
ഇന്ത്യന്‍ ബൗദ്ധികതയുടെയും പൊതുപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും സാമ്പത്തികവൈദഗ്ധ്യത്തിന്റെയും ഈടുറ്റ പേരാണ് അരുണ്‍ ഷൂരി. തന്റെ നിലപാടുകള്‍ കൊണ്ട് കക്ഷിരാഷ്ട്രീയഭേദമന്യേ ഭയവും ആദരവും പിടിച്ചുപറ്റിയ അരുണ്‍ ഷൂരിയുടെ പോരാട്ടങ്ങളത്രയും ഇന്ത്യയിലെ അഴിമതിക്കെതിരേയുള്ളതായിരുന്നു. പത്മഭൂഷണ്‍, മഗ്‌സസെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നല്‍കി അരുണ്‍ ഷൂരി ആദരിക്കപ്പെടുമ്പോള്‍ നിലപാടുകള്‍ കൂടുതല്‍ തെളിച്ചത്തോടെ ജനസമക്ഷത്തിലേക്ക് അദ്ദേഹം അവതരിപ്പിച്ചു; പൗരനെന്നാല്‍ പൗരനായിരിക്കുക എന്നുകൂടിയാണ് എന്ന ഉത്തമബോധ്യത്തോടെ തന്നെ. തന്റെ വിമര്‍ശനങ്ങളെ തടയിടാന്‍ അധികാരദണ്ഡുകള്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല എന്നതാണ് അരുണ്‍ ഷൂരി എന്ന പേര് ഇന്ത്യന്‍ സാഹചര്യത്തില്‍ വിശിഷ്ടമായി നിലകൊള്ളുന്നത്. അദ്ദേഹത്തിന്റെ പുസ്തകമായ ANITHA GETS BAIL What Are Our Courts Doing? What Should We Do About Them? എന്ന പുസ്തകം മാതൃഭൂമി ബുക്‌സിനുവേണ്ടി വിവര്‍ത്തനം ചെയ്തത് കെ. രാധാകൃഷ്ണ വാരിയറും റോയി കുരുവിളയും ചേര്‍ന്നാണ്. പുസ്തകത്തിലെ 'അതിരറ്റ ആസക്തിയുള്ളവരാണ് ഹര്‍ജിക്കാരും ന്യായാധിപന്മാരും' എന്ന അധ്യായത്തില്‍ നിന്ന്...
സമീപഭൂതകാലത്തെ ചില സംഭവവികാസങ്ങള്‍ ഏതൊരാളെയും അത്യന്തം ഭഗ്‌നോത്സാഹകരാക്കുന്നതാണ്. കഴിഞ്ഞ അദ്ധ്യായത്തില്‍ വ്യക്തമായിക്കഴിഞ്ഞ പാഠങ്ങള്‍ക്ക് കടകവിരുദ്ധമായ രീതിയിലായിരുന്നു പരമോന്നത കോടതിയുടെ നടപടികള്‍ എന്നതുതന്നെ കാരണം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, അതിന്റെ അനന്തരഫലങ്ങളെന്താണെന്നും, കോടതിയില്‍പ്പോലും പൊതുജനങ്ങള്‍ക്കിടയില്‍ അസ്വാസ്ഥ്യമുളവാക്കിയ മൂന്നു സംഭവങ്ങള്‍ ഇതു വിശദീകരിക്കും.
ഒരു ആത്മഹത്യാക്കുറിപ്പ്
1995 മുതല്‍ക്ക് അരുണാചല്‍പ്രദേശില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയായിരുന്നു കാലിഖോ പൂല്‍. 2016 ഫെബ്രുവരിയില്‍ അദ്ദേഹം അരുണാചല്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി. ഉത്തരപൂര്‍വ്വപ്രദേശത്ത് സര്‍വ്വസാധാരണമായ കൊടുക്കല്‍ വാങ്ങലും പക്ഷംമാറലുംപോലുള്ള സംഭവപരമ്പരകള്‍ അരങ്ങേറി. വിഷയം സുപ്രീംകോടതി ഏറ്റെടുത്തു. 2016 ജൂലായ് 13ന് കോടതിവിധി അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ അന്ത്യംകുറിച്ചു. 2016 ഓഗസ്റ്റ് 9ാം തീയതി പൂലിന്റെ തൂങ്ങിയാടുന്ന ശരീരം കണ്ടെത്തി. അദ്ദേഹത്തിന്റെ ശരീരത്തിനടുത്തുനിന്നും കൈപ്പടയിലെഴുതിയ, അറുപത്തിനാലു പേജുള്ള കുറിപ്പ് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കണ്ടെത്തി. ഓരോ പേജിലും പൂലിന്റെ ചുരുക്കപ്പേരും ഒപ്പും ഉണ്ടായിരുന്നു. അവസാനത്തെ ഒപ്പിട്ടിരിക്കുന്നത് പൂല്‍ ആത്മഹത്യ ചെയ്ത 2016 ഓഗസ്റ്റ് 8ാം തീയതി തന്നെയായിരുന്നു.
ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളുമായി ഏറ്റവും കുറച്ചു പരിചയമുള്ള ഏതൊരാള്‍ക്കും സത്യം പിടികിട്ടിയിരുന്നു- ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (AASU) പ്രക്ഷോഭകാലത്തും, വാജ്പേയി ഗവണ്‍മെന്റിന്റെ കാലത്ത് ഞാന്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രാലയങ്ങളിലൊന്ന് ഉത്തരപൂര്‍വ്വദേശമായിരുന്നതിനാലും ആ പ്രദേശത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അദ്ദേഹം വിശദീകരിച്ച അഴിമതി, സംസ്ഥാനത്തിനനുവദിച്ചിട്ടുള്ള പണം ആ പ്രദേശത്തെ രാഷ്ട്രീയക്കാര്‍ അടിച്ചുമാറ്റിയതിന്റെ തുടര്‍ച്ചയായി വക്രിച്ചുകൊണ്ടിരിക്കുന്നതിന്റെയും കുതന്ത്രങ്ങള്‍- തീര്‍ച്ചയായും ഇവ ഉത്തരപൂര്‍വ്വസംസ്ഥാനങ്ങളുടെ നാശഹേതുവാണ്- ആ ദേശത്തെ നന്മയും ലാളിത്യവുമുള്ള ജനങ്ങളുടെ അമ്പരപ്പിക്കുന്ന ദൗര്‍ഭാഗ്യവുമായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതം പരാമര്‍ശിക്കുന്ന ഖണ്ഡികകളൊഴികെയുള്ള എല്ലാ ഖണ്ഡികകളിലും തുകകളുള്‍പ്പെടെയുള്ള വസ്തുതകള്‍ പ്രതിപാദിക്കപ്പെട്ടിരുന്നു.
നമ്മുടെ ഇപ്പോഴത്തെ ആവശ്യത്തിന് പ്രാധാന്യമര്‍ഹിക്കുന്നത് വിഷയം എപ്രകാരമാണ് ഗുവാഹതി ഹൈക്കോടതിയിലേക്കും ഒടുവില്‍ സുപ്രീംകോടതിയിലേക്കും എത്തിയതെന്നതും, തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിക്കുന്നതിനിടയില്‍ പൂല്‍, തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലെയടക്കം ഉന്നതരായ വ്യക്തികളുള്‍പ്പെടെയുള്ളവര്‍ക്കെതിരേയും, രണ്ടു മുന്‍ ചീഫ് ജസ്റ്റിസുമാര്‍, അന്നത്തെ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവര്‍ക്കെതിരേയും കൃത്യവും ദൂരവ്യാപകവുമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടായിരുന്നു. തനിക്കനുകൂലമായി സുപ്രീംകോടതിയുടെ തീരുമാനം ലഭിക്കുന്നതിന് ഭീമമായ തുക ആവശ്യപ്പെട്ടു എന്നതാണ് ഈ പ്രസ്താവനകളുടെ അടിസ്ഥാനം. ആ തുകകള്‍ നല്‍കാനുള്ള വിഭവശേഷിയോ കെല്‍പ്പോ തനിക്കുണ്ടായിരുന്നില്ലെന്നും, തന്റെ എതിരാളികള്‍ക്ക് ഇവ രണ്ടും ധാരാളമായി ഉണ്ടായിരുന്നുവെന്നും, അങ്ങനെയാണ് അവര്‍ തങ്ങള്‍ക്കനുകൂലമായി വിധി സമ്പാദിച്ചതെന്നും അദ്ദേഹം എഴുതിയിട്ടുണ്ടായിരുന്നു.
കുറിപ്പില്‍ പരാമൃഷ്ടമായിട്ടുള്ള ആരോപണങ്ങള്‍ അതീവഗൗരവപ്രകൃതമുള്ളതാണെന്നും സമഗ്രമായ അന്വേഷണം ആവശ്യമുള്ളതാണെന്നും അരുണാചല്‍പ്രദേശ് മുന്‍ ഗവര്‍ണ്ണര്‍ രാജ് ഖൊവ്വ ഉറപ്പിച്ചുപറഞ്ഞു.
ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു സ്വതന്ത്ര അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് പൂലിന്റെ വിധവ ഡങ്വിംസായി പൂല്‍ അന്നത്തെ ചീഫ് ജസ്റ്റിസിന് എഴുതി. ചീഫ് ജസ്റ്റിസിന്റെ അനുമതി കൂടാതെ ഒരു ജഡ്ജിയുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണമാരംഭിക്കാനാവില്ലെന്ന് വീരസ്വാമിയുടെ കേസ് മുതല്‍ നാം കണ്ടുകഴിഞ്ഞതാണ്. പൂലിന്റെ കുറിപ്പില്‍ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ പേര് പറഞ്ഞിട്ടുള്ളതിനാല്‍, കൂടാതെ അടുത്ത ചീഫ് ജസ്റ്റിസാകാനുള്ള ജഡ്ജിയുടെ പേരും പറഞ്ഞിട്ടുള്ളതിനാല്‍ വിഷയം ഒന്നോ അതിലേറെയോ മുതിര്‍ന്ന ജഡ്ജിമാരുടെ പക്കലേക്ക് ശുപാര്‍ശ ചെയ്യപ്പെടേണ്ടതായിരുന്നു. അതു സംഭവിച്ചില്ല. തന്നെയല്ല വിഷയം ഭരണനിര്‍വ്വഹണ സ്വഭാവമുള്ളതായിരുന്നുതാനും; കോടതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കൈകാര്യം ചെയ്യേണ്ടത്. പകരം മറ്റുള്ളവര്‍ കൈകാര്യം ചെയ്യുന്നതില്‍ അസന്തുഷ്ടനായി ചീഫ് ജസ്റ്റിസ് വിഷയം സ്വയം ഏറ്റെടുത്ത് കത്ത് ഒരു പരാതിയായി പരിവര്‍ത്തിപ്പിച്ച്, വിധിനിര്‍ണ്ണയം സംബന്ധിച്ച കാര്യത്തിനായി പതിമൂന്നാം നമ്പര്‍ കോടതിക്ക് ചുമതല നല്‍കി. നിയമോപദേശപ്രകാരം ശ്രീമതി പൂല്‍ പരാതി പിന്‍വലിച്ചശേഷം ഒരു പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി തേടിക്കൊണ്ട് അടുത്ത മൂന്നു മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് കത്തെഴുതി.
തുടര്‍ന്നു പലതരം ഗതിഭേദങ്ങളുണ്ടായി. നാനാതരം പരിശ്രമങ്ങളുണ്ടായിട്ടും ഒരു ഫലവുമുണ്ടായില്ല എന്നതാണ് സാരമായ സംഗതി. ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തത് ജഡ്ജിമാരും അഭിഭാഷകരും സര്‍വ്വപ്രധാനമായി കോടതിയുമാണോ?
മൂന്നു കാര്യങ്ങള്‍ പ്രകടമായി കാണാന്‍ കഴിയും. ഒന്ന്, ഒടുവില്‍ ഒന്നും സംഭവിച്ചില്ല എന്ന് അനുമാനിക്കുന്നത് തെറ്റാണ്. കാരണം, അവസാനം പൂല്‍ ലക്ഷ്യമാക്കിയ ആരോപണങ്ങള്‍ അവശേഷിച്ചു. അത് നമ്മുടെ കോടതികളുടെയും ന്യായാധിപന്മാരുടെയും യശസ്സിന് ഗുണകരമാണോ? രണ്ട്, ആത്മഹത്യാക്കുറിപ്പ് അന്വേഷണാര്‍ഹമായിരുന്നു എന്ന് കേവലം ഒരാഴ്ചത്തെ പ്രയത്നംകൊണ്ട് സ്ഥാപിക്കാമായിരുന്നു. സ്പഷ്ടമായ സംഭവങ്ങള്‍, തീയതികള്‍, ഗവണ്‍മെന്റ് പദ്ധതികള്‍, വകയിരുത്തിയ തുകകള്‍ തുടങ്ങിയവകൊണ്ട് നിറഞ്ഞതായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ പ്രസ്താവനകള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടായിരുന്നോയെന്ന് ഒരു പരിശോധനയിലൂടെ ഉറപ്പിക്കാമായിരുന്നു. ഈ പദ്ധതികളെയും പരിപാടികളെയും മുതല്‍മുടക്കുകളെയും-എല്ലാം ജഡ്ജിമാരുമായും കോടതികളുമായും ബന്ധമില്ലാത്തവ- കുറിച്ചുള്ള പ്രസ്താവനകള്‍ കെട്ടുകഥകളാണെന്നു കണ്ടെത്തിയിരുന്നുവെങ്കില്‍, ജഡ്ജിമാരെയും കോടതികളെയും സംബന്ധിച്ച പ്രസ്താവങ്ങള്‍ പരിശോധിക്കേണ്ട ആവശ്യമില്ല എന്ന് ഏറ്റവും കുറഞ്ഞത് പ്രഥമദൃഷ്ട്യാതന്നെ നിഗമനത്തിലെത്താന്‍ കഴിയുമായിരുന്നു. നേരേമറിച്ച്, ഈ പ്രസ്താവങ്ങള്‍ വസ്തുതകളുമായി ഒത്തുപോയിട്ടുണ്ട് എങ്കില്‍-പൂല്‍ എടുത്തുപറഞ്ഞിരിക്കുന്ന പദ്ധതികള്‍ അദ്ദേഹം പട്ടിക നിരത്തിയിട്ടുള്ള ചെലവിനു വകയിരുത്തിയ തുകകള്‍, പണം വഴിമാറ്റി ചെലവഴിക്കപ്പെട്ടുകൊണ്ടിരുന്ന മാര്‍ഗ്ഗങ്ങള്‍ മുതലായവ-അദ്ദേഹം തന്റെ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവതന്നെയാണ് എങ്കില്‍ അദ്ദേഹം ഉന്നയിച്ച മറ്റു പ്രസ്താവങ്ങള്‍ ന്യായീകരിക്കപ്പെട്ടതായിരുന്നേനെ. ഈ ലളിതമായ കര്‍മ്മംപോലും ഒരിക്കലും ഏറ്റെടുക്കപ്പെട്ടില്ല.
മൂന്നാമതായി, നിയമം. മരണമൊഴിക്ക് നമ്മുടെ കോടതികളില്‍ വലിയ ഭാരമാണ് ചുമതലപ്പെടുത്തി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഒരു ആത്മഹത്യാക്കുറിപ്പ് മരണമൊഴിക്കു സമാനമാണ്. നിയമദൃഷ്ട്യാ സ്പഷ്ടമായ നിലയാണതിനുള്ളത്. എല്ലാത്തിനുമുപരി തനിക്ക് നേരിട്ടറിയാനിടയുള്ളതും, തനിക്ക് പങ്കുണ്ടെന്നു വരുത്തുന്നതുമായ വസ്തുതകള്‍ ഒരു വ്യക്തി രേഖപ്പെടുത്തി വെച്ചിരിക്കുന്നുവെങ്കില്‍. ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ 32-ാം വകുപ്പ് പരിഗണിക്കുക:
മരിച്ചതോ കണ്ടെത്താനാവാത്തതോ ആയ വ്യക്തിയുടേതായ പ്രസക്തമായ വസ്തുതയടങ്ങുന്ന മൊഴികളുള്ള കേസുകള്‍ പ്രസക്തമാണ്. മരിച്ചുപോയ അല്ലെങ്കില്‍ കണ്ടെത്താനാവാത്ത അല്ലെങ്കില്‍ തെളിവു നല്‍കാന്‍ ശേഷിയില്ലാത്ത അല്ലെങ്കില്‍ കാലതാമസമോ ധനനഷ്ടമോ കൂടാതെ സാന്നിദ്ധ്യമുളവാക്കാന്‍ കഴിയാത്ത വ്യക്തി നല്‍കുന്ന രേഖാമൂലമോ വാക്കാലോ ഉള്ള പ്രസക്തമായ വസ്തുതകളടങ്ങുന്ന മൊഴികള്‍, യുക്തിരഹിതമായി കോടതിക്കു മുന്നില്‍ വരുന്ന കേസിന്റെ സാഹചര്യങ്ങളില്‍ ഇനി പറയുന്ന കേസുകളില്‍ പ്രസക്തിയുള്ളവയാണ്:
1. ഇതിനെ മരണകാരണവുമായി ബന്ധപ്പെടുത്തുമ്പോള്‍ തന്റെ മരണകാരണത്തെപ്പറ്റിയും അഥവാ തന്റെ മരണത്തിലേക്കു നയിച്ച ഇടപാടുകളുടെ സാഹചര്യങ്ങളെപ്പറ്റിയും അയാളുടെ മരണം സംബന്ധിച്ച കേസില്‍ മൊഴി നല്‍കുമ്പോള്‍.
2. ഇത്തരം മൊഴികള്‍ ഉണ്ടാക്കിയപ്പോള്‍ അതുണ്ടാക്കിയ വ്യക്തിമരണം പ്രതീക്ഷിച്ചിരുന്നുവോ എന്നത് പ്രസക്തമാണ്. മാത്രവുമല്ല, പ്രശ്നത്തിലിരിക്കുന്ന അയാളുടെ മരണകാരണം സംബന്ധിച്ച നടപടികളും പ്രസക്തമാണ്.
3. അഥവാ ഉണ്ടാക്കിയ ആളുടെ താത്പര്യത്തിനെതിര്-ഒരു മൊഴി അതുണ്ടാക്കുന്നയാളുടെ സാമ്പത്തികവും ഉടമസ്ഥത സംബന്ധിച്ചുള്ളതുമായ താത്പര്യങ്ങള്‍ക്ക് എതിരാകുമ്പോള്‍, അത് അയാളെ തുറന്നുകാട്ടുകയോ അയാളെ ഒരു ക്രിമിനല്‍ ശിക്ഷാനടപടിയിലേക്കു നയിക്കുകയോ നഷ്ടപരിഹാരക്കേസിലേക്കു നയിക്കുകയോ ചെയ്യുക.
4. അഥവാ പൊതുജനാവകാശത്തിലോ ആചാരത്തിലേക്കോ അഥവാ പൊതുതാത്പര്യമുള്ള കാര്യത്തിലോ അഭിപ്രായം പറയുന്നുവെങ്കില്‍: ആ മൊഴി ഏതെങ്കിലും പൊതു അവകാശത്തിന്റെ അഥവാ ആചാരത്തിന്റെ അഥവാ പൊതുതാത്പര്യമുള്ള വിഷയത്തിന്റെ നിലനില്‍പ്പ് സംബന്ധിച്ചതാണെങ്കില്‍, ഏതെങ്കിലും വിവാദത്തിനു മുമ്പായിരുന്നു അത്തരം അവകാശത്തെയോ ആചാരത്തെയോ പറ്റിയുള്ളതാണെങ്കില്‍ അങ്ങനെ നിലനില്‍ക്കുന്നത് നിലനിന്നിരുന്നെങ്കില്‍ അതേപ്പറ്റി അറിയാനിടയുണ്ട്.
ഇപ്പോള്‍ തീര്‍ച്ചയായും പൂല്‍ മരിച്ചിരിക്കുന്നു. അദ്ദേഹം പുറത്തുവിട്ട കാര്യങ്ങള്‍ അദ്ദേഹത്തിന് വ്യക്തിപരമായി 'അറിയാനിടയുള്ള' കാര്യങ്ങളാണ്. അദ്ദേഹം ആത്മഹത്യ ചെയ്യാനിടയാക്കിയ സാഹചര്യങ്ങളെ തീര്‍ച്ചയായും വെളിപ്പെടുത്തുന്നതാണ് ആ കുറിപ്പ്. പല വെളിപ്പെടുത്തലുകളും അദ്ദേഹത്തെ തുറന്നുകാട്ടുന്നവയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വന്തം താത്പര്യത്തിനു വിരുദ്ധവും. അദ്ദേഹം തുറന്നുവിട്ട കാര്യങ്ങള്‍ മിക്കവയും തീര്‍ച്ചയായും പൊതുതാത്പര്യമുളവാക്കുന്നവതന്നെ.
മുകളില്‍ പരിഗണിച്ച കേസുകളില്‍നിന്നു നാം ശേഖരിച്ച പാഠം വെച്ചുനോക്കുമ്പോള്‍ 'സ്വാഭാവിക മരണം വരിക്കുക' എന്ന കാര്യം അനുവദിക്കാതെ ജുഡീഷ്യറി ചെയ്യേണ്ട വിവേകപൂര്‍ണ്ണമായ കാര്യം ആ കുറിപ്പ് പൊന്തിവന്നയുടനെത്തന്നെ ഏറ്റവും സ്വതന്ത്രമായ അന്വേഷണം ഏര്‍പ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്.
അടുത്ത കേസും അതിനോടുള്ള ജുഡീഷ്യറിയുടെ പ്രതികരണവും വളരെ വലിയ പ്രത്യാഘാതങ്ങളുളവാക്കിയതാണ്. കാരണം, അതിലുള്‍പ്പെട്ടത് പണമല്ല, മറിച്ച് കൊലപാതകസാദ്ധ്യതയാണ്. സൊഹറാബുദ്ദീന്‍ എന്ന ഒരാള്‍ ഗുജറാത്തില്‍ ഭാര്യയ്ക്കൊപ്പം കൊലചെയ്യപ്പെട്ടു. ഗുജറാത്ത് പോലീസുമായി 'ഒരേറ്റുമുട്ടലില്‍' അയാള്‍ കൊല്ലപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. പാവം ഭാര്യയോ? അവളും ഏറ്റുമുട്ടലില്‍ ഉണ്ടായിരുന്നോ? ആ മരണങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന് കുറ്റമാരോപിക്കപ്പെട്ടവരുടെ പട്ടികയില്‍ അന്നത്തെ സംസ്ഥാന ആഭ്യന്തരമന്ത്രിയും പിന്നീട് ബി.ജെ.പി. പ്രസിഡന്റായിത്തീര്‍ന്നയാളുമായ അമിത് ഷാ ഉണ്ടായിരുന്നു. ഗുജറാത്തില്‍വെച്ച് ആ കേസ് നീതിപൂര്‍വ്വമായി വിചാരണ ചെയ്യപ്പെടില്ല എന്ന് ഉന്നതകോടതികള്‍ നിഗമനത്തിലെത്തിയതിനാല്‍ കേസ് മഹാരാഷ്ട്രയിലേക്കു മാറ്റാന്‍ അവര്‍ നിര്‍ദ്ദേശം നല്‍കി. ഈ കേസിന്റെ തുടക്കംമുതല്‍ക്കുള്ള ഒരു ജഡ്ജി അവസാനംവരെ കേസ് കേള്‍ക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചു. സി.ബി.ഐ. കേസുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ ഒരു പ്രത്യേക കോടതിക്ക് കേസിന്റെ ചുമതല നല്‍കി. ജെ.ടി. ഉത്പത് ആയിരുന്നു ആ ജഡ്ജി. ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം തുടര്‍ച്ചയായി സമന്‍സുകളയച്ചു. ഷാ അനുസരിച്ചില്ല. 2014 ജൂണ്‍ 20ന് അദ്ദേഹം ഷായുടെ അഭിഭാഷകനെ ശകാരിച്ചു. എന്തിനെന്നോ? ഷാ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് നിരന്തരം അഭ്യര്‍ത്ഥിക്കുന്നതിന്. മാത്രവുമല്ല, ജൂണ്‍ 26 എന്നൊരു തീയതി നിശ്ചയിച്ച് അന്ന് ഷാ നേരിട്ടു ഹാജരാകണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. നോക്കൂ, ജൂണ്‍ 25ന് അദ്ദേഹം സ്ഥലംമാറ്റപ്പെട്ടു. 2012 സെപ്റ്റംബര്‍ 27ന് ഈ കേസ് ആദ്യംമുതല്‍ അവസാനംവരെ ഒരു ജഡ്ജിതന്നെ വാദം കേള്‍ക്കണം എന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണിത്. ആരാണദ്ദേഹത്തെ സ്ഥലം മാറ്റിയത്? ഈ കേസ് ആദ്യംമുതല്‍ അവസാനംവരെ ഒരേ ജഡ്ജിതന്നെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി ഏതു കമ്മിറ്റിയോടു നിര്‍ദ്ദേശിച്ചുവോ-ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി-ആ കമ്മിറ്റിതന്നെയാണിതു ചെയ്തത്.
പുതിയൊരു ജഡ്ജി, ബ്രിജ് ഗോപാല്‍ ഹര്‍ കൃഷ്ണന്‍ ലോയ ഈ കേസ് കൈകാര്യം ചെയ്യാന്‍ നിയമിതനായി. ഒട്ടും വൈകാതെതന്നെ ഷായെ വെറുതേ വിടാന്‍ അദ്ദേഹത്തെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇക്കാര്യം പറഞ്ഞുവന്നവരോട് തനിക്കതു കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു-കേസിന്റെ രേഖകള്‍ അതിനകം 10,000 പേജോളമെത്തിയിരുന്നു. അവ പഠിക്കാതെ തനിക്കൊരു ഉത്തരവിറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷാ തുടര്‍ന്നും കോടതിയില്‍ ഹാജരാകാതെയിരുന്നു. അദ്ദേഹം ഹാജരാകാതിരിക്കാനുള്ള കാരണം ലോയ ചോദിച്ചു. ഹാജരാകാനുള്ള അടുത്ത തീയതിയായി ഡിസംബര്‍ 15 അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു.
നാഗ്പൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം നിര്‍ബ്ബന്ധിതനായി. നല്ല ആരോഗ്യമുള്ള, ദോഷകരമായ ആരോഗ്യചരിത്രമില്ലാത്ത, ഒരു ഹൃദ്രോഗത്തിന്റെയും അടയാളംപോലുമില്ലാത്ത അദ്ദേഹത്തിന് 2014 നവംബര്‍ 30ന് കനത്ത ഹൃദയാഘാതമുണ്ടാവുകയും ഡിസംബര്‍ 1ന് പുലര്‍ച്ചെ മരണമടയുകയും ചെയ്തു.
ജാലവിദ്യയെന്നു പറയട്ടെ, വിദൂരനഗരത്തിലും ഗ്രാമങ്ങളിലും മുംബൈ, ലാത്തൂര്‍, ധൂലെ, ജല്‍ഗാവ്, ഔറംഗബാദ് എന്നിവിടങ്ങളില്‍- വസിക്കുന്ന ജഡ്ജിയുടെ ഭാര്യയുടെയും സഹോദരിമാരുടെയും പിതാവിന്റെയും ഫോണ്‍ നമ്പറുകള്‍ രണ്ടുപേര്‍ക്ക്- ആ കുടുബവുമായി ഒരുവിധത്തിലും ബന്ധമില്ലാത്ത-ലഭിക്കുന്നു. എന്നിട്ടവര്‍ പുലര്‍ച്ചെ 5 മണി മുതല്‍ വിളിച്ച് ജഡ്ജി മരിച്ചെന്നറിയിക്കുകയും ലാത്തൂരിന് 30 കിലോമീറ്റര്‍ അകലെയുള്ള ഗടേഗാവിലേക്ക് അവര്‍ എത്തണമെന്നും മൃതദേഹം അങ്ങോട്ടേക്ക് അയയ്ക്കാന്‍ പോവുകയാണെന്നും പറഞ്ഞു.
ഫോണ്‍ കോളുകളില്‍ മാത്രമല്ല, ഗടേഗാവ് തിരഞ്ഞെടുക്കുന്നതിലും ഒരു നിഗൂഢതയുണ്ട്. സാധാരണഗതിയില്‍ ജഡ്ജിയുടെ ഭാര്യയും കുടുംബവും താമസിക്കുന്ന മുംബൈയിലേക്കു വേണം മൃതദേഹം കൊണ്ടുപോകാന്‍. മൃതദേഹം കൊണ്ടുവന്നപ്പോള്‍ അതിനൊപ്പം ആരും വന്നിരുന്നില്ലെന്നത് തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന് ആ ആഘാതത്തിനിടയിലും തങ്ങള്‍ മനസ്സിലാക്കിയെന്ന് ആ കുടുംബം പിന്നീടു പറഞ്ഞു. മൃതദേഹം വേഗം സംസ്‌കരിക്കുവാനും അവര്‍ നിര്‍ബ്ബന്ധിതരായത്രേ.
ധൈര്യശാലിയായ ഒരു പത്രപ്രവര്‍ത്തകന്‍, നിരഞ്ജന്‍ ടക്ലേ ആ മരണത്തെ ഒന്നരവര്‍ഷക്കാലം പിന്തുടര്‍ന്നു. എല്ലാ തരത്തിലുമുള്ള പൊരുത്തക്കേടുകള്‍ വ്യക്തമായിരുന്നു. ഒരുപാടു ചാഞ്ചാട്ടങ്ങള്‍ക്കുശേഷം ആ പത്രപ്രവര്‍ത്തകന്‍ ജോലി നോക്കിയിരുന്ന The Week അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. അദ്ദേഹം രാജിവെക്കുകയും കൂടുതല്‍ വസ്തുതകള്‍ ഇക്കാര്യത്തില്‍ കണ്ടെത്തുകയും ചെയ്തു. ഒടുവില്‍ Caravan Online-ല്‍ അതു പ്രസിദ്ധീകരിച്ചു. അതൊരു കോളിളക്കം സൃഷ്ടിച്ചു.
രാത്രി ഏകദേശം 11 മണിയോടെ ലോയ തന്റെ ഭാര്യയെ ഫോണ്‍ ചെയ്തിരുന്നു. നാല്‍പ്പതു മിനിറ്റോളം അവര്‍ സംസാരിച്ചു. അദ്ദേഹം ഒരുതരത്തിലുള്ള അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ല. സര്‍ക്കാരിലെ ഉന്നതര്‍ ഉപയോഗിച്ചിരുന്ന ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിച്ചിരുന്നത്. പുലര്‍ച്ചെ 4 മണിയോടടുപ്പിച്ച് അദ്ദേഹം നെഞ്ചുവേദനയുണ്ടായെന്നു പറഞ്ഞിരുന്നുവത്രേ. അവിടെ ധാരാളം വാഹനങ്ങളുമുണ്ടായിരുന്നിരിക്കണം. സമീപത്തുള്ള പ്രസിദ്ധമായ രണ്ട് ആശുപത്രികളിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയോ, പ്രത്യേക പരിചരണം ലഭ്യമാക്കുകയോ ചെയ്തില്ല. പകരം, അദ്ദേഹത്തെ കൊണ്ടുപോയത് ഒരു അസ്ഥിരോഗാശുപത്രിയിലേക്കാണ്- അതിന്റെ ഉടമയ്ക്ക് ധാരാളം വലതുപക്ഷസംഘടനകളുമായി ബന്ധമുണ്ടായിരുന്നു. ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍നിന്ന് ആശുപത്രിവരെയുള്ള യാത്രയ്ക്ക് നാല്‍പ്പത്തിയഞ്ചു മിനിറ്റ് എടുത്തു എന്നാണു പറയപ്പെടുന്നത്. Caravan റിപ്പോര്‍ട്ടര്‍മാര്‍ ആ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ അവര്‍ ആറുമിനിറ്റേ എടുത്തുള്ളൂ. അനവധി ജഡ്ജിമാര്‍ ആശുപത്രിയില്‍ ഹാജരുണ്ടായിരുന്നത്രേ? പക്ഷേ, ഒരുത്തര്‍ക്കും തങ്ങളുടെ സഹപ്രവര്‍ത്തകന്റെ പേരുപോലും അറിയില്ലായിരുന്നത്രേ? പ്രമുഖ ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ Caravanല്‍ വന്ന വിവരണത്തെ വ്യക്തമായും നിഷേധിക്കുന്നവയായിരുന്നു. ഇ.സി.ജി. റിപ്പോര്‍ട്ടുതന്നെ പ്രസിദ്ധീകരിച്ചിരുന്നു. മെഷീന്‍ പ്രിന്റു ചെയ്ത ഇ.സി.ജിയിലെ തീയതിയും സമയവും 2014 നവംബര്‍ 30ന് പുലര്‍ച്ചെ 5.11 എന്നാണ്- ലോയ ഹൃദയസ്തംഭനമുണ്ടായി മരിച്ചതിന് ഒരു മുഴുവന്‍ ദിവസം മുമ്പ്! ചോദിച്ചപ്പോള്‍ ആശുപത്രിയധികൃതര്‍ പറഞ്ഞത്, അതൊരു 'സാങ്കേതികത്തകരാറാ'ണെന്നാണ്. മറ്റു ജഡ്ജിമാര്‍ക്കൊന്നും ഈ പിശകുണ്ടായിട്ടുമില്ല. പോരാത്തതിന്, ലോയയ്ക്കുണ്ടായി എന്നു പറയപ്പെടുന്ന കടുത്ത ഹൃദയസ്തംഭനം ഈ ഇ.സി.ജി. കാണിക്കുന്നുപോലുമില്ല. മരണസമയം 6.15 AM എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ജഡ്ജി മരിച്ചു എന്നു പറഞ്ഞുകൊണ്ടുള്ള കോളുകള്‍ രാവിലെ അഞ്ചുമണി മുതല്‍ കുടുംബത്തിനു ലഭിച്ചുതുടങ്ങി. Caravan -ന്റെ ലേഖകന്മാരോട് രണ്ടു വൃത്തങ്ങള്‍- ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലുള്ളതും പോലീസ് സ്റ്റേഷനിലുമുള്ള-പറഞ്ഞത് ഏതാണ്ടു പാതിരാത്രിയില്‍ ജഡ്ജി മരിച്ചിരുന്നു എന്നാണ് തങ്ങള്‍ക്ക് അറിയിപ്പുകിട്ടിയതെന്നാണ്.

ഡിസംബര്‍ ഒന്നാം തീയതി 10നും 11നും ഇടയ്ക്കാണ് പോസ്റ്റ്മോര്‍ട്ടം നടന്നതെന്നു പറയപ്പെടുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാകും, തീയതി തിരുത്തിയതാണെന്ന്. ആ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടത് ഒരു പോലീസ് സബ് ഇന്‍സ്പെക്ടറും ജഡ്ജിയുടെ ഒരു പിതൃസഹോദരനെന്നു സ്വയം പരിചയപ്പെടുത്തിയ ഒരാളുമാണ്. എന്നാല്‍ ജഡ്ജിക്ക് ഒരു പിതൃസഹോദരനില്ല. ഈ പറഞ്ഞ സമയത്തുതന്നെയായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നതെങ്കില്‍ ഇത്രയകലെയുള്ള ഒരു ഗ്രാമത്തില്‍ ആ സമയത്ത് മൃതദേഹം എത്തിക്കുവാനാകുമായിരുന്നില്ല. ഗസ്റ്റ് ഹൗസിലെ ഒക്യുപെന്‍സി രജിസ്റ്റര്‍ വ്യക്തമായി കേടാക്കിയിരുന്നു. അതു സൂചിപ്പിക്കുന്നത് രണ്ടു കട്ടില്‍ മാത്രമുള്ള ആ മുറിയില്‍ മൂന്നു ജഡ്ജിമാര്‍ കിടന്നു എന്നാണ്.
മൃതദേഹത്തിന്റെ തലയ്ക്കു പിന്നില്‍ പരിക്കുകളുണ്ടായിരുന്നെന്നും രക്തം പുരണ്ടിരുന്നെന്നും അദ്ദേഹത്തിന്റെ വസ്ത്രങ്ങളില്‍, പ്രത്യേകിച്ച് ഷര്‍ട്ടില്‍ രക്തം പുരണ്ടിരുന്നെന്നും അതാകട്ടെ ഇടത്തേ ചുമല്‍ മുതല്‍ അരക്കെട്ടുവരെ ഉണ്ടായിരുന്നെന്നും ജഡ്ജിയുടെ ഡോക്ടര്‍കൂടിയായ സഹോദരി ടക്ലേയോടു പറഞ്ഞു. ഈ വസ്തുതകളെപ്പറ്റി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസും മൗനം പാലിക്കുക മാത്രമായിരുന്നില്ല, കടകവിരുദ്ധമായിത്തന്നെ പറയുകയും ചെയ്തുവത്രേ!
കോടതിയില്‍ സംഭവിച്ച കാര്യങ്ങളിലേക്കു തിരികെപ്പോകാം. ഒരു പുതിയ ജഡ്ജി, എം.വി. ഗോസായി, ലോയയുടെ സ്ഥാനത്തു നിയമിതനായി. ദിവസങ്ങള്‍ക്കകം, 2014 ഡിസംബര്‍ 30ന്, തെളിവുകളുടെ വിശദാംശങ്ങളിലേക്കെല്ലാം പോകുന്നതിനു സഹായകമാകുമായിരുന്ന വിചാരണകളൊന്നുംകൂടാതെ അമിത് ഷായെ കുറ്റവിമുക്തനാക്കി. വിചാരണകൂടാതെ ഷാ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു-നിയമത്തെയും സുപ്രീംകോടതിയുടെ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും വകവെക്കാത്ത പ്രവൃത്തി.
സൊഹ്റാബുദ്ദീനും അയാളുടെ ഭാര്യ കൗസര്‍ബിയും, ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നതിനു ദൃക്സാക്ഷിയായിരുന്ന തുള്‍സി റാം പ്രജാപതിയും വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ്- എഫ്.ഐ.ആറിലൂടെ അവര്‍ രജിസ്റ്റര്‍ ചെയ്തതും ചാര്‍ജ്ഷീറ്റില്‍ പറയുന്നതും- സി.ബി.ഐ. അതുവരെ നിലപാടെടുത്തിരുന്നത്. ഷായ്ക്ക് ജാമ്യം നല്‍കിയതിനെ അവര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല, അതിനെതിരേ സുപ്രീംകോടതിയില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ചാര്‍ജ്ഷീറ്റില്‍ അവര്‍ പറഞ്ഞത് ഷാ ഒരു 'പിടിച്ചുപറിസംഘ'ത്തിന്റെ നേതാവാണെന്നാണ്; കൊലകള്‍ക്കു പിന്നില്‍ 'വിപുലമായ ഗൂഢാലോചന'യുണ്ടായിരുന്നു എന്നും, ഷാ ആയിരുന്നു 'ഗൂഢാലോചനയുടെ അച്ചാണി' എന്നും, അതിന്റെ ഫലമായാണ് കൊലപാതകങ്ങള്‍ നടന്നതെന്നും, അദ്ദേഹം കൊലപാതകങ്ങളെക്കുറിച്ചുള്ള 'ശരിയായ ഏതൊരന്വേഷണവും സ്ഥിരമായി തടസ്സപ്പെടുത്തിയിരുന്നു' എന്നും സൊഹ്റാബുദ്ദീന്‍, കൗസര്‍ബി, തുള്‍സി റാം പ്രജാപതി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട തന്റെ ഉള്‍പ്പെടല്‍ സംബന്ധിച്ച എല്ലാ അടയാളങ്ങളും മൂടിവെക്കാന്‍ ഉന്നത റാങ്കിലുള്ള പോലീസ് ഓഫീസര്‍മാര്‍ തയ്യാറായത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശവും സമ്മര്‍ദ്ദവും മൂലമാണെന്നും, ക്രമത്തോടെ അവര്‍ അത് ഒതുക്കിവെച്ചുവെന്നും കോടതിയെ (സുപ്രീംകോടതി) 'വഴി തെറ്റിക്കാന്‍ ശ്രമിച്ചുവെന്നും' പറഞ്ഞിരുന്നു. കൊല നടക്കുന്ന സമയത്തെ കാള്‍ റെക്കോഡുകള്‍ പറയുന്നത് ഷാ 'പോലീസുകാരുമായി നിരന്തരബന്ധത്തിലായിരുന്നു'വെന്നാണ്. എന്നാലിന്ന് ഇതേ സി.ബി.ഐതന്നെ, ഷായെ വിട്ടയച്ചതിനെതിരേ ഒരു വിരല്‍പോലും ഉയര്‍ത്തുന്നില്ല.
എന്താണു സംഭവിച്ചത്? ദുഷ്യന്ത് ദവെ ഉത്തരം കണ്ടെത്തി: 2014 മേയില്‍ കേന്ദ്രത്തിലും 2014 ഒക്ടോബറില്‍ മഹാരാഷ്ട്രയിലും ബി.ജെ.പി. അധികാരത്തിലെത്തി!
വെറും അഴിമതിയുടെ മാത്രം കേസല്ല ഒരുപക്ഷേ, കുറഞ്ഞത് കൊലപാതകത്തിനെങ്കിലും സാദ്ധ്യതയുള്ളത്. മുകളില്‍ നമ്മള്‍ കണ്ട കേസുകള്‍ നല്‍കുന്ന പാഠത്തിലൂടെ വീണ്ടും പോകുമ്പോള്‍ ഞാന്‍ ആലോചിച്ചുപോവുകയാണ്, സുപ്രീംകോടതി അഥവാ ഹൈക്കോടതി ഉയര്‍ന്നുവന്ന വസ്തുതകള്‍ ശ്രദ്ധിക്കണമെന്നും നിഗൂഢമായ ആ മരണത്തെപ്പറ്റി നേരാംവണ്ണം സമഗ്രമായി അന്വേഷിച്ചുവെന്ന് ഉറപ്പാക്കണമെന്നും-അവരങ്ങനെയാണ് എന്തായാലും ചെയ്യുന്നത്, എല്ലാ തരത്തിലുമുള്ള കാര്യങ്ങള്‍ സ്വമേധയാ ഏറ്റെടുക്കുകയും വേണം. പകരം മൂന്നു വര്‍ഷമായി യാതൊന്നും കേള്‍ക്കുന്നില്ല. 2017 ഡിസംബര്‍ മാസം മൂന്നാമത്തെ ആഴ്ച പ്രസിദ്ധീകരിക്കപ്പെട്ട അസ്വസ്ഥതയുളവാക്കുന്ന വിശദവിവരങ്ങള്‍ക്കു ശേഷം പോലും, ജഡ്ജി ലോയയുടെ ബന്ധുക്കളുമായി നടത്തിയ അഭിമുഖങ്ങളുടെ വീഡിയോ റെക്കോഡിങ്ങുകള്‍ പുറത്തുവന്നതിനു ശേഷവും ജുഡീഷ്യറി മറുവശംതന്നെ കണ്ടുകൊണ്ടിരുന്നു. അവസാനം 2018 ജനുവരി 4ന് ബോംബെ ലോയേഴ്സ് അസോസിയേഷന്‍ ഇക്കാര്യം ബോംബെ ഹൈക്കോടതിയിലെത്തിച്ചു: മരണത്തെപ്പറ്റി അന്വേഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അവര്‍ക്ക് ഒരു പരാതി ഫയല്‍ ചെയ്തു. കോടതി പരാതി സ്വീകരിക്കുകയും നോട്ടീസയയ്ക്കുകയും ചെയ്തു.
മുംബൈ ഹൈക്കോടതി നോട്ടീസുകളയച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ മറ്റൊരു 'പൊതുതാത്പര്യ'ഹര്‍ജി സുപ്രീംകോടതിയിലുണ്ടായി. മുംബൈക്കാരനായ പത്രപ്രവര്‍ത്തകനെന്ന പേരിലാണയാള്‍ പരാതി കൊടുത്തത്. മുംബൈ ഹൈക്കോടതി എടുത്ത കേസില്‍ കക്ഷിചേരാന്‍ ഈ 'പത്രപ്രവര്‍ത്തകന്‍' ശ്രമിച്ചില്ല. സുപ്രീംകോടതിയെയാണ് അയാള്‍ സമീപിച്ചത്. സാധാരണഗതിയില്‍ മുംബൈ ഹൈക്കോടതി ഇതിനകം കേസ് ഫയലിലെടുത്ത സാഹചര്യത്തില്‍ അതില്‍ കക്ഷിചേരാന്‍ പരാതിക്കാരനോട് സുപ്രീംകോടതി ആവശ്യപ്പെടുകയാണു പതിവ്. എന്നാല്‍, ഇത്തവണ ചീഫ് ജസ്റ്റിസ് പരാതി സ്വീകരിക്കുകയാണുണ്ടായത്. അദ്ദേഹം 'പരാതി സ്വീകരിക്കുക' മാത്രമായിരുന്നില്ല. അതിവേഗത്തിലാണത് സ്വീകരിച്ചത്. മാത്രവുമല്ല, തൊട്ടടുത്ത ദിവസത്തേക്കു പോസ്റ്റുചെയ്യുകയും ചെയ്തു! പിന്നീട് അസാധാരണമായ കാര്യം സംഭവിച്ചു. ചീഫ് ജസ്റ്റിസ്തന്നെ കോടതിയില്‍ വ്യക്തിപരമായി ഉണര്‍ന്നെണീറ്റു- ലോയയുടെ മരണത്തിന് മൂന്നിലധികം വര്‍ഷങ്ങളായിട്ടും- അതും വളരെ പ്രാധാന്യത്തോടെ മറ്റേതെങ്കിലും സീനിയര്‍ ജഡ്ജിക്കു നല്‍കേണ്ടിയിരുന്ന കേസ് പകരം പത്താംനമ്പര്‍ കോര്‍ട്ടില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കു നല്‍കി.
ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു- കോടതികളുടെ റോള്‍ തിരിഞ്ഞുവെന്നു മാത്രം! നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയാത്തതെന്നു നിങ്ങള്‍ കരുതുന്ന ഒരു കോടതിയെ മുന്‍കൂട്ടി കൈകാര്യം ചെയ്യാനുള്ള ആലോചനയും ഏറ്റവും വേഗത്തില്‍ കൈകാര്യം ചെയ്യുന്നതിന് നടപടികള്‍ മറ്റൊരു കോടതിയിലാക്കുക എന്നതും സൊഹ്റാബുദ്ദീന്‍ കേസില്‍ ആദ്യം മുതലേ ഉണ്ടായിരുന്നതാണ്. സുപ്രീംകോടതി ഉപദ്രവിച്ചേക്കുമോ എന്ന് ആശങ്കപ്പെട്ട ഗുജറാത്ത് സര്‍ക്കാര്‍ രണ്ടുതവണ കേസ് വേഗത്തിലാക്കാന്‍ തിടുക്കപ്പെട്ട് ഗുജറാത്തിലെ കോടതികളില്‍ ചാര്‍ജ്ഷീറ്റുകള്‍ ഫയല്‍ ചെയ്തു. പ്രജാപതിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാന്‍ നിര്‍ദ്ദേശിച്ചതിനുശേഷം എന്താണു സംഭവിച്ചതെന്ന് അനുസ്മരിച്ചുകൊണ്ട് എന്താണു സംഭവിക്കുന്നതെന്നതിനെപ്പറ്റി സുപ്രീംകോടതി കുറിപ്പെഴുതി:
'പ്രജാപതിക്കേസിലെ രേഖകള്‍ സി.ബി.ഐക്കു കൈമാറുവാനോ പ്രജാപതിക്കേസില്‍ ഏതെങ്കിലും തരത്തിലുള്ള പുനരന്വേഷണം നടത്തുവാനോ ഗുജറാത്ത് പോലീസ് അനുവദിച്ചില്ല. നേരേമറിച്ച് ഗുജറാത്ത് പോലീസ് തങ്ങളുടെ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുകയായിരുന്നു. മാത്രവുമല്ല, സൊറാബുദ്ദീന്‍ കേസിലേതുപോലെ 30.07.2010-ല്‍ തിടുക്കത്തില്‍ ചാര്‍ജുഷീറ്റ് ഫയല്‍ ചെയ്യുകയും 31.07.2010-ല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്, ഫസ്റ്റ്ക്ലാസ്, ദന്റ, ബനസ്‌കാന്ത ജില്ല മുമ്പാകെ സപ്ലിമെന്ററി ചാര്‍ജുഷീറ്റ് സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റും അതുപോലെ വേഗത്തില്‍തന്നെ രണ്ടു ദിവസത്തിനുള്ളില്‍ 02.08.2010-ല്‍ ക്രിമിനല്‍ പ്രൊസീജിയര്‍ പെരുമാറ്റച്ചട്ടത്തിലെ 207-ാം വകുപ്പിലെ നിബന്ധനകള്‍പോലും പാലിക്കാതെ കേസ് എടുക്കുകയും ചെയ്തു.'
സൊഹ്റാബുദ്ദീന്‍ കേസിലും പ്രജാപതിക്കേസിലും കാര്യങ്ങള്‍ നടന്ന രീതി കണക്കിലെടുത്തുകൊണ്ട് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചു: '...അങ്ങനെ, സൊഹ്റാബുദ്ദീന്‍ കേസുപോലെ അതേ ഘടനയിലാണ് പ്രജാപതി കേസും മുന്നോട്ടുപോയത് എന്നു കാണാം. വ്യാജ ഏറ്റുമുട്ടലിലായിരുന്നു അയാള്‍ കൊല്ലപ്പെട്ടതെന്നതിനെ ആദ്യം പൂര്‍ണ്ണമായും നിഷേധിക്കുകയാണ് സംസ്ഥാനം ചെയ്തത്. എന്നാല്‍, ഏറ്റുമുട്ടല്‍ക്കഥ നിഷേധിക്കുക അസാദ്ധ്യമാണെന്നു കണ്ടപ്പോള്‍ അന്വേഷണം വളരെ വേഗത്തില്‍ ഗുജറാത്ത് പോലീസ് നടത്തുകയും ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുകയും ചെയ്തു. ഈ ചാര്‍ജ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു വശത്ത് കഴിയുന്നത്ര വേഗത്തില്‍ വിചാരണ മുന്നോട്ടു കൊണ്ടുപോയി അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും, മറുവശത്ത്, ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കപ്പെട്ടതിനുശേഷം ഇനിയും ഒരന്വേഷണത്തിന് അതിന് അധികാരമില്ലെന്നു കോടതിയോടു പറയുകയും ചെയ്തു. അതിനാല്‍ ഈ രണ്ടു കേസുകളും സംബന്ധിച്ച മുഴുവന്‍ വസ്തുതകളും പുറത്തുവരുന്നത് അനുവദിക്കില്ലെന്നതിനു ശ്രമമുണ്ടാകുന്നെന്നും വ്യക്തമാണ്...'
ഇതേ ആലോചനകളൊക്കെ പിന്നെയുമുണ്ടായി- ഇതു രേഖപ്പെടുത്തേണ്ടിവരുന്നത് എത്ര വ്യസനകരമാണെന്നതൊഴികെ, ഇത്തവണ നാടകത്തിലെ കഥാപാത്രങ്ങള്‍ മാറിയെന്നു മാത്രം. കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാന്‍ അനുയോജ്യമായ വേദി കീഴ്ക്കോടതികളെക്കാള്‍ സുപ്രീംകോടതിതന്നെയാണെന്നൊരു തോന്നല്‍ അവര്‍ക്കുണ്ടായി!
സുപ്രീംകോടതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ജനങ്ങളുടെ ശ്രദ്ധ നേരിട്ടു ക്ഷണിക്കുന്നതിന് അസാധാരണനടപടി എടുക്കേണ്ടിവന്നതിനു കാരണമായത് ചീഫ് ജസ്റ്റിസിന്റെ ഈ തീരുമാനമാണെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂറിനും ജസ്റ്റിസ് കുര്യന്‍ ജോസഫിനുമൊപ്പം 2018 ജനുവരി 12ന് ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും അസാധാരണ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോടതി 10-ല്‍ തുടര്‍ന്നുനടന്ന കാര്യങ്ങള്‍ സീനിയര്‍ അഡ്വക്കേറ്റ് ദുഷ്യന്ത് ധവേ ഇങ്ങനെ വിവരിക്കുന്നു:
'കാര്യങ്ങള്‍ 2018 ജനുവരി 12ന് കേള്‍ക്കാന്‍ തുടങ്ങി. മുംബൈ ഹൈക്കോടതിയുടെ മുമ്പില്‍ വരാനിരിക്കുന്ന റിട്ട് പെറ്റീഷനുകളുടെ വെളിച്ചത്തില്‍ ഇതിനെ വിചാരണ ചെയ്യരുതെന്ന് ഞാന്‍ ഉഗ്രമായി ആവശ്യപ്പെട്ടുവെങ്കിലും അതു നിരസിക്കപ്പെട്ടു. റിട്ട് പെറ്റീഷണര്‍മാര്‍ക്കുവേണ്ടി ഹാജരായത് അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോഡായിരുന്നു, സീനിയര്‍ അഭിഭാഷകരാരുമല്ലായിരുന്നു. ആ ദിവസം ഒട്ടും പ്രധാനമല്ലെന്നു വ്യക്തമായി കാണിക്കുന്നതോ കോടതിയിലുള്ള വിശ്വാസമോ ആയിരിക്കാം അതിനു കാരണം.
'വിചാരണ പരുക്കനായിരുന്നു. ഒരു വാദവും നടന്നില്ല. ഒന്നും ചര്‍ച്ച ചെയ്യുകയുമുണ്ടായില്ല. മഹാരാഷ്ട്ര സര്‍ക്കാര്‍ ഹാജരുണ്ടോ എന്ന് ആരായുക മാത്രമായിരുന്നു കോടതി ചെയ്തത്. നോട്ടീസ് ഒന്നുമില്ലായിരുന്നിട്ടും മഹാരാഷ്ട്ര സര്‍ക്കാറിന്റെ-ബി.ജെ.പി. സര്‍ക്കാര്‍-അഭിഭാഷകന്‍ ഹാജരുണ്ടായിരുന്നുവെന്നത് ഞെട്ടിച്ചുകളഞ്ഞു.
'കോടതിക്കകത്തും പുറത്തുമായി വിവിധ ബി.ജെ.പി. സംസ്ഥാന സര്‍ക്കാറുകളെ പ്രതിനിധീകരിച്ച് ധാരാളം അഭിഭാഷകരുണ്ടായിരുന്നു. ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുണ്ടായിരുന്നു. അദ്ദേഹമാകട്ടെ, അമിത് ഷായുമായി വളരെ അടുപ്പമുള്ള ആളായി അറിയപ്പെടുന്ന ആളുമാണ്. ഇതൊക്കെ സത്യമായിത്തന്നെ കാണപ്പെട്ടു. 'പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്' അടക്കം രേഖകളെല്ലാം ജനുവരി 15 തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
'ഇതു പോരെങ്കില്‍ വിചാരണയുടെ അടുത്ത തീയതിയായ ജനുവരി 16ന് വെളിപ്പെട്ടതെന്തെന്നുവെച്ചാല്‍, താഴെപ്പറയുന്ന ഉത്തരവിറക്കിയത് മാന്യതയുള്ള ഏതൊരു ജഡ്ജിയുടെയോ അഭിഭാഷകന്റെയോ നീതിബോധത്തെ ഞെട്ടിക്കുന്നതാണ്.
'രേഖകള്‍ ഏഴു ദിവസത്തിനകം രേഖപ്പെടുത്തി നല്‍കട്ടെ, ആവശ്യത്തിനു കോപ്പികള്‍ പരാതിക്കാര്‍ക്കു കൊടുത്തിട്ടുണ്ടെങ്കില്‍ മാത്രം ഉചിതമായ ബെഞ്ചിനു മുമ്പാകെ ഹാജരാക്കുക.'
എപ്പോഴും സംഭവിക്കുന്ന കാര്യങ്ങളിലെ നടപടികളില്‍ എന്തൊരു വൈരുദ്ധ്യം: ഒരു പരാതിക്കാരന്‍ സുപ്രീംകോടതിയില്‍ പോകുമ്പോള്‍ പലപ്പോഴും ജഡ്ജിമാര്‍ നിര്‍ദ്ദേശിക്കാറ് ആദ്യം ബന്ധപ്പെട്ട ഹൈക്കോടതിയില്‍ പോകാനാണ്.
എന്നാല്‍ പാഠം അവിടെയും അവസാനിക്കുന്നില്ല. ദവെയുടെ വിവരണം ഒരു രോഗത്തെയാണ് വരച്ചുകാട്ടുന്നത്. 'വക്കീലന്മാരുടെ രോഗം' എന്നതിലേക്ക് നമ്മള്‍ പിന്നീടു പോകും:
മേല്‍പ്പറഞ്ഞ ഉത്തരവ് സൂക്ഷ്മമായി വായിക്കുമ്പോള്‍ പരാതിക്കാരില്‍ ഒരു കൂട്ടര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പല്ലവ് സിസോദിയ, എതിര്‍കക്ഷിയായ മഹാരാഷ്ട്ര സര്‍ക്കാറിനുവേണ്ടി ഹരീഷ് സാല്‍വേ എന്നിവര്‍ ഹാജരായതാണ് കാണിക്കുന്നത്. സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ് മുംബൈ ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനു മുമ്പ്, ഗുജറാത്ത് ഹൈക്കോടതി അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ചതിനെതിരേ സി.ബി.ഐ. നല്‍കിയ സ്പെഷ്യല്‍ ലീവ് ടു അപ്പീല്‍ (സി.ആര്‍.എല്‍.) നമ്പര്‍ 9003/2010-ല്‍ അമിത് ഷായ്ക്കു വേണ്ടി ഹാജരായ ബഹുമാന്യ അഭിഭാഷകനായിരുന്നു പല്ലവ് സിസോദിയ. സുപ്രീംകോടതി നടപടിക്രമങ്ങളില്‍ കാണുന്നതനുസരിച്ച് 27.09.2011നും 28.09.2011നും 29.09.2011നും മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിക്കൊപ്പം അദ്ദേഹം ഹാജരായിരുന്നു. തുടര്‍ന്ന് അതേ കാര്യത്തില്‍ അദ്ദേഹം 30.11.2011നും 06.09.2012നും ഇതേ കാര്യത്തില്‍ അതേ കേസില്‍ ആരോപിതരായ മറ്റു ചിലര്‍ക്കുവേണ്ടിയും ഹാജരായിരുന്നു.
ഹരീഷ് സാല്‍വെ റിട്ട് പെറ്റീഷന്‍ (സി.ആര്‍.എല്‍.) നമ്പര്‍ 606/ 2007-ല്‍ ഒന്നിലേറെ തവണ സൊഹ്റാബുദ്ദീന്റെ സഹോദരന്‍ റബ്ബാബുദ്ദീനുവേണ്ടി ഹാജരായിട്ടുണ്ട്. തുടര്‍ന്ന് ഹര്‍ഷ് മാന്‍ഡര്‍ നല്‍കിയ 2006ലെ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (സി.ആര്‍.എല്‍) നമ്പര്‍ 5000നെ അമിത് ഷായ്ക്കു വേണ്ടി എതിര്‍ക്കാനും ഹാജരായി. സംസ്ഥാനം അപ്പീലിനു പോയിട്ടില്ലാത്തതിനാല്‍ പരാതി കൊടുക്കേണ്ടയാള്‍ ഹര്‍ഷ് മാന്‍ഡറല്ല എന്ന ന്യായം പറഞ്ഞ് തന്റെ കേസ് നിരാകരിച്ച മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ഹര്‍ഷ് മാന്‍ഡര്‍ നല്‍കിയ കേസായിരുന്നു അത്.
ആ നാലു ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ വിവാദമാവുകയും അതിനു ചില ആഘാതങ്ങളുണ്ടാക്കാനാവുകയും ചെയ്തു. കോടതിയിലേക്ക് പുറപ്പെടുംമുമ്പേ രാവിലത്തെ ചായയ്ക്ക് ജഡ്ജിമാര്‍ ഒത്തുകൂടിയപ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ആകെ തകര്‍ന്നപോലായി. ആത്മാര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. തന്റെ കഴിവും സത്യസന്ധതയുമാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നദ്ദേഹം പറഞ്ഞുവത്രേ. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ചെലമേശ്വറും അദ്ദേഹത്തെ ആശ്വസിപ്പിച്ചു: 'ഇത് വ്യക്തിപരമായെടുക്കരുത്, സ്ഥാപനത്തിന്റെ കാര്യമാണ്...' ഈ സാഹചര്യത്തില്‍ ജസ്റ്റിസ് മിശ്രയും പത്താം നമ്പര്‍ കോടതിയിലെ അദ്ദേഹത്തിന്റെ സഹജഡ്ജിയും ഈ കേസ് 'അനുയോജ്യമായ ബെഞ്ചി'ലേക്കു വെക്കാന്‍ നിര്‍ദ്ദേശിച്ചു. തന്റെ വിദഗ്ദ്ധമായ തീരുമാനം തിരിച്ചുവന്നപ്പോള്‍ ചീഫ് ജസ്റ്റിസ് ആ കേസ് താന്‍തന്നെ അദ്ധ്യക്ഷനായ ബെഞ്ചിനു നല്‍കി. ബെഞ്ച് മാറിയെങ്കിലും മറ്റേ ഘടകം അപ്പോഴും നിലനിന്നു-കേസ് 2018 ജനുവരി 22ന് കേള്‍ക്കും എന്നത്- മുബൈ ഹൈക്കോടതി ആ കേസ് വിചാരണ ചെയ്യാനിരിക്കുന്നതിന്റെ തലേന്ന്.
തങ്ങളുടെതന്നെ സഹപ്രവര്‍ത്തകന്റെ കൊലപാതകസാദ്ധ്യതയെ ജുഡീഷ്യറി ഇങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ സാധാരണപൗരന്റെ കാര്യം എന്തു പറയാന്‍?
ഈ ഗ്രന്ഥം അവസാനിക്കുമ്പോള്‍ സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചിനു മുമ്പില്‍ വാദം നടക്കുകയാണ്. ദവെ പ്രവചിച്ച ഒരു കാര്യം സത്യമായി. ഇക്കാര്യത്തില്‍ നടപടികള്‍ തുടരുന്നതില്‍നിന്ന് മുംബൈ ഹൈക്കോടതി വിലക്കപ്പെട്ടിരിക്കവേ, മുംബൈക്കാരനായ 'പത്രപ്രവര്‍ത്തകന്‍' സുപ്രീംകോടതിയോടു പറഞ്ഞത് തനിക്ക് ഈ കേസ് തുടരാന്‍ താത്പര്യമില്ലെന്നും ലോയയുടെ മരണത്തെപ്പറ്റി യാതൊരു സ്വതന്ത്രാന്വേഷണം ആവശ്യമില്ലെന്നുമാണ്!
Content Highlights: Arun Shourie Book Excerpt About Indian Courts Corruption
Published: 12 Jul 2025, 07:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented