സ്വിറ്റ്‌സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ എന്ന ഗ്രാമത്തില്‍ ബെന്യാമിന്‍ ചെലവിട്ട രണ്ടുമാസക്കാലമാണ്  മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച  മോണ്‍ട്രീഷേര്‍ ഡയറി എന്ന പുസ്തകത്തിന്റ ഉള്ളടകം. കെട്ടിലും മട്ടിലും വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് ഈ ഡയറി. ഡയറിയില്‍ നിന്നുള്ള അധ്യായങ്ങള്‍ വായിക്കാം. 

To advertise here,

2023 | സെപ്റ്റംബര്‍ 06 | ബുധന്‍

സാധാരണ ഒരാള്‍ യാത്ര പോകുന്നത് ഉല്ലാസത്തിന്, കാഴ്ചകള്‍ കാണുന്നതിന്, പഠനത്തിന്, തീര്‍ത്ഥാടനത്തിന്, ചികിത്സയ്ക്ക്, പരിപാടികളില്‍ പങ്കെടുക്കാന്‍, ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഒക്കെയാണല്ലോ. എന്നാല്‍ ഇപ്രാവശ്യത്തെ എന്റെ യാത്ര അതിനൊന്നുമായിരുന്നില്ല. അത് എഴുതാന്‍ വേണ്ടിയായിരുന്നു! സ്വന്തം നാട്ടിലിരുന്ന് നിങ്ങള്‍ക്ക് സ്വസ്ഥമായി എഴുതാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങളതിനു സൗകര്യമൊരുക്കിത്തരാം എന്നു പറയുന്ന അനേകം യൂണിവേഴ്‌സിറ്റികളും ഫൗണ്ടേഷനുകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. Residency for Writers എന്നാണതിനു പറയുക. അവര്‍ ഒരുക്കുന്ന  സൗകര്യം ഉപയോഗിച്ച്  വിവിധ കാലയളവുകളില്‍ എഴുത്തുകാര്‍ക്ക് അവിടെ പോയിരുന്ന് സ്വസ്ഥമായി  എഴുതിയിട്ടു പോരാം. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഷാന്‍  മിഷാല്‍സ്‌കി (Jan Michalski)  എന്ന സ്വകാര്യ ഫൗണ്ടേഷനാണ് ഇത്തവണ എനിക്ക് ആ  സൗകര്യം ഒരുക്കിയിരിക്കുന്നത്. അതൊരു ക്ഷണമല്ല,  എഴുത്തുകാര്‍  ഒരു വര്‍ഷം മുമ്പേ കൃത്യമായി അപേക്ഷിച്ച്, വിദഗ്ദ്ധര്‍അടങ്ങുന്ന സമിതി  അവ പരിശോധിച്ച്, അവരുടെ മാനദണ്ഡങ്ങളില്‍ വരുന്നവരെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. 2023-ല്‍ നോബല്‍ സമ്മാനജേതാവ് ഓള്‍ഗ ടൊകാര്‍ചുക്  (Olga Tokarczuk) ഉള്‍പ്പെടെ ഇരുപതുരാജ്യങ്ങളില്‍നിന്നുള്ള  അന്‍പത്തിനാല് എഴുത്തുകാരാണ് ഷാന്‍ മിഷാല്‍സ്‌കിയുടെ സൗകര്യം പ്രയോജനപ്പെടുത്താന്‍ എത്തിയത്. 

അതില്‍  ഇന്ത്യയില്‍നിന്നുള്ള ഏക എഴുത്തുകാരനായിരുന്നു ഞാന്‍. രണ്ടാഴ്ചമുതല്‍ മൂന്നു മാസം വരെയുള്ള വിവിധ കാലയളവുകള്‍ എഴുത്തുകാര്‍ക്ക് സൗകര്യപ്രദമായി തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ ഏതുസമയത്ത് എത്തണമെന്നത് അവരാണ് തീരുമാനിക്കുന്നത്. സെപ്റ്റംബര്‍ ആറുമുതല്‍ നവംബര്‍ ഏഴു വരെയുള്ള രണ്ടുമാസക്കാലയളവാണ് എനിക്ക് അനുവദിച്ചുകിട്ടിയത്. 

കൊച്ചിയില്‍നിന്ന് രാവിലെ 4.30നു തുടങ്ങിയ, ദുബായ് വഴി ജനീവയിലേക്കുള്ള എന്റെ വിമാനയാത്ര ഏതാണ്ട് പൂര്‍ണ്ണമായും പകലായിരുന്നതിനാല്‍ ആകാശക്കാഴ്ച മനോഹരമായിരുന്നു. ആല്‍പ്‌സ് പര്‍വ്വതനിരകളുടെ മഞ്ഞുമൂടിയ ശിഖരങ്ങളും പുല്‍ത്തകിടികള്‍ നിറഞ്ഞ താഴ്വാരങ്ങളും വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികളും പരന്നുകിടക്കുന്ന ജലാശയങ്ങളും പച്ചനിറത്തിലുള്ള ചതുരക്കട്ടകളായി തോന്നുന്ന കൃഷിയിടങ്ങളും ഒക്കെ കണ്ടുള്ള ഒരു മനോഹരയാത്ര. 
    
ഉച്ചയ്ക്ക് ഒരുമണിയോടെ ഞാന്‍ ജനീവയില്‍ വിമാനമിറങ്ങി. എയര്‍പോര്‍ട്ടില്‍ കൊച്ചിയില്‍ ഉണ്ടായിരുന്നത്രപോലും തിരക്കുണ്ടായിരുന്നില്ല. എമിഗ്രേഷനിലെ നീണ്ട ചോദ്യാവലികളും ഉണ്ടായിരുന്നില്ല. 'വേഗം പോയി ഞങ്ങളുടെ രാജ്യം കണ്ടാസ്വദിക്ക്' എന്ന മട്ടില്‍ അവര്‍ പാസ്‌പോര്‍ട്ടില്‍ സീലടിച്ചു വിട്ടു. ഞാന്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീയില്‍നിന്ന് ഒരു കുപ്പിയുടെ കഴുത്തും പിടിച്ച് പുറത്തിറങ്ങി. വിമാനത്താവളത്തിന്റെ വരാന്തയില്‍ത്തന്നെ ട്രെയിന്‍ സ്റ്റേഷന്‍. യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍ക്കും ഇങ്ങനെ സൗകര്യമുണ്ട്. ഉജ്ജ്വലമായ പൊതുഗതാഗതസംവിധാനം. വാഹനം തേടി നമ്മള്‍ ഓടിനടക്കേണ്ടതില്ല. ട്രെയിന്‍, മെട്രോ, ട്രാം, ബസ് എന്നിവമാത്രം ഉപയോഗിച്ച് നമുക്ക് യാത്ര ഒരു തടസ്സവുമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും. അവയെല്ലാം പരസ്പരം ബന്ധിതവുമായിരിക്കും. 

പുറത്തിറങ്ങിയപ്പോള്‍ മ്യൂണിക്കിനു പോകുന്ന ട്രെയിന്‍ കാത്തുകിടക്കുന്നു. ടിക്കറ്റും റൂട്ടും ഫൗണ്ടേഷനില്‍നിന്ന് അയച്ചുതന്നിരുന്നതിനാല്‍ അതിനായി അലയേണ്ടിവന്നില്ല. ആ യാത്രയില്‍ ഇനി എനിക്കിറങ്ങേണ്ടത് നാല്പത്തിയഞ്ചു മിനിറ്റ് ദൂരമുള്ള മോര്‍ഷ് (Morges) എന്ന ചെറിയ പട്ടണത്തിലാണ്. യൂറോപ്പിലെ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, പോളണ്ട്, ചെക്ക് തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഞാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ എത്തുന്നത്. തീവണ്ടിയിലിരുന്ന് കാണുമ്പോള്‍ ജനീവ എന്ന നഗരത്തിന്റെ പരിസരങ്ങള്‍ മറ്റ് യൂറോപ്യന്‍ നഗരങ്ങള്‍പോലെ തോന്നിച്ചെങ്കിലും യാത്ര മുന്നോട്ട് കുതിച്ചതോടെ കാഴ്ചകള്‍ വ്യത്യസ്തമാവാന്‍ തുടങ്ങി. ഒരുവശത്ത് മനോഹരമായ ജനീവാതടാകം. അതിനപ്പുറത്ത് മഞ്ഞുശിഖരങ്ങള്‍ കാണാവുന്ന ആല്‍പ്സ് പര്‍വ്വതനിരകള്‍. എതിര്‍വശത്ത് പുല്‍ത്തകിടികളും കൃഷിയിടങ്ങളും. ഒരേ നിരയില്‍, ഒരേ ഉയരത്തില്‍ നില്‍ക്കുന്ന വിളവുകള്‍ കൃഷിയിലെ പ്രഫഷണലിസം വിളിച്ചുപറയുന്നു. ഏറെയും വിജനമായ ഇടങ്ങള്‍. അങ്ങിങ്ങുമാത്രം ചില വീടുകള്‍. ഇടയ്ക്ക് കൃഷിയിടങ്ങള്‍ ഉഴുതുമറിക്കുന്ന കൂറ്റന്‍ ട്രാക്ടറുകള്‍. 

മോര്‍ഷില്‍നിന്ന് ബെയര്‍ (Biere) എന്ന സ്ഥലത്തേക്കു പോകുന്ന വണ്ടിയില്‍ ആപ്ലേ (Apples) എന്ന സ്റ്റേഷനിലാണ് എനിക്ക് അടുത്തതായി ഇറങ്ങാനുള്ളത്. സ്റ്റേഷനില്‍ കണ്ടവരൊക്കെ സഹായിച്ചതുകൊണ്ട് കൃത്യം പ്ലാറ്റ്ഫോമില്‍ എത്താനും കൃത്യം ട്രെയിനില്‍ത്തന്നെ കയറാനും കഴിഞ്ഞു. അതുവരെ സഞ്ചരിച്ചത് ഒരു അതിവേഗ തീവണ്ടിയില്‍ ആയിരുന്നെങ്കില്‍ ഇത് മൂന്നു ബോഗികള്‍ മാത്രമുള്ള ഒരു ലോക്കല്‍ വണ്ടിയായിരുന്നു. എന്നാലും പതിയെ ഒന്നുമല്ല പോകുന്നത്. നമ്മുടെ സൂപ്പര്‍ ഫാസ്റ്റ് തീവണ്ടികളുടെ വേഗത അതിനുണ്ട്. ഉള്‍ഗ്രാമത്തിലെ കൃഷിയിടങ്ങളിലൂടെയാണ് യാത്ര. ഗോതമ്പ്, ചോളം, സൂര്യകാന്തി, മുന്തിരി എന്നിങ്ങനെ ഓരോതരം വിളകള്‍ നീണ്ടുപരന്നു കിടക്കുന്നു. അതിനിടയില്‍ യാത്രക്കാരുടെ ആവശ്യപ്രകാരം വണ്ടിയിലെ ബെല്ലടിച്ചാല്‍ മാത്രം നിര്‍ത്തുന്ന സ്റ്റേഷനുകള്‍. ചിലതിനു വളരെ പരിമിതമായ സൗകര്യങ്ങളുള്ള പ്ലാറ്റ്ഫോമുകളുണ്ട്. ചിലയിടങ്ങളിലാവട്ടെ അതുമില്ല. 

കൃഷിയിടത്തിലേക്കാണ് തീവണ്ടിയിറങ്ങേണ്ടത്. ബോഗിയിലെ ടിവി സ്‌ക്രീനില്‍ സ്റ്റേഷനുകളുടെ പേരുകള്‍, അടുത്ത സ്റ്റോപ്പ്, അവിടെ എത്തുന്ന സമയം ഒക്കെ കൃത്യമായി വന്നുകൊണ്ടിരുന്നതിനാല്‍ സമാധാനമായി പുറംകാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാനാവും. അധികം യാത്രക്കാരൊന്നുമില്ല. അപ്പോഴേക്കും ഉച്ചതിരിഞ്ഞ് മൂന്നുമണി കഴിഞ്ഞിരുന്നതിനാല്‍ സ്‌കൂള്‍ വിട്ടുവരുന്ന കുറച്ചു കുട്ടികള്‍, ചെറിയ കുട്ടികളെ വിളിക്കാന്‍ പോയ അമ്മമാര്‍, രണ്ടുമൂന്ന് സൈക്കിള്‍ യാത്രക്കാര്‍... അത്രയൊക്കെയേയുള്ളൂ. അവര്‍ ബെല്ലടിച്ച് തീവണ്ടി നിറുത്തിയിറങ്ങുന്നതിലെ കൗതുകം ആസ്വദിച്ച് ഞാനിരുന്നു. ഇതിനു മുമ്പ് പല രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കാഴ്ച ആദ്യമായിരുന്നു. 

കുറേ ഗ്രാമീണസ്റ്റേഷനുകള്‍ താണ്ടി ആപ്ലേയില്‍ ഞാന്‍ വണ്ടിയിറങ്ങി. ഏതാണ്ട് അരമണിക്കൂര്‍ സമയം എടുത്തിട്ടുണ്ടാവും അവിടെ എത്താന്‍. അപ്പോള്‍ അതിന്റെ കണക്ഷനായി ലിസ് (L'lsle) എന്നൊരു ഗ്രാമത്തിലേക്കു പോകുന്ന തീവണ്ടി അടുത്ത ട്രാക്കില്‍ റെഡിയായി കിടക്കുന്നു. അതാവട്ടെ കൂടുതല്‍ ലോക്കല്‍ എന്നു വിളിക്കാവുന്ന വെറും രണ്ടു ബോഗികള്‍ മാത്രമുള്ള ഒരു കുഞ്ഞുവണ്ടി. ആ നാടന്‍പാതയില്‍ മോണ്‍ട്രീഷേര്‍ എന്ന സ്ഥലത്താണ് എനിക്കിറങ്ങാനുള്ളത്. ഉച്ചരിക്കാന്‍ പ്രയാസപ്പെടുന്നതരം പേരുകളുള്ള ഗ്രാമങ്ങള്‍, കൃഷിയിടങ്ങള്‍, പുല്‍ത്തകിടികള്‍. വണ്ടി നീങ്ങിക്കൊണ്ടിരുന്നു. പ്ലാറ്റ്ഫോം പോലുമില്ലാത്തഒരു കുഞ്ഞു സ്റ്റേഷനായിരുന്നു മോണ്‍ട്രീഷേര്‍. ഞാന്‍ മാത്രമേ അവിടെ ഇറങ്ങാനുണ്ടായിരുന്നുള്ളൂ. ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരായ ഷന്റാല്‍ ബഫറ്റും തോമസ് റോബര്‍ജും സ്റ്റേഷനില്‍ കാറുമായി എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. 

മുന്നില്‍ ആല്‍പ്‌സ് പര്‍വ്വതനിരകള്‍, പിന്നെ ജനീവാതടാകം, അതു കഴിഞ്ഞ് നീണ്ടുകിടക്കുന്ന പുല്‍ത്തകിടികളും കൃഷിയിടങ്ങളും, പിന്നില്‍ ജൂറാപര്‍വ്വതം. അതിന്റെ താഴ്വരയില്‍ ഒരു കൊച്ചുഗ്രാമം. അതാണ് മോണ്‍ട്രീഷേര്‍. ആകെ ജനസംഖ്യ എണ്ണൂറ്. രണ്ടു കടകള്‍. ഒരു റെസ്റ്റോറന്റ്. ഇടയ്ക്കു നിരവധി കന്നാലി ഫാമുകള്‍. സ്റ്റേഷനില്‍നിന്നു കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ മാത്രം ദൂരെയാണ് അടുത്ത രണ്ടു മാസം ഞാന്‍ താമസിക്കാന്‍ പോകുന്ന ഷാന്‍ മിഷാല്‍സ്‌കി ഫൗണ്ടേഷന്‍. 

സാഹിത്യത്തെയും കലയെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വീര ഹോഫ്മാന്‍ എന്ന വനിത അവരുടെ ഭര്‍ത്താവിന്റെ സ്മരണാര്‍ത്ഥം 2004-ല്‍ ആരംഭിച്ചതാണ് ഈ ഫൗണ്ടേഷന്‍. 2017 മുതല്‍ അവര്‍ ഈ റെസിഡന്‍സി പ്രോഗ്രാം നടത്തുന്നു. ഇതിനോടകം ഇരുനൂറ്റിയന്‍പതിലധികം എഴുത്തുകാര്‍ അവിടെ താമസിച്ച് തങ്ങളുടെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. 2023-ല്‍ ഇരുപതു രാജ്യങ്ങളില്‍നിന്നുള്ള അന്‍പത്തിനാല് എഴുത്തുകാര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതില്‍ ഏക ഇന്ത്യക്കാരനായി ഈ ഞാനും അവിടെ എത്തിയിരിക്കുന്നു. 

ഒരുവേള ഈ യാത്ര മുടങ്ങുമോ എന്നു ഞാന്‍ സംശയിച്ചിരുന്നു. ഈ സമയത്ത് പെങ്ങളുടെ മകന്റെ വിവാഹം വരുന്നു. അതില്‍ പങ്കെടുക്കണമെന്ന ആഗ്രഹം ഒരു വശത്ത്, ഇതുപോലെ ഒരു അവസരം ഇനിയുണ്ടാവില്ല എന്ന ബോദ്ധ്യം മറുവശത്ത്. ഒടുവില്‍ പെങ്ങള്‍തന്നെ 'നീ പോയിട്ടു വാ' എന്ന് സമാധാനിപ്പിച്ചു. പക്ഷേ, വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ സ്വിസ് എംബസിക്ക് ഒരു സംശയം. യാത്രയ്ക്കു കാണിച്ചിരിക്കുന്ന വിശദാംശങ്ങള്‍ വിശ്വസനീയമല്ല, വീണ്ടും അപേക്ഷിക്കുക. ആദ്യമായിട്ടായിരുന്നു എനിക്ക് ഒരു വിസ നിഷേധിക്കുന്നത്. നമ്മുടെ ശത്രുരാജ്യമെന്നു വിവക്ഷിക്കുന്ന പാകിസ്താന്‍പോലും എനിക്ക് വിസ അനുവദിച്ചിട്ടുണ്ട്. അവരുടെ ഭാഗത്തുനിന്നും നോക്കുമ്പോള്‍ ശരിയാണ്. ഇന്ത്യയില്‍നിന്ന് ഒരുത്തന്‍ എന്തിനാണ് സ്വിസില്‍ പോയിരുന്ന് എഴുതുന്നത്. ഇവിടെയിരുന്ന് എഴുതിയാല്‍പ്പോരേ? അല്ലെങ്കില്‍ ഒരു ഇന്ത്യക്കാരനെ അങ്ങോട്ട് കൊണ്ടുപോയിട്ട് ഞങ്ങള്‍ക്കെന്തു കിട്ടാന്‍ എന്നാവും എംബസി ചിന്തിച്ചിട്ടുണ്ടാവുക. 'ഇത് സ്വിസ് സാംസ്‌കാരികലോകത്തിന്റെ മഹത്തായ അംഗീകാരമാണ്. ഒരു ഇന്ത്യക്കാരനായിപ്പോയതിന്റെ പേരില്‍ നിങ്ങളത് നിഷേധിക്കരുത്. അവിടുത്തെ ലൈബ്രറികളും അപൂര്‍വ്വചരിത്രരേഖകളും പരിശോധിച്ച് 'ഉന്നതമായ ഒരു സാഹിത്യം' രചിക്കാനുള്ള ഒരുവന്റെ മോഹത്തെ നിങ്ങള്‍ തടസ്സപ്പെടുത്തുകയുമരുത്' എന്ന് ഞാന്‍ മറുപടി എഴുതി. അവര്‍ക്കത് 'കൊണ്ടു' എന്ന് തോന്നുന്നു. 'എങ്കില്‍ പോയി എഴുതിമറിച്ചിട്ട് വാ' എന്ന മട്ടില്‍ അവര്‍ ആറുമാസത്തേക്കുള്ള വിസ അടിച്ചുതന്നു. അതും മള്‍ട്ടിപ്പിള്‍ എന്‍ട്രി. ഇടയ്ക്കു വേണമെങ്കില്‍ ഒന്ന് നാട്ടില്‍ പോയി വരുകയും ചെയ്തുകൊള്ളൂ എന്നായിരുന്നു അതിന്റെ സൂചന! 

ഫ്രാന്‍സിലെ ഏഴു പ്രമുഖരായ ആര്‍ക്കിടെക്റ്റുകള്‍ രൂപകല്പന നിര്‍വ്വഹിച്ച ഏഴു വ്യത്യസ്തതരം തടിവീടുകള്‍ (ട്രീ ഹൗസ്), അഞ്ചു നിലകളുള്ള ഒരു ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, ഒരു എക്‌സിബിഷന്‍ ഹാള്‍, എലിമെന്ററി എന്നു പേരായ മെസ് ഹാള്‍, ഓഫീസ് കെട്ടിടങ്ങള്‍, കോഫി ഷോപ്പ് തുടങ്ങി വിശാലമായ ഒരു കാമ്പസാണ് ഫൗണ്ടേഷനുള്ളത്. നടുമുറ്റത്തായി അക്ഷരങ്ങള്‍കൊണ്ടു നിര്‍മ്മിച്ച ഒരു മനുഷ്യരൂപമുണ്ട്. മനോഹരമായ ഒരു നിര്‍മ്മിതിയാണത്. 

എനിക്ക് സൂറികിലെ പ്രസിദ്ധ ആര്‍ക്കിടെക്റ്റുമാരായ ആന്റേഴ്സ് ഫെറിമാന്‍, ഗബ്രിയേല ഹാച്ച്‌ലര്‍ എന്നിവര്‍ ചേര്‍ന്ന് രൂപകല്പന ചെയ്ത ഒരു തടിവീടാണ് അനുവദിച്ചുകിട്ടിയത്. മുകളിലും താഴെയുമായി രണ്ടു മുറികള്‍ മാത്രമുള്ള ഒരു കുഞ്ഞുവീട്. താഴെ കിച്ചന്‍ കാബിന്‍, ഡൈനിങ് ടേബിള്‍, ഒരു കുഞ്ഞു സോഫ, ഒരു ബാല്‍ക്കണി എന്നിവ. മുകളില്‍ ബെഡ്, കുളിമുറി, അലമാര, എഴുത്തുമേശ എന്നിവ. മുകളിലും താഴെയും പ്രകൃതിഭംഗി ആസ്വദിക്കാന്‍ പാകത്തില്‍ വലിയ ഗ്ലാസ് ജനാലകള്‍. തോമസും ഷന്റാലും ചേര്‍ന്ന് എന്നെ എല്ലാം കൊണ്ടുനടന്ന് കാണിച്ചു പരിചയപ്പെടുത്തി. ട്രീ ഹൗസിന്റെ ബാല്‍ക്കണിയില്‍നിന്ന് നോക്കിയാല്‍ നേരേ കാണുന്നത് നീണ്ട പുല്‍ത്തകിടികളും ആല്‍പ്സ് പര്‍വ്വതനിരകളുമാണ്. എല്ലാം സുന്ദരമെന്നും മനോഹരമെന്നും കണ്ടു. എന്നാല്‍ ഒന്നാം നിലയിലേക്കുള്ള പടികളാണ് ലേശം പ്രയാസം. ഒന്നാമത് വളരെ ഇടുങ്ങിയതും ചെറുതുമായ പടികള്‍. 
അതാവട്ടെ നല്ല കുത്തനെയാണ് പണിഞ്ഞിരിക്കുന്നത്. ശരിക്കും ഒരു മരത്തില്‍ കയറുംപോലെ പിടിച്ചുവേണം കയറാന്‍. ഇറങ്ങുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ തലയടിച്ചു വീഴാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്. 
    
രാവിലെയും ഉച്ചയ്ക്കുമുള്ള ആഹാരം ഫൗണ്ടേഷന്റെ വകയാണ്. രാത്രിയാഹാരം തനിയേ ഉണ്ടാക്കിക്കഴിക്കണം. അതിനാണ് ഒരു ചെറിയ കിച്ചന്‍. അതില്‍ എണ്ണ, ഉള്ളി, പാസ്ത, സോസേജ്, ചീസ്, വിനാഗിരി, കോഫി, ബിസ്‌കറ്റ്, മുട്ട തുടങ്ങി അത്യാവശ്യസാധനങ്ങളെല്ലാം അവര്‍തന്നെ വാങ്ങിവെച്ചിട്ടുണ്ട്. പക്ഷേ, വെള്ളം മാത്രം കാണുന്നില്ല. എനിക്കാണെങ്കില്‍ ദീര്‍ഘയാത്രയുടെ നല്ല ദാഹവും. ഗ്രാമത്തിലെ കടവരെ പോയി വെള്ളം വാങ്ങിക്കൊണ്ടുവന്ന് കുടിക്കാനുള്ള ക്ഷമയില്ല. ഒടുവില്‍ ഞാന്‍ ഷന്റാലിനെഫോണ്‍ വിളിച്ചു. 'ഏത് കുപ്പിവെള്ളത്തെക്കാളും ശുദ്ധമാണ് സ്വിസിലെ ടാപ്പ് വെള്ളം,' ഷന്റാല്‍ പറഞ്ഞു. എനിക്കൊരു ജാള്യത തോന്നി. ഞാനത് ഊഹിക്കേണ്ടതായിരുന്നു. ചെന്നത് ഇന്ത്യയില്‍നിന്നായതുകൊണ്ട് ഉണ്ടായ ഒരു ചെറിയ സന്ദേഹം. ടാപ്പു തുറന്ന് കുടിച്ചപ്പോള്‍ നല്ല മധുരജലം.  

സാധനമെല്ലാം അടുക്കിവെച്ച് വിശാലമായ ഒരു കുളിയും പാസാക്കിയപ്പോള്‍ തോമസിന്റെ വിളിവന്നു. നിനക്കിവിടെ ഒരു ഗിഫ്റ്റ് വന്നിരിപ്പുണ്ട്. ഞാനവരുടെ ഓഫീസിലേക്ക് ചെന്നു. തോമസ് എനിക്കൊരു പാക്കറ്റ് വെച്ചുനീട്ടി. എനിക്ക് ഇവിടേക്ക് ആര് സമ്മാനമയയ്ക്കാന്‍? ശരിക്കും എനിക്കുതന്നെയാണോ? അതോ പേരു മാറിപ്പോയതാണോ? കവറില്‍ നോക്കിയപ്പോള്‍ എന്റെ പേരുതന്നെ. മുറിയില്‍ വന്ന് പൊളിച്ചുനോക്കുമ്പോള്‍ ചമ്രംപൂട്ടിയിരിക്കുന്ന ഒരു 
കുഞ്ഞിപ്പെണ്‍പാവ, കല്ലില്‍ കൊത്തിയത്. അതിന്റെ കൂടെ എന്റെ പുതിയ എഴുത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു കുറിപ്പും. ആരയച്ചതെന്നറിയാന്‍ അതില്‍ സൂചനകളൊന്നുമില്ല. എന്നാലും എന്റെ യാത്ര മുന്‍കൂട്ടി മനസ്സിലാക്കി എനിക്ക് ഇങ്ങനെയൊരു സമ്മാനമയച്ച അജ്ഞാതസുഹൃത്തിന് ഹൃദയത്തില്‍നിന്നും നന്ദി!

ഞാനപ്പോള്‍ത്തന്നെ ഒന്നു പുറത്തിറങ്ങി. അടുക്കളയില്‍ അത്യാവശ്യം സാധനങ്ങളൊക്കെ അവര്‍ വാങ്ങിവെച്ചിട്ടുണ്ടെങ്കിലും കട അടയ്ക്കുംമുമ്പ് കുറച്ചു സാധനങ്ങള്‍കൂടി വാങ്ങിക്കാനുണ്ട്. പ്രത്യേകിച്ച് ബ്രഡ്ഡ്. യാത്രാസൗകര്യത്തിനു വേണ്ടി ഒരു ഇലക്ട്രിക് കാറും കുറച്ച് ഇലക്ട്രിക് സൈക്കിളുകളും ഫൗണ്ടേഷന്‍ വാങ്ങിവെച്ചിട്ടുണ്ട്. ഞാന്‍ സൈക്കിള്‍യാത്രയാണ് താത്പര്യപ്പെട്ടത്. വെറുതേ ഗ്രാമത്തിലൂടെ ഒന്ന് ചുറ്റിയടിച്ചു. വഴിയിലെങ്ങും ആരെയും കാണാനില്ല. 

വല്ലപ്പോഴും ഒരു വണ്ടി കടന്നുപോയാലായി. ഒരു ചെറിയ പശുക്കൂട്ടം വഴിയരികില്‍നിന്ന് മേയുന്നു. എന്നെ കണ്ട് അവ തല ഉയര്‍ത്തി നോക്കി കഴുത്തിലെ വലിയ മണികള്‍ കിലുക്കി. പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ ഞാന്‍ കുറച്ച് സെല്‍ഫികളെടുത്തു. മോണ്‍ട്രീഷേര്‍ ഗ്രാമത്തിലെ ഏക ഗ്രോസറി ഷോപ്പില്‍ കയറി ബ്രഡ്ഡ് ചോദിച്ചു. അവിടെ നില്‍ക്കുന്ന സ്ത്രീക്ക് ഇംഗ്ലീഷ് ഭാഷ ഒരുപിടിയും ഇല്ലാത്തതുകൊണ്ട് അവര്‍ക്കൊന്നും മനസ്സിലായില്ല. ഞാന്‍തന്നെ ചുറ്റിനടന്ന് ബ്രഡ്ഡ് തപ്പിയെടുത്തു. അവര്‍ പറഞ്ഞു, 'ഓഹ്, പെയ്ന്‍.' നമ്മുടെ 'വേദന' അവര്‍ക്ക് റൊട്ടിയാണ്. അങ്ങനെ ആദ്യത്തെ ഫ്രഞ്ച് വാക്ക് പഠിച്ചു. പെയ്ന്‍! രാത്രി രണ്ടു കഷണം ബ്രഡ്ഡ് ചൂടാക്കി. ഒരു ഓംലെറ്റ് അടിച്ചു. ഒരു ഡ്രിങ്ക് കഴിച്ചു. ഇത്രയും ആയപ്പോഴേക്കും ഉറക്കം നന്നേ 
കണ്ണുകളെ ബാധിച്ചുകഴിഞ്ഞിരുന്നു. സമയം ഏഴര ആയതേയുള്ളൂ. സൂര്യന്‍ അപ്പോഴും അസ്തമിച്ചിട്ടില്ല. നമ്മുടെ അഞ്ചുമണിയുടെ വെട്ടം. സ്വിറ്റ്‌സര്‍ലന്‍ഡ് എന്നു കേട്ടപ്പോള്‍ വലിയ തണുപ്പാണ് പ്രതീക്ഷിച്ചത്. വന്നിറങ്ങിയതാവട്ടെ കൊടുംചൂടിലേക്കും. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഞാന്‍ ധരിച്ചിരുന്ന 
തണുപ്പുവസ്ത്രങ്ങള്‍ ഊരി പെട്ടിയിലേക്കെറിഞ്ഞിരുന്നു. തീവണ്ടിസ്റ്റേഷനില്‍ വന്നപ്പോള്‍ ഷന്റാല്‍ പറഞ്ഞിരുന്നു, 'പേടിക്കേണ്ട. നീ രണ്ടു മാസം ഇവിടെയുണ്ടല്ലോ. സ്വിസ് തണുപ്പെന്താണെന്ന് അനുഭവിച്ചിട്ടേ മടങ്ങൂ.' തണുപ്പ് വരട്ടെ. മുറിയിലുണ്ടായിരുന്ന ചെറിയ ടേബിള്‍ഫാന്‍ ഓണാക്കിയിട്ടാണ് 
ഞാന്‍ കിടന്നത്. അകത്ത് അത്രയ്ക്കും ചൂടുണ്ടായിരുന്നു .


2023 | സെപ്റ്റംബര്‍ 07 | വ്യാഴം

ഇന്ത്യന്‍ സമയവുമായി മൂന്നരമണിക്കൂറിന്റെ വ്യത്യാസമേ ഉള്ളൂവെങ്കിലും അതുപോലും പൊരുത്തപ്പെടാന്‍ ശരീരത്തിനു സമയമാവശ്യമുണ്ട്. പതിവില്ലാതെ വെളുപ്പിനെ നാലുമണിക്കുതന്നെ ഉണര്‍ന്നു. ഇന്ത്യന്‍ സമയത്തില്‍നിന്ന് വിട്ടുപോന്നിട്ടില്ലാത്ത ശരീരത്തിന് അപ്പോള്‍ ഏഴര ആയിരിക്കുന്നു. അതാണ് കാരണം. പിന്നെ ഉറങ്ങാന്‍ തോന്നിയില്ല. അതികാലത്ത് എഴുന്നേറ്റിരുന്ന് എഴുതുക എന്ന ശീലം വളര്‍ത്തിയെടുക്കാന്‍ പറ്റിയ അവസരം എന്നൊരു തോന്നലുണ്ടായി. സമ്പൂര്‍ണ്ണനിശ്ശബ്ദത. പുറത്ത് നേര്‍ത്ത തണുപ്പുണ്ട്. ഗ്രാമത്തില്‍ അങ്ങിങ്ങായി ചില വെളിച്ചപ്പൊട്ടുകള്‍. ദൂരെയുള്ള പാതയിലൂടെ 
വല്ലപ്പോഴും കടന്നുപോകുന്ന വണ്ടികള്‍. ആ പ്രശാന്തസമയം എഴുതാനായി വിനിയോഗിച്ചു. വന്ന് ആദ്യദിവസംതന്നെ എഴുതാന്‍ തുടങ്ങിയിരിക്കുന്നു എന്നതില്‍ സന്തോഷം തോന്നി.

കാലത്ത് ഏഴരമുതല്‍ പത്തുവരെയാണ് ഷാന്‍ മിഷാല്‍സ്‌കിയിലെ പ്രഭാതഭക്ഷണസമയം. എലിമെന്ററി എന്നു പേരിട്ടിരിക്കുന്ന മെസ് ഹാളില്‍ പോയി വേണം അത് കഴിക്കാന്‍. ഞാന്‍ ചെന്നപ്പോള്‍ കഴിഞ്ഞ ഒരു മാസമായി റെസിഡന്‍സിയിലുള്ള പോളിഷ് എഴുത്തുകാരനും എഡിറ്ററുമായ ബാര്‍ത്തോസ് സഡുല്‍സ്‌കി  (Bartosz Sadulski) അവിടെയുണ്ട്. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്' എന്ന പ്രശസ്തമായ ശ്രീനിവാസന്‍ വാചകമാണ് ബാര്‍ത്തോസിനെ കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത്. പറഞ്ഞില്ല എന്നുമാത്രം. അദ്ദേഹം ഇതിനോടകം മൂന്നു കവിതാസമാഹാരങ്ങളും Rzeszot 
എന്നൊരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പോളണ്ടിലെ പ്രധാനപ്പെട്ട ചില പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇപ്പോള്‍ പുതിയ നോവലിന്റെ രചനയിലാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് എന്നാല്‍ തണുപ്പ് എന്ന വിചാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഞങ്ങള്‍ സംസാരം ആരംഭിച്ചത്. ഒരു മാസം മുമ്പ് ഓഗസ്റ്റില്‍ അദ്ദേഹം ഇവിടെ വരുമ്പോള്‍ കത്തുന്ന ചൂടായിരുന്നു എന്നും ഒരു ദിവസംപോലും സമാധാനത്തോടെ ഉറങ്ങാനായില്ല എന്നും അദ്ദേഹം ഓര്‍മ്മിച്ചു. പിന്നെ ആഗോളതാപനമുണ്ടാക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ആശങ്കപ്പെട്ടു. ശേഷം ജീവിതത്തില്‍ ഇന്നോളം ഒരു ഏഷ്യന്‍ രാജ്യത്തും സഞ്ചരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്ന് സങ്കടപ്പെട്ടു. അദ്ദേഹത്തിന്റെ സ്വന്തം നഗരമായ ക്രാക്കോവില്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ചില ഇന്ത്യക്കാരെ ദൂരെനിന്ന് കണ്ടിട്ടുള്ളതല്ലാതെ ഒരിന്ത്യക്കാരനുമായി ആദ്യമായിട്ടാണ് നേരിട്ടു സംസാരിക്കുന്നത് എന്നതിന്റെ സന്തോഷം പങ്കുവെച്ചു. 

ഒരിക്കല്‍ ബെര്‍ലിനില്‍നിന്ന് ഓഷ്വിറ്റ്‌സിലേക്കും അവിടെനിന്ന് പ്രാഗിലേക്കും സഞ്ചരിക്കുമ്പോള്‍ ഞാന്‍ ക്രാക്കോവില്‍ എത്തിയിട്ടുണ്ടെന്നും കുറച്ചു മണിക്കൂറുകള്‍ ആ നഗരത്തില്‍ ചെലവിട്ടിട്ടുണ്ടെന്നും കേട്ടപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. പോളണ്ടിലെ വിദ്യാഭ്യാസഹബ്ബ് എന്നു വിശേഷിപ്പിക്കാവുന്ന ക്രാക്കോവ് ഒരുപക്ഷേ നമുക്ക് കൂടുതല്‍ പരിചിതമാവുക ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജന്മസ്ഥലം എന്ന പേരിലോ ഷിന്റ്ലേഴ്‌സ് ലിസ്റ്റ് എന്ന പ്രശസ്തമായ സിനിമയിലെ ജീവിച്ചിരുന്ന നായകന്‍ ഓസ്‌കാര്‍ ഷിന്റ്ലറിന്റെ നാട് എന്ന പേരിലോ ആവാം. സാഹിത്യസ്നേഹികളെ സംബന്ധിച്ചാണെങ്കില്‍ നോബല്‍ സമ്മാനജേതാവായ കവയിത്രി വിസ്ലോവ സിംബറോസ്‌കയുടെ നാട് എന്ന പേരിലാവും. അന്ന് യാത്രയ്ക്കിടയില്‍ ക്രാക്കോവിലെ ബസ്സ്റ്റാന്റിലുള്ള ബുക്ക്സ്റ്റാളില്‍നിന്ന് സിംബറോസ്‌കയുടെ View with a Grain of Sand എന്ന സമാഹാരം സ്വന്തമാക്കിയത് ഞാനോര്‍ക്കുന്നു. 

പിന്നെ ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചും ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. പോളണ്ടിലെപ്പോലെ, സ്വിറ്റ്‌സര്‍ലന്‍ഡുപോലെ, വിജനമായ ഗ്രാമങ്ങള്‍ ഇന്ത്യയില്‍ കണ്ടുകിട്ടുക പ്രയാസമായിരിക്കും എന്ന് ഞാന്‍ സൂചിപ്പിച്ചു. യുക്രൈന്‍ യുദ്ധം കാരണം ഏതാണ്ട് രണ്ടു മില്യന്‍ (ഇരുപതു ലക്ഷം) അഭയാര്‍ത്ഥികള്‍ പോളണ്ടിലേക്ക് ചേക്കേറിയിട്ടുണ്ടെന്നും അത് ഒരര്‍ത്ഥത്തില്‍ പോളണ്ടിനു ഗുണം ചെയ്തിട്ടുണ്ടെന്നുമാണ് ബാര്‍ത്തോസിന്റെ അഭിപ്രായം. വണ്ടി ഓടിക്കാനും മുടി വെട്ടാനും ശുചീകരണത്തിനും അടുക്കളപ്പണിക്കും പോളണ്ടില്‍ ആളെക്കിട്ടാന്‍ പ്രയാസമായിരുന്നു. എന്നാല്‍, യുക്രൈന്‍ അഭയാര്‍ത്ഥികള്‍ ആ വിടവ് നികത്തിക്കൊണ്ടിരിക്കുന്നു. ചില രാജ്യങ്ങള്‍ക്കെങ്കിലും അഭയാര്‍ത്ഥികളെ ആവശ്യമുണ്ട് എന്ന ക്രൂരസത്യമാണ് ബാര്‍ത്തോസ് വെളിപ്പെടുത്തിയത്. പരസ്പരം നല്ല എഴുത്ത് ആശംസിച്ചാണ് ഞങ്ങള്‍ പ്രഭാതഭക്ഷണം അവസാനിപ്പിച്ചത്. ശേഷം സമയം പിന്നെയും വന്നിരുന്ന് എഴുത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ കഴിഞ്ഞു. ഫോണ്‍ ഉപയോഗം അഥവാ സ്‌ക്രീന്‍ ടൈം പരമാവധി കുറയ്ക്കുക എന്ന ഉറച്ചതീരുമാനത്തോടെയാണ് നാട്ടില്‍നിന്നു വിമാനം കയറിയത്. അത് പ്രയോഗത്തില്‍ വരുത്തും എന്ന് ഓരോ നിമിഷവും 
ഞാന്‍ എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്നു. അതിനുവേണ്ടിത്തന്നെ ഇവിടെ സിം കാര്‍ഡ് ഒന്നും എടുക്കുന്നില്ല എന്നു നേരത്തേ തീരുമാനിച്ചിരുന്നു. വൈഫൈ കണക്ഷന്‍ വിടുവിച്ചാല്‍ ലോകത്തിനോടുള്ള ബന്ധംതന്നെ മുറിഞ്ഞു പൊയ്ക്കോളും. അതൊരാശ്വാസംകൂടിയാണ്. 

പന്ത്രണ്ടുമുതല്‍ ഒന്നരവരെയാണ് ഉച്ചഭക്ഷണസമയം. അതും എലിമെന്ററിയില്‍ത്തന്നെ. ചിക്കന്‍, റൊട്ടി, വഴുതനങ്ങ പൊരിച്ചത്, ഉരുളക്കിഴങ്ങു പുഴുങ്ങിയത്, സലാഡ് ഒക്കെയാണ് വിഭവങ്ങള്‍. എനിക്കു പിന്നെ ദിവസവും ചോറും മോരും കഴിച്ചാലേ ഉറക്കം വരൂ എന്നൊരു നിര്‍ബ്ബന്ധമില്ലാത്തതുകൊണ്ട് എന്തും എന്റെ ഇഷ്ടവിഭവങ്ങളാണ്. ചേരയെ തിന്നുന്ന നാട്ടില്‍ നടുത്തുണ്ടംതന്നെ ശരണം. 

റെസിഡന്‍സികളായി എത്തിയിട്ടുള്ള എല്‍ സാല്‍വദോറില്‍നിന്നുള്ള ഗബ്രിയേല ട്രുഹിലോ, യു.കെയില്‍നിന്നുള്ള അന്ന ഫ്ളെമിങ് എന്നിവരെ ചെറുതായൊന്ന് പരിചയപ്പെട്ടു. ഓഫീസ് സ്റ്റാഫില്‍ ചിലരും അവിടെയുണ്ടായിരുന്നു. 

ഉച്ചയ്ക്കുശേഷം ഉറക്കം ഒരു ശീലമാക്കേണ്ട എന്നു കരുതി നേരേ ലൈബ്രറിയിലേക്കു പോയി. അഞ്ചു നിലകളിലായുള്ള വിശാലമായ ഒരു ലൈബ്രറിയാണത്. ഏറ്റവും താഴത്തെ നിലയിലുള്ള മാസിക/ വാരിക സെക്ഷനിലൊന്ന് കറങ്ങുക മാത്രമാണ് ഞാന്‍ ചെയ്തത്. Granta, London Book Review, അടുത്തിടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച Banipal തുടങ്ങിയ അനേകം പ്രധാന പ്രസിദ്ധീകരണങ്ങളുടെയെല്ലാം കോപ്പികള്‍ അവിടെയുണ്ടായിരുന്നു. 

അവ മറിച്ചുനോക്കി നില്‍ക്കുമ്പോള്‍ ഒരാള്‍ എന്റെ അടുത്തേക്കു വന്ന് സ്വയം പരിചയപ്പെടുത്തി. റൊമാനിയയില്‍നിന്നുള്ള നോവലിസ്റ്റ് ഫ്ലോറിന്‍ ജര്‍മിയ (Florin Irimia). കഴിഞ്ഞവര്‍ഷം ഇതേസമയത്ത് ഞാന്‍ താമസിക്കുന്ന അതേ ട്രീഹൗസില്‍ താന്‍ ഉണ്ടായിരുന്നു എന്ന സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഫ്ലോറിന്‍ സംസാരം തുടങ്ങിയത്. ഇപ്പോള്‍ മറ്റൊരു റസിഡന്‍സിയായ Foundation Heinrich Maria Et Jane Ledig- Rowohlt-ല്‍ ഒരുമാസത്തേക്ക് എത്തിയതാണ്. 
അത് ഇവിടെനിന്നും അധികം ദൂരെയല്ലാതെ ലവിങ്‌നി എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. Ledig- Rowohlt ഫ്രഞ്ചിലെ പ്രമുഖ പ്രസാധകരാണെന്നും ഒരു പഴയ കൊട്ടാരത്തിനുള്ളിലാണ് അവരുടെ റസിഡന്‍സി എന്നും ഫ്ലോറിന്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെയുള്ള സ്റ്റാഫിനെയൊക്കെ കണ്ട് പരിചയം പുതുക്കാന്‍ വന്നതാണ്. 

ലൈബ്രറിക്കുള്ളില്‍ സംസാരം അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പതിയെ പുറത്തിറങ്ങി കോഫി ഷോപ്പിനു മുന്നിലുള്ള ബെഞ്ചിലിരുന്ന്  സംസാരം തുടര്‍ന്നു. ഇന്ത്യയില്‍ വരാന്‍ കഴിഞ്ഞിട്ടില്ല എന്ന സങ്കടം ഫ്ലോറിനും പങ്കുവെച്ചു. പിന്നെ റൊമേനിയയെക്കുറിച്ചായി ഞങ്ങളുടെ സംസാരം. നിക്കോളായ് ചെഷസ്‌ക്യൂ എന്ന ഏകാധിപതി ഭരിച്ചു നശിപ്പിച്ച ഒരു ദരിദ്രരാജ്യം എന്നാണ് ഫ്ലോറിന്‍ സ്വന്തം രാജ്യത്തെക്കുറിച്ച് സങ്കടം പറഞ്ഞത്. കമ്യൂണിസ്റ്റ് ഭരണകാലത്ത് തുടങ്ങിവെച്ച കൈക്കൂലിസംസ്‌കാരം ഇന്നു പലമടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. പൊതുഗതാഗതം ആകെ താറുമാറായിരിക്കുന്നു. 1940കളില്‍ ഇപ്പോഴത്തേതിനെക്കാള്‍ വേഗത്തിലോടുന്ന തീവണ്ടികള്‍ രാജ്യത്തുണ്ടായിരുന്നു. ജനപിന്തുണയുള്ള രണ്ടു രാഷ്ട്രീയകക്ഷികള്‍ ഒന്നിച്ച് ഭരണം തുടങ്ങിയ
തോടെ പ്രതിപക്ഷം ഇല്ലാതെയായി. സ്വന്തം ദേശത്തെക്കുറിച്ചുള്ള പരിദേവനംപറച്ചില്‍ ഫ്ലോറിന്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ എന്നെങ്കിലും ഒരിക്കല്‍ എല്ലാം ശരിയാവുമെന്നും തന്റെ രാജ്യവും സ്വിസ്പോലെ സമ്പന്നമാകുമെന്നുമുള്ള സ്വപ്നം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ലവിങ്‌നിയിലെ റസിഡന്‍സിയിലേക്കു മടങ്ങിയത്. 
 
ഞാന്‍ തിരിച്ച് ലൈബ്രറിയിലേക്ക് കയറി. അഞ്ചു നിലകളിലായി അത്യുജ്ജ്വലമായ ശേഖരം. ഭാഷാടിസ്ഥാനത്തിലാണ് പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ മൂലഭാഷയിലുള്ളത്, ഒപ്പം അതിന്റെ വിവിധ ഭാഷകളിലുള്ള തര്‍ജ്ജമകള്‍ എന്നിങ്ങനെയാണ് ആ ക്രമം. 'ഒറിയാന്റല്‍' എന്ന വിഭാഗത്തിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഉള്ളത്. പ്രതീക്ഷിച്ചപോലെതന്നെ രബീന്ദ്രനാഥ ടാഗോറും മുള്‍ക്രാജ് ആനന്ദും ആര്‍.കെ. നാരായണും ഒക്കെ അവിടെ ഉണ്ടായിരുന്നു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരുടെ കൂട്ടത്തില്‍  നമ്മുടെ സ്വന്തമായ അരുന്ധതി റോയിയെയും ശശി തരൂരിനെയും അനിത നായരെയും മനു ജോസഫിനെയും ജീത് തയ്യലിനെയും കൂടെ എന്റെ നോവലുകളുടെ ഇംഗ്ലീഷ് പരിഭാഷകളും കണ്ടത് കൂടുതല്‍ സന്തോഷത്തിനു വകനല്‍കി. അങ്ങനെ നോക്കിച്ചെല്ലുമ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ദാ ഇരിക്കുന്നു നമ്മുടെ സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മൂന്നു പുസ്തകങ്ങള്‍. കൂടെ 'മയ്യഴിപ്പുഴ'യുമായി എം മുകുന്ദനും. മലയാളത്തില്‍നിന്നുള്ള പ്രാതിനിദ്ധ്യം, അതും ഫ്രഞ്ച് 
ഭാഷയില്‍. മനസ്സു നിറയാന്‍ വേറെന്തു വേണം. അതിന്റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടേ എനിക്ക് തൃപ്തിയായുള്ളൂ. 

വൈകുന്നേരം സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള എഴുത്തുകാരിയും പര്‍വ്വതാരോഹകയുമായ അന്ന ഫ്ളെമിങ് നടത്തുന്ന ഒരു പ്രഭാഷണമുണ്ടായിരുന്നു. റസിഡന്‍സിയായി എത്തുന്നവരില്‍ ചിലരെ തിരഞ്ഞെടുത്ത് എല്ലാ മാസത്തിന്റെയും ആദ്യ വ്യാഴാഴ്ച ഇങ്ങനെ ഒരു സംവാദപരിപാടി സംഘടിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായിരുന്നു ഈ പ്രഭാഷണം. ആധുനികമായ രീതിയില്‍ നിര്‍മ്മിച്ച മനോഹരമായ ഒരു ഓഡിറ്റോറിയമാണ് ഫൗണ്ടേഷനിലുള്ളത്. സാംസ്‌കാരിക പരിപാടികള്‍ മാത്രം നടത്താന്‍ ഉദ്ദേശിച്ചു പണിത, നൂറിനടുത്ത് സീറ്റുകള്‍ മാത്രമുള്ള ആ ഓഡിറ്റോറിയം നിറഞ്ഞ് ആളുകളുണ്ടായിരുന്നു. ഈ 
ഒഴിഞ്ഞ ഗ്രാമത്തില്‍ എഴുത്തുകാരെ കേള്‍ക്കാനായി ദൂരെനിന്നും അത്രയെങ്കിലും ആളുകള്‍ വരുന്നു എന്നത് എന്നെ അദ്ഭുതപ്പെടുത്തി. 

പര്‍വ്വതാരോഹണത്തിലെ വെല്ലുവിളികള്‍, കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ആഗോളതാപനം മൂലമുള്ള മഞ്ഞുരുകല്‍ എന്നിവയെക്കുറിച്ച് സ്വന്തം പുസ്തകമായ Time on Rockനെ അടിസ്ഥാനപ്പെടുത്തി അന്ന നന്നായി സംസാരിച്ചു. പരിപാടിക്കുശേഷം വൈന്‍ 
പാര്‍ട്ടി ഉണ്ടായിരുന്നു. അവിടെവെച്ച്, ജോര്‍ജിയയില്‍ ജനിക്കുകയും പതിനൊന്നാം വയസ്സില്‍ മോസ്‌കോയിലേക്ക് കുടിയേറുകയും പിന്നെ ആറുമാസങ്ങള്‍ക്കു മുമ്പ് ബെര്‍ലിനിലേക്ക് ഓടിപ്പോരേണ്ടിവരികയും ചെയ്ത ഐറിന ബബ്ലോയാന്‍ എന്ന പത്രപ്രവര്‍ത്തകയെ ഷന്റാല്‍ എനിക്ക് പരിചയപ്പെടുത്തിത്തന്നു. എല്ലാവര്‍ക്കും പറയാനുള്ളത്  ഇന്ത്യയിലേക്കുള്ള ദൂരത്തെക്കുറിച്ച്, പങ്കുവെക്കാനുള്ളത് ഇന്ത്യ കാണാനുള്ള ആഗ്രഹം. ഇത്രദൂരെനിന്നും ഞാനവിടെ ചെന്നത് ആ യൂറോപ്യര്‍ക്കിടയില്‍ ഇന്ത്യ ഒരു ചര്‍ച്ചാവിഷയമാകാന്‍ കാരണമായിരിക്കുന്നു.