
മാര്‍ക്വേസ് ജീവിച്ചിരുന്നപ്പോള്‍ പ്രസിദ്ധീകരിച്ച തന്റെ അവസാന പുസ്തകം 2014 ലെ 'എന്റെ വിഷാദ ഗണികാസ്മൃതികള്‍' എന്ന നോവലാണ്. മറവി രോഗം ബാധിച്ച് എഴുത്തില്‍ നിന്നും വിരമിച്ചപ്പോള്‍ മാര്‍ക്വേസിന്റെതായി ഇനി ഒന്നും പുറത്തുവരാനില്ല എന്നുതന്നെ ഭൂരിപക്ഷം സാഹിത്യ പ്രേമികളും വിശ്വസിച്ചു. എന്നാല്‍ പൊടുന്നനെ മാര്‍ക്വേസിന്റെ കണ്ടെടുക്കപ്പെട്ട നോവല്‍ എന്ന തലക്കെട്ടോടെ പുതിയ നോവലിന്റെ പേരും പുറത്തിറങ്ങുന്ന തിയ്യതിയും പ്രഖ്യാപിച്ചപ്പോള്‍ ചിലരെങ്കിലും ഒന്നമ്പരന്നിട്ടുണ്ടാകണം. എന്നിരുന്നാലും അത് മുഴുവന്‍ മാര്‍ക്വേസ് എഴുതിയതാകാന്‍ വഴിയില്ല എന്നും അദ്ദേഹത്തിന്റെ മക്കളില്‍ ആരെങ്കിലുമോ അതുമല്ലെങ്കില്‍ എഴുത്തുകാരനായ കൊച്ചുമകന്‍ ഗാര്‍സിയ എലിസോന്‍ഡോയോ മറ്റോ എഴുതി പൂര്‍ത്തിയാക്കിയതാകാം എന്നും ചിലരെങ്കിലും കളിയായി കരുതിയിരിക്കണം. എന്നാല്‍ ഈ നോവലിനെ കുറിച്ച് അതിന്റെ ഇന്നത്തെ രൂപത്തിലല്ല അതിന്റെ പ്രാഗ് രൂപങ്ങളെ കുറിച്ച് വളരെ മുന്‍പ് മാര്‍ക്വേസ് ചിലയിടങ്ങളില്‍ സംസാരിച്ചിട്ടുണ്ട്.
En agosto nos vemos എന്ന് സ്പാനിഷിലും Until August എന്ന പേരില്‍ ഇംഗ്ലീഷിലുമാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ 'ഓഗസ്റ്റില്‍ കാണാം' എന്ന പേരില്‍ മാങ്ങാട് രത്‌നാകരന്‍ വിവര്‍ത്തനവും ചെയ്തിരിക്കുന്നു. 'ഓഗസ്റ്റില്‍ കാണാം' എന്ന നോവല്‍ ശരിക്കും പൂര്‍ണ്ണമായതും എന്നാല്‍ മാര്‍ക്വേസിനാല്‍ പൂര്‍ത്തിയാകാത്തതുമായ ഒരു കൃതിയാണ് എന്നു വേണമെങ്കില്‍ പറയാം. കാരണം ഒരു എഴുത്തുകാരനെന്ന നിലയില്‍ അതിന്റെ പൂര്‍ണ്ണതയില്‍ തൃപ്തികരമായി നോവല്‍ പരിഷ്‌കരിക്കാന്‍ മാര്‍ക്വേസിന് കഴിഞ്ഞില്ല. ഓര്‍മ്മകളാണ് ഒരേസമയം തന്റെ ഉറവിടവും ഉപകരണവും, അതില്ലാതെ ഒന്നുമില്ല എന്നു വിശ്വസിച്ചിരുന്ന അദ്ദേഹം പക്ഷേ അതിനു മുമ്പേ മറവിരോഗത്തിലേക്ക് വീണുപോയി.
ഇപ്പോള്‍ നൂറില്‍പരം പേജുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ നോവല്‍ പക്ഷേ അറുന്നൂറ് പേജുകളില്‍ പരന്നുകിടക്കുന്ന അഞ്ച് ഭാഗങ്ങളുള്ള ആഖ്യാനമായാണ് മാര്‍ക്വേസ് ആദ്യം വിഭാവനം ചെയ്തത്, പക്ഷേ പിന്നീട് മാര്‍ക്വേസ് തന്നെ അത് ഉപേക്ഷിക്കുകയാണുണ്ടായത്. മാര്‍ക്കേസിന്റെ ഓര്‍മ്മക്കുറിപ്പായ 'Living to tell the tale ' (കഥ പറയാനൊരു ജീവിതം) എഡിറ്റ് ചെയ്ത ക്രിസ്റ്റോബല്‍ പേരയാണ് ഈ നോവല്‍ സ്പാനിഷില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. പുറത്തു വന്നിരിക്കുന്ന പുതിയ പുസ്തകം മാര്‍ക്വേസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഡ്രാഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ നോവലില്‍ മുമ്പത്തെ ഡ്രാഫ്റ്റുകളില്‍ നിന്നുള്ള ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1999 മാര്‍ച്ചില്‍ സ്പാനിഷ് സൊസൈറ്റി ഓഫ് ഓതേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സിനായുള്ള ആ വര്‍ഷത്തെ ഫോറത്തില്‍, മാര്‍ക്വേസ് 'ഓഗസ്റ്റില്‍ കാണാം' എന്ന ഒരു അധ്യായം വായിച്ചപ്പോള്‍ മുതല്‍ പ്രസിദ്ധീകരിക്കാത്ത ഒരു മാര്‍ക്വേസ് നോവല്‍ ഉണ്ടെന്നുള്ള കിംവദന്തികള്‍ പരന്നിരുന്നു. മൂന്ന് ദിവസത്തിന് ശേഷം, സ്പാനിഷ് പത്രമായ എല്‍ പേസ് ഈ അധ്യായം പ്രസിദ്ധീകരിച്ചു, അത് പിന്നീട് ന്യൂയോര്‍ക്കര്‍ മാഗസിനു വേണ്ടി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. എഡിത്ത് ഗ്രോസ്മാന്‍ ആയിരുന്നു ഇത് വിവര്‍ത്തനം ചെയ്തത്. Meeting in August എന്നായിരുന്നു അതിന്റെ തലക്കെട്ട്. പിന്നീട് 2003-ല്‍ 'ഓഗസ്റ്റില്‍ കാണാം' എന്നതിന്റെ മറ്റൊരു ഭാഗം കൂടി വെളിച്ചത്തു വന്നു. മാര്‍ക്വേസിന്റെ ഉടമസ്ഥതയിലുള്ള കൊളംബിയന്‍ മാസികയായ കാംബിയോയില്‍ ദി നൈറ്റ് ഓഫ് ദി എക്ലിപ്‌സ് എന്ന പേരില്‍ ഇത് ഒരു ചെറുകഥയായി പ്രസിദ്ധീകരിച്ചു അതിനു ശേഷം വളരെ കാലം ഒരനക്കവും ഉണ്ടായിരുന്നില്ല. മാര്‍ക്വേസിന്റെ മരണത്തിന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ നോവല്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 2004-ല്‍ പുറത്തിറങ്ങിയ തന്റെ 'Memories of my Melancholy Whores' (എന്റെ വിഷാദ ഗണികാ സ്മൃതികള്‍) എന്ന നോവലിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും.
നാല്പത്തിയാറു വയസ്സുള്ള വിവാഹിതയായ സ്ത്രീയും അമ്മയുമായ അന മഗ്ദലീന ബാഹിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ജോഹാന്‍ സെബാസ്റ്റ്യന്‍ ബാഹിന്റെ രണ്ടാം ഭാര്യയുടെ പേരില്‍ അറിയപ്പെടുന്ന അന മഗ്ദലീന എല്ലാ വര്‍ഷവും അമ്മയുടെ ചരമവാര്‍ഷികമായ ഓഗസ്റ്റ് പതിനാറിന് , കരീബിയന്‍ ദ്വീപിലെ അവരുടെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന യാത്ര ചെയ്യുന്നു. അറ്റ്‌ലാന്റിക് തീരത്തെ പേരിടാത്ത ഒരു രാജ്യവും പേരിടാത്ത കരീബിയന്‍ ദ്വീപുമാണ് കഥ നടക്കുന്ന പശ്ചാത്തലം. ദ്വീപിലേക്കുള്ള തന്റെ യാത്രയില്‍, ഓരോ വര്‍ഷവും അവര്‍ വ്യത്യസ്ത പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ശീലത്തിലേക്ക് എത്തിച്ചേരുകയാണ്. എന്നാല്‍ അതിനും മുന്‍പ് തന്റെ ഭര്‍ത്താവല്ലാതെ വേറൊരാളുമായും അന അത്തരം ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഈ ശീലം തുടങ്ങിയ ആദ്യ അവസരത്തില്‍ ലൈംഗികബന്ധം കഴിഞ്ഞുള്ള പ്രഭാതത്തില്‍ താന്‍ വായിച്ചു പകുതിയാക്കിയ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള നോവലിന്റെ പേജുകള്‍ക്കിടയില്‍ അയാള്‍ തിരുകിയിട്ടു പോയ ഇരുപതു ഡോളറിന്റെ നോട്ട് അവളെ തെല്ലൊന്നുമല്ല മുറിവേല്‍പ്പിച്ചത്.
അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന നോവലിലെ, ഓരോ ഭാഗത്തിലും അനയുമായി കണ്ടുമുട്ടുകയും ബന്ധപ്പെടുകയും ചെയ്യുന്നത് അജ്ഞാതരായ വ്യത്യസ്ത പുരുഷന്മാരാണ്. അന കണ്ടുമുട്ടുന്ന ഈ പ്രണയികളെ ആകര്‍ഷകമായോ അഭിലഷണീയമായോ അല്ല നോവലില്‍ ചിത്രീകരിച്ചിട്ടുള്ളത്, പക്ഷേ നോവല്‍ പറഞ്ഞുവെയ്ക്കുന്നത് അവളുടെ ലൈംഗിക വിമോചനത്തെക്കുറിച്ചൊന്നുമല്ല, മറിച്ച് അന മഗ്ദലീനയുടെ സ്വത്വത്തിന്റെ മറ്റു പല ഘടകങ്ങളെക്കുറിച്ചാണ്. എന്നിരുന്നാലും, വര്‍ഷാവര്‍ഷം കണ്ടെത്തുന്ന ഈ ലൈംഗിക ഏറ്റുമുട്ടലുകള്‍ അവളുടെ കഥാപാത്രത്തെയോ നോവലിന്റെ ഇതിവൃത്തത്തെയോ നിര്‍വചിക്കാന്‍ മാത്രം ശക്തിയുള്ളതായി അനുഭവപ്പെടുന്നുമില്ല. അതേ സമയം നോവല്‍ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യുന്നുണ്ട്.
അവിശ്വസ്തത, ആഗ്രഹം, ഭൂതകാലത്തിന്റെ ഭാരങ്ങള്‍ എന്നിവയുടെ പ്രമേയങ്ങളാണ് നോവലില്‍ കൂടുതലും കൈകാര്യം ചെയ്യപ്പെടുന്നത്. വിവാഹേതര ലൈംഗികതയുടെ ചടുലവും വേഗതയുള്ളതുമായ ഒരു കഥ വാഗ്ദാനം ചെയ്യുന്ന ഈ നോവല്‍ മാര്‍ക്വേസിന്റെ മറ്റ് പല നോവലുകളേയും പോലെ ഒരു മാജിക്കല്‍ റിയലിസ്റ്റ് നോവല്‍ ഒന്നുമല്ലെങ്കിലും, മാര്‍ക്വേസ് എന്ന പ്രതിഭയുടെ കാവ്യാത്മകമായ ഗദ്യം കൊണ്ട് ശ്രദ്ധിക്കപ്പെടും എന്നതില്‍ സംശയമൊന്നുമില്ല.
ഇതിനോടകം 'ഓഗസ്റ്റില്‍ കാണാം' എന്ന നോവല്‍ നിരൂപകരിലും വായനക്കാര്‍ക്കിടയിലും സമ്മിശ്ര നിരൂപണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. രചയിതാവിന്റെ അന്തിമ ആഗ്രഹത്തിന് വിരുദ്ധമായി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനം, എഴുത്തുകാരുടെ മരണശേഷം അവരുടെ ആഗ്രഹങ്ങളെ എങ്ങനെ പരിഗണിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാര്‍മ്മിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഈ പുസ്തകവും. പുസ്തകത്തോടുള്ള രചയിതാവിന്റെ സ്വന്തം അതൃപ്തിയും അത് നശിപ്പിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും ഉണ്ടായിരുന്നിട്ടും, തന്റെ അന്തിമ ആഗ്രഹങ്ങളെക്കാള്‍ 'വായനക്കാരുടെ ആനന്ദത്തിന്' മുന്‍ഗണന നല്‍കി എന്ന അവകാശവാദവുമായാണ് ഇപ്പോള്‍ ഈ പുസ്തകം പുറത്തുവന്നിരിക്കുന്നത്. 'ഈ പുസ്തകം ശരിയാകുമെന്ന് തോന്നുന്നില്ല, ഇത് നശിപ്പിക്കണം' എന്ന പ്രസ്താവനയിലൂടെ മാര്‍ക്വേസ് തന്നെ ഈ പുസ്തകത്തെ ഒഴിവാക്കിയിട്ടും നോവല്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ കുടുംബമാണ്. ഈ തീരുമാനത്തെ പക്ഷേ ചിലര്‍ വിശ്വാസവഞ്ചനയായി വിശേഷിപ്പിച്ചിട്ടുണ്ട്, എന്നാല്‍ വായനക്കാര്‍ പുസ്തകം ആസ്വദിക്കുമെന്നും അവരുടെ പിതാവ് അവരോട് ക്ഷമിക്കുമെന്നും മാര്‍ക്വേസിന്റെ മക്കള്‍ പ്രതീക്ഷിക്കുന്നു.
മാര്‍ക്വേസിന്റെ മുന്‍ കൃതികളെ അപേക്ഷിച്ച് 'ഓഗസ്റ്റില്‍ കാണാം' എന്ന നോവലിന്റെ സംക്ഷിപ്തതയും ആഴമില്ലായ്മയും ചില വായനക്കാരെയെങ്കിലും നിരാശരാക്കിയിട്ടുണ്ട്. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍', 'പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം' തുടങ്ങിയ മാര്‍ക്വേസിന്റെ ഏറ്റവും പ്രശസ്തമായ കൃതികളില്‍ കാണുന്ന മാജിക്കല്‍ റിയലിസ്റ്റിക് ഘടകങ്ങള്‍ ഈ പുസ്തകത്തിലില്ല എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിചിത്രമായ ലൈംഗിക രംഗങ്ങളും പ്രണയത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയുടെ അഭാവവും നിരൂപകര്‍ക്കിടയില്‍ തര്‍ക്കവിഷയമാണ്. എന്നിരുന്നാലും എഴുതപ്പെട്ട വാക്കിന്റെ മാന്ത്രികത കൊണ്ട് എഴുത്തുകാരുടെയും വായനക്കാരുടെയും തലമുറകളെ ഒരുപോലെ മാര്‍ക്വേസ് പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. ആന്‍ മക് ലിയാനാണ് നോവലിന്റെ ഇംഗ്ലീഷ് തര്‍ജ്ജമ കൈകാര്യം ചെയ്തിരിക്കുന്നത്.
Content Highlights: gabriel garcia marquez novel until august jineesh kunjilikkatil writes
Published: 13 Apr 2024, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented