ഒരു ചോദ്യം.
ഏതോ കാലത്ത് ആരോ നട്ടവയാണ്.
കാറ്റടിക്കുമ്പോള്‍ നൂലുപോലുള്ള ഇലകളാല്‍ അവ ആകാശത്തേയ്ക്ക് നോക്കി കുഴലൂതി. വിദ്യാര്‍ത്ഥികളെ ഇതിലേ..ഇതിലെ... എന്നൊരു കാഹളമായിരുന്നു അത്. മുറ്റത്തും മൈതാനത്തും ക്ലാസ് മുറികളിലും എന്തിന്, മൂത്രപ്പുരകളില്‍ പോലും കണ്ണുകള്‍ ചെല്ലുന്ന ഗൗരവ പ്രകൃതരായ, കുട്ടികളെച്ചൊല്ലി വ്യാകുലമനസ്‌കരായ അധ്യാപകരെപ്പോലെ നിന്ന ആ ചൂളമരങ്ങള്‍ പെരുമ്പാവൂര്‍ ആശ്രമം സ്‌കൂളിന്റെ അടയാളമായി.
അവയുടെ നിഴല്‍ പറ്റിയാണ് ഞങ്ങളില്‍ ചിലര്‍ കുഴിരാശി കളിച്ചതും തമ്മിലടിച്ചതും പെണ്‍കുട്ടികളെ ഒളിഞ്ഞു ശ്രദ്ധിച്ചതും. അവരാകട്ടെ ഒരുവകയ്ക്കും കൊള്ളാത്ത അശുക്കളായ ഞങ്ങളെ പാടേ അവഗണിച്ചു.
ക്ലാസിലെ ബാക്ക് ബെഞ്ചുകാരുടെ അവഗണനയും പരിഹാസവുമായിരുന്നു അതിനേക്കാള്‍ ക്രൂരം. അവര്‍ അനുവദിച്ച ആനുകൂല്യമായിരുന്നു ക്ലാസിലെ ജനാധിപത്യം.
തോറ്റു പഠിച്ചതിനാല്‍ അവര്‍ യുവാക്കളായിരുന്നു. അത് അധ്യാപകരും സമ്മതിച്ചു.
അവര്‍ വലിയ വായനക്കാരായിരുന്നു.
സിലബസിനു പുറത്തായിരുന്നു അവരുടെ വായന.
സ്വന്തമായി പാഠപുസ്തകങ്ങള്‍ ഇല്ലാത്ത അവര്‍ വീശുമുറം പോലുള്ള, ഞങ്ങളുടെ പുസ്തകങ്ങള്‍ കടം വാങ്ങി അവയ്ക്കുള്ളില്‍ വച്ച് ആ സാഹിത്യകൃതികള്‍ പരിചയിച്ചു.
'മദാമ്മയുടെ ഉച്ചമയക്കം', 'അയലത്തെ ഗേളി', 'മോഹങ്ങള്‍... മോഹാലസ്യങ്ങള്‍...', 'നഴ്‌സിന്റെ മദനരാത്രികള്‍' എന്നിങ്ങനെയുള്ള തലവാചകങ്ങള്‍ മാത്രം ഒളിഞ്ഞുകാണാനായി. ഞങ്ങള്‍ക്കവ ഒന്നു മറിച്ചുനോക്കാന്‍ പോലും കിട്ടിയില്ല.
ഒരിക്കല്‍ മാത്രം ഒരത്ഭുതം സംഭവിച്ചു!
കടം വാങ്ങിയ പുസ്തകം തിരികെ നല്‍കിയപ്പോള്‍ അതിനുള്ളില്‍ മറ്റൊരു പുസ്തകം. തിടുക്കത്തില്‍, ഡസ്‌കിനടിയിലൂടെ തിരിച്ചുനല്‍കിയപ്പോള്‍ 'വേണ്ടഡാ... വായിച്ചിട്ടു തന്നാല്‍ മതി...' എന്ന് അന്നുമിന്നും ഞങ്ങള്‍ക്ക് നേതാവായ ബിജു ജോണ്‍ ഉദാരനായി. ആ പുസ്തകം ബാഗിനുള്ളില്‍ രമേഷ്‌കുമാര്‍ ഒളിപ്പിക്കുന്നതു കണ്ടപ്പോള്‍, ഹൃദയം ഇടിച്ചിടിച്ച് പുറത്തേയ്ക്ക് തെറിച്ചില്ലന്നേയുള്ളൂ.
അത്ര ഭീകരമായിരുന്നു ആ നിമിഷങ്ങള്‍.
ഇടവേളയിലേയ്ക്ക് എത്താന്‍ അന്നുമാത്രം രണ്ടുമണിക്കൂറല്ല, രണ്ടു യുഗങ്ങള്‍ വേണ്ടിവന്നു.
ഉച്ചയ്ക്ക്, ഗൂഢമായൊരു ആഭിചാര ക്രിയയില്‍ ഏര്‍പ്പെടുന്നവരെപ്പോലെയാണ് ഞങ്ങള്‍ ചൂളമരങ്ങളുടെ മറപറ്റി ബാഗ് തുറന്നത്.
അത്ര അപകടകാരി ആയിരുന്നില്ല.
മംഗളം വാരിക ആയിരുന്നു.
മാത്യു മറ്റത്തിന്റെ 'അഞ്ചു സുന്ദരികള്‍' എന്ന നോവലിന്റെ ആദ്യ അധ്യായമായിരുന്നു ആ ലക്കത്തെ ഹൈലൈറ്റ്. അതിസുന്ദരികളായ അഞ്ചു പെണ്ണുങ്ങള്‍ ഒരു പതിമൂന്നുകാരനെ ബലാത്സംഗം ചെയ്തു കൊല്ലുന്നതാണ് ആദ്യ അധ്യായം.
അതുവായിച്ച് ഞാനും രമേഷും അജിത്തും നടുങ്ങിപ്പോയി.
ഞങ്ങളുടെ തലയ്ക്കുള്ളില്‍ ഒരു സ്‌ഫോടനം നടന്നു.
ആ കൗമാരക്കാരനെപ്പോലെ മരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് കൊതിച്ച്, പരസ്പരം മിണ്ടാന്‍ പോലുമാകാതെ തരിച്ചിരിക്കുമ്പോള്‍, രോമാവൃതമായ ഒരു
കൈ പിന്നിലൂടെ നീണ്ടുവന്ന് വാരിക കൈക്കലാക്കി.
ബയോളജി പഠിപ്പിക്കുന്ന തമ്പി സാറായിരുന്നു. ഞങ്ങള്‍ ചാടി എഴുന്നേറ്റു. 'മുഴുവന്‍ വായിച്ചില്ലേ...' എന്ന് സാര്‍ കാരുണ്യത്തോടെ ചോദിച്ചു. ഞങ്ങള്‍ മിണ്ടാനാകാതെ ശ്വാസം പിടിച്ചുനിന്നു. പുള്ളിക്കാരനപ്പോള്‍, താഴേക്കിടന്ന ഒരു ചൂളക്കമ്പ് ഒടിച്ചെടുത്ത് 'ക്ലാസീപ്പോടാ...'എന്ന് വീശി.
ഞങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി.
വൈകിട്ട് ബിജു ജോണ്‍ 'വാരികയെവിടെ' എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ കൈമലര്‍ത്തി. രംഗം വഷളായി. ബിജു ചൂടായി. ദേഷ്യം വന്നാല്‍ അവനൊരു വിക്കുണ്ട്. ആ വിക്കോടെ അവന്‍ ചോദിച്ചു:
'മാത്യു മ..മ.. മറ്റം ആരാണെന്ന് അറിയാമോടാ കോപ്പന്മാരെ...'
കഷ്ടി ബാലരമയും പൂമ്പാറ്റയും മാത്രം വായിച്ചിട്ടുള്ള ഞങ്ങള്‍ നിരക്ഷരര്‍, പാപികള്‍, തെറ്റുകാര്‍ മിണ്ടാതെ നിന്നു.
പിറ്റേന്ന്, രമേഷ്‌കുമാര്‍ ആ പ്രശ്നം എങ്ങനെ പരിഹരിച്ചു എന്ന് ഇന്നിപ്പോള്‍ ഓര്‍ക്കാനാകുന്നില്ല. എങ്കിലും ആ എഴുത്തുകാരന്റെ പേര് എനിക്കൊരിക്കലും മറക്കാനാകില്ല.
കാരണം അന്നാണ് എന്റെ കുട്ടിക്കാലം അവസാനിച്ചത്.
പിന്നൊരിക്കലും ലോകം പഴയതുപോലെ ആയില്ല.
അന്നത്തോടെ ശ്വസിക്കുന്ന പരിസരത്തിന്റെ നിറവും ഗന്ധവും മാറി.
ആലോചനകള്‍ മാറി.
ആകാശത്തിനും ഭൂമിയ്ക്കും ഇടയില്‍ മറ്റൊരു ലോകം തുറന്നുവന്നു. അത് ഭാവനകളുടെ വിശാലസ്ഥലി ആയിരുന്നു. ദൈവം അറിയാതെ, മേഘങ്ങള്‍ക്കിടയിലൂടെ സൂര്യന് നേരെ ചിറക് കുടയുന്ന ഒരു പക്ഷിയെ ഞാനും കൂട്ടിലിട്ടു വളര്‍ത്തി. ഞാന്‍ പോകുന്നിടത്തെല്ലാം അതെന്നെ അനുഗമിച്ചു.
ഒരിക്കല്‍, കോട്ടയത്ത് ചൂട്ടുവേലിക്കവലയിലെ ഒരു പെട്ടിക്കടയുടെ ഓരം ചേര്‍ന്നു നില്‍ക്കുകയാണ് ഞാന്‍.
ചെറുതായി മഴ ചാറുന്നുണ്ട്.
അപ്പോള്‍, എന്നോളം ഉയരമില്ലാത്ത, തീരെ മെലിഞ്ഞ ഇരുനിറക്കാരനായ, പാന്റും ഷര്‍ട്ടും ധരിച്ച ഏതാണ്ട് അറുപത് വയസു തോന്നിക്കുന്ന ഒരാള്‍ എന്റെ അടുത്ത് വന്നുനിന്നു. ഇനിയൊരിക്കലും മടങ്ങിവരാന്‍ ഇടയില്ലാത്ത പഴയകാല പ്രതാപങ്ങളുടെ സ്വപ്നവേദിയിലാണ് അയാളുടെ ജീവിതമെന്ന് ഒറ്റനോക്കില്‍ തോന്നി.
അയാളുടെ വിരലുകള്‍ക്കിടയില്‍ സിഗരറ്റ് എരിഞ്ഞു. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ അവശനും രോഗിയുമാണെന്ന് കണ്ടാലറിയാം.
കീഴറ്റം പാന്റ്‌സിനുള്ളിലേയ്ക്ക് തിരുകിയ, ചാരനിറമുള്ള ഷര്‍ട്ടില്‍ മഴച്ചാറല്‍ വീണ് മറ്റൊരു നിറമായിട്ടുണ്ട്.
അയാള്‍ വിഷാദപൂര്‍വ്വം ചിരിച്ചു.
ഞാന്‍ തിരികെയും.
വളരെ വിനയത്തോടെ അയാള്‍ എന്നോട് ചോദിച്ചു:
'എനിക്കൊരു ഇരുപത് രൂപ തരുമോ?'
ഞാന്‍ പോക്കറ്റില്‍ നിന്നും അന്‍പത് നല്‍കി.
അയാള്‍ ബാക്കിയെക്കുറിച്ച് സംശയിച്ചപ്പോള്‍ ഞാന്‍ നിരസിച്ചു.
'വൈകാതെ തിരികെത്തരാം. ഇനിയും കാണുമല്ലോ..'
അത്രയും പറഞ്ഞിട്ട്, അയാള്‍ മഴയ്ക്ക് കൈമറ പോലും പിടിയ്ക്കാതെ നടന്നുപോയി.
കടക്കാരന്‍ എന്നോട് ചോദിച്ചു:
'ആളെ മനസിലായോ?'
ഇല്ലെന്ന് ഞാന്‍ ചുമല്‍ കോച്ചിയപ്പോള്‍ അയാള്‍ ചിരിച്ചു:
'അതാണ് മാത്യു മറ്റം..'
പതിനഞ്ചു ലക്ഷം കോപ്പികള്‍ ഇറങ്ങിയിരുന്ന ഒരു വാരികയുടെ, അതിലുമിരട്ടി വായനക്കാരുടെ ഉദ്വേഗത്തെ ഇലപ്പച്ചകള്‍ എന്നപോലെ കൈവിരലുകള്‍ക്കിടയിലിട്ട് ഞെരിച്ച, ഹിറ്റുകള്‍ മാത്രമെഴുതിയ ജനപ്രിയനായ ഒരാള്‍. ഒരുകാലത്ത് രണ്ടുകൈകള്‍ കൊണ്ടും കോട്ടയത്ത് നിന്നും ഇറങ്ങിയിരുന്ന അനേകമനേകം വാരികകളില്‍ മനുഷ്യരുടെ തരളിത ജീവിതം അടയാളപ്പെടുത്തിയ എഴുത്തുകാരന്‍. എന്റെ കയ്യില്‍നിന്നും കടം വാങ്ങിയ അന്‍പത് രൂപയുമായി നടന്നുപോകുന്നു.
എനിയ്ക്ക് ഹൃദയം നിലച്ചപോലെയായി.
പിറകേ ഓടിച്ചെല്ലാന്‍ തോന്നി.
പോയില്ല.
കണ്മുന്നില്‍ മഴ വീണ്ടും സാന്ദ്രമായി.
അദ്ദേഹം പറഞ്ഞതുപോലെ ഞങ്ങള്‍ വീണ്ടും കണ്ടു. കൂട്ടായി. ചൂട്ടുവേലിയില്‍ പത്രപ്രവര്‍ത്തകര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മതിലില്‍ ചാരിനിന്ന് എന്തൊക്കെയോ സംസാരിച്ചു. സിഗരറ്റുകള്‍ വലിച്ചു. ഇടയ്ക്ക്, ചവിട്ടുവരിയിലേയ്‌ക്കോ നാഗമ്പടത്തേയ്‌ക്കോ തിരുഹൃദയക്കുന്നിലേയ്ക്കോ ചുമ്മാ നടന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അദ്ദേഹത്തിന് നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍ ഞാന്‍ നടപ്പ് പതുക്കെയാക്കി. അദ്ദേഹം അധികം സംസാരിച്ചില്ല. സംസാരിച്ചപ്പോഴെല്ലാം 'ജീവിതം ശുദ്ധ പൈങ്കിളിയാണെന്ന്' അടിവരയിട്ടു പറഞ്ഞു.
ഞാനാകട്ടെ അതിനെ നിഷേധിക്കാന്‍ അലന്‍പോ, കവാബത്ത യാസുനാരി, ഗുന്തര്‍ഗ്രാസ്, സിമോണ്‍ ദ ബുവ, ബഷീര്‍, എം.ടി, എം.സുകുമാരന്‍, യു.പി.ജയരാജ്, ബ്രെഹ്ത് എന്നെല്ലാം വായിട്ടലച്ചു. അതുകേള്‍ക്കേ, 'നിനക്കെന്ത് പ്രായമായി..' എന്ന് ചോദിച്ചു. ഞാന്‍ പ്രായം പറഞ്ഞപ്പോള്‍, 'കഷ്ടം...ചെറുപ്പത്തിലേ നശിച്ചു പോവുകയാണല്ലോ..' എന്ന് ചിരിച്ചു.
ആയിടയ്ക്കാണ് ഓ.വി.വിജയന്‍ അവിടെയടുത്ത്, കരിയമ്പാടത്ത് ഒരു വീട്ടില്‍ താമസിച്ചിരുന്നു എന്ന് കേള്‍ക്കുന്നത്. ആ വീട് വെറുതെയൊന്ന് കാണണമെന്ന് ഒരാഗ്രഹമുണ്ടായി. ഓഫീസില്‍ നിന്നും അല്‍പ്പം നേരത്തേയിറങ്ങിയ ഒരു വൈകുന്നേരം ഞാന്‍ അവിടേയ്ക്ക് നടന്നു.
വഴിയില്‍വച്ച് മാത്യു ചേട്ടനെ കണ്ടു.
ഞാനും വരാം എന്ന് അദ്ദേഹം കൂടെക്കൂടി.
കിതച്ചും വിഷമിച്ചും നടക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു: 'ഓ.വി.വിജയന്‍ എത്ര നോവലുകള്‍ എഴുതിയിട്ടുണ്ട്..?'
ഞാന്‍ എണ്ണം പറയാതെ അവയുടെ പേരുകള്‍ പറഞ്ഞുകേള്‍പ്പിച്ചു.
ഉടന്‍ അദ്ദേഹം, 'മാത്യു മറ്റം എന്ന ഞാന്‍ മുന്നൂറ്റിയന്‍പതോളം നോവലുകള്‍ എഴുതിയിട്ടുണ്ട്..' എന്ന് പറഞ്ഞു. ചെറുകഥകള്‍ എഴുതിയിട്ടുണ്ടോ എന്നുഞാന്‍ തിരക്കി. 'ഇല്ല. ചെറുകഥ എഴുതാന്‍ ശ്രമിച്ചപ്പോള്‍ അവയെല്ലാം നോവലുകളായി പോയി..' എന്ന് അദ്ദേഹം വീണ്ടും ചിരിച്ചു.
ഓ.വി.വിജയന്‍ താമസിച്ച വീടിനു മുന്നില്‍ എത്തിയിരുന്നു ഞങ്ങള്‍.
വഴിയാത്രികര്‍ക്ക് തൊടാന്‍ പാകത്തില്‍ മതിലിനു മുകളിലൂടെ കൈനീട്ടി നില്‍ക്കുകയാണ് കടലാസുപ്പൂക്കൊമ്പുകള്‍. അവയുടെ കീഴെ നിന്നുകൊണ്ട്
ഞാന്‍ പ്രസ്താവിച്ചു: 'മഹത്തായ സാഹിത്യ കൃതികള്‍ അനശ്വര വിസ്മയങ്ങളാണ്..'
അപ്പോള്‍ അതുവഴി ഒരോട്ടോറിക്ഷ വന്നു.
ഓട്ടോക്കാരന്‍ തല പുറത്തേയ്ക്കിട്ട് വിളിച്ചു ചോദിച്ചു:
'മാത്യുച്ചായനെങ്ങോട്ടാ..?'
അദ്ദേഹം തീരെ മെലിഞ്ഞ കൈകളുയര്‍ത്തി ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു.
അയാള്‍ വീണ്ടും 'ചവിട്ടുവരിയിലേക്കാണെങ്കി കേറന്നേ..' എന്ന് ക്ഷണിച്ചു.
ആ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഓട്ടോയില്‍ കയറാനായി തിരിഞ്ഞു. പിന്നെ എന്തോ ഓര്‍ത്തപോലെ എന്നോട് ചോദിച്ചു:
'മോനേ... ഈ അനശ്വരതയില്‍ എന്താണ് കാര്യം?'
ഞാന്‍ സ്തംഭിച്ചു നില്‍ക്കേ, മാത്യു മറ്റം കയറിയ ഓട്ടോറിക്ഷ അകന്നകന്നു പോയി.
മുന്നില്‍ അപരാഹ്നം ചാഞ്ഞുവന്നു.
പിന്നില്‍, സാഹിത്യ തീര്‍ഥാടകര്‍ ഇനിയും അന്വേഷിച്ചു വരാനിടയുള്ള ഓ.വി.വിജയന്‍ താമസിച്ച വീട്.
ചുറ്റും വിപണിയാണ്. സാഹിത്യത്തെ ചുറ്റിപ്പറ്റി ജനപ്രിയത, ദാര്‍ശനികത, പൈങ്കിളി, ബൗദ്ധികപൈങ്കിളി എന്നെല്ലാം കെട്ടുപിണഞ്ഞു കേള്‍ക്കുന്നു.
എത്ര തലകുടഞ്ഞിട്ടും ആ ചോദ്യത്തിന്റെ മുഴക്കം വിട്ടുപോകുന്നില്ല.
പോകുന്നേയില്ല.
(യെസ് പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച മനോജ് വെങ്ങോലയുടെ പായ; പുസ്തകങ്ങള്‍ മനുഷ്യര്‍ ജീവിതം എന്ന പുസ്തകത്തില്‍ നിന്നും)
Content Highlights: manoj vengola writes mathew mattom popular pulp fiction
Published: 24 Jun 2025, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented