''പാപിയുടെ കഷായം പുനത്തിലിനെക്കുറിച്ചു പറയുമ്പോൾ ആദ്യം ഓർമ വരിക അതാണ്. കാസർകോട് ഒരു സാംസ്കാരികസമ്മേളനത്തിൽ അദ്ദേഹം നടത്തിയ ഒരു വിവാദപ്രസംഗത്തിന് കൊടുത്ത പേരാണ് 'പാപിയുടെ കഷായം'. ജീവിതത്തിൽ എനിക്ക് അച്ഛനോടും അമ്മയോടും കടപ്പാടില്ല എന്നായിരുന്നു ആ പ്രസംഗത്തിൽ അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്തുകൊണ്ടാണിങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒന്നുരണ്ടു കാര്യങ്ങൾ എടുത്തുപറയുകയുണ്ടായി. ഒന്ന് അദ്ദേഹവും മാതാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. ഉമ്മയ്ക്ക് പലപ്പോഴും മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. മാനസികനിലതെറ്റി വീടിന്റെ അകത്തളങ്ങളിൽ അവർ ചുരുണ്ടുകിടക്കുന്ന കാഴ്ച അദ്ദേഹത്തിന്റെ മനസ്സിൽ ഏറെ ദു:ഖമുളവാക്കിയിരുന്നു.

To advertise here,

പിതാവിന്റെ അസുഖവും പുനത്തിലിനെ അലട്ടിയിരുന്നു. തന്റെ പിതാവിന് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി അടയാറിൽ കൊണ്ടുപോയി. അക്കാലത്ത് തന്റെ തിരക്കുകളെല്ലാം മാറ്റിവച്ചുകൊണ്ട് ബാപ്പയെകാണാൻ പോകുമായിരുന്നു. പിതാവിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ നോക്കാൻ അവിടെയുള്ള മൂന്നാലു സുഹൃത്തുക്കളെ ഏർപ്പാടാക്കുകയും ചെയ്തിരുന്ന എഴുത്തുകാരനാണ് പരസ്യമായി പറഞ്ഞത് തനിക്ക് മാതാപിതാക്കളോട് ഒരു കടപ്പാടും ഇല്ല എന്ന്. അവരെ ഏറെ സ്നേഹിച്ചിരുന്ന ഒരു മകനെയാണ് അവിടെ കാണാൻ കഴിഞ്ഞത്. അത്തരത്തിലുള്ള വൈരുധ്യാനുഭവങ്ങളുടെ കലവറയായിരുന്നു പുനത്തിൽ.

പ്രത്യക്ഷ രാഷ്ട്രീയത്തിൽ പലപ്പോഴും പുനത്തിൽ ഇടപെട്ടിരുന്നുവെങ്കിലും അത്തരമൊരു രാഷ്ട്രീയപ്രസ്ഥാനത്തിനോട് യാതൊരു അടുപ്പമോ മമതയോ ഇല്ലെന്ന് പലവട്ടം തുറന്നുപറഞ്ഞയാളുമാണ്. ഏതെങ്കിലും ഒരു ചട്ടക്കൂടിൽ ഒതുങ്ങുന്ന ആളായിരുന്നില്ല പുനത്തിൽ. എഴുത്തുകാരൻ എന്ന നിലയിൽ പൂർണമായും ഒരെഴുത്തുകാരൻ. എഴുത്തിനോട് ഒരു തരത്തിലും സമരസപ്പെടാൻ തയ്യാറായിട്ടില്ല. പുനത്തിലിന്റെ പുസ്തകങ്ങൾ എന്നും ഒരു വിസ്മയാനുഭവമാണ്. വായിച്ചുകൊണ്ടിരിക്കേ തന്നെ നമ്മുടെയുള്ളിൽ സ്വയംപ്രതിഷ്ഠ നടത്തിക്കളയുന്ന കഥാപാത്രങ്ങളാണ് പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരന്റെ വീര്യം''- യു. കെ കുമാരൻ

സ്മാരകശിലകൾ, മരുന്ന്, ബ്രണ്ണൻ ദിനങ്ങൾ, പുനത്തിലിന്റെ സമ്പൂർണകഥകൾ, പുനത്തിലിന്റെ മിനിക്കഥകൾ...വായിക്കാം മാതൃഭൂമി ബുക്സിന്റെ പ്രത്യേക ഓഫറുകളോടെ.

പുനത്തിലിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Mathrubhumi Books collection of Punathil Kunjabdulla stories with Special Offer