തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നിസ് ജോസഫിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'നിറക്കൂട്ടുകളില്ലാതെ' എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം.
അഥര്‍വത്തിന്റെ എഡിറ്റിങ് നടക്കുന്ന സമയത്ത് ഒരു ദിവസം ജോയി തോമസ് എന്നെ കാണാന്‍ വന്നു. ജോഷി സംവിധാനം ചെയ്യുന്ന, ഞാന്‍ എഴുതുന്ന അടുത്ത ചിത്രമായ വംശത്തെക്കുറിച്ച് സംസാരിക്കാനാണ് ജോയി വന്നതെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, അങ്ങനെയല്ല.
കൈയിലുള്ള ഒരു അപേക്ഷാഫോറം കാണിച്ച് ജോയി എന്നോടു പറഞ്ഞു, 'എടാ, നീ ഇതില്‍ ഒന്ന് ഒപ്പിടണം.' എനിക്ക് സംഗതി മനസ്സിലായില്ല. ജോയി പറഞ്ഞു, 'മനു അങ്കിള്‍ നാഷണല്‍ അവാര്‍ഡിന് അയയ്ക്കുകയാണ്.' എനിക്ക് ചിരി വന്നു. ആ കാലത്ത് ഞങ്ങളുടെ മട്ടിലുള്ള സിനിമ എടുക്കുന്ന ആളുകള്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും മത്സരിച്ച് തോറ്റുവരുക എന്നല്ല, അവാര്‍ഡിന് സിനിമ അയയ്ക്കുന്ന പ്രശ്നമേ ഇല്ലായിരുന്നു. അതൊന്നും നമുക്കുള്ള കാര്യമല്ല എന്നറിയാം. അത് അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനുമൊക്കെ ചെയ്യേണ്ട കാര്യങ്ങള്‍.
ജോയി കളിയാക്കുകയാണെന്ന് എനിക്കു തോന്നി. പക്ഷേ, അങ്ങനെയല്ല. സീരിയസാണ്. ജോയി പറഞ്ഞു, 'എടാ നമ്മള്‍ ഇത് ബാലചിത്രത്തിന്റെ വിഭാഗത്തിലാണ് അയയ്ക്കുന്നത്.'
'ബാലചിത്രം എന്നു പറഞ്ഞാല്‍, ബാലിശമായ സിനിമ എന്നാണോ ജോയി ഉദ്ദേശിക്കുന്നത്..? ഇതിനു മുന്‍പ് ഈ അവാര്‍ഡ് സത്യജിത് റായിക്ക് കിട്ടിയിട്ടുണ്ട്. സോനാര്‍ കെല എന്ന സിനിമയ്ക്ക്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയ്ക്ക് ജിജോ പൂന്നൂസിന് കിട്ടി. പിന്നെ അരവിന്ദന്റെ കുമ്മാട്ടി. അങ്ങനെയുള്ള സിനിമകള്‍ക്കും പ്രഗല്ഭരായ ചലച്ചിത്രകാരന്മാര്‍ക്കും മാത്രം കിട്ടിയ അവാര്‍ഡാണ്. അതൊരു ചെറിയ കാര്യമല്ല.'
'നീ ഒന്നും പറയേണ്ട...' എന്നു പറഞ്ഞ് ജോയി നിര്‍ബന്ധിച്ച് ഒപ്പു വാങ്ങി പോയി. ജോയി വലിയ വിഡ്ഢിവേഷം കെട്ടാന്‍പോകുന്നു എന്നു മാത്രമേ ഞാന്‍ ധരിച്ചുള്ളൂ. എന്നെ സംബന്ധിച്ച് മനു അങ്കിള്‍ ദേശീയതലത്തില്‍ അവാര്‍ഡ് കിട്ടാവുന്ന സിനിമയായി തോന്നിയിട്ടില്ല. ആരോടെങ്കിലും അത് പറയാന്‍തന്നെ നാണക്കേട്.
ഇന്ന് നൂറു സിനിമ പുറത്തുവന്നാല്‍ നൂറ്റിയന്‍പതെണ്ണം അവാര്‍ഡിന് അയയ്ക്കുന്ന രീതിയാണ്. അന്ന് അങ്ങനെയല്ല. ഇവന്‍ പടം നാഷണല്‍ അവാര്‍ഡിന് അയയ്ക്കാനുള്ള തൊലിക്കട്ടി കാണിച്ചോ എന്ന് ആരെങ്കിലും വിചാരിക്കുമല്ലോ എന്നോര്‍ത്ത് ഞാന്‍ പേടിച്ചു.
അഥര്‍വത്തിന്റെ എഡിറ്റിങ് കഴിഞ്ഞ് ഞാന്‍ തിരിച്ച് എറണാകുളത്ത് എത്തിയ അതിരാവിലെ സാഗാ അപ്പച്ചന്‍ എന്നെ വിളിക്കുന്നു, 'കണ്‍ഗ്രാജുലേഷന്‍സ്.'
അപ്പച്ചനെ ഞങ്ങള്‍ 'അങ്കിള്‍' എന്നാണ് വിളിക്കുന്നത്. അപ്പച്ചന്‍ എല്ലാവരെയും തിരിച്ചും അങ്കിള്‍ എന്ന് വിളിക്കും. കൊച്ചുകുട്ടികളെ കണ്ടാലും 'അങ്കിളേ' എന്ന് വിളിക്കും. അപ്പച്ചന്‍ പറഞ്ഞു, 'അങ്കിളേ, നിങ്ങള്‍ക്കാണ് ബെസ്റ്റ് ചില്‍ഡ്രന്‍സ് ഫിലിമിനുള്ള നാഷണല്‍ അവാര്‍ഡ് - മനു അങ്കിള്‍.'
ഞാന്‍ ആദ്യം ധരിച്ചത്, ജോയി പടം അവാര്‍ഡിനയച്ച കാര്യമറിഞ്ഞ് കളിയാക്കുകയാണെന്നാണ്. പക്ഷേ, ഉടനെ വാര്‍ത്ത വന്നു. ഞങ്ങളെ എല്ലാവരെയും അങ്ങേയറ്റം അമ്പരപ്പിച്ച് മനു അങ്കിളിന് നാഷണല്‍ അവാര്‍ഡ്. ജോയി തോമസിനും എനിക്കും കിട്ടുന്ന ആദ്യത്തെ സ്വര്‍ണമെഡല്‍. ആദ്യത്തെ സ്വര്‍ണമെഡല്‍ എന്നു പറയുമ്പോള്‍, എനിക്കത് 'കിട്ടി, കിട്ടിയില്ല' എന്നു പറയേണ്ടിവരുന്ന ഒരു അവസ്ഥയുമുണ്ട്.
അഥര്‍വത്തിന്റെ ഫൈനല്‍ റീ റെക്കോഡിങ്, എഡിറ്റിങ്, മിക്സിങ് ഒക്കെ നടക്കുന്ന സമയത്താണ് പുരസ്‌കാരദാനം. ആ സമയത്തുതന്നെ ഞാന്‍ ചീ: 20 മദ്രാസ് മെയില്‍ എഴുതുകയുമാണ്. പൊതുവേ ഭയങ്കരമായ സഭാകമ്പമുള്ള ആളാണ് ഞാന്‍; അന്നും ഇന്നും. വേദിയില്‍ കയറാനോ സംസാരിക്കാനോ കഴിയില്ല. എന്റെ പല സിനിമകളുടെയും നൂറാം ദിവസാഘോഷവേളയില്‍ ഞാന്‍ ഉണ്ടാകാറില്ല. കാരണം, സ്റ്റേജില്‍ അത്രയും പേരുടെ മുന്നില്‍ നിന്ന് ഒരു മെമെന്റോ മേടിക്കാനുള്ള ചങ്കൂറ്റം ഇല്ലാത്തതുകൊണ്ടുതന്നെ.
ഇളയരാജയ്ക്കാണ് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ്. ഇളയരാജ എന്നോട് പറഞ്ഞു, 'നിനക്കും അവാര്‍ഡ് ഉണ്ടല്ലോ, നമുക്ക് ഒരുമിച്ചു പോകാം.' ഞാന്‍ സമ്മതിച്ചു. പക്ഷേ, പോകുന്നതിന്റെ തലേദിവസം എനിക്ക് ആധിയായി. ഒരു രക്ഷയുമില്ല.

മനസ്സില്‍ വലിയൊരു ഹാള്‍. അവിടെ രാഷ്ട്രപതി അടക്കമുള്ള ആള്‍ക്കാരും സകല മീഡിയയും അവരുടെ നടുവിലൂടെ നടന്നുപോയി രാഷ്ട്രപതിയുടെ കൈയില്‍നിന്ന് അവാര്‍ഡ് മേടിക്കുമ്പോള്‍ തലകറങ്ങി താഴേ വീഴും എന്ന് ആലോചിച്ച് ഞാന്‍ പരിഭ്രാന്തനായി. ഇളയരാജയോട് പറയാനും നിവൃത്തിയില്ല. അദ്ദേഹം കൂടെപ്പോരാന്‍ തയ്യാറായ സഹോദരന്‍ ഗംഗൈ അമരന്റെ അടക്കം ടിക്കറ്റ് കാന്‍സല്‍ ചെയ്തിരിക്കുകയാണ്. ഉപായത്തില്‍ ഞാന്‍ അന്നു രാത്രി ആരോടും പറയാതെ ചെന്നൈയില്‍നിന്ന് മഹാബലിപുരത്ത് പതിവായി എഴുതാന്‍ പോകുന്ന സ്ഥലത്തേക്ക് മുങ്ങി.
ഇളയരാജ വിമാനത്താവളത്തിലെത്തിയപ്പോള്‍ എന്നെ കാണുന്നില്ല. ജോയി തോമസും എന്നെ കാണുന്നില്ല. അന്ന് മൊബൈലൊന്നും ഇല്ലല്ലോ. ജോയി തോമസും ഇളയരാജയും പോയി, അവാര്‍ഡ് വാങ്ങി വന്നു.
എനിക്കുള്ള അവാര്‍ഡ്, സ്വര്‍ണമെഡല്‍, പ്രശസ്തിപത്രം, ചെക്ക് എല്ലാം സ്പെഷല്‍ പോസ്റ്റ് വഴി അയച്ചുകിട്ടി. പക്ഷേ, രാഷ്ട്രപതിയുടെ കൈയില്‍നിന്ന് ഏറ്റവും മികച്ച ബാലചിത്രത്തിനുള്ള അവാര്‍ഡ് വാങ്ങുന്ന ഒരു ഫോട്ടോ വീട്ടില്‍ ഫ്രെയിം ചെയ്തുവെക്കാനും പില്ക്കാലത്ത് മക്കളെയൊക്കെ കാണിച്ച് പൊങ്ങച്ചം പറയാനുമുള്ള ഒരു സുവര്‍ണാവസരം ഞാന്‍ ഇല്ലാതാക്കി. ഇളയരാജ തിരികെ വന്നിട്ട് എന്നെ പറയാത്ത ചീത്തയൊന്നുമില്ല.
ഈ അടുത്തകാലത്ത്, ഒരു കല്യാണസ്ഥലത്തുവെച്ച് മകനെ കണ്ടപ്പോള്‍ ജോയി തോമസ് പറഞ്ഞു, 'ഓ, നീയെങ്കിലും അവനെപ്പോലെ അല്ലല്ലോ. അവന്‍ കല്യാണം വിളിച്ചാല്‍ പോകില്ല; നാഷണല്‍ അവാര്‍ഡ് കിട്ടിയിട്ട് അതു മേടിക്കാന്‍പോലും പോകാത്തവനാ. നീ അവനെപ്പോലെ ആകരുത്.'
അടുത്തതായി ഞാന്‍ ചെയ്യാനിരുന്ന സിനിമ അപ്പു ആയിരുന്നില്ല. രണ്ടു സിനിമകള്‍ ഒരേസമയം സെവന്‍ ആര്‍ട്സ് വിജയകുമാര്‍ അമേരിക്കയില്‍ എടുക്കാന്‍ തീരുമാനിച്ചു. ഒന്ന് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെതാണ്. ശ്രീനിവാസന്‍ അതിന്റെ തിരക്കഥ എഴുതുന്നു. അക്കരെയക്കരെയക്കരെ. അതിനോടൊപ്പം ഞാന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രവും എടുക്കുന്നു. നമ്പര്‍ 20 മദ്രാസ് മെയില്‍ കഴിഞ്ഞ് ഞാനും ശ്രീനിവാസനും മഹാബലിപുരത്ത് രണ്ടു മുറികളിലായി ഇരുന്ന് എഴുതുകയാണ്; പ്രിയദര്‍ശനുമുണ്ട്.
ശ്രീനിവാസനും പ്രിയദര്‍ശനും ഒരു മുറിയിലാണ്. അവര്‍ ഇരുന്ന് അക്കരെയക്കരെയക്കരെ എഴുതുന്നു. ഞാന്‍ എന്റെ അസിസ്റ്റന്റ് വേണു ബി. നായരുമൊത്ത് ഞങ്ങളുടെ പടവും എഴുതുന്നു.
എന്റെ തിരക്കഥ ഏതാണ്ട് പൂര്‍ത്തിയായി. പ്രിയദര്‍ശന്റെത് തീരാറാവുന്നതേയുള്ളൂ. അവരുടേതാണ് ആദ്യം തുടങ്ങേണ്ടത്. അവരുടെ ടീം ഷൂട്ടിങ്ങിനായി അമേരിക്കയ്ക്കു പോയിക്കഴിഞ്ഞു. അപ്പോഴേക്കും ഞാന്‍ തിരക്കഥ എഴുതി അതിന്റെ പാട്ട് റെക്കോഡ് ചെയ്തു.
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ വയലിനിസ്റ്റ് വി.എസ്. നരസിംഹനാണ് സംഗീതസംവിധായകന്‍. അദ്ദേഹം ഇളയരാജയുടെ ട്രൂപ്പില്‍ വയലിന്‍ വായിക്കാറുണ്ട്. അതല്ല നരസിംഹന്റെ പ്രസക്തി. തെന്നിന്ത്യന്‍ സിനിമയ്ക്ക് വയലിന്‍ വായിക്കുന്നതില്‍ അഗ്രഗണ്യനാണ് അദ്ദേഹം. ഇളയരാജയുടെ സിംഫണിയിലൊക്കെ വയലിന്‍ വായിച്ചിരിക്കുന്നത് നരസിംഹനാണ്. കുറച്ച് തമിഴ് സിനിമകളിലും സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. ഈറന്‍സന്ധ്യയുടെ മ്യൂസിക്കും നരസിംഹനായിരുന്നു. നരസിംഹന്റെ തമിഴ് പാട്ടു കേട്ട്, ഞാന്‍ രാജനോട് ശുപാര്‍ശ ചെയ്താണ് ഈറന്‍സന്ധ്യയിലേക്ക് കൊണ്ടുവന്നത്. നരസിംഹന്റെ സംഗീതത്തിലാണ് ഞാന്‍ അമേരിക്കന്‍ പടം ചെയ്യുന്നത്. എസ്.പി. ബാലസുബ്രഹ്‌മണ്യം പാടിയ ഒരു ക്ലാസിക്കല്‍ ഗാനവുമുണ്ട്.

വലിയ സംഗീതജ്ഞന്‍ അമേരിക്കയില്‍ ഒരു കച്ചേരിക്ക് പോകുന്നതും അവിടെ അദ്ദേഹത്തെ കാണാതെയാകുന്നതും പിന്നീട് പത്തിരുപതു വര്‍ഷങ്ങള്‍ക്കുശേഷം ആ മനുഷ്യനെ കൊച്ചുമകന്‍ തേടിപ്പോകുന്നതുമാണ് കഥ. കൊച്ചുമകന്‍ മോഹന്‍ലാലാണ്.
കൊച്ചുമകന്‍ തേടിപ്പോകുന്നതിന്റെ കാരണം മുത്തച്ഛന്റെ ശൈലിയിലുള്ള ചില പാശ്ചാത്യസംഗീതം ഒരു മ്യൂസിക് ഡയറക്ടറുടെ കോമ്പസിഷനില്‍ കേള്‍ക്കാന്‍ ഇടവരുന്നു. പെട്ടെന്ന് ഉയര്‍ന്നുവന്ന ആ മ്യൂസിക് മുത്തച്ഛന്റെ ശൈലിയോട് നല്ല സാമ്യം.
പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയില്‍ ബ്ലാക്മെയില്‍ ചെയ്തും അവരുടെ സൃഷ്ടികള്‍ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥയാണ് ഞാന്‍ എഴുതിയത്. കാണാതാകുന്ന മുത്തച്ഛന്റെ വേഷത്തില്‍ നെടുമുടി വേണുവിനെയാണ് ഉദ്ദേശിച്ചത്. വില്ലനായി ഇന്ത്യന്‍ വംശജനായ ഒരു പാശ്ചാത്യസംഗീതജ്ഞനും.
500 പീസ് ഓര്‍ക്കസ്ട്രയൊക്കെ വെച്ച് ഭീകരമായി സംഗീതം ഒരുക്കുന്ന ഒരു ക്രിമിനല്‍ ജീനിയസ്! ന്യൂയോര്‍ക്ക് ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര പോലെയുള്ള ഇടങ്ങളിലെ പ്രമുഖന്‍.
ഇന്ന് അതൊരു പുതുമയല്ല. എ.ആര്‍. റഹ്‌മാന്റെയൊക്കെ വലിയ മ്യൂസിക് ഷോ നാം കാണുന്നു. അന്ന് അത് എന്റെ മനസ്സില്‍ വലിയൊരു വിഷ്വലായി നില്ക്കുന്നുണ്ടായിരുന്നു. ആ റോളില്‍ ആരെ അഭിനയിപ്പിക്കും എന്ന് വലിയ ആശങ്കയായി. അവസാനം ഒരാള്‍ മനസ്സിലെത്തി. തീരുമാനം ഞാന്‍ വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കില്‍ 'ഓകെ' എന്നു പറഞ്ഞു. ഞാന്‍ മനസ്സില്‍ കണ്ടത് പത്മരാജനായിരുന്നു.
പത്മരാജനെ ചെന്നുകണ്ടു കാര്യം പറഞ്ഞു. കേട്ടപ്പോള്‍ പപ്പേട്ടന് ആദ്യം തമാശ തോന്നി. പിന്നീട് സമ്മതിച്ചു. 'ഞാന്‍ റെഡി' എന്നു പറഞ്ഞു, 'കൂടെ അമേരിക്കയിലും പോകാമല്ലോ.'

ഒരു ദിവസം പപ്പേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു, 'എനിക്ക് രാത്രിയില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ആദിമധ്യാന്തമുള്ള ഒരു വില്ലന്‍ റോള്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം.' ഞങ്ങള്‍ നിരാശരായി. വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു. ഈ സംഭവം പില്ക്കാലത്ത് പപ്പേട്ടന്റെ ഭാര്യ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഞാന്‍ അഭിനയിക്കാന്‍ വിളിച്ചതും അതു കഴിഞ്ഞ് രാത്രിയില്‍ പപ്പേട്ടന്റെ ഉറക്കം പോകുന്നതുമായ കഥകള്‍ അതിലുണ്ട്.
പിന്നീട് ഞങ്ങള്‍ ആ റോളിലേക്ക് ഒരു ഹിന്ദി നടനെ കണ്ടെത്തി, ഖുല്‍ബൂഷന്‍ ഖര്‍ബന്ധ. പക്ഷേ, സിനിമ നടന്നില്ല. അമേരിക്കയില്‍ അക്കരെ അക്കരെയുടെ ഷൂട്ടിങ് തീര്‍ന്നു. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ ലൊക്കേഷന്‍ സൗകര്യങ്ങളും മറ്റും വേണം. അത്ര സൗകര്യം അമേരിക്കയില്‍ ഒരുക്കിയെടുത്ത് ആ സിനിമ എടുക്കാന്‍ അപ്പോഴുള്ള അവരുടെ സ്ഥിതിയും സന്നാഹങ്ങളും പോരാതെവന്നു. വിജയകുമാറും മറ്റും അമേരിക്കയില്‍നിന്ന് വിളിച്ചു പറഞ്ഞ് ആ പ്രോജക്ട് തത്കാലം ഉപേക്ഷിച്ചു. പെട്ടെന്ന് അതേ ഡേറ്റില്‍ മോഹന്‍ലാലിനെ വെച്ച് നാട്ടില്‍ ഷൂട്ട് ചെയ്യാവുന്ന സിനിമ എടുക്കാന്‍ തീരുമാനിച്ചു. വെണ്‍മേഘഹംസങ്ങള്‍പോലെ എനിക്ക് മറ്റൊരു അനുഭവം.
അമേരിക്കന്‍ സിനിമയുടെ മുഴുവന്‍ തിരക്കഥ ഞാന്‍ എഴുതിക്കഴിഞ്ഞതാണ്. പക്ഷേ, പുതിയ സിനിമയ്ക്ക് തിരക്കഥയില്ല. അപ്പോഴാണ് വിജയകുമാര്‍ പറഞ്ഞത്, 'ശ്രീകുമാരന്‍തമ്പി സാറിന്റെ കൈയില്‍ ഒരു കഥയുണ്ട്.' മോഹന്‍ലാലും വിജയകുമാറും ഒക്കെ കേട്ടിട്ട് അവര്‍ക്ക് താത്പര്യം തോന്നിയ കഥയാണ്. അദ്ദേഹംതന്നെയാണെങ്കില്‍ പെട്ടെന്ന് എഴുതിക്കോളും, ഡെന്നീസിന് താത്പര്യമുണ്ടെങ്കില്‍ അത് ചെയ്യാം.' അങ്ങനെ ഞാന്‍ തമ്പി സാറിന്റെ അടുത്തുപോയി കഥ കേട്ടു. എനിക്ക് പറ്റുന്ന വിഷയമായി തോന്നി. തമ്പി സാര്‍ തന്നെ തിരക്കഥ എഴുതി. അതായിരുന്നു അപ്പു.
അഥര്‍വത്തിന്റെ പ്രിവ്യൂവിന് ഞാന്‍ ക്ഷണിച്ചുവരുത്തിയ ഒരാളെക്കുറിച്ച് പറയട്ടെ. അദ്ദേഹത്തിന്റെ സാന്നിധ്യം അന്ന് ഒരു വലിയ കാര്യമായി ആരെങ്കിലും ഗണിച്ചോ എന്ന് എനിക്ക് അറിയില്ല. പാപ്പനംകോട് ലക്ഷ്മണന്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ എഴുതിയ മൂന്നോ നാലോ പേരില്‍ ഒരാളാണ്. എസ്. എല്‍. പുരം, തോപ്പില്‍ ഭാസി, ശാരംഗപാണി, പാപ്പനംകോട് ലക്ഷ്മണന്‍, കലൂര്‍ ഡെന്നീസ്, ടി. ദാമോദരന്‍ എന്നിങ്ങനെ നാലഞ്ചുപേരായിരിക്കും കൂടുതല്‍ വിജയംവരിച്ച സിനിമകളുടെ തിരക്കഥാകൃത്തുക്കള്‍.
പാപ്പനംകോട് ആശാന്‍ സിനിമ കണ്ടിട്ട്, രാത്രി എന്റെ മുറിയില്‍ വന്നു പറഞ്ഞു, 'മോനേ... ഇവരെല്ലാം പറയുന്നതുപോലെ ഈ സിനിമ ഓടിയിട്ട് നിനക്ക് പെട്ടെന്ന് ഒരു പ്രയോജനം കിട്ടാന്‍ പോകുന്നില്ല. പക്ഷേ, പത്തോ പതിനഞ്ചോ കൊല്ലം കഴിഞ്ഞാല്‍ നിന്റെ സിനിമകളില്‍ ഓര്‍ക്കാവുന്ന ഒരെണ്ണം ഇതായിരിക്കും. അന്ന് നിനക്ക് ഇതോര്‍ത്ത് അഭിമാനിക്കാം. പക്ഷേ, ഇപ്പോള്‍ ഇത് ഒരു ഹിറ്റാകാതെ പോകും.. കേട്ടോ...' അദ്ദേഹം പറഞ്ഞത് അങ്ങനെതന്നെ സംഭവിച്ചു. അതിന്റെ നിര്‍മാതാവായ ഈരാളി സാറിനും വിതരണക്കാരന്‍ കുഞ്ഞുമോനും വലിയ നഷ്ടം സംഭവിച്ചില്ലെങ്കിലും സാമ്പത്തികവിജയം ഉണ്ടായില്ല.
പാപ്പനംകോട് ലക്ഷ്മണനെക്കുറിച്ച് ചിലത് പറയാനുണ്ട്. എനിക്ക് അദ്ദേഹത്തോട് അങ്ങനെ ഒരു ബന്ധം ഉണ്ടാകേണ്ടതല്ല. കാരണം, ഞാന്‍ 1985-ല്‍ സിനിമയില്‍ വരുമ്പോള്‍ 'ലക്ഷ്മണന്‍കാലം' കഴിഞ്ഞിരുന്നു.

ഒരുകാലത്ത് ശശികുമാറിന്റെയും ജോഷിയുടെയും രാജശേഖരന്റെയും ഹിറ്റുകള്‍ എഴുതിയ ആളാണ്. പ്രത്യേകിച്ച് ജോഷിയുടെ ആദ്യകാല ഹിറ്റുകള്‍. കുറെ പരാജയസിനിമകള്‍ക്കുശേഷം അദ്ദേഹം ഏറക്കുറെ വിസ്മൃതനായിക്കഴിഞ്ഞ സമയത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ന്യൂഡല്‍ഹിയില്‍ പാട്ടില്ലെങ്കിലും യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നു. ശ്യാമാണ് സംഗീതം ചെയ്തത്. ഷിബു ചക്രവര്‍ത്തി പാട്ടെഴുതി. ജെമിനി സ്റ്റുഡിയോയിലെ റെക്കോഡിങ്ങിന് ഞാനും ഷിബുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷിബു അകത്ത് എസ്.പി. ബാലസുബ്രഹ്‌മണ്യത്തെ പാട്ടിന്റെ വരികള്‍ പഠിപ്പിക്കുകയാണ്. 'ജെമിനി' ഒരു പഴയ സ്റ്റുഡിയോ ആണ്. അധികം പേര്‍ക്ക് ഇരിക്കാനും ഇടം പോരാ. ആകെ രണ്ടോ മൂന്നോ കസേരകള്‍ മാത്രം. ഒരു കസേരയില്‍ ഞാന്‍ ഇരിക്കുന്നു. അപ്പോള്‍ ഒരാള്‍, മുണ്ട് ഉടുത്ത് ഒരു സാധാരണമനുഷ്യന്‍ ചെറിയ ബാഗും പിടിച്ച് നടന്നുവരുന്നു.
സിനിമാമാസികകളിലൂടെയുള്ള പരിചയംകൊണ്ട്, വരുന്ന ആള്‍ പാപ്പനംകോട് ലക്ഷ്മണന്‍ ആണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് അദ്ദേഹത്തിന് സീറ്റ് കൊടുത്തു. അദ്ദേഹത്തിന് എന്നെ മനസ്സിലായില്ല. അദ്ദേഹം ഇരുന്നു. ആരെയോ കാണാന്‍ വന്നതാണ്. റെക്കോഡിങ്ങിന്റെ ഒഴിവുസമയത്ത് ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന് അങ്ങോട്ട് പരിചയപ്പെടുത്തി. പെട്ടെന്ന് ആള്‍ വികാരാധീനനായി.
ഞാന്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ എഴുന്നേറ്റ് സീറ്റ് കൊടുത്തത് ഒരു വലിയ കാര്യമാണ് എന്ന മട്ടില്‍ ലക്ഷ്മണന്‍ ചേട്ടന്‍ സംസാരിച്ചു. എനിക്ക് അതിശയം തോന്നി. മലയാളസിനിമയില്‍ വിജയം എന്താണെന്ന് പരാജയം അനുഭവിച്ചുകഴിയുമ്പോഴേ നമുക്ക് മനസ്സിലാകൂ. ഒരു സിനിമ ലോക ക്ലാസിക്കാണോ വലിയ നിലവാരമുള്ളതാണോ, അതൊക്കെ വേറൊരു ചര്‍ച്ചാവിഷയംതന്നെയാണ്. പക്ഷേ, നമ്മള്‍ വിജയിക്കാന്‍വേണ്ടി എടുക്കുന്ന സിനിമകള്‍ തോറ്റുകഴിയുമ്പോഴാണ് വിജയിച്ചവന്റെ വില മനസ്സിലാകുന്നത്. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം സിനിമകള്‍ 50:50 വിജയ പരാജയനിലയില്‍ നില്ക്കുകയാണ്. പകുതിയോളം സിനിമകള്‍ പൊളിഞ്ഞുപോയ മനുഷ്യനാണ് ഞാന്‍. ഞാന്‍ എന്നല്ല, മലയാള സിനിമയിലെ ഏതാണ്ട് തൊണ്ണൂറു ശതമാനം എഴുത്തുകാരും അങ്ങനെതന്നെയാണ്. പക്ഷേ, പാപ്പനംകോട് ലക്ഷ്മണന്റെ ഗ്രാഫ് അതല്ല. എഴുതിയ സിനിമകളില്‍ വലിയൊരു ശതമാനവും സൂപ്പര്‍ഹിറ്റ്. ആ മനുഷ്യനാണ് ഞാന്‍ സീറ്റ് കൊടുത്തത്. പിന്നീട് ഞങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദബന്ധംതന്നെ ഉണ്ടായി.
ഞാന്‍ എപ്പോള്‍ ചെന്നൈയില്‍ ചെന്നാലും അദ്ദേഹത്തെ വിളിക്കും. ഞാന്‍ തിരക്കഥ എഴുതുമ്പോള്‍ വൈകുന്നേരങ്ങളില്‍ അദ്ദേഹം എന്റെ മുറിയില്‍ വരും. പലപ്പോഴും എഴുതിയ അത്രയും സീന്‍ വായിക്കാന്‍ കൊടുക്കും. ഒരു ആസ്വാദകന്റെ നിലയിലാണ് അദ്ദേഹം വായിക്കുക. 'അതു വേണ്ട, ഇതു വേണ്ട' എന്നൊക്കെ വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലെ പറഞ്ഞിട്ടുള്ളൂ. ചിലപ്പോള്‍ നിര്‍ദേശം വരും. അതൊക്കെ വളരെ ഗൗരവപൂര്‍വമായാണ് ഞാന്‍ സ്വീകരിക്കാറുള്ളത്.
Content Highlights: dennis joseph memoir nirakkootukalillathe excerpt mathrubhumi books
Published: 13 May 2024, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented