
കെ.ജെ. ബേബി നമ്മെ വിട്ടുപോയി. വാര്‍ത്ത അവിചാരിതം; സ്വയം തീരുമാനിച്ചുറപ്പിച്ച മരണം. ജീവിതം മതിയെന്നു തോന്നിക്കാണണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍... ഒന്നും തീര്‍ച്ചപ്പെടുത്തി പറയാനാവില്ല. മരണം തിരഞ്ഞെടുത്തവരെ ജീവിച്ചിരിക്കുന്നവര്‍ കുറ്റപ്പെടുത്തരുത്. അത് അധിക്ഷേപമാവും. കാരണങ്ങളും അന്വേഷിക്കരുത്. ആളുകള്‍... അവരുടെ വിചാരലോകങ്ങള്‍! എന്തെന്നും ഏതെന്നും ആര്‍ക്കറിയാം. ലഭിച്ച ജീവിതം ശരിയും തെറ്റും പറഞ്ഞ് നീതീകരിക്കാനുള്ളതാണോ? ബേബി പ്രിയ സുഹൃത്തും സഹോദരതുല്യനുമായിരുന്നു.
ഞങ്ങള്‍ കല്‍പ്പറ്റയില്‍ ഉണ്ടായിരുന്ന മൂന്നു വര്‍ഷം ഓര്‍മയിലെത്തുന്നു. നാല്‍പ്പത് വര്‍ഷം മുമ്പാണ്. പറന്നു തീര്‍ത്ത പകലുകളും സ്വാതന്ത്ര്യത്തിന്റെ അര്ധരാത്രികളും. സായാഹ്ന സൗഹൃദങ്ങളില്‍ ബേബിയുമുണ്ടാവും. കല്‍പ്പറ്റ നാരായണന്, മാതൃഭൂമി വയനാട് ലേഖകനായിരുന്ന കെ. ജയചന്ദ്രന്, ഒ.കെ. ജോണി, കെ.കെ. ഹിരണ്യന്, സംഘടനയുടെ തടവറയില്‍ നിന്ന് ഇടയ്ക്കുമാത്രം പ്രത്യക്ഷപ്പെടുന്ന പി.ടി. ജോണ്‍... പിന്നെയും പലരും. ഹിരണ്യനും ഗീതയും അന്ന് ബത്തേരി സെന്റ് മേരീസ് കോളേജില്‍ അധ്യാപകര്‍.
Also Read
'മാവേലിമൻറം' നോവലിന്റെ രചനയുമായി ബന്ധപ്പെട്ട് ഗോത്ര ജീവിതത്തിന്റെ ആധികാരികരേഖകള്‍ ശേഖരിക്കാനാണ് ബേബി നടവയലില്‍ നിന്ന് കല്‍പ്പറ്റയിലെത്തുന്നത്. നീണ്ടുപോകുന്ന ചര്‍ച്ചകള്‍, ക്ഷോഭങ്ങള്‍, ധാര്‍മികരോഷങ്ങള്‍... ഒടുവില്‍ കൂട്ടുകൂടുന്നതിന്റെ സന്തോഷവും. പോക്കറ്റ് മുതല്‍ പാദരക്ഷവരെ ഒന്നും ആരുടെയും സ്വന്തമല്ലെന്നതായിരുന്നു ആ കൂട്ടായ്മയുടെ സുവിശേഷം. അതൊരു തത്വചിന്തയായി മാറുമ്പോള്‍ അന്യന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കപ്പെടുന്ന ഒരു കാലം വരും എന്ന ദൃഢവിശ്വാസത്തിലെത്തുന്നു. ഒരു നല്ല ഭാവിക്കുവേണ്ടി മനഃപൂര്‍വമല്ലാത്ത ഒരു വിത്തുപാകല്‍. ഗോത്രപ്പെരുമ ഘോഷിക്കുന്ന ബേബിയുടെ ചൊല്ക്കാഴ്ചയും. ഇനിയും സംഭവിച്ചിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത ഏതോ കാരുണ്യത്തിന്റെ സ്വപ്ന സൗന്ദര്യം അപ്പോള്‍ അനുഭവിക്കുകയായിരുന്നു ഞങ്ങള്‍. മുഴങ്ങുന്ന തപ്പും തുടിയും താളവും.
കോഴിക്കോട്ടേക്ക് തിരിച്ചു പോന്നതിനുശേഷം പിന്നെ ബേബിയെ കാണാനായില്ല. ബേബിയാവട്ടെ ഒട്ടും സമയം കളയാനില്ലെന്ന പോലെ അന്വേഷണങ്ങളിലേക്കും എഴുത്തിന്റെ അതിജാഗ്രതയിലേക്കും അല്ലെങ്കില്‍ അരങ്ങിലേക്കും അണിയറയിലേക്കും. വാസ്തവത്തില്‍ അരങ്ങും അണിയറയുമൊന്നുമായിരുന്നില്ല ബേബിയുടെ ആവിഷ്കാരസങ്കല്പം. അത് ജനജീവിതത്തിന്റെ തുറസ്സായിരുന്നു. നൂറ്റാണ്ടുകളായി വയനാടന്‍ വനാന്തരങ്ങളില്‍ ചൂഷണവിധേയരായ ആദിവാസി അടിമ സമൂഹത്തിന്റെ ദൈന്യതകള്-ജന്മിവര്‍ഗം ഒരിക്കലും നിവര്ന്നുനില്ക്കാന് അവരെ അനുവദിച്ചില്ല. അവകാശപ്പെട്ട അവരുടെ വനഭൂമി കവര്‍ന്നെടുത്തു. നില്ക്കാനൊരിടമില്ലാതെ നിരന്തരം അന്യരാക്കപ്പെട്ടുകൊണ്ടിരുന്ന അടിമസമൂഹമായിരുന്നു ബേബിയുടെ കണ്മുന്നില്. ഇതിനിടയില്‍ ഒറ്റപ്പെട്ട ഉണര്‍വിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയിരുന്നു. 'ആദിവാസി തോലന് പട്ടിണി കിടന്നു മരിച്ചു' എന്ന ജയചന്ദ്രന്റെ 'വാര്ത്താവിരുദ്ധ' റിപ്പോര്‍ട്ടുകളും ശ്രദ്ധിക്കപ്പെട്ടു.

ഈ തിരിച്ചറിവിന്റെ ആവിഷ്കാര രൂപമായിരുന്നു ബേബിയുടെ 'നാട്ടുഗദ്ദിക' തെരുവുനാടകം. നില്ക്കാനൊരിടം, പുറകിലൊരു മറ, കാണാന്‍ കുറച്ചാളുകളും എന്ന നാടകനിര്വചനത്തെ ബേബി തിരുത്തി. ഒരിടത്തും ഒരു മറയുമില്ലാതെയാണ് നാടകം തെരുവുകളില്‍ നിന്നു തെരുവുകളിലേക്ക് ജനങ്ങള്‍ക്കു മുന്നില്‍ തിമര്‍ത്താടിയത്. വരൂ, ഈ തെരുവിലെ വാസ്തവക്കാഴ്ച കാണൂ എന്ന് 'നാട്ടുഗദ്ദിക' വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ചെറുപ്പം മുതല്‍ തന്നെ ബേബി ആദിവാസി ഊരുകളില്‍ പോയി അവരെ അറിഞ്ഞു തുടങ്ങിയിരുന്നു. അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും മനസ്സിലാക്കി ബേബി അവരിലൊരാളായി. 'നാട്ടുഗദ്ദിക' ഇരുപതംഗ അഭിനേതാക്കളിലധികവും ആദിവാസികള്‍ തന്നെയായിരുന്നു. മുഖ്യവേഷത്തില്‍ ബേബിയും. അവരെ അഭിനേതാക്കളായി മെരുക്കായെടുക്കേണ്ടതില്ലായിരുന്നു. അവരുടെ ശബ്ദ ചലനങ്ങളില്‍ ബേബിയുടെ അറിവും തിരിച്ചറിവും കൂടിയായപ്പോള്‍ നാടകം കണ്ടുനിന്നവര്‍ക്കെല്ലാം അത് ആഴ്ന്നിറങ്ങിയ അനുഭവമായി. കേരളീയ സാംസ്കാരിക സമൂഹത്തില്‍ ഈ ദൃശ്യവിസ്മയം ഏല്‍പ്പിച്ച ആഘാതം ആത്മബോധത്തിലേക്കുള്ള ഉണര്‍വായി.
കോഴിക്കോട് മാനാഞ്ചിറക്ക് സമീപം നാടകം കളിക്കുമ്പോള്‍ കേട്ടറിഞ്ഞുവന്ന വലിയ ആള്‍ക്കൂട്ടമുണ്ടായി. പെട്ടെന്ന് നാടകം അതിവിപ്ലവത്തിന്റെ സന്ദേശം പരത്തുന്നതാണെന്നും ജനങ്ങളെ വഴിതെറ്റിക്കുന്നതാണെന്നും ഇന്റലിജെന്റ്സ് റിപ്പോര്‍ട്ട്. ഇതിനകം 'നാട്ടുഗദ്ദിക' സംസാരവിഷയമായി കഴിഞ്ഞിരുന്നു. നാടകത്തിന്റെ ക്ലൈമാക്സില്‍ പോലീസെത്തുന്നു, നാടക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നു. തുടര്‍ന്ന് ബേബിയും നാടകസംഘവും മൂന്നു മാസം കോഴിക്കോട് ജില്ലാ ജയിലില്‍. ക്രമസമാധാനം പാലിക്കാന്‍ നിയുക്തരാവുന്ന പോലീസ് പലപ്പോഴും സാധാരണ മനുഷ്യന്റെ സ്വാതന്ത്ര്യത്തിലാണ് വിലങ്ങു വയ്ക്കുന്നത്. ചരിത്രത്തിലും അതിനു ധാരാളം തെളിവുണ്ട്. ആ ചരിത്രം തിരുത്തപ്പെടാതിരിക്കാന്‍ നമ്മുടെ കക്ഷിരാഷ്ട്രീയം എത്ര ജാഗരൂകം? നിയമപാലനം എത്ര കണിശവും കര്‍ക്കശവും?
ഭരണകൂടത്തെ ആക്രമിക്കാനോ ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കാനോ പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരണനല്കുന്നതായിരുന്നില്ല 'നാട്ടുഗദ്ദിക'. എങ്കിലും അധികാര രാഷ്ട്രീയം നാടകത്തിന്റെ ആള്‍ക്കൂട്ട ആദരവിനെ ഭയപ്പെട്ടു. ഇരിപ്പിടങ്ങള്‍ ഇളകിപ്പോകുമോ എന്നവര്‍ കൂടുതല്‍ ഭയപ്പെട്ടു. ഗദ്ദിക പ്രവര്‍ത്തകരെ അതിവിപ്ലവത്തിന്റെ സന്ദേശവാഹകരായി സാക്ഷ്യപ്പെടുത്തി. ഭരണകൂടം അതിന്റെ അധികാരദംഷ്ട്രകള് പിന്നെയും പിന്നെയും പുറത്തെടുത്തു. ഈ രാഷ്ട്രീയ സന്ദര്‍ഭമാണ് ബേബി എന്ന മനുഷ്യന്റെ, പോരാളിയുടെ, നാടകകാരന്റെ, എഴുത്തുകാരന്റെ, പിറവിയുടെ ചരിത്രസന്ദര്‍ഭം.
ജനജീവിതത്തെ മുച്ചൂടും വിഴുങ്ങിക്കളഞ്ഞ അടിയന്തരാവസ്ഥയുടെ ക്രൂരദിനങ്ങള്ക്ക് ശേഷമായിരുന്നു ഈ ധാര്മികമുന്നേറ്റം. നാടകം ജനങ്ങളില്‍ പ്രത്യാശ സൃഷ്ടിച്ചു. പട്ടിണിയുടെ തടവുകാര്‍ക്ക് മോചനമുണ്ടെന്ന പ്രത്യാശ. ഉണരുവാനും ഉന്മേഷം കൊള്ളുവാനും അവര്‍ ത്രസിച്ചു. നിരന്തരംജാഗരൂകരായിരിക്കാന് നാടകം അവര്‍ക്ക് അനുഭവപാഠങ്ങള്‍ നല്കി. അധികാരം ഉന്മാദമാണെന്നും സ്നേഹശൂന്യതയാണെന്നും അവര്‍ മെല്ലെ മെല്ലെ മനസ്സിലാക്കിക്കൊണ്ടിരുന്നു. പരിവര്‍ത്തനത്തിന് ദാഹിച്ച ആ തലമുറക്ക് സമാശ്വാസമായി രൂപംകൊണ്ട സംഘടനയായിരുന്നു ജനകീയ സാംസ്കാരിക വേദി. അതിന്റെ ബാനറിലാണ് പിന്നീട് കേരളമൊട്ടുക്കും നാടകം അവതരിപ്പിക്കപ്പെട്ടത്. അത് കൃത്യമായ രാഷ്ട്രീയദിശാബോധം നേടല്‍ മാത്രമായിരുന്നില്ല. നാടകം, കഥ, കവിത, ചിത്രകല തുടങ്ങിയ കലാരൂപങ്ങളെ സാധാരണമനുഷ്യരുടെ കാഴ്ചവട്ടത്തിലേക്ക് കൊണ്ടുവന്ന ധീര പരിശ്രമങ്ങള്‍ കൂടിയായിരുന്നു. നീതിയുടെ പക്ഷം പിടിക്കാനും നീതിക്കുവേണ്ടി ത്യജിച്ച് പോരാടാനും ഈ ശ്രമങ്ങള്‍ അവരെ പ്രതിജ്ഞാബദ്ധരാക്കി.

നാരായണഗുരുവും അയ്യങ്കാളിയും അനാചാരങ്ങള്‍ക്കെതിരെയും അധഃസ്ഥിതരുടെ വിമോചനത്തിനായും ജനങ്ങളെ സംഘടിപ്പിച്ച് സമരം ചെയ്തു. അതിന്റെ ഫലം കണ്ടു. ആ നേട്ടങ്ങളെല്ലാം ആര്‍ജിച്ച ജനസമൂഹവും തന്നെ ഇന്ന് വ്യവസ്ഥയ്ക്കനുയോജ്യരായി മാറിത്തീര്ന്നുകൊണ്ടിരിക്കുന്നു. ജനകീയ ജനാധിപത്യം അവരെ പുറത്തേക്കു വഴിയില്ലാത്തവരായും മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു.
ബേബി സ്ഥാപിച്ച കനവ് പാഠശാല അറിവ് ആര്ജ്ജിക്കലിന്റെ പരമ്പരാഗത മാനണ്ഡംതന്നെ മാറ്റിക്കുറിച്ച പഠനകേന്ദ്രമാണ്. ഈ വിദ്യാലയത്തെ ശരിക്കും 'അധ്യാത്മവിദ്യാലയം' എന്ന് വിശേഷിപ്പിക്കണം. പൊതുസമൂഹം പിന്തുടര്‍ന്നുപോരുന്ന ബോധന നിയമാവലികളൊന്നും കനവിന് ബാധകമല്ല. കുട്ടികളെ സിലബസിന്റെ ഇരകളാക്കുക എന്ന നിര്‍ബന്ധം തന്നെയില്ല. അവര്‍ അതിരുകളില്ലാതെ സ്വാതന്ത്ര്യമനുഭവിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നു. അവനവനും അവളവളും ആയിരിക്കുന്നു. അവരവരുടെ നിക്ഷിപ്തതകള് തിരിച്ചറിയാനും വീണ്ടെടുക്കാനും വികസിപ്പിക്കാനും കനവില്‍ വേണ്ടത്ര അവസരം ലഭിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടാടപ്പെടുന്ന അച്ചടക്കം ഇവിടെ ഒരു മാര്‍ഗരേഖയേ അല്ല. ഇങ്ങനെ അവനവനെയും അടുത്തു നില്‍ക്കുന്നവരെയും മനസ്സിലാക്കാന്‍ ഈ വിദ്യാലയാന്തരീക്ഷം അവര്‍ക്ക് ശേഷിനല്കുകയാണ്.
'നാട്ടുഗദ്ദിക' ബേബി, 'മാവേലിമൻറം' ബേബി, 'കനവ്' ബേബി എന്നെല്ലാം നാം വിശേഷണങ്ങള്‍ നല്കി വിളിക്കുമ്പോള്‍ അടുത്തുനില്ക്കുന്ന ബേബി ദൂരെ എവിടെയോ നിന്നാണ് ആ വിളി കേള്‍ക്കുന്നത്. ആ കേള്‍വിയില്‍ കേള്‍വി മാത്രമല്ല ഒരു പച്ചമനുഷ്യന്റെ പുഞ്ചിരിയും പ്രതിഫലിച്ചു കാണാം. നമുക്കു വേണ്ടി, നമ്മുടെ നന്മക്കുവേണ്ടി എന്തെല്ലാം പ്രതീക്ഷകള്‍ ആ തുറന്ന പുഞ്ചിരിയില്‍ സംഭരിച്ചുവച്ചിരിക്കുന്നു. നാം ഇപ്പോഴും അതിന്റെ തുടക്കത്തില്‍ നിന്നു മാത്രമാണ് ബേബിയെ നോക്കിക്കാണുന്നതെന്നു തോന്നുന്നു. അതെ... ഇനിയും ബാക്കി നില്ക്കുന്ന നമുക്കു വേണ്ടിയുള്ള ശുഭപ്രതീക്ഷകള്‍!
ചുറ്റും കാണുന്ന കാഴ്ചകളത്രയും വിപത്സന്ദേശങ്ങളാണ് നല്‍കുന്നത്. അതായിരിക്കാം ബേബിയുടെ തീരുമാനിച്ചുറപ്പിച്ച ഈ പിന്മാറ്റം.
Content Highlights: R. Mohanan writes about K.J. Baby author cultural activist
Published: 05 Sept 2024, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented