
എന്താണ് എഴുത്ത്? എങ്ങനെയാണ് എഴുത്ത്? എന്തിനാണ് എഴുതുന്നത്? എപ്പോളാണ് എഴുതുന്നത്? എഴുത്തുകാരോട് ചോദിക്കാൻ നൂറുകണക്കിന് ചോദ്യങ്ങളുണ്ടാവാറുണ്ട്. എഴുത്തിനെയും എഴുത്തുകാരെയും നിർവചിക്കുകയാണ് പ്രശസ്തരായ എഴുത്തുകാർ.
എഴുത്തുകാരെ രണ്ട് തരമാക്കി തിരിക്കാനാണ് എനിക്കിഷ്ടം. ആർക്കിടെക്ടിനെപ്പോലെയാണ് ഒരു കൂട്ടർ, മറ്റേതാവട്ടെ നല്ലൊരു പൂന്തോട്ടക്കാരനെപ്പോലെയും. ആർക്കിടെക്ട് സമയബന്ധിതമായും കിറുകൃത്യമായും എല്ലാ പദ്ധതികളും പ്രായോഗികമാക്കിക്കളയുന്നവരാണ്. ഒരു വീട് പണിയുന്നതുപോലെയാണ് അത്തരത്തിലുള്ള എഴുത്തുകാർ. എത്ര മുറിവേണമെന്ന് മുൻകൂട്ടി നിശ്ചയിക്കും,മേൽക്കൂര എന്തുകൊണ്ട് കെട്ടണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാകും. എവിടെയൊക്കെ എങ്ങനെയൊക്കെ ലൈറ്റുകളും വയറുകളും വെച്ചുപിടിപ്പിക്കണമെന്നും അവർക്കറിയാം. എല്ലാം അളന്നുമുറിച്ച് പാകമാക്കി അതിന്റെ ബ്ളൂപ്രിന്റ് എടുത്ത് കണ്ട് തൃപ്തിയായതിനുശേഷമേ അവർ തങ്ങളുടെ ഡിസൈൻ ബോർഡിൽ ആദ്യത്തെ ആണിയടിക്കുകയുള്ളൂ.
പൂന്തോട്ടക്കാരൻ ഒരു കുഴിയെടുക്കുന്നു. വിത്തിടുന്നു വെള്ളമൊഴിക്കുന്നു. എന്ത് വിത്താണ് എന്ന് മാത്രം അവർക്കറിയാം. ദുരൂഹതയുടെ വിത്തുകളാണോ ഫാന്റസിയുടെ വിത്തുകളാണോ നൊസ്റ്റാൾജിയയുടെ വിത്തുകളാണോ എന്നേ അവർ തരം തിരിച്ചറിയുന്നുള്ളൂ. പക്ഷേ ചെടി കിളിർത്ത് പുറത്ത് വന്നാൽ അതിന് എത്ര ശാഖകളുണ്ടാകുമെന്നോ അതെത്ര വലിപ്പം വെക്കുമെന്നോ അതിലെത്ര കായ് ഫലമുണ്ടാകുമെന്നോ അവർ ഗൗനിക്കാറില്ല. അത് വളരുന്നു എന്നു മാത്രമേ അവർക്കറിയൂ. അതു കൊണ്ടുതന്നൈ ആർക്കിടെക്ടാവുന്നതിലും എനിക്കിഷ്ടം ഒരു പൂന്തോട്ടക്കാരിയാവാനാണ്- ഡൊറോത്തി പാർക്കർ
ഏറ്റവുംനല്ല തന്തുക്കളുമായി കഥ പറയാനിരിക്കരുത്. വെറുതേ എഴുതിത്തുടങ്ങുക ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച കഥാതന്തു എന്നെപ്പോഴും മനസ്സിലോർത്തുകൊണ്ടേയിരിക്കണം. പിന്നെയത് ലോകോത്തരമായിക്കൊള്ളും- ഒക്ടേവിയ ഇ ബട്ലർ
മികച്ച എഴുത്തുകാരനാവാനുള്ള പത്തു വഴികൾ
എഴുതുക...
പിന്നെയും എഴുതുക
പിന്നെയും പിന്നെയും എഴുതുക
അതിലും പിന്നെയും എഴുതുക
നിങ്ങൾക്കാവശ്യമില്ലാത്തപ്പോളും എഴുതുക
ആവശ്യമുള്ളപ്പോളും എഴുതുക
നിങ്ങൾക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതും എഴുതുക.
എല്ലാദിവസവും എഴുതുക
എഴുത്ത് തുടർന്നുകൊണ്ടേയിരിക്കുക- ബ്രയ്ൻ ക്ളാർക്
മൗനത്തിനെതിരായ പ്രക്ഷോഭമാണ് എഴുത്ത്- കാർലോസ് ഫ്യൂന്റസ്
ഒരു നല്ല പ്രമേയത്തോടൊപ്പമുള്ള എഴുത്തിന് മൂന്ന് തലങ്ങളുണ്ട്- ചിട്ടയാക്കപ്പെട്ട സംഗീതാത്മകതയോടെയുള്ളത്, കെട്ടിപ്പടുക്കപ്പെട്ട ആർക്കിടെക്ചറൽ കഴിവ് പോലുള്ളത്, അവസാനമായി നെയ്തെടുത്ത വസ്ത്രം പോലൊന്ന്- വാൾട്ടർ ബഞ്ചമിൻ
ഒന്ന് പൂർത്തീകരിക്കുന്നതുവരെ ഞാൻ പണിതുകൊണ്ടേയിരിക്കും. അടുത്തതായി ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന് സ്വയം മനസ്സിലാക്കുമ്പോൾ പണിതുകൊണ്ടിരിക്കുന്നത് ഞാൻ ഉടൻ തന്നെ നിർത്തിക്കളയും. കാരണം എനിക്കറിയാം പിറ്റേന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്!- ഹെമിങ് വേ
ഒര മോശം പേജ് നിങ്ങൾക്ക് എഡിറ്റ് ചെയ്ത് വൃത്തിയാക്കാം പക്ഷേ ഒന്നുമില്ലാത്ത പേജിൽ എഡിറ്റ് ചെയ്യാനാവില്ല-ജോഡി പിക്കാൾട്ട്
എഴുത്ത് എളുപ്പമാണെന്ന് ആരെങ്കിലും പറയുന്നുവെങ്കിൽ അവർ അത് ശരിയായി ചെയ്യുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്- ആമി ജോയ്
നിരാസങ്ങളോട് സമരസപ്പെടാൻ പഠിക്കുകയാണ് ഈ പണിയ്ക്കിറങ്ങുമ്പോൾ നിങ്ങളാദ്യം ചെയ്യേണ്ടത്. അതിന് നിങ്ങൾക്ക് കഴിയുകയില്ലെങ്കിൽ, നിങ്ങൾ മരണപ്പെട്ടു!- വാറൻ ആദ്ലർ
എഴുത്തിന് ചിന്ത ആവശ്യമില്ലെങ്കിൽ പിന്നെ നമ്മളിലാർക്കും എഴുത്തേറ്റെടുക്കാം- ജെർമിയ ലാബ്സ്
ചെറുകഥ എന്നത് നിമിഷങ്ങൾക്കുള്ളിലെ കുതിച്ചോട്ടമാണ്, നോവൽ എന്നത് മാരത്തോണും. കുതിച്ചോട്ടക്കാരുടെ മുന്നിൽ നിമിഷങ്ങൾ മാത്രമേയുള്ളൂ ലക്ഷ്യസ്ഥാനത്തെത്താൻ. എന്നാൽ മാരത്തോണുകാർ അവരുടെ ഊർജം പയ്യെപ്പയ്യെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിക്കൊണ്ട് കളത്തിലിറങ്ങേണ്ടവരാണ്. ഊർജമില്ലാത്തതുകാരണം പുറത്താവാൻ പാടില്ല. ചുരിക്കിപ്പറഞ്ഞാൽ ചെറുകഥ എന്നത് ഒരു നൈമിഷിക ബന്ധമാണ് എന്നാൽ നോവലാവട്ടെ ആർഭാട വിവാഹം പോലെ എല്ലാം കൊണ്ടും സമ്പന്നമായതുമാണ്-ജൊനാഥൻ കാരൾ
ഒരു നോവൽ പരിശ്രമം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അവർക്കറിയാം എന്തൊരു കഠിനനിയോഗമാണിതെന്ന്. അവനവനെത്തന്നെ ഏറ്റവും കഠിനമായ അവസ്ഥയിലേക്ക് തള്ളിവിട്ട അവസ്ഥ എന്ന് നിസ്സംശയം പറയാം. സദാസമയവും നിങ്ങൾ നിങ്ങളിൽതന്നെ തളച്ചിട്ട അവസ്ഥ, തികച്ചും ഏകാന്തമായ തുരുത്തിൽ സ്വയം കുരുക്കിയിട്ടതുപോലെ!-ഓൾഗ ടൊടാർചുക്
Content Highlights: famous quotes about what is writing
Published: 07 Sept 2020, 05:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented