'വമ്പിച്ച നിന്‍ മഹിമയും കൃപയും നിനച്ചു
കുമ്പിട്ടിടാത്ത തലയും ശിലയും സമം താന്‍' എന്ന് ആശാന്റെ വരികള്‍ കുറിച്ചുകൊണ്ടുതന്നെ ഞാന്‍ ആ സ്മരണയ്ക്കുമുന്നില്‍ ആദരമര്‍പ്പിക്കുകയാണ്. കൃപ എന്ന വാക്ക് ഏറ്റവും ഉള്ളില്‍ത്തൊട്ട് ഒരു കവിയെക്കുറിച്ച് സൂചിപ്പിക്കാന്‍ ഒരുങ്ങുമെങ്കില്‍ അത് കുമാരനാശാനെക്കുറിച്ച് പറയാന്‍ മാത്രമാകും. കാരണം പതറിപ്പോയ പല ജീവിതാവസ്ഥകളിലും തുണയും കരുത്തുമായത് ആ കാവ്യജീവിതം തന്നെയാണ്. സീതയും ലീലയും നളിനിയും വാസവദത്തയും മാതംഗിയും സാവിത്രിയും എനിക്കുനേരേ കവി കാണിച്ചുതന്ന കണ്ണാടികളായിരുന്നു. ഓരോരോ ഘട്ടത്തില്‍ ഇവരായി ജീവിക്കാന്‍, ഒരു ജന്മത്തില്‍ത്തന്നെ പലജീവിതം ജീവിക്കാന്‍ എന്നെ പ്രാപ്തയാക്കിയത് കുമാരനാശാന്റെ നായികമാരാണ്. അവരുടെ കുനിയാത്ത ശിരസ്സും അണയാത്ത ബോധവും ജ്വലിക്കുന്ന പ്രണയവും അവരൊടുവില്‍ അനുഭവിക്കുന്ന ശാന്തിയും എന്റെ ഇരുട്ടുകളില്‍ ദീപമായി.

To advertise here,

ചിന്താവിഷ്ടയായിരുന്ന് സ്വാനുഭവങ്ങളെ വിചാരണ ചെയ്യുന്ന ഓരോ സ്ത്രീയിലും ആദിരൂപമായി ആശാന്റെ സീത ഉണ്ടെന്ന് കെ.ജി. ശങ്കരപ്പിള്ള പറയുന്നത് സത്യമെന്ന് പുതുപെണ്‍കാലം സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ. 'ചില ബോധ്യങ്ങളില്‍, രോഷങ്ങളില്‍, നെടുവീര്‍പ്പുകളില്‍, വെളിവുകളില്‍, ഓര്‍മകളില്‍, സ്‌നേഹവിള്ളലുകളില്‍, സ്വന്തം യൗവനത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍, ബന്ധങ്ങളുടെ നീതിവിചാരണയില്‍ ഏത് പുതിയ പെണ്‍കവിതയുടെ ഉപബോധത്തിലും പ്രബുദ്ധമായ ഒരു ഉള്ളരങ്ങായി വര്‍ത്തിക്കുന്നു സ്ത്രീയുടെ ആത്മാന്തസ്സിന്റെയും ദൃഢസ്വത്വത്തിന്റെയും ആദിരൂപമായി ആ സീത'. എത്ര സത്യമായ പ്രസ്താവം!
കുട്ടിക്കാലത്ത് കുമാരനാശാന്റെ കൃതികള്‍ മനഃപാഠമാക്കാന്‍ പരിശീലിപ്പിച്ചതിലൂടെ എന്റെയച്ഛന്‍ ഒരു വലിയപാഠം മകളെ പഠിപ്പിക്കുകയായിരുന്നു. 'പലനാള്‍ കഴിയുമ്പോള്‍ മോഹമാം ജലധിക്കക്കരെ ജീവിയേറിടാം.' എന്നതാണ്  ആ പാഠം.

അച്ഛനെനിക്കുതന്ന 'സ്ത്രീധനം' കുമാരനാശാന്റെ പദ്യകൃതികള്‍ തന്നെയാണ്. സ്ത്രീ എത്ര വലിയ ധനമാണെന്ന തിരിച്ചറിവില്‍, ആത്മബോധത്തില്‍ എന്നെ ഉയര്‍ത്തിനിര്‍ത്തുന്നത് ആശാന്റെ രചനകളാണ്. 'ഏതുകോണില്‍നിന്ന് വായിച്ചാലും മകളേ നിന്റെ ജീവിതം അതിലുണ്ടാകു'മെന്ന തിരിച്ചറിവാണ് അച്ഛന്‍ പകര്‍ന്നത്. ഞാന്‍ ആശാനെയോ ആശാന്‍ എന്നെയോ കൈവിട്ടിട്ടില്ല ഇന്നും. ചിന്താവിഷ്ടയായ സീത ഉരുക്കഴിച്ച് ഞാന്‍ നേടിയ ആത്മവിദ്യയുണ്ട്. ആത്മവിശ്വാസമുണ്ട്. ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള പാഠങ്ങള്‍ സീതയിലുണ്ട്.

അധികാരത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ കുടിലസ്വഭാവങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ജാതീയത, ദാമ്പത്യം, പ്രണയം, കുടുംബം, ലൈംഗികത എന്നിവയ്‌ക്കെല്ലാമെതിരേയുള്ള പ്രത്യക്ഷവും പരോക്ഷവുമായ കലാപങ്ങളാണ് ആശാന്റെ രചനകളെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'ചിരബന്ധനമാര്‍ന്ന പക്ഷി, തന്‍ ചിറകിന്‍ ശക്തി മറന്നുപോയിടാം' -രാമനോട് സീത പറയുന്ന ഈ വരികളുടെ പ്രസക്തി കാലം തെളിയിക്കുന്നതുകണ്ട് കാവ്യശക്തിയില്‍ ഞാനമ്പരന്നിട്ടുണ്ട്. അധികാരമെന്ന ഇടുങ്ങിയ അറയില്‍ കഠിനകൃത്യങ്ങളെ പുലര്‍ത്തി, വ്യവസ്ഥക്കടിപ്പെട്ട്, മോചനമില്ലാതെ അലയുന്ന പുരുഷാധിപത്യപ്രരൂപങ്ങള്‍. ആ ഭുജശാഖ വിട്ട് ബന്ധനങ്ങളില്ലാതെ, ആകാശത്തേക്ക് ഉയര്‍ന്നുപറക്കുന്നവള്‍ അവരോട് അനുശോചിക്കുകയും അനുതപിക്കുകയും ചെയ്യുന്നു. അതെനിക്കും ഒരു ജീവിതപാഠമായി.

വ്യക്തിത്വമുള്ള ഒരു സ്ത്രീക്ക്, അവള്‍ എത്രതന്നെ 'പ്രഖ്യാത'സ്ത്രീഗുണങ്ങള്‍ തികഞ്ഞവളെങ്കിലും ഇത്തരമൊരു വ്യവസ്ഥയ്ക്കുള്ളില്‍ സംതൃപ്തയാകാന്‍ കഴിയില്ല. ശരീരങ്ങളുടെയും മോഹങ്ങളുടെയും മേല്‍ നിശിതമായ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തുന്ന വ്യവസ്ഥയായി വിവാഹത്തെ കാണുന്ന കൃതിയായിക്കൂടി ആശാന്റെ ലീലാകാവ്യം വിലയിരുത്തപ്പെടേണ്ടതുണ്ട്. വെറുമൊരു പ്രണയകാവ്യമായിട്ടല്ല ആശാന്‍ ലീലയെ സങ്കല്പിച്ചതെന്ന് കണ്ടെത്താനുള്ള പഴുതുകള്‍ ലീലയില്‍ ഒട്ടേറെയുണ്ട്. ക്ഷേത്രത്തിലെ കൊടിമരത്തില്‍ താന്ത്രികവിധിയെ തെറ്റിച്ചുകൊണ്ട് കയറിയ കൊടിക്കൂറപോലെ ഒരു താലി ലീലയുടെ കഴുത്തില്‍ വന്നുവീണു. ആ താലി അവള്‍ കാണാനിഷ്ടപ്പെട്ടില്ല. അവള്‍ വഴങ്ങിക്കൊടുത്തതല്ലാതെ ആ വിവാഹത്തെ അംഗീകരിച്ചില്ല. പുല്ലിംഗത്തെ സൂചിപ്പിക്കുന്ന ഉറച്ചും എഴുന്നും നില്‍ക്കുന്ന കൊടിമരവും യോനീസൂചനയുള്ള കൊടിക്കൂറയും താലിയും കൃത്യമായ സംവേദനശേഷിയുള്ള സൂചകങ്ങളാണ്.

അച്ഛനുമായി വിവിധദേശങ്ങളില്‍ യാത്രചെയ്ത് വിവിധ മനുഷ്യരുമായിടപെട്ട് 'മോദവും ബോധവും' നേടിയ പെണ്ണാണ് ലീല. അവള്‍ ഇഷ്ടമല്ലാത്ത വിവാഹത്തിന് നിന്നുകൊടുത്ത് തരംഗലീലയില്‍ തടശ്ശിലപോലെ കിടക്കേണ്ടിവന്ന നിസ്സഹായയായതെങ്ങനെ? അങ്ങനെയുള്ള ബോധവതിയെപ്പോലും വ്യവസ്ഥകള്‍ക്ക് ചലനരഹിതയാക്കാന്‍ കഴിയുന്നതെങ്ങനെ? മദനന്റെ പിന്നാലെ പോയി രേവാനദിയില്‍ച്ചാടി ആത്മഹത്യ ചെയ്യാന്‍ മാത്രം അവള്‍ വിവേകശൂന്യ ആകുന്നതെങ്ങനെ? കുലസുത, മനസ്വിനി, വിനയവതി, ഗുണവതി, സതി ഇങ്ങനെ കടമകളെ ഓര്‍മിപ്പിക്കുന്ന വിശേഷണങ്ങളില്‍ അവളെ തളച്ചിടുന്നതെങ്ങനെ? സന്തതം മിഹിരനാത്മ ശോഭയും സ്വന്തമാം മധു കൊതിച്ച വണ്ടിനും ചന്തമാര്‍ന്നരുളി നില്‍ക്കുന്ന ധന്യജീവിതത്തെ വാഴ്ത്തിയ കവിയാണ് ആശാന്‍. പ്രകൃത്യാതന്നെ സ്വതന്ത്രബുദ്ധിയും തന്നിഷ്ടക്കാരിയുമായ സ്ത്രീയാണ് ലീല എന്നിരിക്കെ അധികാരരൂപങ്ങളോട് കലഹിക്കാനുള്ള ആത്മവീര്യം അവളില്‍ നഷ്ടമായതെങ്ങനെ? 'മനസ്വിമാര്‍ മനസ്സ് ഒരാളിലൂന്നിയാല്‍ അഴിപ്പതശക്യ'മാണെന്നും 'ഒരു പുമാന്റെയെന്നിയേ സതികള്‍ പരന്റെ ഗുണങ്ങള്‍ കാണുമോ' എന്നുമൊക്കെയുള്ള സാമാന്യവത്കരണങ്ങള്‍ ലീലയെപ്പോലെ ഒരു നായികയെ മുന്‍നിര്‍ത്തി ചോദിപ്പിക്കുന്നതെന്തിന്? ഒന്നോ രണ്ടോ അടികൊണ്ട് ചാകുന്ന പാമ്പല്ല യാഥാസ്ഥിതികത്വമെന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു കുമാരനാശാന്‍ എന്നാണ് അതിനെല്ലാമുള്ള ഉത്തരം.

ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തെ വിഴുങ്ങുന്ന യാഥാസ്ഥിതികത്വത്തെ നീചമായ നിര്‍ബന്ധമെന്നാണ് കവി വിശേഷിപ്പിക്കുന്നത്. ലീലയെപ്പോലെ ഒരു സ്വതന്ത്രബുദ്ധിക്കുപോലും ചാടിക്കടക്കാന്‍ പ്രയാസമുള്ളതാണ് യാഥാസ്ഥിതികത്വത്തിന്റെ കോട്ടകള്‍. അതെവിടെ തലപൊക്കുന്നുവോ അവിടെ പാഞ്ഞെത്തി തൊഴിക്കണം എന്ന് ആശാന്‍ പല ലേഖനങ്ങളിലും ആഹ്വാനംചെയ്തിട്ടുമുണ്ട്. 'നൂറ്റാണ്ടുകളായി വഴിയില്‍ക്കിടന്ന്, ഇടയന്മാരില്ലാതെ മേഞ്ഞുനടക്കുന്ന ആടുകളെ വിഴുങ്ങി വലുതായ മലമ്പാമ്പുപോലെ അത് സമുദായത്തിന് ഭീഷണിയായി കഴിയുകയാണെന്നും അതിനെ നിരന്തരമായ സംഘടിതശ്രമത്തിലൂടെ മാത്രമേ നശിപ്പിക്കാനാകൂ' എന്നും ആശാന്‍ വിശ്വസിച്ചു. തന്റെ എല്ലാ കാവ്യങ്ങളിലും ആശാന്‍ സാമ്പ്രദായികയുക്തികളെ ചോദ്യംചെയ്തു. ജാതിശരീരത്തിനും ലിംഗശരീരത്തിനുമെതിരേ നിരന്തരം ആ കാവ്യങ്ങള്‍ പോരാട്ടം നടത്തി.

നിരന്തരം പോരാട്ടത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടി കുമാരനാശാന്‍ വീണ്ടും ജനിക്കുന്നു. അടിയേറ്റ വെള്ളി പോലെയും ഉലയിലൂതിയ പൊന്നു പോലെയും ജ്വലിക്കുന്ന ആ സ്ത്രീത്വത്തിനു മുന്നില്‍, പുരികം പുഴുപോല്‍ പിടഞ്ഞ്, അവരെ തൊടാന്‍ ഭയന്ന് നില്‍ക്കുന്ന മുനികളും അധ്യാപകരും മാത്രമായി പലപ്പോഴും ആശാന്റെ നായകന്മാര്‍. അഭിമാനിനികളെ കവി വീണ്ടും വീണ്ടും പ്രകോപിപ്പിക്കുകയും മുറിവുകളുടെ കടല്‍ നീന്തിക്കയറാന്‍ സഹായിക്കുകയുമാണ്. ഇന്ന്, ഞാനെന്റെ മകളെപ്പോലെയുള്ള നൂറായിരം പെണ്‍കുട്ടികളെ ഇതോര്‍മിപ്പിക്കട്ടെ.