തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇന്റർ മീഡിയറ്റിന് പഠിക്കുമ്പോഴാണ് ഞാൻ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ കവിത വായിച്ചത്. അതിന്റെ ആഹ്ളാദത്തിൽ അദ്ദേഹത്തിന് കത്തയച്ചു. മറുപടി മടക്കത്തപാലിൽ വന്നു. അത് ഇപ്രകാരമായിരുന്നു: ‘വിമർശകരുടെ ശകാരംപോലും വകവെക്കാത്തവനാണ് ഞാൻ. പക്ഷേ, നിങ്ങളുടെ ശുദ്ധമായ ആസ്വാദനത്തിന്റെ അഭിനന്ദനം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു...’ 
 പിൽക്കാലത്ത്  കവിതയിൽ ഏറ്റവും കൂടുതൽ ഞാൻ സംസാരിച്ചതും എഴുതിയതും ഗുരുദേവനും കുമാരനാശാനും കഴിഞ്ഞാൽ ചങ്ങമ്പുഴയെക്കുറിച്ചാണ്.

To advertise here,

സമൂഹത്തിന്റെ സദാചാരത്തിനിണങ്ങുന്നതായിരുന്നില്ല  കവിജീവിതം. ഇണക്കവും പിണക്കവും ക്ഷോഭവിക്ഷോഭങ്ങളും ഇടകലർന്ന മാനസികാവസ്ഥകൾ. അതിനെല്ലാമിടയിലാണ് ആ അസാമാന്യപ്രതിഭയുടെ  കാവ്യപ്രപഞ്ചം ഉയർന്നുവന്നത്. അത് മലയാളികളുടെ പലതലമുറകളെ വശീകരിച്ചും ഭ്രമിപ്പിച്ചുംകൊണ്ടിരുന്നു. ഇപ്പോഴും അത് തുടരുന്നു.

ഏറെ വിമർശനം നേരിട്ടാണ് കാവ്യലോകത്തിൽ ചങ്ങമ്പുഴ സ്ഥാനമുറപ്പിക്കുന്നത്. എതിർത്തവരുടെ കൂട്ടത്തിൽ സഞ്ജയനെപ്പോലെയുള്ള പ്രസിദ്ധരുമുണ്ടായിരുന്നു. ചങ്ങമ്പുഴ കാവ്യരചന നിർത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം അധികം വൈകാതെ  ഒരു ഗ്രന്ഥശാല പരസ്യപ്പെടുത്തുകയും ചെയ്തു. അതിനുനേർക്ക് പ്രതികരിച്ചുകൊണ്ട് ചങ്ങമ്പുഴ ഒരു കവിതയും എഴുതിയിട്ടുണ്ട്. പ്രതികൂലവിമർശനങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തിന് അനായാസം സാധിച്ചത് കവിത്വത്തിന്റെ ബലത്തിലാണ്. കവിതയുടെ അനിർവചനീയമായ ലാവണ്യം അദ്ദേഹത്തെ സഹൃദയരുടെ പ്രീതിഭാജനമാക്കിത്തീർത്തു. സഹൃദയസദസ്സാകട്ടെ വിപുലവും സജീവവുമായിരുന്നു. അദ്ദേഹം ആദ്യംമുതൽക്കുതന്നെ സൗന്ദര്യപക്ഷത്താണ് നിലയുറപ്പിച്ചത്. വിഷാദം, മരണാനുരാഗം തുടങ്ങിയ ഭാവങ്ങളും അതിൽ കലർന്നിരുന്നു.
‘ആരുവാങ്ങുമിന്നാരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം’ എന്നു തുടങ്ങുന്ന കവിത അന്ന് വിദ്യാർഥികളും യുവാക്കളും ആവർത്തിച്ചു ചൊല്ലിനടക്കുന്നത്  കേട്ടിട്ടുണ്ട്. പൂമാല വിൽക്കാനിറങ്ങിയ ദരിദ്രയായ കുട്ടി ഒരു ഇടയബാലന് അത് വെറുതേ നൽകുകയാണ് ചെയ്യുന്നത്. പട്ടിണിമാറ്റാനുള്ള പണം കിട്ടാനാണ് ഇറങ്ങിയതെങ്കിലും ഇടയബാലന്റെ മുരളീഗാനത്തിനാണ് പണത്തെക്കാൾ അധികം അവൾ വിലമതിച്ചത്. ഈ സൗന്ദര്യപൂജ ചങ്ങമ്പുഴക്കവിതകളിൽ എപ്പോഴും ഹൃദയസ്പർശിയാംവിധം കലർന്നിരുന്നു. അവസാനകവിതകളിലൊന്നായ ‘മനസ്വിനി’യിലെ ഏതാനും വരികൾ ഓർമിച്ചുപോകുന്നു.

‘പലപല രമണികൾ വന്നൂ, വന്നവർ
പണമെന്നോതി-നടുങ്ങീ ഞാൻ.
പലപല കമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ-നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം
എന്നോടരുളി: ‘യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴൽ മതിയല്ലോ!...
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!...’
ഇവിടെയും പദവിയല്ല, പണമല്ല ഗാനമാധുരിയാണ് കവിഹൃദയത്തിന്റെ പ്രകീർത്തനത്തിന് വിഷയം. സ്വന്തം കാവ്യദർശനം ചങ്ങമ്പുഴ സുവ്യക്തമായി പ്രഖ്യാപിക്കുന്നതും ഈ കവിതയിലാണ്.
‘മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കൽപ്പന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാൻ!...’

ഇപ്രകാരം ആത്മവിസ്മൃതിയോട്‌ ലയംപ്രാപിച്ച അലൗകികമായ ഭാവവിശേഷങ്ങൾ ആവിഷ്‌കരിക്കുന്നതിനാണ് ആ പ്രതിഭ എപ്പോഴും വെമ്പിയത്. അക്കാര്യത്തിൽ അദ്ദേഹം ഫ്രഞ്ച് സിംബലിസ്റ്റ് കവികളോട് ബന്ധപ്പെട്ടിരിക്കുന്നു. പുരോഗമനസാഹിത്യത്തിന്റെ വാർഷികസമ്മേളനത്തിൽ ചങ്ങമ്പുഴചെയ്ത അധ്യക്ഷപ്രസംഗം ഇക്കാര്യം വ്യക്തമാക്കുന്നു. ബോദ് ലയർ, മലാർമേയ്‌ തുടങ്ങിയ കവികളുമായുള്ള ബന്ധം അതിൽ പരാമൃഷ്ടമാകുന്നുണ്ട്. പ്രതിഭയുടെ പ്രാപ്യസ്ഥാനമായി അലൗകികാനുഭൂതികളുടെ ആവിഷ്‌കരണത്തെ അംഗീകരിച്ചെങ്കിലും സമകാലികജീവിതത്തോട് പ്രതികരിക്കാൻ ചങ്ങമ്പുഴ എപ്പോഴും മുതിർന്നു. സമൂഹത്തിലെ ദാരിദ്ര്യം, ഉച്ചനീചത്വം മുതലായവയ്ക്കെതിരേ അദ്ദേഹത്തിന്റെ തൂലിക പ്രതിഷേധിക്കാൻ മടിച്ചില്ല. ആ പ്രതിഷേധത്തിനിടയിൽ അദ്ദേഹം ദൈവത്തെപ്പോലും പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

‘വിത്തനാഥന്റെ ബേബിക്കു പാലും 
നിർദ്ധനച്ചെറുക്കന്നുമിനീരും 
ഈശ്വരേച്ഛയല്ലാകിലമ്മട്ടു- 
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ!’
എന്ന് ശക്തമായി അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനോടു ബന്ധപ്പെട്ടാണ് കാൾ മാർക്‌സിനെ അദ്ദേഹം സ്വാഗതംചെയ്യുന്നതും. അത്തരം കാര്യങ്ങളിൽ ചങ്ങമ്പുഴ എപ്പോഴും ഉറച്ചുനിന്നെന്നു പറഞ്ഞുകൂടാ. കാരണം അദ്ദേഹത്തിന്റെ അന്തരാത്മാവിനെ സ്ഥായിയായി അലട്ടിയിരുന്നത് മരണം എന്ന സമസ്യയാണ്. രചനയുടെ ആരംഭദശയിൽത്തന്നെ

‘ഒരു മരതകപ്പച്ചിലക്കാട്ടിലെൻ
 മരണശയ്യ വിരിക്കൂ സഖാക്കളേ!
വസുധയോടൊരു വാക്കു ചൊന്നിട്ടിതാ 
വരികയായി ഞാൻ അൽപ്പം-ക്ഷമിക്കണേ...’
എന്ന് സ്വച്ഛന്ദമായി അദ്ദേഹം എഴുതിയിട്ടുണ്ട്. പിന്നീട്,
‘ലോകം ശാശ്വതമല്ല, ജീവിതസുഖ-
സ്സ്വപ്നങ്ങൾ മായും, വരും
ശോകം, മായിക ബുദ്ബുദങ്ങൾ മറയും,
പായും സരിത്സഞ്ചയം,
നാകം കാല്പനികോജ്ജ്വലാങ്കിതലസൽ
ക്കാനൽജ്ജലം! പിന്നെ,യെ-
ന്തേകം, സത്യ, മനശ്വരം?-മൃതി! യതേ,
മൃത്യോ, ജയിക്കുന്നു നീ!’

എന്നും വരികളുണ്ട്.
അതെ, അദ്ദേഹത്തിന്റെ വീക്ഷണത്തിൽ എപ്പോഴും മൃതിയുടെ സാന്നിധ്യമുണ്ട്. ആ സാന്നിധ്യമാണ് ജീവിതത്തിന്റെ  നേർക്ക്‌ വിഷാദാത്മക വീക്ഷണത്തിൽനിന്ന് വിമുക്തനാകാൻ അദ്ദേഹത്തെ അനുവദിക്കാതിരുന്നത്.

എങ്കിലും ചിലനേരങ്ങളിൽ പുരോഗതിക്ക് വിഘാതമായ പാരമ്പര്യത്തിനു നേരെവരെ ഗർജിക്കാതിരിക്കുന്നില്ല. ചുട്ടെരിക്കിൻ എന്ന കവിതതന്നെ ഉദാഹരണം. ആ ഗർജനം ഇതരരാഷ്ട്രീയദർശനങ്ങളുടെ നേർക്കും ഉയരുന്നതുകാണാം.
‘വേദം നാലും നരച്ചു, നരനിനിയുമഹോ 
കിട്ടിയില്ലഷ്ടി, വേർത്തു 
വേദാന്തം വീശി നേരിൻ വിശറി, മണലിലോ 
കട്ടകെട്ടുന്നു രക്തം 
സ്വാതന്ത്ര്യം ഹാ സമത്വം 
സഹജ സഹജമാം 
സൗഹൃദം ശാന്തിസർവ്വം 
നാദം നാദം! -ഭ്രമിക്കായ്കണിയറയിലോ
 തോക്കു തീർക്കും തിടുക്കം...!’

അവസാനകാലത്തെഴുതിയ മുക്തകങ്ങളിൽ ശൂന്യവാദംവരെ തുടിക്കുന്നതായി നാം അനുഭവിക്കുന്നു.
‘ചാരായക്കടയാണ് ലോകമിവിടെ 
കോലാഹലം സൗഹൃദം 
ചേരും തേന്മൊഴി, വാക്യമാത്മകഥനം 
വേദാന്തമായോധനം
ഓരോ ഡ്രാം സുഖതൃഷ്ണ, കമനിയാം 
പൂവൻപഴം മിഥ്യ തൻ 
ഓരോ നോട്ടുകൾ  എന്തിനെന്നെയിവിടേക്കെത്തിച്ചു ഹാ വിധേ’
എന്നുവരെ വിഭ്രാന്തമായി ശബ്ദിച്ച് ശൂന്യവാദത്തിന്റെ സീമകളിൽ അദ്ദേഹം പ്രവേശിക്കുന്നതുകാണാം.

ചങ്ങമ്പുഴയുടെ കാവ്യലോകത്തിൽ ഹൃദയാവർജകമാംവിധം വേറിട്ടുനിൽക്കുന്നതാണ് ‘വാഴക്കുല’. പതിതരുടെ നേർക്കുള്ള അദ്ദേഹത്തിന്റെ അഗാധമായ അനുഭാവം അതിലെങ്ങും സ്പന്ദിക്കുന്നു. അടിയാളരുടെ സംഭാഷണം സ്വാഭാവികമായരീതിയിൽ അതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. വാഴക്കുലയുംകൊണ്ട് തിരുമേനി പോകുമ്പോൾ കൂട്ടക്കരച്ചിൽ ഉയരുന്നതുകൊണ്ട് കാവ്യം അവസാനിക്കുന്നില്ല. ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ’  എന്ന ചോദ്യം കാവ്യത്തിൽ മുഴങ്ങിനിൽക്കുന്നു. അതിനുള്ള ഉത്തരം ഇന്ന് നാം കണ്ടുകഴിഞ്ഞതാണല്ലോ.

എല്ലാറ്റിനുമുപരിയായി താരുണ്യത്തിന്റെ തളിരെന്നു പറയാവുന്ന അനുരാഗഭാവത്തിനാണ് ചങ്ങമ്പുഴ കവിതകളിൽ സ്ഥായിയായ സ്ഥാനമുള്ളതെന്ന് പറയുന്നതിൽ തെറ്റില്ല. കുമാരനാശാന്റെ കാല്പനികമായ പ്രേമഭാവത്തിൽനിന്ന് അത് ഭിന്നമാണ്. ലൗകികമായ വർണങ്ങളാൽ ചങ്ങമ്പുഴയുടെ അനുരാഗ ആവിഷ്‌കരണങ്ങളൊക്കെയും ശബളാഭമാണ്.

‘സ്പന്ദിക്കുന്ന അസ്ഥിമാടം’ എന്ന കവിതയിലെന്നപോലെ പാലപൂത്ത പരിമളമെത്തി പാതിരാവിനെ പുണരുകയും, വസന്തകാലചന്ദ്രിക മദാലസയായി നൃത്തംചെയ്യുകയും അസ്ഥിമാടം അനുരാഗത്തിന്റെ ശബ്ദം  പുറപ്പെടുവിക്കുകയും അതിനെല്ലാം സാക്ഷിയായി താരകങ്ങൾ ആകാശത്തിന്റെ അനന്തതയിൽ നോക്കിനിൽക്കുകയും  ചെയ്യുന്ന രംഗങ്ങൾ അനുവാചകരെ മറ്റൊരു ലോകത്തിലേക്കുയർത്തും. ചങ്ങമ്പുഴയുടെ കാവ്യലോകത്തിലെ കാതലായഭാഗം അതാണ്.

37-ാം വയസ്സിൽ അകാലചരമം പ്രാപിക്കുന്നതിനുമുമ്പ്  വിശ്വസാഹിത്യത്തിൽനിന്ന് നാടകങ്ങളും കവിതകളും അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകകൂടി ചെയ്തു. ചങ്ങമ്പുഴയുടെ സംഭവനകൾ ഇനിയും കേരളം വേണ്ടത്ര വിലമതിച്ചിട്ടില്ല.

പി. ഭാസ്‌കരൻ ‘പാടുന്ന മൺതരികളി’ൽ എഴുതിയ വരികൾ ഓർമവരുന്നു.
‘ഇനിയും രാക്കൾ നിലാവിൽ കുളിക്കും
ഇനിയും പൂക്കൾ നിലാവിൽ ചിരിക്കും
ഇനിയും മാധവമാസങ്ങളെത്തി
വനിയിൽ വാടിയിൽ ചിത്രം വരയ്ക്കും
ഇനിയും രാഗിതൻ ചുംബനമേൽക്കെ
രമണിയാൾക്കുടൽ കോരിത്തരിക്കും
രമണന്മാരെത്തി നാളെയും ജീവൻ
കയറിൻ തുമ്പിൽ കുരുക്കി! ഞെരിക്കും
മലയാളത്തിന്റെ മാറത്തിനിയും
പുലയമാടത്തിൽ മാടത്ത പാടും
കുലകളേന്തിയ തൈവാഴച്ചോട്ടിൽ
പശിയിൽ നീറിയ കുഞ്ഞുങ്ങൾ ചാകും
മനസ്സലിഞ്ഞതു പാടുവാൻ നീളെ
കഴിവെഴുന്നവൻ ആരുണ്ടു നാളെ?’