'ഡോണ്‍ ക്വിക്‌സോട്ട് മരിക്കുന്നു, നോവല്‍ അവസാനിക്കുകയും ചെയ്യുന്നു. കഥയുടെ അവസാനം തര്‍ക്കമറ്റതാണ്; കാരണം ഡോണ്‍ ക്വിക്‌സോട്ടിന് മക്കളില്ല. മക്കളുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം നീണ്ടുപോകുമായിരുന്നു, അനുകരിക്കപ്പെടുമായിരുന്നു അല്ലെങ്കില്‍ മത്സരം നിറഞ്ഞതാകുമായിരുന്നു; പ്രതിരോധിക്കപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യുമായിരുന്നു; കുട്ടിക്കാലം മുതലേ നമ്മള്‍ കേട്ടുശീലിക്കുന്നത് അതാണ്: നിങ്ങളുടെ ജീവിതം കുഞ്ഞുങ്ങളിലൂടെ തുടര്‍ച്ചയുള്ളതായിത്തീരും. പക്ഷേ എന്റെ കഥ എന്റെ ജീവിതത്തെ അതിലംഘിച്ചാല്‍ അതൊരു സ്വതന്ത്രസത്തയല്ലെന്നാണര്‍ത്ഥം.'

To advertise here,

ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളുടെ പഠനത്തില്‍ മിലാന്‍ കുന്ദേര ഇങ്ങനെ എഴുതുന്നു: ഓര്‍മകളും ഒരു പക്ഷേ മക്കളെപ്പോലെയാണ്. യഥാര്‍ത്ഥത്തിലുള്ളവരല്ല, സങ്കല്പത്തിലെ കുഞ്ഞുങ്ങള്‍. ഒഴുക്കു നിലച്ച ജീവിതം അതിലൂടെ തുടര്‍ച്ചയുള്ളതായിത്തീരും.

'പണ്ടേ മരിച്ചവര്‍ അടുത്തകാലത്ത് മരിച്ചവര്‍ക്ക് ഇടംനല്‍കട്ടെ'  (Let the Old Dead Make Room for the Young Dead) എന്ന മനോഹരമായ കഥയില്‍ കുന്ദേര വരച്ചിടുന്നത് ഇങ്ങനെയുള്ള ഒരാളെയാണ്. അയാള്‍ക്കുള്ളതും കുറച്ച് ഓര്‍മകളാണ്, പക്ഷേ ഓര്‍മകളിലാണ് അയാള്‍ ജീവിക്കുന്നതെന്നൊന്നും പറഞ്ഞുകൂടാ. ആ സ്മരണകളില്‍ മിക്കതും അയാള്‍ക്ക് കൈമോശം വന്നുകഴിഞ്ഞു.

ജോലി കഴിഞ്ഞ് തെരുവോരത്തിലൂടെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു ആ മുപ്പത്തിയഞ്ചുകാരന്‍. അവിടെയാണ് വര്‍ഷങ്ങളായി അയാള്‍ കഴിഞ്ഞുകൂടുന്നത്. വലിയ പകിട്ടൊന്നുമില്ലാത്ത ആ ജീവിതവുമായി അയാള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു; അതുപോലെ ഏഷണിക്കാരായ അയല്‍ക്കാരോടും വിരസമായ ജോലിയോടും. എതിരെ വന്ന സ്ത്രീയെ അയാള്‍ ശ്രദ്ധിച്ചില്ല. പക്ഷേ അവള്‍ അയാളെ ദൂരെ നിന്നേ തിരിച്ചറിഞ്ഞിരുന്നു. പരസ്പരം കടന്നുപോയ നിമിഷത്തില്‍ അവള്‍ അയാളോട് പുഞ്ചിരിച്ചു. അതാണ് അയാളെ കൊളുത്തിവലിച്ചത്.

തിരിച്ചറിയാതെ പോയതിന് അയാളവളോട് ക്ഷമ ചോദിച്ചു. അവര്‍ തമ്മില്‍ കണ്ടിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. 'ഞാനത്രമാത്രം മാറിപ്പോയോ?' അവള്‍ ചോദിച്ചു. അവള്‍ മാറിക്കഴിഞ്ഞിരുന്നു. അവള്‍ക്കിപ്പോള്‍ അന്‍പതു വയസ്സുണ്ട്. പക്ഷേ ആ ചിരി അതുപോലെ തന്നെ നിന്നു. പ്രാഗിലേക്കുള്ള അവളുടെ ട്രെയിന്‍ വരാന്‍ രാത്രിയാകും. അയാളവളെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. അവള്‍ സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു.

അവള്‍ക്കന്നൊരു ചീത്ത ദിവസമായിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ് അവിടെവെച്ചാണ് അവളുടെ ഭര്‍ത്താവ് മരിച്ചത്. പണം മുന്‍കൂര്‍ നല്‍കി പത്തു വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തതായിരുന്നു അയാളുടെ ശവക്കല്ലറ. പക്ഷേ പാട്ടക്കാലാവധി കഴിഞ്ഞത് അവളോര്‍ക്കാതെപോയി. എല്ലാ ആത്മാക്കളുടെയും ദിവസമായ നവംബര്‍ രണ്ടിന് പതിവുപോലെ ശവക്കല്ലറയില്‍ പൂക്കളര്‍പ്പിക്കാന്‍ വന്ന അവള്‍ക്ക് ഭര്‍ത്താവിന്റെ സ്മാരകശില കണ്ടെത്താന്‍ കഴിഞ്ഞില്ല. അവള്‍ ശ്മശാനം സൂക്ഷിപ്പുകാരോട് പരാതിപ്പെട്ടു. പാട്ടക്കരാര്‍ പുതുക്കാത്തത് തങ്ങളുടെ തെറ്റല്ലെന്ന് അവര്‍ കൈമലര്‍ത്തി: ''സെമിത്തേരിയില്‍ സ്ഥലം കുറവാണ്. പണ്ടേ മരിച്ചവര്‍ അടുത്തകാലത്ത് മരിച്ചവര്‍ക്ക്  ഇടം നല്‍കട്ടെ.' അവര്‍ പറഞ്ഞു. ആദ്യത്തെ മരണം പോലെ, ഭര്‍ത്താവിന്റെ ഈ രണ്ടാം മരണവും തടയാന്‍ കഴിയാഞ്ഞതോര്‍ത്ത് അവള്‍ കരഞ്ഞുപോയി. പട്ടണത്തിലൂടെ ലക്ഷ്യമില്ലാതെ അലയുമ്പോഴാണ് അവളയാളെ കണ്ടത്.

അയാള്‍ക്കാവട്ടെ ജീവിതത്തില്‍ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ല- നല്ലൊരു ജോലി, യാത്രകള്‍, വിനോദങ്ങള്‍ ഒന്നും. സുന്ദരനായിരുന്നിട്ടും ഒരു സ്ത്രീയും അയാളെ സ്‌നേഹിച്ചില്ല. അയാളുടെ ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു കാരണം. ഇപ്പോള്‍ അയാള്‍ക്ക് കഷണ്ടികയറിത്തുടങ്ങി, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വറ്റിത്തുടങ്ങി. അതുകൊണ്ടുതന്നെ തന്റെ ജീവിത്തിലൂടെ കടന്നുപോയ ആ സ്ത്രീയെ തിരിച്ചറിയാതെ പോയത് അയാളെ വിഷമിപ്പിച്ചു.

ഒരുകാലത്ത്  ഒരുപാട് ആണുങ്ങളുടെ ആരാധനാപാത്രമായിരുന്നു അവള്‍. ഭര്‍ത്താവിനെ വഞ്ചിക്കുന്നതില്‍ അവള്‍ക്ക് വിഷമമൊട്ടും തോന്നിയതുമില്ല. പക്ഷേ ഇപ്പോള്‍ അവളുടെ മകന്‍ വലുതായി. പുരുഷന്മാരെ ആകര്‍ഷിക്കുന്ന അമ്മയുടെ ഭംഗിയെ അവന്‍ വെറുത്തു. അവന് അനാകര്‍ഷയായ ഒരു വൃദ്ധയെ മതി. അവന്റെ നിര്‍ബന്ധം കൊണ്ടാണ് അവള്‍ എല്ലാ വര്‍ഷവും ഭര്‍ത്താവിന്റെ കല്ലറ സന്ദര്‍ശിക്കാന്‍ വന്നത്. മരിച്ച അച്ഛന്റെ ഓര്‍മ പുതുക്കുന്നതിലൂടെ അമ്മയ്ക്ക് വയസ്സാകുമെന്ന് അവളുടെ മകന്‍ കരുതി. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ ശവക്കല്ലറ നഷ്ടപ്പെട്ടത് അവളെ കൂടുതല്‍ ഭയപ്പെടുത്തിയത്. മകന്റെ നിര്‍ദ്ദയമായ ശകാരം അവള്‍ക്ക് ഓര്‍ക്കാന്‍ കൂടിവയ്യ.

അയാളാകട്ടെ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ മുറിയിലേക്ക് കയറി വന്ന അവളെക്കുറിച്ചോര്‍ക്കുകയായിരുന്നു. അന്ന് ഒരു വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍. ഹോസ്റ്റല്‍ മുറിയില്‍ അയാള്‍ തനിച്ചായ ദിവസം അവള്‍ വന്നു. പക്ഷേ അവള്‍ കാണ്‍കെ വസ്ത്രമഴിക്കാന്‍ അയാള്‍ക്ക് മടിയായിരുന്നു. അയാള്‍ വെളിച്ചമണച്ചു. ഇരുട്ടില്‍ തന്റെ കൂടെക്കിടക്കുന്നത് അവളല്ല മറ്റാരോ ആണെന്ന് അയാള്‍ക്കു തോന്നി. വേഴ്ച്ച നടത്തുമ്പോള്‍ അവളെന്തോ പറയുന്നുണ്ടായിരുന്നു. പക്ഷേ അതെന്താണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. 

അതിനുശേഷം അവളയാളെ ഒരിക്കലും കാണാന്‍ വന്നില്ല. അവള്‍ ഒഴിഞ്ഞുമാറി. പിന്നെ അവളെ കാണാതായി. ഭര്‍ത്താവിന്റെ കൂടെ അവള്‍ പ്രാഗിലേക്ക് പോയത് അയാള്‍ പിന്നീടറിഞ്ഞു. പക്ഷേ പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അവള്‍ തിരിച്ചു വന്നതും ഭര്‍ത്താവിന്റെ മരണശേഷം വീണ്ടും പ്രാഗിലേക്ക് താമസം മാറ്റിയതും അയാള്‍ക്കറിയില്ലായിരുന്നു.

'അന്ന് നീയെന്താണ് പറഞ്ഞു കൊണ്ടിരുന്നത്?' അയാള്‍ ചോദിച്ചു. 'അന്ന് ഞാനെന്താണ് പറഞ്ഞുകൊണ്ടിരുന്നത്?' അവള്‍ തിരിച്ചുചോദിച്ചു. അയാളവളുടെ കൈകളില്‍ തലോടാന്‍ തുടങ്ങി. ഭംഗിയുറ്റതായിരുന്ന അവളുടെ കൈകള്‍ ആണുങ്ങളുടേതു പോലെ ഞരമ്പുകള്‍ കെട്ടുപിണഞ്ഞതായിക്കഴിഞ്ഞു. പക്ഷേ സാരമില്ല, അന്ന് ഇരുട്ടത്ത് കാണാന്‍ കഴിയാതെ പോയ അവളെ അയാള്‍ക്കിപ്പോള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞേക്കാം. അയാളവളെ ശരീരത്തോട് ചേര്‍ത്തു.

അവള്‍ കുതറി. അവളിപ്പോള്‍ വൃദ്ധയാണ്. തല നരച്ചു. ശരീരം ചുളിഞ്ഞു. കവിളുകള്‍ തൂങ്ങി. വയറ്റിലെ ശസ്ത്രക്രിയാമുറിവിന്റെ വൃത്തികെട്ട അടയാളം അയാള്‍ കാണുന്നതോര്‍ത്ത് അവള്‍ പേടിച്ചു. തന്റെ ശരീരത്തിനു വേണ്ടി അപേക്ഷിക്കുന്ന അവസാനത്തെ പുരുഷന്‍ അയാളാണെന്ന് തീര്‍ച്ചയാണ്. പക്ഷേ പ്രായം ബാധിച്ച ആ ശരീരം അവനില്‍ തന്നെക്കുറിച്ചശേഷിപ്പിച്ച സ്മാരകം തകര്‍ത്തു കളയുമല്ലോ എന്നവള്‍ വിഷമിച്ചു. പിന്നെയവളോര്‍ത്തു. തനിക്കിപ്പോള്‍ ആസക്തികളില്ല. എല്ലാ സ്മാരകങ്ങളും തനിക്ക് വെളിയിലാണ്. ''പണ്ടേ മരിച്ചവര്‍  അടുത്തകാലത്ത് മരിച്ചവര്‍ക്ക് ഇടം നല്‍കട്ടെ' അവള്‍ പറഞ്ഞു. എന്നിട്ട് വസ്ത്രമഴിക്കാന്‍ തുടങ്ങി.

ഓര്‍മ, മറവി സങ്കല്പം, യാഥാര്‍ത്ഥ്യം ഇവയെല്ലാം മനുഷ്യമനസ്സിലുണ്ടാക്കുന്ന കൂടിച്ചേരലുകളും വേര്‍പിരിയലുകളും ഇതിലും നന്നായി മറ്റാരും ആവിഷ്‌കരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ചെക്ക് കവിയായ യറോസ്ലാവ് സെഫെര്‍ട്ട് എഴുതിയതു പോലെ 'ചില സമയങ്ങളില്‍ ഒരു വാക്ക് മറ്റൊന്നിനു മേല്‍ അലതല്ലുന്നു, അത് സുനിശ്ചിതത്തിനെ ബലപ്പെടുത്തുന്നു' എന്ന് കുന്ദേരുടെ ഈ കഥ കാണിച്ചു തരുന്നു. പക്ഷേ ആ സുനിശ്ചിതാവസ്ഥക്ക് നിമിഷങ്ങളുടെ ആയുസ്സേ ഉള്ളൂവെന്നു കൂടി പറയാതെ പറയുന്നു.