'അധ്യാപകന്‍ എന്നനിലയില്‍ കെ.പി. ശങ്കരനെക്കുറിച്ച് പറയാന്‍ ഒരു വാക്കുമാത്രം മതി, സൗമനസ്യം'


പി. എന്‍. വിജയന്‍

ശതാഭിഷേകത്തിന്റെ നിലാവിൽ കെ.പി. ശങ്കരൻ. ആറുപതിറ്റാണ്ടിലേറെ സൗന്ദര്യാന്വേഷകനും സൗന്ദര്യാരാധകനുമായി കവികളെയും നിരൂപകരെയും സഹൃദയരുടെ ഒരു വലിയ വിസ്തൃതിയെയും ഒരേപോലെ കുളിർപ്പിച്ചുകൊണ്ടിരിക്കുന്ന കെ.പി. ശങ്കരൻ ശതാഭിഷിക്തനാവുകയാണ്.

കെ.പി. ശങ്കരൻ

കഥാകൃത്ത് പി. എന്‍. വിജയന്‍, ശതാഭിഷിക്തനാകുന്ന തന്റെ ഗുരുനാഥനും എഴുത്തുകാരനുമായ കെ.പി. ശങ്കരനെക്കുറിച്ചെഴുതിയ ലേഖനം വായിക്കാം..

ങ്കരന്‍മാഷെക്കുറിച്ച് ആലോചിക്കുമ്പോഴും എഴുതുമ്പോഴും ആദ്യം തെളിയുന്നത് സൗമ്യവദനനായി പുഞ്ചിരിച്ചുനില്‍ക്കുന്ന അദ്ദേഹത്തിന്റെ രൂപമാണ്. മുഖത്തുള്ള സൗമ്യഭാവം അദ്ദേഹത്തിന്റെ മനസ്സിലുള്ള ശാന്തതയുടെ സമ്യക്കായ പ്രതിഫലനമാണ്. സംസാരത്തിലും പെരുമാറ്റത്തിലും മാത്രമല്ല അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും ഈ സൗമനസ്യത്തിന്റെ ആന്ദോളനങ്ങള്‍ കാണാം. സ്വഭാവത്തിന്റെ എല്ലാ വിന്യാസങ്ങളിലും പ്രസരിക്കുന്ന ഈ വരപ്രസാദംതന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തിലും പരിലസിക്കുന്ന സവിശേഷമായ ഘടകം. സാഹിത്യപഠനങ്ങളിലും നിരൂപണങ്ങളിലും ലേഖനങ്ങളിലും ആസ്വാദനവിയോജനക്കുറിപ്പുകളിലും എന്തിനേറെ അദ്ദേഹത്തിന്റെ കത്തുകളില്‍പ്പോലും വേറിട്ടുനില്‍ക്കുന്ന ഊഷ്മളമായ അംശം ഈ സൗമനസ്യത്തിന്റെ സ്പര്‍ശമണികളാണ്.

ശങ്കരന്‍മാഷിന്റെ സൗമ്യസമീപനം അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കെന്നപോലെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ധാരാളം ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടാവും. നിളാതീരത്തെ കലാഗ്രാമമായ പൈങ്കുളത്ത് ഒരു അമ്പലവാസി കുടുംബത്തില്‍ ജനിച്ച ശങ്കരന്‍മാഷ്‌ക്ക് പാരമ്പര്യമായിക്കിട്ടിയ ഈ സ്വഭാവവിശേഷം അദ്ദേഹം പഠിച്ച വിദ്യാലങ്ങളിലും കലാലയങ്ങളിലും പിന്നീട് പഠിപ്പിക്കാനിടയായ കലാലയങ്ങളിലും സര്‍വകലാശാലകളിലും പ്രസാദാത്മകമായ പ്രകാശമായി കൊണ്ടുനടക്കാന്‍ സാധിച്ചു. ഈ പ്രകാശത്തിന്റെ പ്രചോദനം അദ്ദേഹം സേവനമനുഷ്ഠിച്ച തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെയും മൈസൂര്‍ റീജണല്‍ കോളേജിലെയും മലയാളം ക്ലാസുകളെ മാത്രമല്ല, ഏകദേശം അതേ അളവില്‍ അദ്ദേഹത്തിന് ബന്ധപ്പെടേണ്ടിവന്ന എല്ലാ സാഹിത്യവേദികളെയും സാഹിത്യേതര സന്ദര്‍ഭങ്ങളെയും മധുരോദാരവും സ്‌നേഹോഷ്മളവുമാക്കി മാറ്റിയെടുത്തു. ശിഷ്യന്മാരുടെ ഉത്സാഹത്തില്‍, സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ, സുഹൃത്തുക്കളും സഹൃദയരും പതിന്നാലുവര്‍ഷംമുമ്പേ സംഘാടകരായും സാക്ഷികളായും തൃശ്ശൂരില്‍വെച്ചുനടത്തിയ അദ്ദേഹത്തിന്റെ സപ്തതി ആഘാഷംതന്നെ ഇതിന്റെ സഫലമായ തെളിവായിരുന്നല്ലോ.

ആഹ്ലാദകരമായ അനുഭവങ്ങള്‍

കെ.പി. നാരായണപ്പിഷാരോടിയുടെയും ഇ.കെ. നാരായണന്‍പോറ്റിയുടെയും മുണ്ടശ്ശേരിയുടെയും വത്സലശിഷ്യന്‍, പ്രൊഫ. ഗുപ്തന്‍ നായരുടെയും പ്രൊഫ. എം. അച്യുതന്റെയും മറ്റും പ്രിയങ്കരനായ വിദ്യാര്‍ഥി, യൂസഫലി കേച്ചേരി, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, കെ.വി. രാമകൃഷ്ണന്‍, എന്‍.കെ. ദേശം, വിഷ്ണുനാരായണന്‍ നമ്പൂതിരി, എന്‍.എന്‍. കക്കാട് തുടങ്ങിയവരുടെ സഹചാരി, എന്‍.വി. കൃഷ്ണവാരിയര്‍, എം.എസ്. മേനോന്‍, എം. ലീലാവതി, എ.പി.പി. നമ്പൂതിരി തുടങ്ങിയവരുടെ അംഗീകാരവും പ്രശംസയും പിടിച്ചുപറ്റിയ യുവനിരൂപകന്‍ എന്നീനിലകളില്‍ അറുപതുകളുടെ തുടക്കത്തിലേ ശ്രദ്ധേയനായ കെ.പി. ശങ്കരന്‍ കേരളത്തില്‍നിന്ന് കര്‍ണാടകയില്‍ മലയാള അധ്യാപകനായെത്തിയത് ഞങ്ങളുടെയൊക്കെ ഭാഗ്യമാണ്. നാലുകൊല്ലം അദ്ദേഹത്തിന്റെ ക്ലാസിലിരിക്കാന്‍ കഴിഞ്ഞതും ഹൃദ്യമായ ആ സൗമ്യസാന്നിധ്യത്തില്‍ മലയാള ഭാഷയെയും സാഹിത്യത്തെയും കൂടുതല്‍ പരിചയപ്പെടാന്‍ സാധിച്ചതും ഞങ്ങളില്‍ പലരുടെയും ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരകമായ അനുഭവങ്ങളാണ്.

അധ്യാപകന്‍ എന്നനിലയില്‍ കെ.പി. ശങ്കരനെക്കുറിച്ച് പറയാന്‍ ഒരു വാക്കുമാത്രം മതി, സൗമനസ്യം. ഒന്നിനും നര്‍ബന്ധിക്കാതെ, ഒരു കാര്യത്തിലും നിയമത്തിന്റെ വഴിതേടാതെ, ശാന്തനായി, സൗമ്യനായി വിദ്യാര്‍ഥിയുടെ എല്ലാ ഇല്ലായ്മകളും പോരായ്മകളും മനസ്സിലാക്കി അവന്റെ ഉണ്മയെ ഉണര്‍ത്താനും അതിനെ വികസിപ്പിക്കാനും എല്ലാ വാതിലുകളും തുറക്കുക എന്ന രീതിയാണ് മാഷ് കൈക്കൊള്ളുന്നത്. ഒരിക്കല്‍ മാഷ് പറയുകതന്നെ ചെയ്തു: ''പുറത്തേക്ക് നോക്കരുത് എന്നു പറഞ്ഞ് കുട്ടികളെ ബ്ലാക്ക് ബോര്‍ഡിലേക്ക് നോക്കാന്‍ നിര്‍ബന്ധിക്കുന്ന അധ്യാപകന്‍ വലിയ തെറ്റാണ് ചെയ്യുന്നത്. പ്രപഞ്ചത്തെ അറിയാനുള്ള വാതിലുകള്‍ തുറന്നിടുക എന്നതാണ് അധ്യാപകന്റെ പ്രാഥമികധര്‍മം. പുറംലോകത്തെ ഉള്‍ക്കൊള്ളാനുള്ള പ്രചോദനത്തില്‍നിന്നാണ് അകക്കണ്‍ തുറക്കുന്നത്. ജെ. കൃഷ്ണമൂര്‍ത്തിയുടെയും യതിയുടെയും വിദ്യാഭ്യാസചിന്തകള്‍ കാസറ്റുകളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചരിക്കുന്നതിനുമുമ്പ് വിദ്യാര്‍ഥിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന സ്വന്തം ഗ്രാമത്തിലെ നമ്പീശന്‍മാസ്റ്ററുടെ വാക്കുകളിലൂടെ തനിക്കും ഏറെ ഹിതകരമായ സമീപനത്തെയാണ് ശങ്കരന്‍മാഷ് വെളിപ്പെടുത്തിയത്.

നിരൂപണപാഠങ്ങള്‍

നിരൂപകന്‍ എന്നനിലയില്‍ കെ.പി. ശങ്കരന്റെ നിലപാട് സൂചിപ്പിക്കുന്ന ഒരു അന്യാപദേശകഥയുണ്ട്. ഡോ. അനന്തമൂര്‍ത്തി പറയാറുള്ള ഒരു കഥയാണെന്ന് ആമുഖത്തോടെ ശങ്കരന്‍മാഷ് പരിചയപ്പെടുത്തിയിട്ടുള്ള അംഗുലപ്പുഴുവിന്റെ കഥ. പിറകെ പലരും പലരൂപത്തിലും ആവിഷ്‌കരിച്ചിട്ടുള്ള ഒരു കഥ. സ്വന്തം നീളം ഒരു അംഗുലമാണെന്ന് വെളിപാടുണ്ടായ ഈ പുഴു എന്തിനെയും അളന്നുതിട്ടപ്പെടുത്താമെന്ന അഹങ്കാരത്തോടെ അങ്ങനെ ഞെളിഞ്ഞുപിരിയുന്നതിനിടയിലാണ് ഒരു കിളിയുടെ മുന്നില്‍ ചെന്നുപെട്ടത്. 'നിന്നെയും ഞാന്‍ അളക്കാന്‍ പോവുന്നു' എന്നുപറഞ്ഞ്, കിളിയുടെ ശരീരത്തില്‍ പലവുരു ചുരുങ്ങിനിവര്‍ന്നശേഷം അതിന്റെ അംഗപ്രത്യംഗവിസ്തൃതി ഇത്ര അംഗുലമാണെന്ന് സൂക്ഷ്മമായി വെളിപ്പെടുത്തിക്കൊണ്ട് അംഗുലപ്പുഴു വിജയഭാവത്തോടെ ഞെളിയുമ്പോഴാണ്, 'ശരി, ഇനി ഇതുകൂടി ഒന്ന് അളന്നുതരൂ' എന്നുപറഞ്ഞ് കിളി പാടാന്‍ തുടങ്ങിയത്. എല്ലാമൂലധനവും നഷ്ടപ്പെട്ട അംഗുലപ്പുഴു ആശ്ചര്യപ്പെട്ടുപോയി എന്നാണ് കഥ. നിരൂപണം എങ്ങനെയാവരുത് എന്ന് വ്യക്തമാക്കുന്ന ഈ ഉദാഹരണത്തെ മുറുകെപ്പിടിക്കുന്ന കെ.പി. ശങ്കരന്‍ ഒരു കൃതിയുടെയും പുറത്തുകയറി നീളവും വീതിയും അളക്കുന്ന അഭ്യാസത്തിന് മുതിരാറില്ല. അദ്ദേഹംചെയ്യുന്നത് ഒരു കൃതിയുടെ ആഴത്തില്‍ മുങ്ങിനിവരുന്നതിനിടയില്‍ സ്വയം അനുഭവിച്ച വൈകാരികതയുടെയും വൈചാരികതയുടെയും വിസ്മയങ്ങള്‍ പങ്കുവെക്കുകമാത്രമാണ്. നിരൂപണത്തെ സൗന്ദര്യാന്വേഷണം എന്ന അര്‍ഥത്തിലാണ് അദ്ദേഹം സമീപിക്കുന്നത്. അങ്ങനെ മറഞ്ഞുകിടക്കുന്ന സൗന്ദര്യതലങ്ങളുണ്ടെന്ന് ബോധ്യമാവുമ്പോള്‍മാത്രമേ, അവയെ വെളിപ്പെടുത്തുന്ന ദൗത്യം അദ്ദേഹം ഏറ്റെടുക്കാറുള്ളൂ.

സാഹിത്യപഠനങ്ങളും നിരൂപണങ്ങളും ഗഹനചിന്താപദ്ധതികളായതുകൊണ്ട് അവയുടെ പ്രകാശനവും കഠിനഭാഷകളില്‍ത്തന്നെവേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന കാലത്ത്, ഘടനാപരമായ ലാളിത്യംകൊണ്ടും ഭാവനാത്മകമായ ചാരുതകൊണ്ടും ലേഖനത്തെ കവിതയോട് അടുപ്പിച്ചതിന്റെ നിറവില്‍ കെ.പി. ശങ്കരന്റെ മൗലികത ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്. അറുപതുകളില്‍ വളരെ പ്രചാരംനേടിയ ഗൃഹാതുരത എന്ന പ്രയോഗത്തിന് ശങ്കരന്‍ മാഷിന്റെ ഒരു ലേഖനത്തോടാണ് കടപ്പാട്. 'ഗൃഹകാതരത്വം' എന്ന മാഷിന്റെ പ്രയോഗത്തെ എന്‍.വി. കൃഷ്ണവാരിയര്‍ കുറുക്കിയെടുത്തതാണ് 'ഗൃഹാതുരത.'

പ്രഭാഷണം എന്ന ശ്രവണാനുഭവം

അധ്യാപകന്റെയും നിരൂപകന്റെയും ഒട്ടും താഴെയല്ലാത്ത നിലയിലാണ് പ്രഭാഷകന്‍ എന്ന നിലയില്‍ ശങ്കരന്‍മാഷിന്റെ സ്ഥാനം. കെ.പി. ശങ്കരന്റെ പ്രഭാഷണം അത്യപൂര്‍വമായ ഒരു ശ്രവണാനുഭവമാണ്. കവിതയെക്കുറിച്ചാണെങ്കിലും കഥയെക്കുറിച്ചാണെങ്കിലും അഗാധമായ ഉള്‍ക്കാഴ്ചയോടെ അതിസൂക്ഷ്മമായ ഉദാഹരണങ്ങള്‍ എടുത്തുകാണിച്ച്, നേര്‍ത്ത വാക്കുകളില്‍ സ്വരവീചികള്‍ നെയ്തുകൊണ്ട്, മാഷ് സംസാരിക്കുമ്പോള്‍ ആ വാക്കുകളുടെ സംഗീതം നമ്മെ ദത്തെടുക്കുന്നു. ബിസ്മില്ലാഖാന്റെ ഷെഹനായിയോ രവിശങ്കറിന്റെ സിത്താറോ ചൗരസ്യയുടെ ബാംസുരിയോ പകര്‍ന്നുതരുന്ന ഭാവപരിസരത്തിലാണ് താനെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതില്‍ അതിശയിക്കാനില്ല.

ശിഷ്യരിലൂടെ നിലനില്‍ക്കുന്നതാണല്ലോ ഗുരുത്വം. ശങ്കരന്‍മാഷെ അടുത്തറിയാന്‍ അവസരംകിട്ടിയ ഓരോ വിദ്യാര്‍ഥിയും തിരിച്ചറിയുന്നത്, നമ്മുടെ ഗുരുപാരമ്പര്യത്തിന്റെ സവിശേഷമായ പവിത്രതയെയാണ്, അതിലൂടെ അനാദിയായി പ്രവഹിക്കുന്ന അനുഗ്രഹത്തിന്റെ ആര്‍ദ്രമായ ഒരു അലയെയാണ്. ഈ അലയില്‍ വിദ്യാര്‍ഥികളുടെ ഒരു തലമുറ മുങ്ങിനിവരുമ്പോള്‍, അതിന് ഒരളവുവരെ കാരണക്കാരനായ ഗുരുനാഥന്‍ തന്റെ മുന്‍തലമുറയോടാണ് കടംവീട്ടുന്നത്. ഗുരുശിഷ്യബന്ധം ഒരു കടംവീട്ടലാണ് എന്ന്, യശശ്ശരീരനായ കെ.പി. നാരായണപ്പിഷാരോടിക്ക് സര്‍പ്പിച്ച നവതിലേഖനത്തില്‍ ശങ്കരന്‍മാഷ് ആദരപൂര്‍വം അനുസ്മരിക്കുന്നുണ്ട്. ഓരോ ശിഷ്യനും ഗുരുവിനോട് കടംവീട്ടുന്നത് പുതിയൊരു കണ്ടെത്തലിലൂടെയാണ്. ഇന്നോളമുണ്ടായ കണ്ടെത്തലുകളുടെ പ്രവാഹമാണ് ഭാരതീയസംസ്‌കൃതിയെ നവീകരിക്കുന്നത്.

എഴുത്തും വായനയുമായി മാഷ് ഇപ്പോഴും തിരക്കിലാണെന്നുപറഞ്ഞല്ലോ. മലയാളത്തിന്റെ അനുഗ്രഹമായ സൗമ്യതയുടെ നിറകുടത്തിന് ശതാഭിഷേകം കളഭംചാര്‍ത്തുന്ന ഈ അവസരത്തില്‍, ശങ്കരന്‍മാഷിന് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്നുകൊണ്ട് നമുക്ക് പ്രാര്‍ഥിക്കാം.


Content Highlights: k p sankaran, writer malayalam literature, 100th birthday, writer p n vijayan, mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


Remya Suresh, Aswanth Kok , Vellaripattanam Press meet, Akhil Marar facebook post

1 min

'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം വേദനിപ്പിച്ചിട്ടില്ല- രമ്യ

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented