഴങ്ങി:  ''രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് ഇരുപത്തിയേഴു വര്‍ഷങ്ങള്‍ കഴിഞ്ഞു. നീണ്ട ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ എന്നിട്ടും വിലക്കയറ്റവും അഴിമതിയും കാരണം ജനം വലയുകയാണ്. ജനം പട്ടിണി കിടക്കുകയാണ്. സഹോദരരേ, നമുക്കാവശ്യം ഒരു വിപ്ലവമാണ്. സമ്പൂര്‍ണ ക്രാന്തി. അതില്‍ കുറഞ്ഞതൊന്നും നമുക്കു വേണ്ട.''

പട്നയിലെ ഗാന്ധി മൈതാനത്ത് ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ജയപ്രകാശ് നാരായണ്‍ സംസാരിക്കുന്നതാണ് ഞാന്‍ ഡല്‍ഹിയിലിരുന്നുകേട്ടത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമിരുന്ന് എന്നെപ്പോലെ ഒട്ടേറെപ്പേര്‍ അതു കേട്ടു കാണും. രാത്രിയെന്നും പകലെന്നുമില്ലാതെ, എംബസിയിലിരുന്ന് ജോലിചെയ്യുമ്പോള്‍ പോലും ആ ശബ്ദം എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീട് അത് ജെ.പി.യുടെതന്നെ മറ്റൊരുശബ്ദത്തില്‍, ഗര്‍ജനത്തില്‍ ലയിച്ചു. ''സിംഹാസനം ഒഴിയുക. ജനം വരികയായി. സിംഹാസന്‍ ഖാലി കരോ കി ജനത ആത്തി ഹൈ.'' ഡല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍നിന്ന് ലക്ഷക്കണക്കിനു മനുഷ്യര്‍ അതേറ്റു പാടി. ആ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി ഞാനുമുണ്ടാകേണ്ടതായിരുന്നു. രാംലീല മൈതാനത്തിനരികിലെത്തിയ ഞാന്‍ ജനസമുദ്രത്തെയും പോലീസിനെയും പട്ടാളത്തെയും കണ്ട് ഭയന്ന് തിരികെപ്പോരുകയാണുണ്ടായത്. പക്ഷേ, എന്റെ മനസ്സ് അവിടെയുണ്ടായിരുന്നു. അവിടെയെന്നല്ല ജെ.പി. പോകുന്നിടത്തെല്ലാം മനസ്സാലെ ഞാനുമുണ്ടായിരുന്നു കൂടെ. ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്, അമേരിക്കയില്‍ ഉപരിപഠനം നടത്തി, അവിടെ വെച്ചു തന്നെ മാര്‍ക്‌സിന്റെ ദാസ് കാപിറ്റല്‍ വായിച്ച്, എം.എന്‍. റോയിയെ പിന്തുടര്‍ന്ന ജയപ്രകാശ് നാരായണ്‍ എന്റെ എളിയ രാഷ്ട്രീയ അവബോധത്തില്‍ മാതൃകാപുരുഷനായി തിളങ്ങിനിന്നു.

placeholder
വര: പ്രശാന്ത് ഒളവിലം

സമ്പൂര്‍ണ വിപ്ലവത്തിന്റെ മുന്നേറ്റത്തെ തടയാന്‍ ഇന്ദിരാഗാന്ധി തോക്കുപയോഗിച്ചില്ല. പകരം അടിയന്തരാവസ്ഥ എന്ന ആയുധം ഉപയോഗിച്ചു. എല്ലാവരെയും നിശ്ശബ്ദരാക്കി. അടിയന്തരാവസ്ഥയ്‌ക്കെതിരേ ശബ്ദിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ, ശബ്ദിച്ചില്ല. ഭയം തന്നെയായിരുന്നു കാരണം. ഞാന്‍ മാത്രമല്ല നിശ്ശബ്ദനായത്. എന്റെ അറിവില്‍ ഡല്‍ഹിയിലെ ഒരു മലയാളി എഴുത്തുകാരനും അന്ന് ഇന്ദിരാ ഗാന്ധിക്കെതിരേ ശബ്ദിച്ചിരുന്നില്ല. വിജയന്‍ 'ധര്‍മപുരാണം' എഴുതിയത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുമ്പായിരുന്നുവെങ്കിലും അത് പ്രസിദ്ധീകരിച്ചത് അടിയന്തരാവസ്ഥ പിന്‍വലിച്ചതിനു ശേഷമായിരുന്നു. അടിയന്തരാവസ്ഥയെ വിജയനും ഭയന്നിരുന്നു. പുറത്തിറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമോ എന്ന ഭയമായിരുന്നു എല്ലാവര്‍ക്കും. പേടികളുടെ കാലമായിരുന്നു അത്. ദുഃസ്വപ്നങ്ങളുടെ കാലം. ഡല്‍ഹി ഒരു പ്രേതഭൂവായി മാറിയ കാലം.

കവി രാംധാരി സിങ് ദിനകര്‍ പാടിയതുപോലെ, ജെ.പി. ഏറ്റുപാടിയതുപോലെ അവസാനം ഒരു നാള്‍ ഇന്ദിരാജിക്ക് സിംഹാസനം ഒഴിയേണ്ടിവന്നു. ജനം വാതില്‍പ്പുറത്ത് വന്നു നില്‍ക്കുന്നുണ്ടായിരുന്നു. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജിവിച്ചിരുന്നുവെങ്കിലും അവിടത്തെ രാഷ്ട്രീയ ഭൂമികയില്‍ എനിക്ക് ചെറിയൊരു പങ്കുപോലും വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ കാഴ്ചക്കാരന്‍ മാത്രമായിരുന്നു. എന്നാല്‍, ഞാന്‍ നിസ്സംഗനായ കാഴ്ചക്കാരന്‍ മാത്രമായിരുന്നില്ല. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഞാന്‍ കുണ്ഠിതനും ദുഃഖിതനുമായിരുന്നു. യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് പാകിസ്താനില്‍നിന്ന് ദശലക്ഷം അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചപ്പോള്‍ അവരുടെ ഭാവിയില്‍ ഞാന്‍ ആശങ്കപ്പെട്ടിരുന്നു. സഞ്ജയ് ഗാന്ധി ജുമാ മസ്ജിദ് പരിസരങ്ങളില്‍ തലമുറകളായി താമസിക്കുന്ന പാവം മുസ്ലിം കുടുംബങ്ങളെ ബുള്‍ ഡോസര്‍ ഉപയോഗിച്ച് കുടിയൊഴിപ്പിച്ചപ്പോള്‍ ആ ധാര്‍ഷ്ട്യത്തിനുമുന്നില്‍ ഞാന്‍ രോഷംകൊണ്ടുനിന്നിരുന്നു. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ ഭാഗമായി ഇന്ദിരാ ഗാന്ധി പുണ്യഭൂവായ അമൃത്സറിലെ സുവര്‍ണ ഗുരുദ്വാരയില്‍ സൈനികരെ പറഞ്ഞയച്ചപ്പോള്‍ ഞാന്‍ നടുങ്ങിപ്പോയിരുന്നു. സഞ്ജയ് ഗാന്ധിയുടെ അമ്മയെ സ്വന്തം സുരക്ഷാഭടന്മാര്‍ വെടിവെച്ചു കൊന്നപ്പോള്‍ ഞാന്‍ നടുങ്ങുകയും വേദനിക്കുകയും ചെയ്തിരുന്നു. മഹാത്മാ ഗാന്ധിയുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാരുടെ കൂലിപ്പട്ടാളം ആയിരക്കണക്കിന് സിഖ്മതക്കാരെ കൊടുംകൊല ചെയ്തപ്പോള്‍ ഉള്ളില്‍ ശമനമില്ലാത്ത വേദന ഞാനറിയുകയുണ്ടായി.

അപ്പോഴൊക്കെ ക്ഷോഭവും വേദനയും ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുകമാത്രം ചെയ്തു. ഞാന്‍ പ്രതിഷേധിച്ചില്ല. ഒരക്ഷരം മിണ്ടിയില്ല. കാരണം ഞാനൊരു എഴുത്തുകാരനായിരുന്നു. മറ്റുള്ളവര്‍ പുറത്തറിയുന്ന വ്യഥകളും വൈകാരിക സംഘര്‍ഷങ്ങളും എഴുത്തുകാര്‍ ഉള്ളില്‍ അറിയുകയാണ് ചെയ്യുന്നത്. അതാണ് പില്‍ക്കാലം അവര്‍ കഥകളായും നോവലുകളായും കവിതകളായും ആവിഷ്‌കരിക്കുന്നത്. അങ്ങനെയാണ് ഞാന്‍ 'ഡല്‍ഹിഗാഥകള്‍' എഴുതിയത്. അന്ന് ഞാന്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നുവെങ്കില്‍ 'ഡല്‍ഹി ഗാഥകള്‍' ഉണ്ടാകില്ലായിരുന്നു. ഈ വിനീതനായ എഴുത്തുകാരന്‍ വായനക്കാരോട് ഒരു ചോദ്യം ചോദിക്കട്ടെ: ''തെരുവിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും സമരം ചെയ്യുകയും ചെയുന്ന എഴുത്തുകാരെയാണോ നിങ്ങള്‍ക്കാവശ്യം? അല്ലെങ്കില്‍ സമൂഹത്തിന്റെ വേദനകളത്രയും ആന്തരികവത്കരിച്ച് ആത്മാവില്‍ ചാലിച്ചെഴുതുന്ന സാഹിത്യ സൃഷ്ടികളാണോ നിങ്ങള്‍ക്കാവശ്യം?'' രണ്ടാമത് പറഞ്ഞതാണ് വേണ്ടതെന്ന് നിങ്ങള്‍ പറഞ്ഞാല്‍ എനിക്ക് സന്തോഷമായി. അടിന്തരാവസ്ഥക്കാലത്ത് ഞാന്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് പോലീസിന്റെ തല്ലുകൊണ്ടിരുന്നെങ്കില്‍, ജെ.സി.ബി. പുരസ്‌കാര വിധികര്‍ത്താക്കള്‍ ഐതിഹാസിക മാനങ്ങളുള്ള കൃതിയെന്ന് വിശേഷിപ്പിച്ച ഒരു നോവല്‍ ഭാഷയ്ക്ക് ലഭിക്കില്ലായിരുന്നു. 

പോലീസിനെക്കുറിച്ചു പറയുമ്പോള്‍ പോലീസ് സ്റ്റേഷനെക്കുറിച്ചു കൂടി പറയണമല്ലോ. രണ്ടുതവണ ഞാന്‍ ഡല്‍ഹിയിലെ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടുണ്ട്. അത് കട്ടതിന്റെയോ പിടിച്ചുപറിച്ചതിന്റെയോ പെണ്ണിനെ പീഡിപ്പിച്ചതിന്റെയോ പേരിലായിരുന്നില്ല. ആദ്യത്തേത് ഇന്ത്യ- പാകിസ്താന്‍ യുദ്ധകാലത്തായിരുന്നു. യുദ്ധകാലമാണെന്ന കാര്യം മറന്ന് ഞാന്‍ ഡിഫന്‍സ് കോളനിയിലൂടെ സൈക്കിളോടിച്ചു പോകുകയായിരുന്നു. മാര്‍ക്കറ്റ് പൂര്‍ണമായി അടഞ്ഞുകിടന്നിരുന്നു. നിരത്തുകള്‍ വിജനമായിരുന്നു. ഇടയ്ക്ക് ഒന്നുരണ്ടു തവണ സൈനികവാഹനങ്ങള്‍ കടന്നുപോയി. ആ വാഹനങ്ങളില്‍ തോക്ക് ധരിച്ച സൈനികരുണ്ടായിരുന്നു. അപ്പോഴാണ് ഓര്‍ത്തത്, ഞാന്‍ യുദ്ധകാലത്തിലൂടെയാണ് സൈക്കിള്‍ ചവിട്ടിപ്പോകുന്നതെന്ന്. യുദ്ധകാലത്ത് നഗരം എങ്ങനെയിരിക്കും എന്ന് മനസ്സിലാക്കാന്‍ ആ സൈക്കിള്‍ സഞ്ചാരം സഹായിച്ചു.
''സാലേ കുത്തേ നിയ്യെവിടെയാ പോകുന്നത്?''
ഒരു പോലീസുകാരന്‍ എവിടെ നിന്നെന്നറിയില്ല, എന്റെ മുമ്പില്‍ അവതരിച്ചു.
''ക്യാ നാം ഹേ തേരാ?''
ഞാന്‍ പേര് പറഞ്ഞു.
''മദ്രാസിയാണോ? എന്താ നിനക്ക് പണി?''
പണിയൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. അത് സത്യമായിരുന്നു. അപ്പോള്‍ എനിക്ക് കാര്യമായി ജോലിയൊന്നുമില്ലായിരുന്നു. ഞാന്‍ ചെയ്ത ഏക ജോലി എഴുത്തുകാരനാകുന്നത് സ്വപ്നം കണ്ടു നടക്കല്‍ മാത്രമായിരുന്നു.
''ഛലോ പോലീസ് സ്റ്റേഷന്‍.''

അപ്പോള്‍ മാത്രമാണ് സംഗതി എത്രമാത്രം ഗൗരവതരമാണെന്ന് മനസ്സിലായത്. ഭയം എന്നില്‍ അരിച്ചിറങ്ങി. തൊട്ടരികിലായിരുന്നു ഡിഫന്‍സ് കോളനി പോലീസ് സ്റ്റേഷന്‍. ഞാനത് കണ്ടിരുന്നില്ല. അതെന്റെ ഒരു സ്വഭാവമാണ്. ചില നേരങ്ങളില്‍ ചാരെയുള്ളത് ഞാന്‍ കാണില്ല. പകരം ദൂരെയുള്ളത് കാണുകയും ചെയ്യും. ഒരു താക്കീത് നല്‍കി പോലീസുകാര്‍ എന്നോട് പോകാന്‍ പറഞ്ഞു. വി.കെ.എന്നോ രാജന്‍ കാക്കനാടനോ ആയിരുന്നെങ്കില്‍ പോകുന്നതിനുമുമ്പ് അവരോട് അല്പം കാശ് ചോദിച്ചേനേ.

(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രിസിദ്ധീകരിച്ച എം. മുകുന്ദന്റെ 'എന്റെ എംബസിക്കാല'ത്തിന്റെ പതിനേഴാം അധ്യായത്തില്‍നിന്ന്)

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.