"നാട് എന്‍ നാട് വയനാട്..." എന്ന് പാടി സഹൃദയരുടെ മനസ്സിലിടംപിടിച്ച മനുഷ്യനാണ് കനവ് ബേബി എന്നറിയപ്പെട്ട കെ.ജെ. ബേബി. 'ഒറ്റയല്ല, നമ്മളൊന്നാണെന്ന്' തലമുറകളെ പാടിയോര്‍മിപ്പിച്ച സാമൂഹികപ്രവര്‍ത്തകന്‍. സാമൂഹിക ഉന്നതിക്കായി സമാന്തരവിദ്യാഭ്യാസ ശാഖയിലൂടെ വഴി മാറിനടന്ന അദ്ദേഹം വിപ്ലവകരമായ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതം സന്ദേശമാക്കി മാറ്റി. 

To advertise here,

കണ്ണൂരിലെ മാവിടി എന്ന ചെറുഗ്രാമത്തിലാണ് കെ.ജെ. ബേബി ജനിച്ചുവളര്‍ന്നത്. വീട്ടിലെ പ്രതിസന്ധികള്‍ കാരണം അദ്ദേഹത്തിന് 19-ാം വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം കുടിയേറി വയനാട്ടിലെ താന്നിക്കലില്‍ എത്തുന്നത്. 1973-ലായിരുന്നു അത്. അന്ന് വയനാട്ടിലധികവും കൃഷി ഉപജീവനമാര്‍ഗമായി ജീവിക്കുന്ന ആളുകളായിരുന്നു ഉണ്ടായിരുന്നത്. ജന്മിഗൃഹങ്ങളും, കുടിയേറ്റ കര്‍ഷകരും, അടിയോര്‍, പണിയര്‍ എന്നീ ആദിവാസി വിഭാഗക്കാരുമായിരുന്നു കൂടുതലും. നേരില്‍ കണ്ട ആദിവാസികളുടെ ജീവിതത്തെകുറിച്ച് വായനയിലൂടെ മനസ്സിലാക്കാന്‍ കെ.ജെ. ബേബി ശ്രമിച്ചിരുന്നു. പി. വത്സല, കെ. പാനൂര്‍ എന്നിവരുടെ പുസ്തകങ്ങള്‍ ഇതിനായി അദ്ദേഹം വായിച്ചുപോന്നു. 

പഠനം ഉപേക്ഷിച്ച് വേറിട്ട വഴിയിലേക്ക്

കെ.ജെ. ബേബി ബോംബെയില്‍ പഠിക്കാന്‍ പോയെങ്കിലും അധികം വൈകാതെ പഠനമുപേക്ഷിച്ച് തിരിച്ചുപോന്നു. വായനയും മനുഷ്യരുമായി കൂട്ടുകൂടിയുള്ള നടത്തമായിരുന്നു പിന്നീട്. ഖസാക്കിന്റെ ഇതിഹാസവും ആള്‍ക്കൂട്ടവും എം. മുകുന്ദനെയുമെല്ലാം വായിച്ചു. ഒരു സഞ്ചാരിയായി പാറി നടക്കാനാണ് ആ ഇരുപതുകാരന്‍ ആഗ്രഹിച്ചത്. മനസ്സിലെ ആഗ്രഹം പോലെ നഗരങ്ങളും താണ്ടിനടന്നുകൊണ്ടിരുന്നു. തികഞ്ഞ സ്വതന്ത്ര ചിന്തകളോടെ, അയഞ്ഞ കുപ്പായവും പുരോഗമന ചിന്തകളുമായി നടന്ന കെ.ജെ. ബേബിയെ 'താടിക്കാരന്‍' എന്നാണ് അന്ന് വയനാട്ടുകാര്‍ വിളിച്ചിരുന്നത്. 

ഒരിക്കല്‍ അവിചാരിതമായി പരിചയപ്പെട്ട ആദിവാസി പെണ്‍കുട്ടിയുടെ അവസ്ഥകണ്ട് അവളെയും മറ്റ് രണ്ടുപേരെയും സ്വന്തം വീട്ടില്‍ കൊണ്ടുപോയി പഠിപ്പിക്കാന്‍ അദ്ദേഹം തയാറായി. അവരെ വീട്ടില്‍ കയറ്റി പഠിപ്പിക്കുന്നതിനോട് വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ട ബേബി പിന്തിരിഞ്ഞില്ല. അക്ഷരമറിയാത്തവര്‍ക്ക് അത് പറഞ്ഞുകൊടുക്കാനും അവരെ അറിവുള്ളവരാക്കി മാറ്റാനും അദ്ദേഹം വീടിന്റെ രണ്ടാംനിലയില്‍ ക്ലാസെടുക്കാന്‍ തുടങ്ങി. അന്ന് അഞ്ചുപേര്‍ തികച്ചില്ലാതിരുന്ന ആ പാഠശാലയില്‍ പിന്നീട് ഒരുപാട് കുട്ടികള്‍ വന്ന് പഠിച്ചു. സന്ധ്യക്ക് പണി കഴിഞ്ഞ് മുതിര്‍ന്നവരും അക്ഷരം പഠിക്കാനായി അവിടെ ചെന്നെങ്കിലും തന്റെ പാട്ടും വര്‍ത്തമാനവുമാണ് ആളുകളെ ആകര്‍ഷിച്ചതെന്ന് മനസ്സിലാക്കിയ ബേബി പിന്നീട് അവരുടെ ഭാഷ പഠിക്കുകയും പാട്ടുകളും കളികളും ആവിഷ്‌കരിച്ച് അവരിലേക്കിറങ്ങി ചെല്ലുകയും ചെയ്തു. 

അണയാതെ സാമൂഹിക പ്രതിബദ്ധത

മണ്ണും മനസ്സമാധാനവും ഭക്ഷണവുമൊന്നും കിട്ടാതെ ക്ഷീണിതരായി ജീവിച്ച ആദിവാസി ജനതയെ കണ്ട ബേബി പിന്നീട് അവരുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിറങ്ങുകയായിരുന്നു. ഗോത്രവിഭാഗത്തിലെ ഭാഷയും അനുഷ്ഠാനങ്ങളും പാട്ടുകളും അന്യംനിന്നുപോകുന്നെന്ന് മനസ്സിലാക്കികൊണ്ട് അവരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആദിവാസികളുടെ ജീവിതം അടയാളപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. നാടകങ്ങളും നോവലും ശക്തമായ ഭാഷയിലും ആഖ്യാനത്തിലും എഴുതി.

ആദ്യകൃതി 'അപൂര്‍ണ'യായിരുന്നു. അടിയാക്കുടിലിലൂടെ ഗോത്രസമൂഹത്തിന്റെ കഥ പറയുന്ന നാടകമായിരുന്നു അത്. ആദിവാസികളോട് തമ്പുരാക്കന്മാര്‍ കാട്ടുന്ന ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന രചനയാണത്. 

ഒരിക്കല്‍ തിരുനെല്ലിയില്‍വെച്ച് അടിയോരുടെ നാട്ടുഗദ്ദിക എന്ന അനുഷ്ഠാനം കാണിനിടയായ ബേബി ആ സംഘത്തോടൊപ്പം കൂടി വീടുകള്‍ തോറും കയറിയിറങ്ങി. തിരുനെല്ലിക്കാരനായ ഒരു കുറിച്യ യുവാവ് അദ്ദേഹത്തോട് ഗദ്ദികപോലെ ഒരു നാടകം ഉണ്ടാക്കിക്കൂടെ എന്ന് ചോദിച്ചു. അങ്ങനെയാണ് 'നാട്ടുഗദ്ദിക'എന്ന നാടകമെഴുതുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഈ നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ച ബേബിക്ക് ജയില്‍വാസവും അനുഷ്ഠിക്കേണ്ടി വന്നു. 

കല കാടിനും നാടിനും മനുഷ്യര്‍ക്കുംവേണ്ടി ഉപയോഗപ്പെടുത്തിയ സാമൂഹ്യ-സാംസ്‌കാരിപ്രവര്‍ത്തകനാണ് കെ.ജെ. ബേബി. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ മാവേലിമന്റം എന്ന നോവല്‍ വയനാട്ടിലെ ഗോത്രജീവിതത്തെ വരച്ചുകാട്ടുന്നു. അവരില്‍ നിന്ന് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന വാസസ്ഥലവും കാടും പ്രതീക്ഷയും ബേബി വാക്കുകളിലൂടെ പറഞ്ഞുവെച്ചു. വയനാട്ടിലേക്ക് ലാഭേച്ഛയോടെ കുടിയേറുന്നവര്‍ ആ നാടിന്റെ ഭംഗിയും സമൂഹത്തിന്റെ സന്തുലിതാവസ്ഥയും തകിടംമറിക്കുന്നതിനെതിരെ അദ്ദേഹം ചോദ്യംചെയ്തു. വയനാടിന്റെ ചരിത്രവും ആധിയും മാവേലിമന്റത്തില്‍ കാണാം. 

ആദ്യം ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് സാഹിത്യ അക്കാദമി അവാര്‍ഡ് നേടുകയും ചെയ്ത കൃതിയാണ് മാവേലിമന്റം. മുട്ടത്തുവര്‍ക്കി സാഹിത്യ പുരസ്‌കാരവും കൊച്ചുബാവ പുരസ്‌കാരവും ഈ കൃതിയെ തേടിയെത്തിയിട്ടുണ്ട്. 

ആദിവാസി സമൂഹത്തിന്റെ ആധികളും അവസ്ഥകളും പ്രതിപാദിച്ച മറ്റൊരു നാടകം അന്നുണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. വ്യവസ്ഥാപിത കലാസൃഷ്ടികളോടാണ് നാട്ടുഗദ്ദിക കലഹിച്ചത്. വായനക്കാരെ മനുഷ്യരുടെ ഉള്ളനുഭവങ്ങളിലേക്ക് ആനയിച്ചുകൊണ്ടാണ് ഈ കൃതികളെല്ലാം ബേബി എഴുതിയത്. അവയെല്ലാം കൃത്യമായ രാഷ്ട്രീയം പറഞ്ഞിരുന്നു. 

കലഹിച്ചുകൊണ്ടിരുന്ന മനുഷ്യന്‍

പാട്ടും കഥകളും പറച്ചിലും നാടകവും ചലച്ചിത്രവുമായി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കലാകാരനായിരുന്നു കെ.ജെ. ബേബി. തെരുവുനാടകങ്ങള്‍ അവതരിപ്പിച്ച് ആദിവാസികള്‍ക്കിടയില്‍ അവബോധമുണ്ടാക്കിയപ്പോള്‍ ബേബി നക്‌സലൈറ്റാണെന്ന് നാട്ടില്‍ പ്രചാരമുണ്ടായി. പോലീസ്-നക്‌സലൈറ്റ് ഏറ്റുമുട്ടലുകള്‍ പ്രതീക്ഷിച്ചിരുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന്റെ സഹോദരന്റെ ആത്മഹത്യയ്ക്ക് കാരണമായത് നാട്ടിലെ ഈ അപശ്രുതിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടില്‍ ഒളിവുജീവിതത്തിലായിരുന്ന ബേബി തിരിച്ചു വരുന്നത് 'നാട്ടുഗദ്ദിക'യിലൂടെയാണ്. 

പിന്നീടൊരിക്കല്‍ തന്നെ തിരഞ്ഞു വന്ന ഒരു നക്‌സലൈറ്റ് നേതാവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി അദ്ദേഹം യഥാര്‍ഥ നക്‌സലൈറ്റായി മാറുകയായിരുന്നു.

placeholder
കെ.ജെ. ബേബി ഭാര്യ ഷേര്‍ളിക്കും മക്കള്‍ക്കുമൊപ്പം | ഫോട്ടോ: മാതൃഭൂമി

 

1984-ലായിരുന്നു ബേബി-ഷേര്‍ളി വിവാഹം. നാടും വീടും സഭയുമെല്ലാം എതിര്‍ത്ത അവരുടെ ദാമ്പത്യം മതമെന്ന ആശയത്തെ അകറ്റിനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു. 1994-ലാണ് അവര്‍ കനവ് തുടങ്ങിയത്. ഗോത്രസമൂഹം തിങ്ങിപ്പാര്‍ക്കുന്ന നാട്ടില്‍ അവരുടെ ഉന്നമനംകൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ആ സ്ഥാപനം പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ രണ്ടു മക്കളും കനവിലാണ് പഠിച്ചത്. കനവിലെ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കാളികളാക്കിയാണ് ഗുഡ എന്ന ചലച്ചിത്രം ചെയ്തത്. 

എഴുത്തുകാരനാകണമെന്ന് കെ.ജെ. ബേബി ആഗ്രഹിച്ചിരുന്നില്ല. സാംസ്‌കാരിക പ്രവര്‍ത്തനം, ആരുമില്ലാത്തവരെ ചൂഷണത്തിന് വിട്ടുനല്‍കാതെയിരിക്കാന്‍ തന്നാലാവുന്നത് ചെയ്യുവാനുള്ള സാമൂഹികപ്രതിബദ്ധതയെല്ലാമാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയത്. ജനങ്ങളില്‍ നിന്നും അകന്നുകൊണ്ടല്ല, എഴുത്തിലൂടെയും ഇടപെടലിലൂടെയും സമൂഹത്തിന്റെ അടിത്തട്ടിലേക്കിറങ്ങി ചെന്നുകൊണ്ട് മാതൃകാപരമായ ജീവിതമാണ് അദ്ദേഹം അനുഷ്ഠിച്ചുപോന്നത്.