ഫുട്‌ബോള്‍ പ്രേമിയായ, പുതിയ തലമുറയുടെ ഡിജിറ്റല്‍ സ്വാധീനങ്ങളും നിറച്ചാര്‍ത്തുകളും വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും നിറഞ്ഞ അത്യാധുനിക 'കട്ടിങ് എഡ്ജ്' സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന, ഫ്രാന്‍സിസ് പാപ്പ കാലം ചെയ്യുമ്പോള്‍ വീണ്ടും വായിക്കപ്പെടുകയാണ് മനോഹരമായ ആത്മകഥ- ഹോപ് (പ്രത്യാശ). ആത്മകഥയുടെ പേരുപോലെ തന്നെ ജീവിതം മുഴുവന്‍ പ്രത്യാശകള്‍ നിറച്ച, ലോകത്തിന്റെ പ്രതീക്ഷകളെല്ലാം ദൈവത്തിനു സമര്‍പ്പിച്ച, പാപത്തെ പാപമായി ഏറ്റുപറയാന്‍ തെല്ലും മടികാണിക്കാത്ത ഒരു വിശുദ്ധ ഹൃദയം കാലം കടക്കുകയാണ്. ജീവിച്ചിരിക്കേ തന്നെ തന്റെ വൈയക്തികാനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കു പകര്‍ത്തിയ ആദ്യത്തെ മാര്‍പ്പാപ്പയായും ഫ്രാന്‍സിസ് പാപ്പയെ വായനാസമൂഹം വാഴ്ത്തിപ്പാടി. സ്വവര്‍ഗാനുരാഗത്തോടും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളോടും വര്‍ണ വിവേചനങ്ങളോടും പ്രകൃതി- പരിസ്ഥിതി ചൂഷണങ്ങളോടും സമചിത്തതയോടെ തന്റെ ഉത്തരവാദിത്തഭാരമുള്ള കസേരയില്‍ ഇരുന്നുകൊണ്ട് ലോകത്തോട് മുഴുവന്‍ അദ്ദേഹം സംവദിച്ചു. 

To advertise here,

2025 ജനുവരി പതിനാലിന് ലോകമെമ്പാടും എണ്‍പത് ഭാഷകളിലായി ആത്മകഥ ഇറങ്ങി. പാപ്പയുടെ ഓര്‍മകള്‍, അനുഭവങ്ങള്‍, വിഖ്യാത പ്രസ്താവനകള്‍, നിലപാടുകള്‍, അപൂര്‍വ ചിത്രങ്ങള്‍, ആഹ്വാനങ്ങള്‍ തുടങ്ങി ഫ്രാന്‍സിസ് പാപ്പയുടെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍കൊണ്ടൊരു പുസ്തകം. 

ഓര്‍മകള്‍ രേഖപ്പെടുത്തണം എന്നു തീരുമാനിക്കപ്പെട്ടപ്പോള്‍ മുതല്‍ സ്വന്തം കൈപ്പടയില്‍ത്തന്നെ ആത്മകഥയുടെ ആദ്യപതിപ്പ് ഫ്രാന്‍സിസ് പാപ്പ തയ്യാറാക്കുകയായിരുന്നു. ആറുവര്‍ഷമെടുത്താണ് എഴുത്ത് ഉദ്യമം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ഇറ്റാലിയന്‍ എഴുത്തുകാരന്‍ കാര്‍ലോ മസ്സോയുടെ സഹായത്തോടെ ഇംഗ്ലീഷ് പതിപ്പ് റാന്‍ഡം ഹൗസ് പുറത്തിറക്കി. പിന്നാലേ തന്നെ യു.കെയില്‍ നിന്നും വികിങ് പബ്ലിഷിങ് ഹൗസും 'പ്രത്യാശ'യെ ഏറ്റെടുത്തു. 

ലോകത്തിന്നേവരെയുള്ള മികച്ച ആത്മകഥകളുടെ പട്ടികയിലേക്ക് അനായാസം നടന്നു കയറി ഹോപ്പ്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭകാലം മുതലുള്ള ചരിത്രവും സംഭവങ്ങളും യാഥാര്‍ഥ്യങ്ങളും കൊണ്ട് നിറഞ്ഞു ആത്മകഥ. ഇറ്റലിയിലെ തന്റെ കുടുംബവേരുകള്‍ തേടിയുള്ള അന്വേഷണവും പലായന-കുടിയേറ്റ പാരമ്പര്യത്തിന്റെ കണ്ണിയാവാന്‍ വിധിക്കപ്പെട്ട മാതാപിതാക്കളുടെ ലാറ്റിനമേരിക്കന്‍ കുടിയേറ്റവും അതിവൈകാരികമായി 'പ്രത്യാശ'യില്‍ എഴുതിച്ചേര്‍ത്തു പാപ്പ. കുട്ടിക്കാലം അത്ര എളുപ്പമല്ലായിരുന്നുവെന്നും കൗതുക കൗമാരവും യൗവനം അതിന്റെ ആരംഭദശയില്‍ത്തന്നെ ജോലി എന്ന ആഗ്രഹത്തെ കൈയടക്കാന്‍ ശ്രമിച്ചതും ഒടുക്കം പൗരോഹിത്യത്തിന്റെ അന്തസത്തയിലേക്കാഴ്ന്നിറങ്ങിയ മുഹൂര്‍ത്തങ്ങളെക്കുറിച്ചും പാപ്പ പ്രത്യാശയില്‍ വ്യക്തമാക്കുന്നുണ്ട്. 

തന്റെ പൗരോഹിത്യകാലത്തിരുന്നുകൊണ്ട് മനുഷ്യര്‍ക്കുവേണ്ടിയും മണ്ണിനുവേണ്ടിയും ഒന്നുപോലെ ശബ്ദമുയര്‍ത്തിയ പാപ്പയുടെ പ്രസ്താവനകള്‍ക്ക് ദൈവവചനങ്ങളേക്കാള്‍ കരുത്തും കാമ്പും നിറച്ചാണ് വിശ്വാസസമൂഹം ഏറ്റെടുത്തത്. സമകാലികസമൂഹവും ലോകവും ഒന്നുപോലം നേരിട്ട ഒട്ടുമിക്ക സങ്കീര്‍ണപ്രശ്‌നങ്ങളിലും പാപ്പയ്ക്ക് തന്റേതായ നിലപാടുണ്ടായിരുന്നു; ഉറക്കെപ്പറഞ്ഞ നിലപാട്. രാജ്യം നോക്കാതെ, സാമ്രാജ്യശക്തികളെ പിണക്കിക്കൊണ്ട് യുദ്ധത്തിനെതിരായി നിരന്തരം പ്രസ്താവനകളിറക്കി. പള്ളിയും മതവും വിശ്വാസവും പാപ്പ തിരുത്തി നിര്‍വചിച്ചു. സാമൂഹ്യനയങ്ങളില്‍ തന്റെതായ നിലപാടുകള്‍ കൂട്ടിച്ചേര്‍ത്തു. ഗൗരവസ്വഭാവമുള്ള പരിസ്ഥിതി പ്രശ്‌നങ്ങളും പലായനങ്ങളും പാപ്പയുടെ വിഷയങ്ങളായി. സ്ത്രീകളുടെ പ്രശ്‌നങ്ങളും സാങ്കേതിക വികസനങ്ങളും ജന്‍ഡര്‍ വിഷയങ്ങളും പാപ്പയുടെ പ്രസ്താവങ്ങളില്‍ മുഖ്യ ഇടം പിടിച്ചു. വാര്‍ത്താമാധ്യമരംഗത്തിനും കിട്ടി വേണ്ടതിലധികം വിമര്‍ശനം- ''The Media only writes about the sinners and scandals,but that is normal, because a tree that falls makes more noise tahn a forest that grows.'' എന്നായിരുന്നു മാധ്യമങ്ങളെക്കുറിച്ച് പാപ്പയുടെ പ്രതികരണം. 

പ്രത്യാശയില്‍ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന വലിയൊരു പാഠമുണ്ട്.- No one can grow if he doesnot accept his smallness- അവനവന്റെ വലിപ്പമില്ലായ്മ തിരിച്ചറിയത്തിടത്തോളം കാലം ഒരാള്‍ക്കും വളര്‍ച്ചയുണ്ടാവില്ലെന്നര്‍ഥം! വിശ്വാസികളോട് പാപ്പ പറയുന്നത് ദൈവവും മനുഷ്യരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്, അതും കരുണയുടെ കാര്യത്തില്‍: ''ദൈവം നമ്മോട് ക്ഷമിക്കുന്നതില്‍ ഒരിക്കലും മടുക്കുന്നില്ല; അവന്റെ കരുണ തേടുന്നതില്‍ മടുക്കുന്നവരാണ് നമ്മള്‍.''

കൃത്യവും വ്യക്തവുമായ നിരീക്ഷണങ്ങള്‍കൊണ്ട് ജനകോടികളുടെ ഹൃദയം കവരാന്‍ പാപ്പയ്ക്കു കഴിഞ്ഞുവെങ്കില്‍ അത് അദ്ദേഹത്തിന്റെ വാക്കുകളുടെ തിരിഞ്ഞെടുപ്പുകളുടെ കൂടി ഗുണമാണ്. ഒരു മനുഷ്യജീവന്‍ ഇല്ലാതാക്കിക്കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് പുരോഗമനപരമല്ല എന്നു പറഞ്ഞുകൊണ്ട് മനുഷ്യക്കിടയിലുള്ള സ്പര്‍ധയെ കഴുകിക്കളയാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒന്നുകില്‍ സ്വതന്ത്രനായിരിക്കുക, അല്ലെങ്കില്‍ അടിമയായിരിക്കുക എന്നതാണ് ഓരോ മനുഷ്യനും നേരിടുന്ന സംഘര്‍ഷമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. 'സത്യമെവിടെയുണ്ടോ, അവിടെ പ്രകാശമുണ്ടാവും പക്ഷേ മിന്നല്‍ കണ്ട് പ്രകാശമാണെന്ന് ധരിക്കരുത്' എന്നുകൂടി പാപ്പ ഉപദേശിക്കുന്നുണ്ട്. 

എണ്‍പത്തിയെട്ടാം വയസ്സില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്യുമ്പോള്‍ അദ്ദേഹത്താല്‍ സ്വാധീനിക്കപ്പെട്ടവരുടെ എണ്ണത്തിലും ഗുണത്തിലും ജാതിയോ മതമോ വര്‍ഗമോ തലമുറ വ്യത്യാസമോ ഇല്ലെന്നതാണ് പാപ്പയെ ഇതുവരെയുള്ള മാര്‍പാപ്പമാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.  തന്നെ കേള്‍ക്കാനെത്തുന്നവരെ പ്രായാധിക്യത്താല്‍ വീല്‍ച്ചെയറില്‍ച്ചെന്ന് അഭിസംബോധന ചെയ്യുമ്പോളും ഉള്ളില്‍ നിന്നും ഒരു മനുഷ്യസ്‌നേഹി എത്തിനോക്കുന്നത് ഒപ്പിയെടുത്ത ക്യാമറകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ എന്നും പുതുമ നിറഞ്ഞ ഒരു അനുഭവമായിരുന്നു. ഒരു വ്യാഴവട്ടക്കാലം ലോകത്തിന്റെ പാപ്പയായി ഇരുന്നു അദ്ദേഹം. അതിനുപിന്നിലെ തന്റെ കുടുംബത്തിന്റെ കഷ്ടതകളിലേക്ക് നമ്മെ 'പ്രത്യാശ'യിലൂടെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. മുപ്പതുകളുടെ മധ്യത്തില്‍ അര്‍ജന്റീനയിലേക്ക് കുടിയേറിയ ഇറ്റാലിയന്‍ മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍ കുടിച്ചുവളര്‍ന്ന മകന്‍. പൗരോഹിത്യമാണ് തന്റെ വഴി എന്നു തിരച്ചറിഞ്ഞതിനെ 'ദൈവത്തിന്റെ വിളി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ ജീവിതം തനിക്കുമുന്നേ രേഖപ്പെടുത്തിയവര്‍ പൗരോഹിത്യം സ്വാകരിക്കുന്നതിനുമുമ്പ്, കൗമാരം പിന്നിടുംമുമ്പേ തന്നെ ദൈവവുമായി താന്‍ സമ്പര്‍ക്കം ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നദ്ദേഹം പറയുന്നു.

മുസ്സോളിനിയുടെ ഇറ്റലിയില്‍ നിന്നുള്ള പലായനം മുതല്‍ തന്റെ ജീവിതത്തിലെ നിര്‍ണായകഘട്ടങ്ങളെല്ലാം തന്നെ വെറും മനുഷ്യനായിക്കൊണ്ട് അടയാളപ്പെടുത്താന്‍ പാപ്പയ്ക്കു കഴിഞ്ഞു എന്നതാണ് 'പ്രത്യാശ' എന്ന ആത്മകഥയുടെ വിജയം. എണ്‍പത് രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ പുസ്തകം പ്രകാശനം ചെയ്തപ്പോള്‍ മാനവരാശിക്കുമേലുള്ള അക്ഷരങ്ങളുടെ പ്രത്യാശകൂടിയായിരുന്നു അത്.