മനു എസ് പിള്ളയുടെ 'Gods, Guns and Missionaries: The Making of Modern Hindu Identity' എന്ന ഗ്രന്ഥത്തെ മുന്‍നിര്‍ത്തി ദാമോദര്‍ പ്രസാദ് എഴുതുന്നു...

To advertise here,

'Certainly, 'Hinduism' as a term is of recent vintage'  എന്നാണ് മനു എസ്. പിള്ള നീരിക്ഷിക്കുന്നത്. ഹിന്ദുമതം എത്ര പ്രാചീനമാണ് ആധുനികമായിരിക്കെ / ഹിന്ദുമതം എത്ര ആധുനികമാണ് പ്രാചീനമായിരിക്കെ- ഇങ്ങനെ വിരുദ്ധകോണില്‍നിന്നും ഹിന്ദുമതത്തിന്റെ പരിവര്‍ത്തനങ്ങളെ കാണാം. പക്ഷെ എപ്പോഴാണ്‌ 'ഇസം' ഹിന്ദുവിനോടൊപ്പം കൂട്ടിചേര്‍ക്കപ്പെട്ടത്? ഹിന്ദു-ഇസം എന്നതിന്റെ ഭാഷാന്തരീകരണം ഹിന്ദു-മതമെന്നാണെങ്കിലും 'ഇസം' എന്ന പ്രത്യയം പാശ്ചാത്യമാണ്.

'ഇസം' പാശ്ചാത്യചിന്തയില്‍ ആവിര്‍ഭവിക്കുന്നത് പതിനാറാം നൂറ്റാണ്ടോടെയാണ്. പാശ്ചാത്യ ജ്ഞാനോദയത്തിന്റെ ആശയ രൂപീകരണമൂശയില്‍ നിന്നാണ് ഇതും ഉത്ഭൂതമാകുന്നത്. ഏകോപിതമായ വിശ്വാസസംഹിത എന്ന നിലയ്‌ക്കോ അല്ലെങ്കില്‍ ചില പ്രായോഗിക പ്രമാണങ്ങളെ  ഏകീകരിക്കുന്ന സംജ്ഞ എന്ന നിലയ്‌ക്കോ അര്‍ത്ഥം ധ്വനിപ്പിക്കുകയാണ് 'ഇസം' ലക്ഷ്യം വെയ്ക്കുന്നത്. പാശ്ചാത്യ ആധുനികതയുടെ വിശ്വാസഗതിയില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ സൂചകമായിട്ടാണ് ഇസം ഉപയുക്തമായിട്ടുള്ളതും. 

നാഷണലിസം, കമ്മ്യൂണിസം, ഫാസിസം- ഇതിലെ ഇസമെല്ലാം സംബോധന ചെയ്യുന്നത് ഇതേ ആശയം തന്നെ. ഇതേപോലെ തന്നെ പ്രയോഗക്ഷമമായ തത്വചിന്ത പദ്ധതികളും 'ഇസം' എന്ന പ്രത്യയഭാരത്തില്‍ സവിശേഷ വ്യവഹാരങ്ങളായി. മാര്‍ക്‌സിസം, ലെനിനിസം, ഗാന്ധിസം എന്നിങ്ങനെ. ഇസം പില്‍ക്കാലങ്ങളില്‍ അനേകങ്ങളായ ആശയങ്ങള്‍ക്കും പ്രയോഗ മാതൃകകള്‍ക്കും വ്യവഹാരികമായ സവിശേഷ അസ്തിത്വം നല്‍കി. വിലക്ഷണ അര്‍ത്ഥത്തിലും പ്രയോഗിക്കപ്പെട്ടു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മിക്കവാറും ഇസം എന്നത് ആരോപിതമാണ്. 

ഇസ്ലാമിസത്തെ ഇസ്ലാം വിശ്വാസികള്‍ ശക്തമായി എതിര്‍ക്കും. കാരണം, ഇസ്ലാമിസം മതത്തെയല്ല രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ബുദ്ധിസത്തിലെ ഇസവും ആരോപിതമാണെങ്കിലും മതത്തിന്റെ പരിധികളില്‍നിന്നാണ് വ്യവഹരിക്കപ്പെടുന്നത് - രാഷ്ട്രീയമായ നിഹിതാര്‍ത്ഥങ്ങള്‍ ഇതിന്റെ അന്തഃസാരത്തിലുണ്ടെങ്കിലും. ഹിന്ദുവിനോടൊപ്പം 'ഇസം' ചേര്‍ക്കപ്പെടുമ്പോള്‍ അത് ബഹുത്വമാര്‍ന്ന പല വിശ്വാസ വ്യവസ്ഥകളെയും ഏകീകരിക്കുകയും നൂതനമായൊന്നിനെ സൃഷ്ടിക്കുകയും കാലക്രമേണ പല പ്രകാരങ്ങളിലും പല കരണംമറിച്ചിലുകളിലൂടെയും
പുനഃസൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മതസ്വത്വ നിര്‍മിതിയാകുന്നു.   

പാശ്ചാത്യശക്തികള്‍ ഇന്ത്യ ഭൂഖണ്ഡത്തില്‍ അധിനിവേശിക്കുന്നതോടെ ഇവിടെ നിലനിന്നിരുന്ന, പ്രത്യേകിച്ചും ബ്രാഹ്‌മണിക്കലായ ആചാരങ്ങളോടും വിശ്വാസങ്ങളോടും മുട്ടിയും കിട്ടിയും ചിലപ്പോള്‍ കുഴങ്ങിയും മറ്റുചിലപ്പോള്‍ കൊടുത്തും തിരികെവാങ്ങിയും അധികാരശക്തിയുടെ പിന്‍ബലത്തിലുമാണ് ഹിന്ദു-ഇസം നിര്‍മ്മിതമാവുന്നത്. ഒറ്റത്തവണ നിര്‍മ്മിതമല്ലാത്തതിനാല്‍ അതിന്റെ ഘടന ഒരിക്കലും തീര്‍പ്പായതുമില്ല. അനേകം അടരുകള്‍ ഇതില്‍ ചേര്‍ന്നിട്ടുണ്ട്. അധിനിവേശപക്ഷത്തുനിന്നും ഏകപക്ഷീയവുമായിരുന്നില്ല ഈ നിര്‍മിതി. 

പല പക്ഷാന്തരങ്ങളുമുണ്ട്. ഏകമുഖമായ ഹിന്ദു -ഇസത്തെ സ്ഥാപിക്കുക എന്നത് ഒരു തുടര്‍പ്രക്രിയായിരുന്നു. അതെന്തായാലും ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നു തോന്നുന്നു. സാംസ്‌കാരവും രാഷ്ട്രീയവും ഇടകലരുന്ന അര്‍ത്ഥവത്തും; ചിലപ്പോള്‍ അസംബന്ധവുമായ കളി ഇതില്‍ കാണാം. നേരത്തെ സൂചിപ്പിച്ച പോലെ ബ്രാഹ്‌മണരായിരുന്നു ഇതില്‍ നടുനായകത്വം വഹിച്ചത്. അടിയാള സമുദായത്തിന്റെ അര്‍ത്ഥവത്തായ ഇടപെടലുകള്‍ക്ക് പത്തൊന്‍പതാം നൂറ്റാണ്ടു വരെ കാക്കേണ്ടി വന്നു. മധ്യകാലം മുതല്‍ക്കുള്ള പാശ്ചാത്യ ക്രൈസ്തവ മതവുമായുള്ള എതിരിടിലിലൂടെയും സന്ധിയാവലുകളിലൂടെയും രൂപീകൃതമായ ഹിന്ദു-ഇസത്തിന്റെ  അഥവാ ഹിന്ദു മതരൂപീകരണത്തിന്റെ പാന്‍-ഇന്ത്യന്‍ ബൃഹദ്കഥയാണ് മനു എസ്. പിള്ള സമ്പുഷ്ടമായ ആര്‍ക്കൈവല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ Gods, Guns and Missionaries: The Making of Modern Hindu Identity എന്ന ചരിത്രാഖ്യാനത്തിലൂടെ പ്രതിപാദിക്കുന്നത്. 

പതിനാറു മുതല്‍ പത്തൊന്‍പതാം നൂറ്റാണ്ട്‌ അവസാനം വരെയാണ് ഈ ആഖ്യാനത്തിലെ കാലഗതി. അതില്‍നിന്നുമുളള നീക്കിയിരിപ്പ് എന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടോടെ ഹിന്ദു -ഇസത്തിന്റെയും ഹിന്ദുത്വമെന്ന തീവ്രദേശീയവാദ പ്രത്യയശാസ്ത്രത്തിന്റെയും ആവിര്‍ഭാവവും ഇതില്‍ പ്രതിപാദ്യമാകുന്നുണ്ട്. ക്രൈസ്തവമത പ്രചാരകരും മത പരിവര്‍ത്തനോദ്യമത്തിൽ ഏര്‍പ്പെട്ടവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ഹിന്ദു മതം നിര്‍മ്മിതമാകുന്നതിനു മുന്നേ തന്നെ പേര്‍ഷ്യന്‍വത്കൃത ഇസ്ലാമിന്റെ ഭരണാധിപത്യമുള്ള കാലത്തിലും ഹിന്ദു മതം നിര്‍മാണ പ്രക്രിയയിലൂടെ കടന്നുപോയിട്ടുണ്ട്. ഇസ്ലാമിക ഭരണകാലത്തിന്റെയും പാശ്ചാത്യ അധിനിവേശത്തിന്റെയും പരോക്ഷഫലമായി ഹിന്ദു മതം നിര്‍മിതിമാവുകയായിരുന്നില്ല എന്നല്ല, മറിച്ച് ഈ നിര്‍മിതിയില്‍ സജീവമായ നിര്‍വ്വാഹകത്വം വഹിച്ചിരുന്നു. ഇവിടെ നിലനിന്നിരുന്ന ഭിന്നമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രയോക്താക്കളും വക്താക്കളുമായിരുന്നുവെന്നാണ് മനു എസ്. പിള്ളയുടെ ചരിത്രാഖ്യാനത്തില്‍നിന്നു വ്യക്തമാവുന്നത്. 

മനു എസ്. പിള്ള നല്‍കുന്ന ഒരു സാധര്‍മ്യം ഇവിടെ പ്രസക്തമാണ്. ഒരു മുറിയില്‍ അഞ്ച് തവിട്ടുനിറത്തിലുള്ള വ്യക്തികളുണ്ടെന്നുവെയ്ക്കുക. അവര്‍ ഓരോ നിലയില്‍ വ്യത്യസ്തര്‍. ഒരേ ജൈവവിഭാഗത്തില്‍പ്പെട്ടവരാണ് എന്നവര്‍ അംഗീകരിച്ചേക്കില്ല. അക്രമാസക്തമാകുംവിധം അവര്‍ പരസ്പരം വിയോജിച്ചേക്കാം. പക്ഷെ, വെള്ളക്കാരന്റെ കടന്നുവരവ് ഇതിനെ മാറ്റിമറിക്കുന്നു. തവിട്ടുനിറക്കാര്‍ അവരുടെ പൊതുസവിശേഷത തിരിച്ചറിയുന്നു. പുതുതായി പ്രവേശിക്കുന്നവര്‍ ഏതെങ്കിലും വിധത്തില്‍ ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ തവിട്ടുനിറക്കാര്‍ സംയുക്ത പ്രവര്‍ത്തനത്തിന് തയ്യാറാകാം. ആന്തരിക വൈരുധ്യം നിലനില്‍ക്കുമ്പോഴും വന്നവരുമായി പുതുസമ്പര്‍ക്കത്തിന് ചിലപ്പോള്‍ ശ്രമിക്കും ചെയ്‌തേക്കാം. ഇതെല്ലാം തന്നെ  ചലനാത്മകതയ്ക്ക് ഹേതുവാകുന്നു. 

മനു എസ്. പിള്ളയുടെ സാധര്‍മ്യ യുക്തി ഏറെക്കുറേ ശരിയാകാം. പക്ഷെ, ഇന്ത്യയിലേക്കുള്ള പാശ്ചാത്യ അധിനിവേശം രാഷ്ട്രീയതലത്തില്‍ അധികാരത്തിന്റെ തലത്തില്‍ ഒരു സംയോജനവും സൃഷ്ടിച്ചില്ലെന്നതാണ് ചരിത്രപരമായ വാസ്തവം. കൊളോണിയല്‍ ശക്തികളെ കൂട്ടുപിടിച്ചു തദ്ദേശീയ ഭരണാധികാരികള്‍ പരസ്പരം കണക്കുതീര്‍ക്കാനാണ് ശ്രമിച്ചതത്രയും. മതം ഏകീകൃതമായ ഒരു ചെറുത്തുനില്പിനും സഹായകമായില്ല എന്നതാണ്. ജാതിയാണെങ്കിലും ഏകീകരണത്തിനു വിഘാതമായിരിക്കുകയും ചെയ്തു. മറ്റെന്തിനേക്കാളും ജാതിവഴക്കങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു 'ഹിന്ദു' രാജഭരണങ്ങള്‍ക്ക് പ്രധാനമായിരുന്നത്.

രാജഭരണാധികാര കാലത്തില്‍ ജാതിസമൂഹങ്ങളായി വ്യതിരിക്തമായിരുന്നവര്‍ പില്‍ക്കാലത്തു 'ഹിന്ദു' എന്നു നാമകരണം ചെയ്യപ്പെട്ട വിഭാഗങ്ങള്‍ തമ്മില്‍ ആദ്യമേ പൊരുത്തം നിലനിന്നിരുന്നുവെന്നത്രെ. ഇസ്ലാമികപൂര്‍വ ഇന്ത്യയില്‍ തന്നെ ശൈവരും വൈഷ്ണവരും ശാക്തരും തമ്മില്‍ ജൈന- ബുദ്ധ മതങ്ങളില്‍നിന്നും വ്യതിരിക്തമായി പൊരുത്തങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഏകീകരണത്തിനുള്ള ഹേതുവായതു ബ്രാഹ്‌മണ പ്രേരണയായിരുന്നു. എന്നാല്‍, ഈ വിശ്വാസ സംഹിതകളില്‍നിന്നു വിദൂരെ നില്‍ക്കുന്ന പഞ്ചമരുടെ വിശ്വാസക്രമങ്ങള്‍ ഇവിടെ പരിശോധിക്കപ്പെടാതെ പോകുന്നുണ്ട്. പില്‍ക്കാലത്തു ഹിന്ദു -ഇസത്തിന്റെ ഏറ്റെടുക്കല്‍ പ്രക്രിയയുടെ ഭാഗമായി ദ്രാവിഡ ദൈവങ്ങള്‍ ഹിന്ദു വിശ്വാസക്രമത്തിന്റെ ഭാഗമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ആര്യവല്‍ക്കരണത്തിന്റെ പ്രക്രിയയിലൂടെയാണ് ഈ സ്വീകരണം നടന്നതെന്ന് മാത്രം. 

ഹിന്ദു മതത്തിന്റെ നിര്‍മിതിയില്‍ നടക്കുന്ന തുടര്‍പ്രക്രിയകളാണ് ഇതൊക്കെ. എന്നാല്‍, ഈ പ്രക്രിയയില്‍ സനാതനമായ സാമൂഹിക ശ്രേണീഘടനയില്‍ ഇളക്കങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള കരുതൽ ഉണ്ടായിരുന്നുവെന്നതാണ് കാണേണ്ടത്. ജാതി വ്യവസ്ഥ ഒരുഘട്ടത്തിലും ഉലഞ്ഞില്ലെന്നു മാത്രമല്ല, ഗ്രന്ഥാധിഷ്ഠിതമായ വിശ്വാസ പ്രമാണമല്ലാത്തതിനാല്‍ ഹിന്ദു -ഇസത്തിന്റെ ആശ്ലേഷശേഷി ഇന്ത്യയിലെ ഇസ്ലാം മതത്തിന്റെ ഉത്ഭവത്തിനുപോലും പൗരാണികമാണെന്നു വ്യഖ്യാനം നല്‍കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ വിഷ്ണുവില്‍നിന്നും ശിവനില്‍നിന്നുമുള്ള തുടര്‍ച്ചയാക്കി എന്നകാര്യം മനു എസ്. പിള്ള ചൂണ്ടിക്കാട്ടുന്നുണ്ട്. 

ആധുനിക ഹിന്ദുമതത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള മനു എസ്. പിള്ളയുടെ പുസ്തകം പ്രമേയവല്‍ക്കരിക്കുന്ന ഒരു പ്രധാന വിഷയം ഹിന്ദു മതത്തിന്റെ സമകാലികമായ അവതാരത്തിന്റെ പ്രത്യക്ഷീകരണമാണ്. ഒരു കാല്‍ പാരമ്പര്യത്തില്‍ ഉറപ്പിച്ചും മറ്റൊരു കാല്‍ യൂറോപ്യന്‍ ഭാവുകത്വത്തിലും ആശയക്കുഴപ്പങ്ങളിലും കുത്തിയുമാണ് ആധുനിക ഹിന്ദുമതം പ്രത്യക്ഷമാകുന്നത്. ഹിന്ദു ദൈവങ്ങളുടെ ബാഹ്യവതാരം പോലെ തന്നെ ഒരു വൈചിത്ര്യത കാലികമായ ഹിന്ദു മതത്തിന്റെ പ്രത്യക്ഷ പ്രകടനത്തിലുമുണ്ട്. ഇതില്‍ പരാമര്‍ശിതമാകുന്ന പാരമ്പര്യം തന്നെ, എറിക് ഹോബ്സ്ബാമിന്റെ പരികല്പന സ്വീകരിക്കുകയാണെങ്കില്‍, നിര്‍മ്മിതമാണ് (Invention of Tradition). 

ബഹുമുഖമായ വ്യതിരിക്ത ധാരകളില്‍നിന്നു സ്വരൂപമാകുന്ന വിശ്വാസക്രമത്തിന്റെ ഏകദേശ സ്വഭാവമുള്ള പൗരാണിക ഹിന്ദു മതവും ബ്രാഹ്‌മണ കൈകര്‍ത്തവ്യങ്ങളിലൂടെ വ്യവസ്ഥാപിതമായ ഹിന്ദു മതവുമാണ് നിലനിന്നിരുന്നത്. സനാതനമെന്നു നിനയ്ക്കുന്നത്‌ വാസ്തവത്തില്‍ രണ്ടാമതു പറഞ്ഞതാണ്. കൊളോണിയല്‍ വാഴ്ചയുടെ ആദ്യഘട്ടത്തിലെ പാശ്ചാത്യ സമ്പര്‍ക്കത്തോടെ പ്രതിയോഗമായും അനുയോഗമായും രൂപപ്പെട്ടതാണ് സനാതനമെന്നു വിശേഷിക്കപ്പെടുന്ന, എന്നാല്‍ തീര്‍ത്തും ആധുനികമായ ഹിന്ദു മതം. ഹിന്ദു മതം ഒരു സവിശേഷഗണത്തില്‍പ്പെട്ട ഗ്രന്ഥങ്ങളുടെ ആധികാരികതയില്‍ ഉറപ്പിച്ചു നിര്‍ത്തിയ വിശ്വാസമല്ല. പകരം ഏറ്റുമുട്ടലുകളിലൂടെ രൂപപ്പെട്ട കലര്‍പ്പുകളുടെ സംസ്‌കാരമാണ്. ഈ പറഞ്ഞ യാഥാര്‍ഥ്യം പുതിയൊരു കണ്ടെത്തലല്ല; വളരെ മുമ്പുള്ളതാണ്. 

പൗരസ്ത്യവാദത്തിന്റെ നീര്‍ച്ചാലുകള്‍ പോഷിപ്പിച്ച ഹിന്ദുമതത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ പങ്കെടുത്തവരുടെ അനുഭവലോകം ഈ പുസ്തകത്തില്‍ വിശദമായി തന്നെ പ്രതിപാദ്യമാകുന്നുണ്ട്. ഇതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. പാശ്ചാത്യക്രൈസ്തവ മതവുമായുള്ള സമ്പര്‍ക്കങ്ങളും  ഏറ്റുമുട്ടലുകളും കൊളോണിയല്‍ അധികാരവുമായി ബന്ധപ്പെട്ടുള്ള ബലതന്ത്രങ്ങളും എങ്ങനെ ഹിന്ദുമതത്തിന്റെ രൂപീകരണത്തിന്റെ പിരിമുറുക്കി എന്നാണ് മനു എസ്. പിള്ള കാണിച്ചുതരുന്നു. പാശ്ചാത്യ അധിനിവേശത്തിനു മുമ്പേ തന്നെ ക്രൈസ്തവവിശ്വാസം കേരളത്തിലുണ്ടായിരുന്നു. 

പാശ്ചാത്യ സമ്പര്‍ക്കത്തിലൂടെ വിശ്വാസപരമായ പല മാറ്റംമറിച്ചിലുകള്‍ സംഭവിക്കുന്നുണ്ട്. വിഗ്രഹഭഞ്ജനവും അതിനോടുള്ള ചെറുത്തുനില്‍പ്പും  അധികാര പ്രയോഗങ്ങളും ഒഴിഞ്ഞുമാറലും സന്ധിയാകലും അങ്ങനെ അങ്ങനെ പല അടവുകളും പ്രയോഗിക്കപ്പെടുന്നുണ്ട് ആധുനികമായ ഹിന്ദു മതത്തിന്റെ ആവിര്‍ഭാവത്തില്‍. പോപ്പുലര്‍ ചരിത്രരചനയെ സമ്പന്നമാക്കുന്നത് ആര്‍ക്കൈവില്‍നിന്നു സവിശേഷമായതും കൗതുകമുണര്‍ത്തതും വിചിത്രവുമായ സംഭവങ്ങളെയും വ്യക്തിത്വങ്ങളെയും വിവാദങ്ങളെയും അപവാദങ്ങളെയും പുറത്തേക്ക് കൊണ്ടുവന്ന ഒരു പ്രമേയത്തിന്റെ പരിധിയില്‍ ആവിഷ്‌കരിക്കുമ്പോഴാണ്. 

ഈ ഉദ്യമത്തില്‍ മനു എസ്. പിള്ളയുടെ മറ്റു ചരിത്രപുസ്തകങ്ങള്‍ പോലെ പ്രസ്തുത പുസ്തകവും ജിജ്ഞാസയും താല്പര്യവും ഉണര്‍ത്തുന്നതാണ്. ഈ കൃതിയില്‍ പ്രതിപാദ്യമാകുന്ന രണ്ടു വ്യക്തിത്വങ്ങളാണ് ലന്തക്കാരന്‍ പ്രേക്ഷിതപ്രവര്‍ത്തകന്‍ ഡി നോബിലിയും തഞ്ചാവൂര്‍ രാജാവ് സെര്‍ഫോജിയും. ഡി നോബിലിയെക്കുറിച്ചു മുമ്പും മനു എസ്. പിള്ള എഴുതിയിട്ടുണ്ട്. സെര്‍ഫോജിയുടെ കഥയ്ക്ക് ചരിത്രപരമായി പ്രാധാന്യമുണ്ട്. കാരണം ദക്ഷിണേന്ത്യന്‍ നവോത്ഥാനത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഇത്. 

ഇന്ത്യന്‍ നവോത്ഥാനത്തെക്കുറിച്ചുള്ള വ്യവസ്ഥാപിതമായ ആഖ്യാനം അത് ബംഗാളില്‍ ആരംഭിച്ചുവെന്നതാണ്. രാജാ റാം മോഹന്‍ റോയ്യുടെ ഹിന്ദുമത പരിഷ്‌ക്കാരങ്ങളാണ് നവോത്ഥാനത്തിന്റെ നാന്ദി കുറിച്ചതെന്നു ചരിത്രപാഠാവലികളില്‍ കാണാം. പാശ്ചാത്യ ക്രൈസ്തവ മൂശയില്‍ വാര്‍ത്ത ഹിന്ദു മതപരിഷ്‌ക്കരണമാണ് രാജാ റാം മോഹന്‍ റോയ്യുടെതെന്നാണ് മനു എസ്. പിള്ള വിശദീകരിക്കുക. ബംഗാളിലെ മതപരിഷ്‌ക്കരണം വിശദമായി തന്നെ ഈ പുസ്തകത്തില്‍ പ്രതിപാദ്യമാകുന്നുണ്ട്. 

മനു എസ്. പിള്ള അനാവരണം ചെയ്യുന്ന ദക്ഷിണേന്ത്യന്‍ പ്രദേശമായ തഞ്ചാവൂരില്‍നിന്നുള്ള നവോത്ഥാന പ്രവണതകള്‍ ചരിത്രത്തിലെ പുതിയൊരു തിരിച്ചറിവാണ്. ബംഗാള്‍ നവോത്ഥാനം പോലെ തന്നെ വരേണ്യവും ഹിന്ദു പരിഷ്‌ക്കരണപരവുമായിരുന്നു തഞ്ചാവൂര്‍ നവോത്ഥാനവും. മറാത്തക്കാരനായ സെര്‍ഫോജി തഞ്ചാവൂര്‍ രാജാവാകുന്നത്1777-ല്‍. തഞ്ചാവൂര്‍ നവോത്ഥാനം അല്ലെങ്കില്‍ തഞ്ചാവൂര്‍ പ്രബുദ്ധതയ്ക്ക് പ്രേരകമാകുന്നത് സെര്‍ഫോജിയുടെ പാശ്ചാത്യ വൈഞ്ജാനികതയോടുള്ള അഭിവാഞ്ജയും. അതേസമയം പാരമ്പര്യത്തോടൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നു സെര്‍ഫോജി.

മനു എസ്. പിള്ളയുടെ പുസ്തകത്തിലെ ഒരു അദ്ധ്യായം തന്നെ ഇതിന്റെ വിശദാംശങ്ങൾ പ്രതിപാദിക്കാനാണ്. പാശ്ചാത്യ വിജ്ഞാനം ഉള്‍ക്കൊള്ളുന്ന സെര്‍ഫോജിക്ക് തദ്ദേശീയമായ ആശയങ്ങള്‍ ഇതിനോടു ചേര്‍ന്നുപോകുന്നതായിരുന്നു. യൂറോപ്യന്‍ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുക എന്നതിനര്‍ത്ഥം യൂറോപ്യന്‍ സംസ്‌കാരത്തെ മൊത്തത്തില്‍ സ്വീകരിക്കുകയെന്നതല്ല സെര്‍ഫോജിക്ക്. മധ്യകാല ആരാധനാലയങ്ങള്‍ നടത്തുന്നത്തോടൊപ്പം ഒട്ടും വൈരുധ്യമില്ലാതെ മൃതശരീരങ്ങളില്‍ പഠനം നടത്താനും സെര്‍ഫോജിക്ക് കഴിഞ്ഞിരുന്നു. പ്രാചീന കാവ്യസങ്കേതങ്ങളില്‍ പുത്തന്‍ ആശയങ്ങള്‍ സംവേദനം ചെയ്യാനും സെര്‍ഫോജിക്ക് കഴിഞ്ഞു. ഒരുപക്ഷെ, സെര്‍ഫോജിയുടെ ഈ സമന്വയ മാതൃക സെര്‍ഫോജിയുടെ കാലാനന്തരം വേരറ്റുപോയെങ്കിലും പില്‍ക്കാലത്തെ ദേശീയത രാഷ്ട്രീയത്തിന്റെ സവിശേഷ സ്വഭാവമായി മാറുന്നു. 

ഈയൊരു സമീപനം പില്‍ക്കാല ഇന്ത്യന്‍ പൊതുസംസ്‌കാരത്തിലും തുടരുന്ന പ്രവണതയായി. ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത കൊച്ചി രാജ്യത്തിലെ ജേക്കബ് രാമ വര്‍മ്മനെ പോലുള്ള രാജകുടുംബാംഗങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. പക്ഷെ, ജാതി പരിവര്‍ത്തന പ്രക്രിയയ്ക്ക് പലപ്പോഴും ഒരു പ്രഹേളികയായി നിലനിന്നു. ആവശ്യമുള്ളതു മാത്രം സ്വീകരിക്കുകയും വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് ഈ സമീപനത്തിന്റെ കാതലെന്നു പറയാവുന്നത്. മനു എസ്. പിള്ളയുടെ നീരിക്ഷണത്തില്‍ ഇതിനെ വിളിക്കുന്നത്  'സെലക്ടിവ് അപ്രോപിയേഷന്‍' എന്നാണ്.

പാശ്ചാത്യവും ക്രൈസ്തവുമായ ആശയങ്ങളുമായി എതിരിട്ടും ഇണങ്ങിയും രൂപീകൃതമായ ആധുനിക ഹിന്ദു മതം ക്രൈസ്തവ മാതൃകയെ പിന്തുടരുന്നുണ്ട്. ആധുനിക ഹിന്ദു മതത്തിലെ ത്രിദേവ സങ്കല്പത്തിലും ഈ അനുകരണ പ്രവണത ദൃശ്യപ്പെടും. എങ്കില്‍ തന്നെയും ഹിന്ദു മതത്തിന്റെ രൂപീകരണ പ്രക്രിയ ഇതിനു മുമ്പേ തുടങ്ങുന്നതാണെന്നും നീരിക്ഷിക്കുന്നുണ്ട്. അധിനിവേശത്തിനു മുമ്പേ തന്നെ സമാരംഭിച്ച പ്രത്യേകിച്ചൊരു കര്‍ത്തൃത്വ സ്ഥാനമില്ലാത്ത ഈ പ്രവണത പക്ഷെ  ഭ്രൂണാവസ്ഥയില്‍നിന്നു പക്വതയാര്‍ജ്ജിച്ചത് അധിനിവേശവുമായുള്ള ഏറ്റുമുട്ടല്‍ സമ്പര്‍ക്കത്തിലൂടെയാണ്. ഇങ്ങനെ നിര്‍മിതമായ ഹിന്ദു-ഇസം ബ്രാഹ്‌മണ കേന്ദ്രിതമായിരുന്നുവെന്നത് അടിവരയിടപ്പെടേണ്ടതാണ്. സുല്‍ത്താന്മാരുടെ ഭരണകാലത്താണെങ്കിലും അധിനിവേശ കാലഘട്ടത്തിലാണെങ്കിലും ആചാര- വിശ്വാസപരമായ കാര്യങ്ങളില്‍ പ്രധാന ഇടനിലക്കാര്‍ ബ്രാഹ്‌മണ പണ്ഡിതരായിരുന്നു. മനുസ്മൃതി ഹിന്ദു കോഡായി അധിനിവേശ ശക്തികള്‍ വ്യവസ്ഥാപനം ചെയ്തതും ഇതിനാല്‍ തന്നെ. 

രാജാ റാം മോഹന്‍ റോയ്യുടെ നേതൃത്വത്തിലുള്ള ബ്രഹ്‌മോ സാമാജിന്റെ പാശ്ചാത്യവത്കൃത പരിഷ്‌ക്കരണത്തിന്റെ ഏതാണ്ട് എതിര്‍ദിശയിലുള്ള നവീകരണമാണ് സ്വാമി ദയാനന്ദ് സരസ്വതിയുടെ ആഭിമുഖ്യത്തില്‍ ഉയിര്‍ക്കൊണ്ട ആര്യ സമാജിന്റെ പ്രവര്‍ത്തനങ്ങള്‍. വേദത്തെ ഹിന്ദു വിശ്വാസക്രമത്തിന്റെ കേന്ദ്രമാക്കുന്നത് ദയാനന്ദ് സരസ്വതിയാണ്. ജാതീയ വേര്‍തിരിവുകളെ അംഗീകരിക്കാതെ ഒരേകീകൃത ഹിന്ദു മതത്തിനുള്ള ചട്ടക്കൂട് നിര്‍മിക്കുകയായിരുന്നു. ഹിന്ദു ഭരണവംശങ്ങളുമായി ബന്ധപെട്ടു നടത്തിയ ഹിന്ദു ഏകീകരണ പ്രവര്‍ത്തനങ്ങള്‍ പില്‍ക്കാലത്തു ഹിന്ദു ദേശീയവാദികളും പിന്തുടരുന്നുണ്ട്. ഹിന്ദു ദേശീയവാദത്തിന്റെ അടിസ്ഥാന പ്രേരണകള്‍ ആര്യ സമാജിന്റെ പ്രവര്‍ത്തനങ്ങളില്‍ നിദര്‍ശിക്കാം. ശുദ്ധി പ്രസ്ഥാനത്തില്‍ സമീപകാല 'ഘര്‍വാപസി'യുടെ പൂര്‍വമാതൃകയായും കാണാവുന്നതാണ്. ഗൗരക്ഷണി സഭ ആരംഭിക്കുന്നതും ആര്യ സമാജിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. മതസ്പര്‍ധകള്‍ക്ക് ഇത് കാരണവുമായി. 

ദയാനന്ദ് സരസ്വതി ബഹുജന ഹിന്ദുദേശീയതവാദത്തിന്റെ പിതാമഹനാണെന്നാണ് മനു എസ്. പിള്ള നീരിക്ഷിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ബാലഗംഗാധര്‍ തിലക് തുടങ്ങിവെച്ച ഹിന്ദു പ്രതീകാത്മക രാഷ്ട്രീയം ഹിന്ദുമതവും ദേശീയതയും തമ്മിലുള്ള ഏകീകരണത്തിലേക്ക് വഴിമാറുന്നു. ഹിന്ദു മഹാസഭയുടെ ആവിര്‍ഭാവവും സവര്‍ക്കറുടെ ഹിന്ദു-ത്വവും ഈയൊരു പന്ഥാവില്‍നിന്നു തുടങ്ങി ഹിന്ദു രാഷ്ട്രത്തിന്റെ വിഭാവനത്തിലേക്കും ഒരു മതരാഷ്ട്രീയ സംഹിതയായി രൂപാന്തരപ്പെട്ടുവെന്നതിലേക്കും പരിവര്‍ത്തിക്കപ്പെട്ടു. ഇത്തത്തിലുള്ള ആശയരൂപീകരണത്തിന്റെ ചരിത്രസംഭവങ്ങളെ അടരോടരായി അനാവരണം ചെയ്യപ്പെടുന്നുണ്ട് പ്രസ്തുത രചനയില്‍.

