കേശവന്‍, ഗംഗാധരന്‍, ചന്ദ്രശേഖരന്‍ 
എവം കേവലം ഹിന്ദുക്കള്‍ തന്‍ പേര് മാത്രമാണല്ലോ
ആനകള്‍ക്കേകുന്നതോര്‍ത്ത്
നര്‍മജ്ഞന്‍ നാരങ്ങാനത്ത് മനയ്ക്കലത്തമ്പുരാന്‍ ആനപ്രാന്തന്‍
പുതുതായി താന്‍ വാങ്ങിയ കുട്ടിയാനയ്‌ക്കേകുന്നു
കൗതുക
ത്തോടെ വര്‍ഗീസ് എന്ന ക്രിസ്തീയനാമം.

To advertise here,

ചെമ്മനം ചാക്കോയുടെ വര്‍ഗീസ് ആന എന്ന ഹാസ്യകവിത ആരംഭിക്കുന്നതിങ്ങനെയാണ്. അതുവരെ കേട്ട ആനകളുടെ പേരെല്ലാം താരതമ്യപ്പെടുത്തി നോക്കിയ നാരങ്ങാനത്ത് തമ്പുരാന്‍ കണ്ടെത്തിയത് ഹിന്ദുനാമങ്ങള്‍ മാത്രമാണ് ആനകള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നാണ്. സരസനും ജ്ഞാനിയുമായ നമ്പൂതിരി താന്‍ പുതുതായി വാങ്ങിയ ആനക്കുട്ടിക്ക് വര്‍ഗീസ് എന്ന ക്രിസ്തീയനാമം ചാര്‍ത്തിക്കൊടുക്കുന്നു. ആനയില്‍ വര്‍ഗീസ് തന്നെ കേമന്‍ എന്ന് തെളിയിച്ചുകൊണ്ട് വേണ്ടതിലധികം തലയെടുപ്പും ഔന്നത്യവുമായി വര്‍ഗീസ് വളര്‍ന്ന് തിടമ്പിക്കുകയാണ്. ആനപ്രേമം മൂത്ത് ഭ്രാന്തായവരില്‍ ഏറ്റവും വലിയ ഭ്രാന്തുള്ളയാളായ തിരുമേനിക്ക് വര്‍ഗീസിന്റെ തലയെടുപ്പു കണ്ടപ്പോള്‍ അടുത്ത ആഗ്രഹമുദിക്കുകയാണ്. വര്‍ഗീസിനെ ഗുരുവായൂരില്‍ കൊണ്ടുപോയി ഒന്നു കുമ്പിടീക്കണം. ഗുരുവായൂരാണ് തലയെടുപ്പുള്ള ആനകള്‍ക്ക് കേളി കേട്ടയിടം. പോരാത്തതിന് ഗുരുവായൂരപ്പന്റെ കടാക്ഷവും ലഭിക്കും. 

ആനയില്‍ വര്‍ഗീസ് ഒരു കേമനായിത്തീര്‍ന്നു
കണ്ടമാനം ഔന്നത്യം തലയെടുപ്പും ബലക്കൂറും
ആനഭ്രാന്തരില്‍ ഭ്രാന്തനെന്ന് പേരെടും 
നാരങ്ങാനത്തെ തിരുമേനിക്കാഗ്രഹം 
വര്‍ഗീസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി 
പ്രദക്ഷിണം ഒരു വട്ടമെത്തിച്ചു കുമ്പിടിയില്‍ നടത്തിക്കണം. 

തിരുമേനിയും ആനക്കാരനും കാര്യസ്ഥനും കൂടി ഒരുവിധം ആനപ്പുറത്ത് കയറിപ്പറ്റി തിരുവല്ലയില്‍നിന്നു ഗുരുവായൂരേക്ക് വെച്ചുപിടിച്ചു. വര്‍ഗീസിനെ നന്നായി കുളിപ്പിച്ച് തിരുമുമ്പിലേക്ക് ആനയിച്ചപ്പോളാണ് സ്വപ്‌നത്തില്‍ പോലും കരുതാത്ത ഒരു തടസ്സം വര്‍ഗീസിനു മുന്നില്‍ തോട്ടി കണക്കെ വിലങ്ങനെ നിന്നത്. ആനയുടെ തലയെടുപ്പും ഗാംഭീര്യവുമെല്ലാം അതിശയത്തോടെ നോക്കി നിന്ന ക്ഷേത്രത്തിലെ പ്രധാനികളെല്ലാം ആനയുടെ പേരു കേട്ടതോടെ മട്ടുമാറി. 

'അന്യജാതിക്കാര്‍ക്കാര്‍ക്കുമില്ലി പ്രവേശനം'

അന്യജാതിക്കാര്‍ ആരായിരുന്നാലും ശരി അകത്തേക്ക് പ്രവേശനമില്ല! അഹിന്ദുവായ ആനയ്ക്ക് ക്ഷേത്രദര്‍ശനം സാധ്യമല്ല! തിരുമേനിയുടെ കുസൃതി പക്ഷേ പൊട്ടിച്ചിരിയായി വിടര്‍ന്നു എന്നാണ് കവി എഴുതുന്നത്. തലമറിഞ്ഞ് ചിരിച്ച നമ്പൂതിരി ശ്രീകോവിലിലെ കൃഷ്ണനെ നോക്കി ഉറക്കെപ്പറയുന്നു: 
'കൃഷ്ണാ, പേരിലാണിരിപ്പത് ജാതിയെന്നുറപ്പായി...'

പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങളായ സീതയും അക്ബറും പേരുകള്‍ കൊണ്ട് രണ്ട് മതസ്ഥരാണെന്ന് വി.എച്.പി ആരോപിക്കുകയും സിംഹങ്ങളുടെ പേരു മാറ്റാന്‍ കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദശാബ്ദങ്ങള്‍ക്കു മുമ്പേ ചെമ്മനം ചാക്കോ എഴുതിയ 'വര്‍ഗീസ് ആന' എന്ന സറ്റയര്‍ കാലികപ്രസക്തമായിരിക്കുകയാണ്. ജന്തുക്കളുടെ പേരു മാറ്റിയാല്‍ ജാതി മാറുമോ എന്ന സംശയം ബാക്കിനിര്‍ത്തിയാണ് കവിത അവസാനിക്കുന്നത്. വര്‍ഗീസ് ആനയെ അഹിന്ദുവാക്കിയ അതേ മനോഭാവമാണ് അക്ബര്‍ എന്ന സിംഹത്തെ ഇസ്ലാമാക്കിത്തീര്‍ക്കാന്‍ കാണിക്കുന്ന വ്യഗ്രതയ്ക്കു പിന്നില്‍ വര്‍ത്തിക്കുന്നത്.

 ജാതി എന്നാല്‍ ഇനം എന്നുകൂടിയാണ് അര്‍ഥം. ഒരേ സസ്യജന്തുവിഭാഗത്തിലെ വിവിധ ഇനങ്ങളെ തരംതിരിക്കുന്നതും ജാതി തിരിക്കലാണ്. ആണ്‍ജാതി, പെണ്‍ജാതി തുടങ്ങിയവ. ഹിന്ദുവായ ആനയ്ക്കു മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനമുള്ളൂ എന്നാണ് കവിതയില്‍ പറഞ്ഞിരിക്കുന്നത്. ആന വര്‍ഗീസായതുകൊണ്ട്  ക്രിസ്ത്യനാണ്. മനുഷ്യരായാലും മൃഗങ്ങളായാലും ശരി അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സാധ്യമല്ല എന്നാണ് ആനയെ അതുവരെ കൗതുകത്തോടെ നോക്കിനിന്ന മേലാളന്മാരായ തമ്പുരാക്കന്മാര്‍ പറഞ്ഞത്. ഓരോന്നിന്റെയും ജാതി നിശ്ചയിക്കുന്നത് പേരാണല്ലോ എന്ന അതിശയമാണ് കവി പങ്കുവെക്കുന്നത്. 

placeholder
ചിത്രീകരണം : ബാലു

ഭാവനയിലെ വര്‍ഗീസും യാഥാര്‍ഥ്യത്തിലെ അക്ബറും  

ചെമ്മനം ചാക്കോയുടെ ഭാവനയിലെ വര്‍ഗീസ് ആന ജാതി വിവേചനം നേരിട്ടിരുന്ന കാലത്തുതന്നെയാണ് അപ്പച്ചന്‍ പ്ലാത്തോട്ടത്തിലിന്റെ അക്ബര്‍ എന്ന ആന ഏറ്റുമാനൂരപ്പന്‍ ക്ഷേത്രത്തില്‍ പതിനാല് വര്‍ഷക്കാലം തിടമ്പേറ്റിയത്. വര്‍ഗീസ് ആനയെ വരച്ചുവെച്ചതുപോലെയായിരുന്നു അക്ബര്‍ എന്ന ആന. ഗാംഭീര്യമുള്ള തലയെടുപ്പും ആകാരഭംഗിയും അക്ബറിനെ വേറിട്ടുനിര്‍ത്തി. കോഴിക്കോട്ടെ ഒരു മുസ്ലിം കുടുംബത്തില്‍ നിന്നാണ് അക്ബറിനെ അപ്പച്ചന്‍ വാങ്ങുന്നത്. സാധാരണ മുതലാളിമാര്‍ മാറുന്നതിനനുസരിച്ച് മൃഗങ്ങളുടെ പേരും മാറുക പതിവാണ്. പക്ഷേ ഇവന്‍ അക്ബര്‍ എന്ന പേരില്‍ത്തന്നെ തുടരട്ടെ എന്ന് അപ്പച്ചന്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിനന്ന് ഏഴ് ആനകള്‍ ഉണ്ട്. കൂപ്പിലെ പണികള്‍ക്കും ഉത്സവങ്ങളിലെ എഴുന്നള്ളിപ്പുമാണ് പ്രധാന വരുമാന മാര്‍ഗം. മുപ്പത്തിയഞ്ച് വര്‍ഷക്കാലം അക്ബര്‍ അപ്പച്ചനുവേണ്ടി ജോലിയെടുത്തു. അക്ബര്‍ ചരിയുമ്പോള്‍ പ്രായം എഴുപത് കടന്നിരുന്നു. അത്രയും കാലത്തിനുള്ളില്‍ അക്ബര്‍ തിടമ്പേറ്റാത്ത ദൈവങ്ങളില്ല. ഈരാറ്റുപേട്ടയിലെയും എരുമേലിയിലെയും എറണാകുളത്തെയും ക്ഷേത്രങ്ങള്‍ അക്ബറിനുകൂടി അവകാശപ്പെട്ടതായിരുന്നു. അക്ബര്‍ കയറാത്ത അമ്പലങ്ങളൊന്നും ആ പ്രദേശത്തില്ല. 

അപ്പച്ചന്‍ പ്ലാത്തോട്ടത്തിലിന്റെ പക്കല്‍ എത്തിയതു മുതല്‍ മരണം വരെ ഒരേയൊരു പാപ്പാന്‍ മാത്രമേ അക്ബറിനുണ്ടായിരുന്നുള്ളൂ. ഒന്ന് പിണങ്ങി കാല് പിണച്ചുവെച്ച സംഭവം പോലും അക്ബറിന്റെ ജീവചരിത്രത്തിലില്ല. ഉത്സവക്കാലത്ത് അക്ബറിനെ കിട്ടാനായി ക്ഷേത്രകമ്മറ്റിക്കാര്‍ മുന്‍കൂട്ടിത്തന്നെ ബന്ധപ്പെടുകയാണ് പതിവ്. മൃഗങ്ങള്‍ക്ക് ജാതിയും മതവും കല്‍പിച്ചുകൊടുക്കാത്ത കാലം. സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോകേണ്ടതുകൊണ്ട്, മറ്റൊരു വരുമാനമാര്‍ഗം കൂടിയായതിനാല്‍, അക്ബറിന്റെ പേര് ഹൈന്ദവനാമവുമായി ബന്ധിപ്പിച്ചേക്കാം എന്ന കച്ചവടതന്ത്രം അപ്പച്ചന്‍ പ്ലാത്തോട്ടത്തിനില്ലായിരുന്നു. അക്ബര്‍ അക്ബറായിക്കൊണ്ടുതന്നെ ക്ഷേത്രങ്ങളില്‍ പോയി തിടമ്പേറ്റട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അക്ബര്‍ ചരിഞ്ഞപ്പോള്‍ ഏറ്റുമാനൂരപ്പന്‍ ക്ഷേത്രക്കമ്മറ്റിയുള്‍പ്പെടെയുള്ളവര്‍ റീത്തുമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. കേരളത്തിലെ ആനകള്‍ക്കോ മറ്റ് മൃഗങ്ങള്‍ക്കോ മനുഷ്യരില്‍നിന്നും പേരിന്റെ കാരണത്താല്‍ ജാതിവിവേചനം നേരിടുന്ന കാലമുണ്ടാകില്ലെന്ന് അപ്പച്ചന്‍ പ്ലാത്തോട്ടം ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു.