മാനന്തവാടി: 'അരുണാചല ശിവ
അരുണാചല ശിവ
അരുണാചല ശിവ
അരുണാചലാ...'

To advertise here,

കെ.ജെ. ബേബിയുടെ മൃതദേഹം സംസ്‌കരിക്കാനായി തൃശ്ശിലേരി ശാന്തികവാടത്തിലെത്തിച്ചപ്പോള്‍ കനത്ത ദുഃഖത്തിനിടയിലും ബാവുള്‍ഗായികയായ മൂത്തമകള്‍ ശാന്തിപ്രിയ രമണമഹര്‍ഷിയുടെ കീര്‍ത്തനം ഉച്ചത്തില്‍ പാടി. ഒന്നിനുപുറകേ ഒന്നായി പാട്ടുകള്‍. പൂവുള്ള രണ്ടുമൂന്നു റോസാക്കമ്പുകള്‍ ബേബിയുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നുകിടപ്പുണ്ട്. തളംകെട്ടിനില്‍ക്കുന്ന ദുഃഖത്തെ ഒഴുക്കിക്കളയാനെന്നവണ്ണം പുറത്തു ശക്തമായി മഴപെയ്യുന്നു. ഗാനംകൊണ്ട് മകള്‍ യാത്രാമൊഴി നല്‍കിയതോടെ കനവിന്റെ ശില്‍പിയെ അഗ്‌നിയെടുത്തു. ബേബി എന്നെന്നേക്കുമായി മാഞ്ഞു, 'കനല്‍' ബാക്കിയാക്കി.

കെ.ജെ. ബേബിയുടെ ആഗ്രഹപ്രകാരംതന്നെയാണ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനമായ തൃശ്ശിലേരി ശാന്തികവാടത്തില്‍ അദ്ദേഹത്തിന്റെ ശരീരം സംസ്‌കരിച്ചത്. മക്കള്‍ക്കു താത്പര്യമുണ്ടെങ്കില്‍ ചിതാഭസ്മം നിമജ്ജനംചെയ്യാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹം ആഗ്രഹിച്ചപോലെത്തന്നെ ചിതാഭസ്മം കബനിയിലൊഴുക്കാനാണ് പ്രിയപ്പെട്ടവരുടെ തീരുമാനവും.

placeholder
ശാന്തിപ്രിയയോടു സംസാരിക്കുന്ന എഴുത്തുകാരി ഷീലാ ടോമി. 

എഴുത്തുകാരനും സാംസ്‌കാരിക, നാടകപ്രവര്‍ത്തകനും ബദല്‍ വിദ്യാഭ്യാസപ്രവര്‍ത്തകനുമായി വയനാടിന്റെ മണ്ഡലത്തില്‍ നിറഞ്ഞുനിന്ന കെ.ജെ. ബേബിയെ ഞായറാഴ്ച രാവിലെയാണ് വീടിനോടുചേര്‍ന്ന കളരിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒരുനോക്കുകാണാന്‍ നൂറുകണക്കിനാളുകള്‍

തിങ്കളാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ നടവയല്‍ കോ-ഓപ്പറേറ്റീവ് കോളേജിനുമുന്നിലെ ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു. കെ.ജെ. ബേബിയെ ഒരുനോക്കുകാണാന്‍ നൂറുകണക്കിനാളുകളാണ് നടവയലിലേക്ക് ഒഴുകിയത്. മണ്‍മറഞ്ഞുപോയാലും ആള്‍ക്കാര്‍ക്ക് മറക്കാന്‍ ഇടനല്‍കാത്തവണ്ണം കുടിയേറ്റഗ്രാമമായ നടവയലിനു വിലാസമുണ്ടാക്കിയ പ്രതിഭയ്ക്ക് അര്‍ഹമായ യാത്രയയപ്പാണ് ആ ഗ്രാമം നല്‍കിയത്.

ഉച്ചയ്ക്കു 1.15-ഓടെയാണ് മൃതദേഹം തൃശ്ശിലേരി ശാന്തികവാടത്തിലെത്തിച്ചത്. അവിടെയും കെ.ജെ. ബേബിയെ കാണാന്‍ ഒട്ടേറെപ്പേരെത്തി. രണ്ടുമണിയോടെ മൃതദേഹം സംസ്‌കരിച്ചു. ചലച്ചിത്ര-നാടക സംവിധായകനായ എം.ജി. ശശി, കവിയും എഴുത്തുകാരനും നാടകകൃത്തുമായ സിവിക് ചന്ദ്രന്‍, നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഷീലാ ടോമി, ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേരാണ് നടവയലിലും തൃശ്ശിലേരിയിലുമായി അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

ഗോത്രവിദ്യാര്‍ഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് തൊണ്ണൂറുകളില്‍ കെ.ജെ. ബേബി തുടങ്ങിയ 'കനവ്' വിദ്യാലയം വയനാട്ടില്‍ പുതിയ വിദ്യാഭ്യാസവിപ്ലവത്തിനാണു തുടക്കംകുറിച്ചത്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, ഇഷ്ടമുള്ള മേഖലകളില്‍ പരിശീലനം നല്‍കിയാണ് ഗുരുകുലസമ്പ്രദായത്തിലുള്ള 'കനവ്' വിദ്യാലയത്തിന്റെ രീതി. വിദ്യാലയത്തിന്റെ ചുമതല ആദ്യകാലപഠിതാക്കളെ ഏല്‍പ്പിച്ച് പിന്നീടു പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്‍വാങ്ങുകയായിരുന്നു. ഗോത്രവിഭാഗക്കാരോടുള്ള ചൂഷണം വിളിച്ചുപറയുന്ന 'നാടുഗദ്ദിക' എന്ന തന്റെ നാടകം അദ്ദേഹം കേരളത്തിലുടനീളം അവതരിപ്പിച്ചു. വയനാട്ടിലേക്ക് ആദ്യമായി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ചുരംകയറിയെത്തിയത് കെ.ജെ. ബേബിയുടെ മാവേലിമന്റത്തിലൂടെയാണ്. ഗുഡ്‌ബൈ മലബാര്‍, ബസ്പുര്‍ക്കാന എന്നിവ മറ്റു പ്രധാനകൃതികളാണ്.

1973-ല്‍ 19-ാം വയസ്സില്‍ കണ്ണൂര്‍ പേരാവൂര്‍ മാവടി ഗ്രാമത്തില്‍നിന്ന് വയനാട്ടിലേക്കു കുടിയേറിയ ബേബി അഞ്ചുപതിറ്റാണ്ടു എഴുത്തിലും ജീവിതത്തിലും വയനാടിന്റെ മനസ്സറിഞ്ഞു ജീവിക്കുകയും വയനാടിന്റെ നന്മയും ഗോത്രസംസ്‌കാരവും മറ്റിടങ്ങളില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ സാക്ഷരതാപ്രവര്‍ത്തനങ്ങളിലും സജീവമായ പങ്കുവഹിച്ചിരുന്നു.

അനുശോചിച്ചു

കല്പറ്റ: സാംസ്‌കാരികപ്രവര്‍ത്തകന്‍ കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ സി.പി.ഐ.(എം.എല്‍.) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കലയിലും എഴുത്തിലും നിലപാട് കാത്തുസൂക്ഷിച്ചയാളായിരുന്നു കെ.ജെ. ബേബിയെന്ന് സംസ്ഥാന സെക്രട്ടറി പി.പി. കുഞ്ഞിരാമന്‍ പറഞ്ഞു.

പ്രിയങ്കാഗാന്ധി അനുശോചിച്ചു

കല്പറ്റ: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ.ജെ. ബേബിയുടെ നിര്യാണത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി അനുശോചിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ് പ്രിയങ്ക അനുശോചനക്കുറിപ്പ് പങ്കുവെച്ചത്.

''കെ.ജെ. ബേബിയുടെ സാമൂഹികസേവനരംഗത്തുള്ള ബോധ്യവും ധൈര്യവും നമുക്കെല്ലാവര്‍ക്കും വഴികാട്ടിയായി എന്നും നിലനില്‍ക്കും. നീതിക്കുവേണ്ടി പോരാടാന്‍ അദ്ദേഹം ഒരിക്കലും മടികാണിച്ചില്ല. ജീവിതകാലം മുഴുവന്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം നിലനിന്നു. വയനാടിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ കെ.ജെ. ബേബിയുടെ സ്വാധീനം വളരെ വലുതാണ്. സാമൂഹിക മാറ്റത്തിന്റെയും ഉന്നമനത്തിന്റെയും വക്താവെന്ന നിലയില്‍ കലയുടെയും ആക്ടിവിസത്തിന്റെയും ശക്തിയായി നിലകൊണ്ടു. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ എല്ലാവരുടെ ഉള്ളിലും നിലനില്‍ക്കും. ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോട് എന്റെ അഗാധമായ ആദരവും അനുശോചനവും അറിയിക്കുന്നു'' എന്ന് പ്രിയങ്ക എക്‌സില്‍ കുറിച്ചു.