എഴുത്തുകാരനായ അച്ഛന്റെ സംസാരങ്ങളില്‍ നിന്നും കോളേജ് ക്ലാസുകളില്‍നിന്നും പഠിച്ചറിഞ്ഞ് പിന്നീട് ആവേശമായിമാറിയ വില്യം ഷേക്സ്പിയറുടെ ഗ്രാമത്തിലെത്തിയ ഒരു നര്‍ത്തകിയുടെ ആന്തരാനുഭൂതിയാണ് ഈ കുറിപ്പ്. വാക്കുകളും ചുറ്റുപാടുകളും ചേര്‍ന്ന് മറ്റൊരുതലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു, ഇവിടെ...

To advertise here,

1992-ല്‍ എന്റെ അച്ഛന്‍, എം.ടി. വാസുദേവന്‍ നായര്‍ ഒരു യു.കെ. യാത്രയില്‍ ഷേക്സ്പിയറിന്റെ ജന്മസ്ഥലമായ സ്ട്രാറ്റ്‌ഫോഡ് അപ്പോണ്‍ അവോണ്‍ സന്ദര്‍ശിക്കുകയും യാത്രാനുഭവം എഴുതുകയും ചെയ്തിരുന്നു. ആ യാത്രയില്‍ക്കണ്ട കാര്യങ്ങള്‍, തുഞ്ചന്‍ സ്മാരകം ഇന്നു കാണുന്നനിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ പ്രചോദനമായി എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.

അച്ഛന്റെ ആ യാത്രയ്ക്കുശേഷമാണ് ഞാന്‍ കോഴിക്കോട്ടെ പ്രൊവിഡന്‍സ് കോളേജില്‍ ചേരുന്നത്. ഇംഗ്ലീഷ് സാഹിത്യം ഐച്ഛികവിഷയമായതിനാല്‍ വായനയുടെ ആഴവും പരപ്പും കൂട്ടാനായി ശ്രമം. റൊമാന്റിക് കവികളെയും ഷേക്സ്പിയറിനെയും സ്‌നേഹിച്ചുതുടങ്ങി.

രണ്ടാംവര്‍ഷം ഷേക്സ്പിയര്‍ നാടകങ്ങള്‍ മാത്രമടങ്ങുന്ന ഒരു പേപ്പര്‍. ലഹരിയായിരുന്നു അവയിലെ വാചകങ്ങള്‍. കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍, ചുറ്റുമുള്ള മരങ്ങളെയും ആകാശത്തെയും നോക്കി മനസ്സില്‍ അവ ഉരുവിടുകയും കൂട്ടുകാരുമായി തര്‍ക്കിക്കുമ്പോള്‍ ഒരുപടി മുന്നിലെത്താന്‍ ചിലത് ഉദ്ധരിച്ചുമുന്നേറാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന കാലം. ഏറ്റവും കൂടുതല്‍ മാര്‍ക്കും ആ പേപ്പറിന്. അന്ന് മനസ്സില്‍ മൊട്ടിട്ടതാണ്, സ്ട്രാറ്റ് ഫോര്‍ഡ് അപ്പോണ്‍ അവോണ്‍ കാണാനുള്ള മോഹം.

നീണ്ട ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം ആ ഭാഗ്യം കൈവന്നു. അനേകം രാജ്യങ്ങളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും യു.കെ.യില്‍ ഇതുവരെ പോകാന്‍ സാധിച്ചിരുന്നില്ല. അവിടത്തെ കേരള ആര്‍ട്ട് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ (KALA UK) നൃത്തപരിപാടിക്കായി ക്ഷണിച്ചപ്പോള്‍ ഒരു വ്യവസ്ഥമാത്രം വെച്ചു -ഷേക്സ്പിയറിന്റെ ജന്മസ്ഥലം കാണണം, അതിനുള്ള കാര്യങ്ങള്‍ ഏര്‍പ്പാടുചെയ്യണം. സംഘാടകര്‍ക്ക് സമ്മതം.

ഒരാഴ്ചത്തെ ലണ്ടന്‍യാത്രയില്‍ ഒരുദിവസം അതിനായി നീക്കിവെച്ചു. ഞങ്ങളുടെ ആതിഥേയ ഡോക്ടര്‍ ഹേമയും അവരുടെ ഭര്‍ത്താവ് ഡോക്ടര്‍ സന്തോഷ് നാരാട്ടും കൂടിയാണ് സ്ട്രാറ്റ് ഫോര്‍ഡ് യാത്ര പ്ലാന്‍ചെയ്തത്. നിശ്ചയിച്ച ദിവസം രാവിലെ പോകാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. പക്ഷേ, പുറപ്പെട്ടപ്പോള്‍ ഉച്ചയായി. ലണ്ടനില്‍ തണുപ്പ് തുടങ്ങിയിരിക്കുന്നു. ഭാഗ്യവശാല്‍ മഴ വിട്ടുനിന്നു. തെളിഞ്ഞ കാലാവസ്ഥ. ഏകദേശം രണ്ടരമണിക്കൂര്‍ ദൂരമാണ് ലണ്ടനില്‍നിന്ന് സ്ട്രാറ്റ് ഫോര്‍ഡിലേക്ക്. ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ മൂന്നുമണി. ഒരു ചെറിയഗ്രാമം എന്നുതന്നെ പറയാം. അതിപ്പോള്‍ ഒരു ടൂറിസ്റ്റ് ടൗണ്‍ ആണ്. 

ഗ്രാമീണഭംഗി ഒട്ടും ചോര്‍ന്നുപോകാതെ എല്ലാം നിലനിര്‍ത്തിയിരിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ വലിയ ഷോപ്പിങ് മാളുകളോ ഹോട്ടലുകളോ ഒന്നും ഉണ്ടാക്കാന്‍ അനുമതിയില്ല. പഴമ നഷ്ടപ്പെടാതിരിക്കാന്‍ ആണത്രേ ഇതുപോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നത്. പഴയ വീടുകള്‍ (ഹെറിറ്റേജ് ഹോംസ്) വാങ്ങാന്‍ ആളുകളുണ്ട്; ധനികന്മാര്‍. പൊന്നുംവിലകൊടുത്ത് വാങ്ങിയാല്‍ മാത്രം പോരാ, കൗണ്ടിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുവേണം അവിടെ ജീവിക്കാന്‍. വീടിന്റെ അകം മാറ്റുകയോ മോടിപിടിപ്പിക്കുകയോ ചെയ്യാം. പക്ഷേ, പുറംഭാഗം ഒരുതരിപോലും മാറ്റാനോ പുതുക്കാനോ അനുവാദമില്ല.

സ്ട്രാറ്റ് ഫോഡിലെ പ്രധാനവീഥിയിലൂടെ ഞങ്ങള്‍ നടക്കാന്‍തുടങ്ങി. ഷേക്സ്പിയര്‍ ജനിച്ച വീട്, അദ്ദേഹം പിന്നീട് വാങ്ങിയ വീട്, പഠിച്ചിരുന്ന സ്‌കൂള്‍, അദ്ദേഹത്തെയും കുടുംബത്തെയും അടക്കിയ പള്ളി. ഇത്രയും ഓടിനടന്ന് കാണാന്‍ മൂന്നുമണിക്കൂര്‍ സമയംമാത്രം.

placeholder
സ്ട്രാറ്റ്ഫോഡ് അപ്പോൺ അവോണിലെ ഷേക്‌സ്പിയർ പ്രതിമ, ലേഖിക ഫസ്റ്റ് ഫോളിയോക്ക് മുന്നിൽ.

ജനിച്ചവീടിന്റെ കവാടത്തില്‍നിന്ന് ടിക്കറ്റെടുത്ത് അകത്തേക്ക് കയറുന്നതിനുമുമ്പ് മനോഹരമായ ഒരു ചെറിയ മ്യൂസിയമുണ്ട്. പതിനാറാംനൂറ്റാണ്ടില്‍ വീടുകളില്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, അന്നത്തെ നാടകങ്ങളിലെ വേഷവിധാനം, നാണയങ്ങള്‍, എല്ലാം കണ്ടതിനുശേഷം എത്തിച്ചേരുന്നത് ഒരു ചെറിയ പൂന്തോട്ടത്തിലാണ്. അതിന്റെ കിഴക്കുവശത്താണ് കൈയുറനിര്‍മാതാവും ആല്‍ഡര്‍മാനുമായിരുന്ന ജോണ്‍ ഷേക്സ്പിയര്‍, മേരി ആര്‍ഡന്‍ എന്നിവര്‍ ജീവിച്ചിരുന്ന രണ്ടുനിലയുള്ള, പൂര്‍ണമായും മരത്തടികൊണ്ട് നിര്‍മിച്ച വീട്. 

താഴെ ഒരു ചെറിയ അടുക്കളയും ജോണിന്റെ പണിശാലയുമാണ്. മുകളിലത്തെനിലയില്‍ മൂന്ന് ചെറിയമുറികള്‍. അതില്‍ ഒരെണ്ണത്തില്‍ വലിയ ഒരു കട്ടിലും തൊട്ടിലിന്റെ ആകൃതിയിലുള്ള ഒരു ക്രിബും. അവിടെയാണത്രേ ലോകചരിത്രത്തിലെ ഏറ്റവും മഹാനായ കവിയും നാടകകൃത്തുമായ ഷേക്സ്പിയര്‍ ജനിച്ചത്! അദ്ഭുതത്തോടെ, ആദരവോടെ നോക്കിനിന്നുപോയി.

സ്മാരകങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഷേക്സ്പിയര്‍ ബെര്‍ത്ത് പ്ലേസ് ട്രസ്റ്റിനാണ്. അവരുടെ പ്ലാനിങ് ഗംഭീരമായിത്തോന്നി. ഓരോ മുറിയിലും ഒരു ഗൈഡ്. നിത്യേന ചെയ്യുന്നതാണെങ്കിലും വിരസതയുടെ ലാഞ്ഛന തെല്ലുമില്ലാതെ, വളരെ പ്രസരിപ്പോടെ കാര്യങ്ങള്‍ അവര്‍ വിശദീകരിച്ചു, സംശയങ്ങള്‍ക്ക് മറുപടിയും തന്നു.

ജനിച്ചവീട്ടില്‍നിന്ന് ഒരല്പം നടന്നാല്‍ സ്ട്രാറ്റ് ഫോര്‍ഡ് ഗ്രാമര്‍ സ്‌കൂള്‍ കാണാം. അവിടെ ഇപ്പോഴും കുട്ടികള്‍ പഠിക്കുന്നു. അന്ന് സമയം വൈകിയതിനാല്‍ സ്‌കൂള്‍ അടച്ചിരുന്നു. കുറച്ചുകൂടി നടന്ന് അടുത്തതെരുവിലേക്ക് തിരിഞ്ഞാല്‍ അവിടെയാണ് ഷേക്സ്പിയര്‍ സ്വന്തമായി വാങ്ങിയ വീട്. തന്റെ പ്രിയതമ ആന്‍ ഹാത്തവേയോടൊപ്പം അദ്ദേഹം താമസിച്ചിരുന്ന ആ വീട് സാധാരണയില്‍ക്കവിഞ്ഞ വലുപ്പമുള്ള ഇരുനിലക്കെട്ടിടമായിരുന്നു.

രാജാവിന്റെയും പ്രഭുക്കന്മാരുടെയും പ്രിയപ്പെട്ട കവിയും നാടകകൃത്തുമായ ഷേക്സ്പിയര്‍ ധനികനായിരുന്നു എന്നതില്‍ സംശയമില്ല. വലിയമുറികളും വിശാലമായ അടുക്കളയും അതിഗംഭീരമായ ഒരു പൂന്തോട്ടവും അതിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടി. ആ വീടിന്റെ മുന്‍വശത്ത് ഒരു ക്യൂരിയോ ഷോപ്പും കുറച്ച് പ്രദര്‍ശനവസ്തുക്കളും ഉണ്ടായിരുന്നു. അവയെല്ലാം കണ്ടും വായിച്ചും നടന്നുനീങ്ങുമ്പോള്‍, ഒരു ഗൈഡ് വന്ന് ചോദിച്ചു: ''ഫോളിയോ കണ്ടില്ലേ, മുകളിലത്തെ നിലയില്‍ പ്രത്യേക ഫോളിയോ പ്രദര്‍ശനം. വേഗം പോയി കാണൂ, ഒരുമണിക്കൂറില്‍ അടയ്ക്കും'' എന്ന്. ഒറ്റത്തടിയില്‍ പണിത ഗോവണിയിലൂടെ ഞങ്ങള്‍ വേഗം മുകളിലേക്ക്.

ഷേക്സ്പിയറിന്റെ മരണശേഷം ചില സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ കൃതികള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ചു. 1623-ല്‍ ഇറങ്ങിയ ഈ സമാഹാരത്തിന് പറയുന്ന പേരാണ് 'ഫസ്റ്റ് ഫോളിയോ'. ആദ്യത്തെ സമാഹാരത്തിനുമുമ്പുതന്നെ ഷേക്സ്പിയറിന്റെ പലകൃതികളും ഒറ്റയ്‌ക്കൊറ്റയ്ക്ക് അച്ചടിച്ചുവന്നിരുന്നു. നാടകനടന്മാരും ഷേക്സ്പിയറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ജോണ്‍ ഹെമിങ്‌സും ഹെന്റി കോണ്‍ടെല്ലും ചേര്‍ന്ന് 'Mr. William Shakespeare's Comedies, Histories & Tragedies' എന്ന സമാഹാരം പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കില്‍ ആ മഹാനുഭാവന്‍ എഴുതിയ പതിനെട്ടോളം നാടകങ്ങള്‍ സാഹിത്യലോകത്തിന് നഷ്ടപ്പെടുമായിരുന്നു. ആദ്യത്തെ ഫോളിയോയിലെ 36 നാടകങ്ങളില്‍ 18 എണ്ണം മുമ്പ് പ്രസിദ്ധീകരിക്കാത്തവയായിരുന്നു. 

ഫോളിയോയുടെ കവര്‍ച്ചിത്രമായി മാര്‍ട്ടിന്‍ ഡാഷൗട്ട് വരച്ച ഷേക്സ്പിയറിന്റെ ചിത്രം അദ്ദേഹത്തിന്റേതുതന്നെ എന്ന് ആധികാരികമായി അംഗീകരിക്കപ്പെടുകയും ലോകജനതയുടെ മനസ്സില്‍ പതിയുകയും ചെയ്തു. അച്ചടിച്ച വലിയ കടലാസുകള്‍ പകുതിയായി മടക്കി പുസ്തകരൂപമാക്കുന്ന രീതിക്കാണ് ഫോളിയോ എന്ന് പറയുന്നത്. ഇംഗ്ലണ്ടില്‍ നാടകങ്ങള്‍ക്കുവേണ്ടി മാത്രമായി ഉണ്ടാക്കിയ ആദ്യത്തെ ഫോളിയോ ഇതാണെന്ന് പറയപ്പെടുന്നു. ഗവേഷകരുടെ കണക്കനുസരിച്ച് 750 ഫോളിയോകള്‍ അന്ന് അച്ചടിച്ചിരുന്നു. അതില്‍ ഇന്ന് 235 എണ്ണം ലോകത്തിന്റെ വിവിധഭാഗങ്ങളിലായി അവശേഷിക്കുന്നു.

ഇത്രയേറെ ചരിത്രപ്രാധാന്യമുള്ള ഒരു പുസ്തകത്തിന്റെ നാനൂറാംവര്‍ഷം വിവിധപരിപാടികളിലൂടെ ആഘോഷിക്കുകയാണ് ഷേക്സ്പിയര്‍ ബെര്‍ത്ത് പ്ലേസ് ട്രസ്റ്റ്. 2023-ല്‍ അവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി ഫോളിയോയുടെ ഒരു കോപ്പി അവിടെ ഒരു മേശപ്പുറത്ത് വെച്ചിരിക്കുന്നു. അരികില്‍ ഒരു പെന്‍സില്‍. അവിടെനിന്നിരുന്ന ഗൈഡ് പറഞ്ഞു: ''നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഇതില്‍ കണ്ടുപിടിക്കാം. അതിനരികില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും കുറിക്കാം. നിങ്ങളുടെ പേരോ, ഇപ്പോള്‍ തോന്നുന്ന വികാരമോ, അങ്ങനെ ചെറുതായി എന്തെങ്കിലും. കുറച്ചുദിവസം കഴിഞ്ഞാല്‍ ഈ കോപ്പി ഇവിടത്തെ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കും. പിന്നെ നിങ്ങളും ചരിത്രത്തിന്റെ ഒരു ഭാഗം''! 
ഞാന്‍ ഇതുകേട്ടതും തരിച്ചുനിന്നുപോയി. 

മനസ്സില്‍ ദൈവംപോലെ കൊണ്ടുനടന്ന ഒരു കവിയുടെ ഫോളിയോയുടെ ഒരു പകര്‍പ്പ് തൊടാന്‍ പോയിട്ട്, അതില്‍ എഴുതാന്‍... എന്ത് എഴുതാന്‍, എങ്ങനെ എഴുതാന്‍. ഒരല്പം ശങ്കയോടെ മേശയ്ക്കരികിലെ കസേരയില്‍ ഇരുന്ന് ആ കനമുള്ള പുസ്തകം (എല്ലാ അര്‍ഥത്തിലും) പതുക്കെ തുറന്നു. മനോഹരമായ കാലിഗ്രഫി തൊട്ടും തലോടിയും ഒരഞ്ചുമിനിറ്റ് ഇരുന്നു. പിന്നെ ഹാംലെറ്റ് എന്ന നാടകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍തേടി താളുകള്‍ മറിച്ചു.
''To be or not to be, that is the question.''

വിറയ്ക്കുന്ന കൈകള്‍കൊണ്ട് ആ വരികള്‍ക്കടിയില്‍ പേരും തീയതിയും എഴുതിവെച്ചു. കുറെയധികം പേരുടെ എഴുത്തുകള്‍ ആ പേജില്‍ ഉണ്ടായിരുന്നു. ചിലര്‍ ആ വരികള്‍ അടിവരയിട്ടിരിക്കുന്നു. അദ്ഭുതപ്പെടാനില്ല. എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ആ വരികള്‍!
ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷം. ഒരു കവിയെ തലമുറകള്‍ക്കിപ്പുറം നൂറ്റാണ്ടുകള്‍ക്കിപ്പുറം എങ്ങനെ ആഘോഷിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണെന്നുതോന്നി.

placeholder
വില്യം ഷേക്സ്പിയര്‍ ജനിച്ച മുറി

ഷേക്സ്പിയറിന്റെയും ആനിന്റെയും സ്‌നേഹത്തിന്റെ പൂന്തോട്ടത്തില്‍ ഒന്ന് കറങ്ങിയശേഷം ഞങ്ങള്‍ ഹോളി ട്രിനിറ്റി ചര്‍ച്ചിനെ ലക്ഷ്യമാക്കി നടന്നു. സെമിത്തേരിയിലല്ല, മറിച്ച് പള്ളിക്കകത്താണ് ഷേക്സ്പിയര്‍ കുടുംബത്തിന്റെ കല്ലറ. അന്ന് സെമിത്തേരി കൊള്ളയടിച്ചിരുന്ന സംഘങ്ങള്‍ ഉണ്ടായിരുന്നുവത്രേ. അവരെ ഭയന്ന് ധനികരായ ആളുകള്‍ പള്ളിക്ക് പണംനല്‍കി അവരുടെ കുടുംബത്തെ പള്ളിക്കുള്ളില്‍ അടക്കാനുള്ള അനുവാദം വാങ്ങുന്നത് പതിവായിരുന്നു എന്ന് ചരിത്രരേഖകള്‍ പറയുന്നു.

ശിശിരത്തിന്റെ വരവറിയിച്ച് തുടങ്ങിയിരുന്നു, മരങ്ങള്‍. ഇലകള്‍ പഴുത്ത് മഞ്ഞയും ഓറഞ്ചും നിറമായിരിക്കുന്നു. കൊഴിഞ്ഞ ഇലകള്‍ നടവഴിയില്‍ മഞ്ഞപ്പരവതാനിവിരിച്ച പ്രതീതിയുണ്ടാക്കി. കരിങ്കല്ലില്‍ നിര്‍മിച്ച ഒരു ചെറിയ പള്ളി. പ്രവേശനകവാടത്തിലും അകത്തുമായി ഗൈഡുകള്‍. വലിയ ഒരു ചര്‍ച്ച് ഓര്‍ഗന്‍ കണ്ടു. ഇപ്പോഴും അത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍, നൂറ്റാണ്ടുകള്‍ ആ പള്ളിയും ഓര്‍ഗനും പരിപാലിച്ചുപോന്നവരോട് ആദരവുതോന്നി.

സ്‌റ്റൈന്‍ഡ് ഗ്ലാസ്സുകള്‍ പതിച്ച വലിയ ഒരു ജനാല. അതിനുതാഴെ അതാ വില്യം ഷേക്സ്പിയറും കുടുംബവും ഉറങ്ങുന്നു! ഷേക്സ്പിയറുടെ ഭാര്യ ആന്‍, മകന്‍ ഹാംനെറ്റ്, മകള്‍ സുസാന്ന ഹാള്‍, അവരുടെ ഭര്‍ത്താവ് ഡോക്ടര്‍ ജോണ്‍ ഹാള്‍ ഇത്രയും പേരാണ് ഈ പള്ളിയില്‍ അടക്കംചെയ്യപ്പെട്ടത്. മറ്റൊരു മകളായ ജൂഡിത്ത്, തോമസ് ക്വിന്നി എന്നൊരാളെ വിവാഹംചെയ്യുകയും ആ ബന്ധത്തോട് ഷേക്സ്പിയര്‍ക്ക് യോജിക്കാന്‍ സാധിക്കാതെവന്നതിനാല്‍ മകളെ മാറ്റിനിര്‍ത്തുകയും അവര്‍ സ്ട്രാറ്റ്‌ഫോര്‍ഡ് വിട്ടുപോവുകയും ചെയ്തു എന്നാണ് ചരിത്രം. കല്ലറയ്ക്കുമുന്നില്‍ മുട്ടുകുത്തിനിന്ന് തൊഴുത് അതിന്മേല്‍ കൊത്തിവെച്ച വാചകം വായിച്ചു.
''Good friend, for Jesus sake, forbear, 
To dig the dust enclosed here,
Blessed be the man that spares these stones, 
And cursed be he, that moves my bones.''

പ്രശസ്തരുടെ കുഴിമാടങ്ങള്‍ തുറന്ന് അവരുടെ തലയോട്ടി കട്ടുകൊണ്ടുപോയി പരിശോധിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലെ ഒരു വികൃതിയായിരുന്നു എന്നുവേണം കണക്കാക്കാന്‍. അവര്‍ക്ക് എങ്ങനെ പ്രത്യേക കഴിവുകള്‍ അഥവാ സിദ്ധികള്‍ ഉണ്ടായി എന്നറിയാനുള്ള ജിജ്ഞാസയായിരിക്കാം ഇതിനുകാരണം.

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.