ആധുനിക ഹിന്ദുമതത്തിന്റെ നിര്‍മിതിയില്‍ കേന്ദ്ര ആശയമായി വര്‍ത്തിച്ചൊരു സംഗതി ഏകദൈവവിശ്വാസവും ഹിന്ദു ആചാരങ്ങളുടെ ഭാഗമായുള്ള ബഹുദൈവ ആരാധനയുമായുള്ള സംഘര്‍ഷമാണ്. വിഗ്രഹ ആരാധനയോടെയുള്ള സമീപനവും ഇതിന്റെ ഭാഗമാണ്. വേദത്തെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുള്ള ദയാനന്ദ് സരസ്വതിയും ആര്യ സമാജവും വിഗ്രഹ ആരാധനയ്ക്കെതിരായിരുന്നു. ഒപ്പം ബഹുദൈവ ആരാധനയെ ഹിന്ദു മതനവീകരണത്തിന്റെ ഭാഗമായി പുറംതള്ളി. പാശ്ചാത്യ ക്രൈസ്തവ വിശ്വാസവുമായുള്ള ഹിന്ദു വിശ്വാസക്രമങ്ങളുടെ ഏറ്റുമുട്ടലിന്റെ ഭാഗമായി സ്വംശീകരിച്ചതാണ് ഹിന്ദു ഏകദൈവ വിശ്വാസം. 

സുല്‍ത്താന്മാരുടെ ഇന്ത്യയിലെ ഭരണാധികാരത്തെത്തുടര്‍ന്ന് ഇസ്ലാം മതം വ്യാപിച്ച ഘട്ടത്തിലൊന്നും ഹിന്ദു ആചാരങ്ങളോ വിശ്വാസങ്ങളോ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല അത്തരത്തിലുള്ള പ്രേരണാത്മക പ്രവര്‍ത്തനങ്ങളും ഇസ്ലാമിക ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. ഇസ്ലാം ഭരണാധികാരം മതപ്രവര്‍ത്തനം ഒരു നിശ്ചിത രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നില്ല. ക്ഷേത്രധ്വംസനത്തിന്റെ ചരിത്രസന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുമെങ്കിലും വ്യവസ്ഥാപിതമായ ആചാരക്രമങ്ങളില്‍ ഇടപ്പെട്ടു അതിനെ മാറ്റുക എന്നൊരു പദ്ധതി ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്ര വസ്തുതകള്‍ കാണിച്ചുതരുന്നത്. മാത്രമല്ല, സന്ത് കബീറിനെ പോലുള്ളവരുടെ ദൈവാനുഭവത്തിന്റെ വിഭിന്നമായൊരു മണ്ഡലമാണ് ഈകാലഘട്ടത്തില്‍ വിസ്തൃതമായത്. ചരിത്രത്തിന്റെ സമകാലികമായ ഒരു നോട്ടപ്പാടില്‍നിന്നു മനസ്സിലാക്കാവുന്നത് കബീറിന്റെ വിഭിന്നമായ മാര്‍ഗത്തിനാണ് പാശ്ചാത്യ സമ്പര്‍ക്കത്തോടെ നൈരന്തര്യം നഷ്ടപ്പെട്ടുപോയത്. 

പത്തൊന്‍പതാം നൂറ്റാണ്ടാകേണ്ടി വന്നു അടിയാള സംസ്‌കാരത്തില്‍ നിന്നുമുള്ള ആത്മീയവും അധ്യാത്മകവുമായ മുന്നേറ്റങ്ങള്‍ സംഭവിക്കാന്‍.  ജ്യോതിറാവു ഫൂലെയുടെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ഹിന്ദു മത നവീകരണം എന്നതിനേക്കാള്‍ അധഃസ്ഥിതരുടെ ഭാവി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രത്യശാസ്ത്രപരമായ അഭിവിന്യാസം നല്‍കിയത്. ഗാന്ധിജിയെക്കാള്‍ മുമ്പേ മഹാത്മാ എന്ന അഭിസംബോധന ചെയ്യപ്പെട്ടത് ഫൂലെയാണ്. മഹാത്മാ ഫൂലെ ഇസ്ലാമിന്റെ കടന്നുവരവിനെ പ്രത്യാശയോടെയാണ് കാണുന്നത്. ക്ഷേത്രധ്വംസനം ബ്രാഹ്‌മണ അധികാരത്തില്‍നിന്നു ശൂദ്രരെ മോചിപ്പിക്കുകയായിരുന്നുവെന്നാണ് മഹാത്മാ ഫൂലെ നിദര്‍ശിച്ചത്. 

എന്നാല്‍, വെള്ളക്കാരനില്‍നിന്നാണ്‌ മനുഷ്യത്വം ഹിന്ദുക്കള്‍ ഉള്‍ക്കൊണ്ടതെന്നും മഹാത്മാ ഫൂലെ പറഞ്ഞു. പൗരാണികമായ ഹിന്ദു വിശ്വാസത്തെയും കടന്നാക്രമിച്ചിരുന്നു ഫൂലെ. അതേസമയം, കണ്ടോഭാ പോലുള്ള നാടോടി ദൈവങ്ങളെ ആര്യവല്ക്കരണത്തിനെതിരെയുള്ള പോരാളികളായും ജ്യോതി റാവു ഫൂലെ വാഴ്ത്തി. ഹിന്ദു നവീകരണത്തിന് വലിയ വഴിത്തിരിവായിരുന്നു ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അദ്വൈതത്തെ കേന്ദ്രീകൃതമാക്കി ഗുരു നടത്തിയ വിപ്ലവകരങ്ങളായ ഉടച്ചുവാര്‍ക്കലുകള്‍ ജാതിയുടെ അടിവേരിനെ തന്നെ പിഴുതെറിയുന്നത് ആയിരുന്നുവെങ്കിലും.

മനു എസ്. പിള്ള നീരിക്ഷിക്കുന്നത് പോലെ, ഗുരുവിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്‌കൃതവല്‍ക്കരത്തിന്റെ സവിശേഷതകൾ ഉള്‍ക്കൊണ്ടതായിരുന്നു. ഉന്നത ജാതിയുടെ ആചാരവിശ്വാസങ്ങള്‍ സ്വീകൃതമാക്കുക വഴി ബ്രാഹ്‌മണ അധികാരത്തെ ഫൂലെയുടെതുപോലെ ഗുരു നിഷേധിച്ചില്ല. ഹിന്ദു മതസ്വത്വ രൂപീകരണത്തില്‍ ബ്രാഹ്‌മണ്യത്തിന്റെ വിമര്‍ശനത്തിന്റെ ഭാഗമായി സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണവും അതേപോലെ വിശ്വാസപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രിസ്തുമതവിമര്‍ശനവും. ചട്ടമ്പി സ്വാമിയുടെ ശൂദ്രവിമര്‍ശനത്തിനെ മനു എസ്. പിള്ള  പരിഗണിച്ചിട്ടില്ല. 

ആധുനിക ഹിന്ദുമതത്തിലേക്കുള്ള രൂപാന്തരീകരണത്തില്‍ ബഹുദൈവവിശ്വാസത്തെയും വിഗ്രഹാരാധനയെയും നിശിതായി നിഷേധിച്ചുകൊണ്ടു സെമിറ്റിക് സ്വഭാവമുള്ള മത നവീകരണത്തിനുള്ള വേണ്ടത്ര ഉദ്യമങ്ങളും നടന്നിരുന്നു. കേരളത്തില്‍ ബ്രഹ്‌മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദ ഗുരുദേവനും സനിഷ്‌കര്‍ഷം എഴുതിയും പ്രഭാഷണം നടത്തിയും പരിശ്രമിച്ചത് ബഹുദൈവാരാധനയ്ക്കും വിഗ്രഹപൂജയ്ക്കുമെതിരെയാണ്. വിഗ്രഹാരാധന സാമൂഹികമായ മണ്ടത്തരം (social stupidity) എന്ന നിലയിലാണ് വിമര്‍ശനങ്ങള്‍ അവര്‍ ഉതിര്‍ത്തത്. ഹിന്ദു വിശ്വാസത്തിന്റെ പ്രാമാണിക ഗ്രന്ഥമായി ഭഗവത് ഗീതയെ പ്രതിഷ്ഠിച്ചുകൊണ്ടാണ്‌ വിഗ്രഹാരാധന ക്രമത്തെയെല്ലാം നിഷേധിക്കുന്നത്.

വാഗ്ഭടനന്ദന്റെ ഗീതാപഠനം ഇവിടെ ഓര്‍ക്കാവുന്നതാണ്. ഗീതാഗ്രന്ഥത്തിനു ഒരു സവിശേഷ പദവി ചരിത്രപരമായി കൈവരുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ഘട്ടത്തില്‍ ഗീത പല പുനര്‍വായനകള്‍ക്കും വിധേയമാകുന്നു. ബാലഗംഗാധര തിലകന് ഗീതാഗ്രന്ഥം പോരാട്ടത്തിന് സാധുത നല്‍കുന്ന രാഷ്ട്രീയ വ്യാഖ്യാനമാകുന്നു. ഹിന്ദുത്വവാദികളുടെ ഗാന്ധി വിരോധത്തിനുള്ള ഒരു സവിശേഷ കാരണം തന്നെ ഗീതയെ പോരാട്ടത്തിന്റെ പാഠമെന്നതില്‍നിന്ന്‌ അടര്‍ത്തിമാറ്റി അനാസക്തിയുടെ നവദര്‍ശനമാക്കി ഗാന്ധിജിയെന്നതാണ്. ഗീത ഹിന്ദുനവീകരണത്തിലും ദേശീയ പ്രസ്ഥാനത്തിന്റെ ഘട്ടത്തിലും ഭിന്നതലത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. ഈ വായനകളിലും പാശ്ചാത്യ ക്രൈസ്തവതയ്ക് വമ്പിച്ച സ്വാധീനമുണ്ട്. 

എന്നാല്‍, ഹിംസാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കംകുറിച്ച ദാമോദര്‍ ചപ്പേക്കര്‍ സഹോദരന്മാരില്‍നിന്നും ഹിന്ദു-ത്വത്തിന്റെ ആചാര്യനായ ദാമോദര്‍ വിനായക് സവര്‍ക്കറിലെത്തുമ്പോള്‍ ദൈവശാസ്ത്ര പ്രേരണകള്‍ ഉപേക്ഷിച്ചുകൊണ്ട്‌ അക്കാലത്തു അധീശത്വം സ്ഥാപിച്ചു തുടങ്ങിയ ദേശീയതയുടെ ചരിത്രശാസ്ത്രമാണ് സവര്‍ക്കറുടെ ഹിന്ദു -വീക്ഷണത്തിനു അവലംബമാകുന്നത്. ഹിന്ദു-ത്വമാണ് യഥാര്‍ത്ഥത്തില്‍ പാശ്ചാത്യമായ 'ഇസ'ത്തില്‍ നിന്നുത്ഭൂതമാകുന്നത്. ദൈവശാസ്ത്രമല്ല, വംശീയ ചരിത്രശാസ്ത്രമാണ് ഈ രാഷ്ട്രീയ പ്രത്യശാസ്ത്രത്തിനു ആധാരമാകുന്നത്.

അപരത്വത്തെക്കുറിച്ചും വംശപരവുമായ ജനതയുടെ ഉണ്മയെക്കുറിച്ചുമുള്ള തീവ്രഭാവം ആവിഷ്‌കൃതമാകുന്നു. ഇത് തികച്ചും ആധുനികവുമാണ്. മനു എസ്. പിള്ള അനാവരണം ചെയ്യന്ന ആധുനിക ഹിന്ദുമതത്തിന്റെ നിര്‍മിതികളിലെ അനേക ധാരകളില്‍ ദേശീയതയെ മുന്‍നിര്‍ത്തി അപരത്വത്തെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരുരാഷ്രീയ സംരംഭമാണ് ഹിന്ദു -ത്വം. പൊതുശത്രുവിനെതിരെയുള്ള ഹിന്ദു ഏകീകരണത്തിനായി ജാതിയെ നിഷേധിക്കുന്നുണ്ടെങ്കിലും നവീകരണമോ പരിഷ്‌ക്കരണമോ ദൈവശാസ്ത്രപരമായ പരിവര്‍ത്തനങ്ങളോ ഒന്നും ഹിന്ദു- ത്വത്തിന്റെ അജണ്ടയിലില്ല.

ആധുനിക ഹിന്ദു-മതത്തിന്റെ നിര്‍മിതിയില്‍ പങ്കാളികളായ ഇന്ത്യക്കാര്‍ മാത്രമല്ല പാശ്ചാത്യരായ പ്രേഷിത പ്രവര്‍ത്തകര്‍, അധിനിവേശ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, പൗരസ്ത്യ സാഹിത്യപണ്ഡിതര്‍ അതായത്, മനു എസ് പിള്ളയുടെ ഭാഷയില്‍. കാല്പനികരായ ഇന്ത്യാഭ്രാന്തന്മാരും (Indomaniac)  ഇന്ത്യ വിദ്വേഷികളുമൊക്കെ ഇതില്‍പ്പെടും. പോപ്പുലര്‍ ചരിത്രരചനയുടെ പ്രത്യേകത ചരിത്ര വ്യക്തിത്വങ്ങളെ കേന്ദ്രീകരിച്ചുള്ള ആഖ്യാനരീതിയാണ്. വ്യക്തികള്‍ക്ക് സ്വച്ഛന്ദമായ നിലയില്‍ ഒരു കഥാപാത്ര സ്വഭാവം വന്നുചേരും. കഥപറച്ചിലിന്റെ രീതിയിലാണ് പ്രതിപാദ്യം. ഫിക്ഷന്റെതായ സങ്കേതങ്ങളും പോപ്പുലര്‍ ചരിത്രരചനയില്‍ കാണാം. അതേപോലെ അക്കാദമിക ചരിത്രരചനകളെ പോലെ സൈദ്ധാന്തീകരണത്തിന്റേതായ മുഷിപ്പന്‍ വിവരണങ്ങളും ഒഴിവാക്കിയിട്ടുണ്ടാകും. അതുകൊണ്ടു ഏറെ വര്‍ണ്ണശബളമുള്ള കഥാപാത്രങ്ങളെയാണ് ഇതില്‍ കണ്ടുമുട്ടുക. 

ബ്രാഹ്‌മണനായി ജീവിച്ച ഡി നോബിലി എന്ന പാതിരി, സീഗന്‍ബാലഗ് എന്ന ജര്‍മന്‍ പ്രൊട്ടസ്റ്റന്റ് പ്രചാരകന്‍ തുടങ്ങിയവരെയും അവരുടെ വിചിത്രമായ പ്രവര്‍ത്തനങ്ങളെയും ഇതില്‍ പരിചയപ്പെടാം. ഡി നോബിലി പ്രേഷിതപ്രവര്‍ത്തനത്തിനായി ബ്രാഹ്‌മണ പുരോഹിതന്റെ വേഷപ്പകര്‍ച്ച സ്വീകരിക്കുന്നു. ഈ പുസ്തകത്തില്‍ ഹിന്ദുമത നിര്‍മിതിയെക്കുറിച്ചു മനു എസ്. പിള്ള മുന്നോട്ടുവെയ്ക്കുന്ന ആശയം അത്രതന്നെ പുതിയതല്ല. വെന്ഡി ഡോണിഗെര്‍ (Wendy Doniger) ഹിന്ദു: ബദല്‍ ചരിത്രം (Hindus: An Alternative History)  എന്ന പുസ്തകത്തില്‍ ഹിന്ദുമതത്തിന്റെ വിവിധ രജിസ്റ്ററുകളിലെ കലര്‍പ്പുകളും മിശ്രിതമായ വിശ്വാസക്രമങ്ങളും ബ്രാഹ്‌മണാധിപത്യം ചെലുത്തിയ സ്വാധീനവുമൊക്കെ ചൂണ്ടിക്കാട്ടി ഹിന്ദു എന്ന മതം ഏകശിലബദ്ധമല്ലെന്നു വിശദീകരിക്കുന്നു. 

വെന്‍ഡി ഡോണിഗറുടെ പുസ്തകത്തിനെതിരെ ഹിന്ദുത്വവാദികള്‍ രംഗത്തുവരികയും അവര്‍ നല്‍കിയ കേസുകളെ ഭയന്ന് പുസ്തകം പിന്‍വലിക്കാനും പ്രസാധകര്‍ തയ്യാറായതാണ്. അതുക്കൊണ്ടാണ്, മനു എസ്. പിള്ള ഒരു അഭിമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്, പ്രസ്തുത പുസ്തകം ഇന്ത്യയില്‍ ആദ്യമായി നിയമപരമായ പാരായണത്തിന് വിധേയമായ പുസ്തകമാണെന്ന്. ഇക്കൂട്ടത്തില്‍ സൂചിപ്പിക്കേണ്ട മറ്റൊരു പ്രധാന പുസ്തകമാണ് മനു സി. ദേവീദേവന്റെ മധ്യകാല ഹിന്ദു മത രൂപീകരണത്തെക്കുറിച്ചുള്ള ചരിത്ര പഠനവും. ആസ്‌കോ പര്‍പോളയുടെ ഹിന്ദുയിസത്തിന്റെ വേരുകള്‍ എന്ന പ്രാചീന ഇന്ത്യയെക്കുറിച്ചുള്ളത് ചരിത്രപഠനവും. ഇവിടെ പരാമര്‍ശപ്രസക്തമാണ്.

മനു എസ്. പിള്ളയുടെ ആധുനിക ഹിന്ദുമത സ്വത്വത്തിന്റെ നിര്‍മിതിയെക്കുറിച്ചുള്ള ചരിത്ര പുസ്തകത്തിലെ ഒടുവിലത്തെ അധ്യായത്തില്‍ സമകാലിക വീക്ഷണത്തില്‍നിന്നും ആധുനിക ഹിന്ദു മതത്തിന്റെ നിര്‍മിതിയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നുണ്ട്. വര്‍ത്തമാനകാല അനുഭവങ്ങളില്‍നിന്നും നീരിക്ഷിക്കാവുന്ന ഒരു കാര്യം ആധുനിക ഹിന്ദു മത സ്വത്വനിര്‍മിതിയെക്കുറിച്ചുള്ള സംഘര്‍ഷാത്മകമായ ആശയങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ മേലും പ്രഭാവമായി വര്‍ത്തിക്കുന്നുണ്ട്. മൂന്ന് പേരുടെ വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇതില്‍ പ്രാധാന്യമേറുന്നത് - ഗാന്ധിജിയുടെ ആത്മീയവും ആധ്യാത്മകവുമായ സ്വാധീനം അംബേദ്കറുടെ സാമൂഹ്യശാസ്ത്രപരവും മതശാസ്ത്രപരവും ചരിത്രപരവുമായ ത്രിമാന വിമര്‍ശനം പിന്നെ സവര്‍ക്കറുടെ ചരിത്രപരമായ വ്യഖ്യാനം. 

ഹിന്ദു-ത്വ ചരിത്രശാസ്ത്രത്തിനു സവര്‍ക്കര്‍ അസ്തിവാരമിടുകയായിരുന്നു. ഈ ചരിത്രശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകള്‍ക്കിടയില്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അന്വേഷിക്കുന്നത്. ഹിന്ദു-ത്വ ചരിത്രശാസ്ത്രത്തെ നേര്‍ക്കുനേര്‍ നേരിട്ടത് നെഹ്രുവാണ്. പൗരസ്ത്യവാദപരമായ ഘടകങ്ങള്‍ ആരോപിക്കാമെങ്കിലും നെഹ്രുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍,' മതപരമായ ഇടുങ്ങിയ വ്യഖ്യാനത്തില്‍നിന്നു ഇന്ത്യാ ചരിത്രത്തെ വലിയൊരു വിസ്തൃതിയിലേക്ക് വിമോചിപ്പിക്കുകയായിരുന്നു.