ചിന്തിച്ചുചിന്തിച്ച് തല പുണ്ണായി. എന്തിനെക്കുറിച്ചാണ് ചിന്തിച്ചതെന്ന് ഈശ്വരനുമാത്രം അറിയാം. ഇപ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പോലെ തമാശപറയാന്‍ തോന്നുന്നു. അല്ലെങ്കില്‍ വിനോയ് തോമസിനെപ്പോലെ. എത്ര സീരിയസായ വിഷയങ്ങളും ഫലിതത്തില്‍ പറയാനുള്ള സിദ്ധിയുണ്ട്, കീഴ്ത്താടിയില്‍ നരവീണു തുടങ്ങിയ ഈ യുവസാഹിത്യകാരന്.
എന്നെ ഞാന്‍ പല രീതിയില്‍ അഭിസംബോധന ചെയ്യാറുണ്ട്. ഞാന്‍ നന്നേ ചെറിയ കുട്ടിയായിരുന്ന കാലത്ത് എനിക്ക് മുകുന്ദന്‍ എന്ന പേര് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഞാന്‍ എന്നെ അമനന്‍ എന്നാണ് വിളിച്ചിരുന്നത്. അമ്മേ, അമനന് പാല് വേണം -ഞാന്‍ പറയും.
കുട്ടിക്കാലത്ത് മാത്രമല്ല, ഈ വാര്‍ധക്യത്തിലും ഞാന്‍ പാല് കുടിക്കുന്നുണ്ട്. പണ്ട് മുലപ്പാലാണ് കുടിച്ചിരുന്നത്. പിന്നീട് പശുവിന്‍ പാലായി. ഡല്‍ഹിയില്‍പ്പോയ ശേഷം കുടിച്ചത് എരുമപ്പാലായിരുന്നു. ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ കുടിക്കുന്നത് മില്‍മയാണ്. നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതല്‍ പാല്‍ തരുന്ന മൃഗം മില്‍മയാണ്.
എനിക്ക് എന്നോടുള്ള സ്‌നേഹം കുറഞ്ഞു. പകരം ബഹുമാനം വന്നു. പുരസ്‌കാരങ്ങള്‍ കിട്ടാന്‍ തുടങ്ങിയതോടെയാണ് അങ്ങനെ സംഭവിച്ചത്.
സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതോടെ ഞാന്‍ എന്നെ നീ എന്നു വിളിക്കുന്നത് നിര്‍ത്തി പകരം താങ്കള്‍ എന്ന് വിളിക്കാന്‍ തുടങ്ങി. ഷെവലിയര്‍ ബഹുമതി കിട്ടിയതോടെ ഞാന്‍ എന്നെ മൊസ്വേ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങി. ''മൊസ്വേ മുകുന്ദന്‍, അഭിനന്ദനങ്ങള്‍.'' - ഞാന്‍ പറഞ്ഞു. എഴുത്തച്ഛന്‍ പുരസ്‌കാരം കിട്ടിയപ്പോള്‍ താങ്കള്‍ എന്ന വിളി നിര്‍ത്തി ഞാന്‍ എന്നെ അങ്ങ് എന്ന് സംബോധനചെയ്യാന്‍ തുടങ്ങി. ജെ.സി.ബി. സാഹിത്യസമ്മാനം കിട്ടിയപ്പോള്‍, ഞാന്‍ എന്നെ സര്‍ എന്ന് വിളിച്ചാണ് അഭിനന്ദിച്ചത്. ''സര്‍, കണ്‍ഗ്രാജുലേഷന്‍.'' -ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാന്‍ എന്നെ പെറുക്കി എന്നാണ് വിളിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമ കണ്ടതിനു ശേഷമാണ് ഞാന്‍ എന്നെ അങ്ങനെ വിളിക്കാന്‍ തുടങ്ങിയത്.
''സാബ്, ചാനലുകാര്‍ വന്നിരിക്കുന്നു.''
-ഗെയിറ്റിലെ ചൌക്കിദാര്‍ വന്നു പറഞ്ഞു.
ഞാന്‍ മനോരാജ്യത്തില്‍ നിന്നുണര്‍ന്നു. ദ്വാരകയിലെ ഫ്‌ലാറ്റിന്റെ രണ്ടാമത്തെ നിലയിലെ വരാന്തയില്‍ ഇരുന്ന് ഞാന്‍ ചിന്തിക്കുകയും വേവലാതിപ്പെടുകയുമായിരുന്നു. താഴേക്കു നോക്കിയപ്പോള്‍, ഏഷ്യാനെറ്റ് ചാനലുകാര്‍ ക്യാമറയും ലൈറ്റും റിഫ്‌ളക്റ്ററുകളുമായി നില്‍ക്കുന്നു. ശശികുമാറിന്റെയും വി.കെ. മാധവന്‍കുട്ടിയുടെയും സക്കറിയയുടെയും ചിന്ത രവിയുടെയും അന്നത്തെ ഏഷ്യാനെറ്റ് ചാനല്‍. ഞാന്‍ ലിഫ്റ്റില്‍ കയറി താഴെ ചെന്നു.
''നിങ്ങളെല്ലാവരും എന്തിനാണ് വന്നത്?''
-ഞാന്‍ തിരക്കി.
''മുകുന്ദേട്ടനെ കാണാന്‍.''
''എന്നെയോ?''
''അതേ.''
''നിങ്ങള്‍ കാണേണ്ടത് എ.കെ. ആന്റണിയെയല്ലേ?''
അന്ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം എപ്പോഴും ഡല്‍ഹിയിലെ കേരള ഹൗസിലുണ്ടാകും. ചാനലുകാരും പത്രക്കാരും അദ്ദേഹത്തെ നിഴല്‍പോലെ പിന്തുടരുന്നുണ്ടാകും.
''ഇന്ന് ഞങ്ങള്‍ക്ക് കാണേണ്ടത് ചീഫ് മിനിസ്റ്ററെയല്ല, എം. മുകുന്ദനെയാണ്.''
''എന്താണ് വിശേഷം?''
''ഇന്ന് മുകുന്ദേട്ടന്റെ പിറന്നാളാണ്. മറന്നുപോയോ?''
ആ നിമിഷം എനിക്ക് ബോധ്യപ്പെട്ടു, വരാന്തയില്‍ ഇരുന്ന് ഇത്രയും നേരം ഞാന്‍ തലപുണ്ണാക്കി ചിന്തിച്ചത് അതിനെക്കുറിച്ചാണെന്ന്. ഞാന്‍ ജനിച്ച നാളിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എപ്പോഴും നെഞ്ചില്‍ നീറ്റലുണ്ടാകും. കുറ്റബോധം തോന്നും. ഞാനെന്തോ വലിയൊരു തെറ്റ് ചെയ്തതുപോലെ. പിറന്നാള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഞാന്‍ ആഗ്രഹിച്ചു പോയി.
''ഞങ്ങള്‍ക്ക് ഒരു ബൈറ്റ് വേണം. ഇന്നുതന്നെ കാണിക്കാനാണ്.''
അക്കാലത്ത് ചാനലുകാര്‍ക്ക് എഴുത്തുകാരുടെ ജന്മനാളില്‍ വലിയ താത്പര്യമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് താത്പര്യം എഴുത്തുകാരുടെ മരണത്തിലാണ്. ഒരെഴുത്തുകാരന്റെ ജന്മനാളിലും അവര്‍ ചെന്ന് ഹാപ്പി ബര്‍ത്ത് ഡേ പറയുകയില്ല. മരിച്ചാലോ? ഓടിയെത്തും.
''എനിക്ക് പറയാനൊന്നുമില്ല.''
'' അറുപത് വയസ്സായ യുവാവാണ് മുകുന്ദേട്ടന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും.''
അവര്‍ ക്യാമറയും ലൈറ്റും സെറ്റ് ചെയ്യാന്‍ തുടങ്ങി. ഒരാള്‍ മുകളില്‍പ്പോയി എന്റെ എഴുത്തുകസാര കൊണ്ടുവന്ന് പുല്‍ത്തകിടിയില്‍ വെച്ചു. ചെടികള്‍ക്കും മരങ്ങള്‍ക്കും ഇടയില്‍ ഇരുന്ന് സംസാരിക്കാനായിരുന്നു എനിക്ക് ആഗ്രഹം. അവര്‍ സമ്മതിച്ചു. ഞാന്‍ ഷര്‍ട്ട് മാറ്റി, മുഖത്ത് പൗഡറിട്ട് തിരികെ വന്നു. സ്വന്തം ഇമേജിനെക്കുറിച്ച് ഞാനിപ്പോള്‍ വളരെ ബോധവാനാണ്. ഞാന്‍ ചില്ലറക്കാരനല്ല. വലിയ എഴുത്തുകാരനാണ്. അതുകൊണ്ട് ഞാനിപ്പോള്‍ നടക്കുന്നതും നോക്കുന്നതുമെല്ലാം ഗാംഭീര്യത്തോടെയാണ്. സാധാരണക്കാരെ കണ്ടാല്‍ പുച്ഛത്തോടെ മുഖം തിരിച്ചുകളയും.
എന്റെ ഏറ്റവും കൂടുതല്‍ ഇമേജുകളുള്ളത് എല്ലാവരും സതിയേച്ചിയെന്ന് വിളിക്കുന്ന ഫോട്ടോഗ്രാഫര്‍ സതിയുടെ കൈവശമാണ്. കോഴിക്കോട്ട് ഏത് സാഹിത്യസദസ്സില്‍ ഞാന്‍ സംസാരിക്കാന്‍ ചെന്നാലും സതി വന്ന് ഫോട്ടോ പകര്‍ത്തും. എന്റേതു മാത്രമല്ല, എല്ലാ എഴുത്തുകാരുടെയും.
ഞാന്‍ ബാര്‍ബര്‍ ഷാപ്പിലെ കസാരയില്‍ തലമുടി വെട്ടാന്‍ ഇരിക്കുന്നതുപോലെ ചാനലിന്റെ ക്യാമറയ്ക്ക് അഭിമുഖമായി ഇരുന്നു.
1942 സപ്റ്റംബര്‍ 10-നാണ് ഞാന്‍ ജനിച്ചത്. അതൊരു വ്യാഴാഴ്ചയായിരുന്നു. ഇപ്പോള്‍ എനിക്ക് അറുപത് വയസ്സായി. എന്റെ എംബസി ജീവിതം അവസാനിക്കാറായി. പറയേണ്ടതെല്ലാം ഞാന്‍ പറഞ്ഞുകഴിഞ്ഞോ?
അങ്ങനെ ചിന്തിച്ചപ്പോള്‍ ഫ്രാന്‍സില്‍ നടന്ന ഇന്ത്യന്‍ സാഹിത്യോത്സവം ഓര്‍മ്മ വന്നു. 2002 നവംബറിലായിരുന്നു അത്. അതേവര്‍ഷം ഒക്ടോബറിലാണ് പെന്‍ഗ്വിന്‍ ദൈവത്തിന്റെ വികൃതികളുടെ ഇംഗ്ലീഷ് പരിഭാഷയായ ഗോഡ്‌സ് മിസ്ചീഫ് പ്രസിദ്ധീകരിച്ചത്. അംബാസഡര്‍ ബെര്‍നാര്‍ ദ് മോംഫെറാന്‍ ആണ് പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചത്.
''ഐ ലവ് ഗോഡ്‌സ് മിസ്ചീഫ്''.
- അങ്ങനെയാണ് അംബാസഡര്‍ പ്രഭാഷണം ആരംഭിച്ചത്. അദ്ദേഹം തുടര്‍ന്നു:
''കഴിഞ്ഞ രണ്ടര വര്‍ഷമായി മുകുന്ദനുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ എനിക്ക് ഭാഗ്യമുണ്ടായി. പരസ്പര വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധമാണത്. തന്നെ സ്വാധീനിച്ച രണ്ടു എഴുത്തുകാര്‍ ദസ്തയേവ്‌സ്‌കിയും സാര്‍ത്രുമാണെന്ന് മുകുന്ദന്‍ എന്നോടു പറഞ്ഞിരുന്നു. മനുഷ്യ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വന്തം ഭാഗധേയം നിര്‍ണയിക്കുന്നതില്‍ മനുഷ്യനുള്ള ശേഷിയെക്കുറിച്ചും അവര്‍ രണ്ടുപേര്‍ക്കും ഉറച്ച നിലപാടുകളുണ്ടായിരുന്നു...''
ദീര്‍ഘമായ പ്രഭാഷണമായിരുന്നു അത്. യൂറോപ്പിനെക്കുറിച്ചും കേരളത്തെക്കുറിച്ചും മയ്യഴിയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. ഡല്‍ഹിയിലെ
സാംസ്‌കാരികലോകം കേള്‍വിക്കാരായുണ്ടായിരുന്നു.
നവംബറില്‍ ഞങ്ങള്‍ ഇരുപത് ഇന്ത്യന്‍ എഴുത്തുകാരെ അദ്ദേഹം ഫ്രാന്‍സിലേക്ക് യാത്രയയച്ചു.
''എംബസിയില്‍നിന്ന് പടിയിറങ്ങാന്‍ സമയമായി. എല്ലാം നീ പറഞ്ഞുകഴിഞ്ഞോ?''
-ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.
''ഒരിക്കലും പറഞ്ഞു തീരാത്തത്ര അനുഭവങ്ങള്‍ എംബസി എനിക്കു നല്‍കിയിട്ടുണ്ട്. പക്ഷേ, എല്ലാ കഥകള്‍ക്കും ഒരു അവസാനമുണ്ട്.''
-ഞാന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും എഴുതുന്നവരായിരുന്നു ഇരുപത് എഴുത്തുകാര്‍. അവരുടെ കൂട്ടത്തില്‍ മാധവിക്കുട്ടിയുമുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരുടെയും ഓരോ കഥ വീതം ഫ്രഞ്ചില്‍ വിവര്‍ത്തനം ചെയ്ത് ഫെസ്റ്റിവല്‍ സംഘാടകര്‍ ഒരു പുസ്തകമിറക്കി. ഇരുപത് ഇന്ത്യന്‍ എഴുത്തുകാര്‍ എന്നായിരുന്നു അതിന്റെ ശീര്‍ഷകം. പാരീസില്‍ ജിവിക്കുന്ന സോഷ്യല്‍ സയന്‍സ് അധ്യാപകനും പ്രസാധകനുമായ രാജേഷ് ശര്‍മ്മയാണ് അതിന് മുഖക്കുറിപ്പ് എഴുതിയത്.
മൈക്കല്‍ സ്മിത്ത് സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്ന ഇരുപത് എഴുത്തുകാരെക്കുറിച്ച് ഒരു ഫിലിം നിര്‍മിക്കുന്നുണ്ടായിരുന്നു. പാരീസില്‍നിന്നു വന്ന ടീം ഞങ്ങള്‍ ഓരോരുത്തരെയും ഇന്റര്‍വ്യൂ ചെയ്തു. പുന്നയൂര്‍കുളത്ത് ചെന്ന് മാധവിക്കുട്ടിയുമായും അവര്‍ അഭിമുഖം നടത്തി.
''എന്തിനാണ് താങ്കള്‍ എഴുതുന്നത്?''
-മൈക്കല്‍ സ്മിത്ത് ചോദിച്ചു.
'' എന്റെ ഭര്‍ത്താവിന്റെ വരുമാനം കൊണ്ടുമാത്രം ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുകയില്ല. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ വേണ്ടിയാണ് ഞാന്‍ എഴുതുന്നത്.''
-മാധവിക്കുട്ടി പറഞ്ഞു.
ആരോഗ്യ കാരണത്താല്‍ മാധവിക്കുട്ടിക്ക് സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ എല്ലാവര്‍ക്കും വലിയ നിരാശയുണ്ടായിരുന്നു. സാഹിത്യോത്സവത്തിലെ താരം മാധവിക്കുട്ടിയാകേണ്ടതായിരുന്നു.
''ഞങ്ങള്‍ ഇന്ത്യയില്‍ കണ്ട എഴുത്തുകാരില്‍ ഏറ്റവും ഇന്ററസ്റ്റിങ് ആയി തോന്നിയത് കമലാദാസാണ്.''
-മൈക്കല്‍ സ്മിത്ത് പറഞ്ഞു.
ലോകത്തില്‍ ഞാന്‍ പല എഴുത്തുകാരെയും കണ്ടിട്ടുണ്ട്. അവരില്‍ എനിക്ക് ഏറ്റവും പ്രിയങ്കരി മാധവിക്കുട്ടിയായിരുന്നു. കമലാദാസിനെക്കാള്‍ എനിക്ക് പ്രിയം മാധവിക്കുട്ടിയോടായിരുന്നു.
മാധവിക്കുട്ടി സാഹിത്യോത്സവത്തില്‍നിന്ന് പിന്‍വാങ്ങിയതു കൊണ്ട് അവരുടെ അഭിമുഖം ഇരുപത് ഇന്ത്യന്‍ എഴുത്തുകാര്‍ എന്ന ആ ഫിലിമിലുണ്ടായിരുന്നില്ല. ഇന്ത്യന്‍ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അത് പ്രദര്‍ശിപ്പിച്ചിരുന്നു. വലിയ സ്‌ക്രീനില്‍ ഇരുന്ന് ക്ഷണിക്കപ്പെട്ട അതിഥികളോട് സംസാരിക്കുന്ന എന്നെ കണ്ട് ഞാന്‍ സ്തംഭിച്ചിരുന്നുപോയി.
പങ്കെടുത്ത എഴുത്തുകാരില്‍ യു.ആര്‍. അനന്തമൂര്‍ത്തിയും മഹാശ്വേതാദേവിയും നരേന്ദ്ര യാദവും ഉപമന്യു ചാറ്റര്‍ജിയും നിര്‍മല്‍ വര്‍മ്മയും ഭാമയുമുണ്ടായിരുന്നു. ശശി തരൂര്‍ ന്യൂയോര്‍ക്കില്‍നിന്ന് നേരിട്ട് പാരീസില്‍ എത്തുകയായിരുന്നു.
ഇന്ന് നമ്മള്‍ കാണുന്ന ശശി തരൂര്‍ ആയിരുന്നില്ല അത്. ഒറ്റ നോട്ടത്തില്‍ ഒരു ഹോളിവുഡ് ഫിലിം സ്റ്റാറാണെന്ന് തോന്നിക്കുമായിരുന്നു ഐക്യരാഷ്ട്രസഭയിലെ ആ അണ്ടര്‍ സെക്രട്ടറി. മലയാളം സംസാരിക്കില്ല എന്ന ധാരണയില്‍ ഞാന്‍ ഇംഗ്ലീഷിലാണ് ശശിയോട് സംസാരിച്ചത്. അപ്പോള്‍ പച്ച മലയാളത്തില്‍ ശശി എന്റെ ഭാര്യയോട് ചോദിച്ചു:
''ചേച്ചിയുടെ പേരെന്താണ്?''
പിന്നീട് ഞങ്ങള്‍ മലയാളത്തിലാണ് സംസാരിച്ചത്. ഫ്രാന്‍സിലുടനിളം ഞങ്ങള്‍ മലയാളം പറഞ്ഞ് നടന്നു. ശശി പാലക്കാടന്‍ മലയാളവും ഞാനും ശ്രീജയും മയ്യഴി മലയാളവും പറഞ്ഞു.
പാരീസില്‍നിന്ന് എഴുനൂറ് കിലോമീറ്റര്‍ അകലെ, യൂസേസ് (Uzes) എന്ന ഒരു ചെറിയ പട്ടണത്തിലെ ഒരു വലിയ ബുക് സ്റ്റാളില്‍ ഞാന്‍ വായനക്കാരുമായി സംവദിച്ചു. നിറഞ്ഞ സദസ്സായിരുന്നു അത്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ ഫ്രഞ്ച് വിവര്‍ത്തനം വായിച്ചവരായിരുന്നു അവര്‍.
ഞാന്‍ ഫ്രഞ്ചില്‍ സംസാരിക്കാന്‍ തുടങ്ങിപ്പോള്‍, ഒരു പ്രായമായ സ്ത്രീ എഴുന്നേറ്റു നിന്നു.
''നിങ്ങള്‍ നിങ്ങളുടെ മാതൃഭാഷയില്‍ സംസാരിക്കണം.'' ''എന്റെ മാതൃഭാഷ മലയാളമാണ്. ഞാന്‍ മലയാളത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാകുമോ മദാം?''
''ഞങ്ങള്‍ക്ക് മനസ്സിലാകില്ല മൊസ്യേ. എന്നാലും സ്വന്തം ഭാഷയില്‍ എന്തെങ്കിലും പറയൂ. ഞങ്ങള്‍ കേള്‍ക്കട്ടെ.''
ഞാന്‍ രണ്ടു മിനിറ്റ് മലയാളത്തില്‍ സംസാരിച്ചു. സദസ്സ് മുഴുവന്‍ അത് ശ്രദ്ധയോടെ കേട്ടിരുന്നു. ഞാന്‍ നിര്‍ത്തിയപ്പോള്‍ അവര്‍ കൈയടിച്ചു. പ്രായമായ സ്ത്രീ എഴുന്നേറ്റു നിന്നു.
''നിങ്ങള്‍ എന്താണ് പറഞ്ഞതെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. അതിനെന്താ? നിങ്ങളുടെ ഭാഷയുടെ ശബ്ദസൗന്ദര്യം ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ക്ക് ഒരു ഫീല്‍ കിട്ടി. അതു മതി.''
-അവര്‍ പറഞ്ഞു.
തുടര്‍ന്ന് ഒരു വൈന്‍ പാര്‍ട്ടിയുണ്ടായിരുന്നു. അപ്പോള്‍ കൈയില്‍ ഒരു ഗ്ലാസ് റെഡ് വൈനുമായിവന്ന് അവര്‍ പറഞ്ഞു:
''നിങ്ങള്‍ നന്നായി ഫ്രഞ്ച് സംസാരിക്കുന്നുണ്ട്. എന്നാലും ഫ്രാന്‍സില്‍ പ്രഭാഷണം ചെയ്യുമ്പോള്‍ ആദ്യം മലയാളത്തില്‍ രണ്ട് വാക്ക് പറയണം.''
ആ ഉപദേശം ഞാന്‍ സ്വീകരിച്ചു.
Content Highlights: m mukundan weekend column ente embassy kalam manjummal boys
Published: 21 Apr 2024, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented