ആ മനുഷ്യന്‍ നീ തന്നെ, അവന്‍ വീണ്ടും വരുന്നു, 1128-ല്‍ ക്രൈം 27...മലയാളനാടകത്തിലെ ആധുനികതയുടെ വിളംബരമറിയിച്ചുകൊണ്ട് സി.ജെ തോമസ്സിന്റെ നാടകങ്ങള്‍ വേദികളില്‍ നിന്നും വേദികളിലേക്ക് ഒഴുകിക്കൊണ്ടിരുന്ന അമ്പതുകളുടെ ആദ്യപകുതി. മലയാളഭാഷയിലെ തന്നെ ആദ്യത്തെ ആധുനികനാടകമായി നിരൂപകര്‍ വിലയിരുത്തിയ 'അവന്‍ വീണ്ടും വരുന്നു'- ഉപദേശിയിലൂടെ ജീവിതത്തിന്റെ ദ്വയാര്‍ഥങ്ങള്‍ വിളിച്ചുപറഞ്ഞ പ്രിയപ്പെട്ട സി.ജെ. രണ്ടാം ലോകമഹായുദ്ധവും പട്ടിണിയും എങ്ങനെയാണ് കേരളത്തിലെ ഒരു പാവപ്പെട്ട കുടുംബത്തെ ദോഷകരമായി ബാധിച്ചതെന്ന് കാണിച്ചുകൊണ്ട് ലോകമഹായുദ്ധങ്ങള്‍ അവികസിതരാജ്യങ്ങളെ എങ്ങനെ അരക്ഷിതത്വത്തിലാക്കുന്നു എന്ന് ചിന്തിപ്പിച്ച നാടകാചാര്യന്‍. സി.ജെയുടെ 105-ാം ജന്മവാര്‍ഷികമാണ് കടന്നുപോയത്.
1918 നവംബര്‍ പതിനാലിന് കൂത്താട്ടുകുളത്ത് സിറിയന്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ യോഹന്നാന്‍ മാര്‍ എപ്പിസ്‌കോപ്പയുടെയും അന്നമ്മയുടെയും മകനായി ജനിച്ച സി.ജെ തോമസ് ആദ്യം തിരഞ്ഞെടുത്തത് പിതാവിന്റെ പാതയായിരുന്നു. കോട്ടയം സി.എം.എസ് കോളേജിലും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലുമായി ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സി.ജെ തന്റെ വൈദികപഠനമുപേക്ഷിച്ച് അധ്യാപകനായി വടകരയില്‍ ജോലിയാരംഭിച്ചു. അധികം താമസിയാതെ തന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനാവുകയും അതുകാരണം സ്‌കൂള്‍ അധികാരികളുമായി പിണക്കത്തിലേക്ക് നയിക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം ലോ കോളേജില്‍ നിയമപഠനത്തിനുചേര്‍ന്നു. അക്കാലത്തെ മുന്‍നിര അഭിഭാഷകനായിരുന്ന എന്‍. വി ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനായി പരിശീലനം തുടങ്ങിയെങ്കിലും രണ്ടുമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായി. അതിനിടയില്‍ പ്രമുഖ നിരൂപകനും പണ്ഡിതനും ഭാഷാജ്ഞാനിയുമായിരുന്ന എം.പി പോളിന്റെ ഉടമസ്ഥതയിലുള്ള പോള്‍സ് ട്യൂട്ടോറിയലില്‍ അധ്യാപകനായും സി.ജെ സേവനമനുഷ്ഠിച്ചു. സി.ജെയുടെ ജീവിതഗതി തന്നെ മാറ്റി മറിച്ച പോള്‍സ് ട്യൂട്ടോറിയല്‍ കാലഘട്ടത്തിലാണ് എം.പി പോളിന്റെ മകള്‍ റോസിയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുവന്ന 'ഇവന്‍ എന്റെ സി.ജെ' എന്ന പരമ്പരയിലൂടെ റോസി തോമസ് സി.ജെ എന്ന മനുഷ്യനെ, കാമുകനെ, ഭര്‍ത്താവിനെ, ചിത്രകാരനെ, നാടകകൃത്തിനെ അടയാളപ്പെടുത്തുന്നുണ്ട്. റോസി എഴുതുന്നു: ''സി.ജെ ഒരു ദിവസം എന്നോടാവശ്യപ്പെട്ടു. നാളെ ആ പച്ച സാരി ഉടുക്കാമോ? ഞാന്‍ അത് അനുസരിച്ചു. എന്തോ ഒരു ശക്തി ഞങ്ങളെ അടുപ്പിക്കുകയാണ്. ഒരു ദിവസം മൂപ്പരെന്നോടു പറഞ്ഞു: ഞാനിവിടെ ജോലി മതിയാക്കി പോവുകയാണ്. ചങ്ങനാശ്ശേരി എനിക്ക് മടുത്തു. ഉള്ളില്‍ പ്രയാസം തോന്നിയെങ്കിലും ഞാന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: നല്ല കാര്യം. പത്രപ്രവര്‍ത്തനം മുതലായ കാര്യങ്ങളും സൗകര്യമായിട്ടുനടത്താലോ. സെപ്തംബര്‍ സെഷന്‍ കഴിഞ്ഞ് സി.ജെ കോട്ടയത്തേക്കു പോയി. ഞാന്‍ സി.ജെയ്ക്ക് ആദ്യമായി അയച്ച കത്തെങ്ങനെയായിരുന്നെന്നോ? അതില്‍ അക്ഷരങ്ങളില്ലായിരുന്നു. നല്ല മുഴുത്ത ഒരു പച്ചക്കുതിരയെപ്പിടിച്ചു കൊന്ന് ഞാനത് ഒരു നീലക്കടലാസില്‍ ഭംഗിയായി പറ്റിച്ചുവെച്ചു. എന്നിട്ടതൊരു കവറിലാക്കി സി.ജെയുടെ മേല്‍വിലാസത്തില്‍ കോട്ടയത്തേക്കയച്ചു.''
സി.ജെ തോമസ് എന്ന ധിഷണാശാലിയെ പ്രണയിച്ചതും വിവാഹം കഴിക്കാന്‍ വീട്ടില്‍ സമരമിരുന്നതും രണ്ട് സഭക്കാരായതിനാല്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതും സി.ജെയ്‌ക്കെതിരെ പ്രവര്‍ത്തിച്ചവരുടെ ഗൃഢലക്ഷ്യങ്ങളില്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതം കൂടി താറുമാറാക്കുക എന്ന ഉദ്ദേശ്യവും ഉണ്ടായിരുന്നുവെന്നും റോസി തോമസ് 'ഇവന്‍ എന്റെ സി.ജെ' എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. സി.ജെയ്ക്ക് ജാരസന്തതികള്‍ ഉണ്ട് എന്നായിരുന്നു അക്കാലത്ത് റോസി തോമസ്സിനുവന്ന മിക്ക കത്തുകളിലെയും ഉള്ളടക്കം. സി.ജെ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനകത്തുനിന്നു തന്നെയായിരുന്നു സി.ജെയ്‌ക്കെതിരെയുള്ള കരുനീക്കങ്ങള്‍ നടന്നിരുന്നത് എന്ന് റോസി വ്യക്തമാക്കുന്നുണ്ട്. റോസി എഴുതുന്നു: ''തെറ്റിദ്ധാരണകളുടെ ലോകത്തില്‍ സി.ജെ ഒരു ദേവനാണെന്ന് എല്ലാവരോടും ഉറക്കെ വിളിച്ചുപറയണമെന്നു തോന്നിപ്പോയിട്ടുണ്ട്. അക്കാലങ്ങളില്‍ സി.ജെയ്ക്ക് എന്നെ രഹസ്യമായി കാണണമെന്നുദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും വഴിപ്പെടുമായിരുന്നു; പ്രത്യേകിച്ച് സി.ജെയെക്കാള്‍ പത്തുപതിനൊന്ന് വയസ്സിനു ചെറുപ്പമുള്ള ഞാന്‍.''
കേരളത്തിലെ പ്രസിദ്ധീകരണ മേഖലയെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വിധേയരാക്കിയവരില്‍ പ്രധാനിയുമാണ് സി.ജെ തോമസ്. പതിനൊന്ന് നാടകങ്ങള്‍, നാല് സാഹിത്യവിമര്‍ശന കൃതികള്‍, ആറ് ലേഖനസമാഹാരങ്ങള്‍, ഒരു നോവല്‍...സി.ജെ തോമസ് എന്ന പ്രതിഭയുടെ കയ്യില്‍ വാക്കുകളും പ്രയോഗങ്ങളും സിദ്ധാന്തങ്ങളും ഭദ്രമായപ്പോള്‍ മലയാളനാടകവേദി ആശ്രയം കണ്ടതും അദ്ദേഹത്തിലായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പുസ്തക വില്പനശാഖയായ നാഷണല്‍ ബുക്സ്റ്റാളിന്റെ ചിഹ്നമായ അരയന്നത്തെ രൂപകല്പന ചെയ്തത് സി.ജെയാണ്. ഇഡിപ്പസ് റെക്‌സ്, ആന്റിഗണി, സോഫോക്ലിസ്, ഇബ്‌സന്റെ ഗോസ്റ്റ്, അരിസ്റ്റോഫാനസിന്റെ ലിസിസ്ട്രാറ്റ തുടങ്ങിയ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതും സി.ജെയാണ്. ലോകക്ലാസിക്കുകളെ മലയാളത്തിന് പരിചയപ്പെടുത്തുക വഴി സാഹിത്യത്തിന്റെ പുതിയ വാതായനം അദ്ദേഹം തുറന്നിട്ടു. വിമോചനസമരം കൊടുമ്പിരിക്കൊണ്ട കാലത്ത് 'വിഷവൃക്ഷം' എന്ന നാടകമെഴുതി ജനപ്രക്ഷോഭത്തിന്റെ ശക്തി ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യമന്ത്രിസഭയെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

സര്‍ഗധനനായ സി.ജെയുടെ ജീവിതത്തില്‍ യാന്ത്രികമായ ജോലിയ്‌ക്കോ സ്ഥിരവരുമാനത്തിനോ പ്രസക്തിയുണ്ടായിരുന്നില്ല. ഒരു ഉദ്യോഗസ്ഥന്റെ കുപ്പായത്തില്‍ അദ്ദേഹത്തിന് ഒരിക്കലും ശാശ്വതമായിരിക്കാന്‍ കഴിഞ്ഞില്ല. നാടകത്തിന്റെ പുതിയ തീരങ്ങള്‍ തേടിയുള്ള യാത്രകള്‍ക്കിടയില്‍ പലപ്പോഴും ജീവിതം ചോദ്യചിഹ്നമായി. പ്രാണനായി പ്രണയിച്ചുവിവാഹം കഴിച്ച റോസിയെയും തനിക്കുപിറന്ന മക്കളെയും സ്‌നേഹിച്ചുകൊതിതീരുംമുമ്പേ തന്നെ സി.ജെയുടെ വിധി മറ്റൊന്നായി. നാല്പത്തൊന്നാം വയസ്സിലാണ് സി.ജെയുടെ ബ്രെയിനില്‍ ട്യൂമര്‍ കണ്ടെത്തുന്നത്. ഒരുവര്‍ഷത്തോളം വെല്ലൂരിലെ ചികിത്സയും ഓപ്പറേഷനും കഴിഞ്ഞെങ്കിലും 1960 ജൂലൈ പതിനാലിന് അദ്ദേഹം വീണ്ടും വരാത്ത ലോകത്തേക്ക് മടങ്ങി. റോസി തോമസ് തന്റെ പുസ്തകത്തില്‍ ആ ദിനത്തെ ഇങ്ങനെ രേഖപ്പെടുത്തുന്നു: ''വേദനയുടെ വിനാഴികകള്‍ കടന്നുപോയി. ശസ്ത്രക്രിയ കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ല. ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരുന്ന എന്റെ ജീവിതസഖാവിനെ ഞാന്‍ കണ്ടു. ഇനിയും ഒരു നിമിഷം പോലും വേദന കൊണ്ടു പിടയാതെ ആ പ്രാണന്‍ പിരിയണമെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. സി.ജെയുടെ ജീവന്‍ അപകടത്തില്‍ നില്‍ക്കുന്ന ആ വിനാഴികയില്‍ എന്നെയും കൊണ്ട് വീണ്ടും എറണാകുളത്തേക്ക് തിരിച്ചു. ഞങ്ങളുടെ പിഞ്ചുമക്കള്‍ അവരുടെ അപ്പനെ ഒരു നോക്കു കാണട്ടെ എന്നുവെച്ചാണ് അങ്ങനെ ഒരു യാത്രയ്ക്ക് ഒരുങ്ങിയതെന്ന് പറഞ്ഞു. എറണാകുളത്ത് വന്ന ദിവസം രാത്രി ഒമ്പത് മണിക്ക് കമ്പി കിട്ടിയതോടുകൂടി മൂത്ത രണ്ടു പിള്ളേരെയും കൊണ്ട് വീണ്ടും വെല്ലൂര്‍ക്ക് പോയി. വെല്ലൂര്‍ ആശുപത്രി ചാപ്പലില്‍ സി.ജെയുടെ ജഡം ഞാന്‍ കണ്ടു. നാട്ടിലേക്ക് ആ ശരീരം കൊണ്ടുവന്നാല്‍ ഒരു പക്ഷേ സംസ്‌കരിക്കാന്‍ തര്‍ക്കങ്ങള്‍ വരും. അതുകൊണ്ട് ആശുപത്രിയോടനുബന്ധിച്ചുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. 1960 ജൂലായ് പതിനാലാം തിയതിയാണ് സി.ജെ ഈ ലോകത്തോട് യാത്ര പറഞ്ഞ് പിരിഞ്ഞത്. അന്ന് ഒരു തരത്തില്‍ എന്റെ ലോകത്തിന്റെ അവസാനമായിരുന്നില്ലേ? ഞാന്‍ ഏതാണ്ടൊക്കെ കുത്തിക്കുറിച്ചു സി.ജെയെപ്പറ്റി.''
ആധുനിക മലയാള നാടകത്തിന്റെ നെടുംതൂണായിരുന്നു സി.ജെ തോമസ്. നവോത്ഥാനവും ലോകമഹായുദ്ധവും പട്ടിണിയും ആശയപ്പോരാട്ടവും ദാമ്പത്യവും തൊഴിലാളി ജീവിതവുമെല്ലാം അദ്ദേഹത്തിന് പ്രമേയങ്ങളായി. സാധാരണക്കാര്‍ തങ്ങളുടെ ജീവിതം ദര്‍ശിച്ചത് സി.ജെയുടെ നാടകങ്ങളിലായിരുന്നു.
Content Highlights: C.J Thomas, Rosy Thomas, Mathrubhumi
Published: 15 Nov 2023, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented