എം.ടി, സക്കറിയ, സത്യൻ അന്തിക്കാട്
സിനിമ ഉണ്ടായ കാലം തൊട്ട് സാഹിത്യവുമായി ചെറുതല്ലാത്ത ബന്ധം പുലര്‍ത്തി വരുന്നുണ്ട്. 1902-ല്‍ ജോര്‍ജ് മെലിസ് സംവിധാനം ചെയ്ത 'റോബിന്‍സണ്‍ ക്രൂസോ' മുതല്‍ വിഖ്യാതങ്ങളായ നോവലുകളും ചെറുകഥകളും നാടകങ്ങളും സിനിമാരൂപം കൈവരിച്ചിട്ടുണ്ട്. സിനിമയില്‍ സിദ്ധാന്തങ്ങള്‍ ഉരുത്തിരിഞ്ഞ ഫ്രഞ്ച് ന്യൂവേവ് കാലം മുതല്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമാണ് സിനിമയില്‍ ആരാണ് കേമന്‍ ? എഴുത്തുകാരനോ അതോ സംവിധായകനോ! അനുകല്പനം എന്ന പ്രക്രിയയിലൂടെ സാഹിത്യവും സിനിമയും തോളോട്തോള്‍ ചേര്‍ന്നുനില്‍ക്കുമ്പോഴും 'ഓതര്‍ കോണ്‍ഫ്ളിക്ട്' പലപ്പോഴും സംഭവിക്കുന്നു. നിലവില്‍ അച്ചടിക്കപ്പെട്ട, പ്രസിദ്ധമായ കഥ, സിനിമയാക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ് എന്ന് വിശദമാക്കുകയാണ് മലയാളത്തിലെ പ്രമുഖരായ കഥാകൃത്തുക്കളും സംവിധായകരും.
'എസ്.കെ ആ കഥ നിര്‍ത്തിയിടത്തുനിന്ന് ഞാന്‍ എന്റെ സിനിമ തുടങ്ങുകയായിരുന്നു'- എം.ടി വാസുദേവന്‍ നായര്‍
'കടവ്' എന്ന സിനിമയ്ക്ക് ഞാന്‍ അവലംബിച്ചത് എസ്.കെ പൊറ്റക്കാടിന്റെ 'കടത്തുതോണി' എന്ന കഥയാണ്. കടവ് എന്ന സിനിമ ആ കഥയുടെ അഡാപ്റ്റേഷന് ആണെന്ന് പറയാം. എസ്.കെയുടെ ഈ കഥയില്‍ ഒരു സാധ്യത ഉണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അത് സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റ് എഴുത്തുകാരുടെ കഥകള്‍ ഞാന്‍ അധികം എടുത്തിട്ടില്ല. എന്റെ തന്നെ കഥകള്‍ക്കാണ് കൂടുതലായും സിനിമാഭാഷ്യം കൊടുത്തിട്ടുള്ളത്. എന്റെ കഥയ്ക്ക് സിനിമയിലൂടെ എന്തു പറയാനാകും എന്ന അന്വേഷണത്തിനും പുറത്തേക്കുള്ള അന്വേഷണമാണ് 'കടവ്'. കടത്തുതോണി എന്ന കഥ എന്നെ അത്തരത്തില്‍ സ്വാധീനിച്ചിരുന്നു. കടവ് എനിക്ക് വളരെ സുപരിചിതമായ സ്ഥലമാണ്. എന്റെ ഗ്രാമത്തില്‍ നിന്നും അക്കരേക്കു പോകാനും ഇക്കരയ്ക്ക് വരാനും കടത്തുതോണിയും കടവും ഒക്കെത്തന്നെയായിരുന്നു ഉണ്ടായിരുന്നത്. അക്കരെയായിരുന്നു ടൗണും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഉണ്ടായിരുന്നത്.

കടവ് എന്നത് ഒരു ഗ്രാമീണജീവിതത്തിന്റെ ഭാഗമാണ്. എസ്.കെയുടെ ഒരു കഥ എന്നെങ്കിലും സിനിമയാക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. കടത്തുതോണിയാണ് എന്നെ വല്ലാതെ ആകര്‍ഷിച്ചത്. കഥയില്‍ തോണിക്കാരന് ആ ഗ്രാമം വിട്ട് പോവുകയാണ്. പ്രണയം എന്നു വിളിക്കാവുന്ന ഒരു ബന്ധം തോണിക്കാരന് ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായിട്ട് ഉണ്ടാവുന്നുണ്ട്. അയാള്‍ തിരികെ വരുമ്പോള്‍ കടത്തുതോണി അയാളെ കണ്ട് തിരിച്ചറിയുന്നു! തോണി തന്റെ പഴയ തോണിക്കാരന്റെ അടുത്തേക്ക് സ്വയം ഒഴുകി വരുന്നതായി എസ്.കെ എഴുതിയിരിക്കുന്നു. ജീവനില്ലെന്ന് നാം പറയുന്ന തോണി, അതിന്റെ മുന്യജമാനനെ കണ്ട് വെള്ളത്തിലൂടെ അയാളുടെ അടുത്തേക്ക് വരുന്നു എന്നത് എന്നെ വല്ലാതെ ആകര്‍ഷിച്ചു. തോണി ജീവനുള്ള ഒന്നായി, തിരിച്ചറിവുള്ള ഒന്നായിട്ട് എസ്. കെ തോണിയെ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നു. അത് നമ്മെ അനുഭവിപ്പിക്കുന്നു! തോണി തന്റെ മുന്യജമാനനെ തിരിച്ചറിയുന്നതോടെ എസ്.കെയുടെ ജോലി കഴിഞ്ഞു. ഞാന്‍ അവിടെ നിന്നും തുടങ്ങി. അതാണ് ആ സിനിമ പിറക്കാനുള്ള കാരണം. ആ കഥയില്‍ എനിക്ക് കൂടുതല്‍ ചെയ്യാനുണ്ട് എന്ന് തോന്നി. ബാക്കിയെല്ലാ ജോലികളും നിര്‍ത്തിവെച്ച് ഞാന്‍ 'കടവി'ല്‍ ഇരുന്നു. എസ്.കെയുടെ കഥയില്‍ നിന്നും എനിക്ക് മുക്തനാവേണ്ടതുണ്ട്. എനിക്കാവശ്യമില്ലാത്ത വിവരണങ്ങള്‍ അതിലുണ്ടാവാം. അത് ഞാന്‍ ഒഴിവാക്കി. എനിക്ക് ആവശ്യമുള്ളതും എന്നാല്‍ കഥയില്‍ ഇല്ലാത്തതുമായ സംഭവങ്ങളും കഥാപാത്രങ്ങളും ഞാന്‍ കൂട്ടിച്ചേര്‍ത്തു. അവിടെ എസ്.കെ എന്ന കഥാകാരന്റെ ഇടപെടല്‍ ഉണ്ടായോ എന്നുചോദിച്ചാല്‍ ഇല്ലായിരുന്നു. കാരണം സിനിമ സംവിധായകന്റെ കലയാണ് എന്നതുതന്നെ.
പ്രസിദ്ധീകരിക്കപ്പെട്ട കഥ സിനിമയാകുമ്പോള്‍ കഥാകൃത്തിന് എന്താണ് റോള്‍ എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഒരു റോളിന്റെ ആവശ്യമൊന്നുമില്ല എന്നാണ് ഉത്തരം; തിരക്കഥ അയാളല്ല എഴുതുന്നതെങ്കില്‍. സിനിമയുടെ ഗതി തിരക്കഥാകൃത്തിനെയും സംവിധായകനെ ആശ്രയിച്ചിരിക്കുന്നു. അവരാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കഥ സിനിമയാവുമ്പോള്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടായിരിക്കും. അത് എല്ലാവരും ചെയ്യും. സാധ്യകളെ എക്സ്പ്ലോര്‍ ചെയ്യുമ്പോള്‍ ഒരു നല്ല ഫിലിം മേക്കര്‍ കഥയെ നവീകരിച്ചുകൊണ്ടേയിരിക്കും. 'ഓപ്പോള്' എന്ന കഥയിലെ കഥാപാത്രമായ ആണ്‍കുട്ടി ഓപ്പോള് എന്ന് വിളിക്കുന്ന തന്റെ അമ്മയുടെ വിവാഹം കഴിയുന്നതോടെ, ഒരു ദിവസം സ്കൂള്‍ വിട്ട് വീട്ടില്‍ വരുമ്പോള്‍ ഓപ്പോളെ കാണാതാവുന്നതോടെ കഥ തീരുന്നു. പക്ഷേ സിനിമയില്‍ കാണിക്കുന്നത് ആ കുട്ടി തന്റെ അമ്മയെ തേടി വയനാട്ടില്‍ പോവുന്നതാണ്. പരുക്കനായ ഓപ്പോളിന്റെ ഭര്‍ത്താവിന്റെ ജീവിതത്തിലേക്ക് കൂടി കഥ പോകുന്നു. അത് സിനിമയെന്ന മാധ്യമം പുതിയതെന്തെങ്കിലും കൂട്ടിച്ചേര്‍ക്കല്‍ ആവശ്യപ്പെടുന്നതിന്റെ ഭാഗമായി വന്നുചേരുന്നതാണ്. ഓപ്പോള് എന്ന കഥയില്‍ അത്രയും ഡീറ്റെയ്ലിങ്ങിന്റെ ആവശ്യമില്ല. പക്ഷേ സിനിമ ആവശ്യപ്പെടുന്നുമുണ്ട്. കഥയില്‍ നിന്നും ഒരു പടി അധികം പറയാനുള്ളതാണ് സിനിമ. ഒരു കഥയുടെ പല മാനങ്ങളില്‍ നിന്നുകൊണ്ട് സിനിമയുണ്ടാക്കാം. ലോകപ്രശസ്തങ്ങളായ സാഹിത്യങ്ങളില്‍ നിന്നെല്ലാം ഇത്തരത്തില്‍ സിനിമയുണ്ടായിട്ടുണ്ട്.
ഒരു സിനിമ പോപ്പുലറാവുക, അതുകൊണ്ട് നമ്മള്‍ക്ക് ഇഷ്ടമാവുക എന്നതല്ല കാര്യം. അതുപോലെ തന്നെ ഒരു കഥ പോപ്പുലറാവുക, അതുകൊണ്ട് സിനിമാഭാഷ്യം കൈവരിക എന്നുമില്ല. സിനിമാറ്റിക്ഫോമിലേക്ക് കഥയെ കൊണ്ടുവരിക എന്നതിലാണ് കാര്യം. അത് സംവിധായകനെ ആശ്രയിച്ചിരിക്കുന്നു. സാഹിത്യസൃഷ്ടിയെ സിനിമയാക്കാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ കഥാകൃത്തിന്റെ അഭിപ്രായവും നിര്‍ദ്ദേശവും നിര്‍ബന്ധമായും സംവിധായകന് കേട്ടിരിക്കണം എന്ന നിയമമില്ല. അത് പരസ്പരധാരണയുടെ വശം മാത്രമാണ്. അത്തരത്തിലുള്ള പരസ്പരധാരണ നഷ്ടപ്പെടും എന്ന ബോധ്യമുള്ള എഴുത്തുകാരുമുണ്ട്. കാഫ്ക, കാമു പോലുള്ളവര്‍ വിഖ്യാതമായ നോവലുകളും കഥകളും എഴുതി. പക്ഷേ തങ്ങളുടെ സൃഷ്ടികളെ സിനിമയുമായി ബന്ധപ്പെടുത്തേണ്ടതില്ല എന്നവര്‍ തീരുമാനിച്ചു. അവര്‍ വാക്കുകളെ ദൃശ്യത്തില്‍ നിന്നും അകറ്റി നിര്‍ത്തി. സാഹിത്യം ഒരു കലയാണ്, സിനിമ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കലയാണ്. രണ്ടും കഥ പറയാനുള്ള ശക്തമായ മാധ്യമങ്ങള്‍ തന്നെയാണ്. ഇവിടെ ആരാണ് കേമന്‍ എന്ന് നമുക്ക് വിലയിരുത്താനാവില്ല. അത് എഴുത്തുകാരന്റെയും സംവിധായകന്റെയും ഭാവനയെ ആശ്രയിച്ചിരിക്കുന്നു.

'സാഹിത്യം വേറെയാണ് സിനിമ വേറെയാണ് എന്ന വസ്തുത എഴുത്തുകാരന് അംഗീകരിക്കണം'- എം. മുകുന്ദന്
ആദ്യകാലങ്ങളില്‍ സിനിമ എന്ന മാധ്യമത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നായിരുന്നു നോവലുകള്‍. നല്ല നോവലുകളെല്ലാം തന്നെ സിനിമയായി മാറിയ കാലം മലയാളത്തിനുണ്ടായിരുന്നു. 'നീലക്കുയില്‍' തന്നെ മികച്ച ഉദാഹരണം. ഉറൂബ്, ബഷീര്‍, തകഴി തുടങ്ങിയവരുടെ നോവലുകള്‍ സിനിമയായ പാരമ്പര്യം നമുക്കുണ്ട്. സിനിമയെക്കുറിച്ചുള്ള നമ്മുടെ ധാരണകളും അക്കാദമിക സിദ്ധാന്തങ്ങളും ഇന്നത്തെപോലെ വികസിച്ചുവരാത്ത കാലത്ത് സിനിമയുടെ പ്രാഥമിക സ്രോതസ് നോവല്‍ തന്നെയായിരുന്നു. ഒരു നോവല്‍ സിനിമയാക്കാന്‍ സംവിധായകന് എളുപ്പമായിരുന്നു അന്നത്തെ കാലത്ത്. കാരണം സംവിധായകന് ചോദ്യം ചെയ്യപ്പട്ടിട്ടില്ല എന്നതുതന്നെയായിരുന്നു. മൂലകൃതിയോട് നീതി കാണിച്ചില്ല എന്ന ആരോപണം ചിലപ്പോള്‍ ഒറ്റപ്പെട്ട ശബ്ദമായി വന്നേക്കാം.
ഇന്ന് പക്ഷേ സിനിമയുടെ ആസ്വാദനതലം മാറി. ആസ്വാദനത്തില്‍ സിദ്ധാന്തങ്ങളും രാഷ്ട്രീയവും കടന്നുവന്നു. സിനിമ കാണുന്നതും ആസ്വദിക്കുന്നതും വളരെ സങ്കീര്‍ണമായ ഒരു കാര്യമായി ഇന്നുമാറിയിട്ടുണ്ട്. ഈ അവസ്ഥ മനസ്സിലാക്കാന്‍ അതിനെ അഡ്രസ് ചെയ്യാന്‍ സംവിധായകനെക്കാള്‍ എഴുത്തുകാര്‍ തയ്യാറാവണം. തന്റെ കൃതിയോട് നീതി കാണിച്ചില്ല എന്ന് ഒരെഴുത്തുകാരനും ഇന്ന് സംവിധായകനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഇന്ന് സാഹിത്യം വേറെയാണ്, സിനിമ വേറെയാണ്. ഈ വസ്തുത ഞാന്‍ തിരിച്ചറിഞ്ഞതിനാല്‍ എന്റെ കൃതികള്‍ അഡാപ്റ്റ് ചെയ്യുമ്പോള്‍ അതിലെ ന്യൂനതകള്‍ അന്വേഷിച്ച് ഞാന്‍ പോവാറില്ല. കൃതികള്‍ ഏതുരീതിയില്‍ അഡാപ്റ്റ് ചെയ്യണം എന്നത് സംവിധായകന്റെ ചോയ്സ് ആണ്. എഴുത്തുകാരന്റെ പങ്കാളിത്തം അതില്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നന്നായി. കഥ പൂര്‍ണമായും സംവിധായകനെ ഏല്പിക്കുന്നതിലും നല്ലത് തിരക്കഥയില്‍ പങ്കാളിയാവുക എന്നതാണ്. കഥ മറ്റൊരു പ്രൊഫഷണല്‍ സ്ക്രിപ്റ്റ്റൈറ്ററെ ഏല്പിക്കുമ്പോള് അയാള്‍ ഇതില്‍ വന്നുപെടുന്നതാണ്. കഥ അയാള്‍ അനുഭവിച്ചിട്ടുണ്ടാവില്ല. അയാളെ സംബന്ധിച്ചിടത്തോളം അതൊരു റൈറ്റിങ് മെറ്റീരിയല്‍ മാത്രമാണ്. കഥ എഴുതുമ്പോള്‍ എഴുത്തുകാരന് അതിന്റെ ബീജാവാപം മുതല്‍ അക്ഷരങ്ങളുടെ തിരഞ്ഞെടുപ്പില്‍ വരെ പങ്കാളിത്തമുണ്ട്. അതേ ആത്മാര്‍ഥത തിരക്കഥയുടെ കാര്യത്തിലും കഥാകാരന് സ്വീകരിക്കണം. അതേസമയം സാഹിത്യം വേറെയാണ് സിനിമ വേറെയാണ് എന്ന വസ്തുത എഴുത്തുകാരന് അംഗീകരിക്കുകയും വേണം.
പല തലമുറയില്‍ പെട്ട സംവിധായകരോടൊപ്പം സഹകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തലമുറകള്‍ ആവശ്യപ്പെടുന്ന മാറ്റം ആദ്യം കാണുന്നത് സിനിമയിലാണ്. പ്രേക്ഷകരിലും സംവിധായകരിലും എഴുത്തുകാരിലും സാങ്കേതിക വിദഗ്ധരിലും മാറ്റങ്ങള്‍ വന്നു. പഴയകാലത്ത് സിനിമ കാണാന്‍ പോകുന്നവര്‍ അതിനുപിറകിലെ പ്രത്യയശാസ്ത്രത്തെക്കുറിച്ചൊന്നും വ്യാകുലപ്പെടാറില്ല. നീലക്കുയില്‍ തന്നെ മികച്ച ഉദാഹരണം. ഇന്നാണെങ്കില്‍ എന്തെല്ലാം തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വിധേയമാകുമായിരുന്നു ആ ചിത്രം. ഈ മാറ്റം മുന്‍കൂട്ടി കാണുകയും അതുമായി സമരസപ്പെട്ടുപോകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്ത ആളാണ് ഞാന്‍. എന്റെ കഥയോ നോവലോ വായിച്ച് സമകാലീന സിനിമയ്ക്കുള്ള പ്രമേയമാകുന്നതില്‍ സന്തോഷമാണുള്ളത്. അക്ഷരത്തില്‍ നിന്നും ദൃശ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രക്രിയയാണ് അനുകല്പനത്തില് നടക്കുന്നത്. നിങ്ങളുടെ കഥ സിനിമയാക്കാന്‍ കൊടുക്കുന്നുവെങ്കില്‍ വാക്കില്‍ നിന്നും ദൃശ്യത്തോടൊപ്പം നടക്കാന്‍ ശ്രമിക്കുക. നിഷ്കളങ്കമായി തിയേറ്ററില്‍ പോയി സിനിമ കണ്ട് കഥാപാത്രത്തോടൊപ്പം ചിരിച്ച്, കരഞ്ഞ്, ഹൃദയത്തില്‍ തറച്ച് സിനിമ അനുഭവിച്ച് തിരിച്ചുവരുന്ന കാലം കഴിഞ്ഞുപോയി. ഒരുപാട് പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും ആശയങ്ങളും സിനിമയ്ക്കുമേല് പതിക്കപ്പെട്ടുകഴിഞ്ഞു. സിനിമയ്ക്ക് ഒരുകാലത്ത് എഴുത്തുകാരെ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ വളരെ ആശാവഹമായ ഒരു കാര്യമായി ഇന്ന് തോന്നുന്നത് സിനിമ എഴുത്തുകാരെ തേടിവരുന്നു എന്നതാണ്. അതൊരു തിരിച്ചുവരവാണ്; സിനിമയുടെയും എഴുത്തുകാരുടെയും.

'അച്ചടിക്കപ്പെട്ട ഒരു കഥ സംവിധായകന്റെ മനസ്സില്‍ത്തട്ടി പ്രതിഫലിക്കുന്ന മറ്റൊരു കഥയാണ് സിനിമ'- സത്യന് അന്തിക്കാട്
'അപ്പുണ്ണി', 'ഇരട്ടക്കുട്ടികളുടെ അച്ഛന്', 'അധ്യായം ഒന്ന് മുതല്‍' എന്നീ സിനിമകള്ക്കാധാരമായിട്ടുള്ളത് പ്രശസ്തരായ എഴുത്തുകാരുടെ കഥകളായിരുന്നു. അപ്പുണ്ണി എന്ന സിനിമയ്ക്കാധാരം വി.കെ.എന്റെ വിഖ്യാത കഥയായ 'പ്രേമവും വിവാഹവും' ആണ്. സാഹിത്യം എന്നതും സിനിമയെന്നതും രണ്ട് ആസ്വാദനരൂപങ്ങളാണ്. നല്ല കഥ എപ്പോഴും നല്ല സിനിമയായിക്കൊള്ളണമെന്നില്ല. നല്ല സിനിമയ്ക്ക് നല്ല കഥ അവലംബമായിക്കൊള്ളുകയും ചെയ്യാം.
വി.കെ.എന്‍ എന്ന പ്രതിഭയോടുള്ള ആരാധനയാണ് അദ്ദേഹത്തിന്റെ ഒരു സൃഷ്ടി സിനിമയാക്കണമെന്ന ആഗ്രഹത്തിലേക്ക് എന്നെ നയിച്ചത്. അതോടൊപ്പം തന്നെ കഥ സിനിമാഭാഷയ്ക്ക് ചേരുന്നതുമാവണം. ഇവിടെ പ്രതിഭാധനരായ ഒരുപാട് എഴുത്തുകാരുണ്ട്. പക്ഷേ എല്ലാ കഥകളും സിനിമയുടെ കാന്‍വാസില്‍ ഒതുങ്ങണമെന്നില്ല. ചില കഥകള്‍ സിനിമയായാല്‍ നന്നാവും എന്നുതോന്നുന്നതുപോലെത്തന്നെയാണ് ചില കഥകള്‍ സിനിമയായാല്‍ അതിന്റെ ഭംഗി ചോര്‍ന്നുപോകും എന്നുതോന്നുന്നതും. ഒരു കഥ വായിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ ഓരോ രീതിയിലാണ് പ്രതിഫലിക്കുന്നത്. 'അപ്പുണ്ണി' എന്ന കഥ കടലാസിലൂടെ വായിക്കുമ്പോള്‍ ഞാന്‍ വായിക്കുന്നതുപോലെയാവില്ല വേറൊരാള് വായിക്കുന്നത്. സിനിമയാവുമ്പോള്‍ പക്ഷേ ഇതാണ് കഥ, ഇതാണ് കഥാപാത്രം എന്ന് നമ്മള് അടിച്ചേല്പിച്ചുകഴിഞ്ഞു. കഥയെ കൂട്ടില്ത്തളയ്ക്കുന്ന രീതിയിലേക്ക് വന്നു.
അഡാപ്റ്റേഷന് എന്നാല്‍ കഥ അങ്ങനെ തന്നെ പകര്‍ത്തിവെക്കലല്ല. ആ കഥയെ ആശ്രയിച്ച് സിനിമയുണ്ടാക്കുമ്പോള്‍ അതൊരു പുതിയ കഥാരൂപമാവുന്നു. അപ്പുണ്ണി എന്ന സിനിമയില്‍ വി.കെ.എന്റെ കഥയിലില്ലാത്ത പല കഥാപാത്രങ്ങളും ഉണ്ട്. ബഹദൂര്‍ അവതരിപ്പിച്ച ഹാജിയാര് മൂലകഥയില്‍ ഇല്ല. വി.കെ.എന്റെ തന്നെ മറ്റൊരു കഥയിലെ ഹാജിയാരാണ് ഇവിടേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നത്. വി.കെ.എന്റെ സാഹിത്യഭംഗിയെ അതേപടി സിനിമയില്‍ കൊണ്ടുവരാന്‍ സാധാരണഗതിയില്‍ ബുദ്ധിമുട്ടാണ്. പക്ഷേ എന്നാല്ക്കഴിയാവുന്നവിധം അത് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. വി.കെ.എന്റെ ശൈലി ഒട്ടും ചോര്‍ന്നുപോകാതെയാണ് ആ സിനിമ എടുക്കാന്‍ ശ്രമിച്ചത്. അത് വലിയൊരു വെല്ലുവിളിയായിരുന്നു. കാരണം സിനിമയിലേക്ക് ഒതുക്കാന്‍ കഴിയുന്നതല്ല വി.കെ.എന്‍ സാഹിത്യം. ഭാഷകൊണ്ടാണ് അദ്ദേഹം ചിരിപ്പിക്കുന്നത്. അത് ദൃശ്യവല്ക്കരിക്കാന് വലിയ ബുദ്ധിമുട്ടാണ്. സത്യത്തില്‍ ചാത്തന്സും പയ്യന്സുമൊക്കെ സിനിമയാക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ വി.കെ എന്‍ സാഹിത്യം എന്താണെന്നറിയാത്ത, മനസ്സിലാക്കാത്ത ആളുകളുടെയടുത്തേക്കും കൂടിയാണ് സിനിമയും കൊണ്ട് പോകേണ്ടത്. വായിക്കുമ്പോള്‍ ആ എഴുത്തുകാരന്റെ വായനക്കാരാണ് വായിക്കുന്നത്. പക്ഷേ സിനിമ കാണുന്നത് അതൊന്നുമല്ലാത്ത വേറൊരു കാഴ്ചക്കാരിലേക്കാണ്. ആ ബോധ്യം സിനിമ ചെയ്യുമ്പോള്‍ നമുക്കുണ്ടാകണം. സാഹിത്യം അതേപടി ആവിഷ്കരിക്കാന്‍ പാടില്ല. കഥ സംവിധായകന്റെ മനസ്സില്‍ത്തട്ടി പ്രതിഫലിക്കുന്ന മറ്റൊരു കഥയാണ് സിനിമ.
പ്രസിദ്ധീകരിക്കപ്പെട്ട കഥയെ ആശ്രയിക്കുക എന്നത് വളരെ പരിമിതികള്‍ തരുന്ന ഒന്നാണ്. സിനിമയെടുത്തിട്ട് നന്നായില്ലെങ്കില്‍ പഴികള്‍ തേടിപ്പിടിച്ച് വരും. അതേസമയം അനുകല്പനങ്ങള്‍ക്ക് മികച്ച ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണ്ട്താനും. സക്കറിയയുടെ ഭാസ്കരപട്ടേലും ഞാനും എന്ന നോവല്‍ അടൂര്‍ ഗോപാലകൃഷ്ണന് വിധേയന് ആക്കിയതുതന്നെ മികച്ച ഉദാഹരണം.
'അപ്പുണ്ണി'യില്‍ ഞാന്‍ ചെയ്തത് വി.കെ എന്‍ കഥയെ പുനഃസൃഷ്ടിക്കുക എന്നതായിരുന്നു. അതുപോലത്തന്നെയായിരുന്നു എം.ഡി രത്നമ്മയുടെ 'ആദിമദ്യാന്തങ്ങള്' എന്ന നോവല്‍ 'അധ്യായം ഒന്ന് മുതല്‍' എന്ന് സിനിമയാക്കിയപ്പോഴും സംഭവിച്ചത്. ജോണ്‍ പോളാണ് അതിന്റെ തിരക്കഥ എഴുതിയത്. സിനിമയ്ക്കുവേണ്ട രീതിയില്‍ അതിലെ സംഭവങ്ങള്‍ ഒതുക്കുകയും സിനിമയ്ക്കാവശ്യമില്ലാത്ത കഥാപാത്രങ്ങളെ ഒഴിവാക്കുകയുമൊക്കെ ചെയ്തിരുന്നു. നമ്മുടെ മുമ്പില്‍ സിനിമയാണ് ഉള്ളത്. സി.വി ബാലകൃഷ്ണന്റെ 'ഇരട്ടക്കുട്ടികളുടെ അച്ഛന്' ലഘുനോവലായിട്ടാണ് ആദ്യം ഞാന്‍ വായിച്ചത്. ഞാനും ഇരട്ടക്കുട്ടികളുടെ അച്ഛനായതുകൊണ്ട് ആ പേര് കണ്ടപ്പോല്‍ എനിക്ക് ആകര്‍ഷണം തോന്നിയിരുന്നു.
ലോകപ്രശസ്ത ക്ലാസിക്കുകള്‍ സിനിമകളായപ്പോള്‍ എഴുതിയതിനേക്കാല് ഒരുപടി മികച്ചു നിന്ന ചരിത്രം ലോകസിനിമയ്ക്കുണ്ട്. മലയാളത്തില്‍ത്തന്നെ വാഴ്വേമായം, തുലാഭാരം, ചട്ടക്കാരി തുടങ്ങിയവ അന്നത്തെ നോവലുകളും നാടകങ്ങളുമായിരുന്നു. പുസ്തകത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചത് അവയെല്ലാം സിനിമയായപ്പോഴാണ്. വളരെ ഹിറ്റായ നോവലോ കഥയോ സിനിമയായാല്‍ എങ്ങനെയായിരിക്കും എന്ന കൗതുകം വായനക്കാര്‍ക്ക് കൂടുതല്‍ ഉണ്ടാവും. കഥ മുഴുവനായും അവര്‍ക്കറിയാം. എന്നാലും സിനിമയില്‍ എന്തുസംഭവിക്കുന്നു എന്ന് അന്വേഷിക്കും. 'ഒരേ കടല്‍' എന്ന സിനിമ കണ്ടതിനുശേ
ഷം സിനിമയ്ക്കാധാരമായ സുനില്‍ ഗംഗോപാധ്യായയുടെ ബംഗാളി നോവല്‍ 'ദീപ്തിമയി' ഞാന്‍ തേടിപ്പിടിച്ച് വായിച്ചതും ഈ സമീപനത്തിന്റെ മറ്റൊരു തലമാണ്. അക്ഷരാര്‍ഥത്തില്‍ ആ നോവലിന്റെ ആഴം എന്നെ അതിശയിപ്പിച്ചു. 'ഖസാക്കിന്റെ ഇതിഹാസം' വളരെ ബ്രില്യന്റായ ഒരു സംവിധായകന് സിനിമയാക്കാന്‍ സാധിച്ചു എന്നുവരാം. ഗംഭീരമായി ദൃശ്യവല്ക്കരിക്കാന് കഴിവുള്ള ഒരാള്‍ ഉണ്ടെങ്കില്‍ നോവല്‍ വായിച്ചിട്ടില്ലാത്ത ഒരു വിഭാഗത്തിലേക്ക് കൂടി ഖസാക് എത്തും. അങ്ങനെയുള്ള സാധ്യതകൂടി കാണണം.
വ്യക്തിപരമായി സിനിമയ്ക്കുവേണ്ടി പുതിയ കഥകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. എനിക്കെളുപ്പം ചെയ്യാന്‍ കഴിയുന്നത് അതാണ്. അതേസമയം ഒരു കഥ നമ്മുടെ മനസ്സില്‍ കൊളുത്തിയാല്‍ അത് സിനിമയാക്കുന്നതിനെപ്പറ്റി ആലോചിക്കും. ഒരു കഥ വായിക്കുമ്പോള്‍ ഇതിലെ ഏതെങ്കിലും ഘടകങ്ങള്‍ നമ്മുടെ ഉള്ളിലുണ്ടെന്ന് തോന്നിയാല്‍ ആദ്യം ചെയ്യേണ്ടത് കഥയെ കഥയായിട്ടും സിനിമയെ സിനിമയായിട്ടും കാണുക എന്നുള്ളതാണ്. തിരക്കഥ വേറൊരു സാഹിത്യരൂപമാണ്. ആ തിരക്കഥാസാഹിത്യത്തെ ഉപയോഗിച്ചാണ് സിനിമയുണ്ടാക്കുന്നത്. എം.ടി പോലും സ്വന്തം കഥകള്‍ ചെയ്യുമ്പോള്‍ അങ്ങനെയങ്ങ് പകര്‍ത്തിവെക്കുകയല്ല ചെയ്യുന്നത്. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയെ അവലംബിച്ചാണ് നിര്‍മാല്യം അദ്ദേഹം ചെയ്തത്. കഥയിലില്ലാത്ത എത്രയോ പുതിയ സീനുകള്‍ സിനിമയില്‍ കൊണ്ടുവന്നിട്ടുണ്ട്. ചിന്തിക്കാനുള്ള ഒരു തലം കഥകളും നോവലുകളും തരുന്നു എന്നത് സത്യമാണ്. ഒരു കഥാകൃത്തിന്റെ ഇന്ന കഥയിലെ ഇന്ന കഥാപാത്രത്തെ സിനിമയില്‍ കൊണ്ടുവന്നാല്‍ നന്നാകും എന്നുതോന്നി സംവിധായകന് വര്‍ക് ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ കഥാകൃത്തിന് തുടര്‍ പങ്കില്ല. എഴുതിയ കലാകാരന് സിനിമയാക്കുന്ന കലാകാരന് കഥ കൊടുത്തുകഴിഞ്ഞു. സിനിമ സംവിധായകന്റെതാണ് സാഹിത്യത്തിന്റെ ട്രൂകോപ്പിയല്ല. പുതിയ കഥയുണ്ടാക്കുന്നതിനേക്കാളും ബാധ്യതയും ഉത്തരവാദിത്തവും കൂടുതലാണ് എസ്റ്റാബ്ലിഷ്ഡ് ആയ ഒരു കഥ സിനിമയാക്കുമ്പോള്‍. ചോദ്യങ്ങള്‍ അനവധിയുണ്ടാകും. ചോദ്യമുനകളില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ നമ്മള് വേറെ പുതിയ കഥയുണ്ടാക്കുന്നതാണ് നല്ലത്.
.jpg?$p=76d6c98&w=610&q=0.8)
മൂലകൃതിയുമായി ഒരിക്കലും താദാത്മ്യം പ്രാപിക്കാത്ത ബൗദ്ധികമായ വിവര്‍ത്തനമാണ് സിനിമ- പോള്‍ സക്കറിയ
കഥയും നോവലും മാത്രമല്ല സിനിമയിലെ അനുകല്പന വഴികള്‍. നാടകം എന്ന വലിയൊരു കല കൂടി സംഭാവന ചെയ്തിട്ടുള്ളതാണ് ആദ്യകാല മലയാള സിനിമയില്‍ ഹിറ്റുകളില്‍ അധികവും. സാഹിത്യവും സിനിമയും ചിലയിടങ്ങളില്‍ യോജിച്ചുപോകും, ചിലയിടങ്ങളില്‍ സിനിമ സിനിമയുടെ വഴിയേ പോകും. കാരണം അക്ഷരം കൊണ്ട് നിര്‍മിക്കുന്ന ലോകം പോര സിനിമയ്ക്ക്. ആത്യന്തികമായി അത് ദൃശ്യമാണ്. കഥയെ സിനിമയാക്കുമ്പോള്‍ എഴുത്തുകാരന്റെ ഇടപെടലുകള്‍ വരും. എന്റെ നോവലായ 'ഭാസ്കര പട്ടേലും ഞാനും' അടൂര്‍ ഗോപാലകൃഷ്ണന് 'വിധേയന്' എന്ന സിനിമയാക്കിയപ്പോള്‍ സിനിമയ്ക്ക് സംഭവിക്കേണ്ടതായ ഇടപെടലുകള്‍ അതിന്റെ സിനിമാക്കഥയില്‍ വന്നു. എന്റെ സൃഷ്ടികള്‍ സിനിമയാക്കാന്‍ വരുന്നവരോട് അഭ്യര്‍ഥിക്കാനുള്ളത് അടിസ്ഥാനപരമായി അതൊരു ആര്.എസ്.എസ് സിനിമ ആക്കാതിരുന്നാല്‍ മതി എന്നുമാത്രമാണ്.
ആര്.കെ നാരായണന്റെ വിഖ്യാത നോവലാണ് 'ദ ഗൈഡ്'. അത് സിനിമയാക്കാനായി കനപ്പെട്ട പ്രതിഫലം വാങ്ങി അദ്ദേഹം ദേവാനന്ദിന് കൊടുത്തു. സിനിമയിറങ്ങി അതു കണ്ടതിനുശേഷം അദ്ദേഹം പലയിടത്തും എഴുതി, സിനിമ കണ്ട് ബോധം കെട്ടുപോയി, ഒട്ടും തൃപ്തനല്ല എന്നൊക്കെ. ആര്.കെ നാരായാണന്റെ ആ ബോധംകെടലില് അര്‍ഥമില്ല. ആ കാലത്തെ ഏറ്റവും വലിയ പ്രതിഫലം അദ്ദേഹം വാങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ തിരക്കഥയില്‍ പങ്കാളിയാവണമായിരുന്നു. ദേവാനന്ദിനെപ്പോലുള്ള കമേഷ്യല്‍ ഫിലിംമേക്കര്‍ക്ക് കഥ കൊടുത്താല്‍ അദ്ദേഹം അതിനുള്ള പണികള്‍ സിനിമയില്‍ ചെയ്തിരിക്കും. ഭാവനയുടെ മുതല്‍മുടക്ക് മാത്രമല്ല സിനിമയില്‍ നടക്കുന്നത്. ഇതൊന്നുമറിയാതെ നിലവിളിക്കുന്നവര്‍ക്ക് സിനിമയുടെ ആവശ്യം അറിയില്ല. മൂലകൃതിയുമായി ഒരിക്കലും താദാത്മ്യം പ്രാപിക്കാത്ത തരത്തിലുള്ള ബൗദ്ധികമായ വിവര്‍ത്തനമാണ് സിനിമയിലൂടെ കഥയ്ക്ക് സംഭവിക്കുന്നത്. മുമ്പത്തെതുപോലെ എങ്ങനെ ആവാതിരിക്കാം എന്ന ശ്രമമാണ് സിനിമയില്‍ നടക്കുന്നത്. മൂലഭാഷയും സംവേദനഭാഷയും തമ്മിലുള്ള അനുരഞ്ജനമാണ് വിവര്‍ത്തനം. അതിനേക്കാള്‍ സങ്കീര്‍ണമായ പ്രക്രിയ സിനിമയില്‍ നടക്കുന്നു. ആ അനുരഞ്ജനം കൂടി എഴുത്തുകാരന് കാണണം. എം.ടി വാസുദേവന്‍ നായര്‍ സിനിമയ്ക്ക് വേണ്ടി കഥ കൊടുക്കുമ്പോള്‍ അതിന്റെ സ്ക്രിപ്റ്റ് കൂടി അദ്ദേഹം തന്നെ തയ്യാറാക്കുമായിരുന്നു. അദ്ദേഹം ഒരേ സമയം നോവലിസ്റ്റും ഫിലം മേക്കറും കൂടിയാണ്. ക്യാമറയുടെ ഭാഷ അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. ചുരുക്കം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്.
എഴുത്തുകാരുടെ കഥ ഇതാണ്, ഇതില്‍ നിന്നും ഒരിഞ്ച്, അണുവിട മാറ്റം വരുത്താതെ സിനിമയെടുത്തോ എന്ന് പറഞ്ഞ് സംവിധായകന് നെരെ നീട്ടുകയാണെങ്കില്‍, അത് ഇരുകയ്യും നീട്ടി വാങ്ങിക്കാന്‍ മുമ്പില്‍ ആളുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കില്‍ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം തന്റെ കഥയാണ് ഗ്രേറ്റ്!

'കഥയുടെ ആത്മാവിന് പരിക്കേല്‍ക്കാത്ത രീതിയില്‍ സിനിമയാക്കണം' -സേതു
1977-ലാണ് പാണ്ഡവപുരം സിനിമയാവുന്നത്. ജി.എസ് പണിക്കര്‍ ആയിരുന്നു മലയാളത്തില്‍ 'പാണ്ഡവപുരം' സിനിമയാക്കിയത്. പാണ്ഡവപുരം നോവല്‍ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ ആത്മാവിലേക്കിറങ്ങിച്ചെല്ലാന്‍ സംവിധായകന് പറ്റിയില്ല എന്ന വേദന എനിക്കുണ്ട്. കഥയൊരുക്കുന്നതിലും കഥാപാത്രങ്ങളെ നിശ്ചയിക്കുന്നതിലും പാളിച്ച പറ്റിയിരുന്നു. തിരക്കഥാരചനയില്‍ എനിക്ക് പങ്കില്ലായിരുന്നു. പടം പൂര്‍ത്തിയായി സിനിമ കണ്ടപ്പോഴാണ് ഇടപെടാതിരുന്നതിന്റെ ഗുരുതരാവസ്ഥ ഞാന്‍ മനസ്സിലാക്കിയത്. പലരും വിമര്‍ശനാത്മകമായി സംസാരിച്ചു. അടിസ്ഥാനപരമായി സംഭവിച്ചത് വിശ്വാസത്തോടെ നോവല്‍ സിനിമയക്ക് കൊടുത്തു എന്നതാണ്. സിനിമയായിക്കഴിഞ്ഞതിനുശേഷം പോരായ്മകള്‍ പറഞ്ഞതില്‍ കാര്യമില്ല.
എന്റെ അനുഭവം പുതിയതല്ല. തകഴിയുടെ 'രണ്ടിടങ്ങഴി' സിനിമയാക്കിയപ്പോള്‍ വളരെ മോശം തിയേറ്റര്‍ അനുഭവമാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും പാണ്ഡവപുരത്തിന് ലഭിച്ച ദൃശ്യാവിഷ്കാരത്തിന്റെ നിരാശ മാറാത്ത കാലത്താണ് ബംഗാളിയായ സംവിധായകന് ആശിഷ് അവികുന്തക്, നിരാകാര്ച്ഛായ എന്ന പേരില്‍ 'പാണ്ഡവപുരം' സിനിമയാക്കാനായി സമീപിക്കുന്നത്. അദ്ദേഹത്തിന് കല്‍ക്കട്ടാ ഫിലിം സൊസൈറ്റി പ്രസ്ഥാനവുമായി നല്ല ബന്ധമുണ്ടായിരുന്നു. സിനിമയെക്കുറിച്ച് നല്ല ധാരണയുള്ളയാള്‍. 'പാണ്ഡവപുരം' ജര്‍മന്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന സമയവുമാണ്. ബംഗാളിയില്‍ അവതരിപ്പിക്കാനായി അദ്ദേഹം സമ്മതം ചോദിച്ചു വന്നു. ഞാന്‍ അയാളെ നിരുത്സാഹപ്പെടുത്തി. മലയാളത്തില്‍ സിനിമചെയ്ത് മോശം അഭിപ്രായം മാത്രം ഏറ്റുവാങ്ങിയ നോവല്‍ ബംഗാളിയില്‍ സിനിമയാക്കിയാല്‍ ഫലം അതുതന്നെയായിരിക്കും എന്ന് ഞാന്‍ പറഞ്ഞു.
പക്ഷേ അയാള്‍ പിന്മാറാന് തയ്യാറല്ലായിരുന്നു. ആദ്യം എനിക്ക് അയാളുടെ മനസ്സിലെ വണ്‍ലൈന്‍ അയച്ചുതന്നു, പിന്നെ തിരക്കഥയും എഴുതി വായിക്കാന്‍ തന്നു. വളരെ വ്യത്യസ്തമായ ട്രീറ്റ്മെന്റായി എനിക്ക് തോന്നി. തികച്ചും സ്വതന്ത്രമായ ആഖ്യാനമാണ്. പാണ്ഡവപുരം നോവല്‍ അതുപോലെ ചിത്രീകരിച്ചുവച്ചതല്ല. എനിക്കയാളില്‍ വിശ്വാസം വന്നു. പാണ്ഡവപുരം ബംഗാളിയില്‍ സിനിമയായപ്പോള്‍ ആളുകള്‍ കയ്യടിച്ചു. സ്വിറ്റസര്‍ലാന്റിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ പടം പ്രദര്‍ശിപ്പിച്ചു. സംവിധായകന് അവാര്‍ഡ് കിട്ടി. നടിക്കും അവാര്‍ഡ് കിട്ടി.
എഴുത്തുകാരന് എഴുതിവെച്ചതുപോലെ സിനിമയെടുക്കണമെന്ന് ശഠിക്കാന്‍ പറ്റില്ല. രണ്ടും രണ്ട് മാധ്യമമമാണ്. സാഹിത്യവും സിനിമയും തമ്മില്‍ ഒരു പാരസ്പര്യം സാധ്യമാണ്. കഥയുടെ ആത്മാവിന് പരിക്കേല്‍ക്കാത്ത രീതിയില്‍ സിനിമയാക്കിക്കോളൂ എന്നാണ് എന്റെ കഥ അന്വേഷിച്ചുവരുന്ന സംവിധായകരോട് പറഞ്ഞിട്ടുള്ളത്. വാക്കും ദൃശ്യവും രണ്ടായിപിരിഞ്ഞിരിക്കാതെ കഴിയുന്നതും എവുത്തുകാരന്‍ തന്നെ തിരക്കഥ എഴുതുന്നതായിരിക്കും നല്ലത് എന്ന് അനുഭവം എന്നെ ബോധ്യപ്പെടുത്തി. സിനിമയുടെ ചേരുവകള്‍ വെറെയാണെങ്കിലും തന്റെ സംഭാവനയില് കഥാകാരന് ആശ്വസിക്കാം.
'ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം' എന്ന സിനിമയെക്കുറിച്ചും പറയേണ്ടതുണ്ട്. കഥ എന്റെതായിരുന്നു. തിരക്കഥ മറ്റൊരാളാണ് എഴുതിയത്. ഡേവിഡ് കാച്ചപ്പള്ളിയാണ് സംവിധായകന്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ അവര്‍ വന്ന് വായിച്ച് കേള്‍പ്പിച്ചു. വലിയ ആര്‍ടിസ്റ്റുകളുടെ നിര തന്നെ ഉണ്ടായിട്ടും സിനിമ പരാജയപ്പെട്ടു. രണ്ട് അനുഭവങ്ങള്‍ ഇങ്ങനെയായപ്പോള്‍ 'ജലസമാധി' എന്ന സിനിമയ്ക്ക് ഞാന്‍ തന്നെ തിരക്കഥയെഴുതി. വേണുനായര്‍ ആയിരുന്നു സംവിധായകര്‍. നിരവധി ഫെസ്റ്റിവലുകൡ സിനിമ പ്രദര്‍ശിപ്പിച്ചു. പുരസ്കാരങ്ങള്‍ ലഭിച്ചു. സിനിമ മോശമായാല്‍ തിരക്കഥയെഴുതിയ എനിക്കുമുണ്ട് കൂട്ടുത്തരവാദിത്തം. എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള മാനസികമായ ഐക്യം ആണ് പ്രധാനം.
ഷേക്സ്പിയറുടെ ഒട്ടുമിക്ക സൃഷ്ടികളും സിനിമയായി. മാക്ബെത്താണ് റാഷോമോണ്‍ ആക്കിയത്. അതേക്കുറിച്ച് വിലപിക്കാനും പരാതിപ്പെടാനും ഷേക്സ്പിയര് ഇല്ലാത്തതിനാലാണ് എഴുത്തുകാരന്റെ രോദനം നമ്മള് കേള്‍ക്കാതെ പോയത്. ഓരോ സംവിധായകനും എഴുത്തുകാരന്റെ അഭാവത്തില്‍ കഥകള്‍ അവരവരുടെ വ്യാഖ്യാനത്തില്‍ റിക്രിയേറ്റ് ചെയ്യുകയാണ്. അതേസമയം ഗബ്രിയേല്‍ ഗാര്‍സ്യാ മര്ക്കേസ് കണിശമായിത്തന്നെ പറഞ്ഞു; 'എന്റെ സൃഷ്ടികള്‍ ഒരു കാരണവശാലും സിനിമയാവാന്‍ കൊടുക്കില്ല, ഇവര്‍ നശിപ്പിച്ചുകളയും.' എന്നിരുന്നാലും 'ഡോ. ഷിവാഗോ' എന്ന മഹത്തായ കൃതിയെ നമ്മള് സിനിമയായി കാണുമ്പോള്‍ നോക്കൂ, എത്ര മനോഹരമായ സിനിമയാണത്! സംവിധായകന് ഡേവിഡ് ലീന്‍ എന്ന് പ്രതിഭയുടെ മാത്രം കഴിവാണത്. ബര്‍ണാഡ് ഷായുടെ 'മൈ ഫെയര്‍ ലേഡി' പോലുള്ള പല വിശിഷ്ട കൃതികളും സിനിമയാക്കിയിട്ടുണ്ട്. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ കഥയുടെ ആത്മാവിലേക്ക് കടക്കുവാനുള്ള കഴിവ് സംവിധായകനുണ്ടാവണം.

'വായനക്കാരന് എന്നനിലയില്‍ നല്കുന്ന അടിവരകളാണ് കഥയില്‍ നിന്നും സിനിമയിലേക്ക് മാറ്റപ്പെടുന്നത്'- പ്രിയനന്ദനന്
ഈ പുതിയ ലോകക്രമത്തോട് യുദ്ധം ചെയ്യാന്‍ ചില കാരണങ്ങളുണ്ടാവും. അത്തരത്തില്‍ ഒരു കാരണം കൊണ്ടാണ് ചില കഥകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നതും എഴുത്തുകാരന് പറഞ്ഞതിലും അപ്പുറത്തേക്ക് ചിന്തിക്കാന്‍ തുടങ്ങുന്നതും. ഒരു കഥയോട് നമുക്കെന്തൊക്കെയോ ചേര്‍ത്തുവെക്കാനുണ്ട് എന്നു തോന്നുമ്പോഴാണ് ആ കഥ യഥാര്‍ഥത്തില്‍ നമ്മള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുന്നത്. നമ്മുടെ ആ ഇഷ്ടം കുറച്ചു മനുഷ്യരെക്കൂടി അറിയിക്കാനുണ്ട് എന്ന് തോന്നുമ്പോഴാണ് സിനിമ എന്ന മാധ്യമത്തിലേക്ക് എത്തിച്ചേരുന്നത്. വൈശാഖന്റെ 'സൈലന്‍സര്‍' എന്ന കഥ വായിച്ചപ്പോള്‍ എന്റെയുള്ളില്‍ തികച്ചും വ്യക്തിപരമായി നിലകൊണ്ടിരുന്ന ഈനാശു പുറത്തേക്കു പ്രതിഫലിച്ചു. ഓരോ കഥയില്‍ നിന്നും സംവിധായകന് സ്വയം സൃഷ്ടിച്ചെടുത്ത സ്വാതന്ത്ര്യം ഉണ്ടാകും. വാക്കാലുള്ള കഥ ദൃശ്യത്തിലേക്ക് അപ്പാടെ പകര്‍ത്തിവെക്കുന്നതല്ല അനുകല്പനസിനിമകള്.
എന്റെ സിനിമകള്‍ മിക്കവയ്ക്കും ആധാരമായിട്ടുള്ളത് മലയാളത്തിലെ നല്ല കഥകള്‍ തന്നെയാണ്. സാഹിത്യകൃതിയില്‍ നിന്നും നമ്മള്‍ക്ക് കണ്ടെടുക്കാനാവുന്ന ലോകത്തേക്കുറിച്ചുള്ള ചര്‍ച്ച കൂടിയാണ് അത്. 'ഈനാശു പതിവുപോലെ തൃശൂരേക്ക് പോയി' എന്ന് വൈശാഖന് മാഷിന് കഥയില്‍ എഴുതാം. പക്ഷേ അതേപോലെ ചിത്രീകരിക്കാന്‍ കഴിയില്ല. ദൃശ്യപരമായ മറ്റൊരു കഥ പറച്ചിലാണ് ഇവിടെ ആവശ്യമായി വരുന്നത്. കഥാകൃത്തിന് വാക്കുകളാല്‍ അത്ഭുതകരമായ ലോകം തന്നെ സൃഷ്ടിക്കാം. സിനിമ പക്ഷേ പ്രസ്തുത കഥയുടെ ഒരു അംശത്തെയായിരിക്കും വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു കഥാകൃത്ത് വായനക്കാരന്റെ ഉള്ളില്‍ കാലങ്ങള്‍ കൊണ്ട് വികസിപ്പിച്ചെടുത്തിരിക്കുന്ന വലിയൊരു ലോകമുണ്ട്. അവിടെ ഓരോ കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും മുഹൂര്‍ത്തങ്ങള്‍ക്കും വരെ വലിയ മൂല്യമുണ്ട്. അവിടേയ്ക്കാണ് സംവിധായകന് കടന്നുവരുന്നത്. സൈലന്‍സറിലെ ഈനാശുവിന്റെ രൂപം ഓരോ വായനക്കാരിലും വ്യത്യസ്തമായിരിക്കും. അവിടേക്കാണ് ഈനാശുവിന് നടന് ലാലിന്റെ മുഖം സംവിധായകന് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. വായനക്കാരെ, പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നത് കടുത്ത വെല്ലുവിളി നിറഞ്ഞ ഒന്നുതന്നെയാണ്. അഡാപ്റ്റേഷന് എന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഭയമാര്‍ന്ന സമീപനം തന്നെയായി മാറുന്നു.
സാഹിത്യമായി വന്ന ഒരു കഥ സിനിമയാവുമ്പോള്‍ കഥാകൃത്തിന് ആകുലപ്പെടേണ്ടതില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കാതലായ സൃഷ്ടി എന്നോ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. സിനിമ എന്നത് അയാളെ സംബന്ധിച്ചിടത്തോളം അഡീഷണല്‍ ആണ്. കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ ത്രയങ്ങള്‍ തമ്മിലുള്ള റാപ്പോയാണ് ഒരു മികച്ച അനുകല്പനസിനിമയ്ക്ക് അത്യാവശ്യമായി വേണ്ടത്. സംവിധായകന് വളരെ സ്വാതന്ത്ര്യത്തോടെ ഇടപെടാന്‍ പറ്റുന്ന കഥാകൃത്താണെങ്കില്‍ ആശയവിനിമയം സാധ്യമാകും. എം.ടിയുടെ കഥയില്‍ നിന്നും തിരക്കഥയിലേക്കുള്ള ദൂരം വളരെ വലുതാണ്. കഥ എങ്ങനെയാണ് സിനിമയില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് എന്നതിന്റെ പാഠപുസ്തകങ്ങളാണ് എം.ടി സിനിമകള്‍.
പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ സിനിമയാക്കുക എന്നത് വളരെ സ്ട്രസ് അനുഭവിക്കുന്ന ഒന്നാണ്. നിലവില്‍ നില്ക്കുന്ന ടെക്സ്റ്റിനെ എടുക്കുമ്പോള്‍ കഥാകൃത്ത് അതിനുമേല്‍ കൊടുത്തിരിക്കുന്ന വ്യാഖ്യാനങ്ങള്‍ക്കെല്ലാം പുറമേയുള്ള മറ്റൊരു തലം സംവിധായകന് കണ്ടെത്തേണ്ടതുണ്ട്. അതത്ര എളുപ്പമുള്ള പണിയല്ല. ആത്മാംശം എന്നൊരു സംഗതിയെ നിലനിര്‍ത്തുകയും വേണം എന്നാല്‍ പുതിയൊരു ട്രീറ്റ്മെന്റ് നല്‍കുകയും വേണം. കഥ സിനിമയാകുമ്പോള്‍ എങ്ങനെ വായിക്കപ്പെടും എന്നത് വലിയൊരു ഉത്കണ്ഠ തന്നെയാണ്.
പാഠപുസ്തകങ്ങള്‍ വായിക്കുന്ന കാലത്ത് ചില കാര്യങ്ങള്‍ക്ക് നമ്മള് അടിവര ഇടാറുണ്ട്. വിദ്യാര്‍ഥിക്ക് പ്രധാനപ്പെട്ടതാണ് എന്ന് തോന്നുന്ന വരികളാണ് അടിവരയിടാറ്. അത്തരത്തിലുള്ള അടിവരകളാണ് കഥയില്‍ നിന്നും സിനിമയിലേക്ക് മാറ്റപ്പെടുന്നത്. മൂല്യബോധങ്ങള്‍ക്ക് അടിവരയിടുക എന്ന പ്രക്രിയയാണ് അവിടെ ചെയ്തിരിക്കുന്നത്. എഴുത്തുകാരന് പറഞ്ഞുവെക്കുന്ന, എല്ലാകാലത്തും നിലനില്ക്കപ്പെടുന്ന ഒരു കാര്യത്തെയാണ് സിനിമയാക്കുന്നത്. മുമ്പേ തന്നെ എഴുത്തുകാരന് കാണിച്ചുതന്നിരിക്കുന്ന മൂല്യബോധത്തിന്റെ രാഷ്ട്രീയാംശമുള്ള ലോകത്തെ, ഇതാണ് മികച്ചത് എന്ന് എഴുത്തുകാരന് തന്റെ കൃതിയിലൂടെ പ്രഖ്യാപിച്ച ലോകത്തെ കൂടുതല്‍ ഉയരത്തില്‍ കാണിക്കുക എന്നതാണ് സിനിമയിലൂടെ ചെയ്യുന്നത്. അത് സാധിച്ചാല്‍ നമ്മള് വിജയിച്ചു. ഉയര്ത്തിവെക്കാന് സാധിച്ചില്ലെങ്കില്‍ നമ്മള് പരാജയപ്പെട്ടു. സാഹിത്യത്തോട് അത്രയധികം ഇഷ്ടമുള്ള ഒരാള്‍ക്ക് ഓരോ കഥ വായിക്കുമ്പോഴും അതിലെ സിനിമാസാധ്യത തെളിഞ്ഞുവരും. കഥ വായിച്ചതിലും അപ്പുറത്തേക്ക് സിനിമാക്കണ്ണുകളോടെ അയാള്‍ പോകും. വാക്കില്‍ നിന്നും ദൃശ്യം കണ്ടെത്തുകയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ദൃശ്യത്തില്‍ നിന്നും വാക്ക് കണ്ടെത്തുകയാണ് വേണ്ടത്. പത്തുവാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയുന്നത് ഒറ്റ ഷോട്ട് കൊണ്ട് സിനിമ പറയുന്നു.

'ഞാനെഴുതിയ ഒരു വാചകത്തിലും തൊടരുത്' എന്നത് തിരക്കഥയില്‍ എക്കാലത്തെയും മിത്താണ്'- ജി. ആര്. ഇന്ദുഗോപന്.
നിങ്ങള്‍ കഥയെഴുതുന്ന ഒരു പാര്‍ട്ടിയാണ്. നിങ്ങളുടെ ഒരു കഥയെ ചലച്ചിത്രമാക്കാന്‍ ഒരു സംവിധായകന്, ഒരു ചലച്ചിത്രകമ്പനി, ഒരു പ്രോജക്ട് കോഡിനേറ്റര്‍ ആരെങ്കിലും സമീപിക്കുന്നു. പരസ്പരധാരണയില്‍ കരാറില്‍ ഏര്‍പ്പെടുന്നു. പലപ്പോഴും അവര്‍ക്ക് നിങ്ങളുടെ കഥ മാത്രം മതി. അതിനെ സിനിമയാക്കുന്നതിനെ സംബന്ധിച്ച് അവര്‍ക്ക് വേറെ ധാരയുണ്ട്, ധാരണകളുണ്ട്. എന്നാല്‍ ചില സന്ദര്‍ഭത്തില്‍ നിങ്ങള്‍ തന്നെ എഴുതണമെന്ന് അവര്‍ പറയാം. അതിനും അവര്‍ക്ക് കാരണമുണ്ടാകും. നിങ്ങളുടെ താല്പര്യങ്ങളും പരിഗണനയിലെടുക്കാം.
കഥ മാത്രം നല്കിയാല് പിന്നീടുള്ള ഒരു തലവേദനയിലും പങ്കാളിയാകേണ്ടതില്ല. തിരക്കഥ കൂടി നിങ്ങളുടേതാണെങ്കില്‍ കാര്യങ്ങള്‍ മാറുകയാണ്.
കഥയാകുമ്പോള്‍, ആ സിനിമയുടെ ചില കാതലായ അസ്ഥികള്‍ മാത്രമേ, നിങ്ങളുടേതായുള്ളൂ. തിരക്കഥയും സംഭാഷണവുമെഴുതുമ്പോള്, അതിന്റെ ചട്ടക്കൂട്, അസ്ഥികൂടം നിങ്ങളുടേതാണ്. അപ്പോഴും അതിന്റെ മജ്ജ, മാംസം തുടങ്ങിയവയില്‍ ഒരുപാട് പേരുടെ സംഭാവനകളുണ്ടാകാം; ആ സിനിമയ്ക്കു വേണ്ടി അധ്വാനിക്കുന്ന ഒരുപാട് മനുഷ്യരുടെ.
'ഞാനെഴുതിയ ഒരു വാചകത്തിലും തൊടരുത്' എന്നത് തിരക്കഥയില്‍ എക്കാലത്തെയും മിത്താണ്. ചില പ്രത്യേക സ്വഭാവമുള്ള ചില തിരക്കഥകളില്‍ അങ്ങനെ ശഠിക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിനിമ ജനകീയം കൂടി ആകണമെന്നുണ്ടെങ്കില്‍, അതില്‍ 'അദ്ഭുത'ങ്ങളുടെ സ്പര്‍ശം സംഭവിക്കണമെങ്കില്‍ ഉപാധിയില്ലാത്ത ഒരുപാട് കൂടിയാലോചനകളില്‍ നിന്ന് നിങ്ങള്‍ നവീനമായ ആശയങ്ങളെ ഉള്‍ച്ചേര്‍ക്കേണ്ടതുണ്ട്. കഥാഗതിയെ, സംഭാഷണങ്ങളെ ഒക്കെ പലവട്ടം ഉടച്ചുവാര്ക്കേണ്ടതായുണ്ട്. ഈ ലേഖനത്തിന്റെ ഭാഷയുടെ വടിവല്ല അത്. അത് സാമാന്യമനുഷ്യരുടെ ഭാഷയാണ്. മുക്കലും മൂളലും നോട്ടവും ചലനവും ഒക്കെ ചേര്‍ന്ന് പൂര്‍ണമാകുന്ന ദൃശ്യത്തെ പൂരിപ്പിക്കുന്ന സംഭാഷണശകലങ്ങളാണ് പ്രിയം.
പുതിയ കാലത്ത് ചലച്ചിത്രനിര്മിതിയിലെ ചിത്രീകരണത്തില്‍ മാത്രമല്ല, ഭാഷയിലും സംവിധായകനും എഴുത്തുകാരനൊപ്പം പ്രധാന നടീനടന്മാരും പങ്കെടുക്കുന്നുണ്ട്. കഥ നടക്കുന്ന പ്രദേശത്തുള്ള ആളാകണമെന്നില്ല കഥാകാരന്. കഥയില്‍ ഭാഷയില്‍ നമുക്കത്ര ശ്രദ്ധ വേണമെന്നില്ല. സിനിമയില്‍ അതു പോര. അപ്പോള്‍ അതത് പ്രദേശത്തെ ഭാഷ കൈകാര്യം ചെയ്തു പരിചയമുള്ളവര്‍ പങ്കുചേര്ന്നെന്നിരിക്കും. കഥാപാത്രം മാനറിസം എഴുതിച്ചേര്‍ക്കുന്നതില്‍ പരിമിതിയുണ്ട്. അത് കൂടിയാലോചനകളിന്മേല് തന്നെ നടീനടന്മാര്ക്ക് മേല്‍ക്കൈയുള്ള ഭാഗമാണ്. മാനറിസമനുസരിച്ച് ഭാഷ മാറും. ഒരു പ്രദേശത്തെ ഭാഷയെ അനുകരിക്കുമ്പോഴും ശൈലി മാറും. ആ നിലയിലൊക്കെ എഴുത്തുകാര്‍ ഫ്ളെക്സിബിള്‍ ആകേണ്ടതുണ്ട്.
മറ്റൊന്ന്. ദൃശ്യസാധ്യതകളിന്മേല് സാങ്കേതികവിദ്യയുടെ വലിയ സ്വാധീനമുണ്ട്. അതിനെ ബഹുമാനിക്കേണ്ടതുണ്ട്. സീനുകളുടെ ക്രമങ്ങളെ മാറ്റിമറിച്ച്, കൂടുതല്‍ ദൃശ്യസംവേദനത്തിന്റെ സാധ്യതകള്‍ ആരായുന്ന പ്രക്രിയകള്‍ ചിത്രീകരണത്തിനിടയിലും, ശേഷവും പല ഘട്ടത്തില്‍ സംഭവിക്കും. അവിടെ അയാള്‍, ഏച്ചുകെട്ടലുകള്‍ തോന്നാത്ത മട്ടില്‍ സീനുകളുടെ പരസ്പരബന്ധത്തെ റീവര്‍ക്ക് ചെയ്യാന്‍ തയ്യാറാകണം.
സംഭാഷണങ്ങളില്‍ പോലും എഴുത്തുകാരന്റെ വിശുദ്ധി എന്നൊന്ന് ഇല്ല. പുതിയ കാലത്ത് ആരും ആരുടെയും പാവകളല്ല. എല്ലാവരും പങ്കെടുക്കുകയാണ്, ഒരു സിനിമയുടെ വിജയത്തിന്. പുതിയകാല സാങ്കേതികപ്രവര്‍ത്തകര്‍ക്കും നടീനടന്മാരില് ചിലര്‍ക്കും അച്ചടിവടിവിലുള്ള സംഭാഷണം വഴങ്ങില്ല. അത് ആദ്യമേ ഉടയും. തീര്‍ച്ചയായും വേണ്ടതുമാണ്. ലോകത്ത് ഒരു സാമാന്യകഥാപാത്രവും അച്ചടിവടിവില്‍ സംസാരിക്കാറില്ല. പണ്ടു കാലത്തെ ചില തിരക്കഥാകൃത്തുകള്‍ക്ക് അനുവദിച്ചു ലഭിച്ച ആനുകൂല്യമാണത്. അന്ന് സിനിമ മറ്റൊരു ലോകമായിരുന്നു. ഇന്ന് കാഴ്ചക്കാരന്റെ ജീവിതവും, അവന്റെ കാഴ്ചജീവിതവും തമ്മില്‍ അന്തരമില്ല. അച്ചടിവടിവോ, എഴുതിത്തേഞ്ഞ സംഭാഷണശകലമോ സഹിക്കേണ്ട ബാധ്യത കാഴ്ചക്കാരനില്ല. ആഗോള സിനിമകളുടെ ബ്രില്യന്‍സാണ് അവരുടെ വിരല്‍ത്തുമ്പില്‍ കിടന്ന് ഊഞ്ഞാലാടുന്നത്. അത്ര പറ്റില്ലെന്നറിഞ്ഞ് കുറച്ചൊക്കെ അവര്‍ സഹിക്കും. അതിനപ്പുറം ജാഗ്രത വേണം. എഴുത്തുകാരന് എന്ന തൊങ്ങല് ഇവിടില്ല. നമ്മള് നമ്മുടെ കഥയെ, സിനിമാഎഴുത്തുപ്രവര്ത്തനത്തിന് വിധേയമാക്കുകയാണ്. അത് അക്ഷരങ്ങളല്ല, ദൃശ്യമാവുകയാണ്. അഥവാ ദൃശ്യത്തിന്റെ സംവേദനത്തെ സഹായിക്കുന്നവ മാത്രമാണ് അക്ഷരം, അഥവാ സംഭാഷണം. ദൃശ്യങ്ങളെ, കഥാപാത്രങ്ങളെ, അവരുടെ മനോഗതിയെ, കഥാഗതിയെ ഇണക്കുന്ന കണ്ണികള്‍ മാത്രമാണവ. ആ സംഭാഷണങ്ങള്‍ സ്വാഭാവികമായി സംഭവിക്കണം. എഴുത്തുകാരന്, എഴുതുന്നതിനപ്പുറം കഥാപാത്രം മിണ്ടരുതെന്ന് പറഞ്ഞാല്‍ പൊളിറ്റക്കലി കറക്ട് അല്ല. അത് ഏറ്റവും മനുഷ്യവിരുദ്ധമാണ്. ഒരു നടന് അവതരിപ്പിക്കുന്നതു പോലെയല്ല മറ്റൊരു നടന് ഒരു സംഭാഷണം പറയുന്നത്. അയാള്‍ക്ക്, നടനത്തില്‍, സംഭാഷണം ഉരുവിടുന്നതിലൊക്കെ ശക്തിയും ദൗര്‍ബല്യവുമുണ്ട്. ജന്മനായുള്ള കഴിവും കഴിവുകേടുമുണ്ട്. ഭാഷാപരമായ ശക്തിയും പരിമിതിയുമുണ്ട്. അത് എഴുത്തുകാരനും സംവിധായകനും മനസിലാക്കണം. ആ സ്വാതന്ത്ര്യം ആ നടനോ നടിക്കോ നല്‍കണം. എത്ര വരെ എന്നതില്‍ തീര്‍ച്ചയായും എഴുത്തുകാരന്റെയോ സംവിധായകന്റെയോ തീര്‍പ്പുണ്ട്. തന്റെ ജന്മവാസനകളും, ജന്മനായുള്ള ശീലങ്ങളും അനുസരിച്ച്, നടന്, അഥവാ നടി സംഭാഷണം തനിക്കുതകുന്ന രീതിയില്‍ പറയും. പറയാം. നമ്മളെഴുതി നിര്‍ത്തിയ സംഭാഷണത്തില്‍, സന്ദര്‍ഭത്തിന്റെ വൈകാരികത അസ്തമിച്ചില്ലെങ്കില്‍ ആ നടനോ നടിയോ ചിലതു കൂടി പറഞ്ഞെന്നിരിക്കും. അത് ആ സന്ദര്ഭാനുസൃതമാണെന്ന് മനസ്സിലാക്കാനുള്ള യുക്തി ആ നടനോ നടിക്കോ ഉണ്ട്. കഥാഗതിയെയോ കഥാപാത്രസ്വഭാവത്തിനോ അത് ഹാനിയായിവരുമെങ്കില് ഇടപെടും. അഥവാ ആ സ്വാഭാവികതയെ തടയരുത്.
സിനിമയുടെ ആകെത്തുകയിലേയ്ക്ക് സംഭാവന ചെയ്യാനുള്ള ശ്രമത്തില്‍ പുതിയകാല സിനിമയില്‍ കാര്യമായ വലിപ്പച്ചെറുപ്പം ഇല്ല. നല്ല അധ്വാനത്തിന് തയ്യാറാണ് പലരും. അവരില്‍ ഒരാളാണ് എഴുത്തുകാരന്. പ്രധാനപ്പെട്ട ഒരാളായിരിക്കും. പക്ഷേ പലപ്പോഴും പലരില്‍ ഒരാള്‍ മാത്രമെന്ന് കരുതണം.
അഭിനയിച്ച പല ഭാഗങ്ങള്‍ ചേര്‍ത്തുവച്ച്, നടീനടന്മാര് എഴുത്തുകാരന്റെയോ സംവിധായകന്റെയോ സാന്നിധ്യത്തില്‍ പല തവണ മോണിറ്ററില്‍ കണ്ട് വിലയിരുത്തുന്നുണ്ട്. ചില കഷണങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യുകയോ, ഡബ്ബിങ്ങില്‍ കറക്ടു ചെയ്യുകയോ ഒക്കെ ചെയ്യുന്നുണ്ട്. പല വട്ടം കറക്ടു ചെയ്യപ്പെടുന്നു. നടന്റെയും സംവിധായകന്റെയും നടിയുടെയും എഴുത്തുകാരന്റെയും നിര്‍മാതാവിന്റെയും സാങ്കേതികപ്രവര്‍ത്തകരുടെയും കാഴ്ചക്കാരുടെയും എല്ലാവരുടേതുമാണ് പുതിയ സിനിമ. അതില്‍ ജനാധിപത്യമുണ്ട്. പുതിയ കാലമുണ്ട്.
അപ്പോള്‍ സാഹിത്യകാരന് എന്ന നിലയില്‍, ഒരു കഥയില്‍ എഴുത്തുകാരനുള്ള സ്വാതന്ത്ര്യം, അവകാശം, അധീശത്വം എന്നിവ പഴങ്കഥകളാകുന്നു. നമ്മള് ഒരു കരാറെഴുതി, ഒരു സിനിമാകമ്പനിക്ക് വില്‍ക്കുന്നതോടെ തീരുകയാണ്, ആ സ്വാതന്ത്ര്യം. പിന്നീട് നമ്മളിലെ എഴുത്തുകാരന് ഒരു പ്രോജക്ടിന്റെ ഭാഗമാണ്. അതിന്റെ നല്ലതിനു വേണ്ടിയുള്ള ഒരുപാട് പേരുടെ ശ്രമങ്ങളില്‍, പ്രധാനസ്ഥാനങ്ങളിലൊന്നുള്ള വലിയ കോണ്‍ട്രിബ്യൂട്ടറാണ് എഴുത്തുകാരന്. അയാള്‍ ഭാഷയെ ഉപയോഗിക്കുന്നു. തിരുത്തപ്പെടുന്ന ഭാഷയെ സന്ദര്‍ഭത്തില്‍ നിന്ന് മാറുന്നില്ലല്ലോയെന്ന ജാഗ്രത പാലിക്കുന്നു. എഴുതപ്പെട്ട ഒരു തിരക്കഥയുടെ ചട്ടക്കൂടില്‍ നിന്ന് എഴുത്തുകാരനുള്ളതു പോലെ തന്നെ, പരിമിതമായെങ്കിലും തങ്ങളുടെ ഭാവന ഈ ചലച്ചിത്രത്തിനു വേണ്ടി ഉപയോഗിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും എല്ലാവര്‍ക്കുമുണ്ട്.
എഴുത്തുകാരനുള്ളതു പോലുള്ള സര്‍ഗാത്മകത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരിലുണ്ട്. എഴുത്തുകാരന് എഴുതുന്ന ഒരുപാട് വാചകങ്ങളെ ഒരു നോട്ടം കൊണ്ട് സൂചന നല്കി അപ്രസക്തമാക്കാന് നല്ല നടനോ നടിക്കോ കഴിയും. അപ്പോള്‍ ആ സഹകലാകാരന്റെ കഴിവിനെ ആദരിച്ചുകൊണ്ട് എഴുതിവച്ച അത്രയും വാചകങ്ങളെ വെട്ടിമാറ്റാന്‍, ആ എഴുത്തുകാരന് നാണിക്കേണ്ടതില്ല. അന്നേരം ആ കഥാപാത്രത്തിനെ അവതരിപ്പിച്ച കലാകാരന്റെ സംവേദനത്തിനൊപ്പമാണ് എഴുത്തുകാരന് നില്‍ക്കേണ്ടത്. അയച്ചുകെട്ടിയ കടിഞ്ഞാന്‍ മാത്രമേ നടീനടന്മാരില് എഴുത്തുകാരന്റേതോ, സംവിധായകന്റേതോ ആയി പാടുള്ളൂ. അങ്ങനൊരു കടിഞ്ഞാന്‍ അവര്‍ക്ക് അനുഭവപ്പെടരുത്. അതിന്റെ ജാഗ്രത സംവിധായകന്റെ അഥവാ സംവിധായികയുടെ കൈവശമാണ്. അവര്‍ നോക്കിക്കൊള്ളും.
ചുരുക്കത്തില്‍ വെള്ളം കേറാത്ത അറയല്ല തിരക്കഥ. കുറച്ചു വെള്ളം കേറണം. അതിന് ബാലന്‍സുണ്ട്. ഒരുപാട് വെള്ളം കേറാന്‍ കണ്ണടച്ചു നില്‍ക്കുകയും അരുത്. മുങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രത എഴുത്തുകാരനുണ്ട്. പക്ഷേ ഇവിടെ അയാള്‍ ഒറ്റയ്ക്കല്ല. ഒരു പാട് സഹായമുണ്ടാകും. യുക്തിഭംഗം പലയിടത്തും തിരുത്തപ്പെടും. അത്ര കണ്ട് ജാഗ്രതയുള്ള പ്രോജക്ടാണെങ്കില്‍.
ചുരുക്കത്തില്‍ സിനിമയിലെ എഴുത്തുകാരന് നല്ലൊരു എഡിറ്ററും പ്രഫഷനലുമാണ്. അയാളൊരു ടീമിന്റെ ഭാഗമാണ്. അവിടെ വൈകാരികതകളൊക്കെയും ആ സിനിമയുടെ രസതന്ത്രത്തിന്റെ വിജയത്തിന്റെ വേണ്ടിയുള്ളതാകണം. അല്ലാതെ തന്റെ എഴുതി വച്ച കഥയുടെ വിശുദ്ധിയെ സംബന്ധിച്ചുള്ളതാകരുത്. കാരണം അത്രമേല്‍ മുതല്മുടക്കിന്മേല്, ഒരുപാട് പേരുടെ സ്വപ്നങ്ങളില്‍ അര്‍പ്പിതമാണ് ഒരു ചലച്ചിത്രം. ഒരു നിര്‍മാതാവിനെ സമ്പന്നതില് നിന്ന് പിച്ചപ്പാളയെടുപ്പിക്കാന് തക്കവിധം ഭസ്മാസുരനാണ് സിനിമ. ആ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന (അതില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്) സാങ്കേതികപ്രവര്‍ത്തകരുടെ, നടീനടന്മാരുടെ സ്വപ്നമാണ് സിനിമ. ആ കൂട്ടായ്മ അനുഭവിക്കുക. ആവുന്ന വിധം, അവരുടെ സ്വപ്നങ്ങള്‍ക്ക് കൂട്ടുനില്ക്കുക. അവരുമായുള്ള സഹവാസം വഴി കാലികമായി നമ്മളും പുനരുജ്ജീവിക്കപ്പെടുന്ന പ്രക്രിയയുടെ സന്തോഷം അനുഭവിക്കുക തുടങ്ങിയവയാണ് സാഹിത്യകാരായ, പുതിയകാല സിനിമാഎഴുത്തുകാരന് ചെയ്യേണ്ടതെന്ന് തോന്നുന്നു.
ഒരുപാട് പേരുടെ വര്‍ഷങ്ങളായ കാത്തിരിപ്പിന്റെ അറുതിയിലാണ് ഒരു ഷൂട്ടിങ് തുടങ്ങുന്നതെന്ന ബോധ്യവും പലരുടെയും സമര്‍പ്പണത്തോടുള്ള സഹാനുഭൂതിയും അവരുടെ കഠിനാധ്വാനത്തോടുള്ള ആദരവും ഉണ്ടെങ്കില്‍ അഹംബോധം നമ്മളെ ബാധിക്കില്ല. എന്റെ വാക്കില്‍, വരിയില്‍, എന്റെ സ്ട്രക്ചറില്‍ തൊടരുത് എന്ന മാമൂലുകള്‍ നമ്മളെ മൂരാച്ചികളാക്കി മാറ്റില്ല. പുറത്തു നിന്നുള്ള പലരുടെയും ആശയപരമായ നല്ല കോണ്‍ട്രിബ്യൂഷനുകളും നിങ്ങളുടെ പേരിലാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതെന്ന് ഓര്‍ക്കുക. ചിലത് മോശമായതും വന്നെന്നിരിക്കും. അത് ന്യായമാണ്. നല്ലതു മാത്രം കൊണ്ടുപോകാനൊക്കില്ല, ചീത്തയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..