കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെ.ജെ. ബേബി(70) അന്തരിച്ചു. നടവയൽ കാറ്റാടിക്കവലയോടുചേർന്നുള്ള കളരിയിൽ തൂങ്ങിമരിച്ചനിലയിലാണ് ബേബിയെ കണ്ടെത്തിയത്.

To advertise here,

കണ്ണൂർ പേരാവൂർ മാവടിയിൽ ജനിച്ച ബേബി 19-ാം വയസ്സിൽ കുടുംബത്തോടൊപ്പം 1973-ലാണ് വയനാട്ടിലെത്തിയത്. 'കനവ്‍' എന്ന പേരിൽ അദ്ദേഹം വയനാട്ടിൽ ഒരു ബദൽ വിദ്യാഭ്യാസ കേന്ദ്രം ആരംഭിച്ചിരുന്നു. ഗോത്ര വിദ്യാർഥികൾക്ക്  വിദ്യാഭ്യാസം നൽകാനും അവരെ സ്വയം പര്യാപ്തരാക്കാനുമായി 1994-ൽ തുടങ്ങിയ വിദ്യാകേന്ദ്രം ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് കനവിന്റെ പ്രവർത്തനങ്ങളിൽ നിന്നുമാറി അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏല്പിച്ചു.

സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി അടിയന്തരാവസ്ഥക്കാലത്ത് തന്റെ 'നാടുഗദ്ദിക' എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് അറസ്റ്റും വരിച്ചു. അദ്ദേഹത്തിന്റെ മാവേലി മൻറം എന്ന കൃതിക്ക് കേരളാ സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. നാടു ​ഗദ്ദിക, ​ഗുഡ്ബൈ മലബാർ, ബെസ്പുർക്കാന എന്നിവയാണ് മറ്റു കൃതികൾ. മുട്ടത്തുവർക്കി പുരസ്കാരവും ലഭിച്ചിരുന്നു.

ഭാര്യ: പരേതയായ ഷേർലി. രണ്ടു മക്കളുണ്ട്.

മക്കൾക്കുപുറമേ, കേണിച്ചിറ പോലീസ്, ഭാര്യാ സഹോദരങ്ങളായ ജോർജ് ജോസഫ്, ജോൺ ജോസഫ്, അക്കൗണ്ടുള്ള ബാങ്കുകളുടെ മാനേജർമാർ, കനവ് മക്കൾ തുടങ്ങിയവർക്ക്‌ പ്രത്യേകം കത്തുകളെഴുതിവെച്ചാണ് അദ്ദേഹം വിടപറഞ്ഞത്.

സ്വന്തം താത്പര്യപ്രകാരം ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കത്തിലുണ്ടായിരുന്നത്. മൃതദേഹം തിരികെ വീട്ടിലെത്തിക്കരുതെന്നും തൃശ്ശിലേരിയിലുള്ള തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ശാന്തികവാടത്തിൽ സംസ്കരിക്കണമെന്നും നിർദേശിച്ചിരുന്നു. മക്കൾക്ക് താത്പര്യമുണ്ടെങ്കിൽമാത്രം ചിതാഭസ്മം കബനിയിൽ നിമജ്ജനംചെയ്യാമെന്നും എഴുതിയിട്ടുണ്ട്.

മൃതദേഹം തിങ്കളാഴ്ച രാവിലെ പത്തുമുതൽ 12 വരെ നടവയൽ കോ-ഓപ്പറേറ്റീവ് കോളേജ് ഹാളിൽ പൊതുദർശനത്തിനുവെക്കും.