''എനിക്കാവതില്ലേ പൂക്കാതിരിക്കാൻ കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ''  വിഷുവിന്റെ വരവറിയിക്കുന്നത് കൊന്നപ്പൂക്കളുടെ സമൃദ്ധിയാണ്. ഉഷ്ണത്തിന്റെ കാഠിന്യം കൊണ്ട് രണ്ടുമാസം മുമ്പുതന്നെ കൊന്ന പൂത്തുതുടങ്ങിയിരുന്നെങ്കിലും പതിവുപോലെ ഏപ്രിൽ 14ന് വിഷുദിനം പുലരുകയായി. പൂക്കൾ കുറേനാൾ വാടാതെ നിൽക്കുന്നതാണ് കൊന്നയുടെ/കർണ്ണികാരത്തിന്റെ പ്രത്യേകത. ഇലപോലുമില്ലാതെ നിറയെ പൂത്തുനിൽക്കുന്ന കൊന്നമരം ഒരു മനംകുളിർപ്പിക്കുന്ന കാഴ്ച തന്നെയാണ്. കർണ്ണികാരത്തിന്റെ സ്വർണ്ണനിറവും മനംനിറയ്ക്കുന്ന അനുഭവവും നൽകുന്നു. ഇന്ത്യയിലുടനീളം കാണപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ പ്രാധാന്യം മറ്റെവിടെയുമില്ല. കാരണം വിഷുവിന്റെ കണിക്ക് കൊന്ന നിർബന്ധമെന്നതുതന്നെ.

To advertise here,

''കർണ്ണികാരം പൂത്തുതളിർത്തു കൽപനകൾ താലമെടുത്തു'' ഈ ഗാനം ഏറെ പ്രസിദ്ധമാണ്. കാലം മാറിയപ്പോൾ വിഷുവും ഒരുപാട് മാറി. പഴയ പ്രാമുഖ്യമൊന്നും കൈനീട്ടത്തിനില്ല. പണ്ട് ബാല്യകൗമാരങ്ങൾ കൈനീട്ടത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്ന സുദിനമായിരുന്നു വിഷു. കൈനീട്ടം യഥാർഥത്തിൽ കൈനേട്ടമായിരുന്ന പോയകാലം ഇന്നും മനസ്സിൽ പൂത്തിരി കത്തിച്ചുനിൽക്കുന്നു. സിനിമ കാണാനും മറ്റും സ്വന്തമായി ലഭിക്കുന്ന പണം. ഓണം ഒരു കാലം തന്നെയാകുമ്പോൾ വിഷു ഒരു ദിവസത്തിലൊതുങ്ങുമെങ്കിലും അതിന്റെ പ്രാധാന്യം അതിരുകൾ ഭേദിക്കുന്നതാണ്. പണ്ട് വീടുകളിലായിരുന്നു കണി ഒരുക്കിയിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനം അമ്പലങ്ങളിലായി മാറിയിട്ടുണ്ട്. ''കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞതുകിൽ ചാർത്തി കനകകിങ്ങിണി വളകൾ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ' ഗുരുവായൂർ ക്ഷേത്രത്തിലെ സുപ്രസിദ്ധമായ കണികാണൽ മറ്റ് അമ്പലങ്ങളിലേക്കും ക്രമേണ വ്യാപിക്കുകയായിരുന്നു എന്ന് അനുമാനിക്കാം.

ഉറക്കത്തിൽ നിന്ന് മുതിർന്നവരാരെങ്കിലും ഉണർത്തിയാണ് കുട്ടികളെ കണികാണിക്കുന്നത് - കണ്ണുകൾ പൊത്തിക്കൊണ്ട് കണി ഇരിക്കുന്ന ഇടത്തേക്ക് കൊണ്ടുപോകുന്നു. കണ്ണുതുറക്കുന്നത് ഓട്ടുവിളക്കിന്റെ പ്രഭയിലെ കണിയെന്ന വിസ്മയക്കാഴ്ചയിലേക്കാണ്. ശ്രീകൃഷ്ണവിഗ്രഹം, ഉടച്ചുവെച്ച നാളികേരം, വാൽക്കണ്ണാടി, കസവുമുണ്ട്, കണിവെള്ളരി, സ്വർണ്ണമാല, കൊന്നപ്പൂക്കൾ, മാങ്ങ, ചക്ക തുടങ്ങിയവ ഓട്ടുരുളിയിൽ പണ്ട് കണിയായി വെച്ചിരുന്നെങ്കിൽ ഇന്ന് ആപ്പിളും മുന്തിരിയും ഓറഞ്ചും മറ്റു ഫലങ്ങളും  കണിയിൽ സ്ഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ട്. (അമ്പലങ്ങളിൽ ഇന്നും പഴയ രീതിയിൽ തന്നെയാണ് കണി വെക്കുന്നത്) കണി കണ്ടുകഴിഞ്ഞാൽ കുട്ടികളെ ഏറെ ആഹ്ലാദിപ്പിക്കുന്ന വിഷുക്കൈനീട്ടം ലഭിക്കുന്നു. മുതിർന്നവർ പ്രായം കുറഞ്ഞവർക്കാണ് കൈനീട്ടം നൽകുന്നത്. അന്നൊക്കെ ഏറെയും നാണയങ്ങൾ തന്നെയാണ് നൽകുന്നത്. ഒരു രൂപ നോട്ട് അപൂർവമായി മാത്രം കാണാൻ കിട്ടുന്ന കാലം. ഇന്ന് അമ്പലങ്ങളിൽ നിന്നാണ് വിഷുകൈനീട്ടം ലഭിക്കുക. മഹാക്ഷേത്രങ്ങൾ മുതൽ പ്രാദേശിക അമ്പലങ്ങളിൽ വരെ പൂജാരിമാർ വിഷുക്കൈനീട്ടം നൽകിവരുന്നു.

ജപ്പാൻകാരുടെ 'ടീ സെറിമണി' പോലെ വിശാലമായൊരു പരിപാടിയായിരുന്നു അക്കാലത്തെ ചക്കമുറിക്കലും ചുളപറിക്കലും അതുകൊണ്ട് പുഴുക്ക് വെക്കുന്നതും. പക്ഷേ, വിഷുദിനത്തിൽ മലബാർ ഭാഗത്തെ വീടുകളിൽ ചക്കയെന്നു പറയാൻ പാടില്ലെന്നായിരുന്നു അലിഖതനിയമം. കുട്ടികളടക്കം അത് പാലിക്കുകയും ചെയ്തിരുന്നു. 'പനസം' എന്ന വാക്കാണ് ചക്കക്ക് പകരം ഉപയോഗിക്കുക. ''അച്ഛൻപെങ്ങളുടെ ചോദ്യം ഓർമ്മയുണ്ട്, ''രാവുണ്ണിനായരേ, പനസം മുറിക്കാറായില്ലേ.'' മൂർച്ചകൂട്ടിയ മടവാളുമായി അപ്പോൾ കാര്യസ്ഥൻ രാവുണ്ണിനായർ രംഗപ്രവേശനം ചെയ്യുകയായി, വലിയ പനസത്തെ (വരിക്കച്ചക്ക) വെട്ടിമുറിക്കുവാൻ. അത് എല്ലാവരും കണ്ടുനിൽക്കുന്നു.

കണികണ്ട് വിഷുക്കൈനീട്ടം കിട്ടിക്കഴിഞ്ഞാൽ പിന്നെ അടുത്ത പരിപാടിയാണ് പടക്കം  പൊട്ടിക്കൽ. തലേന്നുതന്നെ അതിനുള്ള പടക്കങ്ങൾ ഒരുക്കിവെച്ചിരിക്കും. നേരം പുലരുന്നതിന് വളരെ മുമ്പ്, സരസ്വതീയാമത്തിൽ തന്നെയാണ് പടക്കം പൊട്ടിക്കുന്നത്. ഇന്നത്തെപ്പോലെ ചൈനീസൊന്നുമല്ല, യഥാർഥ ശിവകാശി പടക്കം തന്നെ. കുട്ടികൾ അയൽക്കാരുമായി മത്സരിച്ചുകൊണ്ടാണ് ഈ പടക്കം പൊട്ടിക്കൽ. ഇന്നും നിർബാധം തുടരുന്ന ഒരു ചടങ്ങ് ഇതുതന്നെയാണ്.

ഡൽഹിയിലെ ഒരു വിഷുദിനത്തിൽ മയൂർവിഹാറിലെ ശ്രീകൃഷ്ണക്ഷേത്രത്തിൽ പോയ ഓർമ്മയിൽ തെളിയുന്ന വ്യക്തി സാക്ഷാൽ ശേഷനാണ്. ഇലക്ഷൻ കമ്മിഷണറായിരുന്ന ടി.എൻ. ശേഷൻ തന്നെ. നാലമ്പലത്തിൽ ക്ഷേത്രപൂജാരിയുടെ വക  വിഷുക്കൈനീട്ടം കഴിഞ്ഞ് ചുറ്റമ്പലത്തിൽ ഇരുന്നിരുന്ന ടി.എൻ. ശേഷന്റെ വകയും ഒരു രൂപ നാണയം എല്ലാവർക്കും വിഷുക്കൈനീട്ടമായി നൽകി. ശേഷൻ സുസ്‌മേരവദനനായി ക്യൂ നിന്നവർക്ക് കൈനീട്ടം നൽകുന്നത് ഒരു സവിശേഷ വിഷുക്കാഴ്ച തന്നെയായിരുന്നു.