മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ആര്‍. രാജശ്രീയുടെ ആത്രേയകം എന്ന നോവലിന്റെ ഒരു വായന; 

To advertise here,

ആത്രേയകം നോവലിന്റെ അവസാനം ഫലശ്രുതിയും കഴിഞ്ഞ് ഒരധ്യായമുണ്ട്. ജയം എന്ന് ഈ അധ്യായത്തിനു പേര്. നോവലിനോടു ചേര്‍ന്നു കിടക്കുന്ന ഒരു മെറ്റാ നരേഷന്‍ ആണിത്. വ്യാസനും വ്യാസശിഷ്യന്മാരായ ജൈമിനി, വൈശമ്പായനന്‍, പൈലന്‍, സൂതന്‍, രോമഹര്‍ഷണന്‍, യാജ്ഞവല്‍ക്യന്‍ എന്നിവരും ചേര്‍ന്ന്, വ്യാസനില്‍നിന്നു കേട്ട ഭാരതകഥയെ ജൈമിനി, ജയം എന്ന പേരില്‍ ആഖ്യാനം ചെയ്തതിനെ വിചാരണ ചെയ്യുകയാണ്. ഒടുക്കം വൈശമ്പായനന്‍ തന്റെ വാദങ്ങള്‍ സ്ഥാപിച്ചെടുത്തു. അദ്ദേഹം പറഞ്ഞു:

'ഗുരോ, ഒരു ക്ഷുദ്രദേശവും അതിന്റെ വിചിത്രരീതികളും ഒരു കാരണവശാലും ഒരു പുണ്യഭൂമിയെ ആദേശം ചെയ്യരുത്. സേവകന്‍ രാജമഹിമയെ മറികടക്കരുത്. വിലക്ഷണതയെ അലങ്കാരമായി ഗണിക്കരുത്. നമുക്കിതു നിരസിക്കാം.'
വ്യാസന്റെ അന്തിമതീര്‍പ്പ് കൃതിയെ അഗ്‌നിക്കു കൊടുക്കാം എന്നായിരുന്നു. ശേഷം വൈശമ്പായനന്‍ ജയമെന്ന പേരില്‍ത്തന്നെ അദ്ദേഹമെഴുതിയ കാവ്യം വായിക്കാന്‍ തുടങ്ങി.

മഹാഭാരതത്തിന് ജൈമിനിഭാരതം എന്ന ഒരു പാഠമുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത് പുറംലോകം കണ്ടിട്ടില്ല. ആ കൃതി അതിന്റെ ആദ്യവിചാരണയില്‍ത്തന്നെ അഗ്‌നിയില്‍ എരിഞ്ഞുപോയതാണ്. യുദ്ധം കഴിഞ്ഞ് യുധിഷ്ഠിരന്‍ യാഗങ്ങള്‍ ചെയ്ത് കീര്‍ത്തി നേടിയ ഭാഗംമാത്രം അവശേഷിച്ചു. 

ഇത്രയും നീട്ടിപ്പറഞ്ഞത് ആത്രേയകം എന്ന നോവല്‍ ജയകാവ്യം എന്നുകൂടി അറിയപ്പെട്ട മഹാഭാരതത്തിന്റെ പുനരാഖ്യാനമല്ല എന്ന് പറയാനാണ്. കുറഞ്ഞപക്ഷം നോവല്‍ അവകാശപ്പെടുന്നതെങ്കിലും അങ്ങനെയാണ്. വെളിച്ചം കാണാതെ എരിഞ്ഞുപോയ ജൈമിനി ഭാരതത്തെ പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ആര്‍. രാജശ്രീ. അതെ, ഈ നോവലിലൂടെ ഭാരതകഥയ്ക്ക് ഒരു പുതിയ ആഖ്യാനം കൂടി ഉണ്ടാവുന്നു. മലയാളത്തിലൂടെ അത് ലോകത്തിന് സമര്‍പ്പിതമാകുന്നു.

രാജവീഥിയുണ്ടായിരിക്കെ എന്തിന് കാനനപാതകള്‍ തിരഞ്ഞെടുക്കുന്നു എന്നാണ് വൈശമ്പായനന്‍ ഉന്നയിക്കുന്ന ചോദ്യം. ആ ചോദ്യത്തിനുത്തരമാണ് ഈ നോവല്‍. മഹാഭാരതകഥകളിലൊന്നും കാണാത്ത ആത്രേയകമെന്ന സാങ്കല്പികദേശവും അവിടുത്തെ മനുഷ്യരുമാണ് ഈ നോവലിലെ മിഴിവുറ്റ കഥാപാത്രങ്ങള്‍. ആത്രേയകം പാതിയിലധികം വനമുള്ള പ്രദേശമാണ്. പാഞ്ചാലത്തിന്റെയും ദശാര്‍ണ്ണത്തിന്റെയും ഹസ്തിനപുരിയുടെയും അതിര്‍ത്തിയായ ഗ്രാമം, അതായത് കൃത്യമായ പ്രാന്തം. 

മരിച്ചവരെയും രാജശിക്ഷയേറ്റ് അംഗഭംഗം വന്നവരെയും തള്ളുന്ന പ്രദേശമാണ് അത്. കാട്ടുവാസികളായ ആത്രേയകനിവാസികള്‍ക്ക് സ്വന്തമായ ജീവിതാദര്‍ശങ്ങളുണ്ട്, ആയോധനവിദ്യകളുണ്ട്, ചികിത്സയുണ്ട്. അവരുടെ അനാര്യമായ രീതികള്‍ വെളിച്ചത്തില്‍ ആരും സ്വീകരിക്കാറില്ല. എന്നാല്‍ രാജകൊട്ടാരങ്ങളില്‍നിന്നുപോലും അവരുടെ ഗൂഢചികിത്സ തേടി ആളുകള്‍ വരാറുണ്ട്. രീതികള്‍ മാത്രമേ സംസ്‌കൃതചിത്തരെന്നു നടിക്കുന്നവര്‍ക്ക് അസ്വീകാര്യമായുള്ളൂ, ഫലത്തില്‍ പ്രശ്‌നമൊന്നും ഇല്ല. നിര്‍ണായകഘട്ടങ്ങളിലെല്ലാം കൊട്ടാരങ്ങളില്‍നിന്ന് ആത്രേയകം തേടി ആളുകളെത്തുന്നു.

ആളുകള്‍ പരിഹസിക്കുന്ന ആത്രേയകത്തിന്റെ രീതികളില്‍ അവിടുത്തെ വൈദ്യശ്രേഷ്ഠന്‍ ചൂഡകനോ പേരക്കുട്ടിയും വൈദ്യശ്രേണിയിലെ അവസാനകണ്ണിയുമായ ഇളയ്‌ക്കോ സംശയങ്ങളില്ല. എന്നിട്ടും ഇള പലപ്പോഴും മുത്തച്ഛനെ ഗൂഢചികിത്സകളില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. നാഗരികതയുമായുള്ള അഭിമുഖീകരണങ്ങളില്‍ പ്രാന്തജനത അനുഭവിക്കുന്ന അപകര്‍ഷത തന്നെ ഇത്.

ലോകം ബുദ്ധിക്കുറവെന്നു വിളിച്ചേക്കാവുന്ന അപകര്‍ഷങ്ങളുടെ പരമ്പരതന്നെയുണ്ട് ഈ നോവലില്‍. അത്തരം മനുഷ്യാവസ്ഥകളിലൂടെ കടന്നുപോകുമ്പോള്‍ ജൈമിനി പറഞ്ഞ പോലെ നോവലിസ്റ്റും വര്‍ത്തമാനകാല ജീവിതാവസ്ഥകളില്‍ നേരിട്ടു കണ്ടതു തന്നെയല്ലേ പകര്‍ത്തിയത് എന്ന് തോന്നും. ആത്രേയകം എന്ന ദേശം പോലെ ചൂഡകന്‍, ഇള തുടങ്ങിയ കഥാപാത്രങ്ങളും എഴുത്തുകാരിയുടെ ഭാവനാസൃഷ്ടികളാണ്.

കേന്ദ്രപാഠത്തോട് ചേര്‍ത്തുവയ്ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ഇന്ദ്രപ്രസ്ഥമുണ്ടാക്കാനായി കൃഷ്ണനും അര്‍ജുനനും ചേര്‍ന്ന് എരിച്ചു കളഞ്ഞ ഖാണ്ഡവവനത്തിന്റെ അവ്യക്തമായ ഒരു ചിത്രം മാത്രം കിട്ടും. നോവലില്‍ കാണുന്ന, നിറയെ പച്ചപ്പും മനുഷ്യരും പലതരം ജീവികളും ജീവിതാദര്‍ശങ്ങളുമുള്ള ആത്രേയകം എഴുത്തുകാരി നിര്‍മിച്ചെടുക്കുന്നതാണ്.

പ്രാന്തങ്ങളില്‍നിന്ന് ജനപദകേന്ദ്രങ്ങളിലേക്ക് നോക്കുന്ന രചനയാണ് ഇത്. അതുകൊണ്ടുതന്നെ കേട്ട ആഖ്യാനങ്ങളിലെ മുഖ്യകഥാപാത്രങ്ങളെയെല്ലാം തികച്ചും വ്യത്യസ്തമായ കോണിലൂടെയാണ് നമുക്ക് കാണാനാവുക. കൃഷ്ണയുടെ മുന്നിലായാലും ഉലൂപിയുടെ മുന്നിലായാലും മറ്റെവിടെയായാലും അര്‍ജുനനെ പ്രതിനായകരൂപത്തിലേ നാം കാണൂ. അയാളുടെ അമ്പേറ്റ് കുലം മുടിഞ്ഞവരുടെ പ്രാക്കുകളേ നാം കേള്‍ക്കൂ. പാഞ്ചാലരാജ്യത്തെ യുവരാജാവായ ധൃഷ്ടദ്യുമ്‌നനാണ് നോവലിലെ ഒന്നാം പ്രതിനായകന്‍. അയാളുടെ കരുവാണ് അര്‍ജ്ജുനന്‍ പോലും. വൈശമ്പായനന്റെ ജയകാവ്യത്തില്‍ പേരുപോലും പരാമര്‍ശിക്കാത്ത 'ശിഖണ്ഡി'യാണ് കേന്ദ്രകഥാപാത്രമായ നിരമിത്രന്‍. അംബയുടെ പുനര്‍ജന്മം എന്ന കഥയ്ക്ക് നോവലില്‍ തീരെച്ചെറിയ പ്രാധാന്യമേ കൊടുക്കുന്നൂള്ളൂ.

ചരിത്രത്തിന് കൊട്ടാരങ്ങള്‍ നല്‍കുന്ന പാഠങ്ങളെ നോവലില്‍ പലയിടങ്ങളില്‍ പരിഹാസത്തോടെ വിചാരണ ചെയ്യുന്നുണ്ട്. നോവലില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു പ്രയോഗമാണ് കഥാകാലക്ഷേപ സംഘം എന്നത്. കൊട്ടാരം ആഖ്യാനങ്ങളെ രാജ്യത്തിനകത്തും പുറത്തും പ്രചരിപ്പിക്കുന്ന പ്രൊപ്പഗാൻഡ മെഷിനറിയാണ് ഈ സംഘങ്ങള്‍. ഒരര്‍ത്ഥത്തില്‍ ജൈമിനിയെ നിരാകരിച്ച് ജയകാവ്യമെഴുതിയ വൈശമ്പായനനും ഇതിന്റെ തുടര്‍ച്ച തന്നെ. 

നോവലിസ്റ്റ് ഈ കഥകളെ വിശ്വസിക്കുന്നില്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ് പാഞ്ചാലരാജകുമാരന്മാരുടെ കഥ. ഭാരതാഖ്യാനമനുസരിച്ച് യാഗാഗ്‌നിയില്‍നിന്ന് ഉയര്‍ന്നു വന്നവരാണ് ധൃഷ്ടദ്യുമ്‌നനും സഹോദരി കൃഷ്ണയും. ആത്രേയകത്തില്‍ ഈ കഥ കാണില്ല. ദ്രുപദന്റെ മൂത്ത കുട്ടി നിരമിത്ര എന്ന പെണ്‍കുഞ്ഞായതിനാലും നിരമിത്രനായി വളര്‍ത്താനുള്ള ശ്രമം വിവാഹത്തോടെ പാളിപ്പോയതിനാലും രാജാവ് തന്റെ ഇഷ്ടഗണികയിലുണ്ടായ മക്കളെ അമ്മയോടൊപ്പം സ്വീകരിക്കുകയാണ്. ഹരിണി എന്ന ആ മാതാവിനെയും നമുക്ക് നോവലിലല്ലാതെ കാണാന്‍ സാധിക്കുകയില്ല.

'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവലിന്റെ വല്ല തുടര്‍ച്ചയും ഈ നോവലിലുണ്ടോ? നോവല്‍ ശില്പം, ഭാഷ, ആഖ്യാനം, കഥാതന്തു ഒക്കെ ഇഴ കീറി പരിശോധിച്ചാലും പ്രത്യക്ഷത്തില്‍ അതു കാണാനാവില്ല. എന്നാലും ചില തുടര്‍ച്ചകളുണ്ട് എന്നാണ് എന്റെ പക്ഷം. 

കേരളത്തിന്റെ നവോത്ഥാനചരിത്രത്തെ ഒരു സമാന്തരരേഖയായി സങ്കല്‍പിച്ച് മാറ്റമുണ്ടാകാത്ത സ്ത്രീയവസ്ഥകളെ കാണിച്ചു തരുന്ന രചനയാണ് കല്യാണി. കുറച്ചധികം പിന്നോട്ടു പോയി ഇതിഹാസകാലത്തെ സ്ത്രീകളെയും അതേ അവസ്ഥയില്‍ കാണുമ്പോള്‍ അത്രേയകത്തിന് കല്യാണീനോവലില്‍നിന്ന് തുടര്‍ച്ച കിട്ടുന്നു. ആണത്തത്തെ പല അളവുകളില്‍ ആത്രേയകം വിചാരണ ചെയ്യുന്നുണ്ട്. ചിലപ്പോള്‍ അധികാരവുമായി ബന്ധിപ്പിച്ച്, ചിലപ്പോള്‍ ലൈംഗികതയുമായി ബന്ധിപ്പിച്ച്, വേറെ ചിലപ്പോള്‍ ധാര്‍മികതയുടെ പൊള്ളത്തരങ്ങളുമായി ബന്ധിപ്പിച്ച്. ഇക്കാര്യത്തിലും അത്രേയകത്തിന് കല്യാണീനോവലില്‍നിന്ന് തുടര്‍ച്ച അവകാശപ്പെടാനാകും. ആരാണ് ഉത്തമനായ പുരുഷന്‍ എന്ന ചോദ്യത്തിനുത്തരം തേടുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ട് നോവലില്‍. 

പുസ്തകത്തിന്റെ കവര്‍ പേജ്

പാതിയും കാടായ ആത്രേയകത്തിലെ ഇളയായാലും കാട്ടില്‍ വസിക്കുന്ന ഹിഡിംബിയോ പ്രാന്തരാജ്യങ്ങളിലെ കുമാരിമാരായ ഉലൂപിയോ ചിത്രാംഗതയോ ആയാലും രാജ്ഞിമാരായ പാഞ്ചാലമഹാറാണിയും കുന്തിയുമായാലും രാജകുമാരിമാരായ കൃഷ്ണയും ദശാണ്ണരാജകുമാരിയുമായാലും ഗണികയില്‍നിന്ന് റാണീപദത്തിലെത്തുന്ന ഹരിണിയായാലും അവരുടെ സ്ഥിതിയ്ക്കു മാറ്റങ്ങളൊന്നുമില്ല. ധര്‍മ്മത്തെയും നീതിയെയും കുറിച്ചുള്ള സംവാദങ്ങളില്‍ അവര്‍ എല്ലായ്‌പ്പോഴും ഇരകളോ ഉപകരണങ്ങളോ ആകുന്നു. പല തരക്കാരായ, കര്‍തൃനഷ്ടം സംഭവിച്ച ഇത്രയധികം സ്ത്രീകളിലേക്ക് സൂക്ഷ്മനോട്ടം നിര്‍വഹിക്കുന്ന വേറൊരു രചന ഇത്തരത്തില്‍ മലയാളത്തില്‍ വേറെയുണ്ടോ എന്ന് സംശയമാണ്. 

പക്ഷപാതിത്വത്തോടെ സ്ത്രീകളുടെ മാത്രം ദൈന്യത കാണുന്നതുമല്ല ഈ നോവല്‍. ഗ്രാമങ്ങളുടെയും സേവകരുടെയും ഉപകരണങ്ങളാക്കപ്പെട്ട മഹാരാജാക്കന്മാരുടെയും ദൈന്യത കൂടി അതു കാണുന്നു. കാടും അതിലെ ജീവജാലങ്ങളും വിശാഖ എന്ന ഉജ്വല കാഥാപാത്രമടക്കം തിരുനങ്കമാരും തുല്യപ്രാധാന്യത്തോടെ അരങ്ങത്തു വന്ന് അവരുടെ കഥ പറയുന്നു. 

വേദകാലത്തിനു ശേഷമുണ്ടായ ഇതിഹാസങ്ങള്‍ വേദങ്ങളും പുരാണങ്ങളും മുന്നോട്ടുവെച്ച യജ്ഞസംസ്‌കാരത്തിന്റെ വിമര്‍ശം കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയല്ലാതെ യജ്ഞപാരമ്പര്യത്തിന്റെ പ്രാമാണ്യത്തിലൂന്നിയും അതു വായിക്കാമെന്നു മാത്രം. അപ്പോഴും ധര്‍മാധര്‍മവിചാരങ്ങളും പ്രാന്തങ്ങളില്‍നിന്നെത്തി ചോദ്യമുയര്‍ത്തുന്ന കഥാപാത്രങ്ങളും വായനക്കാരെ സംഘര്‍ഷത്തിലാക്കും. ഇതിഹാസാഖ്യാനങ്ങള്‍ വായിക്കാനെടുക്കുമ്പോള്‍ പ്രാന്തങ്ങളില്‍ അതിന്റെ രചയിതാക്കള്‍ കുരുക്കിയിട്ട സംവാദസന്ദര്‍ഭങ്ങളിലേ വ്യക്തിപരമായി എനിക്കു താല്‍പര്യമുള്ളൂ. 

ആത്രേയകം എന്ന നോവല്‍ വായിക്കാനെടുത്തപ്പോഴും ഞാന്‍ സംശയാലുവായിരുന്നു. മനുഷ്യരുടെ കഥ പറയാന്‍ എന്തിനാണ് ഇതിഹാസപശ്ചാത്തലം? പഴക്കം മണക്കുന്ന പുരാതന കൊട്ടാരഭാഷയില്‍ ആഖ്യാനം ചെയ്യുന്ന ഇത്തരം രചനകള്‍ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു 'രാഷ്ട്രീയചിഹ്നം' എന്ന നിലയില്‍ ഭരണകൂടാനുകൂലമായി സ്വയം പ്രത്യാഖ്യാനം നിര്‍വഹിക്കാന്‍ ശേഷിയുള്ളവയാണ്. ഇത്തരമൊരു സാധ്യത നില്‍ക്കേ ഇതേ സങ്കേതമുപയോഗിച്ച് കൃത്യമായ രാഷ്ട്രീയം പറയാന്‍ പറ്റുക എന്നത് കൃതഹസ്തയായ ഒരു നോവലിസ്റ്റിനുമാത്രം കഴിയുന്ന കാര്യമാണ്. ആത്രേയകത്തിലെ ചില മരുന്നുകളെ കുറിച്ച് നോവലില്‍ പറയുന്നത്, 'പിഴച്ചാല്‍ അപകടം ഉറപ്പാണ്' എന്നാണ്. അതുപോലെ അപകടം പിടിച്ച ഒരു പ്രയോഗമാണ് പുരാതനകൊട്ടാര ഭാഷയിലുള്ള ഈ നോവല്‍. (ഓഫ് ദി റെക്കോര്‍ഡ് ആയി ഒരു കാര്യം. മലയാള സാഹിത്യത്തിലേക്ക് ഈ കൊട്ടാരഭാഷ വരുന്നത് എവിടെനിന്നാണ്? മലയാള നോവലുകളിലൂടെ പിന്നോട്ടു പോയാല്‍ സി.വി. രാമന്‍പിള്ളയിലാണ് എത്തിച്ചേരുക എന്നു തോന്നുന്നു.) 

അനാര്യമായ ജ്ഞാനപാരമ്പര്യമുള്ള നാഗരും മണിപുരക്കാരും മാദ്രദേശക്കാരും മറ്റുമാണ് ഈ നോവലിലെ തിളക്കമുള്ള കഥാപാത്രങ്ങള്‍. ഒരിടത്ത് കാട്ടുതീയണയ്ക്കാന്‍ നിരമിത്രന്‍ ഉറവ പൊട്ടിച്ച് മഴ പെയ്യിക്കുന്നുണ്ട്. ഇതു കാണുന്ന അര്‍ജ്ജുനല്‍ ഗുരു തനിക്കുപദേശിച്ച വരുണാസ്ത്രത്തെ കുറിച്ച് അഭിമാനിമ്പോള്‍ ഇള പളയുന്നത് ഈ വിദ്യ ആത്രേയകത്തിലെ എല്ലാവര്‍ക്കും അറിയാമെന്നാണ്. വൈദ്യമായാലും ആയുധവിദ്യയായാലും ലോകവീക്ഷണമോ ആത്മീയദര്‍ശനങ്ങളോ ആയാലും നോവലില്‍ പ്രാന്തം മുഖ്യത്തെ ഗംഭീരമായി മറികടക്കുന്നുണ്ട്. 

അജയ്യനായ അര്‍ജുനനെയല്ല ഈ നോവലില്‍ കാണുക. ബഭ്രുവാഹനന്റെയും ഇരാവാന്റെയും മുന്നില്‍ പിതാവായ അര്‍ജുനന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ തോല്‍വിയോളമെത്തുന്നുണ്ട്. അയാളുടെ വിജയങ്ങളൊക്കെയും പലതരം ചതികളിലൂടെയും ഗൂഢാലോചനകളിലൂടെയും നേടിയെടുക്കുന്നതാണ്. ഭീഷ്മരെ പരാജയത്തിന്റെ വക്കിലെത്തിക്കുന്നത് നിരമിത്രനാണ്. പിന്തിരിയുന്നെങ്കില്‍ പിന്തിരിയട്ടെ എന്നു കരുതി ഇടകൊടുത്ത നിരമിത്രന്റെ പിന്നില്‍നിന്ന് അവസരം മുതലാക്കി അര്‍ജ്ജുനന്‍ അമ്പെയ്യുന്നു. ശിഖണ്ഡിയോട് പോരാടാതെ വില്ലു താഴ്ത്തിയ ഭീഷ്മരെയല്ല നാമിവിടെ കാണുക. അന്തസ്സംഘര്‍ഷങ്ങളാലും നിരമിത്രന്റെ ആക്രമണങ്ങളാലും പതറി നില്‍ക്കുന്ന ഭീഷ്മരെയാണ്, നിരമിത്രന്റെ വിജയം തട്ടിയെടുക്കുകയും അയാളെ ജെന്റര്‍ ഷെയ്മിങ് നടത്തുകയും ചെയ്യുന്ന അര്‍ജുനനെയാണ്.

യജ്ഞസംസ്‌കാരത്തോട് പ്രത്യയശാസ്ത്രപരമായി വിയോജിച്ചുകൊണ്ടാണ് ബുദ്ധമതമുണ്ടാകുന്നത്. പ്രത്യയശാസ്ത്രപരമായ ഈ വിയോജിപ്പുകളുടെ സൂചനകള്‍ അവിടവിടെയായി വാല്‍മീകിരാമായണത്തില്‍ ചിതറിക്കിടക്കുന്നുണ്ട്. രാമനുപോലും ദുഃഖിക്കേണ്ടി വരുന്നത് യാന്ത്രികമായി രാജധര്‍മങ്ങള്‍ പാലിക്കേണ്ടി വരുന്നതുകൊണ്ടാണ്. ഇതിഹാസകാവ്യങ്ങളിലെ ഇത്തരം വിടവുകള്‍ നികത്തുകയും പൂരിപ്പിക്കുകയും ചെയ്യുന്ന രചനകള്‍ക്ക് നിശ്ചയമായും പ്രസക്തിയുണ്ടെന്ന് ആത്രേയകം സംശയാലുക്കളെ ഓര്‍മിപ്പിക്കും.

ഋജുവായി കാര്യങ്ങള്‍ പറയുന്ന രീതിയല്ല രാജശ്രീയുടെ നോവലുകളിലുള്ളത്. വാനക്കാര്‍ക്ക് കഴിവിനൊത്ത് പൊളിച്ചെടുത്ത് വായിക്കാനാവുംവിധം സാധ്യതകള്‍ തുറന്നുവെച്ച ധ്വന്യാത്മകമായ എഴുത്താണത്. വരികള്‍ക്കിടയിലും പ്രബന്ധത്തിലാകെ നോക്കിയാലും ഇത്തരമൊരു ആഖ്യാനശൈലിയാണ് നോവല്‍ പിന്തുടരുന്നത്. ചിന്താശകലങ്ങളും ലോകോക്തികളും(മിക്കവാറും സ്വന്തമായി ഉണ്ടാക്കുന്നവ) പ്രകൃതിദൃശ്യങ്ങളുമൊക്കെ ചേര്‍ത്ത് കേവലപ്രസ്താവനകള്‍ക്ക് ഉടനടി ഉപമകളോ ചിലപ്പോ രൂപകങ്ങളോ ഒക്കെയായി അലങ്കാരവാക്യങ്ങള്‍ കൂട്ട് വരും. നോവല്‍ വായനയില്‍ കൗതുകം തോന്നി ഡസന്‍ കണക്കിന് ഇത്തരം വാക്യങ്ങള്‍ ഞാന്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. വിഖ്യാതരായ എഴുത്തുകാരെല്ലാം നോവല്‍ ആഖ്യാനത്തിനിടയില്‍ കവികളെ വെല്ലുവിളിക്കുന്ന ഇത്തരം മനോഹരവാക്യങ്ങള്‍കൊണ്ട് അലങ്കരിക്കാറുണ്ട്. ചിലത് നോക്കൂ:

റാണി പുകയേറ്റ പാമ്പിനെപ്പോലെ പുളഞ്ഞു,
യാത്രാസംഘം ഒഴുക്കുനിലച്ച നദി പോലെ തമ്മിലലച്ചു,
തീരമടക്കം ഇടിച്ചു തകര്‍ത്ത് കടല്‍ പിന്‍വാങ്ങുന്നതുപോലെ മനസ്സില്‍നിന്ന് ആകുലതകളൊഴിഞ്ഞു പോകുന്നതറിഞ്ഞു,
ഹരിണി ചില്ലുടയുന്നതുപോലെ ചിരിച്ചു.
നൂലുപൊട്ടിയ മുത്തുമാല കണക്കെ ചിതറിയോടിക്കളഞ്ഞു.
അഴകുണ്ടെങ്കിലും ഉറപ്പില്ലാത്ത പാത്രത്തില്‍ വെള്ളമെടുക്കുന്നതെങ്ങനെ?
വള്ളിയില്‍ പിടിച്ചു വലിച്ചാല്‍ മൊത്തം കുലുങ്ങുന്ന ചെടിയാണ് ആത്രേയകം,
അഞ്ചിഴകള്‍ കടന്നുപോകേണ്ട സ്വര്‍ണമുത്തായി കൃഷ്ണ സ്വയം സങ്കല്‍പിച്ചു.

placeholder
ആര്‍. രാജശ്രീ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

ഇത്തരത്തിലുള്ള, മനോഹരവും സന്ദര്‍ഭത്തോട് കൃത്യമായി ഇണങ്ങുന്നതും ആയ പ്രയോഗങ്ങള്‍കൊണ്ട് സമ്പന്നമാണ് നോവല്‍. വായനക്കാരുടെ ജിജ്ഞാസ നിലനിര്‍ത്തുന്ന ആഖ്യാനം വായനയെ ഇടതടവില്ലാതെ മുന്നോട്ടു കൊണ്ടുപോകും. ഒന്നു തീര്‍ന്നു എന്നു വിചാരിക്കുമ്പോഴേക്ക് അടുത്തതു വരും. നോവലിന്റെ അധ്യായവിതരണത്തില്‍ സൂക്ഷ്മമായ എഡിറ്റിങ് കാണാന്‍ പറ്റും. സത്യത്തില്‍ ചേറ്റിക്കൊഴിച്ചെടുക്കുന്ന എഡിറ്റിങിലാണ് നോവല്‍ മുറുകി നില്‍ക്കുന്നത്. പല കേന്ദ്രങ്ങളില്‍നിന്ന് കഥ പറഞ്ഞും അധ്യായങ്ങള്‍ക്ക് വേറൊരു കോണില്‍നിന്ന് തുടര്‍ച്ചയുണ്ടാക്കിയും വായനയെ ഉലച്ചുകൂട്ടുന്ന ശൈലി ഗംഭീരമാണ്. തുടക്കത്തില്‍ കാര്യമായ സൂചനകളൊന്നും തരാതെ അധ്യായാവസാനം അമ്പരപ്പിക്കുന്ന നാടകീയതയിലൂടെ വായനയെ ഞെട്ടലാക്കുന്നതിന് മികച്ച ഉദാഹരണമാണ് ഇരാവാന്റെ അന്ത്യം വിവരിക്കുന്ന ഭാഗം.

പാണ്ഡവപക്ഷത്തു ചേര്‍ന്ന് യുദ്ധം ചെയ്ത് വീരചരമം പ്രാപിച്ച ഇരാവാനെയല്ല ആത്രേയകത്തില്‍ കാണുക. പിതാവിന്റെ ആയുരാരോഗ്യത്തിനുവേണ്ടി സ്വയം സന്നദ്ധനായി ബലിയാടാകുന്ന തമിഴ് നാടോടി പാരമ്പര്യത്തിലെ ഇരാവാനെയുമല്ല. വേദനയെക്കാള്‍ ഞെട്ടലുണ്ടാക്കുന്ന വേറൊരു അവസാനമാണ് ആത്രേയകത്തില്‍ ഇരാവാനെ കാത്തുനില്‍ക്കുന്നത്.

നോവല്‍ വായിച്ചു നിര്‍ത്തുമ്പോഴും ഒഴിയാത്ത വേദനയായി കൂടെനില്‍ക്കുക ഇരാവാന്റെ ഈ അന്ത്യമാകും. ശരിക്കും കിടുങ്ങിപ്പോയി, വായന നിര്‍ത്തി ഒരു കാപ്പിയുണ്ടാക്കിക്കഴിച്ച് തിരിച്ചു വരേണ്ടി വന്നു. നിരമിത്രന് എന്താണ് സംഭവിക്കുന്നതെന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ ഓപ്പണ്‍ എന്റ് ആയിവെച്ചിരിക്കുകയാണ്. ചിലപ്പോള്‍ ചിരഞ്ജീവിയായി നമുക്കിടയില്‍ നിരമിത്രനെ കണ്ടുമുട്ടിയേക്കാം.  

ഈ നോവലിലൂടെ മലയാളത്തിലേക്ക് വലിയ ബഹുമതികള്‍ വരുമെന്ന് വിചാരിക്കുന്നു. കേവലവാദത്തിനുവേണ്ടി ചില പൂരകങ്ങള്‍ ചൂണ്ടിക്കാണിക്കാമെന്നതിനപ്പുറം രാജശ്രീയുടെ ആദ്യനോവലുമായി ചേര്‍ത്തു പറയാവുന്ന ഒന്നും ഇതിലില്ല. തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു നോവല്‍. ശ്രദ്ധേയമായ നോവലിനുശേഷം കാലിടറുന്ന പൊതുശീലത്തില്‍നിന്ന് ആത്രേയകം കൂടുതല്‍ ഉറപ്പോടെ നില്‍ക്കുന്നു. ആദ്യനോട്ടത്തില്‍ വായനയിലേക്കുള്ള ലളിതമായ താക്കോലുകള്‍ ഇതിലില്ലല്ലോ എന്നു തോന്നാമെങ്കിലും ചിരപരിചിതമായ പാന്‍ ഇന്ത്യന്‍ പശ്ചാത്തലത്തെ കൂട്ടുപിടിച്ച് നോവല്‍ അതിനെ മറികടക്കുന്നു. ഒരിക്കല്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സഞ്ചരിക്കാനും വഴിതെറ്റാനുമുള്ള നിരവധി വഴികള്‍ ഈ നോവലിനകത്തുണ്ട്.

ഏത് ഇന്ത്യന്‍ ഭാഷയിലേക്കും എളുപ്പം വിവര്‍ത്തനം ചെയ്യാവുന്ന ഘടന ആത്രയേകത്തിനുണ്ട്. ഇതിഹാസാഖ്യാനങ്ങളോടുള്ള ചാര്‍ച്ചകൊണ്ട് ഉത്തരേന്ത്യന്‍ ഭാഷകളും പ്രാന്തങ്ങളിലേക്കുള്ള നോട്ടങ്ങളുടെ വിമതസ്വഭാവം കൊണ്ട് തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളും നാഗന്മാരെയും മണിപുരക്കാരെയും കേന്ദ്രസ്ഥാനത്തുനിര്‍ത്തുന്നതുകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഈ നോവല്‍ എളുപ്പം സ്വീകരിക്കും. സാന്‍സ്‌ക്രിറ്റ് കോസ്‌മോപോളിസിന്റെ വിമോചകവഴി ഈ നോവലിനെ ഒരു പാന്‍ ഇന്ത്യന്‍ നോവലോ കുറേക്കൂടി വിശാലതയില്‍ ദക്ഷിണേഷ്യന്‍ നോവലോ ആക്കി മാറ്റുന്നുണ്ട്. 

ഈ നോവല്‍ വായിക്കാന്‍ ടിപ്പണികളോ മഹാഭാരതകഥയുടെ പൂര്‍വഭാരമോ ആവശ്യമില്ല. ജൈമിനി എഴുതി, ഗുരുവും സഹപാഠികളും തള്ളിക്കളഞ്ഞ് അഗ്‌നിയിലെരിച്ച് ഇല്ലാതായിപ്പോയ പാഠത്തിന്റെ പുനഃസൃഷ്ടിയാണ് ഇത്.

ഇതില്‍ എല്ലാമുണ്ട്. ഒന്നും പുറത്തുനിന്ന് കൊണ്ടുവരേണ്ടതില്ല.
ഇങ്ങനെയൊരാഖ്യാനത്തിന് ആര്‍. രാജശ്രീക്കെന്തവകാശം?
ഇതിഹാസമെന്നത് കഥകളുടെ കൂട്ടമെന്നതുപോലെ വ്യത്യസ്തമായ ആഖ്യാനങ്ങളുടെയും പാഠങ്ങളുടെയുംകൂടി കൂട്ടമാണ്. അതു തുടരുന്നു. അതില്‍ തന്റെ ഇടം ഈ എഴുത്തുകാരി സ്വന്തമാക്കി എന്നുമാത്രം. എന്തായാലും മേലില്‍ ആത്രേയകം കൂടി ചേര്‍ന്നതാണ് ദക്ഷിണേഷ്യയുടെ ഭാരതാഖ്യാനപാഠങ്ങള്‍.