ഒരളവുവരെ പ്രകാശംപരത്തിയ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുഫലത്തെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. അവര്‍ കാണുന്ന ചരിത്രസമാനത 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് എതിരേയുള്ള ജനവിധിയാണ്. ഇതിലെ യുക്തി സ്വീകരിക്കാനോ ചോദ്യംചെയ്യാനോ പത്തമ്പതുകൊല്ലം പുറകിലേക്ക് തിരിഞ്ഞുനോക്കണം. ഇവിടെയാണ് അബു എബ്രഹാം എന്ന ആകസ്മികത കടന്നുവരുന്നത്. ആ ദശകം, 1970-കള്‍, നേരേചൊവ്വേ രേഖപ്പെടുത്തിയ ഈ വന്‍ കാര്‍ട്ടൂണിസ്റ്റിനെ ഓര്‍ക്കാനുള്ള അവസരംകൂടിയാണിത്. വി.കെ. കൃഷ്ണമേനോന്‍ തൊട്ട് ശശി തരൂര്‍വരെയുള്ള മലയാളികളായ വിശ്വപൗരര്‍യ്ക്കിടയില്‍ അങ്ങനെ അറിയപ്പെടാന്‍ ഒരു നിര്‍ബന്ധവും കാണിക്കാതെ കടന്നുപോയ അബുവിന്റെ നൂറാംപിറന്നാളാണിന്ന്, ജൂണ്‍ പതിനൊന്ന്.

To advertise here,

പതിനാറുവര്‍ഷം അന്നത്തെ ലോക കാര്‍ട്ടൂണ്‍ തലസ്ഥാനമായ ലണ്ടനില്‍ 'ട്രിബ്യൂണ്‍', 'ഒബ്സര്‍വര്‍', 'ഗാര്‍ഡിയന്‍' എന്നീ പ്രശസ്ത പത്രങ്ങളില്‍ വരച്ചശേഷം അദ്ദേഹം 1969-ല്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുമ്പോള്‍ ജവാഹര്‍ലാല്‍ നെഹ്റുവിന്റെ നെടുനായകത്വം അവസാനിച്ചുകഴിഞ്ഞിരുന്നു. ഇന്ദിരാഗാന്ധിയെ ചുറ്റിപ്പറ്റി അടുത്ത ഭ്രമണപഥങ്ങള്‍ തെളിഞ്ഞുതുടങ്ങി. ഈ ഇടവേള ഏറ്റവും നന്നായി അവതരിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ പിന്‍ഗാമിയായാണ് അബു ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേര്‍ന്നത്.

അച്ഛന്റെ കാലത്തെ ശക്തരുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന തുടക്കക്കാരിയായ മകളെ അബു പിന്തുടര്‍ന്നു. നമ്മുടെ ഇ.എം.എസും തമിഴകത്തിലെ അണ്ണാദുരെയും അടങ്ങിയ പ്രബല സംസ്ഥാനനേതാക്കള്‍ ഒരുവശത്ത്, നിജലിംഗപ്പ, മൊറാര്‍ജി ദേശായി, കാമരാജ് തുടങ്ങിയവരുടെ വന്‍നിര സ്വന്തം പാര്‍ട്ടിക്കകത്തും. ഇവര്‍ക്കിടയില്‍നിന്ന്, വഴിയെ പാര്‍ട്ടി പൊളിച്ചുപണിതു സംസ്ഥാനനേതാക്കളെ മുള്‍മുനയില്‍നിര്‍ത്തി ഇന്ദിര സര്‍വശക്തയായ കഥ അബു വരച്ചിട്ടു. ഈ കാലം അതേ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തവരാണ് അബുവിന്റെ പ്രഗല്ഭരായ സമകാലികര്‍, രജീന്ദര്‍ പുരിയും ഒ.വി. വിജയനും. ഒറ്റവ്യത്യാസം, അബു ഈ കഥപറയുന്നത് ഒരല്പംകൂടി വിശാലമായ കഴ്ചപ്പാടോടെയാണ് എന്നുമാത്രം.

ഈ ചിത്രകഥയില്‍ ഇന്ദിരാഗാന്ധി ലക്ഷണയുക്തയായ നായികയാണ്, എല്ലാ ഫ്രെയിമിലും നിറഞ്ഞുനില്‍ക്കുന്ന വന്‍താരമല്ല. ചുറ്റും ഉപദേശകരുണ്ട്, ഉപജാപക്കാരുണ്ട്, ചിന്തകരും വഞ്ചകരുമുണ്ട്. മത്സരിച്ച് അടുപ്പം ഭാവിക്കുന്ന സ്തുതിപാഠകരുണ്ട്. കമലാപതി ത്രിപാഠിയെപ്പോലത്തെ പ്രകട വൈദികസാന്നിധ്യങ്ങളുണ്ട്. ഡോ. കരണ്‍സിങ്ങിനെപ്പോലുള്ള ധാര്‍മിക പൈതൃക ബോധ്യങ്ങള്‍ ഉള്ളവരുണ്ട്, കശ്മീര്‍മാഫിയ എന്നറിയപ്പെട്ട പി.എന്‍. ഹക്സര്‍, ഡി.പി. ധര്‍ തുടങ്ങിയവര്‍ ഒരുക്കിയ ധൈഷണിക പരിവേഷമുണ്ട്. സ്വക്ഷേത്രബലംകൊണ്ട് വേറിട്ടുനിന്ന ജ്യോതിബസു, അച്യുതമേനോന്‍, കരുണാനിധി എന്നീ പ്രമുഖരുണ്ട്. 'ഇന്ദിര സമം ഇന്ത്യ' എന്നു കണ്ടെത്തിയ ദേവ്കാന്ത് ബറുവ എന്ന ­കോണ്‍ഗ്രസ് അധ്യക്ഷനുണ്ട്. വലത്തോട്ട് വലിക്കുന്ന വന്‍തോക്കുകളുണ്ട്, ഇടത്തോട്ടുനീക്കാന്‍ ശ്രമിക്കുന്ന മോഹന്‍ കുമരമംഗലവും എസ്.എ. ഡാങ്കെയുമുണ്ട്. ഇടംവലം നോക്കാതെ സര്‍വാധിപത്യത്തിലേക്ക് കൈപിടിച്ചുകയറ്റിയ ബാരിസ്റ്റര്‍ സിദ്ധാര്‍ഥ ശങ്കര്‍ റായ്യും സഞ്ജയ് ഗാന്ധിയുമുണ്ട്. ഇവരെയൊക്കെ അബു കാണുന്നുണ്ട്.

ചുരുക്കെഴുത്തിന്റെ മാധ്യമമായ വാര്‍ത്താ കാര്‍ട്ടൂണില്‍ ഈ വിശാലവീക്ഷണം അത്ര സാധാരണമല്ല. പ്രത്യേകിച്ച് ഡല്‍ഹികേന്ദ്രിത രാഷ്ട്രീയത്തിന്റെ അക്കാലങ്ങളില്‍. സര്‍വതീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയാണ് അല്ലെങ്കില്‍ പ്രധാനമന്ത്രിയുടെ പേരിലാണ്. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അവരാണ്. അവരെ മാറ്റിനിര്‍ത്തി കാര്‍ട്ടൂണ്‍ വരയ്ക്കാന്‍തന്നെ ബുദ്ധിമുട്ടാണ്. ഇതിനിടയ്ക്കാണ് അബു ഒരുപാടു സഹനടീനടന്മാരെ അണിനിരത്തുന്നത്. ഇതിനു പ്രേരകമായ ഒരു ഘടകം അബു വരച്ച ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ സവിശേഷപ്രചാരം ആയിരുന്നു. ഇന്ത്യയൊട്ടുക്ക് എഡിഷനുകളുള്ള ഈ പത്രം ചെന്നെത്തിയത് ഏറ്റവും  ദേശീയപ്രാതിനിധ്യമുള്ള ഒരു വായനസമൂഹത്തിലേക്കാണ്. ഡല്‍ഹിക്കപ്പുറം ഇന്ത്യ ഉണ്ടെന്ന സ്മരണ എന്നും വരയ്ക്കാനിരിക്കുമ്പോള്‍ അബുവിനുണ്ടായിരുന്നു.

placeholder
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട പ്രശസ്തമായ കാർട്ടൂൺ| വര: അബു

ഒറ്റ നേതാവിന്റെ ഉയര്‍ച്ചയും താഴ്ചയും കണ്ട് ഒറ്റബുദ്ധിയോടെ വരച്ചുനീങ്ങിയില്ല ഈ കാര്‍ട്ടൂണിസ്റ്റ്. അതുകൊണ്ടുതന്നെ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സംഭവബഹുലമായ ആ ദശകത്തിന്റെ പശ്ചാത്തലം കാര്‍ട്ടൂണുകളില്‍ തെളിഞ്ഞുവരുന്നു. ഏറ്റവും ശ്രദ്ധയില്‍പ്പെടുക സ്ഥാപനങ്ങളുടെ വീഴ്ചയാണ്. കോടതിയുടെ, പാര്‍ലമെന്റിന്റെ, മാധ്യമങ്ങളുടെ, പൊതുമേഖലയുടെ, നിയമപാലകരുടെ, വരുംതലമുറകള്‍ക്കായി ചരിത്രമെഴുതി വെടിപ്പാക്കി പേടകങ്ങളില്‍ കുഴിച്ചിട്ട ഭരണപക്ഷ ചരിത്രമെഴുത്തുകാരുടെ, സര്‍വോപരി പ്രധാനമന്ത്രി ഇറക്കുന്ന കല്പനകള്‍ക്ക് ബാത്ത്ടബ്ബില്‍ക്കിടന്ന് തുരുതുരാ തുല്യംചാര്‍ത്തിയ അടിയന്തരാവസ്ഥയിലെ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഭരണഘടനയുടെ ഒരു ചെറുപതിപ്പ് പൊക്കിപ്പിടിച്ചാണ് രാഹുല്‍ഗാന്ധി പ്രചാരണം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണംപുതുക്കിയത് അതേ ഗ്രന്ഥത്തിന്റെ ഒരു ബൃഹദ് പതിപ്പിനെ നെറുകയില്‍വെച്ചാണ്. ഈ വ്യാപകമായ ഭരണഘടനാപ്രേമത്തിന്റെ അന്തരീക്ഷത്തിലും നമ്മുടെ പ്രത്യാശ ഒരു അബു കാര്‍ട്ടൂണിനപ്പുറം പോകുന്നില്ല.

'പ്രൈവറ്റ് വ്യൂ' എന്ന പോക്കറ്റ് കാര്‍ട്ടൂണിലെ സ്ഥിരം പാത്രങ്ങളായ ഇരട്ടകളില്‍ ഒരാള്‍ മറ്റെയാളോട്: ''ഒരു ഭരണഘടനാ ഭേദഗതിയോടും എനിക്ക് എതിര്‍പ്പില്ല, പൗരാവകാശങ്ങള്‍ പഴുതുകള്‍ വഴി സംരക്ഷിക്കപ്പെടുമെങ്കില്‍.''