രു ഘട്ടത്തില്‍ ഒന്നും എഴുതാന്‍ കഴിയാതെ വിഷമിച്ച മാര്‍കേസിനെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളുടെ രചനയിലേക്കു തിരിച്ചുവിട്ടത് 'പെദ്രോ പരാമോ' ആയിരുന്നു. മാര്‍കേസിനെമാത്രമല്ല, ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ഒട്ടാകെത്തന്നെ ഈ കൃതി വഴിനടത്തി

To advertise here,

പത്രപ്രവര്‍ത്തകനായ മിഗെല്‍ ഫെര്‍ഹാന്‍ദെസ് ബ്രാസോയുമായുള്ള അഭിമുഖസംഭാഷണത്തില്‍, താന്‍ 'ആദരപൂര്‍വ'മായി ഒരു സാഹിത്യമോഷണം നടത്തിയിട്ടുണ്ടെന്ന് ഒരിക്കല്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് കുമ്പസാരിച്ചു. മറ്റെവിടെനിന്നുമല്ല, ഹുവാന്‍ റൂള്‍ഫോയുടെ 'പെദ്രോ പരാമോ'യില്‍നിന്നാണ് ഒരേയൊരു വാക്യം മാര്‍കേസ് പകര്‍ത്തിയത്. പക്ഷേ, ആ വാക്യം ഏതാണെന്നുമാത്രം അദ്ദേഹം പറഞ്ഞില്ല. ചര്‍ച്ചകളും ഗവേഷണങ്ങളും തകൃതിയായി. ഒടുവില്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങ'ളില്‍ റെമെദിയോസ് സുന്ദരി എന്ന കഥാപാത്രത്തെപ്പറ്റിയുള്ള 'ഈ ലോകത്തിലെ ഒരു ജീവിയായിരുന്നില്ല അവള്‍' എന്ന വിവരണവും 'പെദ്രോ പരാമോ'യിലെ സുസാന സാന്‍ ഹുവാന്‍ എന്ന കഥാപാത്രത്തെപ്പറ്റി 'ഈ ലോകത്തിന്റേതല്ലാതായ ഒരു സ്ത്രീ' എന്നുപറയുന്നതും തമ്മില്‍ സാമ്യമുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടു.

അല്ലെങ്കിലും റൂള്‍ഫോയുടെ എഴുത്ത് തന്നില്‍ ചെലുത്തിയ സ്വാധീനത്തെപ്പറ്റി മാര്‍കേസ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഒന്നും എഴുതാന്‍ കഴിയാതെ വിഷമിച്ച മാര്‍കേസിനെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങ'ളുടെ രചനയിലേക്കു തിരിച്ചുവിട്ടത് 'പെദ്രോ പരാമോ' ആയിരുന്നു. മാര്‍കേസിനെമാത്രമല്ല, ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ ഒട്ടാകെത്തന്നെ ഈ കൃതി വഴിനടത്തി.

റോദ്രീഗോ പ്രിയെത്തോ (Rodrigo Prieto) സംവിധാനംചെയ്ത നെറ്റ്ഫ്‌ലിക്‌സ് ചലച്ചിത്രം 'പെദ്രോ പരാമോ'യും ആ പുസ്തകത്താല്‍ സ്വാധീനിക്കപ്പെടുക മാത്രംചെയ്ത ഒരു സ്വതന്ത്രരചനയാണെന്ന് പറയാന്‍കഴിയും. ദൃശ്യാവിഷ്‌കാരത്തില്‍ മികച്ചതാണെങ്കിലും സിനിമ നഷ്ടപ്പെടുത്തിയത് തലതിരിഞ്ഞൊഴുകുന്ന സമയം സൃഷ്ടിക്കുന്ന മാന്ത്രികത്വത്തിന്റെയും എത്രയോ സന്ദര്‍ഭങ്ങളെയാണ്. 'മേല്‍ക്കൂരയുടെ വിടവിലൂടെ ഞാന്‍, പാടുന്ന പക്ഷികളെ നോക്കിക്കൊണ്ടുകിടന്നു. സന്ധ്യക്ക് ഇരുട്ട്, വഴികള്‍ മായ്ച്ചുകളയുന്നതിനുമുന്‍പേ കൂട്ടംചേര്‍ന്ന് പറന്നുവരാറുള്ള ആ പക്ഷികള്‍. പിന്നെ, പകലിനെ കൊണ്ടുപോകാനെത്തുന്ന കാറ്റില്‍ ചിന്നിച്ചിതറിയ മേഘശകലങ്ങളും. പിന്നെ സാന്ധ്യനക്ഷത്രമുദിച്ചു. അതുകഴിഞ്ഞ് ചന്ദ്രനും' എന്ന ഭാഗം വായിച്ചുകഴിഞ്ഞ് കുറച്ചുകഴിയുമ്പോള്‍ നോവലില്‍ നമ്മള്‍ ഇങ്ങനെയും വായിക്കുന്നു: 'കാലം പിന്നോട്ടു തിരിയുന്നതുപോലെ തോന്നി. ഒരിക്കല്‍ക്കൂടി ഞാന്‍ കണ്ടു: ചന്ദ്രനോട് ചേര്‍ന്നുനില്‍ക്കുന്ന ആ നക്ഷത്രം, ചിന്നിച്ചിതറിയ മേഘങ്ങള്‍, പക്ഷിക്കൂട്ടങ്ങള്‍, പിന്നെ പെട്ടെന്ന് തെളിഞ്ഞ സായാഹ്നവെളിച്ചവും.' സമയത്തിന്റെ ഈ കീഴ്‌മേല്‍മറിച്ചില്‍ സിനിമയില്‍ ഇല്ലാതായിപ്പോയി.

സമകാലിക മെക്‌സിക്കന്‍സാഹിത്യത്തെയും 'പെദ്രോ പരാമോ' വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. മാര്‍കേസിന്റെ പൗത്രനായ മത്തെയോ ഗാര്‍സിയാ എലിസോന്‍ദോ (Mateo Garcia Elizondo) എഴുതിയ Last Date in El Zapotal എന്ന നോവല്‍ 'പെദ്രോ പരാമോ'യുടെ ആധുനിക രൂപാന്തരീകരണമാണെന്നു തോന്നിപ്പോകും. പെദ്രോ പരാമോയിലെ കഥാപാത്രമായ ഹുവാന്‍ പ്രെസിയാദോ, കൊമാലയിലെത്തുന്നത് തന്റെ അച്ഛനെ തേടിയാണ്. അച്ഛന്‍ മാത്രമല്ല, അവിടെയുള്ള എല്ലാവരും മരിച്ചുകഴിഞ്ഞെന്ന് താമസിയാതെ അറിയുകയാണ് അയാള്‍. മരിച്ചവര്‍ അയാളോട് സംസാരിക്കുന്നു. താമസിയാതെ അയാളും മരിക്കുന്നു.

Last Date in El Zapotal-ലെ പ്രധാനകഥാപാത്രമാകട്ടെ, സപ്പോത്തല്‍ എന്ന വിദൂരസ്ഥമായ പട്ടണത്തിലെത്തുന്നത് ഒരുവളെ കാണാനാണ്. മറ്റാരുമല്ല ലഹരിമരുന്നാണ് ആ ഒരുവള്‍. അയാള്‍ അവിടെയെത്തുന്നത് ലഹരിമരുന്നുപയോഗിച്ച് സ്വസ്ഥമായി മരിക്കാന്‍വേണ്ടിമാത്രമാണ്. അയാള്‍ക്കു പക്ഷേ, അതിനു കഴിയുന്നില്ല. ലഹരിയുടെ ഭ്രമാത്മകമായ ലോകത്തുനിന്ന് പുറത്തുകടക്കുമ്പോഴൊക്കെ കൂടുതല്‍ വിചിത്രമായ സംഭവങ്ങളില്‍ അയാള്‍ ചെന്നുപെടുന്നു; ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ, സ്വപ്നമോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനാവാത്ത ആളുകളെ കണ്ടുമുട്ടുകയാണ് അയാള്‍. 'ഒരുപാട് കാലത്തെയാണ് എനിക്കുപിന്നില്‍ ഞാന്‍ വലിച്ചിഴയ്ക്കുന്നത്' എന്നയാള്‍ പറയുന്നു. നോവലിന്റെ അവസാനത്തെ അധ്യായത്തില്‍ എലിസോന്‍ദോ എഴുതുന്നതിങ്ങനെ: 'ഇനി ജീവിതം ഒട്ടുംതന്നെ ബാക്കിയില്ല. ഞാനിവിടെയാണ്, ഞാന്‍ എവിടേക്കും പോകുന്നില്ല. ഭയം എന്റെ ജീര്‍ണിക്കുന്ന ശരീരത്തോടൊപ്പം നുറുങ്ങിത്തകരുന്നു.' 'പെദ്രോ പരാമോ' അവസാനിക്കുന്നതാകട്ടെ ഇങ്ങനെയും: 'അയാള്‍ നിലത്തടിച്ചുവീണു; പിന്നെ തകര്‍ന്നുകിടന്നു; ഒരു കല്‍ക്കൂമ്പാരംപോലെ.' അത്രയേറെ സമാനതകളുള്ളതാണ് ഈ രണ്ടു നോവലുകളും: 2022- ലെ മാതൃഭൂമി സാഹിത്യോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ എലിസോന്‍ദോ ഇക്കാര്യം നിഷേധിച്ചിരുന്നെങ്കില്‍ക്കൂടി.

മെക്‌സിക്കോയിലെ ശ്രദ്ധേയയായ എഴുത്തുകാരി ക്രിസ്തീന റിവേര ഗാര്‍സാ(Cristina Rivera Garza) രചിച്ച The Day Juan Rulfo Died എന്ന മനോഹരമായ കഥയിലും ഇത്തരമൊരു സന്ദര്‍ഭം കാണാന്‍ കഴിയും. അധ്യാപകനും എഴുത്തുകാരനുമായ കേന്ദ്രകഥാപാത്രം തന്റെ പങ്കാളിയായിരുന്ന ബ്ലാങ്ക എന്ന സ്ത്രീയെ ഒരു കഫേയില്‍ കണ്ടുമുട്ടുന്നു. വഴക്കിട്ടുപിരിഞ്ഞവരായിരുന്നു അവര്‍. താന്‍ ഗര്‍ഭിണിയാണെന്ന് അവിടെവെച്ച് അവള്‍ പറയുന്നു. താമസിയാതെ അവളുടെ പുതിയ പങ്കാളിയും വന്നെത്തി. കഥാനായകന്‍ പത്രത്തിലെഴുതുന്ന പംക്തി സ്ഥിരമായി വായിക്കാറുണ്ടെന്ന് പങ്കാളി പറയുമ്പോള്‍ കിടക്കയിലെ ബ്ലാങ്കയുടെ പ്രകടനത്തെപ്പറ്റി ഓര്‍ക്കുകയായിരുന്നു അയാള്‍. അവരോട് യാത്ര പറഞ്ഞിറങ്ങുന്ന അയാള്‍ ആളൊഴിഞ്ഞ ഒരു തെരുവിലെത്തുന്നു . അവിടെവെച്ച് 'പെദ്രോ പരാമോ'യിലെ കൊമാല എന്ന സ്ഥലത്തെത്തിയ അനുഭവത്തിന് അയാള്‍ വിധേയനാവുകയാണ്. കഥയില്‍നിന്ന്: 'എനിക്ക് ശ്വാസം കിട്ടാതായി. വായു കൂടുതല്‍ നേര്‍ത്തതായി, കൂടുതല്‍ ദുര്‍ലഭമായി. ഞാനില്ല എന്നതുപോലെ വായു എന്നെ കടന്നുപോയി, എന്റെ മൂക്കിലും ശ്വാസകോശങ്ങളിലും കടന്നുചെല്ലാന്‍ വിസമ്മതിച്ചുകൊണ്ട്.'

'പെദ്രോ പരാമോ'യിലെ ഹുവാന്‍ പ്രെസിയാദോയുടെ അനുഭവത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോയ അയാള്‍ പ്രണയനഷ്ടത്തിന്റെ ഊഷരമായ കൊമാലയില്‍ എത്തിച്ചേരുന്നു. അന്നേദിവസം ഹുവാന്‍ റൂള്‍ഫോ അന്തരിച്ചു എന്നും പിന്നീട് അറിയുകയാണ് അയാള്‍.

ഏവരെയും സ്വാധീനിച്ച ഹുവാന്‍ റൂള്‍ഫോയുടെ വഴികാട്ടിയായ എഴുത്തുകാരന്‍ അപ്പോള്‍ ആരായിരിക്കാം? മെക്‌സിക്കന്‍ കവിയായ സവിയര്‍ വിയ്യൗറൂത്തിയ (Xavier Villaurrutia) ആണതെന്ന് നിസ്സംശയം പറയാം. വിയ്യൗറൂത്തിയയുടെ Nostalgia for Death എന്ന സമാഹാരത്തില്‍, 'കരച്ചിലിനെ തൊടാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ പ്രതിധ്വനിയെയും അതിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ചുവരിനെയും ചുവരില്‍ സ്പര്‍ശിക്കാന്‍നോക്കിയപ്പോള്‍ ഒരു കണ്ണാടിയെയും കണ്ണാടിയില്‍ കൊലചെയ്യപ്പെട്ട ഒരു പ്രതിമയെയും' കണ്ടെത്തിയെന്നു പറയുന്നു. കരച്ചിലിന്റെ മാറ്റൊലിയിലൂടെ കല്‍പ്രതിമയിലെത്തുന്ന ആ രസവിദ്യതന്നെയാണ് റൂള്‍ഫോയുടെയും എഴുത്ത്.