
സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ ബൃന്ദാ കാരാട്ടിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ചിന്ത ബുക്‌സ് പ്രസിദ്ധീകരിച്ച 'റീത്തയുടെ പാഠങ്ങള്‍.' ഡല്‍ഹി എന്ന നഗരം തന്നിലെ നേതാവിനെ പരുവപ്പെടുത്തിയതെങ്ങനെയെന്നും സംഘടിതപ്രവര്‍ത്തനങ്ങള്‍ താഴെക്കിടയിലുള്ള തൊഴിലാളികള്‍ക്കിടയില്‍ നടത്താനും സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുക്കാനും അവര്‍ക്ക് സുരക്ഷിതമായ ജീവിതപശ്ചാത്തലം ഒരുക്കാനും എന്നും മുന്‍പത്‌നിയിലാണ് ബൃന്ദകാരാട്ട്. തൊഴിലാളി പ്രസ്ഥാനത്തിനായി ജീവിതം മാറ്റിവെക്കുന്നതിനിടയില്‍ പങ്കാളിയായ വന്ന പ്രകാശ് കാരാട്ടിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ബൃന്ദ എഴുതുന്നു.
ഡല്‍ഹിയിലേക്ക് മാറി ആറു മാസത്തിനുള്ളില്‍ ഞാന്‍ വിവാഹിതയായി. സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ് എഫ് ഐ) ദേശീയ അധ്യക്ഷനായിരിക്കെ പ്രകാശ് കല്‍ക്കത്ത സന്ദര്‍ശിച്ചപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ ആദ്യം കണ്ടത്. ഡല്‍ഹിയില്‍വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി, ഞങ്ങളുടെ ബന്ധം വളര്‍ന്നു - പാര്‍ട്ടിയുടെ രണ്ട് മുഴുവന്‍സമയ പ്രവര്‍ത്തകരായ, ആദര്‍ശവാദികളായ യുവാക്കള്‍. വിവാഹം കഴിച്ച് ഞങ്ങളുടെ ബന്ധം ഔപചാരികമാക്കേണ്ടതുണ്ടോ എന്ന് ഞങ്ങള്‍ ചര്‍ച്ചചെയ്തു. നമ്മുടെ സഖാക്കളില്‍ പലരും ജയിലില്‍ കിടന്നിരുന്ന അടിയന്തരാവസ്ഥ ഒരു വിവാഹത്തിന് അനുയോജ്യമായ സമയമായിരുന്നില്ല. സഖാവ് സുര്‍ജീത്തിനോട് പ്രകാശ് ആലോചിച്ചു. അങ്ങനെയെങ്കില്‍ വിവാഹം കഴിക്കുന്ന കാര്യം മറക്കണമെന്ന് പുഞ്ചിരിയോടെ സുര്‍ജീത് പറഞ്ഞു. കാരണം അടിയന്തരാവസ്ഥ എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ല. എന്നാല്‍ പോലീസ് ക്ഷണിക്കപ്പെടാത്ത അതിഥികളായേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി! ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, നവംബര്‍ 7 ഞങ്ങളുടെ വിവാഹദിനമായി തിരഞ്ഞെടുത്തു - റഷ്യന്‍ വിപ്ലവത്തിന്റെ വാര്‍ഷികദിനം.

പാതി ഒളിവിലായ വരന്‍, വധുവും വരനും അപരനാമങ്ങളില്‍, സുധീര്‍ എന്ന പ്രകാശും റീത്ത എന്ന ഞാനും - സ്വാഭാവികമായും വിവാഹവേദി പ്രശ്‌നമായി. ഒടുവില്‍ ഡോ. വീണ മജുംദാറിന്റെ ഔദാര്യത്താല്‍ പ്രശ്‌നം പരിഹരിച്ചു, അവര്‍ തന്റെ വീട് തുറന്നുതന്നു. അവരുടെ മക്കളായ ഇന്ദ്രാണിയും ശാശ്വതിയും ജെ എന്‍ യുവില്‍ വിദ്യാര്‍ത്ഥികളായിരുന്നു, അവര്‍ വഴിയാണ് പ്രകാശ് വീണ മജുംദാറിനെ പരിചയപ്പെട്ടത്. പോലീസ് വീട്ടില്‍ വന്നേക്കുമെന്ന് പ്രകാശ് മുന്നറിയിപ്പ് നല്‍കി. അവര്‍ക്ക് കൂസലുണ്ടായില്ല. തന്റെ ജീവിതത്തില്‍ ഒന്നിലധികം പോലീസുകാരോട് താന്‍ ഇടപെട്ടിട്ടുണ്ടെന്ന് അവര്‍ തമാശ പറഞ്ഞു. അന്നാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. അവര്‍ എന്റെ ജീവിതത്തില്‍ ഇത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഞങ്ങളുടെ അതിഥികളുടെ പട്ടിക നിയന്ത്രിച്ചിരുന്നു. എന്റെ സഹോദരിമാരായ ജൂനിയും രാധയും, അനിയത്തിയുടെ ഭര്‍ത്താവ് പ്രണോയി, രണ്ട് വികൃതികളായ മരുമക്കള്‍, ഷോണാലി (ഒമ്പത് വയസ്സ്), അതിയ (അഞ്ച്) എന്നിവരായിരുന്നു വധുവിന്റെ പക്ഷം. പിന്നെ പ്രകാശിന്റെ അമ്മയും ഞങ്ങളുടെ കുറച്ചു സുഹൃത്തുക്കളും ചേര്‍ന്ന് ഇരുപതോളം പേരായിരുന്നു ഒത്തുകൂടിയത്. അവരുടെ കൂട്ടത്തില്‍ എന്റെ സുഹൃത്ത് മധുവും ഉണ്ടായിരുന്നു. ഞാന്‍ ദില്ലിയില്‍ എത്തിയപ്പോഴേക്കും അവള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അവിടെവെച്ച്, ഡിയുവിലെ എസ് എഫ് ഐയുടെ സ്ഥാപകരിലൊരാളായ, മികച്ച സംഘാടകനായ രാജേന്ദ്ര പ്രസാദിനെ കണ്ടുമുട്ടുകയും അവര്‍ പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. പ്രകാശും രാജേന്ദ്രപ്രസാദും നല്ല സുഹൃത്തുക്കളായിരുന്നു, കോളേജ് ഹോസ്റ്റലില്‍ മധുവും ഞാനും ഒരു മുറിയിലായിരുന്നു. ഞങ്ങളുടെ രഹസ്യവിവാഹത്തില്‍ സുനീതിനെപ്പോലെ അവര്‍ രണ്ടുപേരും സന്നിഹിതരായിരുന്നു, വാസ്തവത്തില്‍ ഇവിടെയും ചില സംഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ രാജന്‍ ഏറ്റെടുത്തിരുന്നു! വിവാന്‍ സുന്ദരം എന്ന കലാകാരനും ക്യാമറയുമായി ഉണ്ടായിരുന്നു. ഈ പുസ്തകത്തിലെ വിവാഹ ഫോട്ടോഗ്രാഫുകള്‍ അദ്ദേഹത്തിന്റേതാണ്. അപ്പന്‍ മേനോനായിരുന്നു മറ്റൊരു വിശിഷ്ടാതിഥി. പ്രകാശിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. അങ്ങേയറ്റം ഊഷ്മളതയുള്ള, മാന്യനായ അദ്ദേഹം പിന്നീട് ഒരു പത്രപ്രവര്‍ത്തകനായി. കേരള ശൈലിയിലുള്ള വെള്ളമുണ്ടും തൂവെള്ള ഷര്‍ട്ടും വിവാഹവസ്ത്രമായി പ്രകാശിന് സമ്മാനിച്ചത് അപ്പനാണെന്ന് തോന്നുന്നു.
ഉജ്വലനായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ഗോപാലന്‍ എന്ന എ കെ ജിയും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും തൊഴിലാളി, വനിതാ പ്രസ്ഥാന നേതാവുമായിരുന്ന സുശീലയും ആ സമയത്ത് ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. അവര്‍ സഖാവ് സുര്‍ജീത്തിനൊപ്പം വിവാഹത്തിന് നേതൃത്വം നല്‍കി. വീണച്ചേച്ചി (വീണ മജുംദാര്‍) വൃത്തിയായി അടുക്കിവച്ചിരുന്ന പരവതാനികള്‍ താഴെ വിരിച്ച് അതിഥികള്‍ സുഖമായി ഇരുന്നു.
ഞാനും പ്രകാശും വെവ്വേറെ എഴുതി തയാറാക്കിയ പ്രതിജ്ഞ വിപ്ലവത്തിനായി സമര്‍പ്പിച്ചുകൊണ്ട് വായിക്കുകയും പൂമാലകള്‍ പരസ്പരം ചാര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് എ കെ ജിയും സുര്‍ജീത്തും ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു. പ്രസംഗത്തിനിടയില്‍ എ കെ ജി എന്നെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചുകൊണ്ട്, 'ഈ യുവാവ് നിന്നെ എപ്പോഴെങ്കിലും ശല്യപ്പെടുത്തിയാല്‍ എന്നോട് പറയണം' എന്നു പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു. കാള്‍ മാര്‍ക്‌സിനെയും ജെന്നിയെയും കുറിച്ച് സഖാവ് സുര്‍ജീത് സംസാരിച്ചു, തൊഴിലാളിവര്‍ഗത്തിനും സോഷ്യലിസത്തിനും വേണ്ടി അവര്‍ചെയ്ത നിരവധി ത്യാഗങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു, 'ജെന്നി മാര്‍ക്സ് ആദര്‍ശ കമ്യൂണിസ്റ്റ് ഭാര്യയായിരുന്നു'; ഞാന്‍ രഹസ്യമായി പ്രകാശിനെ നോക്കി. ഞാന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, സഖാവ് സുര്‍ജീത്തില്‍ അവന്റെ കണ്ണുകള്‍ ഉറച്ചുനിന്നു. ഇല്ല, ഒരു 'ആദര്‍ശ
ഭാര്യ' ആകാന്‍ എനിക്ക് ഉദ്ദേശ്യമില്ലായിരുന്നു, കമ്യൂണിസ്റ്റായാലും അല്ലെങ്കിലും!
ചടങ്ങ് അവസാനിച്ചപ്പോള്‍, കള്ളപുഞ്ചിരിയോടെ അതിയ, പെട്ടെന്ന് പ്രകാശിന്റെ മുന്നില്‍വന്ന് ഒരു വെള്ളിച്ചെപ്പ് നീട്ടി. സിന്ദൂരച്ചെപ്പായിരുന്നു അത്. വിവാഹിതയായ സ്ത്രീയുടെ അടയാളം. പ്രകാശ് എന്റെ കണ്ണുകളിലേക്ക് നോക്കി. സ്ത്രീകള്‍ക്ക് മാത്രമുള്ള വിവാഹ ചിഹ്നങ്ങള്‍ എനിക്ക് ഇഷ്ടമല്ലെന്ന് പ്രകാശിനറിയാമായിരുന്നു. എന്നാലും, ഒരു തര്‍ക്കം ഒഴിവാക്കാന്‍ ഞാന്‍ സമ്മതം മൂളി. പ്രകാശ് എന്റെ മുടി രണ്ടായി വകഞ്ഞുമാറ്റി തന്റെ വിരല്‍ സിന്ദൂരത്തില്‍ മുക്കി ശ്രദ്ധയോടെ ഒരു ചുവന്ന പൊട്ടുതൊട്ടു. നടപടിക്രമങ്ങളില്‍ ബംഗാളിന്റെ സ്പര്‍ശം വേണമെന്ന് നിശ്ചയിച്ച ജൂനിയാണ് അതിയയെ അതിനായി പ്രേരിപ്പിച്ചത്. ഞാന്‍ ആദ്യമായും അവസാനമായും സിന്ദൂരം തൊട്ടത് അന്നാണ്!
ഞാന്‍ പങ്കെടുത്ത ആദ്യത്തെ 'പാര്‍ട്ടി കല്യാണം' എന്റേതായിരുന്നു. വലിയ പണച്ചെലവു കൂടാതെ, മതപരമായ അനുഷ്ഠാനങ്ങള്‍ ഇല്ലാതെ നമ്മുടെ യുവാക്കള്‍ നടത്തിയ നൂറുകണക്കിന് വിവാഹങ്ങളില്‍ പിന്നീട് ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പുരുഷാധിപത്യപരമായ കന്യാദാനം പോലുള്ള ആചാരങ്ങള്‍ - മകളെ വരന് 'സമ്മാനം' നല്‍കുന്നു - ഇല്ലാതെ ലളിതവും മാന്യവും അര്‍ത്ഥപൂര്‍ണ്ണവുമായ രീതിയില്‍ വിവാഹം ചെയ്യുന്നതിലൂടെ ഒരു ബദല്‍ സംസ്‌കാരത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്. തീര്‍ച്ചയായും ടെക്സ്‌റ്റൈല്‍ യൂണിയനിലെ എന്റെ സഖാക്കള്‍ക്ക് ഞാന്‍ മധുരപലഹാരം വാങ്ങിക്കൊടുത്തു - തിരിച്ച് അവരുടെ അനുഗ്രഹം ഞാന്‍ വാങ്ങി.
അന്നുമുതല്‍ ഇന്നുവരെ ഞങ്ങളുടെ പ്രതിജ്ഞ ഞങ്ങള്‍ ലംഘിച്ചിട്ടില്ല - പാര്‍ട്ടിയോടും ഞങ്ങളുടെ ജോലിയോടും പരസ്പരവും നല്‍കിയ പ്രതിജ്ഞ. എന്റെ ജോലിയുടെ ഒരു കാര്യത്തിലും ഇടപെടാതെ, എന്നാല്‍ നല്ലതും ചീത്തയുമായ എല്ലാ സമയത്തും പ്രകാശ് എപ്പോഴും ഒരു പാറ പോലെ എന്റെയൊപ്പം ഉണ്ടായിരുന്നു.
എന്റെ ആശ്രയം
സാമൂഹ്യജീവിതത്തില്‍, തനിക്കറിയാത്ത ഒരു ലോകത്ത് ഒറ്റയ്ക്ക് ഒരു യുവതിക്ക് തന്റെ വഴി കണ്ടെത്തുക എളുപ്പമല്ല.
പക്ഷേ, ആശ്രയമായി എല്ലായ്പ്പോഴും എന്റെ കുടുംബത്തിന്റെ പിന്തുണ ഭാഗ്യവശാല്‍ എനിക്കുണ്ടായിരുന്നു, എന്നാല്‍ അവര്‍ എന്റെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാറുമില്ല. കല്‍ക്കത്തയിലെ ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍, വാടകയ്ക്ക് താമസം മാറുന്നതുവരെ ഞാന്‍ ജൂനിയോടൊപ്പം താമസിച്ചു. വടക്കന്‍ ബംഗാളിലെ ഒരു തേയിലത്തോട്ടത്തില്‍ മാനേജരായിരുന്ന എന്റെ ജ്യേഷ്ഠന്‍ ഇടയ്ക്ക് എന്നെ കാണാന്‍ വരുമായിരുന്നു. അദ്ദേഹം എന്റെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍, ഞാന്‍ എന്റെ പാതയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുകണ്ട അച്ഛന്‍, വളരെ കര്‍ശനമായ ബജറ്റിലാണെങ്കിലും എന്നെ സാമ്പത്തികമായി സഹായിച്ചു. എന്റെ ജോലിയുമായി അച്ഛന്‍ ഒത്തുതീര്‍പ്പിനു തയ്യാറായതോടെ പാര്‍ട്ടിയെക്കുറിച്ച് നല്ല കാര്യങ്ങള്‍ അദ്ദേഹത്തിനു പറയാനുണ്ടായി. 'സി പി ഐ (എം) യൂണിയനുകളുമായി' ഇടപെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു, കാരണം തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ നേതാക്കള്‍ കടുംപിടുത്തക്കാരാണെങ്കിലും ഒരു ധാരണയിലെത്തിക്കഴിഞ്ഞാല്‍, അത് നടപ്പിലാക്കുന്നതില്‍ അവര്‍ സത്യസന്ധരായിരുന്നു. 'അവരെക്കുറിച്ച് നല്ല ധാരണ എനിക്കുണ്ടെന്ന് ' അദ്ദേഹം പറയുമായിരുന്നു. എന്റെ അനുജത്തി രാധികയും ഭര്‍ത്താവ് പ്രണോയിയും ഡല്‍ഹിയിലുള്ളത് ഡല്‍ഹിയിലേക്ക് മാറാനുള്ള പി എസിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. വര്‍ഷങ്ങളോളം പ്രകാശിനും എനിക്കും അവരുടെ ഫ്‌ലാറ്റ് രണ്ടാം വീടായിരുന്നു.

ആ വര്‍ഷങ്ങളില്‍ ഞങ്ങളുടെ കുടുംബത്തില്‍ രണ്ടു ദുരന്തങ്ങള്‍ സംഭവിച്ചു. 1978-ല്‍ എന്റെ സഹോദരന്‍ കൊക്കോയെ ടൈഫോയിഡ് ബാധിച്ച് അസമിലെ ജോര്‍ഹട്ടില്‍ അദ്ദേഹം ജോലിചെയ്തിരുന്ന തേയിലത്തോട്ടത്തിനടുത്തുള്ള ഒരു ചെറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് അദ്ദേഹത്തിന് ഗ്ലൂക്കോസ് നല്‍കേണ്ടി വന്നു. ഗ്ലൂക്കോസ് കുപ്പി അണുവിമുക്തമല്ലായിരുന്നിരിക്കാം, അണുബാധ ഉണ്ടാകുകയും ജീവന്‍ നഷ്ടമാകുകയും ചെയ്തു. തുടര്‍ന്ന്, 1986-ല്‍, എന്റെ സഹോദരി ജൂനി ബോംബെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു, കുടലിലെ അസുഖത്തിനുള്ള ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു മരണം. ഈ രണ്ട് മരണങ്ങളും വൈദ്യശാസ്ത്രപരമായ അശ്രദ്ധമൂലമായിരുന്നു എന്നാണ് കരുതുന്നത്.
എല്ലാ ദിവസവും അവരുടെ അഭാവം ഞാനനുഭവിക്കുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷവും പച്ചയായി നില്‍ക്കുന്ന ആ വേദന കഠിനമാണ്.
ദുഃഖത്തിന്റെ നിറം എന്താണ്? ചിലപ്പോള്‍, കറുപ്പും വെളുപ്പും. ചിലപ്പോള്‍ മങ്ങിയ സെപിയയും, പക്ഷേ, അതിന്റെ രൂപവും വ്യാപ്തിയും എന്തായാലും, അത് സര്‍വ്വവ്യാപിയാണ്. രാധികയും പ്രണോയിയും ഞങ്ങളുടെ കുടുംബത്തെ വീണ്ടെടുക്കുവാന്‍ സഹായിച്ചു. അവര്‍ ശരിക്കും എന്റെ ജീവനാഡിയായിരുന്നു. മക്കളും കൊച്ചുമക്കളും അടങ്ങുന്ന ഒരു കൂട്ടുകുടുംബം പോലെയായി ഞങ്ങള്‍. കുടുംബയോഗങ്ങളില്‍ സന്തോഷവും ചിരിയും നിറഞ്ഞുനില്‍ക്കുന്നു, യുവതലമുറ വളരുന്നതും അവര്‍ അവരുടെ ജീവിതവഴി കണ്ടെത്തുന്നതും ഞങ്ങള്‍ ആസ്വദിക്കുന്നു. ജീവിതം എനിക്കുതന്ന ഏറ്റവും വിലപ്പെട്ട സമ്മാനം ഞങ്ങളുടെ കുടുംബത്തിന്റെ പിന്തുണയും അംഗീകാരവുമാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും തുടര്‍ച്ചയായ എതിര്‍പ്പുണ്ടെങ്കിലും ഇടതുപക്ഷത്തോടൊപ്പം ചേരുന്ന നിരവധി യുവതികളുടെ ധീരതയും നിശ്ചയദാര്‍ഢ്യവും കണ്ടതിനാലാണ് കുടുംബ പിന്തുണയെക്കുറിച്ച് ഞാന്‍ പരാമര്‍ശിക്കുന്നത്. ഞാന്‍ അടുത്തിടെ ഒരു യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്തപ്പോള്‍, തന്റെ അനുവാദമില്ലാതെ ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എങ്ങനെ ധൈര്യപ്പെട്ടു എന്ന് ചോദിക്കുന്ന പിതാവിന്റെ അധിക്ഷേപകരമായ സന്ദേശം ഹരിയാനയില്‍ നിന്നുള്ള ഒരു യുവതി എന്നെ കാണിച്ചു. അവള്‍ കരയുകയായിരുന്നു. അവിവാഹിതരായ യുവതികള്‍ക്ക് ഏത് തൊഴില്‍ ചെയ്യാനും കുടുംബത്തിന്റെ പിന്തുണയില്ലായ്മ ഒരു വലിയ കടമ്പയാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും ഇത്തരം സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഇവിടെയുള്ള സഖാക്കളുമായി എനിക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല,അതിനാല്‍ അത്തരമൊരു പിന്തുണ എനിക്ക് ലഭ്യമല്ലായിരുന്നു - എന്റെ കുടുംബത്തിന്റെ പിന്തുണമൂലം ഞാന്‍ എത്രമാത്രം ഭാഗ്യവതിയാണെന്ന് കരുതാനുള്ള കാരണവും അതാണ്.
തിരിഞ്ഞുനോക്കുമ്പോള്‍, റീത്തയായിരുന്ന പതിറ്റാണ്ട് എന്റെ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ പാഠങ്ങള്‍ പഠിച്ച ഘട്ടമായിരുന്നുവെന്ന് എനിക്ക് പറയാന്‍ കഴിയും - മില്‍ ഗേറ്റില്‍ നടന്ന വര്‍ഗസമരം എന്താണെന്ന് അറിയുന്നു; സമരം എങ്ങനെ സംഘടിപ്പിക്കാമെന്ന് പഠിക്കുന്നു; തൊഴിലാളികളുടെ കോളനികളിലെ ജീവിതരീതികളും തൊഴിലാളി വര്‍ഗ സംസ്‌കാരവും പരിചയപ്പെടുന്നു; തൊഴിലാളിവര്‍ഗ കുടുംബങ്ങളിലെ സ്ത്രീകളുടെ ജീവിതത്തെയും സ്വത്വത്തെയുംകുറിച്ചും പഠിക്കാനായി. പോരാട്ടം, ഐക്യദാര്‍ഢ്യം, സാഹോദര്യം, ധീരത എന്നിവയുടെ മൂശയില്‍നിന്നും ദൃഢമായബന്ധങ്ങള്‍ രൂപപ്പെടുന്നത് എങ്ങനെയെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ വിഷമതയേറിയ പാഠങ്ങളും പഠിച്ചു - വഞ്ചനകള്‍; യൂണിയന്‍ പിളര്‍പ്പുകള്‍; മാനേജ്മെന്റിന്റെ പിന്തുണയോടെ സമരം പൊളിക്കുന്ന ക്രൂരത. പോലീസ് ലാത്തിയുടെ വേദനാജനകമായ പ്രഹരങ്ങള്‍ ഞാന്‍ അനുഭവിച്ചു; പോലീസ് കേസുകളുടെ പീഡനം; ജയില്‍ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍. തൊഴിലാളികളുടെയും അവരുടെ യൂണിയനുകളുടെയും സഹായവും പിന്തുണയും ഇല്ലായിരുന്നെങ്കില്‍ ഒന്നും സാധ്യമാകുമായിരുന്നില്ല.
സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ കാലഘട്ടം കൂടിയാണിത്, ആദ്യം തൊഴിലാളിവര്‍ഗ സ്ത്രീകളുടെയൊപ്പം. പിന്നീട് ഡല്‍ഹിയില്‍ ഒരു വനിതാ സംഘടന രൂപീകരിക്കുന്ന ടീമിന്റെ ഭാഗമായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
Content Highlights: brinda karat memoir an education for rita excerpts chintah books translted by r parvathidevi
Published: 22 Jul 2024, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented